ഭാരതത്തിലെ ഹിന്ദു മുസ്ലിം ഐക്യത്തിന്റെ സത്യാവസ്ഥ എന്ത് എന്ന അന്വേഷണത്തിനിടയിലാണ് ഡോ.ഭീമറാവു റാംജി അംബേദ്കര്‍ 1921ലെ മലബാര്‍ കലാപം എന്നറിയപ്പെടുന്ന മാപ്പിള ലഹളയെ പരാമര്‍ശിക്കുന്നത്. ആയിരത്തിലേറെ വര്‍ഷങ്ങളായി ഭാരതത്തില്‍ ഹിന്ദു-മുസ്ലിം വൈര്യവും കലാപങ്ങളും സംഭവിക്കുന്നുണ്ടെങ്കിലും 1920 മുതല്‍ 1940 വരെയുള്ള ഹിന്ദു-മുസ്ലിം ബന്ധത്തിന്റെ ചിത്രം വരച്ചിടാനാണ് അംബേദ്കര്‍ ശ്രമിച്ചത്. ”ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ നടന്ന 20 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന്റെ ചരിത്രമാണിത്” എന്ന് അദ്ദേഹം വിലയിരുത്തുന്നു.
”ഒരുപക്ഷെ ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്കെതിരായും മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരായും അവ നടത്തിവന്നു. ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് എതിരായി നടത്തിയതിലധികം, മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് എതിരായി നടത്തിയവയാണ്. കൊള്ളിവയ്പുകള്‍ നടത്തുകയും മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ വീടുകള്‍ക്ക് തീവയ്ക്കുകയും അതില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഹിന്ദുക്കളുടെ കുടുംബങ്ങള്‍ ഒന്നാകെ ജീവനോടെ ചുട്ടെരിക്കപ്പെടുകയും മുസ്ലിങ്ങള്‍ കാഴ്ചക്കാരായി അത് നോക്കിനിന്ന് സംതൃപ്തിയടയുകയും ചെയ്തു. നിര്‍വികാരമായും മനപ്പൂര്‍വ്വമായും നടത്തിവന്ന ഈ കൊടുംക്രൂരതകള്‍ അപലപിക്കേണ്ട അതിക്രമങ്ങളായി കരുതപ്പെടേണ്ടതിനുപകരം നീതിയുക്തമായ യുദ്ധ നടപടികളാണ് അവയെന്നും അവയുടെ പേരില്‍ ക്ഷമാപണം ചെയ്യേണ്ടതില്ലെന്നുമാണ് കരുതപ്പെട്ടത് – അതാണ് അത്ഭുതകരം.” (ഡോ. അംബേദ്കര്‍ – പേജ് 212).
ഒരു മതമെന്ന നിലയില്‍ ഇസ്ലാമിനോട് ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം വച്ചു പുലര്‍ത്തിയ വ്യക്തിയാണ് ഡോ.അംബേദ്കര്‍ എന്ന് സ്ഥാപിക്കാനുള്ള തെളിവുകളൊന്നും അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്ന് ലഭ്യമല്ല. മാത്രമല്ല ഇസ്ലാമിനെ അതിന്റെ ആഴത്തില്‍ ചെന്ന് പഠിക്കാനും അതിന്റെ സ്വഭാവത്തിന്റെ സവിശേഷതകളും നിലപാടുകളും മനസ്സിലാക്കാനും ശ്രമിച്ചിട്ടുള്ളയാളുമാണ് അദ്ദേഹം. ഇസ്ലാമിക അധിനിവേശത്തിന് ശേഷമുള്ള ഭാരതത്തിന്റെ ചരിത്രത്തില്‍ നിന്ന് ഇരുപത് വര്‍ഷങ്ങള്‍ അടര്‍ത്തിയെടുത്ത് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധമെന്ന് ആ കാലഘട്ടത്തെ വിശേഷിപ്പിച്ചുകൊണ്ട് രചനകള്‍ നിര്‍വ്വഹിക്കാനുള്ള പ്രേരണ അദ്ദേഹത്തിനുണ്ടായത്, മുസ്ലിംലീഗ് ഭാരതത്തെ രണ്ടായി വിഭജിക്കണം എന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്. ആ കാലഘട്ടത്തില്‍ നടന്ന ഏറ്റവും ക്രൂരമായ അതിക്രമങ്ങളിലൊന്ന് എന്ന നിലയിലാണ് ഡോ. അംബേദ്കര്‍ മാപ്പിള ലഹളയെ അടയാളപ്പെടുത്തുന്നത്.
