വാല്മീകി രാമായണത്തില്‍ അത്ര ശ്രദ്ധിക്കാതെപോയ ഒരു രംഗമാണ് രാമനും ചാര്‍വാകനായ ജാബാലിയും തമ്മിലുള്ള വനാന്തര സംഭാഷണം. ”തസ്മാത് സത്യാത്മകം രാജ്യം” എന്നു രാമനെക്കൊണ്ടു പറയിപ്പിച്ച ആ മഹനീയ സന്ദര്‍ഭത്തിന്റെ ആവിഷ്‌ക്കാരമാണിവിടെ നാം ചെയ്യുന്നത്.
പിതാവായ ദശരഥന്റെ കല്‍പ്പനയനുസരിച്ച് വനവാസത്തിനായി സീതയോടും ലക്ഷ്മണനോടുംകൂടി ഇറങ്ങിത്തിരിച്ച രാമന്‍ വനാന്തര്‍ഭാഗത്തെത്തി. പിന്നാലെ രാമനെത്തേടി ഭരതനും ശത്രുഘ്‌നനും പരിവാരങ്ങളും കാട്ടിലെത്തി. ഗുഹനില്‍നിന്നും മറ്റുപലരില്‍നിന്നും ലഭ്യമായ വിവരമനുസരിച്ച് യാത്രതിരിച്ച ഭരതാദികള്‍ രാമനെ വനത്തില്‍ കണ്ടെത്തി. അയോദ്ധ്യയില്‍ തിരിച്ചുവന്ന് രാജ്യഭരണമേറ്റെടുക്കണമെന്നുള്ള ഭരതന്റെ അപേക്ഷയ്ക്കും പരിവാരങ്ങളുടെ നിര്‍ബ്ബന്ധത്തിനും മറുപടിയായി രാമന്‍ തന്റെ ന്യായങ്ങള്‍ പറഞ്ഞ് ഭരതനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍ പല സാരോപദേശങ്ങളും ഭരതനു നല്‍കി.
രാമന്‍ പറഞ്ഞു, “പിതൃഹിതമനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നുള്ളതാണ് പുത്രന്മാരുടെ ധര്‍മ്മം. പുത്രരെല്ലാവരും വേദവിധിയനുസരിച്ച് ജീവിക്കാന്‍ ശ്രദ്ധിക്കണം. പിതാവിന്റെ ആത്മാവിന് ശാന്തി ലഭിക്കുവാന്‍ എല്ലാവരും ഗയയില്‍പോയി വിഹിതമായ രീതിയില്‍ ശ്രാദ്ധമൂട്ടണം. എന്നിട്ട് വംശപാരമ്പര്യമനുസരിച്ച് നീതിയോടെ രാജ്യത്തെ പരിപാലിക്കണം. രാജകല്‍പ്പന ഓരോന്നും അനുസരിച്ച് നാം ജീവിച്ചാല്‍ നമ്മള്‍ നാല്വരും സത്യത്തെ പരിപാലിക്കാന്‍ വേണ്ടി പിതാവിനെ ആദരിച്ച അമൂല്യ പുത്രന്മാരായിത്തീരും. ലോകം നമ്മെ മാനിക്കും.”
രാമനെത്തേടി ഭരതനോടൊപ്പം വനത്തിലെത്തിയത് അയോദ്ധ്യയിലെ ബഹുജനങ്ങളായിരുന്നു. അവരില്‍ ബ്രാഹ്മണരുടെ കൂട്ടത്തില്‍ ജാബാലി എന്ന ഒരു നാസ്തികബ്രാഹ്മണനുണ്ടായിരുന്നു. ഇടതുപക്ഷമനോഭാവക്കാരനായിരുന്ന അയാള്‍ രാമന്റെ ഭരതോപദേശം കേട്ടിട്ട് വേദവിരുദ്ധമായ രീതിയില്‍ രാമനോട് പ്രതികരിച്ചു. “ഹേ രാഘവ! അങ്ങ് ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടോടെ വ്യര്‍ത്ഥമായി സംസാരിക്കുന്നു. പാവനമായ പരിജ്ഞാനങ്ങള്‍ നേടിയിട്ടും അങ്ങ് ആചാരങ്ങളെ ആദരിക്കുന്നു. ആരും ആരുടെയും സ്‌നേഹിതരല്ല. ആരാലും ആരില്‍ക്കൂടിയും ആരും ഒന്നും നേടുന്നില്ല. എന്തെന്നാല്‍ ഒരു ജന്തുവിനെപ്പോലെ നാം സ്വയം ജനിക്കുകയും സ്വയം നശിക്കുകയും ചെയ്യുന്നു. അച്ഛനമ്മമാരെന്നു പറയുന്നത് ഭ്രാന്താണ്; എന്തെന്നാല്‍ ആരും ആരോടും ബന്ധപ്പെടുന്നില്ല.
