കൃഷി ഒരു ജീവിതോപാധി എന്നതിലുപരി മാനവ സംസ്‌കാരത്തിന്റെ അടിത്തറയാണ്. ജീവിതത്തിന്റെ സമസ്തതല സ്പര്‍ശിയായ കൃഷിയും കാര്‍ഷികമേഖലയും നമ്മുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലയെയാകെ സ്വാധീനിക്കുന്നുണ്ട്. നാടിന്റെ ഉത്സവങ്ങളില്‍ ഈ സ്വാധീനം പ്രതിഫലിക്കുന്നത് കാണാം.
കേരളത്തില്‍ വിളവെടുപ്പുത്സവം എന്ന രീതിയില്‍ ആഘോഷിക്കുന്ന വിഷു നമുക്ക് സുപരിചിതമാണല്ലോ. ഭാരതത്തില്‍ മുഴുവന്‍ സമാനമായ ഉത്സവങ്ങള്‍ കാണാം. ഉദാഹരണം ആസാമിലെ വിഖു. വിഷുവോടനുബന്ധിച്ച് കൃഷിയുമായി ബന്ധപ്പെടുത്തി നിരവധി ആചാരങ്ങള്‍ നിലവിലുണ്ട്. ചാലിടല്‍ കര്‍മ്മം, കൈകോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല തുടങ്ങിയവ ഇത്തരം ചടങ്ങുകളാണ്. ഓണാഘോഷ ചടങ്ങുകളിലും കാര്‍ഷിക പ്രാധാന്യം വിളിച്ചോതുന്ന ചടങ്ങുകള്‍ ഉണ്ട്.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദുഷ്ടനായ കംസനെ നിഗ്രഹിച്ചതിന് പ്രതികാരമായി ജരാസന്ധന്‍ (കംസന്റെ അമ്മാവന്‍) മഥുര നിവാസികളുടെയും അവിടത്തെ കര്‍ഷകരുടെയും ഏക ജലാശ്രയമായ യമുനാനദിയുടെ ജലം മുഴുവനും വറ്റിച്ച അവസരത്തില്‍ കര്‍ഷക ദേവതയായ ശ്രീ ബലരാമന്‍ സ്വന്തം കലപ്പയുടെ തുമ്പ് കൊണ്ട് ആ നദിയെ പുനര്‍ജീവിപ്പിച്ച് കര്‍ഷകരുടെ രക്ഷകനായി എത്തി എന്ന ഐതിഹ്യം ഉണ്ട്. കര്‍ഷകരുടെ ആരാധ്യദേവതയും ആദര്‍ശപുരുഷനുമായ ബലരാമനു മുന്നില്‍ സര്‍വ്വവും സമര്‍പ്പിച്ച് കാര്‍ഷിക സമൃദ്ധിക്കായി പ്രാര്‍ത്ഥിക്കുന്ന കര്‍ഷകന് ഓരോ വര്‍ഷവും ഈ ദിനം പുതിയ ഒരു ഉന്മേഷവും ഉണര്‍വ്വും പ്രദാനം ചെയ്യുന്നു.
ലോകത്ത് അടിസ്ഥാനപരമായി കൃഷി എന്നത് സാധാരണ മനുഷ്യര്‍ തുടങ്ങിയ ഏറ്റവും മനോഹരമായ ജീവിതോപാധി ആണ്. ഏറെ കാലത്തെ നിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ് പാരമ്പര്യ കൃഷി. നിരീക്ഷണങ്ങളില്‍ കൂടിയുള്ള കണ്ടെത്തലിനെയാണ് ലോകം ശാസ്ത്രം എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത്തരം പാരമ്പര്യകൃഷിയെ യഥാര്‍ത്ഥ ശാസ്ത്രമായിത്തന്നെയാണ് കണക്കാക്കേണ്ടത്. ഓരോ പ്രദേശത്തിനും കാലത്തിനും അനുസരിച്ച വിളകള്‍ കണ്ടെത്തല്‍, കൃഷിരീതികള്‍ അനുവര്‍ത്തിക്കല്‍, ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം ഇന്നത്തെ ‘ശാസ്ത്രീയ യുഗം’ ആരംഭിക്കുന്നതിന് എത്രയോ മുന്നേതന്നെ ഭാരതത്തില്‍ നമുക്ക് കാണാം.
ഭാരതീയര്‍ വിത്ത് സംരക്ഷകരായിരുന്നു. ഹരിതവിപ്ലവം തുടങ്ങിയ കാലഘട്ടത്തില്‍ ഭാരതത്തില്‍ ഏകദേശം ഒരുലക്ഷത്തോളം നെല്‍വിത്തിനങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ മാത്രം മൂവായിരത്തില്‍ പരം വിത്തിനങ്ങള്‍ ഉണ്ടായിരുന്നു.
ഭാരതത്തിലെ കാര്‍ഷിക സമൂഹം ഗോക്കളെ കൃഷിയുടെ അടിസ്ഥാന സമ്പത്തായി കണ്ടു. സാമൂഹ്യ സാമ്പത്തിക മാന്യതയുടെ അളവുകോലായി ഗോക്കളുടെ എണ്ണത്തെ കര്‍ഷക സമൂഹം കണക്കാക്കിയിരുന്നു. ഗോദാനം മഹത്തരമായ ദാനമായി തീര്‍ന്നത് ഈ കാഴ്ചപ്പാടില്‍ നിന്നാണ്. കൃഷിയില്‍ക്കൂടി ഗോവും ഗോവില്‍ക്കൂടി കൃഷിയും ഭാരതത്തെ സമ്പന്നമാക്കിയിരുന്നതായി നമ്മുടെ നാടിന്റെ ചരിത്രം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു.
ഗോമൂത്രവും ചാണകവും ജൈവകൃഷിയുടെ സുപ്രധാന ഘടകമാണ്. ഭൂമിദേവിയും ലക്ഷ്മീദേവിയും വിളയാടുന്ന അന്നമയമായ കൃഷിഭൂമിയെ ഗോമാതാവ് അമൃതമയമാക്കുന്നു എന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു. ഭാരതത്തില്‍ പശുവിനെ കാമധേനുവായും അഭീഷ്ടദായിയായും കാര്‍ഷികസമൂഹം കണക്കാക്കുന്നു. പഞ്ചഗവ്യത്തിനും ഗോരസങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു ഇവിടെ. ഇന്ന് ഈ കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതായി കാണാം. ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായിനാട് ഇന്ന് ഓടുകയാണ്. ലോകം ആഗോളവല്‍കൃത സാമ്പത്തിക, കാര്‍ഷിക നയങ്ങളില്‍ക്കൂടി കടന്നുപോവുകയാണിന്ന്. കൃഷിമറ്റെല്ലാ മേഖലയോടുമൊപ്പം സംസ്‌കാരം എന്ന നിലയില്‍ നിന്ന് വെറും വ്യാപാരവും വ്യവഹാരവും ആയിമാറുന്ന ലോക സാഹചര്യത്തില്‍ കാര്‍ഷികശൈലിയുടെ തനിമ നിലനിര്‍ത്താന്‍ വലിയ പ്രയാസമാണ്. ചൂഷകരും ഇടത്തട്ടുകാരും കാര്‍ഷികമേഖലയെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാര്‍ഷികശൈലിയുടെ മാറ്റത്തിന് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന വിത്തിനങ്ങളുടെ പ്രയോഗത്തിന്, വിപണിയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്ക്… എല്ലാമിടയില്‍ ഇത്തരം സ്വാധീനങ്ങള്‍ വന്നുചേരുന്നു. ഈയൊരവസ്ഥയില്‍ കര്‍ഷകന്റെയും കാര്‍ഷിക വ്യവസ്ഥയുടെയും നിലനില്‍പ്പ്, സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമായിമാറുന്നു. കര്‍ഷകന്റെ പ്രാധാന്യം പൊതുസമൂഹം കൂടുതല്‍ ബോധ്യപ്പെടേണ്ടിയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ശാസ്ത്രം സഞ്ചരിക്കുന്നത് എന്ന കാര്യം ലോകം മുഴുവന്‍ – ശാസ്ത്രലോകവും ഭരണകൂടവും തിരിച്ചറിയേണ്ടിയിരിക്കുന്നു.
കാര്‍ഷിക സംസ്‌കൃതിയുടെ മൂല്യസംരക്ഷണത്തിനൊപ്പം കര്‍ഷകന്റെ സാമ്പത്തികമായ ഉയര്‍ച്ച എന്നത് ഭാരതീയ കിസാന്‍ സംഘം മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടാണ്. കര്‍ഷകന്റെ രക്ഷയാണ് നാടിന്റെ രക്ഷയെന്ന ഈ ബോധം നാട്ടുകാരില്‍ ഉണ്ടാക്കിയെടുക്കേണ്ടിരിക്കുന്നു. അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികന്‍ നമുക്ക് ‘ജയ്ജവാന്‍’ എന്ന വികാരം ആവുന്നതുപോലെ ജീവനെ നിലനിര്‍ത്തുന്ന കര്‍ഷകന്‍ ‘ജയ് കിസാന്‍’ എന്നതും നാടിന്റെ വികാരമാവണം.