കഴിഞ്ഞ ആഗസ്റ്റ് 6ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 370-ാം വകുപ്പ് റദ്ദാക്കിയെന്നും കാശ്മീര്‍ പൂര്‍ണ്ണമായും ഭാരതത്തിന്റെ ഇതര ഭാഗങ്ങളോടു ചേര്‍ന്നു കഴിഞ്ഞുവെന്നും പ്രഖ്യാപിച്ചപ്പോള്‍ അറിഞ്ഞോ അറിയാതെയോ അദ്ദേഹം 56 വര്‍ഷങ്ങള്‍ക്കു മുമ്പ് 1963 ഡിസംബര്‍ 27ന് ലോകസഭയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ അതേ വാക്കുകല്‍ ആവര്‍ത്തിക്കുകയായിരുന്നു. നെഹ്‌റു ചെയ്യാനാഗ്രഹിച്ചതും അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാതിരുന്നതുമായ ആ കാര്യത്തിന്റെ അവലോകനം ഇപ്പോള്‍ സന്ദര്‍ഭോചിതമാണ്.
കുപ്രസിദ്ധമായ ഈ വകുപ്പ് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് പണ്ഡിറ്റ് നെഹ്‌റു ആവേശപൂര്‍വ്വം പ്രഖ്യാപിച്ചത് ”370-ാം വകുപ്പ് അപ്രസക്തമാണെന്നും കാശ്മീര്‍ പൂര്‍ണ്ണമായും ലയിച്ചു കഴിഞ്ഞതാണെന്നും” ആണ്. നെഹ്‌റുവിന്റെ സഹപ്രവര്‍ത്തകനും അന്നത്തെ ആഭ്യന്തരമന്ത്രിയുമായ ഗുല്‍സാരിലാല്‍ നന്ദ അല്പം കൂടി മുന്നോട്ടുപോയി ഇങ്ങനെ പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. ”370-ാം വകുപ്പ് ഉള്ളുപൊള്ളയായ ഒരു തൊണ്ടാണ്. അതിനകത്ത് യാതൊന്നുമില്ല. ഒരു ദിവസം കൊണ്ടോ, പത്തു ദിവസം കൊണ്ടോ, പത്തു മാസം കൊണ്ടോ നമുക്ക് അത് എടുത്തുകളയാം. എപ്പോള്‍ എന്നത് നമ്മെ ആശ്രയിച്ചിരിക്കുന്നു.” നെഹ്‌റുവിന്റെ അവസാന കാലത്ത് എടുത്ത, 370-ാം വകുപ്പ് താല്‍ക്കാലികമാണെന്നും ഉടനെ എടുത്തുകളയാന്‍ കഴിയുന്നതാണെന്നുമുള്ള കോണ്‍ഗ്രസ്സിന്റെ അവസാനത്തെ പ്രഖ്യാപിത നിലപാടായിരുന്നു അത്.
കാശ്മീരിന്റെയും തിബത്തിന്റെയും ചൈനയുടെയും വിഷയത്തില്‍ പരിഹാസ്യമാംവിധം പട്ടേലിനെ മറികടന്ന ഉദാരവാദിയായ നെഹ്‌റു എന്തുകൊണ്ടാണ് ഒരു ദശകത്തിനുശേഷം ദേശീയതയിലേക്കു മടങ്ങിയത്? ചൈനയില്‍ നിന്നുണ്ടായ അപമാനകരമായ പരാജയം നെഹ്‌റുവിന്റെ രാഷ്ട്രീയ നയത്തെ മാറ്റിമറിച്ചു. ഇതിന്റെ ഏറ്റവും വലിയ, സംസാരിക്കുന്ന തെളിവാണ് സ്ഥിരം ദേശീയ ശത്രുവായി അദ്ദേഹം കണക്കാക്കിയിരുന്ന ആര്‍.എസ്.എസ്സിനെ 1963-ലെ റിപ്പബ്ലിക്ക് ദിനപരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച സംഭവം. 1948ല്‍ ആര്‍.എസ്.