രാമനാമമമരാക്ഷരം സുകൃത
ശാരികേ മധുരമാലപിക്ക നീ
മൂകദുഃഖദുരിതാന്ധ വീഥിയില്‍
കാലനും കലിയുമുന്‍മദിക്കവേ
വാഴ്‌വനാഥഗതിയറ്റുതേങ്ങവേ
ഭീതിജന്യ ജനതയ്ക്കു വേണ്ടിയാ
നീതി ധര്‍മ്മദ്യുതിമാന്‍ മഹാരഥന്‍
ദേവപൂജ്യനജന വ്യയാശയന്‍
രാമനെന്നമരലോകപാലക
നാമമീയുലകുണര്‍ന്നു കേള്‍ക്കണം
ശാരികേ മധുരവാണിയാലമൃത
ഗാഥയെങ്ങുമുയരട്ടെയെപ്പഴും
ജീവനര്‍ത്ഥസുഖശാന്തി സങ്കട
ത്തീയണയ്ക്കുമൊരു ശീതസാന്ത്വനം
ജീവിതാന്തമഴലില്‍ കഴിഞ്ഞു ദുഷ്-
കാമനയ്ക്കു നടുവില്‍ പുളഞ്ഞവര്‍
രാക്ഷസത്വമൊരു രാവണപ്രണയ
നാട്യമായുലകടക്കിവാഴവേ
രാമ രാമ ഹരിനാമകീര്‍ത്തനം
സ്‌നേഹധാര കരളില്‍ നിറച്ചിടും
പാടുക പ്രണവശാരികേ ചിതല്‍
പുറ്റിലും പുതിയ കാവ്യസൗരഭം –
തീര്‍ത്ത തീര്‍ത്ഥകഥ രാമനാമ സുധ
ഓര്‍ത്തെടുത്തു ശ്രുതിസാന്ദ്രമങ്ങനെ!
പെറ്റു പോറ്റുമൊരു ജന്മനാടിനെ
ഒറ്റിടുന്ന നവരാക്ഷസത്വമേ
കേള്‍ക്ക രാമകഥ നീയുമെങ്കിലോ
മോക്ഷമുക്തമൃദുഭാവമാര്‍ന്നിടും!
രാമ രാമ ജയ രാമകീര്‍ത്തനം
ശാരികേ കരളിലാലപിയ്ക്ക നീ!