ജനങ്ങളില്‍ ഭീതിയുണര്‍ത്തുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും കേരളസമൂഹം കേള്‍ക്കുന്നതും അറിയുന്നതും. ആഗോള ഭീകരതയുടെ അടിവേരുകള്‍ തേടിയുള്ള അന്വേഷണം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിനില്‍ക്കുമ്പോള്‍ ഇക്കാലമത്രയും ലോകത്തിനുമുമ്പില്‍ ഉയര്‍ത്തിക്കാട്ടിയ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മതേതര മുഖം വികൃതമാകുന്നു. ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ മുന്‍നിരകളില്‍ നിന്നുയരുന്ന മലയാള ഭാഷ ഇക്കൂട്ടരുടെ കേരളബന്ധത്തെ ഊട്ടിയുറപ്പിക്കുമ്പോള്‍ ശാന്തിയും സമാധാനവും സൗഹാര്‍ദ്ദവും മാത്രമല്ല, പതിറ്റാണ്ടുകളായി മലയാളി സമൂഹം സംരക്ഷിച്ച സംസ്‌കാരവും പാരമ്പര്യവും കുഴിച്ചുമൂടപ്പെടുന്നുവോ? രാഷ്ട്രീയ ഭരണസംവിധാനങ്ങളിലേയ്ക്കും സമൂഹത്തിന്റെ സമസ്തമേഖലയിലേയ്ക്കും വ്യാപിച്ചിരിക്കുന്ന ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ സ്വാധീനങ്ങളും ശക്തികളും തിരിച്ചറിയാനാവുന്നില്ലെങ്കില്‍ കാശ്മീരും കാബൂളും കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന നാളുകള്‍ വിദൂരമല്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അതിഭീകരതയുടെ വാര്‍ത്തകള്‍ വായിച്ചും ചിത്രങ്ങള്‍ കണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഇവയ്ക്കടിയില്‍ കമന്റിട്ടും പങ്കുവെച്ചും ആസ്വാദനം നടത്തിയവര്‍ക്ക് പിറന്നുവീണ മണ്ണില്‍ സ്വന്തം കണ്‍മുമ്പില്‍ തന്നെ കശ്മീരിലും കാബൂളിലും ഇറാക്കിലും സിറിയയിലും നടന്ന കൊടുംക്രൂരതകളുടെ തനിയാവര്‍ത്തനങ്ങള്‍ അനുഭവിച്ചറിയാന്‍ ഇനിയും അധികനാള്‍ കാത്തിരിക്കേണ്ട എന്ന മുന്നറിയിപ്പാണ് കേരളത്തെ വിഴുങ്ങാനൊരുങ്ങി കടല്‍ കടന്നെത്തി തീരങ്ങളിലണയുന്ന ആഗോള ഭീകരസാന്നിധ്യങ്ങള്‍.
സ്വര്‍ണ്ണക്കടത്ത് ആര്‍ക്കുവേണ്ടി?
ഒറ്റവാക്കില്‍ ഒതുങ്ങുന്നതല്ല സ്വര്‍ണ്ണക്കടത്തെന്ന പദപ്രയോഗത്തിന്റെ അര്‍ത്ഥതലങ്ങള്‍. ഇതിന്റെ പിന്നിലുള്ള രാജ്യാന്തര ബന്ധങ്ങളെയും മാഫിയാസംഘങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയുമ്പോള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മലയാളികളുമുണ്ടെന്നു തിരിച്ചറിയുമ്പോഴാണ് കേരളത്തിലെ സാധാരണ ജനത അന്തംവിട്ടുപോകുന്നത്. ആഫ്രിക്കയിലെ സിയറ ലിയോണിലെ സ്വര്‍ണ്ണഖനിയെക്കുറിച്ച് നമ്മള്‍ അറിഞ്ഞിട്ട് അധികനാളായിട്ടില്ല. ഘാന, ടാന്‍സാനിയ, കോംഗോ, നൈജര്‍, സാംബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ കരിഞ്ചന്ത സ്വര്‍ണ്ണമാണ്. കുടില്‍ വ്യവസായം പോലെയാണിവിടെ സ്വര്‍ണ്ണ കരിഞ്ചന്ത. വന്‍ മാഫിയ സംഘങ്ങളും ആഗോള ഭീകരപ്രസ്ഥാനങ്ങളും അധോലോക ബിസിനസ്സ് സംഘങ്ങളും രാഷ്ട്രീയ ഭരണരംഗത്തെ സ്വാധീന ശക്തികളും ഈ രാജ്യാന്തര അധോലോക മാഫിയ ശൃംഖലയില്‍ ഇന്ന് കൈകോര്‍ക്കുന്നു.
