Thursday, August 18, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാരാന്ത്യ വിചാരങ്ങൾ

ആശാന്‍ യുക്തിവാദിയല്ല

കല്ലറ അജയന്‍

Print Edition: 3 September 2021

”അവക്ഷിപ്തപരവും ആധിപത്യപരവും ആവിര്‍ഭാവപരവുമായ ബലങ്ങള്‍ ആ കാവ്യപഠത്തില്‍ എങ്ങനെ സന്നിഹിതമായിരിക്കുന്നു എന്നും അവ തമ്മിലുള്ള വിനിമയങ്ങള്‍ സീതാകാവ്യത്തെ ജീവിക്കുന്ന വൈരുദ്ധ്യാത്മകതയായി എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നും തിരിച്ചറിഞ്ഞാലാണ് അതെക്കുറിച്ച് അന്തിമവിധി പ്രഖ്യാപിക്കുന്നതിലെ നിരര്‍ത്ഥകത വ്യക്തമാവുക” ആശാന്റെ സീതാകാവ്യത്തെക്കുറിച്ച് സുനില്‍ പി. ഇളയിടം മാതൃഭൂമിയില്‍ (ആഗസ്റ്റ് 22) എഴുതിയിരിക്കുന്ന ലേഖനത്തിന്റെ അവസാനഭാഗത്തുള്ള ഒരു വാക്യമാണ് ഈ കൊടുത്തിരിക്കുന്നത്. ഈ വാക്യത്തെ ഒന്നു നിര്‍ദ്ധാരണം ചെയ്തു നോക്കുക. എന്താണ് അവക്ഷിപ്തപരം? അവക്ഷിപ്ത എന്നാല്‍ അധിക്ഷേപിക്കപ്പെട്ടത് എന്നാണ് യഥാര്‍ത്ഥ അര്‍ത്ഥം. പക്ഷേ ശാസ്ത്രഗ്രന്ഥങ്ങളില്‍ അതിന് ദൂരേയ്ക്ക് എറിയപ്പെട്ടത് എന്ന അര്‍ത്ഥത്തില്‍ നിന്നും രൂപപ്പെടുത്തിയ അവശിഷ്ടം (residue) എന്നൊരു അര്‍ത്ഥമാണ് ഇന്ന് കൂടുതല്‍ പ്രയോഗത്തിലുള്ളത്. അതിനോട് ‘പരം’ എന്ന suffix കൂട്ടിച്ചേര്‍ക്കുമ്പോള്‍ എന്തര്‍ത്ഥമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.

എല്ലാ സാഹിത്യകൃതികളും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയുമൊക്കെ അവക്ഷിപ്തങ്ങളല്ലേ? ഒരു കൃതിയെ അവക്ഷിപ്തമെന്നു പറയുന്നതിനേക്കാള്‍ മാന്യമായുള്ളത് ഉപോല്‍പ്പന്നമെന്നു പറയുന്നതല്ലേ? അവക്ഷിപ്തപരമെന്തിനാണ്? അവക്ഷിപ്തത്തോടുപരം ചേര്‍ത്താല്‍ ഏതെങ്കിലും തരത്തിലുള്ള അര്‍ത്ഥദീപ്തിയോ ആശയദീപ്തിയോ ഉണ്ടാകുന്നില്ല. ലേഖനം മുഴുവന്‍ ഇത്തരം വികല പ്രയോഗങ്ങളാണ്. ഇതിനേക്കാള്‍ തെളിമയുള്ള മലയാളത്തില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കാന്‍ എളുപ്പത്തില്‍ കഴിയുമല്ലോ. പിന്നെന്തിനാണ് ഈ കസര്‍ത്ത്.

