”മാതാഭൂമിഃ പുത്രഃ അഹം പൃഥിവ്യാഃ” എന്ന അഥര്‍വമന്ത്രം ഈ അമരഭൂമിയില്‍ സഹസ്രാബ്ദം കഴിഞ്ഞ് ‘വന്ദേമാതരം’ എന്നു രൂപാന്തരപ്പെട്ടു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സംഘര്‍ഷത്തിനു 95 വര്‍ഷം മുമ്പ് ബംഗാളില്‍ വിസ്‌ഫോടനം ചെയ്ത സന്ന്യാസിവിപ്ലവത്തില്‍ സന്ന്യാസിമാരുടെ മുദ്രാവാക്യം ‘വന്ദേമാതരം’ ആയിരുന്നു. 1762 മുതല്‍ 1774 വരെ ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്ന ആ സുദീര്‍ഘക്രാന്തിയില്‍ വെള്ളക്കാരന്റെ മര്‍ദ്ദനഭരണത്തിനെതിരെ വന്ദേമാതരധ്വനി മുഴങ്ങി. മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജിയുടെ ‘ഹരഹര മഹാദേവ്’ ഗര്‍ജ്ജനം കേട്ടിരുന്ന സന്ന്യാസി സംഘം ദുര്‍ഗ്ഗാ മാതാവിന്റെ പൂജയുടെ നാടായ ബംഗദേശത്തിനു യോജിക്കുംവിധം ഭേദപ്പെടുത്തിയതായിരുന്നു ആ പഞ്ചാക്ഷരി.
വീണ്ടും ഈ പഞ്ചാക്ഷരി നൂറ്റിപതിമൂന്നുവര്‍ഷങ്ങള്‍ കഴിഞ്ഞു അതേ വംഗദേശത്തില്‍ ബങ്കിംചന്ദ്ര ചതോപാദ്ധ്യായയുടെ മസ്തിഷ്‌കം ദ്വാരാ ജഗദ്ധാത്രീ പൂജയുടെ പുണ്യദിനത്തില്‍ പ്രത്യക്ഷപ്പെട്ടു. കാല്‍നൂറ്റാണ്ടുകഴിഞ്ഞ്, സമസ്തഭാരതത്തെ പിടിച്ചുകുലുക്കിയ വംഗവിഭജനവിരുദ്ധ പ്രക്ഷോഭണത്തില്‍ ഇതേ പഞ്ചാക്ഷരി ഭാരതീയ സ്വാതന്ത്ര്യസമരശൃംഖലയിലെ പ്രഥമപാഞ്ചജന്യധ്വനിയായി.
നാല്പത്തിയൊന്നു വര്‍ഷം കഴിഞ്ഞു ഭാരതം സ്വതന്ത്രമായപ്പോള്‍, ആഗസ്റ്റ് 15 ന് ആകാശവാണിയില്‍നിന്ന് സുവിഖ്യാതനായ പണ്ഡിത് ഓംകാര്‍നാഥ് ഠാകൂര്‍ ഗഗനമണ്ഡലത്തിലാകെ അതിനെ തരംഗിതമാക്കി.
സ്വാതന്ത്ര്യലബ്ധിയുടെ അരനൂറ്റാണ്ടുത്സവം. ഭാരതലോകസഭയില്‍ ലോകസഭാംഗങ്ങളല്ലാത്ത ഭീംസേന്‍ ജോഷിയും ലതാമംഗേശ്കറും ആ പ്രാക്തന ‘മാതാഭൂമിഃ പുത്രോഹം പൃഥിവ്യാ’ യുടെ അഭിനവവൈഖരി ‘വന്ദേമാതരം’ ആലപിച്ചു.
ആത്മവിസ്മൃതിയില്‍നിന്ന് ആത്മജാഗൃതിയിലേയ്ക്കു നയിക്കുന്ന അഭിനവ ശിക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാഭാരതി ലക്ഷോപലക്ഷം നവോദിതര്‍ക്ക് നിത്യം ഓതിക്കൊടുക്കുന്നു:-
”രത്‌നാകരാ ധൗതപദാം ഹിമാലയകീരീടിനീം
ബ്രഹ്മരാജര്‍ഷിരത്‌നാഢ്യാം വന്ദേഭാരതമാതരം.” ലിംഗമതപ്രാന്തഭേദമില്ലാതെ സകലകോമള ഹൃദയങ്ങളും അതാവര്‍ത്തിച്ചു പ്രാചീന ഭൂമിസൂക്തത്തിന്റെ ഉദ്ഗാതാവിനെ ചരിതാര്‍ത്ഥനാക്കുന്നു.
ശൃംഗാരത്തിനും വിധിനിഷേധങ്ങള്‍ക്കുമപ്പുറമുള്ള വൈരാഗ്യത്തിലെത്തിയ ഭര്‍തൃഹരി ആ അവസ്ഥയിലും ‘മാതര്‍ മേദിനി, താത മാരുത്’ (ഭൂമിമാതാവേ, വായുപിതാവേ) എന്നു വിളിച്ചു. (വൈരാഗ്യശതകം.) സ്വാമി വിവേകാനന്ദന്‍ ‘ഈ മണ്ണാണ് എനിക്കു വിണ്ണ്’ എന്നു പറഞ്ഞു. ‘ഈ ഭാരതിയാണ് എനിക്കു ഭവാനി’ എന്നു ശ്രീ അരവിന്ദന്‍ പറഞ്ഞു.
ഇതാണ് യുഗയുഗങ്ങളായി ഇന്നാട്ടില്‍ വിരിഞ്ഞു വളര്‍ന്ന ഭൂമിയും ജനവും തമ്മിലുള്ള ബന്ധം.
ഇനി നമുക്ക് രാഷ്ട്രഘടകങ്ങളായ ഭൂമി ജന ധര്‍മ്മത്രയത്തിലെ ജനത്തെക്കുറിച്ചു ചിന്തിക്കാം.
13
ജനം
രാഷ്ട്രം എന്നതിന്റെ ഏറ്റവും മുഖ്യമായ ഘടകം ജനം ആണ്. ചുമരില്ലെങ്കില്‍ ചിത്രമില്ല എന്നു പറയുംപോലെ ഭൂമിയില്ലെങ്കില്‍ ജനമില്ല എന്നു പറയുന്നതു ശരിയാണെങ്കിലും സാധാരണ നിലയില്‍ ഭൂമി ജഡമായും ജനം സചേതനമായുമാണ് കണക്കാക്കപ്പെടുന്നത്. ജനത്തിന്റെ തട്ടകമാണ് ഭൂമി. ജനത്തിന്റെ പ്രാധാന്യം ചിന്തിക്കുമ്പോള്‍ പ്രത്യേകം പരിഗണിക്കേണ്ട ഒരു പരമാര്‍ത്ഥമുണ്ട്. ജനത്തില്‍ അധിഷ്ഠിതമാണ് രാഷ്ട്രം. പ്രാണയുക്തമാണെങ്കിലും മൃഗക്കൂട്ടത്തിനു രാഷ്ട്രമില്ല. പ്രാണയുക്തമാണെങ്കിലും മരക്കൂട്ടത്തിനും രാഷ്ട്രമില്ല. മനുഷ്യക്കൂട്ടത്തിനാണ് രാഷ്ട്രം.
ജനക്കൂട്ടവും മൃഗക്കൂട്ടവും തമ്മില്‍ സാരമായ വ്യത്യാസമുണ്ട്. മൃഗക്കൂട്ടത്തെ സൃഷ്ടികര്‍ത്താവ്, കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍, പ്രോഗ്രാം ചെയ്തിട്ടാണ് ഉണ്ടാക്കിവിടുന്നത്. ആക്കൂട്ടത്തിലെ ഒരു മൃഗത്തെക്കുറിച്ചു പഠിച്ചുകഴിഞ്ഞാല്‍ മറ്റെല്ലാറ്റിനേയും അറിഞ്ഞു കഴിഞ്ഞതായി കണക്കാക്കാം. ആ വര്‍ഗ്ഗത്തില്‍പ്പെട്ട ഓരോ മൃഗവും എന്തു ചെയ്യുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയും. സമജനനത്തോടുകൂടി ലഭിക്കുന്ന സമസ്വഭാവമാണ് മൃഗത്തിന്റേത്. എന്നാല്‍ മനുഷ്യക്കൂട്ടം ഇത്തരത്തിലൊന്നല്ല. അതുകൊണ്ടുതന്നെ മനുഷ്യക്കൂട്ടം എന്നു പറയുന്നതുതന്നെ ശരിയല്ലെന്നു നമുക്കെല്ലാം തോന്നുന്നു. മനുഷ്യനെ സൃഷ്ടികര്‍ത്താവ് പ്രോഗ്രാം ചെയ്യുന്ന കഴിവേതോ അതിന്റെ ഒരംശം സൃഷ്ടികര്‍ത്താവ് മനുഷ്യനില്‍ ചൊരിയുന്നു. എന്നിട്ടവനെ ലോകത്തില്‍ ഇറക്കിവിടുന്നു. ആ കഴിവുപയോഗിച്ച് അവന്‍ സ്വയം പ്രോഗ്രാം ചെയ്യുന്നു. ഈ നിലയ്ക്കു നോക്കുമ്പോള്‍ വലിയ കാന്തത്തിന്റെ അംശമായ ചെറുകാന്തം പോലെ മനുഷ്യന്‍ സ്വയം പ്രോഗ്രാം ചെയ്യാന്‍ നൈസര്‍ഗ്ഗികശക്തിയുള്ള ചെറിയ സൃഷ്ടികാരനാണ്. ഓരോ മനുഷ്യനും തനിത്തനിയേ വീക്ഷിക്കപ്പെടണമെന്നു വരുന്നു. ഒരു മനുഷ്യനെ കണ്ട് മറ്റൊരു മനുഷ്യനെ വിലയിരുത്താന്‍ കഴിയില്ല. ഓരോ മനുഷ്യനും തനിത്തനി സൃഷ്ടിയാണ്.
ഇവിടെ ഇനിയൊരു സവിശേഷതകൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. സൃഷ്ടികാരന്‍ പ്രോഗ്രാം ചെയ്യാതെ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് മൃഗങ്ങള്‍ക്കു ള്ള കൂട്ടായ്മഭാവം നശിപ്പിച്ചിട്ടല്ല; അതു നശിപ്പിക്കാതെ തന്നെയാണ്. അതുകൊണ്ട് മൃഗത്തെ പോലെയല്ലെങ്കിലും മനുഷ്യന്‍ ഒരു സമൂഹജീവി തന്നെയാണ്. അല്ലായിരുന്നെങ്കില്‍ ചിരിക്കുക എന്നൊരു ഗുണം അവന് നല്‍കപ്പെടുമായിരുന്നില്ല. ഒരാള്‍ ചിരിക്കുമ്പോള്‍ മറ്റൊരാള്‍, ആണായാലും പെണ്ണായാലും പ്രതികരിക്കാന്‍ വേണം. ആ പ്രതികരണം കണ്ട് അയാള്‍ക്ക് മുഷിച്ചില്‍, സ്‌നേഹം, അലോഹ്യം മുതലായ അനുകൂലമോ പ്രതികൂലമോ ആയ ഭാവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ഒറ്റയ്ക്കിരുന്നുള്ള ചിരി കിറുക്കിന്റേയോ, കിനാവു കാണുന്നതിന്റേയോ, ലക്ഷണമായിരിക്കും. സാമൂഹ്യവലയത്തില്‍ നിന്നുകൊണ്ടുള്ള ചിരിക്കേ മാനുഷികമായി നിലനില്പുള്ളൂ. അര്‍ത്ഥമുള്ളൂ.
