‘ഈ ശതകങ്ങളിലെ രാഷ്ട്രീയ മുന്നേറ്റങ്ങളായ കുടിയായ്മ സമരം, ഖിലാഫത്ത് സമരം, നിസ്സഹകരണപ്രസ്ഥാനം എന്നിവ മാപ്പിളമാരെ ഫ്യുഡല്‍ വിരുദ്ധവും ബ്രിട്ടീഷ് വിരുദ്ധവും ആയ ഒരു സമരത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. എന്നാല്‍ 1921 ല്‍ ഉണ്ടായ മാപ്പിളമാരുടെ വന്‍ കലാപത്തിന് ഖിലാഫത്ത് പ്രസ്ഥാനമോ നിസ്സഹകരണ പ്രസ്ഥാനമോ ആണ് കാരണമായത് എന്ന് പറഞ്ഞുകൂടാ’ എന്നാണ് പണിക്കര്‍ തുടങ്ങുന്നതുതന്നെ. അന്നത്തെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള പണിക്കരുടെ അപഗ്രഥനം താഴെപ്പറയുന്ന വിധമാണ്.
‘ദേശീയ പ്രസ്ഥാനം മലബാറിലേക്ക് പ്രവേശിക്കാന്‍ അറച്ചറച്ചു നിന്ന കാലത്ത് ജന്മി കുടിയാന്‍ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടുകയും തത്ഫലമായി ടെനന്‍സി അസോസിയേഷന്‍ രൂപീകരിക്കപ്പെടുകയുമുണ്ടായി. മാപ്പിളമാര്‍ ഉത്സാഹത്തോടെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. അക്കാലത്താണ് സാമൂതിരിയുടെ ഭൂമിയില്‍ നിന്ന് ഒരു കര്‍ഷകനെ കുടിയൊഴിപ്പിച്ചതിനെത്തുടര്‍ന്ന് യൂണിയന്‍ നിസ്സഹകരണ സമരം നടത്തിയത്. ഭൂപ്രഭുക്കള്‍ക്കെതിരെ മതാതീതമായ ഒരു കര്‍ഷക മുന്നേറ്റം രൂപപ്പെടാനുള്ള സാധ്യത തെളിയുകയായിരുന്നു അവിടെ.’
അന്നോളമുണ്ടായതെല്ലാം മതപരമായിരുന്നു എന്ന് പണിക്കര്‍ സ്വയമറിയാതെ സമ്മതിച്ചു പോവുകയാണിവിടെ. കലാപമോ അക്രമമോ വധശ്രമമോ അല്ല, നിസ്സഹകരണ സമരമാണ് യൂണിയന്‍ നടത്തിയത് എന്ന വസ്തുത പണിക്കര്‍ അവഗണിക്കുന്നു. ഖിലാഫത്ത് പ്രസ്ഥാനം ഇതേകാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പ്രയോഗിക്കപ്പെട്ടു. ഗാന്ധിജിയായിരുന്നു ഇതിന്റെ മുഖ്യപ്രയോക്താവ്. ബ്രിട്ടനെതിരെയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പ്രായേണ നിര്‍ജീവരായിരുന്ന മുസ്ലിങ്ങളെ ഊര്‍ജ്ജസ്വലരാക്കുന്നതിനു വേണ്ടിയാണ് ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനം അവരുടെ മുന്നിലേക്കിട്ടു കൊടുത്തത്. ബാള്‍ക്കന്‍ യുദ്ധങ്ങളും ഒന്നാം ലോക മഹായുദ്ധവും തുര്‍ക്കി സാമ്രാജ്യത്തെ ഛിന്നഭിന്നമാക്കിയതില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ കോപാകുലരായിരുന്നു. തങ്ങളുടെ ആത്മീയ സാമ്രാജ്യത്തോട് ബ്രിട്ടന്‍ നെറികേട് കാട്ടി എന്നതിലുള്ള വിദ്വേഷത്തോടെ മാപ്പിളമാര്‍ ഒന്നടങ്കം ഖിലാഫത്തില്‍ ചേര്‍ന്നു. 1920 ലെ മഞ്ചേരി കോണ്‍ഗ്രസ് സമ്മേളനം മാപ്പിളമാരെക്കൊണ്ടും ഖിലാഫത്ത് ചര്‍ച്ച കൊണ്ടും നിറഞ്ഞു. കാര്‍ഷികപ്രശ്‌നങ്ങളും അവിടെ സജീവ പരിഗണന നേടി. 1920 ആഗസ്റ്റ് 18 ന് മഹാത്മാഗാന്ധിയും മൗലാനാ ഷൗക്കത്തലിയും മലബാറിലെത്തി. ഖിലാഫത്ത് പ്രശ്‌നത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുസ്ലിങ്ങളുടെ മതവികാരത്തെ എത്രമാത്രം വ്രണപ്പെടുത്തി എന്നതിനെക്കുറിച്ച് ഗാന്ധിജി സംസാരിച്ചു. ഷൗക്കത്തലിയുടേതായിരുന്നു അടുത്ത ഊഴം. അദ്ദേഹം പറഞ്ഞു: ‘ഓരോ മുസല്‍മാനും ആരോഗ്യത്തോടെ ജീവിക്കുന്നിടത്തോളം കാലം നിങ്ങളുടെ വിശ്വാസങ്ങളെ എതിര്‍ക്കുന്ന ദുരധികാരിയായ രാജാവിനോടും ദുഷ്ട ഭരണകൂടത്തോടും പൊരുതേണ്ടത് കടമയാണ്. അതിനുള്ള ശാരീരിക ശേഷി ഇല്ലാത്തവരും ദുര്‍ബ്ബലരുമാണ് നിങ്ങള്‍ എങ്കില്‍ അനീതി നിറഞ്ഞ ഈ ദേശം വിട്ട് മറ്റൊരു രാജ്യത്തേക്ക് പൊയ്‌ക്കൊള്‍ക’.
ജനം ആവേശഭരിതരായി. 1920 അവസാനിക്കുമ്പോഴേക്കും ഖിലാഫത്ത് മലബാറിലെങ്ങും പ്രചരിച്ചു. മലബാറിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിലെല്ലാം ഖിലാഫത്ത് കമ്മറ്റികളുണ്ടായി. മതനേതാക്കള്‍ക്കും മാപ്പിളമാര്‍ക്കും ഖിലാഫത്ത് ഒരു മതവിഷയമായിരുന്നു. 1921 ഏപ്രില്‍ 25 നു ഒറ്റപ്പാലത്ത് നടന്ന ഉലമാ സമ്മേളനത്തില്‍ മാപ്പിളമാര്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നതിനെയും ഖിലാഫത്ത് പ്രസ്ഥാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെയും അപലപിച്ചു. ഉലമ കോണ്‍ഫറന്‍സ് സെക്രട്ടറി ആയിരുന്ന ഇ. മൊയ്തു മൗലവി കേരളത്തിലെ മുസ്ലിം സമുദായത്തോട് ഇങ്ങനെ ആഹ്വാനം ചെയ്തു. ‘മെക്ക, മെദീന ആദിയായ നമ്മുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ തുര്‍ക്കിയിലെ സുല്‍ത്താനെ നേരും നെറിയും ഇല്ലാതെ നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്ന വെള്ളക്കാരും സഖ്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ പുണ്യസ്ഥലങ്ങള്‍ പിടിച്ചെടുത്ത് ഇവരും ഇവരുടെ ചേരിക്കാരും പകുത്തെടുക്കുകയാണ്. ക്രിസ്തുമതത്തിനു എതിര് നില്‍ക്കുന്ന ഇസ്ലാം മതത്തെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുക എന്ന ദുഷ്ടലാക്കാണ് ഇതിനു പിന്നിലുള്ളത്. നമ്മെ ഭരിക്കുന്ന ബ്രിട്ടീഷുകാരാണ് ഈ ലക്ഷ്യം നിറവേറ്റുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്ന് ഈയിടെ പാരീസിലും ലണ്ടനിലും നടന്ന സമ്മേളനങ്ങളില്‍ നിന്ന് വ്യക്തമായിക്കഴിഞ്ഞു. സ്വജീവനേക്കാള്‍ മതത്തെ നാം പ്രിയതരമായി കരുതുന്നു. ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറയായ ഖിലാഫത്തിന്റെ രക്ഷയ്ക്ക് ജീവന്‍ ത്യജിച്ചും മുന്നോട്ടു വരാന്‍ ഇന്ത്യയിലെ പ്രധാന ഉലമകളും മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.’
ഗാന്ധിജി അഹിംസ മാര്‍ഗം ഉദ്‌ബോധിപ്പിച്ചപ്പോള്‍ മൊയ്തു മൗലവിയും ആലി സഹോദരന്മാരും ഹിംസാ മാര്‍ഗത്തിനായി വാദിച്ചുകൊണ്ടിരുന്നു. രാജ്യമെങ്ങും ആ മാര്‍ഗത്തിനു പ്രചാരം ലഭിച്ചു. ഇസ്ലാമിനോട് ചെയ്ത തെറ്റുകള്‍ക്ക് പ്രതിക്രിയയായി ഇന്ത്യന്‍ മുസ്ലിങ്ങള്‍ ബ്രിട്ടീഷുകാരോട് പട പൊരുതേണ്ടതാണ് എന്ന് മൊയ്തുമൗലവി കണ്ണൂരില്‍ പ്രസംഗിച്ചു. മാപ്പിളമാര്‍ യുദ്ധസമാനമായ പടയൊരുക്കം തുടങ്ങി. ആയുധങ്ങള്‍ നിര്‍മിച്ചു.
‘മഹാത്മാഗാന്ധിയുടെ അഹിംസ എന്ന ഉറയില്‍ ഇസ്ലാമിന്റെ ഹിംസയുടെ വാള്‍ ശയിച്ചു’ എന്ന് അപ്പോള്‍ ടോട്ടന്‍ഹാം എഴുതി.
ഖിലാഫത്ത് സമരം അക്രമാസക്തമാകാനുള്ള സാധ്യതയെപ്പറ്റി കോണ്‍ഗ്രസുകാര്‍ക്ക് ഭയമുണ്ടായിരുന്നു. അഹിംസയെപ്പറ്റി സംസാരിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ശ്രമങ്ങള്‍ വിഫലങ്ങളാണ് എന്നുകണ്ട്, മാപ്പിളമാരോട് സംസാരിക്കാന്‍ വേണ്ടി മദ്രാസില്‍ നിന്ന് ഖിലാഫത്ത് നേതാവായ യാക്കൂബ് ഹസ്സനെ കൊണ്ടുവരിക പോലുമുണ്ടായി. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളെ സ്വാഭാവികമായും ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. അഹിംസാത്മകമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. അത് ഭീരുത്വമാണ് എന്ന് മാപ്പിളമാര്‍ കരുതി. അവര്‍ നിരോധനാജ്ഞ ലംഘിച്ചു. ജാഥയായി പുറപ്പെട്ട് പോലീസിനോടേറ്റുമുട്ടി. അത്തരം സ്ഥലങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങി.
പ്രസിദ്ധമായ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തെപ്പറ്റിയുള്ള പണിക്കരുടെ നിരൂപണം കാണുക.
‘ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയോടുള്ള ഗവണ്മെന്റിന്റെ നിലപാട് ഒറ്റപ്പാലത്ത് 1921 ഏപ്രില്‍ 23 മുതല്‍ കൂടിയ കേരള മേഖലാ സമ്മേളനസമയത്ത് വെളിവാകുകയുണ്ടായി. സന്നദ്ധ ഭടന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും കുടിയാന്മാരുടെയും ഉലമയുടെയും സമ്മേളനങ്ങള്‍ കൂടി ഇതിനോടൊപ്പം ചേരുകയുണ്ടായി. ഉലമ സമ്മേളനം മൂന്നു പ്രമേയങ്ങള്‍ പാസ്സാക്കി. കേരളത്തിലെ മുസ്ലിങ്ങള്‍ തങ്ങളുടെ ദാനധര്‍മ്മങ്ങളുടെ ഒരു പങ്ക് ഖിലാഫത്ത് -സ്മിര്‍ണാ ഫണ്ടിലേക്ക് നീക്കി വെയ്ക്കണം. മുസ്ലിങ്ങള്‍ അഹിംസയും നിസ്സഹകരണവും സ്വീകരിക്കണം. സ്വരാജ്യമായിത്തീരുന്നതിനു എല്ലാവരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗങ്ങളാകണം എന്നിവയായിരുന്നു അവ. സമ്മേളന സ്ഥലത്തു വന്‍ പോലീസ് സന്നാഹം ഉണ്ടായിരുന്നു. സമ്മേളനത്തിന്റെ അവസാന ദിവസം ഒരു ഖിലാഫത്ത് വളണ്ടിയറെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയുണ്ടായി. തുടര്‍ന്നങ്ങോട്ട് പോലീസിന്റെ തേര്‍വാഴ്ചയായിരുന്നു. സമ്മേളനത്തിലുടനീളം പിരിമുറുക്കം അനുഭവിച്ച പോലീസുകാര്‍ ഒരുപക്ഷെ ക്ഷമകെട്ട് പെരുമാറിയിരിക്കാം. പോലീസിനോടുള്ള നീരസം ആളുകള്‍ പലമാതിരി പ്രകടിപ്പിച്ചിരുന്നു. സമ്മേളനപ്പന്തലില്‍ നിര്‍ത്തിയിരുന്ന പോലീസുകാരെ അപമാനിക്കുകയും അവരുടെ പക്കല്‍ നിന്ന് കടലാസുകള്‍ പിടിച്ചു പറിക്കുകയും ചെയ്തു. തെരുവിലൂടെ മാര്‍ച്ചു ചെയ്ത പോലീസ് സേനയെ കൂവി വിളിച്ചു. അവര്‍ക്ക് ഭക്ഷണം വില്‍ക്കാന്‍ കടക്കാര്‍ വിസമ്മതിച്ചു.
നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്തും സഹകാരികളായിരുന്നു എങ്കിലും ആദ്യത്തേത് അഹിംസയും രണ്ടാമത്തേത് ഹിംസയും ആയുധമാക്കിയതുകൊണ്ട് ഭരണാധികാരികളുടെ കര്‍ക്കശ പ്രതികരണത്തിന് വിധേയമായത് സ്വാഭാവികമായും രണ്ടാമത്തേതായിരുന്നു. ഖിലാഫത്തും കുടിയായ്മ സമരവും ഒന്നിച്ചേറ്റെടുത്തു നടത്തുന്ന സ്ഥിതി ചിലയിടങ്ങളില്‍ ഉണ്ടായത് രണ്ടും തമ്മില്‍ അഭേദ്യമായ ബന്ധം സ്ഥാപിക്കപ്പെടാന്‍ കാരണമാവുകയും ചെയ്തു. മാപ്പിള ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഇത്തരം ഐക്യപ്പെടല്‍ സംഭവിച്ചത്. പൂക്കോട്ടൂര്‍ ഒരുദാഹരണം. അവിടത്തെ കൃഷിഭൂമി ഏറെയും നിലമ്പൂര്‍ തച്ചറക്കാവില്‍ തിരുമുല്‍പ്പാട് വക ആയിരുന്നു. കുടിയായ്മ പ്രസ്ഥാനം തിരുമുല്‍പ്പാടിനെതിരെ തിരിയുകയും അത് വലിയ സംഘര്‍ഷത്തിലെത്തുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ചു വിശകലനം ചെയ്യുന്ന പണിക്കര്‍ ‘മാപ്പിളമാരായ കര്‍ഷകരുടെ ഐക്യപ്പെടല്‍ എന്നുതന്നെ പറയുന്നു. (പേജ് 155) പൂക്കോട്ടൂരിലെ അന്നത്തെ ജനസംഖ്യക്കണക്ക് പണിക്കര്‍ നല്‍കിയിട്ടുണ്ട്.
‘2170 മാപ്പിളമാര്‍, 993 ഹിന്ദുക്കള്‍, കൃഷിഭൂമി 768.8 ഏക്കര്‍, പട്ടയക്കാര്‍ 96. അതില്‍ 26 സവര്‍ണ്ണ ഹിന്ദുക്കള്‍, 10 കീഴ്ജാതി ഹിന്ദുക്കള്‍, 58 മാപ്പിളമാര്‍, രണ്ടു ക്ഷേത്രങ്ങള്‍, 467.5 ഏക്കര്‍ ഭൂമി തിരുമുല്‍പ്പാട് വക.58 മാപ്പിളമാര്‍ക്കും കൂടി 122.5 ഏക്കര്‍. ഇവിടത്തെ ഭൂരിഭാഗം മാപ്പിളമാരും കുടിയാന്മാരോ വെറും പട്ടക്കാരോ ആയിരുന്നു (പേജ് 153).
പൂക്കോട്ടൂര്‍ ഹിന്ദുക്കളിലെ ഭൂരിഭാഗവും കുടിയാന്മാരോ വെറുംപാട്ടക്കാരോ തന്നെ ആയിരുന്നു എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കുടിയായ്മ പ്രസ്ഥാനത്തില്‍ അവരുടെ പങ്ക് എന്തായിരുന്നു എന്ന് ഈ പുസ്തകത്തില്‍ ഒരിടത്തും വ്യക്തമാകുന്നില്ല.
തിരുമുല്‍പ്പാടിനെയും ബ്രിട്ടീഷ് പോലീസിനെയും വളയാനായി രണ്ടായിരത്തോളം മാപ്പിളമാര്‍ ഇരുപതു നാഴിക ചുറ്റളവില്‍ നിന്ന് വന്നെത്തി എന്ന വസ്തുത പണിക്കര്‍ കാണുന്നത് മാപ്പിളമാര്‍ക്കിടയില്‍ ഐക്യബോധം വന്നുകഴിഞ്ഞു എന്നും കാര്യക്ഷമമായ ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു എന്നും ഉള്ളതിന് തെളിവായിട്ടാണ്.
പൂക്കോട്ടൂരെ സംഘടിതാക്രമണം ബ്രിട്ടീഷ് ഭരണകൂടത്തെ വ്യാകുലരാക്കി. എങ്കിലും നിരവധി ചര്‍ച്ചകള്‍ക്കും വീണ്ടു വിചാരങ്ങള്‍ക്കും ശേഷമേ ഭരണകൂടം ചില നടപടികളുമായി മുന്നോട്ടു വന്നുള്ളൂ. മലബാര്‍ ജില്ലയുടെ ആസ്ഥാനമായ കോഴിക്കോട്ടേക്ക് പട്ടാളത്തെ അയയ്ക്കുകയും 29 സമര നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ അനുമതി കൊടുക്കുകയും ചെയ്തു ബ്രിട്ടീഷ് സര്‍ക്കാര്‍. സമരനേതാവായ ആലിമുസ്‌ലിയാരെ ആദ്യം അറസ്റ്റ് ചെയ്യാം എന്ന് തീരുമാനിച്ച് 100 പട്ടാളക്കാരും 100 പോലീസുകാരും അടങ്ങിയ ഒരു സംഘമാണ് തിരൂരങ്ങാടിക്ക് പുറപ്പെട്ടത്. വന്‍ പ്രതിരോധത്തിന് സാധ്യതയുണ്ട് എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ശക്തമായ സന്നാഹത്തോടു കൂടി പുറപ്പെട്ടത് എന്ന് വ്യക്തം. മാപ്പിളമാരായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെഡ് കോണ്‍സ്റ്റബിളും ആണ് മുസ്‌ലിയാരെ തെരഞ്ഞ് തിരൂരങ്ങാടി പള്ളിയില്‍ പ്രവേശിച്ചത് എന്ന് പണിക്കര്‍ എഴുതിയിരിക്കുന്നു (പേജ് 163). സര്‍ക്കാര്‍ ഭാഗത്തുനിന്ന് പ്രകോപനമൊന്നും ഉണ്ടാകരുത് എന്ന കരുതല്‍ ഉണ്ടായിരുന്നതു കൊണ്ടാകണമല്ലോ ഈ വിധം ജാഗ്രത പുലര്‍ത്തിയത്. പക്ഷേ കിംവദന്തികള്‍ എമ്പാടും പ്രചരിച്ചു. ബൂട്ടും യൂണിഫോമുമണിഞ്ഞ പോലീസുകാര്‍ പള്ളിയില്‍ പ്രവേശിച്ച് അശുദ്ധമാക്കി എന്ന വാര്‍ത്തയും മറ്റും കത്തിപ്പടര്‍ന്നു. തുടര്‍ന്ന് പലപല ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായി. പ്രാഥമികവിജയം കലാപകാരികള്‍ക്കായിരുന്നു. പാലക്കാട് താലൂക്ക് ഒഴികെ ദക്ഷിണമലബാറിന്റെ ഉള്‍പ്രദേശമാകമാനം കലാപകാരികള്‍ കൈയടക്കി എന്നാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തത്.
മാപ്പിളമാരുടെ മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാതായിക്കഴിഞ്ഞിരുന്നതുകൊണ്ട് അവര്‍ നിശ്ശബ്ദരായി. കലാപകാരികളും സര്‍ക്കാരും കോണ്‍ഗ്രസ് നേതാക്കളെ അവിശ്വാസത്തോടെയാണ് വീക്ഷിച്ചത്. അതുകൊണ്ട് അവര്‍ക്ക് നിഷ്‌ക്രിയരാകേണ്ടി വന്നു. മലബാറിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടായിട്ടാണ് പണിക്കര്‍ ഇതിനെ കണ്ടത് (പേജ്: 169).
കുടിയായ്മയും നികുതി പിരിവും മറ്റും അപ്രസക്തമാവുകയും പള്ളി പരമ പ്രധാനമാവുകയും ചെയ്തത് മണിക്കൂറുകള്‍ക്കകമായിരുന്നു. ഖിലാഫത്ത് പ്രവര്‍ത്തനം ശക്തിപ്പെട്ടതും പള്ളികളുമായി ബന്ധപ്പെട്ടായിരുന്നു എന്ന് പണിക്കരുടെ എഴുത്തില്‍ നിന്നു തന്നെ വ്യക്തമാകുന്നുണ്ട്. അദ്ദേഹം എഴുതുന്നു ‘ഖിലാഫത്ത് പ്രവര്‍ത്തനം ശക്തിയാര്‍ജിച്ചു വന്ന അവസരത്തില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് മതജീവിതവുമായി ബന്ധപ്പെട്ട പല പ്രയോഗങ്ങളും കടമെടുക്കുകയുണ്ടായി. നക്കാരകളും കൂട്ട ബാങ്കുകളും മുഴക്കുന്നത് ഇവയില്‍ ഏറ്റവും ഫലവത്തായിത്തീര്‍ന്നു (പേജ്: 171).
കലാപത്തില്‍ വിജയിച്ച മാപ്പിളമാര്‍ ഒട്ടും അമാന്തിക്കാതെ ഒരു ഖലീഫയിറ്റ് സ്ഥാപിക്കുകയുണ്ടായി. നികുതിപിരിവും ആരംഭിച്ചു. കലാപത്തോട് സഹകരിക്കാതിരുന്നവരെയും ഹിന്ദു ജന്മിമാരെയും ഭരണകൂടത്തിന്റെ പക്ഷത്തു നിന്നവരെയും ഹിംസിക്കുക, നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുക എന്നിവ വ്യാപകമായി. ലക്ഷണമൊത്ത ഒരു ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിതമാവുകയായിരുന്നു.
ഏറെ വൈകാതെ ബ്രിട്ടീഷ് പട്ടാളം കലാപകാരികളെ തുരത്തിക്കൊണ്ട് ഭരണം തിരിച്ചു പിടിച്ചു. വാഗന്‍ ട്രാജഡിയിലും ആന്‍ഡമാനിലേക്കുള്ള മാപ്പിളമാരുടെ നാടുകടത്തലിലുമാണ് കലാപം ചെന്നവസാനിച്ചത്. എട്ടു മാസത്തോളം നീണ്ടു നിന്ന ലഹളയെക്കുറിച്ച് പണിക്കര്‍ എഴുതുന്നു:
‘നാല് താലൂക്കുകളിലും കൂടി ഉള്ള മാപ്പിളമാരുടെ സംഖ്യ 6,88,731 ആയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരും പരിക്കേറ്റവരും കൊല്ലപ്പെട്ടവരും ഉള്‍പ്പെടെ അകെ അമ്പതിനായിരത്തോളം പേര്‍ മാത്രമാണ് കലാപത്തില്‍ സജീവമായി പങ്കെടുത്തത്. ഇത് മൂന്നിലൊന്നുപോലും ആകുന്നില്ല’ (പേജ്: 182).
ഈ ജനസംഖ്യാകണക്ക് വസ്തുതാപരമായി ഒന്ന് പരിശോധിച്ചു നോക്കാം. 688000 മാപ്പിളമാരില്‍ പാതി പുരുഷന്മാരാണെന്നിരിക്കട്ടെ. അതായത് 3,44,000 പേര്. അവരില്‍ 50,000 പേര് സജീവമായി കലാപത്തില്‍ പങ്കെടുത്തവരാണ്. അവരൊക്കെത്തന്നെയും അനവധി മക്കളുടെ പിതാക്കളായിരുന്നിരിക്കും എന്നത് തീര്‍ച്ച. അതായത് വൃദ്ധരും കുട്ടികളും സ്ത്രീകളും മുസ്ലിം ധനികരും ജന്മിമാരും സില്‍ബന്തികളും ഒഴികെയുള്ളവരെല്ലാം കലാപത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്!
ആദ്യഘട്ടത്തില്‍ പരിമിതമായിട്ടെങ്കിലും ഹിന്ദുക്കള്‍ കലാപത്തില്‍ ഭാഗഭാക്കായി എന്നുള്ളത് മതം മാത്രമല്ല നിര്‍ണായക ഘടകം എന്ന് കാണിക്കുന്നതാണ് എന്നതാണ് പണിക്കരുടെ മറ്റൊരു വാദം (പേജ്: 183). കുടിയായ്മ പ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടിടത്ത് തീര്‍ച്ചയായും ഹിന്ദു കുടിയാന്മാര്‍ സജീവമായി കലാപത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷെ പരിമിതമായ പങ്കാളിത്തമേ തുടക്കത്തില്‍പ്പോലും ഹിന്ദുക്കളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളൂ. കലാപകാരികളെ വിചാരണ ചെയ്തതിന്റെ രേഖകള്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ലഭ്യമായതില്‍ നിന്ന് പണിക്കര്‍ വേറെ ചില കണക്കുകള്‍ രേഖപ്പെടുത്തുന്നു. 1647 കലാപകാരികളില്‍ 646 തൊഴിലാളികള്‍, 615 കൃഷിക്കാര്‍, 207 വ്യാപാരികള്‍, 32 മതപണ്ഡിതര്‍, 20 ക്ഷുരകന്മാര്‍, 24 വണ്ടിപ്പണിക്കാര്‍, 13 വൈദ്യന്മാര്‍, 9 തയ്യല്‍ക്കാര്‍, 6 വിദ്യാര്‍ഥികള്‍, 2 ശിപായിമാര്‍, ഒരു വില്ലേജ് ഉദ്യോഗസ്ഥന്‍, ഒരു മുക്രി, ഒരു നികുതിപിരിവുകാരന്‍ എന്നിവരാണത്രെ ഉണ്ടായിരുന്നത്. ഈ തൊഴിലുകളില്‍ ഏര്‍പ്പെട്ടുതന്നെയാണ് അക്കാലത്തെ ദരിദ്ര ഹിന്ദുക്കള്‍ ജീവിച്ചിരുന്നതും. ഇവയിലെ ചില തൊഴിലുകള്‍ ഹിന്ദുക്കള്‍ക്ക് അന്യമായിരുന്നുതാനും. ഉദാഹരണത്തിന് വ്യാപാരം, വണ്ടിപ്പണി എന്നിവ മാപ്പിളമാരുടെ മാത്രം തൊഴിലായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാപ്പിളമാരാണ് കലാപത്തില്‍ പങ്കെടുത്തത്, ധനികരായ മാപ്പിളമാര്‍ ഒഴിഞ്ഞു നിന്നു, തന്നെയുമല്ല അവരില്‍ പലരും ഗവണ്‍മെന്റിന്റെ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനു സഹായിക്കുകയും ചെയ്തു. മമ്പാട്, എടവണ്ണ, വണ്ടൂര്‍ തുടങ്ങിയ ഏറനാടിന്റെ താരതമ്യേന ധനസമൃദ്ധമായ മേഖലകളില്‍ ധനിക മാപ്പിളമാരുടെ സ്വാധീനഫലമായി കലാപത്തിന് കാര്യമായ പിന്‍തുണ കിട്ടുകയുമുണ്ടായില്ല. ഇത്രയും കാര്യങ്ങള്‍ തന്റെ വാദത്തിന് അനുകൂലമാണ് എന്ന വിശ്വാസത്തോടെയാണ് പണിക്കര്‍ രേഖപ്പെടുത്തിയത്. വാസ്തവത്തില്‍ അവ എതിര്‍വാദങ്ങളാണ്. മാപ്പിളമാര്‍ പ്രബല സാമ്പത്തികശക്തി ആയിരുന്ന ഇടങ്ങളില്‍ മാപ്പിള ലഹള ഉണ്ടായില്ല, ഹിന്ദുക്കള്‍ സമ്പന്നരായിരുന്നയിടങ്ങളിലേ ലഹള ഉണ്ടായുള്ളൂ എങ്കില്‍ അത് തീര്‍ത്തും വര്‍ഗ്ഗീയമായിരുന്നു എന്നാണല്ലോ സിദ്ധിക്കുന്നത്.