ആഫ്രിക്കന്‍ ഖനികളില്‍ നിന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് നിയന്ത്രണങ്ങളോ നിയമങ്ങളോ ബാധകമില്ലാതെ എത്തുന്ന അസംസ്‌കൃത സ്വര്‍ണ്ണം സംസ്‌കരിച്ച് ഇന്ത്യയിലേയ്ക്ക് കടത്തുന്നു. ഈ രാജ്യാന്തര കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്നും ഇതിലൂടെ ലഭ്യമാകുന്ന ലാഭവിഹിതം ഭീകരപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും ഇവരുടെ ബിനാമികളിലൂടെ രാഷ്ട്രീയ, വിദ്യാഭ്യാസ, വ്യവസായ, ബിസിനസ്സ് മേഖലകളിലെ മുമ്പൊരിക്കലുമില്ലാത്ത കടന്നുകയറ്റത്തിനും മതതീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അടുത്ത കാലങ്ങളില്‍ പ്രത്യേകിച്ച് കോവിഡ് കാലത്തുപോലും സംസ്ഥാനത്തെ ചില കേന്ദ്രങ്ങളിലുണ്ടായ വന്‍ സാമ്പത്തിക വളര്‍ച്ചയുടെയും ഭൂമിക്കച്ചവടങ്ങളുടെയും പിന്നാമ്പുറങ്ങളും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കാനുള്ള ആര്‍ജ്ജവം ഭരണനേതൃത്വങ്ങള്‍ക്കുണ്ടോ?
സ്വര്‍ണ്ണക്കടത്ത് തടയാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെന്നുള്ള 2021 ഓഗസ്റ്റ് 30ന് ഹൈക്കോടതി നടത്തിയ പരാമര്‍ശം ഗൗരവമേറിയതാണ്. കസ്റ്റംസ് ജാഗ്രത പുലര്‍ത്തിയിട്ടും നിരന്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും സ്വര്‍ണ്ണക്കടത്ത് ദിനംതോറും കുതിക്കുന്നതിനര്‍ത്ഥം സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും വിലയ്ക്കുവാങ്ങി വിരല്‍ത്തുമ്പില്‍ നിര്‍ത്തുന്ന അവസ്ഥയിലേയ്ക്ക് മാഫിയ സംഘങ്ങള്‍ ഈ നാട്ടില്‍ വളര്‍ന്നുവിലസുന്നുവെന്നാണ്. ഇത് നാളെ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പാണ്. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഇതിനെ താലോലിക്കുകയാണോ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളുമെന്ന ചിന്ത സാധാരണ പൗരനില്‍ ഉയരുന്നു.
കേരളം ലഹരിയില്‍
കേരളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന മയക്കുമരുന്ന് ലഹരിയുടെ കോടാനുകോടി രൂപയുടെ കണക്കുകള്‍ ആരെയും ഞെട്ടിക്കും. ഇതിന്റെ വ്യാപന വിപണനശൃംഖല കൂടിയറിയുമ്പോഴാണ് സാക്ഷര സംസ്ഥാനത്ത് ഭാവിയില്‍ വരാന്‍പോകുന്ന തലമുറകളുടെ ജീവിത തകര്‍ച്ചയുടെ രൂക്ഷത വിലയിരുത്തേണ്ടത്. ഓരോ ദിവസങ്ങളിലും ജനമറിയുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതുമായ ലഹരിപിടുത്ത വാര്‍ത്തകള്‍ വെറും സാമ്പിളുകള്‍ മാത്രം. അഫ്ഗാനിസ്ഥാന്‍ മാത്രം ഉല്പാദിപ്പിക്കുന്ന മാരക രാസമയക്കുമരുന്നായ എം.ഡി.എം.എ. കടത്തു നടത്തിയ സംഘത്തെ 2021 ആഗസ്റ്റില്‍ കസ്റ്റംസ് പിടികൂടിയിരുന്നു. ചിലരെ വിട്ടയച്ചു. പിന്നീട് വീണ്ടും അറസ്റ്റ് ചെയ്തു. അഫ്ഗാന്‍ ലഹരി കേരളത്തില്‍ വിറ്റഴിക്കണമെങ്കില്‍ അതിന്റെ വിപണന ശൃംഖലയേത്? അന്വേഷണങ്ങള്‍ പലതും ആദ്യത്തെ ഓളങ്ങള്‍ക്കുശേഷം അട്ടിമറിക്കപ്പെടുമെന്നാണ് ഇന്നലകള്‍ നല്‍കുന്ന പാഠം. കാരണം എല്ലാ തലങ്ങളിലേയ്ക്കും അധോലോകസംഘങ്ങളുടെ വന്‍ സ്വാധീനം കടന്നുചെന്നിരിക്കുന്നു. അവരുയര്‍ത്തുന്ന ഭീകരത നമ്മെ വിഴുങ്ങുന്നു. ഹെറോയിനും ഹാഷിഷും കഞ്ചാവും ചെറിയ ഇനങ്ങള്‍ മാത്രം. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ മാത്രമല്ല വിവിധ ജില്ലകളിലേയ്ക്കും ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്കും മയക്കുമരുന്നു ശൃംഖല വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കൊല്ലത്തുനിന്നുള്ള അറസ്റ്റ്.
കഴിഞ്ഞ 3 മാസത്തിനിടയില്‍ പിടികൂടിയത് 4000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നുകളാണ്. സംസ്ഥാനത്തെ ഒരു മാസത്തെ നികുതി വരുമാനം പോലും ഇത്രയും വരില്ല. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാരും പലപ്പോഴായി അറസ്റ്റുചെയ്യപ്പെട്ടു. ലഹരി കടത്തിന്റെ മുഖ്യകേന്ദ്രമായി കൊച്ചി മാറിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മയക്കുലഹരിയുടെ ഇടത്താവളമായി മധ്യകേരളം മാറുമ്പോള്‍ ആഗോള ലഹരിക്കടത്തിന് ഒത്താശ ചെയ്യുന്നവര്‍ കേരളത്തിലാരൊക്കെ എന്ന ചോദ്യമുദിക്കും. ആഭ്യന്തര ലഹരിവിപണിയിലൂടെ മധ്യകേരളത്തില്‍ ലക്ഷ്യംവെയ്ക്കുന്ന ജനവിഭാഗങ്ങളേതെന്ന ചോദ്യവും പ്രസക്തം.