ചിരിപോലെ മറ്റൊന്നാണ് സംസാരിക്കാനുള്ള കഴിവ്. തനതായ അല്ലെങ്കില്‍ വെവ്വേറെ ആശയങ്ങളും ആഗ്രഹങ്ങളും ആദേശങ്ങളും അന്വേഷണങ്ങളും ഇല്ലായിരുന്നെങ്കില്‍ മനുഷ്യന് സംസാരിക്കാനുള്ള ക്ഷമത വേണ്ടായിരുന്നു. മൃഗങ്ങള്‍ക്ക് ഇപ്പറഞ്ഞവ ഭിന്നങ്ങളല്ല; സമാനങ്ങളാണ്. പ്രകൃത്യാ അവയ്ക്ക് അത് നിര്‍വ്വഹിക്കാന്‍ കഴിയും. അതുകൊണ്ട് അവയ്ക്കു വാക്‌രൂപേണ വിനിമയം ചെയ്യേണ്ടിവരുന്നില്ല. ഇതിനപ്പുറവും ഒരു മാനമുണ്ട് – സ്വയം പ്രോഗ്രാം ചെയ്യുന്ന മനുഷ്യന് കല്പനാശക്തിയുണ്ട്; സര്‍ഗ്ഗബോധമുണ്ട്. അവയുടെ അഭിവ്യഞ്ജനത്തിന് ഭാഷ കൂടിയേ തീരൂ. ആകാശത്തില്‍ ഉദിച്ചുപൊങ്ങുന്ന ചന്ദ്രനെ കാണുന്ന അഞ്ചുപേര്‍ അഞ്ചുതരത്തിലായിരിക്കും പ്രതികരിക്കുക. ആ പ്രതികരണവൈവിദ്ധ്യത്തിനുള്ള കുശലതയും സൃഷ്ടികാരന്‍ മനുഷ്യജീവിക്കു കൊടുത്തു. അതാണ് ഭാഷ. സംസ്‌കൃത സാഹിത്യത്തില്‍ ഒരു ലഘുകഥയും അതിനെ ചുറ്റി ഒരു ശ്ലോകവുമുണ്ട്. അര്‍ത്ഥമിതാണ്. പൂര്‍ണ്ണചന്ദ്രനില്‍ കാണുന്ന കറുത്തപാടിനെ കുറിച്ചാണ് ചര്‍ച്ച. ഒരാള്‍ പറയുന്നു. ‘കടലില്‍ നിന്നു പൊങ്ങിവരുമ്പോള്‍ പുരണ്ട ചേറാണത്.’ മറ്റൊരാള്‍ – ‘ചന്ദ്രന്റെ ഉടലിലുള്ള മറുവാണത്’, മൂന്നാമത്തെവന്‍ ‘ചന്ദ്രനില്‍ പാര്‍ക്കുന്ന വലിയ മാനാണ് അത്’, നാലാമത്തേവന്‍ ‘ഭൂമിയുടെ നിഴലാണ് അത്.’ അഞ്ചാമത്തേവന്‍ ‘രാത്രിയുടെ ഇരുട്ടു മുഴുവന്‍ കുടിച്ചകത്താക്കിയപ്പോള്‍ ഉദരത്തില്‍ ചെന്നു കട്ടപിടിച്ചതാണത്.’ ഇങ്ങനെ തോന്നാന്‍ കല്പനാവൈഭവം വേണം, ഇങ്ങനെ പറയാന്‍ വാഗ്‌വൈഭവവും വേണം. ഭാഷയും ഭാഷണവും മനുഷ്യനു ലഭിച്ച ദൈവദത്തമായ നേട്ടമാണ്. അതു കഥിക്കാനും കേള്‍ക്കാനും സമൂഹം വേണം.
അപ്പോള്‍ വിധാതാവ് മൃഗങ്ങളേയും പക്ഷികളെയും കീഴ്ത്തലത്തില്‍ പറ്റമാക്കിയെങ്കില്‍ മനുഷ്യനെ മേല്‍തലത്തില്‍ കൂട്ടമാക്കി. ഇതില്‍ കീഴ്തലത്തെതിനെ സമജം എന്നും മേല്‍തലത്തെതിനെ സമാജമെന്നും പറയുന്നു. ഒലൃറ സമജമാണ്. ീെരശല്യേ സമാജമാണ്. ~ഒന്നിനെ യൂഥമെന്നും മറ്റെതിനെ സമൂഹമെന്നും പറയുന്നു. മനുഷ്യന്‍ വ്യതിരിക്തന്‍ (ഒറ്റപ്പെട്ടവന്‍) എന്നതുപോലെ സാമൂഹികനുമാണ്.
ഗഹനചിന്തയില്‍ കൂടി കണ്ടെത്തിയ ഈ സത്യം വേദര്‍ഷി സ്പഷ്ടമായി പറയുന്നു. ”ജനം ബഹുധാ വിവായസം” ആണ്. ജനം പലവിധം സംസാരിക്കുന്നവര്‍ ഉള്‍ക്കൊള്ളുന്നതാണ്. ‘നാനാധര്‍മാണം’ ജനം പലതരത്തില്‍ പെരുമാറുന്നതാണ്. അതേസമയം, ‘സമാനി ആകൂതിഃ’ നമ്മുടെ സങ്കല്പാഭിലാഷങ്ങള്‍ സമമാണ്; ‘സമാനാ ഹൃദയാനി’ ഹൃദയങ്ങള്‍ സമാനങ്ങളാണ്. ‘സമാനം മനഃ’ മനസ്സുകള്‍ സമാനമാണ്.
ചുരുക്കത്തില്‍ ജനത്തില്‍ സാമൂഹികതയുണ്ട്, വൈയ്യക്തികതയുമുണ്ട്. രണ്ടിന്റേയും സുന്ദരസംഗമമാണത്. രണ്ടിനേയും കാത്തുരക്ഷിക്കേണ്ടതും വികസിപ്പിക്കേണ്ടതുമാണ്. ഈ ‘ജനം’ ആണ് ഭാരതീയ രാഷ്ട്രസങ്കല്പത്തിലെ ഒരു ഘടകം, സചേതനമായ ഘടകം. അതിനെ നോക്കിക്കാണുന്ന കാഴ്ചപ്പാട് അതിപ്രധാനമാണ്.
14
ആന്തരിക ഉദ്ഗ്രഥനം
ജനത്തിന്റെ വൈവിദ്ധ്യത്തിന് ഇപ്പറഞ്ഞ ജന്മഹേതുവിനു പുറമേ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന കാരണങ്ങള്‍ കൂടിയുണ്ട്. വിശേഷപ്പെട്ട ഒരു ജനസമൂഹം മറ്റൊരിടത്ത് കൂട്ടത്തോടെ നീങ്ങുന്ന സാഹചര്യം പണ്ടുകാലം മുതല്‍ ഉണ്ടായിട്ടുണ്ട്. ക്ഷാമം, വരള്‍ച്ച, പുഴയുടെ ഒഴുക്കുമാറ്റം, പകര്‍ച്ചവ്യാധി, ഭൂകമ്പം, അഗ്നിപര്‍വ്വതത്തിന്റെ പൊട്ടിത്തെറി മുതലായ പ്രാകൃതിക ഹേതുക്കളോടൊപ്പം മനുഷ്യ ഹേതുക്കളായുള്ള കൊള്ള, മര്‍ദ്ദനം, കൂട്ടായ മതംമാറ്റം, യുദ്ധം, നിഷ്ഠൂരപ്രതികാരം മുതലായവയും ഭീമമായ സാമൂഹ്യനിര്‍വസനത്തില്‍ കലാശിച്ചിട്ടുണ്ട്. സ്വാഭാവികമായും ഈമട്ടിലുള്ള നിര്‍വസനങ്ങള്‍ ഓരോ സമൂഹത്തിന്റേയും പ്രത്യേകത കാരണം ആചാരവ്യവഹാരവൈവിദ്ധ്യങ്ങള്‍ പ്രകടമാക്കാതിരിക്കില്ല. തല്‍ഫലമായി ജനത്തില്‍ നിലവിലുള്ള വൈവിദ്ധ്യങ്ങളില്‍ ഈയിനത്തില്‍ പെട്ടവയും കൂടിച്ചേര്‍ന്നു ആകെയുള്ള വൈവിദ്ധ്യങ്ങള്‍ പെരുകും. ദേശത്തിന്റെ പഴക്കമനുസരിച്ച് ചരിത്രം നീളുംതോറും നിര്‍വസനങ്ങളുടെ ഈ സ്വഭാവവും കൂടുതല്‍ കൂടുതല്‍ ദൃശ്യമാകും.
ഭൂലോകത്തില്‍ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രമാണ് ഭാരതം. സമ്പത്ത്, സദാചാരം, ഉദാരത, സഹിഷ്ണുത, വിദ്യാഭ്യാസം, ഫലപുഷ്ടി, ജലസമൃദ്ധി. കാലാവസ്ഥ മുതലായവ കാരണം വൈദികകാലം തൊട്ടിങ്ങോട്ട് ഭാരതത്തിന്റെ മണ്ണില്‍ തുടരെത്തുടരെ സാമൂഹികനിര്‍വസനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭാരതീയജനത്തിന് ആ നിര്‍വസനങ്ങള്‍ കൂടെക്കൊണ്ടുവന്ന വൈവിദ്ധ്യങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതിനുപുറമേ രണ്ടായിരം കൊല്ലങ്ങള്‍ക്കകം ക്രൈസ്തവ മുസ്ലിം മതനേതൃത്വങ്ങള്‍ ഭാരതത്തില്‍ നടത്തിയ നിര്‍ബന്ധമതപരിവര്‍ത്തനങ്ങള്‍ ദാര്‍ശനിക വും വൈചാരികവുമായ തലങ്ങളിലും വൈവിദ്ധ്യം പെരുപ്പിച്ചിട്ടുണ്ട്.
ഇതെല്ലാം ചേര്‍ന്നതാണ് ഇന്നത്തെ ഭാരതത്തിലെ ജനം. ചരിത്രം നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും. വേദകാലത്തെ ജനമല്ല രാമായണകാല ത്തെ ജനം. രാമായണകാലത്തെ ജനമല്ല മഹാഭാരതകാലത്തെ ജനം. ശ്രീഹര്‍ഷന്റെ കാലത്തെ ജനമല്ല അറംഗസീബിന്റെ കാലത്തെ ജനം. കോലത്തിരിയുടേയും സാമൂതിരിയുടേയും കാലത്തെ ജനമല്ല ടിപ്പുവിന്റെ പടയോട്ടം കഴിഞ്ഞുള്ള ജനം. ഗോവയില്‍ കദംബഭരണകാലത്തെ ജനമല്ല പോര്‍ത്തുഗീസുഭരണകാലത്തെ ജനം. ഇക്കാലങ്ങളില്‍ മൂലജനം തുടച്ചുനീക്കപ്പെടാതെ തുടര്‍ന്നെങ്കിലും അതില്‍ പുതുതായ കൂടിച്ചേരലുകളുണ്ടായി.
ഇതു ശരിക്കു മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്താല്‍ മാത്രമേ നമുക്കു ഇന്നത്തെ ഭാരത ത്തിലെ ജനത്തെ രാഷ്ട്രഘടകമെന്ന നിലയില്‍ പരിഗണിക്കാനാകൂ. ഇന്ന് വൈദികഋഷി പറഞ്ഞ ‘ബഹുധാ വിവാചസം’, ‘നാനാധര്‍മാണം’ എന്ന ബഹു ഭാഷിതയുടേയും വിവിധാചാരങ്ങളുടേയും വൃത്തപരിധി വളരെ വളരെ കൂടിയിരിക്കുന്നു.
എന്നാല്‍ ദൈവഗത്യാ ആ പൂര്‍വ്വികന്മാര്‍വഴി തലമുറ തലമുറയായി കൈമാറി വന്ന അമൃതുപോലുള്ള അമൂല്യസമ്പത്തുണ്ട് – ഉദാരതയോടെ ആരേയും ഉള്‍ക്കൊള്ളുന്ന വിശാലവും ആത്മവിശ്വാസപൂര്‍ണ്ണവുമായ കാഴ്ചപ്പാട്. അതു നമ്മെ സഹായിക്കും. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ മാറാത്ത മൂല്യങ്ങളില്‍ വേരൂന്നി നില്‍ക്കുന്ന കാഴ്ചപ്പാടാണത്. അതിന്റെ ഏഴയലത്ത് സെമിറ്റിക് ദര്‍ശനങ്ങളും നേതൃത്വവും വന്നെത്തുകയില്ലെന്നു ചരിത്രം തന്നെ സാക്ഷി.