“താങ്കള്‍ പൈതൃകമായിക്കിട്ടിയ രാജ്യത്തെ വലിച്ചെറിഞ്ഞിട്ട് തെറ്റായ മാര്‍ഗം സ്വീകരിച്ചാല്‍ ആ മാര്‍ഗം കണ്ടകാകീര്‍ണവും വിഷമവും വേദനാജനകവുമായിരിക്കും. പോയി അയോദ്ധ്യയുടെ കിരീടമണിയൂ. ആ മഹാനഗരം ഒരു വിധവയെപ്പോലെ അങ്ങയെ കാത്തിരിക്കുന്നു. ദശരഥന്‍ നിനക്ക് ആരുമായിരുന്നില്ല. നിനക്ക് അദ്ദേഹവുമായി ഒരുതരത്തിലും ബന്ധമില്ല. ദേഹവിയോഗം വന്ന ആ രാജാവ് എവിടെനിന്ന് പൊട്ടിമുളച്ചുവോ ആ പഞ്ചഭൂതങ്ങളിലേക്കുതന്നെ തിരിച്ചുപോയി. ഇത് പ്രകൃതിനിയമമാണ്. നീ ഖേദിക്കേണ്ടതില്ല. പിതൃക്കളെ ഉദ്ദേശിച്ച് അനുഷ്ഠിക്കപ്പെടുന്ന പൗഷാദി ശ്രാദ്ധങ്ങള്‍ അന്നം മുതലായ ഭക്ഷ്യവസ്തുക്കളുടെ പാഴാക്കലാണ്. മരിച്ചാല്‍ ആരാണ് ഭക്ഷണം കഴിക്കുക? എല്ലാ ആചാരങ്ങളും ഭിക്ഷ ആദിയായ ദാനത്തെ പ്രോത്സാഹിപ്പിക്കുവാന്‍ വലിയ ബുദ്ധിമാന്മാര്‍ ഗ്രന്ഥങ്ങളില്‍ എഴുതിയ കാപട്യങ്ങളാണ്. ഇതൊക്കെയറിഞ്ഞുകൊണ്ട് ഹേ വിവേകിയായ രാജകുമാരാ! ഈ ദൃശ്യപ്രപഞ്ചത്തിനങ്ങേപ്പുറം യാതൊന്നുമില്ലെന്ന് നീ ധരിക്കുക. ദൃഷ്ടിയില്‍ പെടുന്നതേ സത്യമായുള്ളു എന്ന് നീ കരുതി ഭരതന്റെ വാക്കുകേട്ടു രാജ്യം സ്വീകരിക്കുക.”
ആ നാസ്തികബ്രാഹ്മണന്റെ വാക്കുകള്‍ക്ക് രാമന്‍ ഉടനെ മറുപടി പറഞ്ഞു. “അങ്ങയുടെ വാക്കുകള്‍ അംഗീകരിക്കാവുന്നവയെന്ന് ഏവര്‍ക്കും തോന്നാമെങ്കിലും, സദാചാരപരമെന്ന് തോന്നിയാലും, അനുകരിക്കാവുന്നതോ സദാചാരപരമോ അല്ല. സുസ്ഥാപിതമായ തത്ത്വങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു തത്ത്വചിന്ത പറയുന്നവരെ ബുദ്ധിമാന്മാര്‍ പരിഗണിക്കുകയില്ല. താങ്കള്‍ പറഞ്ഞപ്രകാരം ഞാന്‍ സ്വയം ജീവിച്ചാല്‍, പിതൃവാക്യമനുസരിച്ച് പതിന്നാലുവര്‍ഷം കാട്ടില്‍ താമസിച്ചുകൊള്ളാമെന്നുള്ള എന്റെ പ്രതിജ്ഞ ഞാന്‍തന്നെ വലിച്ചെറിഞ്ഞാല്‍, പിന്നെ ആരുടെവഴിയാണ് മോക്ഷാര്‍ത്ഥിയാകുന്ന ഞാന്‍ പിന്തുടരേണ്ടത്? ഞാന്‍ സത്യസന്ധമായ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കും. എന്റെ പ്രവൃത്തികളെ ജനം മാതൃകയാക്കും. എന്തുകൊണ്ടെന്നാല്‍ രാജാക്കന്മാര്‍ ചെയ്യുന്നതാണ് പ്രജകള്‍ക്ക് മാതൃക.
