കൂട്
പറന്നു പൊങ്ങീ കാക്ക, വിളികേട്ടപോല്‍, കൂട്ടര്‍
പതുക്കെത്തലചാച്ച്, കണ്ണിറുക്കിനാര്‍ മൂകം.
അപാരവാനില്‍ നിന്നും അശരീരിയായ് കിട്ടീ
അറിവ്, തോഴന്‍ തേടിപ്പോവുന്നെന്നറിഞ്ഞവര്‍.
അറിവെല്ലാര്‍ക്കും നല്‍കി തിരിച്ചെത്തിയ കാകന്‍
പെരുകും സന്തോഷത്താലവര്‍ ഒന്നിച്ചേ പൊങ്ങി.
പക്ഷിഭാഷയെത്തിരിയാത്ത മര്‍ത്ത്യനെക്കളി-
യാക്കിയാവണം അവര്‍ മുരണ്ടതെന്നേ നോക്കി.
എങ്കിലും അവര്‍ പോയ വഴിതേടി ഞാനെങ്ങോ
ചെന്നുപറ്റുന്നൂ – കാട് – പൂത്തൊരു പുളിമരം.
അവിടെ നിലംപറ്റി നേരിയ ചുള്ളിക്കമ്പ്
അതു കൂടുകെട്ടുവാന്‍ വളയും പൊട്ടിപ്പോകാം
കാറ്റു കാണിക്കും മരച്ചില്ലയിലവര്‍ കൂടു-
കെട്ടുന്നൂ – മുരളുന്നൂ ”മനുഷ്യ, കണ്ടോ കണ്ടോ.”
* * *
കണ്ണുനീരോടേ ഞാനന്നേരമോര്‍ത്തുപോയ് വാര്‍ത്ത
”രണ്ടാം ക്ലാസ്സിലെക്കുട്ടി – ഉറങ്ങിക്കിടക്കവേ
തകര്‍ന്നു പൊളിഞ്ഞ മണ്‍കുടിലിലിഴഞ്ഞേറി
കരിമൂര്‍ഖനായേക്കാം – കടിച്ചൂ – ചത്തൂ കുട്ടി!”
വീട്
പട്ടിണികൊണ്ടു മെലിഞ്ഞ കുചേലന്‍
കിട്ടും വല്ലതുമെന്നേ കരുതി
പട്ടണവീഥിയിലൂടെ നടന്നാന്‍
പഴകിക്കീറിയൊരുടു വസ്ത്രവുമായ്
ആ വഴി ഇടതും വലതും കണ്ടാന്‍
മാളികയുടെ നിര പലവര്‍ണത്തില്‍
കൊടികള്‍, പാര്‍ട്ടികള്‍, സിന്ദാബാദിന്‍
വിളിയുടെ അടിപൊളി – അവരിരുവശവും
വഴിയേ പോയ കുചേലനെ ഇടതും
വലതും പക്ഷത്തേക്കു വലിക്കെ
പട്ടിണികൊണ്ടു തളര്‍ന്നൊരു പാവം
റോട്ടില്‍ത്തന്നേ കമഴ്ന്നു പതിച്ചു!
ഇക്കഥ നൃപനോടോതാന്‍ വഞ്ചി-
പ്പാട്ടാക്കുന്നൂ തോണിയില്‍ മന്ന-
ന്നൊപ്പമാരുന്നൂ രാമപുരത്തേ
വാഗ്‌ദേവിക്കൊരു മാലകൊരുത്തൂ
വാരിയര്‍ – പമ്പാനദിയുടെ ചരടില്‍.
കൊട്ടിക്കൊണ്ടതു കേട്ടൂ മന്നന്‍
മാര്‍ത്താണ്ഡാഖ്യന്‍ – വള്ളം പിറ്റേ-
ന്നെത്തിയനന്തപുരത്തില്‍, രാജന്‍
കൊട്ടാരത്തിലിരുത്തീ കവിയെ.
രാജപ്രീതിത്തിലകം ചാര്‍ത്തി
രാമപുരത്തു തിരിച്ചെത്തുമ്പോള്‍,
പഴകിയ തന്‍ തറവാടിനു പകരം
പുതിയൊരു വീടവിടെപ്പണിതീര്‍ന്നതു
കണ്ടാന്‍, കവിതാ കാമിനി മുന്നില്‍
നിന്നു ചിരിപ്പതു പോലെ!
വീട്ടുമുറ്റത്ത്
തലമുറ പിന്നിട്ടല്ലോ കവിത-
യ്ക്കിനി പഴുതില്ലെന്നറിവോടെ,
ദയിതയെ ഊഞ്ഞാല്‍ച്ചോട്ടില്‍ നിന്നു
പിടിച്ചു കിളര്‍ത്തി മുടന്തി നടന്നേന്‍.
പെരുകീ പ്രായം ഞങ്ങള്‍ക്കെങ്കിലും
ഒരു വാസന്തനിലാവില്‍, മുറ്റ-
ത്തിളമാന്‍ ദീര്‍ഘാപാംഗനുറങ്ങും
മാഞ്ചോട്ടില്‍വ, ന്നൂഞ്ഞാലാടാന്‍.
മൃദുലം ഗാനം വൈലോപ്പിള്ളീ-
*കൃതം ഒന്നങ്ങനെ പാടുമ്പോള്‍
പിടിവിട്ടയ്യോ, കയര്‍ താഴേക്കു
പതിച്ചൂ – പൊങ്ങാന്‍ വയ്യാതായി.
ശീലമിതാധുനികന്മാര്‍ കവികള്‍
ശിഥിലീകൃതമാക്കുന്നൂ വൃത്തം;
ബാലകര്‍, കേളീലോലുപര്‍, ഊഞ്ഞാല്‍
ക്കയര്‍ പൊട്ടിച്ചിഹ താഴെയിടുന്നു!
* ‘ഊഞ്ഞാലില്‍’ എന്ന കവിത.