ഭൂമിസൂക്തത്തിന്റെ ആ ഋഷിദേവന്‍ പറഞ്ഞു. പല ഭാഷകള്‍ സംസാരിക്കുകയും പല ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ഇവിടുത്തെ ജനം ഒരമ്മ പെറ്റമക്കളാണ്. അമ്മപ്പശു കിടാവിനു നിര്‍ലോഭം പാലുചുരത്തിക്കൊടുക്കുംപോലെ ഈ ഭൂമി ആ ജനത്തിന് സകലതും വേണ്ടോളം കൊടുക്കട്ടെ. (അഥര്‍വം-12-1-45)
(ജനം ബിഭൃതി ബഹുധാവിവാചസം
നാനാധര്‍മാണം പൃഥിവീ യഥൗകസം
സഹസ്രം ധാരാ ദ്രവിണസ്യ മേ ദുഹാം
ധ്രുവേവ ധേനുരനപസ്ഫുരന്തീ)
വികസ്വരമായ ജനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നവാഗതരെ ഹൃദ്യമായി സ്വീകരിക്കാനും തങ്ങളില്‍ നിര്‍വിശേഷം അലിയിച്ചുചേര്‍ക്കാന്‍ നിശ്ശങ്കം മൂലജനം ഒരുങ്ങി നില്‍ക്കുമ്പോള്‍ ആ മൂലജനത്തില്‍ സ്വയമലിഞ്ഞുചേരാന്‍ നവാഗതസമൂഹവും അത്രയും ഹൃദ്യതയോടെ ഒരുങ്ങണം – അപ്പോഴേ സാമഞ്ജസ്യത്തോടെ എല്ലാവരും ഒരമ്മപെറ്റ മക്കളെന്ന ബ ന്ധത്തിലേയ്ക്കുയരൂ. ശകന്മാരും ഹൂണന്മാരുമെല്ലാം ആ മനോഭാവം കാണിച്ചു. 8-ാം ശതാബ്ദത്തില്‍ പര്‍സ്യയില്‍ നിന്നു പാര്‍സികള്‍ വന്നപ്പോള്‍ ഈ മനോഭാവം കാണിച്ചു. സ്വീകരിച്ചാല്‍ സല്‍ക്കരിക്കാന്‍ കൊടുത്ത ശുദ്ധപാലില്‍ പഞ്ചസാര ചേര്‍ത്തു പങ്കിട്ട പാര്‍സിമുഖ്യന്‍ മൗനമായി തിരിച്ചരുളിയ സന്ദേശം പാലില്‍ പഞ്ചസാരപോലെ ഞങ്ങളലിഞ്ഞുചേരാം എന്നതായിരുന്നു. അതു സത്യമായിരുന്നു എന്നു ചരിത്രം തെളിയിച്ചു.
അഥര്‍വവേദത്തിലെ മഹര്‍ഷിയെപോലെ ഋഗ്വേദത്തിലെ മഹര്‍ഷി ആങ്ങ്ഗീരസ സംവനനും ഈ ലയനപ്രക്രിയ പൂര്‍ണ്ണമാക്കാനുള്ള വഴി പറഞ്ഞുതരുന്നുണ്ട്. അതാണ് സാമാന്യഭാഷയില്‍ അറിയപ്പെടുന്ന സമന്വയമന്ത്രം. ‘നിങ്ങളെല്ലാവരും അന്യോന്യം ഏകവിചാരക്കാരായിരിക്കട്ടെ; ഒന്നായ് മുന്നേറുന്നവരാകട്ടെ, ഒരൊറ്റ മനസ്സോടെ ജ്ഞാനപ്രകാശം സ്വീകരിക്കുന്നവരാകട്ടെ, നിങ്ങളുടെ അഭിവാഞ്ഛകളൊന്നായിരിക്കട്ടെ, നിങ്ങളുടെ കൂട്ടായ്മ ഒന്നായിരിക്കട്ടെ, നിങ്ങളുടെ ചിത്തങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കട്ടെ, നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഒന്നായിരിക്കട്ടെ, നിങ്ങളുടെ മനസ്സുകളും ഹൃദയങ്ങളും ഒന്നായിരിക്കട്ടെ.” (10-191) ഇതിനെയാണ് ഇക്കാല ത്തു പരക്കെ അറിയപ്പെടുന്ന വൈകാരികസമുദ്ഗ്രഥനം- ഇമോഷണല്‍ ഇന്റഗ്രേഷന്‍-എന്നു പറയുന്നത്.