പൂക്കോട്ടുര്‍ സംഭവം ഒരു അപകടസൂചനയായി കണക്കാക്കി ഹിന്ദു ജന്മിമാരില്‍ പലരും മലബാര്‍ വിട്ട് കൊച്ചിയിലും തിരുവിതാംകൂറിലും അഭയം തേടിയിരുന്നു. മലബാറില്‍ തുടര്‍ന്നവരാകട്ടെ, സ്വരക്ഷയ്ക്ക് വന്‍ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സാധാരണക്കാരായ ഹിന്ദുക്കള്‍ മാപ്പിളമാരെ പ്രകോപിപ്പിക്കാനോ അവരോട് ഏറ്റുമുട്ടാനോ ധൈര്യപ്പെട്ടതുമില്ല. ഈ വക കാരണങ്ങള്‍കൊണ്ട് കുറെ ഹിന്ദുക്കള്‍ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നിട്ടും പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കലാപത്തിന്റെ രണ്ടാം ഘട്ടം ഗറില്ലാ രീതിയിലുള്ള ഒളിപ്പോരിന്റെതായിരുന്നു. ആ ഘട്ടത്തില്‍ ഭക്ഷണത്തിനും ആയുധസന്നാഹങ്ങള്‍ക്കും വേണ്ടി കവര്‍ച്ചയും പിടിച്ചുപറിയും ഭീഷണിയും നാട്ടില്‍ നടപ്പായി. ബ്രിട്ടീഷ് സേനയെ സഹായിച്ചവരോടുള്ള പ്രതികാരങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും പതിവായി.
കലാപാനന്തരം ഗുരുതരമായ ഹിന്ദു-മുസ്ലിം ധ്രുവീകരണം മലബാറില്‍ സംഭവിച്ചു എന്ന് പണിക്കര്‍ ഖേദപൂര്‍വ്വം പ്രസ്താവിക്കുന്നു. അതിന്റെ കാരണവും ഉത്തരവാദിത്തവും കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് എന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കലാപകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിഞ്ഞു നിന്നത് വഞ്ചനയായിട്ടാണ് മാപ്പിളമാര്‍ കരുതിയതത്രെ. മാപ്പിളമാര്‍ മര്‍ദ്ദിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹായിക്കാന്‍ തയ്യാറായതുമില്ലത്രെ (പേജ്: 201).
അക്രമം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പിളമാരോട് ആവശ്യപ്പെട്ടതും അവര്‍ അത് പുച്ഛിച്ചു തള്ളിയതും ഈ പുസ്തകത്തിന്റെ മുന്‍ താളുകളില്‍ താന്‍ രേഖപ്പെടുത്തിയത് പണിക്കര്‍ മറന്നുപോയെന്നു തോന്നുന്നു. ഗാന്ധിജി അടക്കമുള്ള കോണ്‍ഗ്രസ്സുകാര്‍ മാപ്പിളമാരുടെ മതഭ്രാന്തിനെയും ഹിംസയെയും കുറിച്ച് പരാമര്‍ശിച്ച് പരാമര്‍ശിച്ച് മത ധ്രുവീകരണത്തിന് കരണമുണ്ടാക്കി എന്നും പണിക്കര്‍ പറയുന്നു (പേജ്: 201).
മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കും എതിരെയുള്ള ഒന്നായിരുന്നു എന്നാണ് പണിക്കര്‍ തന്റെ ഗവേഷണാന്ത്യത്തില്‍ എത്തിച്ചേരുന്ന നിഗമനം. പ്രഭുത്വത്തിനെതിരെ ആയിരുന്നു എങ്കില്‍ മതഭേദമില്ലാതെ ഹിന്ദു പ്രഭുത്വത്തെയും മുസ്ലിം പ്രഭുത്വത്തെയും എതിര്‍ക്കണമായിരുന്നു. ഹിന്ദു ജന്മിമാരെ മാത്രമേ എതിര്‍ത്തിട്ടുള്ളൂ എന്നതുകൊണ്ട് പ്രഭുത്വത്തിനെതിരെ എന്ന നിഗമനം തെറ്റ് എന്ന് സ്ഥാപിക്കപ്പെടുന്നു. രാജവാഴ്ചയ്‌ക്കെതിരെ ആയിരുന്നു കലാപം എങ്കില്‍ ഖലീഫയുടെ സാമ്രാജ്യം സ്ഥാപിക്കാന്‍ ഒരുമ്പെടില്ലായിരുന്നല്ലോ. കലാപകാരികളുടെ ലക്ഷ്യം തികച്ചും മതപരമായിരുന്നു. അവര്‍ വഴിവിട്ടതു കൊണ്ട് അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നത് ഹിന്ദുക്കളാണ്. ബ്രിട്ടീഷുകാര്‍ കലാപകാരികളെ അടിച്ചമര്‍ത്തുകയും ചെയ്തു.
(അവസാനിച്ചു)
(ലേഖിക ആകാശവാണി തൃശ്ശൂര്‍ നിലയത്തിന്റെ റിട്ട.ഡയറക്ടറാണ്)