ആശയങ്ങളെയും ആളുകളെയും ഇരുമ്പുമറയ്ക്കുള്ളില്‍ അടച്ചുപൂട്ടുന്ന പ്രത്യയശാസ്ത്രത്തിന്റെ പേരാണ് കമ്മ്യൂണിസം. അതിന്റെ ജീര്‍ണ്ണിച്ച അവിശിഷ്ടങ്ങള്‍ കേരളമുള്‍പ്പെടെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മറവുചെയ്യപ്പെടാതെ ഇപ്പോഴും ദുര്‍ഗ്ഗന്ധം പരത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്ര സങ്കല്പം പാര്‍ട്ടിഗ്രാമത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതാണ്. അക്കാദമിക രംഗത്തും സ്വാധീനമുള്ള മേഖലകളിലും ഇതേ സ്വേച്ഛാധിപത്യമാണ് അവര്‍ അടിച്ചേല്പിക്കാറുള്ളത്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എം.എ. സിലബസില്‍ ഗുരുജി ഗോള്‍വല്‍ക്കറെയും വീരസാവര്‍ക്കറെയും പോലുള്ള ദേശീയ നേതാക്കളുടെ രചനകള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ മുഖ്യമന്ത്രിയടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ വിമര്‍ശനത്തിന്റെ പിന്നിലും ഇതേ മനോഭാവമാണ്. ഭാരതീയ ചിന്താധാരയെ ഭയപ്പെടുന്നതിനാല്‍ കോണ്‍ഗ്രസ്സുകാരും ലീഗുകാരുമെല്ലാം ഇക്കാര്യത്തില്‍ അവരോടൊപ്പം ചേര്‍ന്നു എന്നുമാത്രം. വിമര്‍ശനാത്മക താരതമ്യപഠനമാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയെങ്കിലും അതുപോലും അനുവദനീയമല്ലെന്നും ഗുരുജിയെയും സാവര്‍ക്കറെയും പോലുള്ള ദേശീയ നേതാക്കളുടെ പേര് സിലബസ്സില്‍ വരരുതെന്നുമുള്ള ഫാസിസ്റ്റ് മനോഭാവമാണ് ഇക്കൂട്ടര്‍ക്കുള്ളത്. ആശയങ്ങളെ തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ താളത്തിനു തുള്ളുകയാണ് ദീര്‍ഘകാലത്തെ ദേശീയ പാരമ്പര്യമുള്ള കോണ്‍ഗ്രസ്സുകാരും ചെയ്യുന്നത്. കോണ്‍ഗ്രസ്സുകാരില്‍ ശശി തരൂര്‍ മാത്രമാണ് ഇതിനെ സ്വാഗതം ചെയ്തത്.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നവംബറില്‍ ആരംഭിച്ച എ.എ. ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സ് എന്ന കോഴ്‌സിന്റെ മൂന്നാം സെമസ്റ്റര്‍ സിലബസാണ് ചിലര്‍ക്ക് തൊട്ടുകൂടാത്തതായത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഇവിടെ മാത്രമാണ് ഈ പുതിയ കോഴ്‌സ് ആരംഭിച്ചിട്ടുള്ളത്. ഇതിലെ ‘തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന പേപ്പറിന്റെ രണ്ടാമത്തെ യൂണിറ്റില്‍ വായിക്കാനായി നിര്‍ദ്ദേശിച്ച പതിനൊന്നു പുസ്തകങ്ങളുടെ കൂട്ടത്തില്‍ വി.ഡി.സാവര്‍ക്കര്‍, എം.എസ്. ഗോള്‍വല്‍ക്കര്‍, ദീനദയാല്‍ ഉപാദ്ധ്യായ ബല്‍രാജ് മഥോക്ക് എന്നിവരുടെ പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘രാഷ്ട്ര ഓര്‍ നേഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന യൂണിറ്റിലാണ് ഗാന്ധിജി, നെഹ്‌റു എന്നിവരുടെ പുസ്തകങ്ങളോടൊപ്പം ഇവരുടെ പുസ്തകങ്ങളും ഉള്‍പ്പെടുത്തിയത്. ‘സമകാലിക പൊളിറ്റിക്കല്‍ തിയറി’ എന്ന ഭാഗത്തിനു പകരം ‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംവാദങ്ങള്‍’ എന്ന ഭാഗം ഉള്‍പ്പെടുത്തണമെന്ന നാലംഗ വിദഗ്ദ്ധസമിതി നിര്‍ദ്ദേശം അംഗീകരിച്ചാണ് സിലബസ് പരിഷ്‌ക്കരിച്ചത്. ഇതിനെ കാവിവല്‍ക്കരണമെന്ന് ആക്ഷേപിച്ച് രംഗത്തു വന്നവര്‍ക്ക് ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് എന്തുധാരണയാണ് ഉള്ളതെന്നു ചോദിക്കേണ്ടതുണ്ട്. വൈസ് ചാന്‍സലറുടെ വിശദീകരണക്കുറിപ്പില്‍ കൊച്ചുകുട്ടികളോടല്ല, ബിരുദാനന്തര ബിരുദതലത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കുന്നവരോടാണ് ഈ പുസ്തകങ്ങള്‍ വായിക്കാന്‍ നിര്‍ദ്ദേശിച്ചത് എന്നു വ്യക്തമാക്കിയിരുന്നു. ജെ.എന്‍.