ആശാന്റെ മഹത്തായ സീതാകാവ്യത്തെ വൈരുദ്ധ്യങ്ങളുടെ മാര്‍ക്‌സിയന്‍ കുറ്റിയില്‍ കൊണ്ടു കെട്ടാനുളള വികലശ്രമമാണ് സുനിലിന്റെ ലേഖനം. പിന്നെ പതിവു ബ്രാഹ്മണിക് ഹൈറാര്‍ക്കിയെക്കുറിച്ചുള്ള വിലാപങ്ങളും. സീതയും രാമനും തമ്മിലുള്ള കലഹത്തില്‍ പാവം ബ്രാഹ്മണര്‍ എന്തു പിഴച്ചു. അവതാരമെടുത്തു കഴിഞ്ഞ രാമന്‍ പച്ച മനുഷ്യനാണ്, അദ്ദേഹം രാജാവുമാണ്. അദ്ദേഹത്തിന് സീതയിലുള്ള സംശയവും രാജനീതിയിലുള്ള അതിരുകടന്ന കടപ്പാടും ഒക്കെയുണ്ടാക്കുന്ന സംഘര്‍ഷങ്ങളിലാണ് രാമന്‍. അതില്‍ ബ്രാഹ്മണര്‍ക്കോ ബ്രാഹ്മണികമായ മൂല്യവ്യവസ്ഥയ്‌ക്കോ ഒന്നും ഒരു പങ്കുമില്ല. സുനില്‍ സീതാകാവ്യ വിമര്‍ശനത്തിലും ബ്രാഹ്മണരെയാണ് കടന്നാക്രമിക്കുന്നത്. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് ഇപ്പോള്‍ ചിലരുടെ പതിവുപല്ലവിയാണ് ഈ ബ്രാഹ്മണ ഭര്‍ത്സനം.

സീത രാമനെ ഭര്‍ത്സിക്കുന്നത് ആശാന്റെ സ്വന്തം കണ്ടെത്തലല്ല. രഘുവംശത്തിലെ സീത രാമനെ കണക്കറ്റു ചോദ്യം ചെയ്യുന്നുണ്ട്. സംസ്‌കൃതപഠനത്തിന്റെ ഭാഗമായി ആശാന്‍ രഘുവംശം പഠിച്ചിരുന്നുവെന്ന് പലയിടത്തും രേഖപ്പെടുത്തിക്കണ്ടിട്ടുണ്ട്. എഴുത്തച്ഛന്റെ ശകുന്തളയും കാളിദാസന്റെ ശകുന്തളയും ദുഷ്യന്തനെ കടന്നാക്രമിക്കുന്നുണ്ട്.

”ക്ഷീരമാംസാദിഭുജിച്ചീടിലും മമേദ്ധ്യത്തെ
പാരാതെ ഭുജിക്കേണം സാരമേയങ്ങള്‍ക്കെല്ലാം.”

എന്നുവരെ രാജാവിന്റെ മുഖത്തുനോക്കിപ്പറയാന്‍ എഴുത്തച്ഛന്റെ ശകുന്തള തയ്യാറാകുന്നുണ്ട്. ഇവിടെ രാജാവിനെ ‘സാരമേയ’ ത്തോടാണ് ചേര്‍ത്തുവയ്ക്കുന്നതെന്നു കാണുക. കാളിദാസ കൃതികളോട് ആശാന്‍ പുലര്‍ത്തുന്ന വിധേയത്വം ചെറുതല്ല. ആ കാവ്യസംസ്‌കാരത്തില്‍ നിന്നു തന്നെയാണ് ആശാന്‍ സീതയെ സൃഷ്ടിച്ചെടുത്തത്. ചില നിരൂപകര്‍ ‘സീതാനിര്‍വ്വാസന്‍’ എന്ന ബംഗാളി നാടകത്തെ ആശാന്‍ അനുകരിക്കുകയായിരുന്നു എന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം ബംഗാളില്‍ പോയിട്ടുണ്ട് എന്നു കരുതി ആ നാടകം കണ്ടിട്ടുണ്ടാവണമെന്ന് നിര്‍ബന്ധമില്ല. രഘുവംശത്തിന്റെയും ശാകുന്തളത്തിന്റെയും പരിചയം കൊണ്ട് സീതാകാവ്യം പോലുളള ഒന്ന് സൃഷ്ടിച്ചെടുക്കാനാവും. അതിന് ബംഗാളിനാടകം വായിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.

