വടക്കേ മലബാറില്‍ നടന്ന ഏക കലാപമാണ് 1852 ലെ മട്ടന്നൂര്‍ കലാപം. വസ്തുതര്‍ക്കം തന്നെയായിരുന്നു ഈ കലാപത്തിലെ പ്രധാന കാരണം. കല്ലാറ്റില്‍ നമ്പൂതിരിയുടെ കുടിയാന്മാരായിരുന്ന തയ്യില്‍ കുടുംബത്തിലെ 9 മാപ്പിളമാരാണ് കലാപം തുടങ്ങിവെച്ചത്. ദേശത്തെ ധനികമാപ്പിളമാരുടെ കണ്ണിലെ കരടായിരുന്നു കല്ലാറ്റില്‍ നമ്പൂതിരി. ദേശത്തെ പ്രമാണിമാരായിരുന്ന കൊറ്റാലെ മാപ്പിളമാരാണ് കലാപം ആസൂത്രണം ചെയ്തത്. കലാപം തുടങ്ങിവെച്ച 9 കുടിയാന്മാര്‍ 1951 നവംബറില്‍ മമ്പുറം പള്ളിയിലേക്ക് പുണ്യയാത്ര നടത്തി. അതിന്റെ ചെലവ് വഹിച്ചത് കൊറ്റാലെ മാപ്പിളമാരായിരുന്നു. മമ്പുറം തങ്ങളോട് ദു ആ ഇരക്കാന്‍ നിര്‍ദേശിച്ചതും കൊറ്റാലേക്കാരായിരുന്നു. മമ്പുറത്തുനിന്ന് തിരിച്ചെത്തിയശേഷം രണ്ടു മാസത്തോളം വിപുലമായ ഒരു കലാപത്തിന് തയ്യാറെടുപ്പു നടത്തി മാപ്പിളമാര്‍. 1852 ജനുവരി 4 നബിദിനമായിരുന്നു. അന്ന് കലാപകാരികള്‍ പല്ലോട് പള്ളിയില്‍ മൗലൂദും പ്രാര്‍ത്ഥനയും നടത്തി. അടുത്ത ദിവസം തോക്കുകളും കത്തികളുമായി അവര്‍ കല്ലാറ്റിലേക്ക് മാര്‍ച്ച് ചെയ്തു. ഈ ദിവസം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതിന് പണിക്കര്‍ കണ്ടെത്തിയ കാരണങ്ങള്‍, ഒരു മതാഘോഷം എന്ന നിലയില്‍ സംശയം കൂടാതെ കൂട്ടം കൂടി നടക്കുവാന്‍ സാധിക്കുമായിരുന്നു എന്നതും ധാരാളം മാപ്പിളമാര്‍ പള്ളിയില്‍ എത്തുന്ന ദിവസമായതുകൊണ്ട് കൂടുതല്‍ സഹായികളെ കണ്ടെത്താന്‍ സാധിക്കും എന്നതുമാണ്.