അതിമാരക ലഹരിമരുന്നായ എംഡിഎംഎയുടെ ഉല്പാദനം നടക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. താലിബാനാണ് മുഖ്യനിര്‍മ്മാതാക്കളും. ഈ ലഹരിമരുന്നാണ് കൊച്ചിയില്‍ നിന്ന് പിടിക്കപ്പെട്ടത്. അതിനാല്‍തന്നെ താലിബാന്‍ കേരള ബന്ധം വളരെ വ്യക്തമാണ്. ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കേരളത്തിലെ ഊര്‍ജ്ജസ്വലതയുള്ള യുവതലമുറയേയും. കോവിഡ് 19ന്റെ നിയന്ത്രണ നിരോധന കാലഘട്ടത്തില്‍പോലും സര്‍വ്വനിയമങ്ങളെയും നിയന്ത്രണങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് എംഡിഎംഎ മയക്കുമരുന്ന് കടത്തും കച്ചവടവും ഏറെ വ്യാപകമായി എന്ന് സംശയിക്കപ്പെടുന്നു. യുവതലമുറയെ ലഹരികള്‍ക്ക് അടിമകളാക്കി സംവാഹകരായി മാറ്റിയെടുക്കുക, സാവധാനം ഭീകരവാദപ്രസ്ഥാനങ്ങളിലേയ്ക്ക് നയിക്കുക, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇവരുടെ പ്രവര്‍ത്തനമേഖലകളിലേയ്ക്ക് സാവധാനം വ്യാപിപ്പിക്കുക. അനന്തരഫലമോ കേരളത്തിലെ വരുംതലമുറയുടെ നാശവും അരക്ഷിതാവസ്ഥയും. ഇതിന്റെ സൂചനകള്‍ വൈകിയെങ്കിലും കേരളസമൂഹം തിരിച്ചറിഞ്ഞിട്ടും തിരുത്തലുകള്‍ക്ക് തയ്യാറാകാത്തതാണ് ഏറെ ദുഃഖകരം. അത്രമാത്രം ബലഹീനമാണ് സാക്ഷരസമൂഹത്തിന്റെ രാഷ്ട്രീയ അടിമത്വവും പ്രതിരോധ പ്രതികരണശക്തിയും. അഫ്ഗാനില്‍മാത്രം ഉല്‍പാദിപ്പിച്ചിരുന്ന എംഡിഎംഎ ലഹരിയുടെ നിര്‍മ്മാണം തെക്കെ ഇന്ത്യയിലും വ്യാപകമായിത്തുടങ്ങിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കാബൂളിലെ മലയാളം
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരില്‍ നിന്നുയര്‍ന്ന മലയാളഭാഷ കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഇതു തെളിയിക്കുന്നത് താലിബാന്‍ കേരള ഭീകരപ്രസ്ഥാന ബന്ധമാണ്. കേരളത്തില്‍ നിന്നും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഐഎസ് താലിബാന്‍ ഭീകരപ്രസ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നവര്‍ ഒരു ദിവസത്തെ സൃഷ്ടിയല്ല. ഇവിടെയാണ് മുന്‍ ഡിജിപിമാര്‍ ഔദ്യോഗിക വിരമിക്കലിനുശേഷം കേരളം ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പര്‍ സെല്‍ എന്ന് വിലപിച്ചതിന്റെ പൊരുള്‍ മനസ്സിലാക്കേണ്ടത്. ഔദ്യോഗിക കാലയളവില്‍ ഇവരുടെ കൈകള്‍ കൂച്ചുവിലങ്ങിട്ടിരുന്നുവോ എന്ന സംശയം ബാക്കി നില്‍ക്കുമ്പോഴും ഇവരുടെ വെളിപ്പെടുത്തലുകളുടെ ആധികാരികത തള്ളിക്കളയാനാവില്ല.
കുടിയേറ്റക്കാര്‍ അതിഥികളാകുമ്പോള്‍
കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളും പരിസരപ്രദേശങ്ങളും മാത്രമല്ല, വിഴിഞ്ഞവും കോഴിക്കോടും ഉള്‍പ്പെടെ കേരളത്തിന്റെ തീരദേശപ്രദേശങ്ങളും ഭീകരപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കള്ളക്കടത്തിന്റെയും ലഹരിക്കടത്തിന്റെയും ആയുധക്കടത്തിന്റെയും കേന്ദ്രങ്ങളായി മാറിയോയെന്ന ആശങ്ക പടരുന്നു.
താലിബാനോടൊപ്പം കാബൂളില്‍ ചാവേറാക്രമണം അഴിച്ചുവിട്ട ഐസിഎസ് ഖെരാബന്‍ ഭീകരരുടെ അധിനിവേശത്തിന്റെ ലക്ഷ്യം അഫ്ഗാനിസ്ഥാന്‍ മാത്രമാണെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്നവര്‍ക്ക് തെറ്റുപറ്റി. ആദ്യം മധ്യേഷ്യയിലേയ്ക്കും പിന്നീട് ഭാരതത്തിലേയ്ക്കും അഭയാര്‍ത്ഥികളുടെ രൂപത്തില്‍ കടന്നുവരുന്നത് അഭയാര്‍ത്ഥികള്‍ മാത്രമല്ല ഭീകരരുമാണ്. ഇതിന്റെ മറ്റൊരു പതിപ്പാണ് മ്യാന്‍മറില്‍ നിന്ന് അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശില്‍ അഭയംപ്രാപിച്ച റോഹിംഗ്യന്‍ വിഭാഗങ്ങള്‍ ബംഗാളിലൂടെ കേരളമുള്‍പ്പെടെയുള്ള തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടിയേറ്റത്തൊഴിലാളികളായി എത്തിച്ചേര്‍ന്നത്. കുടിയേറ്റ തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി മഹത്‌വല്‍ക്കരിക്കുമ്പോള്‍ അവരിലൂടെ ഭീകരവാദപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുറപ്പിക്കുന്ന അണിയറ അജണ്ടകളെ വെള്ളപൂശി ഒളിച്ചോടാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്.
ശ്രീലങ്കയില്‍ നിന്നും വിഴിഞ്ഞത്ത് എത്തിയ ബോട്ടില്‍ നിന്നും ആയുധങ്ങളും ലഹരിമരുന്നുകളും എല്‍ടിടി ഭീകരന്മാരെന്ന് സംശയിക്കുന്നവരില്‍ നിന്ന് പിടിച്ചെടുത്തിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പാകിസ്ഥാനില്‍ നിന്നാണ് ശ്രീലങ്കവഴി കേരളത്തിലേയ്ക്ക് ഈ പാത തുറന്നിരിക്കുന്നത് എന്നതും ഗൗരവ വിഷയം തന്നെ.
കശ്മീര്‍ ഒരു പാഠം
കശ്മീര്‍-കാബൂള്‍-കേരള ഓപ്പറേഷന്‍ അഥവാ കെത്രയ ഓപ്പറേഷന്റെ പിന്നാമ്പുറങ്ങളും നിസാരവല്‍ക്കരിക്കരുത്. പാകിസ്ഥാന്‍ പിന്തുണയോടെയുള്ള കശ്മീര്‍ ഭീകരതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യാഥാര്‍ത്ഥ്യമെന്താണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ഫലംകാണുന്നുവെന്നാണിപ്പോള്‍ പുറംലോകമറിയുന്നത്. ദിവസംതോറുമുള്ള മാധ്യമചര്‍ച്ചകളിലിപ്പോള്‍ കശ്മീരിലെ രക്തച്ചൊരിച്ചിലുകളും ക്രൂരകൊലപാതകങ്ങളും കുറഞ്ഞിട്ടുണ്ടെന്നുള്ളത് ആശ്വാസകരം. പക്ഷേ എല്ലാം നഷ്ട്ടപ്പെട്ട് കശ്മീരില്‍ നിന്ന് പലായനം ചെയ്യപ്പെട്ട ജനവിഭാഗങ്ങളുണ്ട്. പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റുകള്‍. ഒരുകാലത്ത് തേനും പാലുമൊഴുകിയ ആപ്പിള്‍ദേശത്ത് ശാന്തിയും സമാധാനവും പകര്‍ന്നേകി ജീവിച്ചവര്‍. ഇവരുടെ ഇടയിലേയ്ക്കാണ് ഭീകരപ്രസ്ഥാനങ്ങള്‍ പാകിസ്ഥാന്‍ പിന്തുണയോടെ കടന്നുവന്നത്. ഇന്ത്യയുടെ വടക്ക് ശോഭിച്ചുനിന്ന കശ്മീരില്‍ നടമാടിയ ഭീകരതാണ്ഡവം ഇന്നിപ്പോള്‍ തെക്ക,് കേരളത്തിനെ ലക്ഷ്യം വെയ്ക്കുന്നോ? കശ്മീരില്‍ പണ്ഡിറ്റ് വിഭാഗമെങ്കില്‍ കേരളത്തില്‍ ആര് എന്ന് വായിച്ചറിയുവാന്‍ സാക്ഷരതയുള്ള മലയാളിക്കറിയാം. ആഗോള ഭീകരതയുടെ ആത്യന്തിക ലക്ഷ്യം ഒരുമതവിഭാഗത്തെ ഉന്മൂലനം ചെയ്ത് ഭീകരരുടെ ലോകമതം സ്ഥാപിക്കുകയാണ്. കാശ്മീരിന്റെ ദുരന്തവും കാബൂള്‍ നല്‍കുന്ന പാഠവും താലിബാനില്‍ മുഴങ്ങിയ മലയാളി ശബ്ദങ്ങളും നല്‍കുന്ന സൂചനകളും അപകടങ്ങളും തിരിച്ചറിഞ്ഞ് സംരക്ഷണ കവചമൊരുക്കുന്നില്ലെങ്കില്‍ കേരളം കാണാനിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക്
ഏറെ ആസൂത്രിതമായ ദീര്‍ഘകാലപദ്ധതിയാണ് ഭീകരതീവ്രവാദ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തെ ലക്ഷ്യമിടുന്നത്. യുവതലമുറയെ ഭാവി ഉപകരണങ്ങളാക്കുന്ന അതിനിഗൂഢപദ്ധതികള്‍. കലാലയ രാഷ്ട്രീയത്തിനെതിരെ കോടതിവിധി സമ്പാദിച്ച് ശുദ്ധീകരണം നടത്തി ആഹ്ലാദിച്ചവര്‍ അറിയുന്നില്ല കലാലയങ്ങളില്‍ അരാഷ്ട്രീയം സൃഷ്ടിച്ചിരിക്കുന്ന വലിയ അപകടങ്ങള്‍. ഈ അരാഷ്ട്രീയത്തിന്റെ മറവില്‍ ഉന്നതവിദ്യാഭ്യാസമേഖലകളിലേയ്ക്ക് ഭീകരവാദപ്രസ്ഥാനങ്ങളുടെ ആധുനിക പതിപ്പുകള്‍ കടന്നുവന്നിരിക്കുന്നു. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണംപോലെ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനകളിലൂടെ ആകര്‍ഷണവലയങ്ങള്‍ തീര്‍ത്ത് കക്ഷിരാഷ്ട്രീയത്തിനതീതമായ മുന്നേറ്റമെന്ന് ഇവര്‍ സ്വയം പ്രകീര്‍ത്തിക്കുമ്പോള്‍ ഇതിന്റെ പിന്നിലാരെന്ന് അന്വേഷിച്ചറിയുവാന്‍ സ്ഥാപനനടത്തിപ്പുകാര്‍ പോലും ശ്രമിക്കുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജന്‍സിയെന്ന് അഭിമാനിക്കുന്ന ക്രൈസ്തവ സമുദായ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നേരിടാനിരിക്കുന്ന വെല്ലുവിളികള്‍ ചെറുതായിരിക്കുകയില്ല.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലേയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യാന്തരതലത്തില്‍ വിലയിരുത്തിയാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മുന്‍പന്തിയിലുമല്ല. അതേസമയം ഇതരസംസ്ഥാനങ്ങളിലേയ്ക്കും വിദേശരാജ്യങ്ങളിലേയ്ക്കുമുള്ള നമ്മുടെ കുട്ടികളുടെ പഠനകുടിയേറ്റത്തിന് കുറവും സംഭവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ പഠിക്കുവാന്‍വേണ്ടി എത്തിച്ചേരുന്നവര്‍ ആരൊക്കെ, എവിടെനിന്ന് എന്ന് അന്വേഷിച്ചറിയേണ്ടത്. അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാക്ക്, ഘാന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നാണ് നല്ലൊരുശതമാനം വിദ്യാര്‍ത്ഥികളും. കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനുശേഷം കശ്മീര്‍ വിദ്യാര്‍ത്ഥികളും എത്തിത്തുടങ്ങി. ഉന്നതവിദ്യാഭ്യാസത്തിന്റെ മറവിലെത്തുന്ന ഇവരുടെ ലക്ഷ്യമെന്തെന്ന് തിരിച്ചറിയുവാനോ ഇവരെ നിരീക്ഷിക്കുവാനോ എന്തു സംവിധാനമാണ് നമുക്കുള്ളത്?
യുവതികളെ ഉപയോഗിക്കുന്നു
ഭീകരപ്രസ്ഥാനങ്ങളിലും ലഹരി സ്വര്‍ണ്ണക്കടത്തുകളിലും യുവതികള്‍ക്കുള്ള പങ്ക് കേരളസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. മലയാളി മനസ്സിന്റെ സ്ത്രീ സങ്കല്‍പങ്ങളൊന്നാകെ കടപുഴകി വീഴുന്നു. ഐസിസ് ഭീകരസംഘത്തിലേയ്ക്ക് മതംമാറി ചേക്കേറിയ യുവതികള്‍ കൂടാതെ കേരളത്തിലെ ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പര്‍ സെല്ലുകളിലെ കണ്ണികള്‍ സ്ത്രീകളാണെന്നുള്ളതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ നടന്ന അറസ്റ്റ് തെളിയിക്കുന്നത്. കൊച്ചിയില്‍ എംഡിഎംഎ ലഹരിയുമായി അറസ്റ്റു ചെയ്യപ്പെട്ടവരിലും രണ്ടു സ്ത്രീകള്‍.
കണ്ണൂരില്‍ അറസ്റ്റിലായ മിസ സിദ്ദിഖ്, ഷിഫ ഹാരീസ് എന്നീ യുവതികളുടെ ഐഎസ് ബന്ധങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിസ്സാരവല്‍ക്കരിച്ചു. വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല സ്ത്രീകളിലൂടെയുള്ള സ്ലീപ്പര്‍ സെല്ലുകളും കേരളത്തില്‍ സജീവമാണെന്നു തെളിയിക്കുന്നതാണിവരുടെ അറസ്റ്റ്. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്നപേരില്‍ ഏഴ് പേരടങ്ങുന്ന സംഘം ഭീകരവാദപ്രചരണം നടത്തുന്നുവെന്നാണ് എന്‍ഐഎ ഈ അറസ്റ്റില്‍ ആവര്‍ത്തിച്ചു പറയുന്നത്.