യു, ഇഗ്നോ തുടങ്ങിയ സര്‍വ്വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട് എന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പരാമര്‍ശിക്കുന്ന പുസ്തകങ്ങള്‍ വായിക്കാതെ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതി മനസ്സിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിലബസ് വിവാദത്തെ തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്ക് മുന്നറിയിപ്പ് നല്‍കിയ മുഖ്യമന്ത്രിയും സിലബസ് പുനഃപരിശോധിക്കുമെന്നു പറഞ്ഞ ഉന്നതവിദ്യാഭ്യാസമന്ത്രിയും സര്‍വ്വകലാശാലയുടെ അധികാരത്തില്‍ കൈകടത്തുകയാണ് ചെയ്തിരിക്കുന്നത്. സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണറും ദൈനംദിന കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഭരണാധികാരി വൈസ് ചാന്‍സലറുമാണ്. സിലബസ് തീരുമാനിക്കുന്നത് ബോര്‍ഡ് ഓഫ് സ്റ്റഡീസോ വൈസ് ചാന്‍സലര്‍ നിയമിക്കുന്ന വിദഗ്ദ്ധസമിതിയോ ആണെന്നിരിക്കെ അതില്‍ ഇടപെടാനും അക്കാദമിക് വിഷയങ്ങളില്‍ അഭിപ്രായം പറയാനുമുള്ള അധികാരമോ അര്‍ഹതയോ ഉന്നത വിദ്യാഭ്യാസമന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഉണ്ടോ? സ്വാതന്ത്ര്യസമരത്തിനു പുറംതിരിഞ്ഞുനിന്നവരെ മഹത്വവല്‍ക്കരിക്കുന്ന സമീപനം വേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിക്കുകയല്ലേ ചെയ്തത്? 1942ല്‍ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ, ബ്രിട്ടീഷുകാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങി പിന്നില്‍ നിന്നു കുത്തിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. സ്വാതന്ത്ര്യസമര നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്‍കാരുടെ കാല്‍നക്കി എന്നാണവര്‍ വിളിച്ചിരുന്നത്. അതേസമയം സാവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയും ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ നരകയാതന അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ്. ഇന്ത്യന്‍ പൊളിറ്റിക്‌സിനെ കുറിച്ചു പഠിപ്പിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ സംഭാവന വട്ടപ്പൂജ്യമായതും പ്രതിലോമമായതും കൊണ്ടാണ് മുഖ്യമന്ത്രി ദേശീയനേതാക്കളെ അപമാനിക്കുന്നത്. എന്തായാലും സിലബസ് പരിശോധിക്കാന്‍ സര്‍വ്വകലാശാല രണ്ടംഗ സമിതിയെ നിയമിച്ച സ്ഥിതിക്ക് അവര്‍ അക്കാദമിക് താല്പര്യത്തിനാണോ രാഷ്ട്രീയ താല്പര്യത്തിനാണോ മുന്‍ഗണന നല്‍കുകയെന്ന് കാത്തിരുന്ന് കാണാം.
സാംസ്‌കാരിക ദേശീയതയുമായി ബന്ധപ്പെട്ട് ഗുരുജി ഗോള്‍വല്‍ക്കര്‍, വീരസാവര്‍ക്കര്‍, ദീനദയാല്‍ ഉപാദ്ധ്യായ തുടങ്ങിയവരുടെ ചിന്തകള്‍ ഭാരതത്തിലെ മിക്ക സര്‍വ്വകലാശാലകളുടെയും പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുകളില്‍ റീഡിങ്ങ് ആയി നല്‍കാറുണ്ട്. അശോകാ യൂനിവേഴ്‌സിറ്റി വിനയ് സീതാപതിയുടെ ‘ജുഗല്‍ബന്ദി: ബി.ജെ.പി ബിഫോര്‍ മോഡി’ എന്ന പുസ്തകം മാത്രം ഒരു കോഴ്‌സായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ കോഴ്‌സില്‍ ആര്‍.എസ്.എസ്സിന്റെ ചരിത്രവും ഗുരുജി, സാവര്‍ക്കര്‍, ദീനദയാല്‍ജി എന്നിവരുടെ ചിന്തകളും ഉപവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണകാലത്ത് ഐ.സി.എച്ച്.ആറിലും മറ്റ് ദേശീയ സ്ഥാപനങ്ങളിലും കയറിപ്പറ്റിയ കമ്മ്യൂണിസ്റ്റുകള്‍ അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ മാത്രമാണ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ദേശീയ നേതാക്കളെ തമസ്‌ക്കരിക്കുകയും അവരുടെ ആശയങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന അവരുടെ രീതി ഇന്ന് കാലഹരണപ്പെട്ടിരിക്കുകയാണ്. കാലം മാറുന്നതിനനുസരിച്ച് സിലബസ്സിലും മാറ്റം വരണം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വരുമ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ചു പഠിക്കാനുള്ള സിലബസ്സിലും മാറ്റം സ്വാഭാവികമാണ്. അത്തരം കോഴ്‌സുകളേ പുതിയ തലമുറയും പഠിക്കാന്‍ ആഗ്രഹിക്കുകയുള്ളൂ. ഇതിന്റെ ഭാഗമായിവേണം കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സിലബസ് മാറ്റത്തെ കാണാന്‍. സിലബസില്‍ ഉള്‍പ്പെടുത്തിയ ‘വി ഓര്‍ ഔവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്’ ഗുരുജി ഗോള്‍വല്‍ക്കറുടെ മൗലികകൃതിയല്ല എന്ന കാര്യവും അക്കാദമിക് വിദഗ്ദ്ധര്‍ ശ്രദ്ധിക്കേണ്ടതാണ്. ഗണേശ് സാവര്‍ക്കറുടെ കൃതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു പുസ്തകമാണ് അതെന്ന് ആ പുസ്തകത്തിന്റെ ആമുഖത്തില്‍ ഗുരുജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.