എസ്സിനെ നിരോധിക്കുകയും ഭാരതത്തില്‍ ഭഗവധ്വജം ഉയര്‍ത്താന്‍ ‘ഒരിഞ്ച് സ്ഥലം’ പോലും അനുവദിക്കല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നെഹ്‌റുവാണ് ഇങ്ങനെ നിലപാടു മാറ്റിയത്. ഒന്നാമത് ഉദാരവാദിയും രണ്ടാമത് ദേശീയവാദിയുമായിരുന്ന നെഹ്‌റുവിനെ ഒന്നാമത് ദേശീയവാദിയും രണ്ടാമത് ഉദാരവാദിയുമാക്കി മാറ്റിയത് 1962ലെ ചൈനാ യുദ്ധമാണ്. ആരോഗ്യം ക്ഷയിച്ച് 1963ല്‍ ആദ്യത്തേതും 1964 ജനുവരിയില്‍ രണ്ടാമത്തേതും 1964 മെയില്‍ അവസാനത്തേതുമായ ഹൃദയസ്തംഭനം ഉണ്ടായതിനാല്‍ തന്റെ നിലപാടുമാറ്റം പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നെഹ്‌റുവിനു കഴിഞ്ഞില്ല. തന്റെ തെറ്റുകളെ തിരുത്താനുള്ള അവസരം വിധി നെഹ്‌റുവിനു നല്‍കിയില്ല. തത്ഫലമായി എന്താണോ നെഹ്‌റു ചെയ്യാന്‍ ആഗ്രഹിച്ചത്, ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കുമെന്ന് അദ്ദേഹത്തിന്റെ ആഭ്യന്തരമന്ത്രി പറഞ്ഞത് ഇക്കാര്യം കോണ്‍ഗ്രസ് ദശാബ്ദങ്ങളോളം ചെയ്തില്ല. നെഹ്‌റുവിന്റെ പൂര്‍ത്തിയാക്കാത്ത അജണ്ട ആറു ദശകങ്ങളില്‍ കൂടുതലായി അങ്ങനെതന്നെ കിടന്നു.
നെഹ്‌റുവും നന്ദയും രാഷ്ട്രത്തോടു പ്രഖ്യാപിച്ച കാര്യം എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നടപ്പാക്കാതിരുന്നത്? നെഹ്‌റു ആഗ്രഹിച്ച കാര്യം ചെയ്തില്ലെന്നു മാത്രമല്ല 370-ാം വകുപ്പിനെ കാശ്മീരിയത്തിന്റെയും ഉദാരവാദത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറല്‍ വാദത്തിന്റെയും പ്രതീകമായി ആഘോഷിക്കുകയാണ് നെഹ്‌റുവിനു ശേഷമുള്ള കോണ്‍ഗ്രസ് ചെയ്തത്. ദേശീയതലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സിന്റെ അകല്‍ച്ചയ്ക്കുള്ള കാരണം 1970കളില്‍ അതിന്റെ മനസ്സിനെ ഇടതുപക്ഷം കീഴടക്കിയതാണ്.
ഭാരതവിരുദ്ധതയുടെ കാര്യത്തില്‍ ഒരു നീണ്ട ചരിത്രം തന്നെ ഇടതുപക്ഷത്തിന് (പിളരാത്ത സിപിഐയ്ക്ക്) ഉണ്ട്. രണ്ട് കാരണത്താല്‍ അത് വിഭജനത്തെ അനുകൂലിച്ചു – ഒന്ന് ഹിന്ദുക്കള്‍ മുസ്ലീങ്ങളെ അടിച്ചമര്‍ത്തുമെന്ന് പറഞ്ഞ്. രണ്ട് മതേതരനായ ജിന്നയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് പുരോഗമനപരമാകുമെന്ന് പ്രതീക്ഷിച്ച്! നിയമമന്ത്രിയായിരുന്ന മോഹന്‍ കുമരമംഗലം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ ഭരണഘടനയെ അകത്തുനിന്നും നൂറുള്‍ ഹസ്സന്‍ ജെ.എന്‍.യുവിന്റെ സ്ഥാപനത്തിലൂടെ രാഷ്ട്രത്തെ അതിന്റെ അകത്തുനിന്നും തകര്‍ക്കാന്‍ ശ്രമിച്ചു. രാജ്യം തന്നെ റഷ്യയുടെ ഉരുക്കുമുഷ്ടിയിലമര്‍ന്ന ഇക്കാലത്ത് ഇടതുപക്ഷം ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നു. ദേശീയ കോണ്‍ഗ്രസ് മതേതര കോണ്‍ഗ്രസ്സായി മാറിയ കാലമായിരുന്നു അത്. 1971ലെ യുദ്ധത്തില്‍ വിജയിക്കുകയും സിംല കരാറിലൂടെ കാശ്മീര്‍ പ്രശ്‌നത്തെ ഒരു ഉഭയകക്ഷി വിഷയമാക്കുകയും ചെയ്തതോടെ ഇനി പാകിസ്ഥാന്‍ കാശ്മീര്‍ പ്രശ്‌നം ഉന്നയിക്കുകയില്ലെന്ന് ഇന്ദിരാഗാന്ധി പ്രതീക്ഷിച്ചു.