കേരളത്തിന്റെ സാംസ്‌കാരികത്തനിമയെപ്പോലും ചോദ്യം ചെയ്ത് ലഹരിവിപണിയിലെ ഇടനിലക്കാര്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കുന്ന നിശാപാര്‍ട്ടികളിലെയും റേവ് പാര്‍ട്ടികളിലെയും പെണ്‍സാന്നിധ്യങ്ങളും ഈ നാടിന്റെ സ്ത്രീമുഖം വികൃതമാക്കുന്നു. വഴിതെറ്റുന്ന ഈ നാടിനെക്കുറിച്ച് വിലപിക്കാനോ നേര്‍വഴിയിലേയ്ക്ക് നയിക്കാനോ അന്തിച്ചര്‍ച്ചകളിലെ അടിമകള്‍ക്കോ സ്വയം അവരോധിത സാംസ്‌കാരിക നേതാക്കള്‍ക്കോ സാധിക്കാതെ പോകുന്നതും നൊമ്പരപ്പെടുത്തുന്നു.
ശ്രീലങ്കന്‍ ഭീകരര്‍ കേരളത്തില്‍
കേരള തീരമൊന്നാകെ ഭീകരപ്രസ്ഥാനങ്ങളും ലഹരി സ്വര്‍ണ്ണക്കടത്തു സംഘങ്ങളും തീറെഴുതിയെടുത്തതുപോലെയാണ് ആനുകാലിക സംഭവങ്ങള്‍ ഓരോന്നും. കരമാര്‍ഗ്ഗവും ആകാശവഴിയിലൂടെയും സഞ്ചരിച്ചവര്‍ കടല്‍മാര്‍ഗ്ഗവും കസറുന്നു. കേരളത്തിലെ പ്രമുഖ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുനടത്തുന്ന ലഹരി സ്വര്‍ണ്ണക്കടത്തിനെ വെല്ലുന്നതാണ് കടല്‍മാര്‍ഗ്ഗം കപ്പലിലൂടെയും ബോട്ടിലൂടെയും നടത്തുന്നത്. ശ്രീലങ്കയില്‍ നിന്ന് കടന്നുവരുന്ന പാകിസ്ഥാന്‍ ആയുധശേഖരങ്ങളും ലക്ഷദ്വീപിനുസമീപം ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത ആയുധ കൂമ്പാരങ്ങളും ചെറിയ ഉദാഹരണങ്ങള്‍ മാത്രം. വിഴിഞ്ഞത്തുനിന്ന് എല്‍ടിടി സംഘത്തെ ലഹരിവസ്തുക്കളും തോക്കുകളുമായി പിടിച്ചതിന് തുടര്‍ച്ചയായി കര്‍ണ്ണാടക സര്‍ക്കാര്‍ ആലപ്പുഴയിലേയ്ക്ക് ഭീകരര്‍ ബോട്ടുകളില്‍ എത്തുന്നുവെന്ന് നല്‍കിയ മുന്നറിയിപ്പ് നമ്മുടെ ഭരണസംവിധാനങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
കാണാതെ പോകുന്നവര്‍
കേരളത്തില്‍ നിന്ന് കാണാതെ പോയിട്ടുള്ള അഥവാ നഷ്ടപ്പെട്ടിരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകള്‍ ദേശീയ ക്രൈം ബ്യൂറോയും കേരള പോലീസും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. 2016ല്‍ 7435 പേര്‍, 2017ല്‍ 9202, 2018ല്‍ 11536, 2019ല്‍ 12802 എന്നിങ്ങനെ പോകുന്നു കേരള പോലീസ് നല്‍കുന്ന കാണാതെ പോയ പൗരന്മാരുടെ എണ്ണം. ദേശീയ ക്രൈം ബ്യൂറോ കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നു കാണാതെ പോയിരിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016ല്‍ 1524, 2017ല്‍ 1568, 2018ല്‍ 1991 എന്നിങ്ങനെയാണ് കുട്ടികളുടെ കണക്കെങ്കില്‍ 2016ല്‍ 4926, 2017ല്‍ 6076, 2018ല്‍ 7839 എന്നതാണ് സ്ത്രീകളുടെ എണ്ണം. ഇത് സര്‍ക്കാര്‍ രേഖകളിലെ ഔദ്യോഗിക കണക്കുകളെങ്കില്‍ ഇതിലും പതിന്മടങ്ങായിരിക്കും യാഥാര്‍ത്ഥ്യം. ഇവരെവിടെപ്പോയി, എങ്ങനെ നഷ്ടപ്പെട്ടു എന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളായി നിലനില്‍ക്കുമ്പോള്‍ വിരല്‍ചൂണ്ടുന്നത് രാജ്യാന്തര ഭീകര തീവ്രവാദപ്രസ്ഥാനങ്ങളിലേയ്ക്കും മയക്കുമരുന്ന് മാഫിയകളിലേയ്ക്കുമാണ്.
കലാപങ്ങളെ വെള്ളപൂശരുത്
1921ലെ മലബാര്‍ കലാപം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായത് മനഃപൂര്‍വ്വമല്ല. സ്വാതന്ത്ര്യസമര പോരാട്ടമെന്ന് പറഞ്ഞ് ഒരുകൂട്ടരും ജന്മിത്വത്തിനും ബൂര്‍ഷ്വകള്‍ക്കുമെതിരെയുള്ള വിപ്ലവമെന്നുപറഞ്ഞ് വിപ്ലവപ്രസ്ഥാനങ്ങളും മലബാര്‍ കലാപത്തെ വെള്ളപൂശുമ്പോള്‍ ഒന്നുറപ്പാണ്, എന്തിന്റെ പേരിലാണെങ്കിലും ആയിരക്കണക്കിന് മനുഷ്യജന്മങ്ങള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിനെ ന്യായീകരിക്കാനാവില്ല. രക്തരൂക്ഷിത കലാപങ്ങള്‍ ഓര്‍മ്മപ്പെടുത്തി വീണ്ടും വര്‍ഗ്ഗീയവികാരങ്ങളുണര്‍ത്തുന്നതും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലുള്ള അടവുനയവും ശരിയായ നടപടിയല്ല.
