ആദരണീയനായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് കുറവിലങ്ങാട്ട് നടത്തിയ പ്രസംഗത്തിലാണ് കേരളത്തിലെ നാര്‍ക്കോട്ടിക് ജിഹാദ് എന്ന സംഭവത്തെ കുറിച്ച് ആദ്യം പ്രതികരിക്കുന്നത്. കേരളത്തില്‍ ഇസ്ലാമിക ഭീകരസംഘടനകളും അതിന്റെ പ്രവര്‍ത്തകരും ലഹരിമരുന്ന് കടത്താനും ലഹരിമരുന്ന് ഉപയോഗിച്ച് സ്വാധീനിച്ച് തങ്ങളുടെ മതത്തില്‍പ്പെട്ടവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഒരു ഉപാധിയായി നാര്‍ക്കോട്ടിക് ജിഹാദ് ഉപയോഗപ്പെടുത്തുന്നു എന്നാണ് ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളെ കുറിച്ചും ലൗ ജിഹാദിനെ കുറിച്ചും ലാന്‍ഡ് ജിഹാദിനെ കുറിച്ചും ഒക്കെ നിരവധി ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും നിരന്തരം പറയുന്നുണ്ടായിരുന്നു. സത്യസരണിയില്‍ നടക്കുന്ന മതപരിവര്‍ത്തനവും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം ഇതിനുവേണ്ടി നടത്തുന്ന ശ്രമങ്ങളുമൊക്കെ ചൂണ്ടിക്കാട്ടിയിട്ടും കാര്യമായ പ്രതികരണം ഉണ്ടായില്ല. കേരളാ പോലീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ. ടി. പി.സെന്‍കുമാറും ഹൈക്കോടതിയിലെ ജസ്റ്റിന് കെ.ടി. ശങ്കരനും മാത്രമാണ് ലവ്ജിഹാദ് ഉണ്ടെന്ന് തുറന്നുസമ്മതിച്ചത്. കലാകൗമുദി വാരികയില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും വാരിക വെളിച്ചം കണ്ടില്ല. പണം കൊടുത്ത് വാരികകള്‍ കെട്ടോടെ വാങ്ങി ഭീകരര്‍ കത്തിച്ചുകളയുകയായിരുന്നു.
ഇന്ന് ലവ്ജിഹാദ് എന്ന യാഥാര്‍ത്ഥ്യം കേരളം മാത്രമല്ല, ഭാരതം മുഴുവന്‍ തിരിച്ചറിയുന്നു. ലവ്ജിഹാദിനും ബൗദ്ധിക ജിഹാദിനും ഇരയായ നിരവധി പെണ്‍കുട്ടികള്‍ ജനം ടി വിയിലൂടെ ജനലക്ഷങ്ങളോട് ഇക്കാര്യം സാക്ഷ്യപ്പെടുത്തി. പക്ഷേ, വോട്ടുബാങ്ക് രാഷ്ട്രീയം സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ നീരാളിപ്പിടുത്തം ഉറപ്പിച്ചതോടെ സത്യം പുറത്തുപറയാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ മുഖ്യധാരാ മുന്നണികളായ എല്‍ഡിഎഫും യുഡിഎഫും തയ്യാറാകുന്നില്ല എന്നതാണ് സത്യം. ഇന്ന് ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഒന്നും ഇല്ലെന്നു വരുത്താനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ബിഷപ്പ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ദുരുദ്ദേശപരമല്ലെന്ന് ആദ്യം പറഞ്ഞ സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പിന്നീട് നിലപാട് മാറ്റി. നിലപാട് മാറ്റം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണെന്ന് തുറന്നു സമ്മതിക്കാനുള്ള അന്തസ്സ് എ.വിജയരാഘവന്‍ കാട്ടി. ഇടതു മുന്നണിയും സി.പി. എമ്മും ഒക്കെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ക്കും നിലപാടുകള്‍ക്കും മാത്രം അനുസരിച്ചാണെന്ന സത്യം കേരളസമൂഹം ഞെട്ടലോടെയാണ് കണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് മുഖ്യമന്ത്രി പദവിയുടെ അന്തസ്സിന് നിരക്കാത്തതും ഭരണഘടനാ-സത്യപ്രതിജ്ഞാ ലംഘനവുമാണ്. ജനങ്ങള്‍ക്കിടയില്‍ മതപരമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ഉതകുന്ന രീതിയിലുള്ള പ്രസ്താവനകളോ നിലപാടുകളോ ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ ചെയ്യാറില്ല. നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തില്‍ ഇസ്ലാമിക സമൂഹത്തെ രക്ഷിക്കാനും പ്രതിരോധിക്കാനും പത്രസമ്മേളനം നടത്തി സെപ്റ്റംബര്‍ 22 ബുധനാഴ്ച പുറത്തവിട്ട കണക്കുകള്‍ ഇസ്ലാമിക പ്രീണനത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു. കഴിഞ്ഞ കുറെക്കാലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിലും നോക്കിലും പ്രസ്താവനകളിലും നിലപാടുകളിലും വരെ ഇസ്ലാമിക പ്രീണനത്തിന്റെ സ്വാധീനമുണ്ടെന്ന ആരോപണം അതിശക്തമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള കേന്ദ്ര ആനുകൂല്യം സംസ്ഥാനത്ത് വിതരണം ചെയ്തിരുന്ന മാനദണ്ഡം മാറ്റാന്‍ ഹൈക്കോടതി ഇടപെടേണ്ടി വന്നു. ആനുകൂല്യത്തിന്റെ 80 ശതമാനവും ഇസ്ലാമിക സമൂഹത്തിന് മാത്രം നല്‍കി ഭരണഘടനാ പദവികള്‍ സി.പി.എം. ദുരുപയോഗം ചെയ്യുകയായിരുന്നു. പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് എന്ന തൊടുന്യായം പറഞ്ഞാണ് 80 ശതമാനം ആനുകൂല്യം മുസ്ലീങ്ങള്‍ക്ക് നല്‍കുകയും മറ്റുള്ളവര്‍ക്കെല്ലാം കൂടി 20 ശതമാനം നല്‍കുകയും ചെയ്തത്. ഹൈക്കോടതി ഇടപെടലില്‍ ഇത് ജനസംഖ്യാനുപാതികമായി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാവുകയായിരുന്നു.
മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയ്‌ക്കെതിരെ മതപരമായ കണക്കുകളാണ് മയക്കുമരുന്ന് കേസില്‍ മുഖ്യമന്ത്രി മുന്നോട്ടു വെച്ചത്. 2018 മുതലുള്ള മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ മതം അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ അദ്ദേഹം നിരത്തി. 2020 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍ ഡി പി എസ് നിയമമനുസരിച്ചുള്ള കേസുകള്‍ 4941 ആണ്. അവയില്‍ പ്രതികളായ 5422 പേരില്‍ 2700 പേര്‍ (49.8 ശതമാനം) ഹിന്ദുമതത്തില്‍പ്പെട്ടവരും 1869 പേര്‍ (34.47 ശതമാനം) ഇസ്ലാം മതത്തില്‍പ്പെട്ടവരും 853 പേര്‍ (15.73 ശതമാനം) പേര്‍ ക്രിസ്തുമതത്തില്‍പ്പെട്ടവരുമാണ്. കേസുകളുടെ അനുപാതത്തില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല എന്നാണ് പിണറായിയുടെ കണ്ടെത്തല്‍. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം നടക്കുന്നത്. നിര്‍ബ്ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതായോ പരാതികള്‍ ലഭിക്കുകയോ അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പ്പനക്കാരോ പ്രത്യേക സമുദായക്കാരാണ് എന്നതിന് തെളിവുകളില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
പോലീസ് രേഖകള്‍ക്കും സര്‍ക്കാര്‍ കണക്കുകള്‍ക്കും അപ്പുറത്ത് നാര്‍ക്കോട്ടിക് ജിഹാദിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കോ ഇതിന്റെ അടിസ്ഥാന കാര്യങ്ങളിലേക്കോ ഗൂഢാലോചനകളിലേക്കോ മുഖ്യമന്ത്രി പോയിട്ടില്ല. അറസ്റ്റിലായ പ്രതികള്‍ മയക്കുമരുന്ന് വാഹകര്‍ മാത്രമാണ് എന്നകാര്യം മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടില്ല. സ്വര്‍ണ്ണത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് നടക്കുന്നത്. അറസ്റ്റിലായ പ്രതികളില്‍ ഭൂരിപക്ഷവും ഇതര മതസ്ഥരാണ്. പക്ഷേ, ഇടപാടും വിപണിയും നിയന്ത്രിക്കുന്നത് ജിഹാദികളാണെന്ന