അതിരുകടന്ന ആത്മവിശ്വാസമുണ്ടായിരുന്ന അവര്‍ 1974ല്‍ ഷേക്ക് അബ്ദുള്ളയുമായി ഒരു ധാരണയിലെത്തുകയും പണ്ഡിറ്റ് നെഹ്‌റു ഇല്ലാതാക്കാന്‍ നോക്കിയ 370-ാം വകുപ്പിനെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു. ക്രമേണ ഈ വകുപ്പിന് ഒരു വിശുദ്ധ പദവി കൈവരികയും ഭാരതത്തിനും കാശ്മീരിനും ഇടയിലുള്ള ഒരേയൊരു പാലമായി ഇത് കരുതപ്പെടാന്‍ തുടങ്ങുകയും ചെയ്തു.
1971ലെ യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെട്ട പാകിസ്ഥാന്റെ സൈനിക മേധാവി ജനറല്‍ സിയാ തന്ത്രപരമായി യുവാക്കളെ ആയുധമണിയിച്ച് ജിഹാദികളാക്കുകയും കാശ്മീരിനുനേരെ ഒരു ചെലവു കുറഞ്ഞ യുദ്ധം ആരംഭിക്കുകയും ചെയ്തു. ഈ കുടിലതന്ത്രവും 370-ാം വകുപ്പിനെ മതേതരത്വവുമായി ബന്ധിപ്പിക്കുന്ന ഭാരതത്തിന്റെ കഴിവുകെട്ട മതേതരസംവിധാനവും ചേര്‍ന്ന് 1980കളുടെ അവസാനം താഴ്‌വരയെ ഏതാണ്ട് പൂര്‍ണ്ണമായും ഭീകരര്‍ക്കടിമപ്പെടുത്തി. തത്ഫലമായി അഞ്ചുലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി തീരേണ്ടിവന്നു.
കാശ്മീരിലെ രൂക്ഷമായ പ്രശ്‌നങ്ങള്‍ ഭാഗികമായെങ്കിലും പരിഹരിക്കുന്നതിന് നരസിംഹറാവു സര്‍ക്കാരും അന്നത്തെ ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ ജഗ്‌മോഹനും കഠിനമായ പരിശ്രമങ്ങള്‍ നടത്തി. പക്ഷെ ഭാരതത്തിലെ മതേതര സംവിധാനം ഭീകരതയെ നേരിടുന്നതിനുള്ള അതിന്റെ നിസ്സഹായാവസ്ഥ ഒളിപ്പിച്ചുവെച്ചുകൊണ്ട് കാശ്മീരിനെ ഭാരതവുമായി ചേര്‍ത്തുനിര്‍ത്തുന്നതിനുള്ള ഒരേയൊരു പ്രതീക്ഷയായി 370-ാം വകുപ്പിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്തത്. കാശ്മീരിലെ മുഖ്യധാരാ കുടുംബ കക്ഷികള്‍ ഈ വകുപ്പിനെ അവരുടെ കൊള്ളയെ സുരക്ഷിതമാക്കുന്നതിനുള്ള ഇടമായി കണ്ടു. ദുര്‍ബ്ബലമായ ഭാരതത്തിന്റെ സംസ്ഥാനത്തെ നോക്കി ഹുറിയത്ത് ചിരിക്കുകയും ഭാരതത്തെ ആവര്‍ത്തിച്ച് കബളിപ്പിക്കുകയും ചെയ്തു. ഇത് പാകിസ്ഥാന് അതിന്റെ ഭീകരപ്രവര്‍ത്തനയന്ത്രത്തെ ഭാരതമണ്ണിലേക്ക് പറിച്ചുനടാനുള്ള ശക്തി നല്‍കി. അതേസമയം ദുര്‍ബ്ബലമായ ഭാരതഭരണകൂടം ഇതിനെ നിശ്ശബ്ദമായി സഹിക്കുന്നതിനാണ് തയ്യാറായത്. 