1990ല്‍ വടക്കന്‍ കേരളത്തിലെ തീയേറ്ററുകളില്‍ സിഗരറ്റ് ബോംബുകളും 1996ല്‍ കടലുണ്ടി പാലത്തിനടിയില്‍ പൈപ്പ് ബോംബും കണ്ടെത്തിയപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളെന്നുപറഞ്ഞ് നാം എഴുതിത്തള്ളി. 1997കളില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന സമാനതകളുള്ള കൊലപാതകങ്ങളുടെ സംശയക്കണ്ണികള്‍ വെളിപ്പെടുത്തിയത് മുന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ്.
കോയമ്പത്തൂര്‍ സ്‌ഫോടനവും മാറാട് കലാപവും ന്യായീകരിക്കാന്‍ മത്സരിച്ച രാഷ്ട്രീയ നേതൃത്വങ്ങളുമുണ്ട്. വാഗമണ്‍, പാനായിക്കുളം, കളമശ്ശേരി സംഭവങ്ങളില്‍ നിന്നുപോലും നാം സത്യം തിരിച്ചറിഞ്ഞില്ല. കശ്മീരിലും അഫ്ഗാനിലും സിറിയയിലും ഇറാക്കിലും മുഴങ്ങിയ മലയാളശബ്ദവും മലയാളിമുഖങ്ങളും ഭീകരപ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ചുള്ള 2020 ജൂലായ്‌യില്‍ യു.എന്‍.ന്റെയും കേന്ദ്ര ആഭ്യന്തര സുരക്ഷാ എജന്‍സികളുടെയും വിരമിച്ച പോലീസ് ഉന്നതരുടെയും വെളിപ്പെടുത്തലുകളും കേരളസമൂഹത്തെ ആശങ്കയിലാഴ്ത്തുന്നു. സമസ്തമേഖലകളിലേയ്ക്കും വ്യാപിച്ചിരിക്കുന്ന ഈ കൊടും ഭീകരത തുടച്ചുനീക്കപ്പെടേണ്ടതാണ്.
സമാന്തര സര്‍ക്കാരോ?
1977 ലെ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ഭീകര-തീവ്രവാദപ്രസ്ഥാനങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നവര്‍ ഇന്ന് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതും കേരളത്തില്‍ ഏറെ പ്രചാരവും സ്വാധീനവുമുള്ള ചില മുന്‍നിര മാധ്യമശൃംഖലകളുടെ മുഖ്യപങ്കാളിത്തം കൈമാറ്റം ചെയ്ത് ചില മതസംഘടനകളുടെ കൈകളിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതും സംശയം ജനിപ്പിക്കുന്നു.
ഭീകരപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളക്കടത്തിന്റെ ആശയവിനിമയത്തിനുമായി സമാന്തര വാര്‍ത്താവിനിമയ ശൃംഖല അഥവാ എക്‌സ്‌ചേഞ്ചുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പുത്തനറിവാണ്. പാക് നിര്‍മ്മിത ഉപകരണങ്ങള്‍ തീവ്രവാദത്തിനോടൊപ്പം ചാരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചുവെന്നാണ് കണ്ടെത്തലുകള്‍. അനധികൃത സിമ്മുകള്‍ ഉപയോഗിച്ചുള്ള സമാന്തര എക്‌സ്‌ചേഞ്ചുകള്‍ വഴി വിളിക്കുന്ന ഫോണ്‍ കോളുകള്‍ ആര്‍ക്കും കണ്ടുപിടിക്കാനാവില്ലെന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്ന ഗുരുതരാവസ്ഥ കേരളത്തിലെ ഭീകരപ്രസ്ഥാനങ്ങളുടെ സാന്നിധ്യം തെളിയിക്കുക മാത്രമല്ല എത്രമാത്രം ആസൂത്രിതമാണ് ഓരോ നീക്കങ്ങളെന്നും വ്യക്തമാക്കുന്നു.
മാഫിയ സംഘങ്ങളും ലഹരിക്കടത്തുകച്ചവടക്കാരും ഹവാല ഇടപാടുകാരും സ്വര്‍ണ്ണക്കടത്തുസംഘങ്ങളും മയക്കുമരുന്നു വിപണി ശൃംഖലയും ചേര്‍ന്ന് സമാന്തര സമ്പദ്ഘടനയ്ക്ക് രൂപം നല്‍കിയോ എന്ന സംശയം സ്വാഭാവികമാണ്. കോടികളുടെ കള്ളപ്പണം ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് വെളുപ്പിച്ചുവെന്നതിന് തെളിവുകളുണ്ടെന്ന് വിളിച്ചുപറഞ്ഞിരിക്കുന്നത് ഒരു മുന്‍മന്ത്രിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് കലാസ്വാദന സിനിമ രംഗംപോലും മതവിദ്വേഷം കുത്തിനിറയ്ക്കുന്ന ആക്ഷേപ-അവഹേളനമായി മാറിയതിന്റെ പിന്നിലുള്ള ആസൂത്രിത അജണ്ടകള്‍ തിരിച്ചറിയാന്‍ ഇനിയും പലര്‍ക്കുമായിട്ടില്ല. കേരളം ഭീകരപ്രസ്ഥാനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ റിക്രൂട്ടിംഗ് സെന്ററാണെന്ന് 2021 ഓഗസ്റ്റ് 4ന് ഐഎസ് ബന്ധത്തിന്റെ പേരില്‍ ദല്‍ഹിയില്‍ അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. ആഗോള ഭീകരസംഘങ്ങള്‍ കേരളം, കശ്മീര്‍, കര്‍ണ്ണാടകം എന്നിവിടങ്ങളില്‍ പലതവണ സന്ദര്‍ശനം നടത്തിയെന്നുകൂടി ഇവര്‍ തുറന്നുപറയുമ്പോള്‍ നമ്മുടെ ഭരണസംവിധാനങ്ങളുടെ സുരക്ഷാ സംവിധാന പാളിച്ചകളെയോര്‍ത്ത് ദുഃഖം തോന്നുന്നു.
