കോഴിക്കോട്: കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന സര്‍ഗ്ഗോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കേസരി ഭവനില്‍ നടന്ന പരിപാടിയില്‍ ആര്.എസ്. എസ് പ്രാന്ത സഹപ്രചാരക് എസ്. സുദര്ശന് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് അംഗം എന്‍.പി. സോമന് അദ്ധ്യക്ഷനായി. കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്. മധു ആമുഖഭാഷണം നടത്തി. സി.എം. രാമചന്ദ്രന് മാസ്റ്റര്‍ സ്വാഗതവും ടി.സുധീഷ് നന്ദിയും പറഞ്ഞു.
പ്രശസ്ത സിനിമാ താരവും ടെലിവിഷന്‍ അവതാരകയുമായ വിധു ബാലയുടെ അദ്ധ്യക്ഷതയില്‍ നൂറ്റിയൊന്ന് പേരടങ്ങുന്ന സ്വാഗതസംഘമാണ് നിലവില്‍ വന്നത്. ഒന്‍പത് ദിവസം നീളുന്ന സര്‍ഗ്ഗോത്സവത്തോടനുബന്ധിച്ച് സര്‍ഗ്ഗസംവാദവും പ്രശസ്ത ചിന്തകന്മാരുടെ പ്രഭാഷണ പരമ്പരയും പ്രമുഖരായ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും. വിജയദശമി ദിനത്തില്‍ അക്ഷരദീക്ഷ എന്ന പേരില്‍ എഴുത്തിനിരുത്തല്‍ ചടങ്ങും സംഘടിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവും പരിപാടികള്‍ നടക്കുക.