2008ല്‍ പാകിസ്ഥാന്‍ ഭീകരര്‍ മൂന്നു ദിവസത്തേക്ക് മുംബൈയെ വിറപ്പിക്കുകയും നിരവധി പേരെ കൊല്ലുകയും അവരുടെ ക്രൂരതകള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തപ്പോള്‍ അത് ഭാരതത്തിന് പാക്കധീന കാശ്മീരിലേക്ക് കടന്നുകയറാനുള്ള സുവര്‍ണ്ണാവസരമായിരുന്നു. അതിനുപകരം ഏതാനും പേരുടെ നടപടിയില്‍ പ്രകോപതിരാകരുതെന്ന് ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ്സും ഇടതുപക്ഷവും മറ്റ് ഉദാരവാദികളും മെഴുകുതിരി കത്തിച്ച് ശാന്തിയാത്ര നടത്തുകയായിരുന്നു.
പാകിസ്ഥാന്‍ ആയുധമണിയിച്ച് ശക്തനാക്കിയ ഭീകര ‘ഭസ്മാസുരന്‍’ അധികം വൈകാതെ സ്രഷ്ടാവിനെതിരെ തിരിയാന്‍ തുടങ്ങി. ആ സമയത്ത് ഭാരതം പാകിസ്ഥാനെ ഭീകരതയുടെ സ്രഷ്ടാവായി വിശേഷിപ്പിക്കുന്നതിനു പകരം ഭാരതത്തെപ്പോലെ ഭീകരതയുടെ ഫലം അനുഭവിക്കുന്ന ഒരു രാജ്യമായി വിശേഷിപ്പിച്ച് അമിത സഹതാപം കാട്ടുകയായിരുന്നു. പാകിസ്ഥാനിലെ സുരക്ഷിത താവളത്തില്‍ ചെന്ന് സിഐഎയുടെ നേതൃത്വത്തില്‍ അമേരിക്ക ബിന്‍ലാദനെ വധിച്ച ദൃശ്യം ടെലിവിഷനില്‍ കണ്ട ലോകജനത നമ്മുടെ പക്വതയില്ലായ്മയെ പരിഹസിക്കുകയായിരുന്നു. എന്നിട്ടും ഭീകരതയുടെ മൊത്തവ്യാപാരിയായ പാകിസ്ഥാനുമായി സമാധാനചര്‍ച്ച നടത്താനാണ് ഭാരതം തയ്യാറായത്.
ഇടത് – കോണ്‍ഗ്രസ് കക്ഷികള്‍ മനുഷ്യാവകാശത്തിന്റെ ചെലവില്‍ ഭാരതത്തിന്റെ സൈനികശേഷിയെ ദുര്‍ബ്ബലപ്പെടുത്തുകയും മുറിവുണക്കാനുള്ള മുദ്രാവാക്യങ്ങള്‍ മുഴുക്കുകയും ഭീകരവാദികളും വഞ്ചകരുമായ ഹുറിയത്തിനോടും മറ്റും സമാധാന ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ജമ്മുകാശ്മീരിന്റെ രക്ഷാകര്‍തൃത്വത്തില്‍ വിഘടനവാദികളും ഭീകരരും കാശ്മീരിലെ രാഷ്ട്രീയ ഭരണ സംവിധാനത്തെ നിയന്ത്രിച്ചു. ഒരു ദേശീയ കക്ഷി എന്ന നിലയില്‍ നിന്ന് കോണ്‍ഗ്രസ് ക്രമേണ ഇടതുപക്ഷത്തിന്റെയും മറ്റ് ഉദാരവാദികളുടെയും ബി-ടീമായി മാറുകയും അതിനുണ്ടായിരുന്ന ദേശീയ സ്ഥാനം ബിജെപിയ്ക്കു കടന്നുവരാന്‍ കഴിയുന്ന വിധത്തില്‍ ഒഴിച്ചിടുകയും ചെയ്തു.
