ഊർമ്മിളേ നിന്നെപ്പകർത്താൻ തുടങ്ങുമ്പോൾ
തോരാതെ കണ്ണുകൾ നിന്നുപെയ്യുന്നുവോ ?
സീതയെക്കാളും പതിവ്രതതന്നെയെ –
ന്നോരാത്ത നോവിലും ചൊല്ലിനിൽക്കുന്നു ഞാൻ .
ലക്ഷ്മണപത്നിയായ് നീവന്നയോദ്ധ്യതൻ –
ശ്വശ്രുവായ് കാൽവെച്ചു മന്ദിരംപൂകവേ
എത്രകിനാക്കൾ വിരിഞ്ഞു ഹൃദന്തത്തി , –
ലൊക്കെയും മൊട്ടിലേ ഞെട്ടറ്റു വീണുപോയ് !
രാമപാദങ്ങളെ പിൻതുടർന്നൻപോടു-
പോയ സൗമിത്രിതൻ ഗന്ധമേ നിന്നാത്മ –
ശോകങ്ങളാറ്റുന്ന സത്യമായ് നീയിന്നു –
മേകയായ് നില്കു,ന്നനാഘ്രാതപുഷ്പമായ് !
കൺകുളിർക്കെയൊന്നു കാണുവാൻപോലുമേ
നിൻപതി നിന്നരികിൽ നിന്നിടാത്തൊരു
കൊട്ടാരവും ഘോര കാന്താരവും സമ –
മൊക്കെയും സൗമ്യയായ് മൂകയായ് പേറി നീ .
മൂകദുഃഖങ്ങളെ തോറ്റിയുണർന്നവൾ ,
ശ്യാമപക്ഷങ്ങളെ മാത്രം വരിച്ചവൾ ,
കാത്തിരിപ്പിന്റെ നേർപര്യായമായവൾ
കാഞ്ഞകിനാക്കളെ പ്പുല്കിനടന്നവൾ .
നിന്നെക്കുറിച്ചു ,നിന്നേകാന്ത ദുഃഖത്തെ ,
നിന്റെ സ്വപ്നങ്ങളെ ഞാനറിഞ്ഞീടവേ
നീ സതീരത്നമാ, ണെന്നും നിരാശതൻ –
മംഗല്യസൂത്രമണിഞ്ഞ തിരസ്കൃത !
സീമന്തരേഖയിൽ കുങ്കുമം കൊണ്ടൊരു –
നേരടയാളം വരച്ചതിൽ മാത്രം നീ –
പേരിനുമാത്രം സുമംഗലി , പക്ഷെ നിൻ –
നേർഹൃദയത്തിൽ വിരഹവും ദുഃഖവും.
കാർകൊണ്ട കർക്കടരാവുപോൽ നിന്നിലെ –
ശോക മെൻകണ്ണിൽ മഴയായ്പ്പടരവേ ,
ജാലകച്ചില്ലിനകത്തു നിരാലംബ –
വേദനപോൽ നിന്റെ ചിത്രം പതിയവേ ,
ഏതോ വിരഹാർത്തയാകു,മിണക്കുയിൽ –
പാടുന്ന ഗീതിയായ് നീയുണർന്നീടവേ
മാനിനീ നിന്നെയറിയുന്നു ഞാൻ സദാ
മോഹഭംഗങ്ങൾ വരിച്ച സർവ്വംസഹേ ,
ഉത്തമേ , ഊർമ്മിളേ നിന്നാത്മദുഃഖങ്ങൾ
ഒക്കെപ്പൊതിഞ്ഞു നടപ്പവൾ നീ ”സതി” !!