ചതിയുടെ ചരിത്രവഴികളെ നുണകളുടെ കരിമ്പടം കൊണ്ട് മറക്കാന്‍ ശ്രമിച്ചുകൊണ്ട് കമ്മൂണിസ്റ്റുകള്‍ ദേശീയ പതാക ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരം നയിച്ചതാരെന്ന പി.എസ്.സി ചോദ്യത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നതാണ് ശരിയുത്തരം എന്ന നിലയില്‍ ഭാവിയില്‍ നമ്മുടെ കുട്ടികള്‍ പരീക്ഷയെഴുതേണ്ടിവരും.
തങ്ങളാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യസമര സേനാനികളെന്ന് സ്ഥാപിക്കാന്‍ സി.പി.എം, എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിലെ ആസ്ഥാന പാര്‍ട്ടി ചരിത്രകാരന്മാര്‍ക്ക് ചരിത്ര നിര്‍മ്മിതിക്ക് നിര്‍ദ്ദേശം നല്‍കിക്കാണും. എ.കെ.ജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തുന്ന മുഖചിത്രവുമായി ആ കപട ചരിത്രം പുറത്തിറങ്ങിയെന്നും വരാം.
പാര്‍ട്ടി പിറന്നതിന്റെ നൂറാമാണ്ടിലാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചുകളയാമെന്ന് സി.പി.എം തീരുമാനിക്കുന്നത്. ചതിയുടെ ചരിത്രത്തെ വെളുപ്പിച്ചെടുക്കാനുള്ള ക്യാപ്‌സൂളുകളുമായി ആസ്ഥാന പണ്ഡിതര്‍ രംഗത്തിറങ്ങി. പിറവി തന്നെ പിഴച്ചതാണെന്ന പാപബോധം തലയിലുണ്ടെങ്കിലും പിടിച്ചു നില്‍ക്കാന്‍ പാര്‍ട്ടിക്ക് വേറെ വഴികളില്ല. 1934 ലെ ഏഴാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനിലാണ് ഇന്ത്യയില്‍ ഈ വിഷവിത്ത് പാകാനുള്ള തീരുമാനം പിറക്കുന്നത്. ദേശീയ സ്വാതന്ത്ര്യ സമരം നടന്നുകൊണ്ടിരിക്കേ കോണ്‍ഗ്രസ്സില്‍ നുഴഞ്ഞ് കയറി സായുധ വിപ്ലവത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ കഴിയുമെന്ന മണ്ടന്‍ തീരുമാനത്തിന്റെ ദുര്‍ഭഗ സന്തതിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പിഴച്ചുപെറ്റ ജനിതക വൈകല്യം അന്നും ഇന്നും പാര്‍ട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് കരുത്തേകുകയായിരുന്നില്ല മറിച്ച് റഷ്യന്‍ വിപ്ലവ മാതൃകയില്‍ ഇന്ത്യയുടെ അധികാരം പിടിച്ചെടുത്ത് ലോക കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിന്റെ ഭാഗമാവുക എന്നതായിരുന്നു കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് നേതാക്കളുടെ ഗൂഢലക്ഷ്യം. കോണ്‍ഗ്രസ്സില്‍ കയറിക്കൂടി തങ്ങളുടെ രഹസ്യ ലക്ഷ്യം സാധിക്കാന്‍ നടത്തിയ നീക്കങ്ങളുടെ പട്ടിക നിരത്തിയാണ് തങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നുവെന്ന് ലജ്ജയില്ലാതെ ഇന്നിവര്‍ അവകാശപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തിനോട് ചേര്‍ന്നു നില്‍ക്കുകയും എന്നാല്‍ സമരത്തെ അട്ടിമറിക്കുകയും ചെയ്യുക എന്ന രഹസ്യ മാര്‍ഗ്ഗമാണ് ആദ്യം കമ്മ്യൂണിസ്റ്റുകള്‍ നടപ്പാക്കിയത്. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ പുതിയ ചേരിതിരിവുകള്‍ കണ്ട് കണ്ണു തള്ളിപ്പോയ നേതൃത്വം സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തുകൊണ്ട് പരസ്യമായി രംഗത്തിറങ്ങി. ബ്രിട്ടനും സോവിയറ്റ് റഷ്യയും ഒന്നിച്ചതോടെ സാമ്രാജ്യത്വ യുദ്ധം പാര്‍ട്ടി ഭാഷയില്‍ ജനകീയ യുദ്ധമായി മാറി. യുദ്ധവിജയത്തിലൂടെ ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കാമെന്ന മനോഹര സ്വപ്‌നത്തിലായിരുന്നു അന്നത്തെ സഖാക്കള്‍. ചെങ്കോട്ടയില്‍ ചെങ്കൊടി ഉയരുന്ന ദിവാസ്വപ്‌നത്തിന്റെ ലഹരിയില്‍ അവര്‍ മയങ്ങിക്കിടക്കുകയായിരുന്നില്ല. മറിച്ച് ഒളിവിലായിരുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ താവളങ്ങള്‍ ബ്രീട്ടീഷ് പട്ടാളത്തിന് ഒറ്റിക്കൊടുക്കുന്ന തിരക്കിലായിരുന്നു.’ലോകത്തില്‍ മറ്റൊരു പാര്‍ട്ടിയും സാമ്രാജ്യത്വത്തിന് മൂടുതാങ്ങാന്‍ പോയിട്ടില്ല’ എന്നാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായര്‍ പിന്നീട് തന്റെ ആത്മകഥയില്‍ വിലപിക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധ സമരം അധികകാലം തുടരാന്‍ കഴിഞ്ഞില്ല. സോവിയറ്റ്-ജര്‍മ്മന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അതേവരെ സാമ്രാജ്യത്വ വിരുദ്ധമായിരുന്ന രണ്ടാം ലോകമഹായുദ്ധം ജനകീയ യുദ്ധമായി മാറി എന്ന നിഗമനത്തില്‍ എത്തേണ്ടി വന്നു. തന്ത്രങ്ങളും അടവുകളും മാറ്റേണ്ടി വന്നു. സങ്കീര്‍ണ്ണമായിത്തീര്‍ന്നുകൊണ്ടിരുന്ന ഈ പരിതസ്ഥിതി നേരിടാന്‍ വേണ്ട രാഷ്ട്രീയ പക്വത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നേടിയിരുന്നില്ല എന്നാണ് തങ്ങളുടെ ചതിയെ സഖാവ് ഇ.എം.എസ് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
അന്നത്തെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ രേഖകള്‍ ഇന്ന് ചരിത്ര രേഖകളായി ലഭ്യമാണ്. ഹോം സെക്രട്ടറിയ്ക്ക് പാര്‍ട്ടി സെക്രട്ടറി അയച്ച കത്തുകളും ‘ഫോര്‍വേഡ് ടു ഫ്രീഡം’ എന്ന ലഘുലേഖയില്‍ ദുരര്‍ത്ഥങ്ങള്‍ കാണരുതേ എന്ന കരച്ചിലുമൊക്കെ അതിന്റെ ഭാഗമായുണ്ട്. 1942 ജൂലായ് മാസത്തില്‍ സി.പി.ഐ നിരോധനം നീക്കിക്കിട്ടിയത് മുതല്‍ ദേശാഭിമാനി പത്രം തുടങ്ങിയത് വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ വഞ്ചനയുടെ ആഴം മനസ്സിലാകും. രാജ്യത്തെ വിറ്റ് കാശാക്കി, പാര്‍ട്ടി പണിത്, ഭരണം കൈക്കലാക്കാമെന്ന മോഹവലയത്തിലായിരുന്നു പാവം കമ്മ്യൂണിസ്റ്റുകള്‍.’ഇംഗ്ലീഷ്, ഉറുദു, മറാത്തി, ഗുജറാത്തി, തമിഴ്, മലയാളം തുടങ്ങി പ്രവര്‍ത്തകര്‍ ഉള്ളിടത്തെല്ലാം സായിപ്പിന്റെ ചെലവില്‍ സ്വന്തം പ്രസ്സും പത്രവും. ബോംബെയില്‍ ഉഗ്രന്‍ പാര്‍ട്ടി ഓഫീസുയരുന്നു. കോഴിക്കോട്ടും പ്രസിദ്ധീകരണശാല തുടങ്ങുന്നു’ എന്നാണ് ഇതിനെ കുറിച്ച് ‘കെ.വി.പത്രോസ്, കുന്തക്കാരനും ബലിയാടും’ എന്ന ഗ്രന്ഥത്തില്‍ ജി.യദുകുല കുമാര്‍ എഴുതുന്നത്. കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗം വന്നെത്തി എന്ന നിലയില്‍ രാജ്യത്ത് പലയിടത്തും കമ്മ്യൂണുകള്‍ സ്ഥാപിച്ച പാര്‍ട്ടി സ്വയം വിഡ്ഢികളാകാന്‍ തയ്യാറെടുക്കുകയായിരുന്നു. കോഴിക്കോട്ട് ഇന്നത്തെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപമുള്ള വീട്ടിലായിരുന്നു ആദ്യ കമ്മ്യൂണ്‍ ജീവിതം. ഏറെ നീണ്ടു നിന്നില്ല ഈ കമ്മ്യൂണിസ്റ്റ് മധുവിധു കാലം എന്നത് കൊണ്ട് പലരും രക്ഷപ്പെട്ടു!