ബിജെപിയെ സംബന്ധിച്ചിടത്തോളം 370-ാം വകുപ്പ് റദ്ദാക്കല്‍ പെട്ടെന്നെടുത്ത തീരുമാനമോ വേണ്ടത്ര ആസൂത്രണം നടത്താതെ നടപ്പിലാക്കിയ പദ്ധതിയോ ആയിരുന്നില്ല. കാശ്മീരിനെ കയ്യിലെടുക്കാനുള്ള ബിജെപിയുടെ ശ്രമം 2015-ല്‍, ബിജെപിയെ നിത്യശത്രുവായി കാണുന്ന, അധികാരം കൊതിക്കുന്ന പി.ഡി.പിയുമായി ചേര്‍ന്ന് ഭരണം പങ്കിടാന്‍ തീരുമാനിച്ചതോടെ ആരംഭിച്ചതാണ്. ഒരേസമയം കേന്ദ്രത്തിലും കാശ്മീരിലും അധികാരത്തിലുണ്ടായിരുന്ന ബിജെപിയ്ക്ക് ഭീകരവാദികളുടെ നടുവൊടിക്കാന്‍ കഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 വരെയുള്ള നാലുവര്‍ഷങ്ങളിലെ ആകെ കല്ലെറിയല്‍ സംഭവങ്ങള്‍ 3415 ആയിരുന്നു. 2017ല്‍ ഇത് വെറും 51 ഉം 2018 ല്‍ 15ഉം ആയി കുറഞ്ഞു. ഭീകരരെ ഇല്ലാതാക്കുന്ന സംഭവങ്ങള്‍ 44% വര്‍ദ്ധിച്ചപ്പോള്‍ അവരാല്‍ കൊല്ലപ്പെടുന്നത് 62.5%വും പരിക്കുപറ്റുന്നത് 94% ആയി കുറയുകയുമാണ് ചെയ്തത്. സാഹചര്യം മെച്ചപ്പെടാന്‍ തുടങ്ങിയപ്പോള്‍ ബി.ജെ.പി. മെഹബൂബ ഭരണത്തില്‍ നിന്ന് പിന്‍വാങ്ങുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. അതിന്റെ അര്‍ത്ഥം സ്വന്തം ഭരണമെന്നായിരുന്നു. അത് പക്ഷെ ദില്ലിയില്‍ നിന്നായിരുന്നു എന്നു മാത്രം. കാശ്മീരില്‍ മുമ്പു നടക്കാത്തവിധത്തില്‍ വ്യാപകമായ റെയ്ഡുകള്‍ നടത്തി ഭീകരരെയും വിഘടനവാദികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. ഇത് അവരുടെ അടിത്തറ ഇളക്കി.
മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ബഹിഷ്‌ക്കരിക്കുകയും ഹുറിയത്തും ഭീകരരും ഭീഷണി മുഴക്കുകയും ചെയ്ത 2018ലെ പഞ്ചായത്ത്, മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്റെ ഫലം ദൂരവ്യാപകമായിരുന്നു. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ 58% പേര്‍ വോട്ടു ചെയ്തപ്പോള്‍ പഞ്ചായത്തുകളില്‍ 80% പേരാണ് വോട്ടു ചെയ്തത്. കാശ്മീരിലെ മുന്‍സിപ്പാലിറ്റികളില്‍ ബി.ജെ.പി 100ഉം കോണ്‍ഗ്രസ് 178ഉം സീറ്റ് നേടി. ജമ്മുവിലാകട്ടെ ബി.ജെ.പിയ്ക്ക് 43ഉം കോണ്‍ഗ്രസ്സിന് 18ഉം സീറ്റാണ് ലഭിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിജയം രണ്ട് പ്രാദേശിക കുടുംബങ്ങളുടെ – പിഡിപിയുടെയും എന്‍സിയുടെയും – നിഷ്‌ക്കാസനത്തിലേക്കാണ് നയിച്ചത്. കാശ്മീരിനെ മനസ്സിലാക്കാന്‍ പൂര്‍ണ്ണമായ അഞ്ചുവര്‍ഷങ്ങള്‍ ലഭിച്ച ബിജെപിയ്ക്ക് ഈ വിഷയത്തിലുള്ള അതിന്റെ ഗൃഹപാഠം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണസംവിധാനവുമായി നേരിട്ടു ബന്ധപ്പെടാനും അവര്‍ക്ക് ഇടനിലക്കാരില്ലാതെ തന്നെ പണം അയച്ചുകൊടുക്കാനും കേന്ദ്രത്തിനു കഴിഞ്ഞു. ദൂരെയുള്ള ദില്ലിക്ക് മുമ്പ് ഒരിക്കലും സാധിക്കാതിരുന്നവിധത്തില്‍ കാശ്മീര്‍ പിരമിഡിന്റെ ഏറ്റവും താഴെ തട്ടുമായി സഹവര്‍ത്തിത്വത്തിലാകാന്‍ കഴിഞ്ഞത് വലിയ വിജയമായി. അതേസമയം ആഗോളസാഹചര്യം നമുക്കനുകൂലമാകാന്‍ വേണ്ട നടപടികളും കേന്ദ്രം കൈക്കൊണ്ടു.
ഭാരതത്തിന്റെ ശബ്ദം ലോകവേദികളില്‍ ശക്തമായും വ്യക്തമായും മുഴങ്ങി. പാകിസ്ഥാന്‍ ഒറ്റപ്പെട്ടു. പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി ബാലാക്കോട്ടില്‍ ഭാരതം നടത്തിയ മിന്നലാക്രമണത്തെ സ്വന്തം ഭൂപ്രദേശത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള ഭാരതത്തിന്റെ തികച്ചും അര്‍ഹമായ നടപടിയായി ലോകം അംഗീകരിച്ചു. മോദി അധികാരത്തില്‍ വരും മുമ്പുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് ഇങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
കാശ്മീരിലെയോ പാകിസ്ഥാനിലെയോ ഭീകരതയെ കുറിച്ചു മാത്രമല്ല, പാകിസ്ഥാന്റെ തിന്മ ചെയ്യാനുള്ള കഴിവിനെ കുറിച്ചുമുള്ള ലോകത്തിന്റെ ധാരണയാണ് മോദി സര്‍ക്കാര്‍ മാറ്റിമറിച്ചത്. ആഗോള സാഹചര്യത്തെ അനുകൂലമാക്കാനും 370-ാം വകുപ്പ് റദ്ദാക്കുന്നതിനു വളരെ മുമ്പുതന്നെ അമേരിക്കയെ പോലും കൈകാര്യം ചെയ്യാനും കഴിഞ്ഞത് ഇതുകൊണ്ടാണ്. ഇതിനുവേണ്ട ഗൃഹപാഠം പ്രാദേശികതലം മുതല്‍ ആഗോളതലം വരെ ചെയ്തിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ശക്തമായ ഈ ഗൃഹപാഠവും പ്രതിപക്ഷത്തെ ഛിന്നഭിന്നമാക്കി വന്‍ ബഹുജന പിന്തുണ നേടിയ 2019ലെ തിരഞ്ഞെടുപ്പും മോദിക്കും ഷായ്ക്കും 370-ാം വകുപ്പ് റദ്ദ് ചെയ്യുന്നതിനുള്ള ഏറ്റവും ഉചിതമായ സന്ദര്‍ഭം നല്‍കി. ഇതിലൂടെ ഭാരതീയ ജനതാപാര്‍ട്ടിയും അതിന്റെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘവും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പിലാക്കുക മാത്രമല്ല മോദി സര്‍ക്കാര്‍ ചെയ്തത്. അതില്‍ കൂടുതലായി പണ്ഡിറ്റ് നെഹ്‌റുവും കോണ്‍ഗ്രസ്സും ചെയ്യാനാഗ്രഹിച്ചതും അവര്‍ക്കു ചെയ്യാന്‍ കഴിയാതിരുന്നതും അഥവാ അവര്‍ ചെയ്യാതിരുന്നതുമായ ഒരു കാര്യം കൂടിയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
(കടപ്പാട്: ദി ന്യൂ ഇന്ത്യന്‍
എക്‌സ്പ്രസ്സ്)
വിവ: സി.എം. രാമചന്ദ്രന്‍