ലേഖനത്തില്‍ മറ്റൊരിടത്ത് ആശാന്‍ ‘ഹൈന്ദവ ഇതിഹാസ പുരാണപാരമ്പര്യത്തിലേക്ക് അപൂര്‍വ്വമായി മാത്രം തിരിഞ്ഞു നോക്കുന്ന’ ഒരാളാണെന്ന് ഇളയിടം പറയുന്നു. ബാലരാമായണവും സ്‌തോത്രകൃതികളും സൗന്ദര്യലഹരി പരിഭാഷയുമെഴുതിയ ആശാനെക്കുറിച്ചാണ് ഈ പറയുന്നതെന്നാലോചിക്കുക. ആശാന്റെ ദുരവസ്ഥാകാവ്യം ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു വ്യതിയാനം ആശാനില്‍ സൃഷ്ടിച്ചെടുക്കാന്‍ സുനിലിനെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്നു വ്യക്തം. അടിമുടി ആദ്ധ്യാത്മികഭാവം കവിതയിലും ജീവിതത്തിലും സൂക്ഷിച്ച മറ്റുള്ളവരാല്‍ ‘ചിന്നസ്വാമി’ എന്നു വിളിക്കപ്പെട്ട ആശാന്‍ ഇളയിടം മാത്രം വിചാരിച്ചാല്‍ ഒരു യുക്തിവാദിയായി മാറുമോ? സീതയെക്കൊണ്ട് ആശാന്‍ നടത്തിക്കുന്ന യുക്തിവിചാരം ആശാന്റെ സ്വന്തമല്ല. അതു തികച്ചും ആത്മീയവാദികളും ഭക്താഗ്രേസരുമായിരുന്ന പലരും മുന്‍പ് നടത്തിച്ചതുതന്നെ. അതില്‍ യുക്തിവാദികള്‍ക്കും ഭാരത സംസ്‌കാരത്തിന്റെ ശത്രുക്കള്‍ക്കും വലിയ സാധ്യതയൊന്നുമില്ല. അടിസ്ഥാനപരമായി അതു വാത്മീകിയുടെ സീതാസങ്കല്പത്തില്‍ തന്നെയാണ് ഉറച്ചു നില്‍ക്കുന്നത്. കവി സഹജമായ കല്പനാ സ്വാതന്ത്ര്യങ്ങള്‍ക്കപ്പുറം രാമനേയോ വാത്മീകിയേയോ ഒന്നും അപവദിക്കാന്‍ ആശാന്‍ ഒരു ശ്രമവും നടത്തുന്നില്ല.

കുറെ കവികള്‍ ഈ ലക്കം മാതൃഭൂമിയില്‍ തങ്ങളുടെ ആത്മനിവേദനങ്ങള്‍ പകരുന്നുണ്ട്. ആദ്യകവിത എം.എസ്.ബിനേഷിന്റെ അലക്കുകാലം ആണ്. അച്ഛനും അമ്മയും ചേര്‍ന്ന് തുണി അലക്കുകയാണ് കവിതയില്‍. അതില്‍ അത്ഭുതമൊന്നുമില്ല രണ്ടുപേരും തുല്യമായി അലക്കെന്ന പ്രക്രിയയില്‍ പങ്കാളികളാകുന്നു.

‘പൊടുന്നനേയതാ അലക്കു കല്ലിന്റെ
മുകളില്‍ പൂക്കുന്നു അഹല്യമാരിവില്‍” എന്നു കവി പറയുമ്പോള്‍ അതില്‍ തീരെ ചെറുതല്ലാത്ത വ്യംഗ്യങ്ങളുണ്ട്; പുതിയ കാലത്തെ സ്ത്രീസ്വാതന്ത്ര്യചര്‍ച്ചകളൊക്കെ ആ വരികളുടെ ഉള്ളില്‍ ഒളിപ്പിച്ചിട്ടുണ്ട്. വാത്മീകിയുടെ അഹല്യ കല്ലൊന്നും ആകുന്നില്ല. പില്‍ക്കാലത്ത് ആരോ ആണ് അഹല്യയെ ശപിച്ചു കല്ലാക്കുന്നത്. പില്‍ക്കാല രാമായണങ്ങളിലെല്ലാം അഹല്യ ശാപത്താല്‍ കല്ലായിത്തീരുന്നു. അഹല്യ കല്ലായോ ഇല്ലയോ എന്നത് പ്രസക്തമായ ചോദ്യമല്ല. അഹല്യയുടെ പരപുരുഷബന്ധം പലവിധ ചോദ്യങ്ങള്‍ക്കും പിന്നീട് കാരണമാകുന്നു. അറിയാതെ സംഭവിച്ച ഒരു തെറ്റിന് ഇത്രയും കടുത്ത ശിക്ഷ വേണമായിരുന്നോ എന്നതാണ് ചര്‍ച്ച. വാത്മീകിയുടെ അഹല്യ ഇന്ദ്രനാണെന്ന് അറിഞ്ഞു തന്നെയാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്. പില്‍ക്കാല രാമായണങ്ങളില്‍ വേഷപ്രച്ഛന്നനായെത്തുന്ന ഇന്ദ്രനെ സ്വഭര്‍ത്താവായ ഗൗതമമുനിയായി തെറ്റിദ്ധരിക്കുന്നു. ഇതില്‍ ഏതഹല്യയെയാണ് എം.എസ്.ബനേഷ് എന്ന കവി കുറ്റവിമുക്തയാക്കുന്നത്. കവി പൂര്‍ണമായി അക്കാര്യമൊന്നും സൂചിപ്പിക്കാത്തതിനാല്‍ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട കാര്യം ഇല്ല. രചയിതാവിന്റെ അര്‍ദ്ധോക്തിയില്‍ സംഗതികളെല്ലാം ഭദ്രം.

വിഷ്ണു പ്രസാദിന്റെ കവിത ‘നല്ല രീതി’ ഒരു വലിയ കഥ പറഞ്ഞു തീര്‍ക്കുന്നു. ‘മുത്തിയമ്മ’ യുടെ കഥ. ഒഎന്‍വിയുടെ ‘മുത്തിയും ചോഴിയും’ മുതല്‍ പലരും മുത്തിയെക്കുറിച്ചു കവിതകളെഴുതുന്നു. പക്ഷെ ഇക്കവികളാരെങ്കിലും മുത്തി അനുഭവിച്ചുതീര്‍ത്ത ജീവിതത്തിന്റെ നേരനുഭവത്തിനു സാക്ഷികളായിരുന്നിട്ടുണ്ടോ, എന്തോ! ഉണ്ടായിരുന്നെങ്കില്‍ കവിതയില്‍ കുറച്ചുകൂടി വൈകാരികതയുണ്ടായേനേ!
കവിതകളെല്ലാം ഗദ്യത്തിലാണ്. കൂട്ടത്തില്‍ നാലപ്പാടന്‍ പത്മനാഭന്‍ മാത്രമേ പദ്യരൂപത്തില്‍ എഴുതുന്നുള്ളൂ. നാലപ്പാടന്‍ (നാലപ്പാട്ടു നാരായണമേനോനല്ല എന്ന് എല്ലാവര്‍ക്കുമറിയാമല്ലോ) കവിതയ്ക്ക് നല്ല സംഗീതാത്മകതയുണ്ട്. ആത്മാര്‍ത്ഥമായ പ്രണയത്തിന്റെ നനവുമുണ്ട്. എങ്കിലും പതിവു പ്രണയം തന്നെ.

‘പണ്ടു നമ്മള്‍ നടന്ന വഴികളില്‍
ഇന്നു ഞാനൊറ്റയാനായ് നടക്കവേ
ഉണ്ടൊരുന്മാദദര്‍ശനം കൂടെ നീ
ഉണ്ടെനിക്കെന്റെ കൈയകലത്തിലായ്’

ഇതുതന്നെയാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ‘മൂന്നാമതൊരാള്‍’ എന്ന കഥയില്‍ പറയുന്നത്. കഥ വായിക്കുമ്പോള്‍ നമുക്കു ശ്വാസം മുട്ടല്‍ തോന്നും. കവിതയ്ക്ക് അതിനേക്കാള്‍ തീവ്രമായ അനുഭവം പകരാന്‍ കഴിയേണ്ടതാണ്. പക്ഷെ അക്കഥ നമ്മുടെ മനസ്സില്‍ കവിതയായി വിടരുന്നു. ഇക്കവിത ഒരിക്കലും നമ്മെ നിരാശപ്പെടുത്തുന്നതല്ല. എന്നാല്‍ കഥ ചെയ്തതുപോലെ വായനക്കാരനെ അസ്വസ്ഥതപ്പെടുത്താനാവുന്നില്ല.
ഭാഷയുടെ ഏറ്റവും സാന്ദ്രമായ പ്രയോഗം കവിതയിലാണുള്ളത് എന്നതിനാല്‍ കഥയെ കടന്നു നില്‍ക്കാന്‍ കവിതയ്ക്കു കഴിയേണ്ടതാണ്. അമ്മുദീപയുടെ ‘ചോന്നുള്ളി’ എന്ന കവിത കവിയുടെ ആത്മനിഷ്ഠാനുഭവങ്ങളുടെ ദുരൂഹാവിഷ്‌കാരങ്ങള്‍ കൊണ്ട് അനുവാചകനെ പടിക്കുപുറത്തുനിര്‍ത്തുന്നു. പലതവണ വായിച്ചുനോക്കിയിട്ടും കവിയുടെ ഉള്ളിലിരുപ്പ് എനിക്കു പിടികിട്ടുന്നില്ല. ദുര്‍ഗ്രഹതയ്ക്കും ഒരു സൗന്ദര്യമുണ്ട്. ചില കഥകളും കവിതകളും ദുര്‍ഗ്രഹങ്ങളാണ്. ആ ദുര്‍ഗ്രഹത അവ്യാഖ്യേയമാകാന്‍ പാടില്ല. ആര്‍ക്കെങ്കിലും വ്യാഖ്യാനിക്കാന്‍ കഴിയണം; കുറഞ്ഞപക്ഷം എഴുതിയ ആളിനെങ്കിലും. കവിതയ്ക്ക് ‘ചോന്നുള്ളി’ എന്നു പേരിട്ടത് എന്തിനെന്നുപോലും പിടികിട്ടുന്നില്ല. ‘ഉന്നം വച്ചുള്ള നിന്റെ ഏറില്‍ ഭൂമി ഞെടുപ്പറ്റു താഴെ വീണു’ എന്നെഴുതുന്നത് വായിക്കുമ്പോള്‍ ഒരു സുഖം തോന്നുന്നുണ്ട്. എന്നാല്‍ ആ വരി എന്തിനാണെഴുതിയത് എന്ന് കവിയ്ക്ക് ഒരു വിശദീകരണം നല്‍കാനാവുമെന്നു തോന്നുന്നില്ല. പണ്ടേതോ ചലച്ചിത്രത്തില്‍ ‘മഞ്ജീരശിഞ്ജിതം’ എന്ന വാക്ക് എന്തിനു പാട്ടില്‍ ഉള്‍പ്പെടുത്തിയെന്നു ചോദിച്ചപ്പോള്‍ ‘നല്ലൊരു വാക്കല്ലേ ഇരിക്കട്ടേന്നു വച്ചു’ എന്നു മറുപടി കൊടുത്ത ഗാനരചയിതാവിനെയാണ് ഓര്‍മ്മ വരുന്നത്.

Share12TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കൂമ്പടഞ്ഞുപോയ മനഃശാസ്ത്ര നിരൂപണം

ഭാഷാപഠനത്തിന്റെ പ്രായോഗികത

വൈരുദ്ധ്യാത്മകത എന്ന പഴഞ്ചന്‍ ചിന്ത

വായനയുടെ വര്‍ത്തമാനം

അനശ്വര പ്രണയ ഗായിക

യാത്ര അനുഭവമാകുമ്പോള്‍

Kesari Shop

  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies