ചരിത്രം മറന്നുപോകുന്നവരുടെ ഭാവി ഇരുളടഞ്ഞതാവും. വ്യക്തികള്‍ക്കും സമൂഹത്തിനും ഇത് ബാധകമാണ്. അതുകൊണ്ട് കേസരി വാരികയുടെ ഈ വര്‍ഷത്തെ ഓണംവിശേഷാല്‍ പതിപ്പിന്റെ മുഖ്യ പ്രമേയമായി ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ഏറെ പരിക്കേല്‍പ്പിച്ച ശതാബ്ദിയിലെത്തിയ മാപ്പിളകലാപത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ചാണ്. ആഗസ്റ്റ് ഇരുപതിനാണ് ഈ വര്‍ഷത്തെ ഒന്നാം ഓണം. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ഇതേ ദിവസമാരംഭിച്ച കലാപമാണ് ഖിലാഫത്ത് ലഹളയെന്നും മാപ്പിളക്കലാപമെന്നും അറിയപ്പെടുന്നത്. ഇന്നത്തെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശങ്ങളില്‍ നടന്ന ഭീകര വര്‍ഗ്ഗീയ കലാപം ചരിത്രത്തിന്റെ ഏടുകളില്‍ കര്‍ഷക ലഹളയായും സ്വാതന്ത്ര്യസമരമായും രൂപാന്തരപ്പെടുന്ന കാഴ്ചയ്ക്കും നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. സംഘടിത മതങ്ങളുടെ വോട്ടുബാങ്ക് അവര്‍ക്കു നല്‍കുന്ന രാഷ്ട്രീയ മൂല്യം അധികാരത്തിന്റെ ഇടനാഴികളിലും അക്കാദമിക മണ്ഡലങ്ങളിലും ചെലുത്തുന്ന ദുഃസ്വാധീനങ്ങള്‍ക്ക് ഉത്തമ ഉദാഹരണങ്ങള്‍ കേരളത്തിന്റെ ചരിത്രരചനയില്‍ അങ്ങോളമിങ്ങോളം കാണാന്‍ കഴിയും. മൈസൂര്‍ സുല്‍ത്താന്മാരായിരുന്ന ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടത്തോടെ മലബാറില്‍ ആരംഭിച്ച ഹിന്ദു വംശഹത്യയുടെ ഭീകരവും പൈശാചികവുമായ രൂപാന്തരമായിരുന്നു ഖിലാഫത്ത് സമരമെന്ന പേരില്‍ അരങ്ങേറിയ മാപ്പിളക്കലാപം. യമനിലും സിറിയയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ഇസ്ലാമിക ഭീകര സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന നരമേധങ്ങളില്‍ ഇരകളെ എന്തൊക്കെ ദണ്ഡന മുറകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവോ അവയെല്ലാം മലബാറിലെ ഹിന്ദുക്കള്‍ക്ക് മേലെ ആയിരത്തിതൊള്ളായിരത്തിഇരുപത്തിഒന്നില്‍ പ്രയോഗിച്ചിട്ടുണ്ട്. ഭവന ഭേദനങ്ങളും ക്ഷേത്ര ധ്വംസനങ്ങളും കൂട്ടമാനഭംഗങ്ങളും കഴുത്തറുക്കലും ജീവനോടെ തൊലിയുരിക്കലുമെല്ലാം അരങ്ങേറിയ മതഭ്രാന്തിനെയാണ് ചിലരിന്ന് സ്വാതന്ത്ര്യസമരമെന്നും ജന്മി കൂടിയാന്‍ സംഘര്‍ഷമെന്നും ഓമനപ്പേരിട്ട് വിളിക്കുന്നത്. ഇരുപത്തൊന്നിലെ വംശഹത്യയുടെ നടുക്കുന്ന ഓര്‍മ്മകളുമായി കഴിയുന്ന ഇരകളുടെ പിന്‍തലമുറ എല്ലാം മറന്ന് സൗഹാര്‍ദ്ദത്തോടെ ജീവിക്കാന്‍ ശ്രമിക്കുമ്പോഴാണ് രണ്ടാം മാപ്പിളകലാപത്തിന്റെ കൊലവിളികളുമായി ഭീകരവാദികള്‍ തെരുവുനിറഞ്ഞാടുന്നത്. വാട്‌സ് ആപ്പ് ഹര്‍ത്താലിലും, പൗരത്വനിയമവിരുദ്ധ പ്രക്ഷോഭങ്ങളിലുമൊക്കെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെയും ആലി മുസലിയാരുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും പ്രേതരൂപികള്‍ ചുടലനൃത്തം നടത്തുന്നത് നിഷ്പക്ഷ മലയാളികള്‍ ആശങ്കയോടെയാണ് നോക്കിനിന്നത്. ഇരുപത്തൊന്നിലെ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ വീരപരിവേഷത്തോടെ ചിത്രീകരിക്കാനും അവര്‍ക്ക് സ്മാരകങ്ങള്‍ പടുത്തുയര്‍ത്താനും ശ്രമിക്കുന്ന മതമൗലികവാദികള്‍ക്ക് ദേശീയവാദികളും സമാധാന പ്രേമികളുമായ മുസ്ലീം ജനസാമാന്യത്തിന്റെ പിന്‍തുണയില്ലെന്ന് അവര്‍ ഉറക്കെ പറയേണ്ട സമയമാണ്. പകരം ഇരകളുടെ പിന്‍മുറക്കാരുടെ വ്രണിത നൊമ്പരങ്ങളില്‍ തീക്കൊള്ളിവയ്ക്കാന്‍ ശ്രമിച്ചാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും.1921ലെ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വംകൊടുത്ത വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ചോക്കാട് ഗ്രാമത്തില്‍ സ്മാരകം പണിയാനുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഈ അടുത്തുണ്ടായ തീരുമാനം അത്യന്തം അപകടകരമായ ഒരു നീക്കമാണ്.
നാഗാളിക്കാവിലും തുവ്വൂരിലും മതം മാറാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ 1921 ലെ ഇസ്ലാമിക കലാപകാരികള്‍ കഴുത്തറുത്ത് കിണറുകളില്‍ തള്ളിയ ഹിന്ദു സമൂഹത്തിന്റെ നിലവിളികള്‍ രണ്ടായിരത്തി ഇരുപത്തൊന്നിലും മാറ്റൊലികൊള്ളുമ്പോള്‍ ചരിത്രം ഓര്‍മ്മപ്പെടുത്തലായി മുന്നിലെത്തുന്നു. നിലവിളി നിലയ്ക്കാത്ത വംശഹത്യയുടെ അത്തരം കിണറുകള്‍ ചരിത്രത്തിലിനി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകണം. അത്തരമൊരു ഓര്‍മ്മപ്പെടുത്തലിന്റെ അക്ഷരദൗത്യമാണ് കേസരിയുടെ ഈ വര്‍ഷത്തെ ഓണപ്പതിപ്പിന്റെ മുഖ്യ പ്രമേയം. എല്ലാ വായനക്കാര്‍ക്കും കേസരിവാരികയുടെ തിരുവോണാശംസകള്‍..
ഡോ.എന്‍.ആര്‍.മധു-
മുഖ്യപത്രാധിപര്‍
തുടര്‍ന്ന് വായിക്കാം- നിലവിളി നിലയ്ക്കാത്ത കിണറുകള്‍