”മുസ്ലിങ്ങളുടെ നേര്‍ക്കുള്ള ഹിന്ദു മനോഭാവത്തിലും ഹിന്ദുക്കളുടെ നേര്‍ക്കുള്ള മുസ്ലിം മനോഭാവത്തിലും ഒരു കടന്നാക്രമണ പ്രവണത അന്തര്‍ലീനമായിരിക്കുന്നു എന്ന വസ്തുത ഉപരിപ്ലവ നിരീക്ഷണം നടത്തുന്ന ആളുകള്‍ക്ക് പോലും ശ്രദ്ധിക്കാതിരിക്കാന്‍ സാദ്ധ്യമല്ല. ഹിന്ദുക്കള്‍ വളര്‍ത്തിയെടുക്കാന്‍ ആരംഭിക്കുക മാത്രം ചെയ്തിട്ടുള്ള ഒരു പുതിയ മനോഭാവമാണ് ഈ കടന്നാക്രമണ പ്രവണത. മുസ്ലീമിന്റെ കടന്നാക്രമണ പ്രവണതയാകട്ടെ, അയാള്‍ക്ക് ജന്മസിദ്ധമായിട്ടുള്ളതും ഹിന്ദുക്കളുടേതിനെ അപേക്ഷിച്ച് പഴക്കം ചെന്നതുമാണ്. സമയം ലഭിച്ചാല്‍, ഹിന്ദു മുസ്ലിമിനൊപ്പം എത്തുകയും അയാളെ പിന്തള്ളി മുന്നേറുകയും ചെയ്യുകയില്ലെന്നല്ല അതിനര്‍ത്ഥം. എങ്കിലും ഇന്നു നിലവിലുള്ള അവസ്ഥയില്‍, കടന്നാക്രമണ പ്രവണത പ്രകടിപ്പിക്കുന്നതില്‍ മുസ്ലിം ഹിന്ദുവിനെ വളരെ പിന്നിലാക്കിയിരിക്കുന്നു.” (പേജ് 285) സാമുദായിക കടന്നാക്രമണങ്ങളുടെ ചരിത്രം പരിശോധിച്ചുകൊണ്ട് ഡോ.അംബേദ്കര്‍ ചെന്നെത്തുന്ന നിഗമനമാണിത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലേക്കുള്ള ഗാന്ധിജിയുടെ കടന്നുവരവോടുകൂടി ഹിന്ദു മുസ്ലിം ഐക്യം സ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ പുതിയ ചില വിതാനങ്ങളിലേക്ക് കടന്നിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തോട് ചേര്‍ന്നുനിന്നുകൊണ്ട് രാഷ്ട്രത്തിന്റെ ഭാവിയെ പോലും അപകടപ്പെടുത്തുന്ന വിധത്തില്‍ ഗാന്ധിജി നടത്തിയ നീക്കങ്ങളെ നിശിതമായി വിമര്‍ശിക്കാനും ഡോ. അംബേദ്കര്‍ മടിച്ചില്ല. ഭാരതത്തിന്റെ ഭാവി കൈയിലെടുത്തു പിടിച്ചുകൊണ്ട് ഗാന്ധിജി നടത്തിയ സത്യാന്വേഷണപരീക്ഷണങ്ങളില്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടുപോയ ഒന്നായിരുന്നു ഖിലാഫത്ത് പരീക്ഷണം. അതും ഹിന്ദു-മുസ്ലിം ഐക്യം വളര്‍ത്തുന്നതിനുവേണ്ടി ചെയ്തതായിരുന്നു. ഡോ. അംബേദ്കര്‍ എഴുതുന്നു, ”മുസ്ലീങ്ങള്‍ ഹിന്ദുക്കളെ കഠിനമായി ദ്രോഹിക്കുക എന്ന അപരാധം ചെയ്തിട്ടുള്ളപ്പോള്‍ പോലും അദ്ദേഹം (ഗാന്ധിജി) ഒരിക്കലും അവരെക്കൊണ്ടു കണക്കു പറയിക്കാന്‍ ശ്രമിച്ചിട്ടില്ല.” (പേജ് 178)”ഐക്യമെന്ന ലക്ഷ്യത്തിനു ദോഷം വരാതിരിക്കുന്നതിനുവേണ്ടി മുസ്ലിങ്ങളുടെ ഏതൊരു കുറ്റകൃത്യത്തിന്റെ നേര്‍ക്കും കണ്ണടയ്ക്കുക എന്ന മനോഭാവം, മാപ്പിള ലഹളകളെപ്പറ്റി മി. ഗാന്ധിക്കു പറയാനുണ്ടായിരുന്ന കാര്യങ്ങളില്‍ നിന്ന് തികച്ചും വ്യക്തമാണ്” (പേജ് 179).
ഹിന്ദു-മുസ്ലിം ഐക്യം സ്ഥാപിക്കാന്‍ ഗാന്ധിജി നടത്തിയ ഉദ്യമങ്ങള്‍ക്ക് എന്ത് ഫലങ്ങളാണ് ഉണ്ടായത് എന്ന് അംബേദ്കര്‍ ചോദിക്കുന്നു. ”ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയണമെങ്കില്‍ ഈ രണ്ട് സമുദായങ്ങളുടെ 1920-40 കാലത്തെ പരസ്പരബന്ധം, അതായത്, ഹിന്ദു-മുസ്ലിം ഐക്യം സ്ഥാപിക്കാന്‍ മി.ഗാന്ധി അതികഠിനമായി അദ്ധ്വാനിച്ചിരുന്ന കാലഘട്ടത്തിലെ പരസ്പര ബന്ധം പരിശോധിക്കേണ്ടതാവശ്യമാണ്” (പേജ് 187). ഈ പരിശോധനയിലാണ് മലബാറില്‍ നടന്ന മാപ്പിള ലഹളയെ കുറിച്ച് ഡോ. അംബേദ്കര്‍ വിശദമായി പറയുന്നത്.
”അക്കൊല്ലം മലബാറില്‍ മാപ്പിള ലഹള എന്ന സംഭവം നടന്നു. ഖുദ്ദാം-ഇ- കാബാ (മെക്കാ ദേവാലയത്തിന്റെ സേവകര്‍), കേന്ദ്ര ഖിലാഫത്ത് സമിതി എന്നീ രണ്ട് മുസ്ലിം സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായിരുന്നു ആ ലഹള. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴില്‍ ഇന്ത്യ ദാര്‍-ഉല്‍-ഹരാബ് ആയിരുന്നു എന്നും മുസ്ലിങ്ങള്‍ അതിനെതിരായി പോരാടുമെന്നും അതിനവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ അതിനുപകരം ഹിജറത്ത് എന്ന തത്വം അവര്‍ നടപ്പിലാക്കണമെന്നുമുള്ള സിദ്ധാന്തമാണ് പ്രക്ഷോഭകര്‍ യഥാര്‍ത്ഥത്തില്‍ പ്രചരിപ്പിച്ചത്. ഈ പ്രക്ഷോഭണം മാപ്പിളമാരെ പെട്ടെന്നുതന്നെ അടിതെറ്റിച്ച് ആ പ്രവാഹത്തില്‍ ഒഴുക്കിക്കൊണ്ട് പോയി. ഈ പൊട്ടിത്തെറി സാരാംശത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ ഒരു ലഹളയായിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അട്ടിമറിച്ച് ഒരു ഇസ്ലാമികരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. അധികാരികള്‍ക്കെതിരായി ആക്രമണം നടത്താന്‍ കത്തികളും വാളും കുന്തങ്ങളും രഹസ്യമായി നിര്‍മ്മിക്കപ്പെടുകയും സാഹസികരായ ആള്‍ക്കാരുടെ സംഘങ്ങള്‍ ഒത്തുചേരുകയും ചെയ്തു. ആഗസ്ത് 20-ാം തീയതി തിരൂരങ്ങാടിയില്‍ മാപ്പിളമാരും ബ്രിട്ടീഷ് ഭടന്മാരും തമ്മില്‍ രൂക്ഷമായ ഒരു സംഘട്ടനം നടന്നു. പലേടത്തും റോഡുകളില്‍ തടസ്സം സൃഷ്ടിക്കുകയും ടെലഗ്രാഫ് കമ്പികള്‍ വിച്ഛേദിക്കുകയും റെയില്‍വേക്കു നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്തു. ഭരണം സ്തംഭിച്ച ഉടനെ തന്നെ സ്വരാജ് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞതായി മാപ്പിളമാര്‍ പ്രഖ്യാപിച്ചു. ഒരു ആലി മുസലിയാര്‍ രാജാവായി അവരോധിക്കപ്പെട്ടു. ഖിലാഫത്ത് പതാകകള്‍ പാറി. ഏറനാടും വള്ളുവനാടും ഖിലാഫത്ത് രാജ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ ഒരു വിപ്ലവമെന്ന നിലയില്‍ അത് തികച്ചും മനസ്സിലാക്കാവുന്ന ഒരു സംഭവമാണ്. എന്നാല്‍ മലബാറിലെ ഹിന്ദുക്കള്‍ക്കെതിരായി മാപ്പിളമാര്‍ ചെയ്ത കൃത്യങ്ങള്‍ മിക്ക ആളുകളേയും അമ്പരപ്പിക്കുന്നവയായിരുന്നു. മുസ്ലീങ്ങളുടെ കൈകളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് അനുഭവിക്കേണ്ടിവന്നത് ശോചനീയമായ ദുര്‍വിധിയാണ്. കൂട്ടക്കൊലപാതകങ്ങള്‍, ബലംപ്രയോഗിച്ചുള്ള മതപരിവര്‍ത്തനങ്ങള്‍, ക്ഷേത്രധ്വംസനങ്ങള്‍, ഗര്‍ഭിണികളെ വെട്ടിക്കീറുക തുടങ്ങി സ്ത്രീകളുടെ നേര്‍ക്കുള്ള ഹീനമായ ക്രൂരകൃത്യങ്ങള്‍, കൊള്ളയും തീവയ്പും നശീകരണവും – ഇങ്ങനെ ചുരുക്കത്തില്‍ നിഷ്ഠൂരവും അനിയന്ത്രിതവുമായ കിരാതവാഴ്ചയുടെ ഭാഗമായി നടത്താവുന്നതെല്ലാം മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കുനേരെ നിര്‍ബാധം നടത്തി. ദുര്‍ഘടവും വിശാലവുമായ ഒരു ഭൂവിഭാഗത്തിലൂടെ സൈനികരെ വേഗത്തില്‍ എത്തിച്ച് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമാകുന്നതുവരെ ഇതെല്ലാം തുടര്‍ന്നു. ഒരു ഹിന്ദു-മുസ്ലിം ലഹളയായിരുന്നില്ല ഇത്. ഒരു ബാര്‍ഥലോമിയോ ആയിരുന്നു. വധിക്കപ്പെടുകയോ മുറിവേല്പിക്കപ്പെടുകയോ മതപരിവര്‍ത്തനത്തിനു വിധേയരാക്കപ്പെടുകയോ ചെയ്ത ഹിന്ദുക്കളുടെ സംഖ്യ അജ്ഞാതമാണ്. എങ്കിലും അവരുടെ എണ്ണം വളരെ കൂടുതലായിരുന്നിരിക്കണം”(പേജ് 187-188).
അക്കാലത്ത് ഇന്ത്യ ഡാര്‍-ഉല്‍-ഹരാബ് ആയിരുന്നെന്നും മുസ്ലിങ്ങള്‍ അതിനെതിരായി പോരാടണമെന്നും അല്ലെങ്കില്‍ ‘ഹിജറത്ത്’ നടപ്പിലാക്കണമെന്നുമുള്ള ആശയമാണ് കലാപകാരികള്‍ക്ക് പ്രേരണയായതെന്ന് ഡോ. അംബേദ്കര്‍ പറയുന്നു. ഇത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഡോ. അംബേദ്കര്‍ എഴുതുന്നു, ”മുസ്ലിം ധര്‍മ്മശാസ്ത്രനിയമപ്രകാരം ലോകം രണ്ട് ചേരികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ദാര്‍-ഉല്‍-ഇസ്ലാം (ഇസ്ലാമിന്റെ ആവാസസ്ഥലം) എന്നും ദാര്‍-ഉല്‍-ഹരാബ് (യുദ്ധത്തിന്റെ ആവാസസ്ഥലം) എന്നും. ഒരു രാജ്യത്തെ മുസ്ലിങ്ങള്‍ ഭരിക്കുമ്പോള്‍ അത് ദാര്‍-ഉല്‍-ഇസ്ലാമാണ്. ഒരു രാജ്യത്തില്‍ മുസ്ലിങ്ങള്‍ വസിക്കുക മാത്രമേ ചെയ്യുന്നുള്ളു, അവര്‍ അതിന്റെ ഭരണകര്‍ത്താക്കള്‍ അല്ല എങ്കില്‍ ആ രാജ്യം ദാര്‍-ഉല്‍-ഹരാബ് ആണ്. മുസ്ലിങ്ങളുടെ ധര്‍മ്മശാസ്ത്രനിയമം ഇതായതിനാല്‍ ഇന്ത്യ ഹിന്ദുക്കളുടേയും മുസല്‍മാന്മാരുടേയും പൊതുവായ മാതൃഭൂമി ആയിരിക്കാന്‍ സാദ്ധ്യമല്ല. മുസല്‍മാന്മാരുടെ നാടായിരിക്കാന്‍ കഴിയും. എന്നാല്‍ അതിന് ഹിന്ദുക്കളും മുസല്‍മാന്മാരും തുല്യരായി ജീവിക്കുന്ന നാടായിരിക്കാന്‍ അതിനു സാധ്യമല്ല. ഇതിനുപുറമേ, ഈ നാടിനെ മുസ്ലിങ്ങള്‍ ഭരിക്കുമ്പോള്‍ മാത്രമേ അതിനു മുസ്ലിങ്ങളുടെ നാടായിരിക്കാന്‍ കഴിയൂ. ഈ നാട് ഒരു അമുസ്ലിം ശക്തിയുടെ അധികാരത്തിനു വിധേയമായിത്തീരുന്ന നിമിഷത്തില്‍, ഇത് മുസ്ലീങ്ങളുടെ നാട് അല്ലാതായിത്തീരുന്നു. അപ്പോള്‍ ഇത് ദാര്‍-ഉല്‍-ഇസ്ലാം ആയിരിക്കുന്നതിനു പകരം ദാര്‍-ഉല്‍-ഹരാബ് ആയിത്തീരുന്നു” (പേജ് 345).
ഈ വീക്ഷണഗതിക്ക് അക്കാദമിക് പ്രാധാന്യം മാത്രമേയുള്ളൂ എന്ന് കരുതരുതെന്നും അതിന് മുസ്ലീങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ക്രിയാത്മക ശക്തിയായിത്തീരാന്‍ കഴിയുമെന്നും ഡോ. അംബേദ്കര്‍ ഉദാഹരണസഹിതം സ്ഥാപിക്കുന്നുണ്ട്. ഈ ആശയം മാപ്പിള ലഹളക്കാലത്ത്, ഖിലാഫത്ത് പ്രസ്ഥാനത്തെ ഊര്‍ജ്ജസ്വലമാക്കുകയും അമുസ്ലീം ഭരണാധികാരികള്‍ എന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേയും അവിശ്വാസികള്‍ എന്ന നിലയില്‍ ഹിന്ദുക്കള്‍ക്കെതിരേയും കലാപങ്ങള്‍ നയിക്കാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ഡോ. അംബേദ്കര്‍ എഴുതുന്നു, ബ്രിട്ടീഷ് അധിനിവേശത്തിനുശേഷം, ”ഇന്ത്യ മുസ്ലീങ്ങളുടെ അധിവാസത്തിനുപറ്റിയ സ്ഥലമാണോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. ഇന്ത്യ ദാര്‍-ഉല്‍-ഹരാബ് ആണോ ദാര്‍-ഉല്‍-ഇസ്ലാമാണോ എന്നതിനെപ്പറ്റി സമുദായത്തില്‍ ഒരു ചര്‍ച്ച ആരംഭിച്ചു. കൂടുതല്‍ തീക്ഷ്ണമായ വിശ്വാസമുള്ള വിഭാഗങ്ങളില്‍ പെട്ടവര്‍ സയ്യദ് അഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു വിശുദ്ധയുദ്ധം തന്നെ പ്രഖ്യാപിക്കാന്‍ തയ്യാറാവുകയും മുസ്ലിം ഭരണത്തിന്റെ കീഴിലുള്ള രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നത് (ഹിജറത്ത്) ആവശ്യമാണെന്നുമുള്ള ഉദ്‌ബോധനം നടത്തുകയും ഇന്ത്യ ഒട്ടുക്ക് പ്രക്ഷോഭണം സംഘടിപ്പിക്കുകയും ചെയ്തു” (പേജ് 345-346).
ഡോ.അംബേദ്കര്‍ തുടരുന്നു. ”ഹിന്ദുക്കളാല്‍ നടത്തപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ഗവണ്‍മെന്റിന്റെ അധികാരത്തെ മുസ്ലിങ്ങള്‍ എത്രത്തോളം അനുസരിക്കും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ വലിയ അന്വേഷണമൊന്നും ആവശ്യമില്ല. മുസ്ലിങ്ങളുടെ ദൃഷ്ടിയില്‍ ഹിന്ദു ഒരു കാഫിര്‍ ആണ്. ഒരു കാഫിര്‍ ആദരവ് അര്‍ഹിക്കുന്നില്ല. അയാള്‍ അധമവംശത്തില്‍ ജനിച്ചവനും അന്തസ്സില്ലാത്തവനുമാണ്. ഇക്കാരണത്താലാണ് ഒരു കാഫിര്‍ ഭരിക്കുന്ന രാജ്യം മുസ്ലിമിന് ദാര്‍-ഉല്‍-ഹരാബ് ആയിത്തീരുന്നത്. ഈ നിലയ്ക്ക്, മുസ്ലിങ്ങള്‍ ഒരു ഹിന്ദു ഗവണ്‍മെന്റിനെ അനുസരിക്കുകയില്ലെന്ന് സമര്‍ത്ഥിക്കാന്‍ കൂടുതല്‍ തെളിവൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഗവണ്‍മെന്റിന്റെ അധികാരത്തിനു വഴങ്ങാന്‍ ആളുകളെ സന്നദ്ധരാക്കുന്ന അടിസ്ഥാന വികാരങ്ങളായ ആദരവും അനുഭാവവും ഇവിടെ തീരെയില്ല. എങ്കിലും തെളിവ് ആവശ്യമാണെങ്കില്‍ അതിന് യാതൊരു ക്ഷാമവുമില്ല. അത്രത്തോളം അധികം തെളിവുള്ളതിനാല്‍ ഏത് ചൂണ്ടിക്കാണിക്കണം ഏതു വിട്ടുകളയണം എന്നതാണ് പ്രശ്‌നം” (പേജ് – 355). ഖിലാഫത്ത് കാലത്തും മാപ്പിള ലഹളയിലും പ്രകടമായ രാഷ്ട്രീയ ഇസ്ലാമിന്റെ മനോഭാവവും പ്രതികരണവും ഡോ.അംബേദ്കര്‍ തിരിച്ചറിഞ്ഞതുപോലെ മറ്റാരും തിരിച്ചറിഞ്ഞില്ല എന്നതും നിശ്ചയമാണ്. ”മാപ്പിളമാരെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മതനേതാക്കളെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് പ്രസ്ഥാനം അടിസ്ഥാനപരമായി ഒരു മതപ്രശ്‌നം തന്നെയായിരുന്നു. ഇതിന്റെ സാമ്രാജ്യത്വവിരുദ്ധ സ്വഭാവം ഒരു യാദൃച്ഛികത മാത്രമായി ഇവര്‍ കരുതി” (കെ.എന്‍.പണിക്കര്‍. പേജ് 146) എന്ന് മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ കെ.എന്‍.പണിക്കരും സമ്മതിക്കുന്നുണ്ട്.
മാപ്പിള ലഹള സാരാംശത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ ഒരു ലഹളയായിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അട്ടിമറിച്ച് ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം എന്ന് ഡോ.അംബേദ്കര്‍ രേഖപ്പെടുത്തുന്നത് പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ കെ.എന്‍.പണിക്കാരെ പോലുള്ള മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ കാണുന്ന കാഴ്ചയല്ലത്. ”ജന്മിമാര്‍ക്കും കോളനി ഭരണത്തിനുമെതിരെ ഉണ്ടായ മാപ്പിള കര്‍ഷകരുടെ ആവര്‍ത്തിച്ചുള്ള കലാപങ്ങളായിട്ടായിരുന്നു ഈ കലക്കത്തിന്റെ കരുത്തുറ്റ പ്രകാശനം. ഒടുവില്‍ 1921-ല്‍ കോളനി വാഴ്ചക്കാലത്തുണ്ടായ കൊടിയ ഒരു സായുധകലാപമായി കലാശിച്ചു.” (കെ.എന്‍. പണിക്കര്‍. പേജ് 13). അന്യമതവിഭാഗങ്ങള്‍ക്കെതിരേയും അന്യമനുഷ്യവര്‍ഗ്ഗങ്ങള്‍ക്കെതിരേയും ലോകമെമ്പാടുമുള്ള രാഷ്ട്രീയ ഇസ്ലാം നമ്മുടെ കാലഘട്ടത്തില്‍ പോലും നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതവും മൃഗീയവുമായ കൊടും ക്രൂരതകള്‍ കര്‍ഷകകലാപങ്ങളായും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമ്പത്തിക കലാപങ്ങളായും ചേലമാറ്റിക്കെട്ടാന്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരുടെ രാഷ്ട്രീയാന്ധതയ്ക്ക് മാത്രമെ കഴിയൂ. അത്തരമൊരു ചേലമാറ്റിക്കെട്ടലാണ് കെ.എന്‍.പണിക്കരുടെ ‘മലബാര്‍ കലാപം – പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ’ എന്ന പുസ്തകം.
”ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ആയുധശക്തിയുപയോഗിച്ച് അട്ടിമറിച്ച് അതിനുപകരം ഒരു ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയായിരുന്നു കലാപകാരികളുടെ ലക്ഷ്യം.” (കെ.ടി.ജലീല്‍, പേജ് 53.) ”കലാപകാലത്ത് ബ്രിട്ടീഷ് സൈന്യം അല്പകാലത്തേക്കെങ്കിലും പിന്‍മാറുന്നതിന് നിര്‍ബന്ധിതമായി. എന്നാല്‍ ഈ പിന്‍മാറ്റത്തെ മാപ്പിളമാര്‍ തെറ്റിദ്ധരിച്ചു. ബ്രിട്ടീഷുകാര്‍ ഇനി ഒരിക്കലും മടങ്ങിവരില്ലെന്നും ബ്രിട്ടീഷ് ഭരണത്തിന്റെ കഥ കഴിഞ്ഞെന്നുമാണ് അവര്‍ കരുതിയത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചായിരുന്നു. ബ്രിട്ടീഷ് സൈന്യം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് സര്‍വ്വസന്നാഹങ്ങളോടും കൂടി തിരിച്ചുവരികയാണുണ്ടായത്. ബ്രിട്ടീഷ് സേനയുടെ പിന്‍മാറ്റത്തിനും തിരിച്ചുവരവിനുമിടയിലുണ്ടായിരുന്ന ഹ്രസ്വമായ ഇടവേളയില്‍ നിലനിന്ന ഭരണമാണ് മലബാര്‍ കലാപചരിത്രത്തിലെ ഖിലാഫത്ത് ഭരണമെന്ന് അറിയപ്പെട്ടത്” (കെ.ടി.ജലീല്‍, പേജ് 54). മാപ്പിളമാര്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പോരാട്ടം നടത്തിയത് ഭാരതത്തില്‍ ഒരു സ്വതന്ത്രപരമാധികാര ദേശീയ സര്‍ക്കാരുണ്ടാക്കാനായിരുന്നില്ല, മറിച്ച് രാഷ്ട്രീയ ഇസ്ലാമിന്റെ ആശയങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു ഖിലാഫത്ത് ഭരണം സ്ഥാപിക്കാനായിരുന്നുവെന്ന് കെ.ടി.ജലീല്‍ സമ്മതിക്കുന്നത് ഡോ. അംബേദ്കറുടെ അതേ ആശയത്തെ അനുവദിച്ചുകൊണ്ടാണ്.
അധികാരികള്‍ക്കെതിരായി ആക്രമണം നടത്താന്‍ കത്തികളും വാളും കുന്തങ്ങളും രഹസ്യമായി നിര്‍മ്മിക്കപ്പെടുകയും സാഹസികരായ ആള്‍ക്കാരുടെ സംഘങ്ങള്‍ ഒത്തുചേരുകയും ചെയ്തു. ആഗസ്റ്റ് 20-ാം തീയതി തിരൂരങ്ങാടിയില്‍ മാപ്പിളമാരും ബ്രിട്ടീഷ് ഭടന്മാരും തമ്മില്‍ രൂക്ഷമായ ഒരു സംഘട്ടനം നടന്നു എന്ന് ഡോ. അംബേദ്കര്‍ രേഖപ്പെടുത്തുന്നുണ്ട്. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ധാരാളം തെളിവുരേഖകള്‍ ഇപ്പോള്‍ ലഭ്യമാണ്. ”കാര്‍ബൈനുകളും തോക്കുകളും വാളുകളും കത്തികളും ധരിച്ച കലാപകാരികളുടെ സംഖ്യ മൂവായിരത്തിനടുത്ത് വന്നു.” (കെ.എന്‍.പണിക്കര്‍, പേജ് 178). ”കഴിയുന്ന സന്നാഹങ്ങള്‍ എല്ലാം അവര്‍ ഒരുക്കൂട്ടി. പല ദിക്കില്‍ നിന്നും മാപ്പിളമാര്‍ അവിടെ വന്നുചേര്‍ന്നു. സുമാര്‍ മൂവായിരത്തോളം മാപ്പിളമാര്‍ യുദ്ധത്തിനു തയ്യാറായി. കുഞ്ഞഹമ്മദാജിക്കും സംഘത്തിനും ആളയച്ച് കിട്ടാവുന്നിടത്തോളം ആയുധങ്ങള്‍ അവര്‍ ശേഖരിച്ചു. ആ പ്രദേശത്തുള്ള ഹിന്ദുക്കളെ കൈയില്‍ കിട്ടിയേടത്തോളം മുഹമ്മദീയരാക്കി.” (കെ.മാധവന്‍ നായര്‍, പേജ് 169).
തിരൂരങ്ങാടിയില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് കെ.മാധവന്‍ നായര്‍, ”മലബാര്‍ കലാപത്തിന് മുഖ്യ ഹേതുവായിത്തീര്‍ന്നത് ആഗസ്റ്റ് 20-ാം തീയതി തിരൂരങ്ങാടിയില്‍ നടന്ന സംഭവങ്ങളാണെന്ന് കുപ്രസിദ്ധമാണ്. ലഹളയിലെ ആദ്യത്തേതും ഏറ്റവും പ്രധാനമായതുമായ സംഭവത്തെയാണ് ഈ അദ്ധ്യായത്തില്‍ വിവരിപ്പാന്‍ ഉദ്ദേശിക്കുന്നത്” (കെ.മാധവന്‍ നായര്‍, പേജ് 110) എന്ന് പറഞ്ഞുകൊണ്ടാണ് ‘തിരൂരങ്ങാടി സംഭവം’ എന്ന അദ്ധ്യായത്തില്‍, ഡോ. അംബേദ്കര്‍ പരാമര്‍ശിച്ച ‘രൂക്ഷമായ ഒരു സംഘട്ടനം’ എന്ന കലാപം, വിശദമായി പറയുന്നത്.
കലാപത്തിനിടയില്‍ പലേടത്തും റോഡുകളില്‍ തടസ്സം സൃഷ്ടിക്കുകയും ടെലഗ്രാഫ് കമ്പികള്‍ വിച്ഛേദിക്കുകയും റെയില്‍വെയ്ക്ക് നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്തുവെന്ന് ഡോ. അംബേദ്കര്‍ പറയുന്ന കാര്യത്തെ സംബന്ധിച്ച് കെ.ടി. ജലീല്‍ ഇങ്ങനെ എഴുതുന്നു, ”സര്‍ക്കാര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ അനുസരിച്ച്, കലാപകാരികള്‍ പരപ്പനങ്ങാടി മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള റെയില്‍ പാതകള്‍ നീക്കം ചെയ്തിരുന്നു. റെയില്‍വേ സ്റ്റേഷന്‍ തകര്‍ത്തിരുന്നു. ടെലഗ്രാഫ് കമ്പികള്‍ മുറിച്ചുകളയുകയും പാലങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പോസ്റ്റ് ഓഫീസുകള്‍, കോടതികള്‍, രജിസ്ട്രാര്‍ ഓഫീസുകള്‍ തുടങ്ങിയവ കൊള്ളയടിക്കപ്പെടുകയും ചുട്ടെരിക്കപ്പെടുകയും ചെയ്തു. ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പീഡനത്തിനിരയായി. പലരും വധിക്കപ്പെട്ടു” (കെ.ടി. ജലീല്‍. പേജ് 56).
‘വേങ്ങര, കോട്ടയ്ക്കല്‍, തിരൂര്‍, കാട്ടിപ്പരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ ഖിലാഫത്ത് ഭരണം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. 1921ലെ മാപ്പിള ഭരണത്തില്‍ ഇസ്ലാമിക ഭരണ സമ്പ്രദായത്തിന്റെ ചില പ്രത്യേകതകള്‍ വളരെ പരിമിതമായിട്ടാണെങ്കിലും ദൃശ്യമായിരുന്നു. 1921 ആഗസ്റ്റ് 20-ാം തീയതി മേല്‍മുറി അധികാരി ആയിരുന്ന പി.ശങ്കുണ്ണി മേനോനെ ഇങ്ങനെ അറിയിച്ചുവത്രെ, ”ബ്രിട്ടീഷ് സര്‍ക്കാര്‍ ഇല്ലാതായിരിക്കുന്നു; ഒരു ഖിലാഫത്ത് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നു. ഒറ്റ മതമേയുള്ളൂ. മുഹമ്മദീയ മതം. നിങ്ങള്‍ അത് സ്വീകരിക്കുക.” കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആലി മുസലിയാര്‍ ഖിലാഫത്ത് രാജാവായി പ്രഖ്യാപിക്കപ്പെടുകയും അനുയായികള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു… ഖിലാഫത്ത് രാജിന് നേതൃത്വം നല്‍കിയത് ആലി മുസലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു. ഇതുപോലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കഴിഞ്ഞിരുന്നില്ല. അല്പകാലം മാത്രമേ നിലനിന്നുള്ളു എങ്കിലും ഖിലാഫത്ത് ഭരണം സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നത് മാപ്പിളമാരുടെ ധീരതയ്ക്കും അര്‍പ്പണബുദ്ധിക്കും ദൃഷ്ടാന്തമാണ്” (കെ.ടി. ജലീല്‍. പേജ്. 56). എന്നാണ് ഇതിനെ സംബന്ധിച്ച് കെ.ടി. ജലീല്‍ എഴുതുന്നത്. മലബാറില്‍ മാപ്പിളമാര്‍ നടത്തിയത് സ്വാതന്ത്ര്യസമരമായിരുന്നു എന്ന മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിനെ തള്ളുന്ന രേഖകളാണിത്. മുസ്ലിം സ്വരാജായ ഖിലാഫത്ത് രാജ് സ്ഥാപിക്കുക തന്നെയായിരുന്നു മാപ്പിളമാരുടെ ലക്ഷ്യം. മാപ്പിളരാജില്‍ നിന്ന് മോചനം നേടാന്‍ ഭാരതീയര്‍ വീണ്ടും സ്വാതന്ത്ര്യസമരം നടത്തേണ്ടിവരുമായിരുന്നു.
എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ രക്തരൂഷിതമായ സ്വാതന്ത്ര്യസമരം നടത്തുന്നതിനിടയില്‍ മാപ്പിളമാര്‍ എന്തിനാണ് മലബാറിലെ സമ്പന്നരും പാവപ്പെട്ടവരും ദളിതരുമായ ഹിന്ദുക്കളെ മുഴുവനും വേട്ടയാടിയതെന്ന് ഡോ.അംബേദ്കര്‍ അത്ഭുതപ്പെടുന്നുണ്ട്. മലബാറിലെ ഹിന്ദുക്കള്‍ക്കെതിരായി മാപ്പിളമാര്‍ ചെയ്ത കൃത്യങ്ങള്‍ മിക്ക ആളുകളേയും അമ്പരപ്പിക്കുന്നവയായിരുന്നു. കൂട്ടക്കൊലപാതകങ്ങള്‍, ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനങ്ങള്‍, ക്ഷേത്രധ്വംസനങ്ങള്‍, ഗര്‍ഭിണികളെ വെട്ടിക്കീറല്‍ തുടങ്ങി സ്ത്രീകളുടെ നേര്‍ക്കുള്ള ഹീനമായ ക്രൂരകൃത്യങ്ങള്‍, ഇങ്ങനെ നിഷ്ഠൂരമായ കിരാതവാഴ്ചയുടെ ഭാഗമായി നടത്താവുന്നതെല്ലാം മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കു നേരേ നിര്‍ബാധം നടത്തിയെന്ന് ഡോ.അംബേദ്കര്‍ എഴുതുന്നു. ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനങ്ങള്‍ നടത്തിയെന്നും അതിനുവഴങ്ങാത്തവരെ ക്രൂരമായി വധിച്ചുവെന്നും മാപ്പിളലഹളയെക്കുറിച്ച് എഴുതിയവരെല്ലാം സമ്മതിക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ കെ.എന്‍.പണിക്കര്‍ എഴുതി, ”ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയില്‍ ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുമെന്ന് ചില മതമേധാവികളും അവരുടെ അനുയായികളും വിശ്വസിച്ചു. ഹിന്ദുക്കളെ ബലമായി മതപരിവര്‍ത്തനം ചെയ്യിച്ചതിലും അതിനു വിസമ്മതിച്ചവരെ കൊല ചെയ്തതിലും ഇത്തരം ആളുകളുടെ സ്വാധീനമാണുണ്ടായിരുന്നത്,” (കെ.എന്‍.പണിക്കര്‍ പേജ്.194). ”മതം മാറ്റല്‍ സംരംഭങ്ങള്‍ നാല് നേതാക്കളില്‍ മാത്രം ഒതുങ്ങി നിന്നില്ല. കലാപങ്ങളില്‍ പലരും ഈ കൃത്യം ഏറ്റെടുത്ത് നടത്തുന്നതിന് സജീവമായി രംഗത്തിറങ്ങി. പലപ്പോഴും അടുത്തുള്ള പുരോഹിതന്റെ സമീപത്തേയ്ക്ക് ഹിന്ദുക്കളെ കൂട്ടിക്കൊണ്ടുപോയി ബലാല്‍ക്കാരേണ ഇതു നടത്തി. ചില കലാപ സംഘങ്ങളോടൊപ്പം പുരോഹിതനും സഞ്ചരിച്ചിരുന്നതിനാല്‍ തത്സമയം തന്നെ പരിവര്‍ത്തനം നിര്‍വ്വഹിക്കുവാന്‍ സാധിച്ചു. പരിവര്‍ത്തനം നടത്തുന്നതിന് ധനികരെന്നോ നിര്‍ധനരെന്നോ മേല്‍ജാതിയെന്നോ കീഴ്ജാതിയെന്നോ ഉള്ള മാനദണ്ഡങ്ങള്‍ പാലിക്കുകയുണ്ടായില്ല. പരിവര്‍ത്തനത്തിനു വിധേയരായവരില്‍ നമ്പൂതിരിമാരും നായന്മാരും ഈഴവരും ചെറുമക്കളും ഭൂപ്രഭുക്കളും കുടിയാന്മാരും ചെത്തുകാരും കര്‍ഷകത്തൊഴിലാളികളും ഒക്കെ ഉള്‍പ്പെടും. (കെ.എന്‍.പണിക്കര്‍, പേജ് 196).
ഗുജറാത്തില്‍ വര്‍ഗീയകലാപങ്ങള്‍ നടന്നപ്പോള്‍ ഗര്‍ഭിണിയെ വെട്ടിക്കീറിയെന്ന് വ്യാജവാര്‍ത്ത പരത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് സംഭവിച്ചത് മലബാറില്‍ മാപ്പിള ലഹളക്കാലത്താണ്. ഇതിനെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ ഒന്നും മിണ്ടുന്നില്ലെങ്കിലും ആനിബസന്റ് അക്കാലത്ത് തന്നെ ഇതിനെക്കുറിച്ച് എഴുതി. സി. ശങ്കരന്‍ നായര്‍ രചിക്കുകയും 1922ല്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്ത ‘ഗാന്ധി ആന്റ് അനാര്‍ക്കി’ എന്ന പുസ്തകത്തില്‍ മൂന്നാമത്തെ അനുബന്ധമായി ആനിബസന്റിന്റെ ലേഖനം പൂര്‍ണ്ണരൂപത്തില്‍ കൊടുത്തിട്ടുണ്ട്. ആനിബസന്റ് എഴുതുന്നു, ”ഗര്‍ഭിണികളായ സ്ത്രീകളെയും കൈക്കുഞ്ഞുങ്ങളേയും വെട്ടിക്കൊല്ലുക എന്നതില്‍ കവിഞ്ഞ മനുഷ്യത്വരഹിതവും ഭീകരവുമായ കുറ്റകൃത്യത്തെ നിങ്ങള്‍ക്കു സങ്കല്പിക്കാനാകുമോ? ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീയെ, ഒരു മാപ്പിള ലഹളക്കാരന്‍ നിറവയറില്‍ വെട്ടിക്കീറി; ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്ക് ചാടിയ കുഞ്ഞിനോടൊപ്പം അമ്മയും മരിച്ച് പെരുവഴിയില്‍ കിടക്കുന്നത് കാണാമായിരുന്നു. എത്ര ഭീകരം, ആറുമാസം പ്രായമുള്ള ഒരു കൈക്കുഞ്ഞിനെ അമ്മയുടെ മാറിടത്തില്‍ നിന്ന് തട്ടിപ്പറിച്ചെടുത്ത് രണ്ട് കഷണങ്ങളാക്കി വെട്ടിക്കൊന്നു. എത്ര ഹൃദയഭേദകം! ഈ ലഹളക്കാര്‍ മനുഷ്യരോ, രാക്ഷസന്മാരോ?” 1921 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ‘ന്യൂ ഇന്ത്യ’ പ്രസിദ്ധീകരിച്ച ആനിബസന്റിന്റെ ക്ഷോഭജനകമായ വാക്കുകള്‍ മാപ്പിള ലഹളയെ സംബന്ധിച്ച സുപ്രധാന രേഖകളാണ്; മലയാളികളില്‍ നിന്ന് മറച്ചുവയ്ക്കപ്പെട്ടവയും.
വധിക്കപ്പെടുകയൊ മുറിവേല്‍ക്കപ്പെടുകയൊ മതപരിവര്‍ത്തനത്തിനു വിധേയരാക്കപ്പെടുകയൊ ചെയ്ത ഹിന്ദുക്കളുടെ സംഖ്യ അജ്ഞാതമാണ്. എങ്കിലും അവരുടെ എണ്ണം വളരെ വലുതായിരുന്നിരിക്കണം എന്നാണ് ഡോ. അംബേദ്കര്‍ നിരീക്ഷിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ നടന്ന 20 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന്റെ ചരിത്രം പരിശോധിക്കുമ്പോഴാണ് ഡോ. അംബേദ്കര്‍ മാപ്പിള ലഹളയിലെ ഹിന്ദുവിരുദ്ധതയുടെ തീവ്രത എടുത്തുകാട്ടുന്നത്. ഖിലാഫത്തിലധിഷ്ഠിതമായ ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള പരിശ്രമത്തിനിടയിലാണ് മലബാറിലെ മാപ്പിളമാര്‍ കാഫിറുകളായ ഹിന്ദുക്കളെ മതം മാറ്റുകയോ പ്രതിഷേധിച്ചവരെ കൊന്നൊടുക്കുകയോ ചെയ്തത്. കലാപപ്രവര്‍ത്തനങ്ങളിലേക്ക് ആളെകൂട്ടാന്‍ മതപരിവര്‍ത്തനം സഹായിക്കുമെന്ന് ചിലര്‍ കരുതിയതായി കെ.എന്‍.പണിക്കര്‍ രേഖപ്പെടുത്തുന്നുണ്ട്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമ്പത്തിക കലാപമായും ജന്മിയും കൃഷിക്കാരനും തമ്മില്‍ നടന്ന കാര്‍ഷിക ലഹളയായും ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെ നടന്ന സ്വാതന്ത്ര്യസമരമായും മാപ്പിളലഹളയെ വ്യാഖ്യാനിച്ചെടുക്കാന്‍ കഷ്ടപ്പെടുന്നവര്‍, ആ കാലയളവില്‍ ഭാരതത്തിലെമ്പാടും നടന്ന ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍ക്ക് ഇതേ ചേല ഉടുപ്പിക്കുവാന്‍ സന്നദ്ധരാണോ? ഖിലാഫത്തിന്റെ ആശയങ്ങള്‍ തലയ്ക്ക് പിടിച്ച മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ നടത്തിയ കടന്നുകയറ്റങ്ങളായാണ് ഡോ. അംബേദ്കര്‍ ഈ കലാപങ്ങളെ വിലയിരുത്തുന്നത്. ഖിലാഫത്തില്‍ തുടങ്ങി, ജിന്നയുടെ ദ്വിരാഷ്ട്രവാദത്തിലൂടെ വളര്‍ന്ന്, ഭാരതത്തിന്റെ വിഭജനത്തില്‍ കലാശിച്ച അതിക്രമങ്ങളായിരുന്നു അതെല്ലാം.
എന്താണ് മാപ്പിള ലഹളയുടെ ബാക്കിപത്രം? ”ഇരുപതാം നൂറ്റാണ്ടില്‍ മലബാറിലെ ജനസമൂഹത്തില്‍ സംഭവിച്ച വര്‍ഗ്ഗീയവല്‍ക്കരണമാണ് കലാപം ജനിപ്പിച്ചവയില്‍ വെച്ചേറ്റവും നിര്‍ഭാഗ്യകരമായിത്തീര്‍ന്ന പ്രത്യാഘാതം. ഇത് ഹിന്ദുക്കള്‍ക്കും മാപ്പിളമാര്‍ക്കുമിടയില്‍ നികത്താനാവാത്ത ഒരു വിള്ളല്‍ സൃഷ്ടിച്ചു. ഈ രണ്ടു സമുദായങ്ങളും പരസ്പരം സംശയാലുക്കളായിത്തീര്‍ന്നതിന്റെ പേരില്‍ രാഷ്ട്രീയപരമായും സാമൂഹികമായും കൂടുതല്‍ അകലാന്‍ തുടങ്ങി. എല്ലാറ്റിലുമുപരി കലാപത്തിന്റെ തിക്തമായ സ്മരണകള്‍ മലബാറിലെ പില്‍ക്കാല രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമാണുണ്ടാക്കിയത്.” (കെ.എന്‍.പണിക്കര്‍, പേജ് 200-201) എന്നാണ് കെ.എന്‍.പണിക്കര്‍ പറയുന്നത്. മലബാറില്‍ മാപ്പിള ലഹളയായി നടന്ന കാര്‍ഷിക വിപ്ലവത്തിന്റെയും ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ നടന്ന സാമ്പത്തിക കലാപത്തിന്റെയും പരിശിഷ്ടം ഇതാണെങ്കില്‍ ഇത്തരം കലാപരിപാടികള്‍ ഭാരതത്തില്‍ നടക്കാതിരിക്കുന്നതാണ് നല്ലത്.
സഹായകഗ്രന്ഥങ്ങള്‍
1. ഡോ.അംബേദ്കര്‍- സമ്പൂര്‍ണ്ണ കൃതികള്‍. വാള്യം 15 പാക്കിസ്ഥാന്‍ അഥവാ ഇന്ത്യാ വിഭജനം(2008).
2. കെ.എന്‍.പണിക്കര്‍. മലബാര്‍ കലാപം. പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ (2007)
3. കെ.ടി.ജലീല്‍. മലബാര്‍ കലാപം ഒരു പുനര്‍ വായന. (2015)
4. കെ. മാധവന്‍ നായര്‍. മലബാര്‍ കലാപം (2016)
5. സി. ശങ്കരന്‍ നായര്‍, ഗാന്ധി ആന്റ് അനാര്‍ക്കി (2000)
6. ഡോ.ദീപേഷ് വി.കെ. (എഡി) 1921 പാഠവും പൊരുളും. (2017)
Comments