“സത്യമേവാനൃശംസ്യം ച
രാജവൃത്തം സനാതനം
തസ്മാത് സത്യാത്മകം രാജ്യം
സത്യേ ലോകപ്രതിഷ്ഠിത.
(അയോ. കാ. അ.109, ശ്ലോകം-10)
സാരം:- ക്രൂരത തീണ്ടാത്ത ശുദ്ധമായ സത്യസന്ധത മാത്രമാണ് രാജാക്കന്മാര്‍ക്ക് വിധിച്ചിട്ടുള്ള ശാശ്വതമായ ജീവിതമാര്‍ഗം. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രത്തിന്റെ ആത്മാവ് സത്യസന്ധതമാത്രമാണ്. മാത്രമല്ല; ലോകംതന്നെ സത്യത്തില്‍ അടിയുറച്ചതാണ്. സത്യവാദി ജീവിതോന്നതികളെ നേടുന്നു. സത്യവാദി നാശരഹിതനായി ശോഭിക്കുന്നു. അസത്യവാനെ ജനം സര്‍പ്പത്തെപ്പോലെ ഭയപ്പെടുന്നു. സത്യത്തിന്റെ വഴിയില്‍ നന്മകള്‍ വിടരുന്നു; കൂടാതെ സത്യം എല്ലാറ്റിന്റെയും മൂലമെന്ന് പറയപ്പെട്ടിരിക്കുന്നു.
“സത്യമേവേശ്വരോ ലോകേ
സത്യേ ധര്‍മ്മഃ സദാƒƒശ്രിതഃ
സത്യമൂലാനി സര്‍വാണി
സത്യാന്നാസ്തി പരം പദം.
(അയോ. കാ. അ.109, ശ്ലോകം-13)
സാരം:- ഈ ലോകത്തില്‍ സത്യം മാത്രമാണ് ഈശ്വരന്‍. ഈശ്വരഭക്തി സത്യത്തില്‍ അടിയുറച്ചിരിക്കുന്നു. ധര്‍മ്മം എല്ലായ്‌പ്പോഴും സത്യത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാത്തിന്റെയും മൂലം സത്യത്തിലടിയുറച്ചതാണ്. സത്യത്തേക്കാള്‍ ഉന്നതമായ മറ്റൊരു ലക്ഷ്യവുമില്ല.
“വേദശാസ്ത്രങ്ങള്‍ സത്യത്തില്‍ അധിഷ്ഠിതമാണ്. സത്യത്തില്‍നിന്ന് വ്യതിചലിച്ചവന്റെ സമര്‍പ്പണം ദേവന്മാരോ തര്‍പ്പണം പിതൃക്കളോ സ്വീകരിക്കുകയില്ല. പിതാവിന്റെ വാക്കുകള്‍ക്ക് വിരുദ്ധമായി ഞാന്‍ രാജ്യഭാരമേറ്റെടുത്താല്‍ അത് ക്രൂരതയും പാപവുമാണ്. ‘സൗഭാഗ്യകരമായ പരമാധികാരത്തെ നീ മടികൂടാതെ സ്വീകരിക്കൂ’ എന്നുള്ള അങ്ങയുടെ ഉപദേശം എനിക്ക് ഒട്ടും തന്നെ സ്വീകാര്യമായി തോന്നുന്നില്ല. ലോകത്തോടുള്ള എന്റെ കാഴ്ചപ്പാടുകള്‍ അച്ഛന്റെ ആജ്ഞയെ അനുസരിച്ചുകൊണ്ട് ഞാന്‍ നിറവേറ്റിത്തീര്‍ക്കും.”