കാര്യം പോലീസിനും മുഖ്യമന്ത്രിക്കും ഒഴികെ ബാക്കിയെല്ലാവര്‍ക്കും അറിയാം. സംസ്ഥാനത്തെ ജനസംഖ്യയുടെ 26 ശതമാനം മാത്രമുള്ള മുസ്ലീം സമുദായം 35 ശതമാനം കേസുകളില്‍ പ്രതികളാകുന്നത് സ്വാഭാവികമാണെന്ന് വരുത്താന്‍ മുഖ്യമന്ത്രി നടത്തുന്ന പരിശ്രമത്തിന്റെ കാരണമെന്താണ്? ജനസംഖ്യാ അനുപാതത്തിന് അപ്പുറം ഇസ്ലാമിക സമൂഹത്തില്‍ എങ്ങനെയാണ് മയക്കുമരുന്ന് കേസുകള്‍ കൂടുന്നത്? മയക്കുമരുന്ന് കടത്തിലും സ്വര്‍ണ്ണക്കടത്തിലും ഭീകരസംഘടനകളും ജിഹാദികളും അനുവര്‍ത്തിക്കുന്ന പൊതുനയം ഇതര മതസ്ഥരെ വാഹകരാക്കി പ്രതികളാക്കുക എന്നതാണ്. ഇതുസംബന്ധിച്ച കേസുകള്‍ ഒന്നും തന്നെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
അടുത്തിടെ വാഗമണില്‍ അറസ്റ്റിലായ മയക്കുമരുന്ന് നിശാപാര്‍ട്ടിയിലെ പങ്കാളികള്‍ ഏറെയും ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളായിരുന്നു. യുവാക്കളില്‍ ഭൂരിപക്ഷവും മുഖ്യമന്ത്രി സംരക്ഷിക്കുന്ന മതത്തില്‍പ്പെട്ടവരും. കോഴിക്കോട്ട് ഒരു യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതിനുശേഷം മതം മാറ്റാന്‍ നടത്തിയ ശ്രമം ഹൈക്കോടതി വരെ എത്തിയതാണ്. കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് നിശാപാര്‍ട്ടികളുടെ പിന്നിലെ ഇസ്ലാമിക ഭീകര സാന്നിധ്യം പോലീസിനും പിണറായിക്കും അറിയില്ലെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും മതമേലദ്ധ്യക്ഷന്മാര്‍ക്കും അറിയാം. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പോലും ഈ കുരുക്കിലുണ്ട്. ഇതേക്കുറിച്ചൊക്കെ സമഗ്രമായ അന്വേഷണം നടത്തുന്നതിന് പകരം ബിഷപ്പ് കല്ലറങ്ങാട്ടിലിനെ തള്ളി നിര്‍വ്വീര്യമാക്കി ഇസ്ലാമിക സമൂഹത്തെയും ജിഹാദി ഭീകരതയെയും പ്രതിരോധിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം പുയ്യാപ്ല മരുമോന്റെ ബന്ധുക്കളെയും സമുദായത്തെയും പ്രീണിപ്പിക്കാന്‍ മാത്രമുള്ളതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല. അതിനപ്പുറത്തേക്ക് നീളുന്ന എന്തൊക്കെയോ സ്വാധീനവലയത്തിലേക്ക് ഭരണകൂടം വീഴുന്നതിന്റെ സൂചനകളാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഒരു മതവിഭാഗത്തിനെ പ്രതിരോധിച്ച് മറ്റൊരു മതവിഭാഗത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം വെറും വോട്ടുബാങ്ക് രാഷ്ട്രീയം മാത്രമാണോ? ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, വിധവകളുടെ വിവാഹസഹായം, വിധവകളുടെ ഭവനനിര്‍മ്മാണ പദ്ധതി, മുല്ലമാര്‍ക്കും മുക്രിമാര്‍ക്കും മാത്രമുള്ള പെന്‍ഷന്‍ പദ്ധതി, ഖുര്‍ആന്‍ കടത്ത്, സത്യസരണിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും കേസുകളില്‍ നടപടി ഇല്ലാത്ത അവസ്ഥ, ഇസ്ലാമിക ഭീകരതയ്ക്ക് വളംവെച്ചു കൊടുക്കുന്ന രീതിയില്‍ ഇ. കെ. നായനാര്‍ വധശ്രമക്കേസില്‍ പോലും ഇനിയും പൂര്‍ത്തിയാകാത്ത അന്വേഷണം ഇവയൊക്കെ പിണറായിയുടെ ചെങ്കൊടി മുസ്ലീം ലീഗിന്റെ പച്ചനിറമാകുന്നതിന്റെ സൂചനയാണ്. ഇക്കാര്യത്തിലൊക്കെ ജനങ്ങള്‍ക്ക് സംശയമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം പ്രതിനിധിയായി മാറിയിരിക്കുന്നു എന്ന ആക്ഷേപം കഴമ്പില്ലാത്തതാണെന്നു പറഞ്ഞ് തള്ളാനാവുന്നതല്ല.