അതിഥിജനവും ആതിഥേയജനവും ഇത്തരുണത്തില്‍ ഒരുപോലെ ഉയരേണ്ടതുണ്ട്. ആതിഥേയര്‍ അലിയിച്ചുചേര്‍ക്കാന്‍ മനസ്സുകാണിക്കുമ്പോള്‍ അതിഥികള്‍ അലിഞ്ഞുചേരാന്‍ മനസ്സു കാണിക്കണം. അതിഥിജനവും ആതിഥേയജനവും പൂര്‍ണ്ണമായും സമുദ്ഗ്രഥനം ചെയ്യപ്പെട്ട ഏക ലക്ഷ്യത്തോടെ, ഏകപന്ഥാവിലൂടെ, ഏകോപിതരായി കൂട്ടായി മുന്നേറണം. അപ്പോളാണ്, അപ്പോള്‍ മാത്രമാണ് ആ ജനം രാഷ്ട്രത്തിന്റെ ഘടകമായിത്തീരുക.
ഈ ജനത്തിലെ ഓരോരുത്തരുടേയും മനസ്സ് ഇങ്ങോട്ടു നേടാന്‍ ചിന്തിക്കുന്നതായിരിക്കരുത്; അങ്ങോട്ടു കൊടുക്കാന്‍ ചിന്തിച്ചതായിരിക്കണം; സ മ്പാദനത്തിന്റേതായിരിക്കരുത്, സമര്‍പ്പണത്തിന്റേതായിരിക്കണം. ജനം മൊത്തത്തില്‍ ശരീരമാണെങ്കില്‍ ജനത്തിലെ ചെറിയവിഭാഗങ്ങള്‍ ശരീരാവയവങ്ങളാണ്. കയ്യും കാലും കാതും കണ്ണുമൊക്കെ അതാതിന്റെ ഭിന്നത പുലര്‍ത്തിക്കൊണ്ടുതന്നെ മൊത്തം ശരീരത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. അവയുടെ ഭിന്നത്വം ഒരു സംഘര്‍ഷവും സൃഷ്ടിക്കുന്നില്ല. എല്ലാവരും താന്താങ്ങളുടെ കര്‍മ്മം നിര്‍വ്വഹിക്കുന്നു, പൊ തുശരീരത്തിനുവേണ്ടി. അതിലാണ് തങ്ങളുടെ സ്വന്തം ഉല്‍ക്കര്‍ഷം. ശരീരമാകട്ടെ സകലര്‍ക്കും വേണ്ടി. പക്ഷഭേദമില്ലാതെ, എല്ലാവരേയും പോഷിപ്പിക്കണമെന്നുകരുതി പൊതുവായി പ്രവര്‍ത്തിക്കുന്നു. സമഷ്ടി വ്യഷ്ടിയെ പൂര്‍ണ്ണമാക്കുന്നു, വ്യഷ്ടി സമഷ്ടിയേയും പൂര്‍ണ്ണമാക്കുന്നു. അനുഭവത്തിലും അസ്തിത്വത്തിലും രണ്ടും തമ്മില്‍ വ്യത്യാസമില്ല. ഈ നിലവാരത്തിലുള്ള ജനമാണ് രാഷ്ട്രഘടകം. ഈ ജനത്തെ ഭൂമിയോടുപമിച്ചു പറയുകയാണെങ്കില്‍ ഭൂമിക്ക് സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്ന വൈയ്യക്തികതയുണ്ട്, കൂടെത്തന്നെ മറ്റുഗോളങ്ങളെപോലെ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന സാമൂഹികതയുമുണ്ട്. സൃഷ്ടിയുടെ നൈരന്തര്യത്തിനും നിലനില്പിനും രണ്ടും അനിവാര്യമാണ്.
(തുടരും)