ഏതു തരത്തിലുള്ള ധര്‍മ്മനീതികളായാലും രാജസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വിരുദ്ധമായ ചിന്താപദ്ധതികളെയും വിശകലനങ്ങളെയും കൂടി കേള്‍ക്കുവാന്‍ ദശരഥന്‍ തന്റെ രാജസഭയില്‍ ഉള്‍പ്പെടുത്തിയിരുന്ന പണ്ഡിതബ്രാഹ്മണനായിരുന്നു ജാബാലി. ഇക്കാലത്ത് യുക്തിവാദികളെപ്പോലെ അന്ന് നാസ്തികന്മാരായിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു. അവരുടെ വാക്കുകള്‍ വളരെ ന്യായയുക്തമെന്ന് കേള്‍ക്കുന്നവര്‍ക്ക് ചിലപ്പോള്‍ തോന്നുമായിരുന്നു. അതുകൊണ്ട് അവരെ ചാര്‍വാകന്മാര്‍ എന്നു വിളിച്ചുപോന്നു. ചാരുവാക്യങ്ങള്‍ പറയുന്നവരാണ് ചാര്‍വാകന്മാര്‍ എന്ന് പറയപ്പെട്ടിരുന്നു. അപ്രകാരം ചാര്‍വാകവിഭാഗത്തില്‍ പെട്ട ഒരു പണ്ഡിതനായിരിക്കണം ഈ ജാബാലി.
ജാബാലിയുടെ വാദങ്ങളെ പിത്രൂരാജ്ഞപാലിക്കാന്‍ ബാദ്ധ്യസ്ഥനായ രാമന്‍ സ്വധര്‍മ്മചിന്തകളാലും പാഠങ്ങളാലും പരാജയപ്പെടുത്തി ശാശ്വതമായ സത്യാചരണത്തിന് ഒന്നുകൂടി തിളക്കം കൂട്ടി. രാമന്റെ ഈ ധര്‍മ്മോപദേശങ്ങള്‍ മര്യാദയുടെ കണികപോലും തീണ്ടിയിട്ടില്ലാത്ത, ഗ്രാമപഞ്ചായത്തുമുതല്‍ രാഷ്ട്രത്തിന്റെ പരമോന്നത തലം വരെയുള്ള ചിലര്‍ കേട്ടനുസരിച്ചിരുന്നുവെങ്കില്‍ ഈ നാട് എത്രമാത്രം തിളക്കമുള്ള ഒരു ഭരണസമ്പ്രദായത്തിന്റെ മാതൃകയാകുമായിരുന്നു! കൂടാതെ പ്രതിലോമകരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന വ്യക്തികളുടെപോലും അഭിപ്രായങ്ങളെ എതിരിടുമ്പോള്‍ അവരോട് മര്യാദവിടാതെയുള്ള പെരുമാറ്റമാണു വേണ്ടതെന്ന നീതിയും രാമന്‍ ജാബാലിയോട് സംസാരിച്ചുതുടങ്ങുമ്പോള്‍ പ്രകടിപ്പിക്കുന്നു.
പ്രതിയോഗിയായാല്‍ അയാളെ തന്റെ കക്ഷിയില്‍പ്പെട്ട ഗുണ്ടകളെക്കൊണ്ട് ആക്രമിച്ച് അടിച്ചിരുത്തുന്ന, അല്ലെങ്കില്‍ അമ്പത്തിരണ്ടു വെട്ടുവെട്ടി ക്രൂരമായി കൊല്ലുന്ന ഇന്നത്തെ പൈശാചികവും മൃഗീയവുമായ രാഷ്ട്രതന്ത്രത്തെ നാം കണ്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ പ്രതിയോഗിയാണെങ്കിലും അദ്ദേഹത്തെ ആദരിച്ചുകൊണ്ട് നേരിടുക എന്ന സാമാന്യമര്യാദ ഇന്നത്തെ സാമാജികന്മാര്‍ പഠിക്കേണ്ട ഒരു പാഠം തന്നെയാണ്. അവിടെയാണ് രാമായണാദികളുടെ പ്രസക്തി കുടികൊള്ളുന്നത്.