കേരളത്തില്‍ ക്വിറ്റിന്ത്യാ സമരത്തെ പരാജയപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ സജീവമായി രംഗത്തിറങ്ങി. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലീം ലീഗും ക്വിറ്റിന്ത്യാ സമരവുമായി നിസ്സഹകരിച്ചത് കാരണം മലബാറിലൊരിടത്തും അതൊരു ബഹുജന സമരമായി വളര്‍ന്നിരുന്നില്ല’ എന്നാണ് കോഴിക്കോട് ജില്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം എന്ന സി.പി.എം ഔദ്യോഗിക ചരിത്ര പുസ്തകത്തില്‍ അവകാശപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തെ പിന്നില്‍ നിന്ന് കുത്താന്‍ മുസ്ലീം ലീഗുമായി ചേര്‍ന്ന പാര്‍ട്ടി ഭാരത വിഭജനത്തിനുള്ള താത്വികരേഖ തയ്യാറാക്കി വിഘടനവാദത്തിന് ജാതകം കുറിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ വിദ്യാലയം വിട്ടിറങ്ങണം, അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കണം, കൃഷിക്കാരും തൊഴിലാളികളും പണിമുടക്കണം എന്നിങ്ങനെ കടുത്ത സമരമുറകളായിരുന്നു അന്നത്തെ ക്വിറ്റിന്ത്യാ സമരത്തില്‍ ഉണ്ടായിരുന്നത്. ഗാന്ധിജിയുടെ സമരാഹ്വാനം ഭാരതം ഏറ്റെടുത്തു. സ്വാതന്ത്ര്യത്തിനായുള്ള അന്തിമ സമരത്തിന് അരങ്ങൊരുങ്ങി. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ അന്ന് കൂടുതല്‍ വിളയുല്‍പ്പാദിപ്പിക്കാനും വിശ്രമമില്ലാതെ പണിയെടുക്കാനും വസ്ത്ര നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും തീവ്രയത്‌നം നടത്തുകയായിരുന്നു. അന്നത്തെ പാര്‍ട്ടി രേഖകള്‍ ഇതിന് തെളിവാണ്. കോഴിക്കോട് ജില്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തില്‍ ലജ്ജയില്ലാതെ പാര്‍ട്ടി ആസ്ഥാന ചരിത്രകാരന്മാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
പിറന്ന നാടിനെയും സ്വാതന്ത്ര്യസമര സേനാനികളെയും വഞ്ചിച്ച ചരിത്രത്തില്‍ ചവിട്ടി നിന്നാണ് ഒറ്റു പാരമ്പര്യത്തിന്റെ പാപക്കറയുള്ള കൈകള്‍ കൊണ്ട് പാര്‍ട്ടി നേതാക്കള്‍ ഇത്തവണ ദേശീയപതാക ഉയര്‍ത്തിയത്. ഗാന്ധി എന്താക്കി, ഇന്ത്യയെ മാന്തി പുണ്ണാക്കി, എന്ന് ഗാന്ധിജിയേയും ഞങ്ങടെ നേതാവല്ലീ ചെറ്റ, ജപ്പാന്‍കാരുടെ ചെരുപ്പ് നക്കി എന്ന് നേതാജിസുഭാഷ് ചന്ദ്ര ബോസിനെയും പരിഹസിച്ച നാവുകള്‍ കൊണ്ടാണ് അവരിന്ന് ജനഗണമന ചൊല്ലാന്‍ പരിശ്രമിക്കുന്നത്. വികൃതവും പാപപങ്കിലവുമായ ഈ ചരിത്രം എത്ര മറച്ചുവെക്കാന്‍ ശ്രമിച്ചാലും തങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുമെന്ന് കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചറിയണം.