ആഗസ്റ്റ് 30 ശ്രീകൃഷ്ണജയന്തി
ഭൂമിയുടെ മഹാസങ്കടങ്ങള്‍ പരിഹരിക്കാന്‍ ഈശ്വരന്‍ മനുഷ്യനായി പിറക്കുന്ന കഥകള്‍ പുരാണങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഓരോ ഈശ്വരാവതാരത്തിനു പിന്നിലും നൊന്തുനിലവിളിക്കുന്ന ഭൂമിയെക്കാണാം. ഗോരൂപം പൂണ്ട ഭൂമിയോടൊപ്പം ലോകപാലന്മാര്‍ പാലാഴിയുടെ തീരത്തു ചെല്ലുന്നു. അവിടെയാണ് വൈകുണ്ഠം. ‘വിഷാദത്തെ തുരുത്തുന്നത്’ എന്നൊരു നിഷ്പത്തി കൂടി വൈകുണ്ഠത്തിനുണ്ട്. അവിടെ നിന്നാണ് അവതാരങ്ങള്‍ സംഭവിക്കുന്നത്. ദ്വാപരയുഗത്തില്‍ ഭൂമി പാതാളത്തോളം താണുപോയിരുന്നു. ദുഷ്ടജനങ്ങളുടെ ക്രൂരതകള്‍ കഠിനമായി പെരുകിയിരുന്നു. ധര്‍മ്മവും മര്യാദകളും ലംഘിക്കപ്പെട്ടിരുന്നു. സര്‍വ്വംസഹയുടെ ആ കഷ്ടതകള്‍ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ ഇപ്രകാരം വിവരിക്കുന്നു:
”ഭാരത്തെക്കൊണ്ടു ഞാന്‍ പാതാളലോകത്തു
പാരാതെ വീഴുന്നതുണ്ടു നേരേ,
ഇണ്ടലെത്തൂകുന്ന വന്‍ഭാരമിങ്ങനെ
ഉണ്ടായീലെന്നുമേ പണ്ടെനിക്കോ!
മാമയനായോനേ! ഭാരത്തെക്കൊണ്ടുഞാന്‍
നാമാവശേഷമായ്‌പ്പോകും മുമ്പേ,
പാരാതെ കണ്ടെന്നെപ്പാലിച്ചുകൊള്ളണം
കാരുണ്യക്കാതലേ, കൈതൊഴുന്നേന്‍!”
ഇരുള്‍പോലെ പടര്‍ന്ന ഈ വിഷാദത്തിനുമീതേ, നിറതിങ്കളായുദിച്ച മഹാപ്രസാദമാണ് ശ്രീകൃഷ്ണന്‍. കാരാഗൃഹത്തിലും കാലിത്തൊഴുത്തിലും കാളിയ ഫണങ്ങളിലും അതു പുഞ്ചിരിപൊഴിച്ചുകൊണ്ടിരുന്നു. വലവിരിച്ചു കാത്തിരുന്ന മരണത്തെ പലവുരു കബളിപ്പിച്ചുകൊണ്ട് ആ പുഞ്ചിരി വളര്‍ന്നു. സഹപാഠിയുടെ സങ്കടപ്പൊതി പങ്കിട്ട് സൗഹൃദത്തിന്റെ സാന്ത്വനമേകിയും ഏകാധിപതികളുടെ തടവറകളില്‍ നിന്ന് നിരാലംബരെ മോചിപ്പിച്ചും നാടും വീടും നഷ്ടപ്പെട്ട് കാട്ടിലലഞ്ഞവര്‍ക്കു കൂട്ടുകാരനായും അവമതിക്കപ്പെടുന്ന സ്ത്രീത്വത്തിന് ആങ്ങളയുടെ കരുതലായും ആ മന്ദഹാസം പടര്‍ന്നു പന്തലിച്ചു. ഒടുവില്‍, നിര്‍ണായകമായ ജീവിതസമരത്തില്‍ ആയുധമുപേക്ഷിച്ചു തളര്‍ന്നിരുന്ന വിഷാദമൂര്‍ത്തിയെ വിജയനാക്കി മാറ്റുവാന്‍ വിശ്വത്തോളം വളര്‍ന്നു. ഒറ്റവരിയില്‍ സംഗ്രഹിച്ചു പറഞ്ഞാല്‍, വിഷാദത്തില്‍ നിന്നു വിജയത്തിലേക്കുള്ള മന്ദഹാസത്തിന്റെ സഞ്ചാരമായിരുന്നു ശ്രീകൃഷ്ണന്റെ ജീവിതം.
ഇന്നത്തെ ലോകം കൂടുതല്‍ വിഷാദഭരിതമാണ്. ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന രോഗഭീതിയുടെ അനിശ്ചിതത്വം ആശങ്കയായി മാറിയിട്ടുണ്ട്. കരുതലുകളെ മറികടന്ന് പുതിയ തരംഗങ്ങള്‍ ജീവിതം വീണ്ടും നിശ്ചലമാക്കിയേക്കാം. കളിയും ചിരിയും നിലച്ച ലോകത്ത് കുട്ടികള്‍ മൂകരായിരിക്കുകയാണ്. യാന്ത്രികമായ പാഠങ്ങള്‍ക്കപ്പുറം പള്ളിക്കൂടമെന്ന ജൈവാനുഭവം പകര്‍ന്നുകൊടുക്കാന്‍ ഒരു സാങ്കേതിക വിദ്യക്കുമാവില്ല. തൊഴില്‍ രംഗത്തും കലാമേഖലയിലും പ്രതിസന്ധി പടര്‍ന്നു കഴിഞ്ഞു. യന്ത്രലോകത്തിലേക്കു വശീകരിക്കപ്പെട്ട മനുഷ്യമനസ്സും യാന്ത്രികമായിത്തീര്‍ന്നു. സ്‌നേഹം ഇണയെക്കൊല്ലുന്ന പകയായി പരിണമിക്കുന്നു. കുട്ടിക്കുറ്റവാളികളും കുട്ടികളോടുള്ള ക്രൂരകൃത്യങ്ങളും ഭയാനകമായി പെരുകുന്നു. ഭീകരവാദത്തിന്റെ പുതിയ ഈറ്റില്ലങ്ങള്‍ നമുക്കു ചുറ്റും രൂപപ്പെടുന്നു. സമൂഹത്തെ ആകമാനം ഗ്രസിക്കുന്ന ദുരിതശതങ്ങള്‍ ജീവിതത്തെ മധുരമില്ലാത്ത കനിയായി മാറ്റിയിരിക്കുന്നു. ഘനീഭൂതമായ കാര്‍മേഘം പോലെ വിതുമ്പിനില്‍ക്കുന്ന വിഷാദം വര്‍ത്തമാനകാലത്തിന്റെ യഥാര്‍ത്ഥ്യമാണ്. ആ ഇരുട്ടിനെ മറികടന്നുകൊണ്ടല്ലാതെ നമുക്കു മുന്നേറാനാവില്ല. ഈ വര്‍ഷത്തെ ജന്മാഷ്ടമി ആഘോഷങ്ങള്‍ വിഷാദത്തില്‍ നിന്നുള്ള വീണ്ടെടുപ്പായി മാറേണ്ടതുണ്ട്. ”വിഷാദം വെടിയാം വിജയം വരിക്കാം” എന്ന സന്ദേശം മുന്നില്‍ വച്ച് ശ്രീകൃഷ്ണജയന്തി-ബാലദിനാഘോഷങ്ങളുടെ വിപുലമായ സജ്ജീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ധര്‍മ്മത്തിനു ഗ്ലാനി സംഭവിക്കുകയും അധര്‍മ്മം അഭിവൃദ്ധിപ്പെടുകയും ചെയ്യുമ്പോള്‍ യുഗങ്ങള്‍ തോറും ഈശ്വരന്‍ അവതരിക്കും എന്ന ഉറപ്പ് ഭഗവദ്ഗീത ലോകത്തിനു സമ്മാനിക്കുന്നുണ്ട്. ദുഷ്ടതകളെ നിഗ്രഹിച്ചുകൊണ്ട് സാധുക്കളെ സംരക്ഷിക്കുകയാണ് അവതാരലക്ഷ്യം. ഓരോ ജന്മാഷ്ടമി മുഹൂര്‍ത്തവും ഈ ലക്ഷ്യം ഒന്നുകൂടി ഉറപ്പിക്കുന്നു. ഏതു വിപത്തിലും സമാശ്വാസമായി ആ മുരളീനാദമുണ്ട്. ഉണ്ണികള്‍ നഷ്ടപ്പെട്ടവര്‍ക്ക് മനസ്സില്‍ കളിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ ആനന്ദധാരയാകുന്നു. രോഗപീഡയില്‍ വലയുന്നവര്‍ക്ക് അവിടുന്ന് ആയുരാരോഗ്യ സൗഖ്യമേകുന്ന കാരുണ്യമാകുന്നു. ‘മങ്ങാത്തമയില്‍പ്പീലി’യില്‍ ജീവിതസങ്കടങ്ങളെ അലിയിച്ചുകളഞ്ഞ എന്‍.എന്‍.കക്കാടും മൃത്യുവിനെപ്പോലും ശ്യാമസുന്ദരനായി ദര്‍ശിച്ച സുഗതകുമാരിയും അതിജീവനമന്ത്രമായി ഉപാസിച്ചത് ശ്രീകൃഷ്ണനാമമായിരുന്നു.
അത്തലില്‍ ഗോപികള്‍ തപ്പിയെടുത്തൊരു
ഉത്തമമുത്താണു ‘നാരായണ’
എന്ന കീര്‍ത്തനം ഉദ്‌ഘോഷിപ്പിക്കുന്നതുപോലെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ നാമ സ്മരണകള്‍ സകലജീവജാലങ്ങളെയും സങ്കടങ്ങളില്‍ നിന്നുയര്‍ത്തുന്നു. ശ്രീകൃഷ്ണകഥകള്‍ ആപത്തുകളെ അതിജീവിച്ചു വളരാനുള്ള പ്രചോദനമാണ്. നിര്‍ഭയമായി കര്‍മ്മം ചെയ്തുകൊണ്ടിരിക്കാനും യുദ്ധഭൂമിയില്‍പ്പോലും പുഞ്ചിരി പൊഴിക്കാനും ശ്രീകൃഷ്ണലീലകള്‍ പ്രേരണയേകുന്നു. വാത്സല്യവും അനുരാഗവും ഭക്തിയും സൗഹൃദവും തുടങ്ങി സ്‌നേഹത്തിന്റെ മഴവില്ലിലെ വര്‍ണ്ണവൈവിധ്യങ്ങളെല്ലാം ആ മണിവര്‍ണനില്‍ തെളിഞ്ഞുകാണാം. ഏതുപ്രളയത്തിലും ഒരാലില താങ്ങായുണ്ടാവും എന്ന ശുഭചിന്ത പകരുന്ന കൃഷ്ണസങ്കല്പമാണ് സമകാലികവും സാര്‍വ്വകാലികവുമായ സങ്കടങ്ങള്‍ക്കു പരിഹാരം. അതുകൊണ്ട് ഈ ദുരിത മധ്യത്തിലും ഓരോ വീടും വൃന്ദാവനമാക്കിക്കൊണ്ട് കണ്ണന്റെ പിറന്നാള്‍ നമുക്കാഘോഷിക്കണം.
സാമൂഹികമായ ഒരുമ കൃഷ്ണന്റെ ജീവിതത്തിലെ ഒരു പ്രധാന ഗുണമാണ്. ഓരോ അമ്മയ്ക്കും സ്വന്തം പുത്രന്‍ എന്നുതോന്നുമാറ് കണ്ണന്‍ എല്ലാ വീട്ടിലെയും അംഗമായിരുന്നു. വെണ്ണയും പാലും കണ്ണനു കവര്‍ന്നെടുക്കാനായി അയല്‍ വീട്ടിലെ അമ്മമാര്‍ കരുതിവച്ചിരുന്നു. ഒരുമയുടെയും സ്‌നേഹത്തിന്റെയും ആദര്‍ശലോകമാണ് അമ്പാടി. പരസ്പരം പങ്കുവച്ചും സഹായിച്ചും നന്മയോടെ പുലരുന്ന ഭാരതീയ ഗ്രാമീണ ജീവിതത്തിന്റെ അമ്പാടി മാതൃക തിരിച്ചുവരണം. അയലറിയാതെ വളരുന്ന ആധുനികതലമുറയെ അമ്പാടി മുറ്റത്തേക്കു നയിക്കണം. അയല്‍ബന്ധങ്ങള്‍ ശക്തമാക്കാനും നാട്ടുതനിമകള്‍ വീണ്ടെടുക്കാനും ആഘോഷങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന അമ്പാടിമുറ്റങ്ങള്‍േക്ക കഴിയൂ.
”കരിമുകില്‍വര്‍ണന്റെ തിരുവുടലെന്നുടെ
അരികില്‍വന്നെപ്പൊഴും കാണാകേണം” എന്നാരംഭിക്കുന്ന മുകുന്ദകീര്‍ത്തനമാണ് ഈ വര്‍ഷത്തെ ആഘോഷഗീതം. കൃഷ്ണവേഷമൊരുങ്ങുന്നതും കണ്ണനൂട്ടുനടത്തുന്നതും ഗോക്കളോടൊപ്പം കളിക്കുന്നതും നൃത്തമാടുന്നതുമെല്ലാം ഈ ആഘോഷഗീതത്തില്‍ വിവരിക്കുന്നുണ്ട്. കണ്ണന്റെ ബാലലീലകളെ അനുസരിച്ച് പതാകദിനം മുതലുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്കുള്ള വിവിധ കലാകായിക വിനോദങ്ങള്‍ അമ്പാടിമുറ്റത്ത് അരങ്ങേറുന്നതു നന്നായിരിക്കും. ഒരു വര്‍ഷത്തിലേറെ നീണ്ട ജാഡ്യം കുടഞ്ഞെറിഞ്ഞ് കുട്ടികള്‍ ആനന്ദനൃത്തമാടുന്ന സുന്ദരദൃശ്യം കണ്‍കുളിരെക്കാണാന്‍ കേരളം കാത്തിരിക്കുകയാണ്.
അയല്‍വീടിനൊപ്പംഅമ്പാടിമുറ്റത്തേക്ക്
ബാലഗോകുലം ശ്രീകൃഷ്ണജയന്തിയെ ‘ബാലദിനമായാണ് ആഘോഷിക്കുന്നത്. കൃഷ്ണ-ഗോപികാവേഷം ധരിച്ച കുട്ടികള്‍ അണിനിരക്കുന്ന ശോഭായാത്രയാണ് ബാലദിനാഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രം. കുട്ടിയെ കണ്ണനായി കാണുക എന്ന ഭവ്യമായ സങ്കല്പം കേരളത്തിലെ രക്ഷാകര്‍ത്തൃസമൂഹം ആഹ്ലാദത്തോടെ സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം ശോഭായാത്രകള്‍ ഒഴിവാക്കി ആഘോഷം വീട്ടിനുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തിയപ്പോഴും പതിനായിരക്കണക്കിനു കുട്ടികള്‍ ശ്രീകൃഷ്ണവേഷം ധരിച്ച് വീട്ടുമുറ്റങ്ങളെ വര്‍ണശബളമാക്കി. അമ്മമാര്‍ മക്കളെ മടിയിലിരുത്തി കണ്ണനൂട്ട് നടത്തി. വീടിനുള്ളില്‍ കൃഷ്ണകുടീരവും പൂക്കളവുമൊരുക്കി നാമജപകീര്‍ത്തനങ്ങളോടെ കണ്ണന്റെ പിറന്നാള്‍ ആഘോഷിച്ചു. ഈ വര്‍ഷം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ അയല്‍വീടുകള്‍ ചേര്‍ന്ന് ‘അമ്പാടിമുറ്റം’ ഒരുക്കി ‘കുടുംബശോഭായാത്ര’ യും ഉറിയടിയുമായി ശ്രീകൃഷ്ണജയന്തി കൊണ്ടാടാനാണ് നിശ്ചയിച്ചിരിക്കുന്നത്. നാലോ അഞ്ചോ അയല്‍വീടുകള്‍ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുവരണം. കൃഷ്ണഗോപികാവേഷങ്ങളണിഞ്ഞ കുട്ടികളും പാരമ്പര്യവേഷം ധരിച്ച കുടുംബാംഗങ്ങളും അലങ്കരിച്ച അമ്പാടിമുറ്റത്ത് ശോഭായാത്രയായി സംഗമിക്കണം. ഉറിയടിയും ഗോപികാനൃത്തവും ഭജനയുമൊക്കെയായി ഉത്സാഹത്തോടെ ഒത്തുചേരുമ്പോള്‍ ഭഗവാന്റെ ദിവ്യസാന്നിധ്യം അവിടെയുണ്ടാവും.
അങ്കണത്തുളസി
ഇക്കഴിഞ്ഞ പരിസ്ഥിതിദിനത്തില്‍ ബാലഗോകുലാംഗങ്ങളുടെ നേതൃത്വത്തില്‍ വീട്ടുമുറ്റത്തു തുളസീവനമൊരുക്കുന്ന പ്രവര്‍ത്തനം വലിയതോതില്‍ നടക്കുകയുണ്ടായി. കണ്ണനു പിറന്നാള്‍ മാല ചാര്‍ത്താന്‍ വീട്ടുമുറ്റത്തെ തുളസി പ്രയോജനപ്പെടണം എന്ന സങ്കല്പം കൂടി അങ്കണത്തുളസി എന്ന ആ പദ്ധതിക്കു പിന്നില്‍ ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് ഒരു തുളസിച്ചെടി കേരളത്തിന്റെ പാരമ്പര്യമാണ്. ആ വിശുദ്ധി വീണ്ടെടുക്കാനും നിലനിര്‍ത്താനും കൂട്ടായ പരിശ്രമമുണ്ടാവണം. ”തുളസിക്കതിര്‍ നുള്ളിയെടുത്ത് കണ്ണനൊരുമാല” എന്ന ഹൃദ്യമായ കീര്‍ത്തനം ഓരോ വീട്ടിലെയും അനുഭവമാകുവാന്‍ ശ്രീകൃഷ്ണജയന്തിയിലൂടെ സാധിക്കണം. ആഘോഷം നടക്കുന്ന എല്ലാവീട്ടിലും തുളസിച്ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കണം. കുട്ടികള്‍ക്ക് അതിനുള്ള പ്രേരണ കൊടുക്കാന്‍ ഉത്തമ സന്ദര്‍ഭമാണിത്.
ഭൂമിപോഷണയജ്ഞത്തിനു ശേഷം വരുന്ന ജന്മാഷ്ടമി എന്ന നിലയില്‍ ഗോപൂജകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. പശുവളര്‍ത്തുന്ന വീടുകള്‍ സന്ദര്‍ശിച്ച് ഗോവന്ദനവും ഗോപാലകവന്ദനവും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ശ്രീകൃഷ്ണജയന്തി ദിവസം പശുക്കളെ കുളിപ്പിച്ച് മാലയണിയിച്ച് ചന്ദനം ചാര്‍ത്തി ആരതി ഉഴിയാനുള്ള വ്യവസ്ഥ ക്രമീകരിക്കേണ്ടതാണ്. നന്മനിറഞ്ഞ ഗ്രാമീണ ജീവിതത്തിന്റെ വിശുദ്ധി വീണ്ടെടുക്കണമെന്ന കാഴ്ചപ്പാടാണ് ഇത്തരം ആചരണങ്ങള്‍ക്കു പിന്നിലുള്ളത്. ജീവജാലങ്ങളോടെല്ലാം കരുണയും കരുതലുമുള്ള തലമുറ വളര്‍ന്നു വരണം. പ്രകൃതിയുടെ സമൃദ്ധികള്‍ ചൂഷണം ചെയ്യാത്ത വിവേകമുള്ളവരുടെ ലോകം സൃഷ്ടിക്കണം. നദീപൂജ, വൃക്ഷപൂജ, സമുദ്രപൂജ, ഗോപൂജ, തുളസീവന്ദനം മുതലായ കാര്യക്രമങ്ങള്‍ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നിശ്ചയിക്കുന്നത് അതിനുവേണ്ടിയാണ്.
പ്രകൃതി സൗഹൃദ ജീവിതത്തിന്റെ മികവുറ്റ മാതൃകയാണ് വൃന്ദാവനം. ഗോവര്‍ദ്ധനഗിരി കേന്ദ്രമാക്കി രൂപപ്പെട്ട ആവാസവ്യവസ്ഥയില്‍ പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളും ജലാശയങ്ങളും പുല്‍മേടുകളും പരസ്പരാശ്രയത്തോടെ വളരുന്നു. വേണുഗാനത്തിലൂടെ ജീവിജാലങ്ങളെയെല്ലാം ഇണക്കി നിര്‍ത്തുന്ന ബാലഗോപാലന്റെ ധര്‍മ്മമാണ് മനുഷ്യന് പ്രകൃതിയിലുള്ളത്. നിരുപാധികമായ സ്‌നേഹധാരയാണ് മുരളീഗാനം. സര്‍വ്വചരാചരങ്ങളോടും സ്‌നേഹാര്‍ദ്രമായ സമീപനം സ്വീകരിക്കുമ്പോള്‍ വൃന്ദാവനം രൂപപ്പെടും. അന്‍പില്‍ ആറാടി നില്‍ക്കുന്ന ലോകമാണ് അമ്പാടി. മയില്‍പ്പീലികൊണ്ടു കിരീടം ചൂടി മുളന്തണ്ടുകൊണ്ടു വിസ്മയം തീര്‍ക്കുന്ന ഗോകലുനാഥന്റെ ചിത്രം തന്നെ പ്രകൃതി സൗഹൃദ ജീവിതം ഉദാഹരിക്കുന്നുണ്ട്. മഹാകവി ഉള്ളൂര്‍ ആ സുന്ദരഭാവത്തെ ഇങ്ങനെ പകര്‍ത്തുന്നു.
”കാളിന്ദിയാറ്റിന്‍ കരയില്‍ കണ്ണിന്നമൃതധാരയായ്
പരപ്പിലുണ്ടൊരാരോമല്‍ പച്ചപ്പുല്‍ത്തകിടിപ്പുറം
അനന്തമഹിമാവേന്തുമാവൃന്ദാവനഭൂമിയില്‍
മാടുമേച്ചുകളിച്ചാന്‍ പോല്‍ മായാമാനുഷനെന്‍ പുരാന്‍”
കോടക്കാര്‍ കൊമ്പുകുത്തുന്ന കോമളത്തിരുമേനിയില്‍
മഴമിന്നല്‍ തൊഴും മട്ടുമഞ്ഞപ്പട്ടാട ചാര്‍ത്തിയോന്‍
മനോജ്ഞമാം മയില്‍പ്പീലി മകുടം വിട്ടുനീങ്ങവേ
മാണ്‍പെഴും കവിളില്‍ത്തട്ടി മണിമണ്ഡലമാടവേ
കുഞ്ഞിളം കാറ്റിലങ്ങിങ്ങുകൂനുകൂന്തല്‍ പറക്കവേ,
ഗോപിക്കുറി വിയര്‍പ്പുറ്റ കുളിര്‍ നെറ്റിയില്‍ മായവേ
ഓടക്കുഴലണച്ചാന്‍ പോലോമല്‍ത്തേന്‍ചോരിവായ്ക്കുമേല്‍
പാടിനാന്‍ പോലാടിനാന്‍പോ, ലോങ്കാരപ്പൊരുളെന്‍ പുരാന്‍”
‘അന്നും ഇന്നും’ എന്ന ശീര്‍ഷകത്തിലുള്ളതാണ് ഉള്ളൂരിന്റെ ഈ കവിത. നിരന്തരമായ സ്വാതന്ത്ര്യസമരത്തിന്റെ തളര്‍ച്ചയില്‍ വിഷാദം ബാധിച്ച സമൂഹത്തെ ഉണര്‍ത്തിയെടുക്കാനാണ് ഉള്ളൂര്‍ ശ്രമിക്കുന്നത്. അതിനദ്ദേഹം ഉപയോഗിക്കുന്നത് ശ്രീകൃഷ്ണചരിതമാണ്. അശിക്ഷിതരും അനുദ്യോഗരും ആധിവ്യാധിശതാകുലരുമായ ജനങ്ങള്‍ക്ക് മൃതസഞ്ജീവനൗഷധീയമാണ് ശ്രീകൃഷ്ണന്‍. അതുകൊണ്ട് ‘വര്‍ത്തമാനപ്പാഴ്കുണ്ടില്‍ നിന്നു’ കരകയറുവാനുള്ള ഔഷധസേവയായിട്ടാണ് ശ്രീകൃഷ്ണ കഥാപ്രവചനത്തെ ഉള്ളൂര്‍ സ്വീകരിക്കുന്നത്. കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും കവി അന്നു കണ്ട സാമൂഹ്യവിഷാദയോഗം ഇന്നുമുണ്ട്. ഇവിടെയും ശ്രീകൃഷ്ണസേവ തന്നെ കരണീയം. ക്രാന്തദര്‍ശിയായ മഹാകവി അന്നു കുറിച്ചിട്ട വരികള്‍ കോവിഡ് അനുബന്ധിത ജീവിതത്തില്‍ കുറേക്കൂടി അര്‍ത്ഥപൂര്‍ണമാകുന്നു. ‘അടച്ചിടലി’ നുശേഷം തുറക്കപ്പെടുന്ന ലോകത്ത് ഉത്സാഹത്തോടെ ജീവിക്കാനും വിജയം വരിക്കാനും തയ്യാറാവേണ്ടതുണ്ട്. എല്ലാം പഴയതുപോലെയാണെന്നുവരില്ല. പുതുവഴികള്‍ പരിചയപ്പെടാനും പുഞ്ചിരിയോടെ മുന്നോട്ടുപോകാനും കഴിയണം. പുതിയ ലോകത്തെ പുഞ്ചിരിതൂകി സ്വീകരിക്കുമ്പോഴാണ് അതിജീവനം സാധ്യമാകുന്നത്. അതിനുള്ള ഉദ്‌ഘോഷണം ഉള്ളൂര്‍ ഇങ്ങനെ നല്‍കുന്നു.
”ഇതെന്തുനിദ്രാവൈഷമ്യ, മിതെന്താലസ്യവൈകൃതം
ഇതെന്തുമോഹവൈവശ്യ, മിന്നമ്മള്‍ക്കൃഷിപുത്രരേ?
കണ്‍മിഴിക്കാ, മെഴുന്നേല്‍ക്കാം, കതകിന്‍ സാക്ഷനീക്കിടാം
കടക്കാം തെല്ലുവെളിയില്‍, കാലമെന്തെന്നു നോക്കിടാം
കറവിട്ടു കരള്‍ത്തട്ടില്‍ കണ്ണന്റെ കഴലൂന്നിനാം
കല്യാണമേകുമിക്കാഴ്ച കണ്ടാവൂ കണ്‍കുളിര്‍ക്കവേ”
”ക്ഷുദ്രമായ ഹൃദയദൗര്‍ബല്യം കുടഞ്ഞെറിഞ്ഞ് ധനുസ്സുയര്‍ത്തിയെഴുന്നേല്‍ക്കുക” എന്ന ഗീതാസാരം ഈ വരികളില്‍ പ്രതിഫലിക്കുന്നു. കണ്‍കുളിരെ കാണാനുള്ള കല്യാണമേകുന്ന കാഴ്ച അമ്പാടിമുറ്റങ്ങളിലൊരുങ്ങണം. വിഷാദവ്യഥകള്‍ വിട്ടകന്ന് വീടിനു പുറത്തേക്കിറങ്ങണം. അയല്‍ക്കാരോടൊപ്പം ജന്മാഷ്ടമി ആഘോഷിക്കണം. യോഗേശ്വരനായ കൃഷ്ണനും ധനുസ്സേന്തിയ പാര്‍ത്ഥനും ഒരുമിച്ചു ചേരുമ്പോള്‍ വിജയവും സമൃദ്ധിയും ഐശ്വര്യവുമുണ്ടാവും. അതിനുള്ള ശുഭമുഹൂര്‍ത്തമായി ഈ ശ്രീകൃഷ്ണജയന്തിയെ നമുക്കു വരവേല്‍ക്കാം.
(ലേഖകന്‍, ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷനാണ്)