ചരിത്രം വളച്ചൊടിക്കുന്നു
ഇന്നലെകളിലെ കൊടും പാതകങ്ങളെപ്പോലും മഹത്വവല്‍ക്കരിക്കുന്ന രീതിയില്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിച്ച് പുതുതലമുറയ്ക്ക് തെറ്റായ സന്ദേശം നല്‍കി അവരില്‍ സ്വാധീനം ചെലുത്തുവാന്‍ ശ്രമിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. വര്‍ഗ്ഗീയവിഷം ചീറ്റിയ ക്രൂരകൊലപാതകങ്ങളെപ്പോലും ന്യായീകരിച്ച് വ്യാപകപ്രചരണം നടത്തി ഭീകരപ്രസ്ഥാനങ്ങള്‍ക്ക് പിന്‍ബലമേകുന്നതില്‍ വിപ്ലവപാര്‍ട്ടികള്‍പോലും മത്സരിക്കുന്നത് ദുഃഖകരമാണ്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനകാലഘട്ടത്തില്‍ പോലും ജന്മമെടുക്കാത്ത ചില സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നവോത്ഥാനത്തിന്റെ കുത്തക അവകാശപ്പെട്ട് ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശുന്ന ദുരവസ്ഥയിലേയ്ക്ക് നമ്മെ തള്ളിവിട്ടിരിക്കുന്നു.
2000നു മുമ്പ് കേരളത്തില്‍ നിലനിന്ന ശാന്തതയും സാംസ്‌കാരികത്തനിമയും ആധുനിക തലമുറയൊന്നു വിലയിരുത്തി പഠിക്കണം. രണ്ടു പതിറ്റാണ്ടിനിടയില്‍ ഈ മണ്ണില്‍ രൂപപ്പെട്ട വര്‍ഗ്ഗീയവാദവും വിദ്വേഷവും ചില കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകിയെത്തിയ സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സുകളും വിവിധങ്ങളായ ഇക്കൂട്ടരുടെ സ്വാധീനങ്ങളും പഠനവിഷയമാക്കുമ്പോള്‍ വരാനിരിക്കുന്ന വന്‍ദുരന്തങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാനാവും. അധികാരത്തിലേറുവാന്‍ ആദര്‍ശവും അഭിമാനവും പണയപ്പെടുത്തി ആരെയും കൂട്ടുകക്ഷികളാക്കുന്ന രാഷ്ട്രീയവും വിലയ്ക്കുവാങ്ങപ്പെട്ടിരിക്കുന്ന മാധ്യമങ്ങളും കര്‍ഷകനെ തെരുവിലേയ്ക്ക് തള്ളിവിട്ട് ഭൂമി കൈക്കലാക്കുന്ന ഭൂമാഫിയകളും ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ഒന്നാകെ വെട്ടിവിഴുങ്ങുന്നവരും സംവരണത്തിലൂടെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ കരസ്ഥമാക്കി സ്വാധീനശക്തികളാകുന്നവരുടെ മതതീവ്രവാദവും സമാധാനവും ഐശ്വര്യവും സര്‍വ്വോപരി പരസ്പര സ്‌നേഹവും സൗഹൃദവും കൈമാറിയിരുന്ന ഒരു തലമുറയില്‍ വിള്ളലുകളും വിഘടനവാദവും സൃഷ്ടിക്കുവാന്‍ അവസരമൊരുക്കുന്നത് കാണാതെ പോകരുത്.
ഏറെ പ്രതീക്ഷയോടെ കാണുന്ന യുവത്വത്തെ ലഹരിയുടെ അടിമകളാക്കി ഭീകരപ്രവര്‍ത്തനത്തിന്റെ കണ്ണികളാക്കി കശക്കിയെറിയുക, രാഷ്ട്രീയ-ഭരണ സംവിധാനങ്ങളിലെ സ്വാധീനശക്തികളായിമാറി ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളുടെ സുപ്രധാന മേഖലകള്‍ ഭീകരപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാക്കുക- വരാന്‍ പോകുന്ന ഈ വന്‍ ഭവിഷ്യത്തുകള്‍ മുന്നില്‍ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ കേരളസമൂഹത്തെ വലിയ പ്രതിസന്ധികള്‍ തേടിയെത്തുന്ന കാലം വിദൂരമല്ല.
(കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments