ദല്‍ഹി: നല്ലതു കണ്ടും നല്ലതു കേട്ടും കുട്ടികള്‍ നന്മയുടെ സാധകരാവണമെന്നും അതിനായി ശ്രീകൃഷ്ണനെ മാതൃകയാക്കണമെന്നും രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം അഭിപ്രായപ്പെട്ടു. ബാലഗോകുലം ദല്‍ഹി എന്‍സിആറിന്റെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളും ആത്മഹത്യാനിരക്കുകളും വൃദ്ധസദനങ്ങളും ഉപഭോഗസംസ്‌കാരത്തിന്റെ സംഭാവനയാണ്. ഇത്തരം വിപത്തുകളില്‍ നിന്നും നാളെയുടെ കരുത്തായ പുത്തന്‍തലമുറയെ നേര്‍വഴിക്കു നയിക്കുക എന്ന ഭാരിച്ച ചുമതലയാണ് ബാലഗോകുലം ഏറ്റെടുത്തിട്ടുള്ളത്. സ്വഭാവശുദ്ധിയുള്ള കുട്ടികള്‍ വീടിനും വീട്ടുകാര്‍ക്കും എന്ന പോലെ നാടിനും നാട്ടുകാര്‍ക്കും ശ്രേയസ്‌കരമാണ്. ഗോകുല പ്രവര്‍ത്തനങ്ങളില്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അമൂല്യങ്ങളായ സംഭാവനകള്‍ നല്‍കുവാനുണ്ടെന്നും അതിലൂടെ ഒരു നല്ല തലമുറയെ വളര്‍ത്തിയെടുക്കുന്നതിനായി അവര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ബാലഗോകുലം ദല്‍ഹി സംസ്ഥാന അദ്ധ്യക്ഷനായി പി.കെ.സുരേഷിനെയും ജനറല്‍ സെക്രട്ടറിയായി ഇന്ദുശേഖറിനെയും തിരഞ്ഞെടുത്തു. ദല്‍ഹി എന്‍.സി.ആര്‍. സംസ്ഥാന വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എന്‍. വേണുഗോപാല്‍ (മാര്‍ഗദര്‍ശി), ബാബു പണിക്കര്‍ (രക്ഷാധികാരി), കെ.വി. രാമചന്ദ്രന്‍, വരത്ര ശ്രീകുമാര്‍ (സഹരക്ഷാധികാരിമാര്‍), പി.കെ.സുരേഷ് (അധ്യക്ഷന്‍), എം. ആര്‍. വിജയന്‍, കെ.പി. ബാലചന്ദ്രന്‍, സുനിത സതീശന്‍ (ഉപാധ്യക്ഷന്മാര്‍), ബിനോയ് കെ.ശ്രീധരന്‍ (സംഘടനാ കാര്യദര്‍ശി), സുഭാഷ് ഭാസ്‌കര്‍, വി.ജെ. ഉണ്ണികൃഷ്ണന്‍, വിജയകുമാര്‍ (കാര്യദര്‍ശിമാര്‍), സുരേഷ് പ്രഭാകര്‍ (ഖജാന്‍ജി), മോഹന്‍കുമാര്‍ (സഹ ഖജാന്‍ജി), ബിജി മനോജ് (ഭഗിനി പ്രമുഖ്), അമ്പിളി സതീഷ് (സഹഭഗിനി പ്രമുഖ്) പി.വി. ഹരികുമാര്‍ (ഇന്റേണല്‍ ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഓണ്‍ലൈനായി നടന്ന പരിപാടി ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.