മതയുദ്ധത്തിന് ഉത്തമദിവസം എന്ന് അവര്‍ കരുതിയിരിക്കണം എന്ന് പണിക്കര്‍ക്ക് തോന്നിയതേയില്ല. കല്ലാട്ടിലെ മതില്‍ തകര്‍ക്കുമ്പോള്‍ ഇരുനൂറോളം പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവത്രെ. പള്ളിയിലെ നബിദിനപ്രസംഗത്തില്‍ ആക്രമണത്തിന് ആഹ്വാനം നല്കിയിട്ടുണ്ടാകണം. അതനുസരിച്ച് മാപ്പിളമാരുടെ വന്‍ സംഘം കല്ലാറ്റിലേക്കു പുറപ്പെട്ടിട്ടുമുണ്ടാകണം. കല്ലാട്ടിലെ വേലക്കാരുള്‍പ്പെടെ സകലമനുഷ്യരെയും കൊന്നൊടുക്കി സകല രേഖകളും കണക്കുകളും നശിപ്പിച്ചിട്ടേ മാപ്പിള സംഘം അടങ്ങിയുള്ളൂ. 15 പേരാണ് കല്ലാറ്റില്‍ കൊല ചെയ്യപ്പെട്ടത്. നിധി തേടി വീടിനകം കുഴിക്കുകയും കിട്ടിയത് കൈവശപ്പെടുത്തുകയും ചെയ്ത് വീട് തീവെച്ച് നശിപ്പിച്ച ശേഷമാണ് കലാപകാരികള്‍ സ്ഥലം വിട്ടത്. കണ്ണമ്പറ്റ നമ്പൂതിരിയായിരുന്നു അടുത്ത ഇര. അയാളുടെ വീടും നശിപ്പിച്ച ശേഷം പഴശ്ശിയിലേക്കു നീങ്ങി. ആ വഴി ഇരിക്കൂറില്‍ എത്തിയപ്പോള്‍ ഒരു ധനിക മാപ്പിളയായ വളപ്പിലങ്ങാത്തു ഹസ്സന്‍കുട്ടി അവരെ കൂളിയാട്ട് അനന്തന്‍ എന്ന ജന്മിക്കെതിരെ തിരിച്ചു വിട്ടു. 1852 ജനുവരി 8 ന് മാപ്പിളമാര്‍ അനന്തന്റെ വീടാക്രമിച്ചു. അനന്തന് ആയുധബലവും കായബലവും ഉള്ള സുരക്ഷാ സേനയുണ്ടായിരുന്നു. അവരുമായുണ്ടായ സംഘട്ടനത്തില്‍ കലാപകാരികളെല്ലാം കൊല്ലപ്പെട്ടു എന്ന് പണിക്കര്‍ രേഖപ്പെടുത്തിയിരിക്കുന്നു. (പേജ്: 99)
ബ്രിട്ടീഷുകാരുടെ കൈ കൊണ്ടല്ലാതെ കലാപകാരികള്‍ കൊല്ലപ്പെട്ട ഒരേയൊരു സംഭവമായിരുന്നു ഇത്. 1870 നും 1900 നും ഇടയില്‍ മാപ്പിളമാരുടെ മൂന്നു കലാപങ്ങള്‍ കൂടിയുണ്ടായി. അവയ്ക്കും കാരണമായത് ഭൂമിയും മതവും തന്നെയായിരുന്നു.
1880 ല്‍ മലബാറിലെ ജനസംഖ്യ 23,65,035 ആയിരുന്നു. അതില്‍ മാപ്പിളമാര്‍ 6,48,549 മാത്രം. അതായത് 28% മാത്രം. അവരിലെ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും കലാപത്തില്‍ പങ്കെടുത്തിട്ടില്ല. എങ്കിലും കലാപം നടന്നു, കൊലയും. കൊല്ലപ്പെട്ടത് ഹിന്ദുക്കളാണ്. പല കലാപങ്ങളിലും കൊന്നവരും കൊല്ലപ്പെട്ടവരും തമ്മില്‍ മുഖപരിചയമോ ബന്ധമോ ഇല്ലായിരുന്നു എന്ന് പണിക്കര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ദരിദ്രരായ മാപ്പിളമാരാണ് കൊന്നത് എന്നതുകൊണ്ടുമാത്രം ബൂര്‍ഷ്വാസിക്കെതിരെയുള്ള പ്രോലിറ്റേറിയന്മാരുടെ സമരമായിരുന്നു അവയൊക്കെ എന്ന് കരുതാനാകില്ല. കാരണം, ദരിദ്രരായ ഹിന്ദുക്കള്‍ കൊന്നവരില്‍ പെടുന്നില്ല. കൊല്ലപ്പെട്ടവരില്‍ ധനികരായ മാപ്പിളമാര്‍ ഉള്‍പ്പെട്ടിട്ടുമില്ല. മുസ്ലിം ധനികരുടെ നിര്‍ദ്ദേശപ്രകാരം ഹിന്ദു ജന്മിമാരെ കൊന്നിട്ടുണ്ട് . ജന്മിമാരുടെ കുടുംബാംഗങ്ങളെ കലാപകാരികള്‍ കൊലപ്പെടുത്തിയിട്ടില്ല എന്നതില്‍ നിന്ന് ഹിന്ദുക്കള്‍ക്കെതിരെയുള്ള വര്‍ഗ്ഗോന്മൂലന ശ്രമമല്ലായിരുന്നു എന്ന നിഗമനം മാത്രമേ സാധ്യമാകൂ. വ്യാപകമായ മതപരിവര്‍ത്തനം നടത്തിയിരുന്ന പ്രദേശത്ത് വര്‍ഗ്ഗോന്മൂലനം അപ്രസക്തമാണല്ലോ. തീവ്രസ്വഭാവികളായ മാപ്പിളമാരോട് ഭയത്തോടെയും ശ്രദ്ധയോടെയുമേ ഹിന്ദുക്കള്‍ പെരുമാറിയിരുന്നുള്ളൂ എന്നതുകൊണ്ടാണ് മാപ്പിളമാരുടെ വൈരാഗ്യത്തില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞിരുന്നത് എന്ന് തോന്നുന്നു. മറിച്ചൊരനുഭവം ഉണ്ടായിടത്തെല്ലാം മാപ്പിളമാര്‍ പ്രകോപിതരാവുകയും വര്‍ഗ്ഗപരമായതോ വിശ്വാസപരമായതോ ആയ കണക്കുതീര്‍ക്കലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അതിനുള്ള നല്ല ഉദാഹരണമാണ് മഞ്ചേരി കലാപം. ഒരു ക്ഷേത്രം പണിയുന്നതിന് മതഭേദമെന്യേ എല്ലാ കുടിയാന്മാരും ഒരു വര്‍ഷത്തെ പാട്ടത്തുക സംഭാവന ചെയ്യണം എന്ന് കല്‍പ്പിച്ചു അന്നത്തെ മഞ്ചേരിരാജാവ്. ക്ഷേത്രത്തിനു പണം നല്‍കുക എന്ന പാപപ്രവൃത്തിക്ക് നിര്‍ബന്ധിച്ചതിന്റെ പ്രതികാരമായി ക്ഷേത്രത്തിലെ പ്രതിഷ്ഠ തച്ചുടയ്ക്കാന്‍ മാപ്പിളമാര്‍ തീരുമാനിച്ചു. ആഗസ്റ്റ് 27 ന് അവര്‍ ക്ഷേത്രം വളഞ്ഞു. ആകാശത്തേക്ക് വെടിവെച്ച് ഭക്തജനങ്ങളെ തുരത്തി, പൂജാരിയെ വധിച്ചു. ക്ഷേത്രം പിടിച്ചെടുത്ത് അതിനുള്ളില്‍ തമ്പടിച്ചു. എട്ടു നാള്‍ അതിനകത്ത് പാര്‍ത്തു. ബ്രിട്ടീഷ് പടയെ അവിടെ നിന്നുകൊണ്ട് പൊരുതിത്തോല്‍പ്പിക്കുകയും ചെയ്തു. ക്ഷേത്രനിര്‍മ്മാണത്തിന് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ പ്രതികാരം ഇങ്ങനെയാണവര്‍ നിര്‍വഹിച്ചത്.
ഒരു പള്ളിപ്പറമ്പിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് 1873 ലെ കലാപത്തിന് കാരണം. ഒരു നായരില്‍ നിന്ന് കാണം ആയി കൈപ്പറ്റിയ ഭൂമി കുടിയൊഴിപ്പിക്കാതിരിക്കാന്‍ വേണ്ടി ഹിന്ദുവായ കാണക്കാരന്‍ അതില്‍ പള്ളി പണിയാന്‍ സൗകര്യം ചെയ്തുകൊടുത്തു. മാപ്പിളമാരെ ഭയന്ന് ജന്മി നിയമനടപടി എടുത്തില്ല. പകരം വെളിച്ചപ്പാടിനെക്കൊണ്ട് ഉറഞ്ഞുതുള്ളിച്ചു. പള്ളിയിലെ മുക്രിയും അയാളുടെ സഹായികളും കൂടി ജന്മിയെ കൊല ചെയ്തു. ഈ ലഹളയും അവസാനിച്ചത് ബ്രിട്ടീഷ്പട്ടാളം കലാപകാരികളെ കൊന്നൊടുക്കിയതിലൂടെയാണ്.
നാല് വിഭാഗം മനുഷ്യരാണ് ഈ കലാപങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
1. ബ്രിട്ടീഷ് പട്ടാളവും പോലീസും
2. മാപ്പിളമാര്‍
3. ഹിന്ദു സവര്‍ണ്ണ ജന്മിമാര്‍
4. ഹിന്ദു അടിയാളര്‍
ഇവരില്‍ ഹിന്ദു അടിയാളര്‍ കലാപത്തിനൊരുങ്ങിയിട്ടില്ല. മാപ്പിളമാരുടെ ആക്രമണത്തെ തടയാന്‍ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞിട്ടുമില്ല. കലാപത്തിനുള്ള കാരണങ്ങള്‍ ഭൂമി, പണം, പള്ളി, മതം എന്നിവയായിരുന്നു.
1896 ലെ കലാപമായിരുന്നുവത്രെ അംഗസംഖ്യ കൊണ്ട് ഏറ്റവും വലിയത്. 16 ഗ്രാമങ്ങളില്‍ നിന്നുള്ള 99 കലാപകാരികളും 32 സഹായികളും അതില്‍ പങ്കെടുത്തു. പതിവുപോലെ ധനികരായ മാപ്പിളമാര്‍ ഈ കലാപത്തിലും പങ്കെടുത്തില്ല. ധനികരായ മാപ്പിളമാരെ കലാപകാരികള്‍ അക്രമിച്ചതുമില്ല. ഇസ്ലാമിലേക്ക് മതം മാറിയ ഒരു തീയത്തി തിരിച്ച് ഹിന്ദുവായി എന്നതാണ് ഇക്കുറി മാപ്പിളമാരെ പ്രകോപിപ്പിച്ചത്. വെള്ളക്കാര്‍ ആ സ്ത്രീക്ക് സംരക്ഷണം കൊടുത്തത് അവരെ കൂടുതല്‍ വിദ്വേഷികളാക്കി.
1836 നും 1919 നും ഇടയില്‍ 32 കലാപങ്ങളുണ്ടായി എന്നാണ് പണിക്കര്‍ പറയുന്നത്. അവയില്‍ പങ്കെടുത്തവരുടെ ആകെ എണ്ണം 351 ആണത്രേ. മട്ടന്നൂര്‍ കലാപകാരികള്‍ അനന്തന്റെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് പണിക്കര്‍ എഴുതിയപ്പോള്‍ വായനക്കാര്‍ ധരിച്ചത് മതില്‍ തകര്‍ത്ത 200 പേരും കൊല്ലപ്പെട്ടു എന്നാണെങ്കില്‍ തെറ്റിപ്പോയി, വെറും 15 പേര്‍ മാത്രമേ അവിടെ കൊല്ലപ്പെട്ടുള്ളൂ. 100 പേര്‍ പൊലീസിന് കീഴടങ്ങിയത്രേ. പ്രക്ഷോഭകാരികള്‍ക്ക് നാട്ടുകാര്‍ വിരുന്നൊരുക്കി ആദരിച്ചു എന്ന് പണിക്കര്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1855 ല്‍ മലബാര്‍ കളക്ടര്‍ എച്ച്.വി കൊണോലിയെ കൊന്നവരെയും നാട്ടുകാര്‍ വിരുന്നു നല്‍കി ആദരിച്ച് പള്ളിയിലേക്കെഴുന്നെള്ളിച്ചു എന്ന് പണിക്കര്‍ പറയുന്നു (പേജ്: 101).
‘നാട്ടുകാര്‍’ എന്നതില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെട്ടിരുന്നോ എന്ന് നമുക്ക് സംശയം തോന്നാം.
മഹത്തായ ഈ കാര്‍ഷിക കലാപങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള പിന്തുണ ജനങ്ങളില്‍നിന്നുണ്ടായില്ല എന്ന് പണിക്കര്‍ ഖേദിക്കുന്നുണ്ട്. പട്ടാളത്തിന്റെ ഇടപെടലും കലാപകാരികളുടെ പരിമിത താത്പര്യങ്ങളും ആയിരുന്നത്രേ കാരണങ്ങള്‍.
ജന്മിമാരെ മാത്രമേ കലാപകാരികള്‍ ശത്രുക്കളായി കണ്ടുള്ളൂ എന്നതാണ് പണിക്കരെ ആശ്വസിപ്പിക്കുന്നത്. ഹിന്ദുജന്മിമാരെ എന്ന് പറയാതിരിക്കാന്‍ പണിക്കര്‍ ദത്തശ്രദ്ധനാണ്. ഭൂവുടമകളും കച്ചവടക്കാരും കാണക്കാരുമായ ധനികമാപ്പിളമാര്‍ എന്നെഴുതുമ്പോഴും ജന്മി എന്ന പദം പണിക്കര്‍ ഒഴിവാക്കുന്നുണ്ട്. അതായത് മാപ്പിളമാരില്‍ ജന്മിമാര്‍ ഇല്ലായിരുന്നു എന്ന് നാം ധരിക്കേണ്ടതുണ്ട്. കലാപകാരികളെ ഉത്തേജിപ്പിച്ചത് മതഭ്രാന്തല്ലായിരുന്നു എന്നെഴുതുന്ന പണിക്കരോട് ഒന്നു ചോദിക്കാനുള്ളത് മാപ്പിളമാരുടെ മതവിശ്വാസത്തെ സ്പര്‍ശിക്കാനോ വിമര്‍ശിക്കാനോ ധൈര്യപ്പെട്ട ഹിന്ദുക്കള്‍ മലബാറില്‍ ഉണ്ടായിരുന്നുവോ എന്നാണ്.
ഓരോ കലാപം തുടങ്ങുന്നതിനു മുന്‍പും കലാപകാരികള്‍ ജാറങ്ങളിലേക്ക് ജാഥ നടത്തുകയും തങ്ങള്‍മാരുടെയും മുസ്ല്യാന്മാരുടെയും ആശീര്‍വാദങ്ങള്‍ വാങ്ങുകയും റാതീബോ മൗലൂദോ നടത്തുകയും ചെയ്തിരുന്നു എന്ന് പണിക്കര്‍ തന്നെ രേഖപ്പെടുത്തിയിരിയ്ക്കുന്നു. പോലീസിനോടും പട്ടാളത്തോടും ഏറ്റുമുട്ടി മരണം വരിക്കാന്‍ കലാപകാരികള്‍ ശ്രമിച്ചിരുന്നു എന്നതുകൊണ്ടാണത്രെ കലാപങ്ങള്‍ക്ക് മതപരമായ നിറം വന്നു ചേര്‍ന്നത്! പോരാടി മരിക്കുക വഴി ശഹീദുകളാകും എന്നും ആനന്ദകരമായ സ്വര്‍ഗീയജീവിതത്തെ പ്രദാനം ചെയ്യും എന്നും ആയിരുന്നുവത്രെ അവരുടെ വിശ്വാസം(പേജ്: 105). ഇതൊക്കെ എഴുതുമ്പോഴും പണിക്കര്‍ അതൊരു മതയുദ്ധമാണ് എന്ന് സമ്മതിക്കുന്നില്ല . അല്ലാഹുവിനു വേണ്ടി മരിക്കുന്നവനാണല്ലോ ശഹീദ്. സെയ്ദാക്കള്‍ എന്ന് മലബാര്‍ മാപ്പിളമൊഴിയില്‍ പറയുന്നത് ശഹീദുകളെയാണ്. സെയ്ദാക്കളുടെ പേരിലാണ് മാപ്പിളമാര്‍ നേര്‍ച്ചകള്‍ നടത്തുന്നതും പടപ്പാട്ടുകള്‍ പാടുന്നതും.
കാണക്കുടിയാനെയോ കുടിയാനെയോ നിയമം വഴി ഒഴിപ്പിച്ചാല്‍ ആ ജന്മിയെ കൊല ചെയ്യണം എന്ന് മാപ്പിളമാര്‍ക്കിടയില്‍ പരക്കെ അഭിപ്രായമുണ്ടായിരുന്നുവത്രെ. അങ്ങനെ ഒഴിപ്പിക്കുന്ന ജന്മി മുസ്ലിം ആണെങ്കിലോ എന്ന ചോദ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ജന്മിസമ്പ്രദായം ഹിന്ദുക്കളില്‍ മാത്രമേ നിലനിന്നിരുന്നുള്ളു എന്ന് ഊഹിക്കുക സാധ്യമല്ല. കാരണം, ജന്മി-കുടിയാന്‍ വ്യവഹാരങ്ങളുടെ കണക്കുകള്‍ കാണിക്കുന്ന പട്ടികയില്‍ മുസ്ലിങ്ങളുടെ എണ്ണം ഇരുപക്ഷത്തുമുണ്ട്.
മാപ്പിളലഹളകളെ പണിക്കര്‍ ഇനിയും ന്യായീകരിക്കുന്നുണ്ട്.
‘അത്യധ്വാനവും ദാരിദ്ര്യവും കൊണ്ട് നരകതുല്യമായിക്കഴിഞ്ഞ ഈ ഭൂമിയിലെ ജീവിതത്തേക്കാള്‍ എല്ലാ സുഖഭോഗങ്ങളും കൊണ്ടുനിറഞ്ഞ സ്വര്‍ഗീയജീവിതം ഈ മാപ്പിളമാര്‍ക്ക് ആകര്‍ഷകമായിത്തോന്നിയിരിക്കണം. അതിനാല്‍ രക്തസാക്ഷിത്വത്തിനു വേണ്ടിയുള്ള ഇവരുടെ ത്വര, ദാരിദ്ര്യപൂര്‍ണമായി കഴിഞ്ഞ ഈ ഭൂമിയിലെ ജീവിതത്തില്‍ നേടാനോ നഷ്ടപ്പെടാനോ ആയി ഒന്നും അവശേഷിക്കുന്നില്ല എന്നൊരു സാഹചര്യത്തില്‍ ഉടലെടുത്തതായിരുന്നു. മരിക്കുവാനുള്ള ആഗ്രഹം മൃത്യുവാസനയല്ലായിരുന്നു എന്നും ഗതികെട്ട അവസ്ഥയില്‍ നിന്നുമുള്ള മോചനം നേടല്‍ മാത്രമായിരുന്നു എന്നും വെളിവാകുന്നു.’
പണിക്കരുടെ മാപ്പിളപക്ഷപാതം ഈ വിധം വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. കലാപത്തില്‍ കൊല്ലപ്പെട്ട സെയ്താക്കളെ പ്രകീര്‍ത്തിക്കുന്ന പടപ്പാട്ടുകള്‍ പില്‍കാല കലാപങ്ങള്‍ക്കുത്തേജകമായിട്ടുണ്ട് എന്നതും നാമറിയണം.
കലാപങ്ങള്‍ തടയുന്നതിന് വേണ്ടി മലബാര്‍ കലക്ടറായിരുന്ന കൊണോലി 1841 ല്‍ ഗവണ്മെന്റിനു താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
1. ജനങ്ങളുടെ നിരായുധീകരണം.
2.കലാപങ്ങളുണ്ടായ പ്രദേശത്തെ തങ്ങള്‍മാരെ നാടുകടത്തുക, അവിടങ്ങളിലെ ധനികമാപ്പിളമാര്‍ക്കു പിഴ ചുമത്തുക.
3 മാപ്പിളമാരെ റവന്യൂ ഉദ്യോഗസ്ഥരായി നിയമിക്കുക.
4. മുസ്ലിങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് ഖാസിമാരെ നിയമിക്കുക.
5.കലാപപ്രദേശങ്ങളില്‍ സുരക്ഷാഭടന്മാരെ സ്ഥിരമായി നിയമിക്കുക.
മൂന്നും നാലും നിര്‍ദ്ദേശങ്ങള്‍ മാത്രമേ ഗവണ്മെന്റ് സ്വീകരിച്ചുള്ളൂ.
അതായത് മാപ്പിളമാര്‍ക്ക് അഹിതമായ യാതൊരു നിര്‍ദ്ദേശവും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഗുണകരമായവ കൈക്കൊള്ളുകയും ചെയ്തു.
മാപ്പിളമാര്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ തീരും എന്നായിരുന്നു ഗവണ്മെന്റിന്റെ അപ്പോഴത്തെ വിശ്വാസം. പോരാഞ്ഞ്, മലബാറില്‍ ജുഡീഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുള്ള ടി.എല്‍. സ്‌ട്രെയ്ഞ്ചിനെ അന്വേഷണക്കമ്മീഷനായി നിയമിക്കുകയും ചെയ്തു. 1852 ഫെബ്രുവരി 17 നു ആയിരുന്നു നിയമനം. കുടിയാന്‍മാര്‍ മാപ്പിളമാരോ ഹിന്ദുക്കളോ ആകട്ടെ, ഹിന്ദുഭൂപ്രഭുക്കളുടെ സമീപനം ഏറെക്കുറെ മൃദുവും പക്ഷഭേദമില്ലാത്തതും സഹിഷ്ണുതയുള്ളതുമാണ് എന്ന നിഗമനത്തിലാണ് സ്‌ട്രെയ്ഞ്ച് എത്തിയത്. ജന്മിമാരുടെ പണം വസൂലാക്കല്‍ ഇരുകൂട്ടരിലും ഒരുപോലെയാണ് എന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടു. എന്നിട്ടും കലാപങ്ങളിലെല്ലാം ഇരകള്‍ ഹിന്ദുക്കളും ഘാതകര്‍ മാപ്പിളമാരും ആണ് എന്ന് രേഖപ്പെടുത്തുകയും ചെയ്തു അദ്ദേഹം.
സാമ്പത്തികവും മതപരവുമായ ഘടകങ്ങളുടെ സംയോജനം ഹിന്ദു കുടിയാന്മാരുടെ ജീവിതത്തില്‍ ഇല്ല, പക്ഷെ മാപ്പിളമാര്‍ക്ക് അതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയിരുന്നത് സ്‌ട്രെയ്ഞ്ച് ഗൗനിച്ചില്ല എന്ന് പണിക്കര്‍ പറയുന്നു. പണിക്കരുടെ ഈ നിരീക്ഷണം അടിസ്ഥാനരഹിതമാണ് എന്നല്ല, വസ്തുതാവിരുദ്ധമാണ് എന്നുതന്നെ പറയേണ്ടി വരും. മതപരം മാത്രമാണ് മാപ്പിളമാരുടെ ലഹള എന്ന നിലപാടാണ് ഏറിയകൂറും ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായിരുന്നത്. ഹിന്ദുജന്മിമാര്‍ ഹിന്ദു കുടിയാന്മാരെ സാമ്പത്തികമായി ചൂഷണം ചെയ്യുമ്പോള്‍ അത് സാമ്പത്തിക ചൂഷണം മാത്രം, മുസ്ലിങ്ങള്‍ മുസ്ലിം കുടിയാന്മാരെ സാമ്പത്തികമായി ചൂഷണം ചെയ്യുമ്പോള്‍ അത് സാമ്പത്തിക ചൂഷണം മാത്രം, മുസ്ലിം ജന്മിമാര്‍ ഹിന്ദു കുടിയാന്മാരെ സാമ്പത്തികമായി ചൂഷണം ചെയ്താല്‍ അതും സാമ്പത്തിക ചൂഷണം, എന്നാല്‍ ഹിന്ദു ജന്മിമാര്‍ മുസ്ലിം കുടിയാന്മാരെ സാമ്പത്തികമായി ചൂഷണം ചെയ്താല്‍ അത് മതപരമാകുന്നു, അത് ജിഹാദിന് കാരണമാകുന്നു ഹിന്ദു ജന്മിമാരെ മാപ്പിളമാര്‍ അരിഞ്ഞുതള്ളുന്നു.
അന്വേഷണക്കമ്മീഷന്‍ മൂന്നു നിയമങ്ങള്‍ ശുപാര്‍ശ ചെയ്തു. 1. മതഭ്രാന്തുകൊണ്ടുണ്ടാകുന്ന കലാപങ്ങള്‍ അമര്‍ച്ച ചെയ്യണം. 2. പള്ളി നിര്‍മ്മാണം നിയന്ത്രിക്കണം. 3. ആയുധം കൈവശം വെയ്ക്കുന്നത് തടയണം.
കലാപകാരികളെ ശിക്ഷിക്കുക, അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുക, കലാപങ്ങള്‍ ആസൂത്രണം ചെയ്തവരെ നാട് കടത്തുക, കലാപത്തോട് അനുഭവം കാട്ടുന്നവരെയും വിവരങ്ങള്‍ ഒളിപ്പിക്കുന്നവരെയും തടവിലാക്കുക, കലാപപ്രദേശത്തു വസിക്കുന്ന മാപ്പിളമാര്‍ക്ക് കൂട്ടപ്പിഴ ചുമത്തുക, മതവികാരം ഉണര്‍ത്തി സംസാരിക്കുന്നവരെ നാടുകടത്തുക, മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ പള്ളി പണിയുന്നത് നിരോധിക്കുക, തോക്കുകളും കത്തികളും കൈവശം വെയ്ക്കുന്നത് നിരോധിക്കുക എന്നിവ ഈ നിയമങ്ങളില്‍ ഉണ്ടായിരുന്നു.
ഇതനുസരിച്ച് 1852 ഫെബ്രുവരി 12-ന് മമ്പുറം പള്ളിയിലെ സയ്യിദ് ഫസല്‍ പൂക്കോയത്തങ്ങളെ നാടുകടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ ഒരു ഇസ്ലാമിക സാമ്രാജ്യം പണിയാന്‍ ശ്രമിക്കുന്നു തങ്ങള്‍ എന്ന് ഭരണകൂടം ഭയപ്പെട്ടിരുന്നു. തങ്ങളെ നാടുകടത്തിയതിനുള്ള പ്രതികാരമായിട്ടാണ് മലബാര്‍ കലകട്ര്‍ കൊണോലിയെ 1855 സപ്തംബറില്‍ മാപ്പിളമാര്‍ വെട്ടിക്കൊന്നത്. അതോടെ മാപ്പിളമാര്‍ക്ക് വന്‍തുകകള്‍ പിഴ ചുമത്താന്‍ തുടങ്ങി സര്‍ക്കാര്‍. തത്ഫലമായി മാപ്പിളമാര്‍ കൂടുതല്‍ ദരിദ്രരായി. ഏതായാലും കലാപങ്ങള്‍ക്ക് തത്കാലം അറുതിയുണ്ടായി. 1864 ല്‍ മേല്മുറിയിലും 1873 ല്‍ കുളത്തൂരിലും 1880 ല്‍ മേലാറ്റൂരിലും ഓരോ കലാപങ്ങളെ ഉണ്ടായുള്ളൂ. കലാപങ്ങള്‍ ഇല്ലാതാകുകയും ദാരിദ്ര്യം നിമിത്തമുള്ള മോഷണവും കവര്‍ച്ചയും വ്യാപകമാവുകയും ചെയ്തു.
മലബാറിലെ കുടിയാന്‍മാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ വ്യക്തമാക്കുന്ന ഒരു പരാതി 1880 ഒക്ടോബറില്‍ ഗവണ്മെന്റിനു ലഭിച്ചു. ഭൂവുടമകളും കുടിയാന്മാരും തമ്മിലുള്ള ബന്ധം വഷളായിരുന്നു, വീണ്ടുമൊരു മാപ്പിളലഹള ഉണ്ടായേക്കും എന്ന് ലോഗന്‍ അഭിപ്രായപ്പെട്ടു.
(തുടരും)