ബ്രിട്ടീഷ്ഭരണം നിലനിന്ന മലബാര്‍ ജില്ലയിലെ ഏറനാട് താലൂക്കില്‍ തിരൂരങ്ങാടി, പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍, പൂക്കോട്ടൂര്‍ ഭാഗങ്ങളില്‍ 1921-ല്‍ അരങ്ങേറിയ മാപ്പിള കലാപമെന്ന ഹിന്ദുവംശഹത്യക്ക് നൂറുവയസ്സാവുന്ന ചരിത്രഘട്ടത്തിലാണ് നാമിന്ന് എത്തിനില്‍ക്കുന്നത്. ഖിലാഫത്ത് ലഹളയെന്നും മലബാര്‍ ലഹളയെന്നും ചരിത്രകാരന്മാര്‍ പേരിട്ടുവിളിച്ച മാപ്പിള കലാപത്തെ സത്യസന്ധമായി ചിത്രീകരിച്ച സാഹിത്യകൃതികളേതൊക്കെയാണ് എന്ന ചോദ്യത്തിന് ഈ സന്ദര്‍ഭത്തില്‍ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിക്കുന്നു. മാപ്പിള കലാപത്തിന്റെ യഥാതഥമായ ചരിത്രം മറച്ചുപിടിക്കുവാനും പുതിയ പാഠങ്ങള്‍ പടച്ചുണ്ടാക്കി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനും മനുഷ്യത്വം തൊട്ടുതീണ്ടാത്ത മതഭ്രാന്തന്മാരെ വിശുദ്ധരായ സ്വാതന്ത്ര്യസമരസേനാനികളാക്കുവാനും ജിഹാദിപ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ കച്ചകെട്ടി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ ഈ ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്തേണ്ടത് കേരളീയ സമൂഹത്തിന്റെ കടമയായി മാറിയിരിക്കുകയാണ്. ഗള്‍ഫ് സന്ദര്‍ശനമെന്ന എച്ചില്‍ക്കഷണം കാട്ടിയും പുരസ്‌കാരങ്ങള്‍ നല്‍കിയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ സൗകര്യമേര്‍പ്പെടുത്തിയും വേദികളില്‍ സ്ഥാനം നല്‍കിയും കുത്സിതമാര്‍ഗ്ഗത്തിലുടെ കൈവന്ന പണമുപയോഗിച്ച് ചരിത്രവിരുദ്ധമായ സിനിമകളൊരുക്കുവാന്‍ അവസരം നല്‍കിയും തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ വേണ്ടതിലേറെ പ്രാധാന്യം നല്‍കിയും സാംസ്‌കാരിക മേഖലയിലെ ഭിക്ഷാംദേഹികളെ മൊത്തമായി ഏറ്റെടുത്ത് മാപ്പിള കലാപത്തെ മഹത്വവത്ക്കരിക്കുവാന്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ ബൗദ്ധികപ്രവര്‍ത്തനം അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍ ഈ കടമ നിര്‍വഹിക്കേണ്ടത് ചിന്താശീലരായ ദേശഭക്തരാണ്. ദേശത്തോട് കൂറുള്ള ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമടക്കമുള്ളവര്‍ ഈ കടമ നിര്‍വ്വഹിക്കാന്‍ ഒറ്റ മനസ്സോടെ രംഗത്തിറങ്ങേണ്ടതാണ്; ’21-ല്‍ ഊരിയ വാളുകള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന മുദ്രാവാക്യം ഉയരുമ്പോള്‍ വിശേഷിച്ചും.
മാപ്പിള കലാപത്തെ വസ്തുനിഷ്ഠമായും സത്യസന്ധമായും ചിത്രീകരിക്കുവാന്‍ ധൈര്യം കാട്ടിയ എഴുത്തുകാരെ കലാപത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുവാനും നാം തയ്യാറാവണം. ‘ദുരവസ്ഥ’ എഴുതിക്കൊണ്ട് മഹാകവി കുമാരനാശാനും ‘കയര്‍’ എഴുതിക്കൊണ്ട് തകഴി ശിവശങ്കരപ്പിള്ളയും ‘സുന്ദരികളും സുന്ദരന്മാരും’ എഴുതിക്കൊണ്ട് ഉറൂബും ‘ഒരു ദേശത്തിന്റെ കഥ’ രചിച്ചുകൊണ്ട് എസ്.കെ. പൊറ്റെക്കാടും ‘ബലിമൃഗങ്ങള്‍’ എഴുതി ടി. സുകുമാരനും മാപ്പിള കലാപത്തിന്റെ കെടുതികള്‍ സൂക്ഷ്മമായി വിവരിച്ചത് എപ്രകാരമാണെന്ന് മനസ്സിരുത്തി നമ്മള്‍ പഠിക്കണം.
‘ദുരവസ്ഥ’ – സത്യദര്‍ശനത്തിന്റെ കവിത
മാപ്പിള കലാപത്തിന്റെ യഥാതഥമായ ചിത്രീകരണംകൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ ഖണ്ഡകാവ്യമാണ് കുമാരനാശാന്റെ ദുരവസ്ഥ (1922). കുമാരനാശാന്റെ സത്യസന്ധതയുടെയും ആര്‍ജ്ജവത്തിന്റെയും ധീരതയുടെയും നേര്‍സാക്ഷ്യമായ ഈ കൃതിയെ തമസ്‌കരിക്കുവാനും തരംകിട്ടുമ്പോഴൊക്കെ ഭര്‍ത്സിക്കുവാനുമാണ് വ്യാജമതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരായ സാഹിത്യവിമര്‍ശകന്മാരും സാംസ്‌കാരികനായകന്മാരും നാളിതുവരെ ശ്രമിച്ചുപോരുന്നത്. മാപ്പിള കലാപത്തെ സ്വാതന്ത്ര്യസമരമായും ബ്രിട്ടീഷ്‌വിരുദ്ധലഹളയായും കാര്‍ഷികസമരമായും ജന്മിത്വവിരുദ്ധ പ്രക്ഷോഭമായും വക്രീകരിച്ചവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ദുരവസ്ഥയുടെ പ്രമേയവും തീയില്‍ കുരുത്ത ചോദ്യങ്ങളും അലോസരമുണ്ടാക്കുന്നത് സ്വാഭാവികം മാത്രം. ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകളും വിവേകാനന്ദസാഹിത്യവുമായുള്ള ഗാഢസമ്പര്‍ക്കവും പകര്‍ന്നേകിയ ആര്‍ഷസംസ്‌കാരാഭിമാനത്തിന്റെ ബലിഷ്ഠമായ അടിത്തറയില്‍ കാലുറപ്പിച്ചാണ് കുമാരനാശാന്‍ ദുരവസ്ഥ രചിച്ചത്. ഹിന്ദുസമൂഹത്തിന്റെ അസംഘടിതാവസ്ഥ മുതലെടുത്ത് ഇസ്ലാമികതീവ്രവാദത്തിന്റെ വക്താക്കള്‍ ഹിംസയുടെ അദ്ധ്യായങ്ങള്‍ കേരളചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് എങ്ങനെയാണെന്ന് ക്രാന്തദര്‍ശിയായ മഹാകവി കൃത്യമായി തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ദുരവസ്ഥ. ജാതിരഹിതമായ ഒരു സനാതനസമൂഹം ദുരന്തപാഠങ്ങള്‍ ഉള്‍ക്കൊണ്ട് അചിരേണ ഉയര്‍ന്നുവരുമെന്ന് കുമാരനാശാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. ദുരവസ്ഥയ്‌ക്കെതിരെ സംഘടിതമതശക്തികള്‍ കൂട്ടമായി പാഞ്ഞടുത്തപ്പോഴും പതറാതെ തലയുയര്‍ത്തിനില്‍ക്കുവാന്‍ കുമാരനാശാന് സാധിച്ചിരുന്നു. ആലപ്പുഴ മുസ്ലിം യുവജനസംഘത്തിന്റെ ദുരവസ്ഥയ്‌ക്കെതിരായ പടപ്പുറപ്പാടിന് ഉരുളയ്ക്കുപ്പേരിപോലെ മറുപടി കൊടുക്കുവാനുള്ള കരളുറപ്പും മഹാകവിക്കുണ്ടായിരുന്നു.
ദ്രാവിഡവൃത്തത്തില്‍ ഗാനാത്മകമായ ശൈലിയില്‍ കൃതിയെഴുതിയതും ബോധപൂര്‍വ്വംതന്നെ. ജനമനസ്സിലേക്ക് ഈ കൃതി വേഗമെത്തിച്ചേരണമെന്നും മാപ്പിളലഹളയുടെ നേര്‍ച്ചിത്രം ലോകമറിയണമെന്നും കുമാരനാശാന്‍ തീവ്രമായി അഭിലഷിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ആലപ്പുഴ മുസ്ലീം യുവജനസംഘത്തിന്റെ പ്രമേയത്തിന് കൃത്യമായ മറുപടി ആശാന്‍ കൊടുത്തത്. ആലപ്പുഴ മുസ്ലീം യുവജനസംഘത്തിന്റെ പ്രമേയവും ആശാന്റെ മറുപടിയും ചരിത്രപ്രാധാന്യമുള്ളതാണ്. ”എന്‍. കുമാരനാശാന്‍ അവര്‍കള്‍ രചിച്ചിട്ടുള്ള ‘ദുരവസ്ഥ’ എന്ന പദ്യകൃതിയില്‍ ഇസ്ലാംമതത്തെയും സമുദായത്തെയും അകാരണമായും അടിസ്ഥാനരഹിതമായും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഒട്ടനേകം പ്രയോഗങ്ങള്‍ കാണുന്നതിനാല്‍ പ്രസ്തുത കൃതിയോട് മുസ്ലീങ്ങള്‍ക്കുള്ള വെറുപ്പിനെ ഈ യോഗം രേഖപ്പെടുത്തുന്നു. പരസ്പരം സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിച്ചുവരുന്ന ഹിന്ദു-മുസ്ലീം സമുദായങ്ങളെ ഭിന്നിപ്പിക്കാതിരിക്കുന്നതിനും മുസ്ലീങ്ങള്‍ക്കുണ്ടായിട്ടുള്ള അവജ്ഞയെ ഇല്ലാതാക്കുന്നതിനുംവേണ്ടി പ്രസ്തുതകൃതിയുടെ പ്രസിദ്ധീകരണത്തെ പിന്‍വലിക്കണമെന്ന് ഈ യോഗം അദ്ദേഹത്തോട് ആവശ്യപ്പെടുന്നു.” (ആലപ്പുഴ മുസ്ലീം യുവജനസംഘത്തിന്റെ പ്രമേയം (മലയാളമാസം 23-4-98). ഇനി ആശാന്‍ നല്‍കിയ മറുപടി വായിക്കുക.
”മുസ്ലീം യുവജനസംഘം കാര്യദര്‍ശി അവര്‍കള്‍ക്ക്,
മാന്യരേ!
നിങ്ങളുടെ 24-ാം നൂറ്റാണ്ടിലെ കത്തും ‘പ്രതിഷേധയോഗ’ത്തിലെ പ്രമേയത്തിന്റെ പകര്‍പ്പും കിട്ടി. ‘ദുരവസ്ഥ’ എന്ന എന്റെ കൃതിയില്‍ നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവെ സ്പര്‍ശിക്കുന്നതായി സഭ്യേതരമായ യാതൊരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓര്‍ക്കുന്നില്ല. മലബാറില്‍ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും മതഭ്രാന്തിനെ മുന്‍നിര്‍ത്തിയ അവരുടെ പൈശാചിത പ്രവൃത്തികളെയും അതില്‍ കാവ്യയോഗ്യമായ വിധത്തില്‍ വര്‍ണിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ രസാനുഗുണമായും, ലഹളയെ സംബന്ധിച്ച് ഞാന്‍ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങള്‍ അവരെയും അവരുടെ പ്രവൃത്തികളെയും മാത്രം കുറിക്കുന്നവയാണ്. ദൂരസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകള്‍ വിവക്ഷിക്കുന്നില്ല. ശാന്തമായ മനഃസ്ഥിതിയോടു കൂടി പുസ്തകം ദയ ചെയ്ത് ഒരിക്കല്‍കൂടി വായിച്ചുനോക്കിയാല്‍, വാസ്തവം നിങ്ങള്‍ക്കുതന്നെ വെളിവാകുന്നതാണ്. ആ കൃതിയുടെ ഉദ്ദേശ്യം തന്നെ സമുദായപരിഷ്‌കരണമാകുന്നു. ഒരു കാവ്യത്തില്‍ ദോഷങ്ങളെ ദുഷിപ്പിക്കുന്നത് അവയില്‍ നിന്നു മുക്തമാക്കി വ്യക്തികളെയും സമുദായത്തെയും ശുദ്ധീകരിക്കണമെന്നുള്ള സദുദ്ദേശ്യത്തോടുകൂടിയതാണ്. ഈ കൃതിയിലും അപ്രകാരമേ ചെയ്തിട്ടുള്ളൂ. ഹിന്ദുമതത്തിലെയും മുഹമ്മദുമതത്തിലെയും ഉത്തമാദര്‍ശങ്ങള്‍ക്ക് രണ്ടു മതത്തിലെയും ഉത്തമാനുയായികള്‍ക്കും അതില്‍ ആക്ഷേപാര്‍ഹമായി ഒന്നും ഉണ്ടായിരിക്കില്ലെന്നാണ് എന്റെ ദൃഢമായ വിശ്വാസം.
വിശേഷിച്ചും പല സംഗതിയിലും എനിക്കു ബഹുമാനമുള്ള മുസ്ലീം മതത്തെയും അനവധി യോഗ്യന്മാരും എനിക്കുതന്നെ പല മാന്യസ്‌നേഹിതന്മാരുമുള്ള നിങ്ങളുടെ സമുദായത്തെയും വൃഥാ ആക്ഷേപിച്ചു അതൃപ്തി സമ്പാദിപ്പാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഈ കൃതി എഴുതാന്‍ ഞാന്‍ സമയവ്യയം ചെയ്തതെന്ന് തീരുമാനിക്കുന്നത് കഷ്ടമല്ലേ?
അതുകൊണ്ട്, വൃഥാ തെറ്റിദ്ധരിച്ച് ക്ഷോഭം ഉണ്ടാക്കാതിരിപ്പാന്‍ പ്രതിഷേധയോഗക്കാരോട് ഞാന്‍ സ്‌നേഹപൂര്‍വം അപേക്ഷിക്കുന്നതായി അറിയിപ്പാന്‍ താല്പര്യപ്പെടുന്നു” (ആശാന്റെ മറുപടി, 98 വൃശ്ചികം 28.)
ഇസ്ലാം മതത്തെയല്ല, ഇസ്ലാമിന്റെ പേരില്‍ നടന്ന ഭീകരതയെയാണ് താന്‍ എതിര്‍ത്തതെന്നും അറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളെയാണ് കൃതിയിലൂടെ ചിത്രീകരിച്ചതെന്നും സമുദായ പരിഷ്‌കരണമാണ് തന്റെ ലക്ഷ്യമെന്നും ആശാന്‍ മറുപടി നല്കിയത് പ്രതിഷേധക്കാര്‍ക്ക് ലഭിച്ച കനത്ത ആഘാതമായിരുന്നു. ‘ദുരവസ്ഥ’ പിന്‍വലിക്കണമെന്ന മുഖ്യാവശ്യത്തെ അവഗണനാപൂര്‍വം നോക്കിക്കണ്ട രീതിയും ശ്രദ്ധേയമായിരുന്നു. മാപ്പിളലഹളയില്‍ കൊല്ലപ്പെട്ട ഹിന്ദുക്കളോട് ആദരാഞ്ജലി രേഖപ്പെടുത്താത്ത ആലപ്പുഴ മുസ്ലീം യുവജനസംഘത്തിന്റെ പ്രമേയം സങ്കുചിത താത്പര്യത്തില്‍നിന്ന് ഉടലെടുത്ത അസഹിഷ്ണുതയുടെ ഉത്പന്നമാണെന്ന് കുമാരനാശാന്‍ മനസ്സിലാക്കിയിരുന്നു. ‘ദുരവസ്ഥ’യെ അഞ്ചടിക്കവിതയെന്ന് ആക്ഷേപിച്ചവരും കുമാരനാശാനെ ‘ദുരവസ്ഥ’ എഴുതിയതിന്റെ പേരില്‍ വേട്ടയാടിയവരും ഒരുപോലെ കുറ്റക്കാരാണ്. ഡോ. സി.കെ.കരീമും ഇ.മൊയ്തു മൗലവിയുമടക്കം എത്രയോ വ്യക്തികള്‍ ‘ദുരവസ്ഥ’ രചിച്ചതിന്റെ പേരില്‍ കുമാരനാശാനില്‍ വര്‍ഗീയ പക്ഷപാതം ആരോപിച്ചിട്ടുണ്ട്. കുമാരനാശാന്‍ അപമൃത്യുവിനിരയായത് പോലും ഈ കൃതി എഴുതിയതുകൊണ്ടാണെന്ന് പറഞ്ഞവരുണ്ട്. കാലം അവരോട് കണക്കുചോദിക്കട്ടേ. ‘ദുരവസ്ഥ’യുടെ നൂറാംവാര്‍ഷികം 2022-ല്‍ ഉചിതമായ വിധത്തില്‍ ചര്‍ച്ചചെയ്യപ്പെടണം. കുമാരനാശാന്റെ ധീരതയും സ്വസംസ്‌കാരാഭിമാനവും സമൂഹമനസ്സില്‍ രൂഢമൂലമായി പതിയുവാന്‍ ഇതുവഴി കഴിയുമെന്ന് പ്രത്യാശിക്കാം.
മലബാര്‍ ലഹളയെന്നല്ല മാപ്പിളലഹള എന്നുതന്നെയാണ് ഹിന്ദുവംശഹത്യയെ കുമാരനാശാന്‍ വിളിച്ചതെന്ന് ‘ദുരവസ്ഥ’യുടെ മുഖവുര വായിക്കുമ്പോള്‍ വ്യക്തമാവുന്നുണ്ട്. മാപ്പിളലഹളയുടെ ഭാഗമായി നടന്ന സംഭവങ്ങളെ കേരളചരിത്രത്തിലെ രക്തരൂക്ഷിതമായ അദ്ധ്യായമായി അടയാളപ്പെടുത്തിയതും ശ്രദ്ധേയമാണ്. മനുഷ്യഭാവനപോലും പരാജയപ്പെടുന്ന ഭയങ്കരങ്ങളും പൈശാചികങ്ങളുമായ കൂട്ടക്കുരുതികളും ക്രൂരബലാത്സംഗങ്ങളും തീവെട്ടിക്കൊള്ളയും ജിഹാദിന്റെ അന്യമതനിന്ദയും മാപ്പിള കലാപത്തിലുള്‍ച്ചേര്‍ന്നിരുന്നുവെന്ന് എതിര്‍പ്പുകള്‍ ഉയരുമെന്നറിഞ്ഞിട്ടും തുറന്നു രേഖപ്പെടുത്തുവാന്‍ കുമാരനാശാനിലെ വരകവിക്ക് സാധിച്ചുവെന്ന വസ്തുത നിസ്സാരമായി നമ്മള്‍ കാണരുത്. മാപ്പിള കലാപം ഏല്‍പിച്ച ഉണങ്ങാത്ത മുറിപ്പാടുകളില്‍നിന്ന് ചരിത്രപാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഹിന്ദുസമൂഹം സുസംഘടിതമാവണമെന്ന സദുദ്ദേശ്യത്തോടെയാണ് കവി ദുരവസ്ഥയെഴുതുവാന്‍ തൂലികയേന്തിയത്. സാവിത്രി അന്തര്‍ജ്ജനത്തെയും ചാത്തപ്പുലയനെയും അഗ്നിസാക്ഷിയായി വിവാഹം കഴിപ്പിച്ചുകൊണ്ട് ഹിന്ദുസമൂഹത്തിന്റെ ഭാവിശ്രേയസ്സിനുള്ള വഴി ചെത്തിക്കോരുകയായിരുന്നു ‘ദുരവസ്ഥ’യിലൂടെ കുമാരനാശാന്‍.
സാവിത്രിയുടെ ദയനീയമായ ജീവിതാവസ്ഥ ചിത്രീകരിക്കുന്ന സന്ദര്‍ഭത്തില്‍ മാപ്പിള കലാപകാരികളുടെ ഹീനപ്രവൃത്തികളെ കൃത്യമായി കുമാരനാശാന്‍ ചിത്രീകരിച്ചിട്ടുണ്ട്.
”ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ കേറി-
കൊള്ളയിട്ടാര്‍ത്തഹോ തീ കൊളുത്തി
വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
സന്താനവല്ലിയാണിക്കുമാരി
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
‘അള്ളാ’മതത്തില്‍ പിടിച്ചുചേര്‍ത്തും”
ആകാശത്ത് വിളങ്ങിയ നക്ഷത്രമായ സാവിത്രിയെ കുണ്ടിലേയ്ക്ക് വീഴ്ത്തിയത് വിധിയല്ലെന്നും മാപ്പിള കലാപകാരികളാണെന്നും വ്യക്തമായിത്തന്നെ കുമാരനാശാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ശാപം പിണഞ്ഞ ദേവതയെപ്പോലെ നിലകൊള്ളുന്ന സാവിത്രി വാസ്തവത്തില്‍ മാപ്പിളകലാപത്തിനിരയായ ഹിന്ദുസ്ത്രീകളുടെ പ്രതീകമാണ്. മാപ്പിള കലാപകാരികളുടെ പിടിയിലകപ്പെട്ടിരുന്നുവെങ്കില്‍ അവള്‍ ക്രൂരമായി ബലാത്സംഗത്തിന് വിധേയമാവുകയോ കൊല്ലപ്പെടുകയോ ചെയ്യുമായിരുന്നു. അവള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നുവെന്ന് കുമാരനാശാന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
”ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-
പുള്ളിമാന്‍ കണ്ണിയാള്‍ ചാടിപ്പോന്നാള്‍
നായാട്ടിനായി വളഞ്ഞ വനം വിട്ടു
പായുന്നൊരൊറ്റ മാന്‍കുട്ടിപോലെ
വേകുന്ന സൗധം വെടിഞ്ഞു പറന്നുപോ-
മേകയാം പ്രാവിന്‍ കിടാവുപോലെ”
മാപ്പിള കലാപകാലത്ത് നടന്ന കൊള്ളയും വീടുകത്തിക്കലും ക്രൂരകൊലപാതകങ്ങളും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനങ്ങളും ഒന്നൊഴിയാതെ ഈ വരികളിലൂടെ വരച്ചുകാട്ടുന്ന കുമാരനാശാന്‍ ഹിന്ദുസമൂഹത്തിന്റെ നിത്യാദരവിന് പാത്രീഭൂതനായതിനാല്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല. ജിഹാദിസത്തിന്റെ അപ്പക്കഷണങ്ങള്‍ക്കായി മാപ്പിള കലാപത്തെ മഹത്തായ പോരാട്ടമായി പേനയുന്തികളായ ചില എഴുത്തുകാര്‍ വാഴ്ത്തിപ്പാടുന്ന സമകാലിക പശ്ചാത്തലത്തിലാണ് കുമാരനാശാന്റെ ആത്മസ്ഥൈര്യവും സത്യചിത്രീകരണപാടവവും കൂടുതല്‍ കൂടുതല്‍ ജ്വലിച്ചുണരുന്നത്.
മാപ്പിള കലാപത്തിന്റെ ഭാഗമായി നടമാടിയ പൈശാചികകൃത്യങ്ങളെ സംസ്‌കാരത്തിന്റെ പ്രബുദ്ധരൂപമായ കവിതയിലൂടെ വിശദമായി വിവരിക്കുന്നുണ്ട് കുമാരനാശാന്‍. മാപ്പിള കലാപകാരികളുടെ വരവ് അവതരിപ്പിക്കുന്ന ദുരവസ്ഥയിലെ ഭാഗം ശ്രദ്ധിക്കുക.
”കാളുന്ന പന്തങ്ങള്‍ തീവെട്ടികളിവ
മേളിച്ച ദീപ്തി പരന്നു കാണായ്,
ഉഗ്രമായ്ച്ചൂഴുമിരുട്ടിന്റെ മദ്ധ്യത്തൊ-
രഗ്നിമയമാം തുരുത്തുപോലെ.
ക്രൂരമുഖവും കടുത്ത തടിയുമായ്
പാരം ഭയങ്കരരയ്യോ! കൈയില്‍
വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.
താടികള്‍ നീട്ടിയും വെട്ടിപ്പലവിധം
പേടിയാമ്മാറുതെറുത്തുവച്ചും
തൊപ്പിയിട്ടും ചിലര്‍ കുപ്പായമിട്ടുമ-
ങ്ങല്‍പം ചിലര്‍ നിലയങ്കിയാര്‍ന്നും
കട്ടി ‘ക്കയലി’ മീതേയരഞ്ഞാണ്‍ ചേര്‍ത്തു
കെട്ടിയുടുത്തും ചിലര്‍, ചിലപേര്‍
വക്കില്‍ നിറം കാച്ചിയോരു വെണ്‍മുണ്ടര-
വാറിട്ടിറുക്കിയുടുത്തുമുള്ളോര്‍
ഒട്ടാള്‍ മരച്ചെരുപ്പുള്ളോ, രില്ലാത്തവ-
രൊട്ടുപേരങ്ങനെയങ്കണത്തില്‍
കഷ്ടം! കാണായിതസംഖ്യം പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസന്മാര്‍!”
ഈ വിവരണത്തിന് സമാനമായ എത്രയോ രംഗങ്ങള്‍ അന്ന് നടന്നിരുന്നുവെന്ന് സത്യസന്ധരായ ചരിത്രകാരന്മാരുടെ മാപ്പിള കലാപസംബന്ധിയായ പഠനങ്ങളില്‍ നിന്നുതന്നെ വ്യക്തമാവുന്നുണ്ട്. മാപ്പിള കലാപത്തിന്റെ ഭീകരതയിലേയ്ക്ക് ഇത്ര തെളിഞ്ഞ കണ്ണുകളോടെ മലയാളത്തില്‍ മറ്റൊരു കവിയും നോക്കിയിട്ടില്ല.
”കഷ്ടം നിലംപതിക്കുന്നിതാ പാവങ്ങള്‍
വെട്ടുകളേറ്റും വെടികള്‍കൊണ്ടും
ഘോരം! ശവങ്ങള്‍ പിടഞ്ഞടിഞ്ഞു ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞു പാഞ്ഞും
പാവനമാം മുറ്റമിപ്പോള്‍ ഭരണിനാള്‍
കാവില്‍ക്കുരുതിക്കളം കണക്കായ്!
എന്നല്ലുപരിയൊഴിഞ്ഞ തോക്കിന്‍ വായില്‍
നിന്നുപോയ് ധൂമപിണ്ഡങ്ങള്‍, നീളെ
പാതിരാവായിത്തണുപ്പാര്‍ന്ന വായുവില്‍
ഭൂതങ്ങള്‍പോലെയിഴഞ്ഞിടുന്നു!”
മാപ്പിള കലാപത്തിന്റെ ചോരപുരണ്ട ചരിത്രസത്യങ്ങളെ അതിതീക്ഷ്ണമായി ഇതിലും വ്യക്തമായി പ്രകാശിപ്പിക്കുവാന്‍ ആര്‍ക്ക് സാധിക്കും?
മാപ്പിള കലാപം അടിമുടി സ്ത്രീവിരുദ്ധമായ ചരിത്രസംഭവമാണെന്ന് ലോകത്തോട് വിളിച്ചുപറയുവാനും കുമാരനാശാന്‍ ശ്രമിച്ചിട്ടുണ്ട്. മാപ്പിള കലാപകാലത്തെ മുസ്ലീംസ്ത്രീകളുടെ ത്യാഗനിര്‍ഭരജീവിതത്തെക്കുറിച്ച് നെടുനെടുങ്കന്‍ ഗവേഷണപ്രബന്ധങ്ങള്‍ സൂകരപ്രസവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ അക്കാദമികമണ്ഡലങ്ങളില്‍ കുമിഞ്ഞുകൂടുമ്പോള്‍ ‘ദുരവസ്ഥ’യിലെ വരികള്‍ക്ക് പ്രസക്തിയേറുകയാണ്.
”ആഹാ! മ്ലേച്ഛന്മാരകായില്‍ കടന്നോരോ
സാഹസം ചെയ്കയായ് സ്ത്രീജനത്തില്‍.
മച്ചിന്മേല്‍നിന്നു നിലവിളി കേള്‍ക്കുന്നു,
മച്ചേതന പിടയുന്നതുള്ളില്‍.
കൂട്ടില്‍ കടന്നോമല്‍ പ്രാവിന്‍ പിടകളെ-
ക്കാട്ടുപോക്കാന്മാര്‍ പോലെന്റെ ശംഭോ!
ദുഷ്ടമുസല്‍മാന്‍ കേറിപ്പിടിക്കയോ
കെട്ടിനകത്തുള്ളബലമാരേ.
അയ്യയ്യോ! കാര്‍കൂന്തല്‍ ചുറ്റിയിജ്ജോനക
കയ്യരിഴച്ചിതാ മുറ്റത്തെത്തി.
ശ്രീദേവി, സീത, ചിരുത തുടങ്ങിയ
ഭൂദേവസ്ത്രീകളും ദാസിമാരും
ആരോമല്‍ മേനിമാര്‍ കഷ്ടം! പിടയുന്നീ
ക്രൂരര്‍തന്‍ കൈകളിലോരോരോ പേര്‍
ഓരോ കാര്‍കൊണ്ടലിന്‍ കോണില്‍
പിടഞ്ഞെഴു
മോരോ പൊന്മിന്നല്‍ക്കൊടികള്‍പോലെ.
അല്ലല്ലയെന്തെല്ലാം ചെയ്യുന്നു കശ്മലര്‍
നല്ലാര്‍ജനങ്ങളെ – കാണ്‍ക വയ്യേ!
അമ്മമാരില്ലേ, സഹോദരിമാരില്ലേ
യിമ്മൂര്‍ഖര്‍ക്കീശ്വരചിന്തയില്ലേ!
ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയി-
ജ്ജന്തുക്ക,ളെന്തതില്‍ നീതിയില്ലേ?”
നിരാലംബരായ സ്ത്രീകളെ അവരുടെ മാതാപിതാക്കന്മാരുടെയും മക്കളുടെയും ഭര്‍ത്താക്കന്മാരുടെ മുന്‍പില്‍വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുന്ന കാമകിങ്കരന്മാരുടെ കിരാതമനോഭാവത്തെ മയമില്ലാത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് കുമാരനാശാന്‍. കലാപകാരികളെ കാട്ടുപൂച്ചകളായും അതിക്രമത്തിനിരയായ സ്ത്രീകളെ പ്രാവിന്‍പിടകളായും ചിത്രീകരിച്ചത് സമാനതകളില്ലാത്ത നിന്ദ്യപ്രവൃത്തികളുടെ തീക്ഷ്ണത ഒട്ടും ചോരാതെ വായനക്കാരുടെ മനതാരിലേയ്ക്ക് കോരിച്ചൊരിയാനായിരുന്നു. ശ്രീദേവിയും സീതയും മാത്രമല്ല കീഴാള സ്ത്രീയായ ചിരുതയും മാംസദാഹികളുടെ വിഷംപുരണ്ട കാമാസ്ത്രങ്ങളേറ്റു അപമാനിതരായെന്ന ചരിത്ര യാഥാര്‍ത്ഥ്യവും കൃത്യമായി കാവ്യാത്മാവിലേയ്ക്ക് വിന്യസിക്കുന്നുണ്ട് സൂക്ഷ്മദൃക്കായ കുമാരനാശാന്‍. കലാപകാരികള്‍ക്ക് മുന്നില്‍ ഇതികര്‍ത്തവ്യതാമൂഢരായി നില്‍ക്കുന്ന ഹിന്ദുസമൂഹത്തെയും കവി വരച്ചുകാട്ടിയിട്ടുണ്ട്. ഹിന്ദുജന്മിമാരുടെ ആശ്രിതന്മാരായും ഭൃത്യന്മാരായും കഴിഞ്ഞുപോന്നിരുന്ന മാപ്പിളമാരും ആയുധധാരികളായി പാഞ്ഞടുത്തതായി കുമാരനാശാന്‍ സൂചിപ്പിച്ച ഭാഗവും മനസ്സിരുത്തി പഠിക്കേണ്ടതാണ്.
”പേര്‍ത്തും ചിലരിവര്‍ നമ്മുടെ വസ്സുക്കള്‍
ചാര്‍ത്തിച്ചു വാങ്ങിക്കഴിവോരല്ലോ
എന്നല്ലി മൂസ്സായും കാസ്സീനും കൂട്ടരും
സ്വന്തം പടിക്കലെ ഭൃത്യരല്ലോ.
എന്നിവര്‍ക്കിങ്ങനെ തോന്നുവാന്‍? നമ്മളെ
യെന്തിവരിന്നഹോ വേട്ടയാടാന്‍?”
പാലൂട്ടിയ കൈയില്‍ തന്നെ വിഷപ്പല്ലുകളമര്‍ത്തുവാന്‍ ഇവരെ പ്രേരിപ്പിച്ചത് അന്ധമായ സ്വമതഭക്തിയും അന്യമതവിരോധവുമാണെന്ന് നിസ്സംശയം പറയാനാവും. അയിത്താദിദുരാചാരങ്ങളുടെ കെട്ടുപാടില്‍പെട്ട് അസംഘടിതരായ ഹിന്ദു സമൂഹമാണ് ഈ അത്യാപത്തിന് അനുകൂലമായ സാമൂഹ്യപശ്ചാത്തലമൊരുക്കിയത് എന്ന യാഥാര്‍ത്ഥ്യവും പിഴവില്ലാതെ വിളിച്ചു പറഞ്ഞിട്ടുണ്ട് മഹാകവി.
മാപ്പിള കലാപത്തെ വിവരിക്കുന്ന ഒട്ടേറെ വരികള്‍ ദുരവസ്ഥയിലുണ്ട്. ലഹളയുടെ അപൂര്‍ണവും അസ്പഷ്ടവുമായ ഛായയും പാഠങ്ങളില്‍ ചിലതിന്റെ മന്ദമായ പ്രതിദ്ധ്വനിയും മാത്രമേ ഇതില്‍നിന്നു ഗ്രഹിപ്പാന്‍ കഴിയൂ എന്ന് മുഖവുരയില്‍ കുമാരനാശാനെഴുതിയിട്ടുണ്ട്. മാപ്പിള കലാപത്തിന്റെ ഭീകരമുഖങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കുവാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്ന ഈ തുറന്നുപറച്ചില്‍, ഒരര്‍ത്ഥത്തില്‍ ഈ കൃതിയില്‍ അവതരിപ്പിച്ചതിന്റെ പതിന്മടങ്ങ് ഭീകരമായിരുന്നു മാപ്പിള കലാപകാരികളുടെ അത്യാചാരങ്ങള്‍ എന്ന യാഥാര്‍ത്ഥ്യത്തെയാണ് പ്രഖ്യാപിക്കുന്നത്. സമകാലികമായ ഇതിവൃത്തത്തില്‍ പടുത്തുയര്‍ത്തിയ കുമാരനാശാന്റെ ഏക ഖണ്ഡകാവ്യമാണ് ദുരവസ്ഥ. കാലഘട്ടത്തോട് കവി നിര്‍വ്വഹിച്ച നീതിനിര്‍വ്വഹണമായിരുന്നു ഈ കൃതി. സാഹിത്യസംബന്ധിയായ വലിയ ഉത്കര്‍ഷം ഈ ഖണ്ഡകാവ്യത്തിനില്ലെന്ന് കുമാരനാശാന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ദുരവസ്ഥയെ തന്റെ മറ്റുകൃതികളുമായി തട്ടിച്ചുനോക്കി വിലക്ഷണരീതിയില്‍ ഉള്ള കാവ്യമാണെന്നു മുദ്രകുത്താനും മഹാകവി തെല്ലും മടിച്ചില്ല. എന്നാല്‍ ശക്തിമത്തായ പ്രതികൂലാവസ്ഥകള്‍ക്കെല്ലാം എതിരായി അക്ഷുണ്ണമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച മഹാകവി സത്യത്തിന്റെ കൊടിയുയര്‍ത്തി ദുരവസ്ഥയെന്ന ചരിത്രകാവ്യത്തിലൂടെ. ഒഴുക്കിനൊത്ത് ഒഴുകുന്നത് ശവത്തിന്റെ സ്വഭാവമാണ്. ഒഴുക്കിനെതിരെ നീന്തുന്നത് ശിവസ്വഭാവവും. ദുരവസ്ഥ ഒഴുക്കിനെതിരെ നീന്തി ജയിച്ച ശൈവതേജസ്സുള്ള കൃതിതന്നെ.
സുന്ദരികളും സുന്ദരന്മാരും – നേരിനുനേരെ പിടിച്ച കണ്ണാടി
ഉറൂബിന്റെ ബൃഹത്തും മഹത്തുമായ നോവലാണ് ‘സുന്ദരികളും സുന്ദരന്മാരും’ (1958). കേരളീയ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ മാപ്പിള കലാപം ഒരു പ്രധാന ചരിത്രസംഭവമായി ഈ നോവലില്‍ കടന്നുവരുന്നുണ്ട്. ഒന്നാംലോകമഹായുദ്ധത്തിനും രണ്ടാംലോകമഹായുദ്ധത്തിനുമിടയ്ക്കുള്ള ശ്മശാനശാന്തിയുടെ അന്തരീക്ഷത്തില്‍ ഇതള്‍ വിടരുന്ന ഈ നോവല്‍ മുന്നോട്ടുവെച്ച ചരിത്രപാഠം വേണ്ടതുപോലെ നാം തിരിച്ചറിഞ്ഞിട്ടില്ല. ഖിലാഫത്തിന്റെ പേരില്‍ നടന്ന കലാപവും ദേശീയ പ്രസ്ഥാനത്തിന്റെ വികാസ പരിണാമങ്ങളും വര്‍ണിച്ച് രണ്ടാം ലോകമഹായുദ്ധത്തിന്റെ സംഘര്‍ഷങ്ങളിലേയ്ക്ക് വ്യാപിക്കുന്ന ഈ നോവല്‍ ഉറൂബിന്റെ കലാദര്‍ശനവും സാമൂഹികവീക്ഷണവും കൃത്യമായി വെളിപ്പെടുത്തുന്ന ഐതിഹാസികമാനമുള്ള മഹത്തായ കൃതിയാണ്. മാപ്പിള കലാപത്തെ കേവലം ഒരു പശ്ചാത്തലമായല്ല ഉറൂബ് നോക്കിക്കണ്ടത്. അനേകം മനുഷ്യനെ ബാധിച്ച ഒരു ചരിത്രദുര്‍ദശയായിട്ടാണ്. കുഞ്ചുകുട്ടിയുടെ ജീവിതത്തെ ദുരന്തനിര്‍ഭരമാക്കുന്നതും ഇരുമ്പന്‍ ഗോവിന്ദന്‍നായരുടെ ജീവിതത്തിന് മാറ്റം വരുത്തുന്നതും മാപ്പിള കലാപമാണ്. നോവലിന്റെ അന്തര്‍ഭാവത്തെ തീക്ഷ്ണതരമാക്കുന്ന മുഖ്യഘടകങ്ങളിലൊന്നായി നിലകൊള്ളുന്നതും മാപ്പിള കലാപമാണ്. മാപ്പിള കലാപം സൃഷ്ടിച്ച ചോരപ്പുഴകളില്‍ പെട്ട് വേദനയനുഭവിച്ച അനേകം കഥാപാത്രങ്ങളെ ഉറൂബ് സുന്ദരികളും സുന്ദരന്മാരും എന്ന നോവലിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. സുലൈമാനായി മതം മാറിയ ഗോവിന്ദന്‍ നായര്‍ ഖദീജയോട് നിര്‍ണായകമായ ഒരു സന്ദര്‍ഭത്തില്‍ പറയുന്ന വാക്കുകള്‍ ആലോചനാമൃതമാണ്. ”ഞാന്‍ ഒരു ഉറുമ്പിനെപ്പോലും ദ്രോഹിച്ചിട്ടില്ല. എന്റെ ഇഷ്ടപ്രകാരം ഞാന്‍ ഇങ്ങനെ ആയതല്ലാ, എന്നെ ആക്കിയതാണ്. ഇന്ന് എനിക്ക് അതില്‍ വ്യസനമില്ല. എല്ലാം ഒന്നുതന്നെ. എന്റെ തല പണയം കെട്ടിയിരുന്നു. ആരുംമേതുല്ലാതെയിരിക്കുന്ന ഒരു സ്ത്രീയെ കൂട്ടിവരാം എന്ന് പറഞ്ഞിട്ടുപോലും എന്നെ വിശ്വസിച്ചില്ല. ഞാന്‍ ഒറ്റുകാരനാകുമത്രേ. ഞാന്‍ കാട്ടാളന്മാരുടെ കൂട്ടത്തിലായിരുന്നു. അന്നെല്ലാവര്‍ക്കും ഭ്രാന്തായിരുന്നു. ഭ്രാന്ത്. ചിലരെല്ലാം കൂടി ചിലരെയെല്ലാം കൊന്നു, ദ്രോഹിച്ചു. എന്നെയും ദ്രോഹിച്ചു. എന്റെ വേദനയും ആശങ്കയും അറിയിച്ചതിന് എന്നെക്കൊണ്ട് ശവം ചുമപ്പിച്ചിട്ടുണ്ട്. എന്നെ പിടിച്ചടിച്ചിട്ടുണ്ട്. എല്ലാവരും കൂടി എന്നെ പിടിച്ച് വേറൊരാളാക്കി. ഭ്രാന്തന്മാരോട് എന്ത് പറയാന്‍? അവിടം കൊണ്ടവസാനിച്ചോ? നോക്കൂ ഖദീജാ, എന്റെ കൈയ്യിന്റെ ചട്ടം മറിച്ചിട്ട് കെട്ടിയിട്ടുണ്ട്. തോക്കിന്റെ ചട്ടകൊണ്ട് നൂറുകണക്കിന് ഇടി ഞാന്‍ കൊണ്ടിട്ടുണ്ട്. എന്തിന്? വെറുതെ ഒന്നും ചെയ്യാത്തതിന്.” ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ സുലൈമാനായി തീര്‍ന്നതിന് പിന്നിലെ ശക്തിയെന്താണെന്നും നിരാലംബരും നിസ്സഹായരുമായ ആളുകളാണ് ക്രൂരപീഡനങ്ങള്‍ക്കിരയായതെന്നും ഭ്രാന്തുപിടിച്ച കാട്ടാളന്മാരാണ് കലാപത്തില്‍ പങ്കെടുത്തതെന്നും നിഷ്ഠൂരമായ പ്രവൃത്തികളാണ് അവര്‍ ചെയ്തതെന്നും സുലൈമാന്‍ തുറന്നു പറയുന്ന ഈ രംഗം ഖിലാഫത്തിന്റെ പേരില്‍ നടന്ന മൃഗീയതയുടെ നേരാഖ്യാനം തന്നെയാണ്. സ്വേച്ഛയനുസരിച്ചല്ല താന്‍ മതം മാറിയതെന്ന് പറയുന്ന സുലൈമാന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കീഴടങ്ങിയ ആയിരക്കണക്കിന് ഹിന്ദുക്കളുടെ പ്രതിനിധിയാണ്. സാമൂഹികമായും സാംസ്‌കാരികമായും തകര്‍ന്ന മനസ്സോടെയാണ് അയാള്‍ ജീവിതം തള്ളിനീക്കുന്നത്. തീര്‍ത്തും ഒരു യന്ത്രത്തെപ്പോലെ ജീവിക്കുന്ന സുലൈമാന്‍ ബോധപൂര്‍വ്വം അന്യവത്കരണത്തിന് വിധേയമാക്കപ്പെട്ട ഒരു ജനതയുടെ കണ്ണീരണിഞ്ഞ പ്രതീകമത്രേ.
‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിന് അതിവിപുലമായ ഒരു ക്യാന്‍വാസാണുള്ളത്. ‘ദുരവസ്ഥ’ യെപ്പോലെ മാപ്പിള കലാപകേന്ദ്രിതമായ ഒരു കൃതിയല്ല ‘സുന്ദരികളും സുന്ദരന്മാരും’. ഉറൂബ് തന്നെ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ”1921 മുതല്‍ 1947 വരെ സ്വാതന്ത്ര്യസമര കാലഘട്ടമാണല്ലോ. അതിനെ പശ്ചാത്തലമാക്കി ഒരു നോവലെഴുതണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ കാലഘട്ടത്തില്‍ സാമൂഹികവും രാഷ്ട്രീയവുമായി കേരളത്തിലുണ്ടായ പരിവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ പുറവും അകവും ആകാവുന്നതും നോക്കിക്കാണാനുള്ള യത്‌നമായിരുന്നു അത്.” മലബാറിന്റെ അക്കാലത്തെ ചരിത്രസ്പന്ദനങ്ങള്‍ സൂക്ഷ്മമായി കഥാഗാത്രത്തിലേക്ക് ഉറൂബ് ആഗിരണം ചെയ്ത രീതി വിശദപഠനമര്‍ഹിക്കുന്നുണ്ട്. മാപ്പിളമാരുടെ ഹാലിളക്കവും ഗാന്ധിയന്‍ വിചാരധാരയുടെ കര്‍മ്മപരിപാടികളും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിലും ഹിംസാത്മകതയിലും വേരുന്നിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വ്യാപനവും ലോകമഹായുദ്ധങ്ങളുടെ ഭീതിദമായ അന്തരീക്ഷവും മലബാറില്‍ ചെലുത്തിയ പ്രഭാവം, വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും വരുത്തിയ ദൂരവ്യാപകമായ പരിവര്‍ത്തനത്തിന്റെ നേര്‍സാക്ഷ്യമായി കണ്ടറിഞ്ഞു രേഖപ്പെടുത്തുകയാണ് ഉറൂബിലെ ഹ്യൂമനിസ്റ്റ്. നോവല്‍ ആവശ്യപ്പെടുന്ന ഭാവനാപരത നിലനിര്‍ത്തിക്കൊണ്ടുതന്നെ ചരിത്രയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ഉറൂബ് വിജയിച്ചിട്ടുണ്ട്. മാപ്പിള കലാപത്തിന്റെ പ്രക്ഷുബ്ധതരംഗങ്ങള്‍ വിഗണിച്ചുകൊണ്ട് കഥ പറഞ്ഞു കയ്യടിനേടുവാന്‍ ഉറൂബ് തയ്യാറായില്ല എന്നതാണ് ഏറെ അഭിനന്ദനാര്‍ഹമായ കാര്യം. ലഹളയുടെ പേവിഷബാധയേറ്റ് അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീണ കുഞ്ചുക്കുട്ടിയമ്മയെ ചിത്രീകരിച്ചുകൊണ്ടാണ് നോവല്‍ തുടങ്ങിയത് തന്നെ. കുഞ്ചുക്കുട്ടിയമ്മയുടെ മരണരംഗം ഉള്ളുലയ്ക്കും വിധം ചിത്രീകരിച്ചതും ശ്രദ്ധേയമാണ്. മഴപെയ്തുതോര്‍ന്നിട്ടും മരംപെയ്യുന്നതുപോലെ മാപ്പിള കലാപം കെട്ടമര്‍ന്നിട്ടും അതിന്റെ ദുരന്തഫലം വ്യക്തികളെയും സമൂഹത്തെയും വിടാതെ പിന്തുടരുന്നത് എങ്ങനെയാണെന്ന് കുഞ്ചുകുട്ടിയമ്മയുടെ ജീവിതത്തിലൂടെ ഉറൂബ് കാട്ടിത്തരികയായിരുന്നു.
ലഹളയുടെ വരവ് ‘ദുരവസ്ഥ’യിലെന്നപോലെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിലും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
”ഒരു നാള്‍ ഉച്ചയ്ക്ക് അവള്‍ തെക്കിനിത്തറയില്‍ ചിന്താശൂന്യയായിട്ടിരിക്കുകയാണ്. പെട്ടെന്ന് കാരണവര്‍ കിതച്ചുകൊണ്ട് ചവിട്ടിക്കയറിവന്നു വിളിച്ചു:
”കുഞ്ചുക്കുട്ടീ”
”ഉം?”
”അവരതാവര്ണൂ!”
”ആര്?”
”ഖിലാഫത്തുകാര്‍!”
”ആര്?”
”ലഹളക്കാരേയ്. ഇല്ലത്തെ പത്തായപ്പുരയിലേക്ക് വന്നു തുടങ്ങിയെന്നോ വന്നുവെന്നോ ഒക്കെക്കേട്ടു.”
നോവലിലെ ഈ സംഭാഷണം വരാന്‍ പോകുന്ന ഭീകര കലാപത്തെകുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. അസംഘടിതമെങ്കിലും ആവേശകരമായ ഒരു ജനപ്രതിഷേധം തരംതാഴ്ന്ന് അക്രമപ്രവര്‍ത്തനങ്ങളായി മാറിയിരിക്കുകയാണെന്ന സത്യവും ഈ നോവലില്‍ രേഖപ്പെടുത്തുന്നുണ്ട് ഉറൂബ്. കൊണ്ടോട്ടി അങ്ങാടിയിലും പൂക്കോട്ടൂരുമടക്കം അരങ്ങേറിയ കൊടുംക്രൂരതയുടെ കഥകള്‍ നാട്ടിലെമ്പാടും പരക്കുന്നതും നോവലില്‍ വിവരിക്കുന്നുണ്ട്. ജനമനസ്സുകള്‍ക്ക് ഖിലാഫത്ത് പ്രസ്ഥാനം ലഹളയായിട്ടാണ് അനുഭവവേദ്യമായതെന്ന ചരിത്രയാഥാര്‍ത്ഥ്യത്തെയും ഉറൂബ് അടിവരയിട്ട് അംഗീകരിക്കുന്നുണ്ട്. മാപ്പിള കലാപകാരികളുടെ മതവെറി സംസ്‌കാരസീമകള്‍ ലംഘിച്ച് മുന്നേറുന്നതും സാധു മനുഷ്യര്‍ വീടും നാടും വെടിഞ്ഞ് അന്യദേശങ്ങളിലേക്ക് ജീവരക്ഷയെ കരുതി പലായനം ചെയ്യുന്നതും നോവലില്‍ ഉറൂബ് അവതരിപ്പിച്ചിട്ടുണ്ട്.
”കാരണവരുടെ വാക്കുകേട്ടപ്പോള്‍ അരിഞ്ഞമൂക്കുകളുടെയും മുലകളുടെയും കണക്ക് അവരുടെ ഉള്ളില്‍ പൊന്തി വന്നു. അവര്‍ ഞെട്ടിപ്പോയി. നെഞ്ചില്‍ നിന്ന് ഒരു ചുഴി അരിച്ചുപൊന്തി. അവര്‍ കിതപ്പോടെ ചോദിച്ചു: ”എന്താവഴി ഏട്ടാ?”
”ഉടനെ പുറപ്പെടണം.”
”എവിടേക്ക്?” കുഞ്ചുക്കുട്ടിയാണ് ചോദിച്ചത്.
”നിശ്ചയമില്ല. എന്നാലും നില്‍ക്കാന്‍ പറ്റില്ല. കെട്ടുകെട്ടിക്കോളൂ.” ഭീതിയും അരക്ഷിതാവസ്ഥയും നടമാടിയ കറുത്തകാലത്തില്‍ നിന്ന് മാത്രം മുളച്ചു പൊന്തുന്ന സംഭാഷണങ്ങളാണിവ. ലഹളക്കാരെ ഭയന്ന് നാനാദേശങ്ങളില്‍ നിന്നുവന്ന അഭയാര്‍ത്ഥികളുടെ ദൃശ്യം മാപ്പിള കലാപത്തിന്റെ കയ്പന്‍ സത്യത്തിലേക്ക് വായനക്കാരെ നയിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും വൃദ്ധകളും ഭീതിയോടെ അധികാരിയുടെ അളിയന്റെ വീട്ടില്‍ കഴിയുന്ന രംഗം ഉറൂബ് കയ്യടക്കത്തോടെ വരച്ചുകാട്ടിയിട്ടുണ്ട്. ലഹളക്കാര്‍ വന്നാല്‍ നേരിടുവാന്‍ തയ്യാറായി നില്‍ക്കുന്ന പുരുഷന്മാരെയും നോവലില്‍ നാം കണ്ടുമുട്ടുന്നുണ്ട്. വീട് ഒരഭയാര്‍ത്ഥി ക്യാമ്പാവുന്ന ആപത്കരമായ ചരിത്രഘട്ടത്തിന്റെ നേരവതരണത്തിന് ഉറൂബ് തയ്യാറാവുന്നതും ശ്ലാഘനീയമാണ്.
ഒരു ദേശത്തിന്റെ കഥ – രസിക്കാത്ത സത്യങ്ങളുടെ കഥനം
ദേശസംസ്‌കൃതിയുടെ അന്തരാത്മാവിലേക്ക് ഉള്ളുണര്‍വ്വോടെ എസ്.കെ. പൊറ്റെക്കാട്ടെന്ന മഹാനായ സാഹിത്യപ്രതിഭ സഞ്ചരിച്ചതിന്റെ സത്ഫലമായി പിറവിയെടുത്ത ‘ഒരു ദേശത്തിന്റെ കഥ’ (1971) മാപ്പിള കലാപത്തെ കൃത്യമായി അടയാളപ്പെടുത്തിയ നോവലാണ്. 1973ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഈ മഹത്തായ ആഖ്യായിക പൊറ്റെക്കാട്ടിന്റെ സര്‍ഗജീവിതത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തിന്റെ സൂചകം കൂടിയാണ്. പൊറ്റെക്കാട്ടിന്റെ ആത്മകഥാപരമായ നോവലെന്ന നിലയിലും ‘ഒരു ദേശത്തിന്റെ കഥ’ ശ്രദ്ധേയമാണ്. പൊറ്റെക്കാട്ടിന്റെ ചരിത്രവീക്ഷണത്തിന്റെയും കവിതാസിദ്ധിയുടെയും ദേശസംസ്‌കാര ചിത്രീകരണവൈദഗ്ദ്ധ്യത്തിന്റെയും ഔന്നത്യം വിളിച്ചോതുന്ന ഈ കൃതിയില്‍ മാപ്പിള കലാപത്തിന്റെ മതാത്മകമായ സ്വഭാവവും ഹിന്ദു സമൂഹത്തോടുള്ള യുദ്ധപ്രഖ്യാപന സ്വഭാവവും സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്.
നോവലിലെ 13-ാം അദ്ധ്യായമായ ‘ജഹള’യില്‍ മാപ്പിള കലാപത്തെ കൃത്യമായി വര്‍ണിക്കുന്നുണ്ട്. ‘എല്ലിന്‍ കൂടും ഇലഞ്ഞിപ്പൂമാലയും’ എന്ന 17-ാമത്തെ അദ്ധ്യായവും ‘ലഹള അടങ്ങുന്നു’ എന്ന 21-ാമത്തെ അദ്ധ്യായവും മാപ്പിള കലാപത്തിന്റെ ഭാഗമായി നടന്ന കൊടും ക്രൂരതയുടെ വിഷലിപ്തമായ ദൃശ്യങ്ങളാലും വിവരണങ്ങളാലും സമ്പന്നമാണ്. സാത്വികനായ പൊറ്റെക്കാട്ടിന്റെ മാനവികതയിലധിഷ്ഠിതമായ ജീവിതദര്‍ശനത്തില്‍ മാപ്പിള കലാപം സൃഷ്ടിച്ച ഭീതിയും അസ്വസ്ഥതയും എത്രമാത്രം പ്രഭാവം ചെലുത്തിയെന്നറിയണമെങ്കില്‍ ഈ അദ്ധ്യായങ്ങള്‍ സനിഷ്‌കര്‍ഷം പഠിക്കണം. പുരോഗമന സാഹിത്യപ്രസ്ഥാനത്തിനൊപ്പം ആദ്യകാലങ്ങളില്‍ സഹകരിക്കുകയും പിന്നീട് അതില്‍ നിന്ന് വിടുതല്‍ പ്രാപിക്കുകയും ചെയ്ത എഴുത്തുകാരനാണല്ലോ പൊറ്റെക്കാട്ട്. ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് പാര്‍ലമെന്റംഗമായ വ്യക്തികൂടിയാണ് അദ്ദേഹം എന്നതും ഓര്‍ക്കാവുന്നതാണ്. പൊറ്റെക്കാട്ടിന്റെ ഉള്ളില്‍ തളരാത്ത ഒരു ദേശസ്‌നേഹി പാര്‍പ്പുറപ്പിച്ചിരുന്നു എന്നതാണ് വാസ്തവം. പെറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഹൈന്ദവ ധര്‍മ്മത്തെ നിഷ്‌കാസനം ചെയ്ത് അധിനിവേശശക്തികള്‍ ദേശപ്പെരുമകളെ കുഴിച്ചുമൂടുന്നതിലുള്ള വ്യഥ വെളിപ്പെടുത്തുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കാനാവും. ഭാരതമെന്ന പുരാതനരാഷ്ട്രത്തിന്റെ മഹത്തായ സംസ്‌കൃതിയില്‍ അഭിമാനിച്ച പൊറ്റെക്കാടിനെ അറിയണമെങ്കില്‍ ബാലിദ്വീപിനെകുറിച്ചും നേപ്പാളിനെ കുറിച്ചും ഇന്‍ഡോനേഷ്യയെ കുറിച്ചും പൊറ്റെക്കാട്ടെഴുതിയ യാത്രാവിവരണങ്ങള്‍ വായിച്ചാല്‍ മതിയാവും. ഈ രാഷ്ട്രഭക്തിയും സ്വധര്‍മാഭിമാനവും തന്നെയാവണം മാപ്പിള കലാപത്തെ സത്യസന്ധമായി ആവിഷ്‌ക്കരിക്കുവാന്‍ പൊറ്റക്കാട്ടിനെ പ്രേരിപ്പിച്ചതും. ‘ജഹള’ എന്ന അദ്ധ്യായത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക.
‘ജഹള ഊക്കു പെരുകിവരികയാണ്. ലഹളക്കാര്‍ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകിപുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും. അവര്‍ ഏതുനിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്കുകിഴക്കുമുള്ള മൂലകളിലെ ഗ്രാമങ്ങള്‍ മുഴുവനും ലഹളക്കാരുടെ വരുതിയിലാണത്രേ. അവര്‍ കച്ചേരികള്‍ കയ്യേറി ഖജാനകള്‍ കൊള്ളയടിച്ചും റിക്കാര്‍ഡുകള്‍ ചുട്ടുകരിച്ചും പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചു കീഴടക്കി തോക്കുകളും മറ്റായുധങ്ങളും കൈവശപ്പെടുത്തിയും എവിടെയും തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്പൂതിരിയില്ലങ്ങളും ഹിന്ദുഭവനങ്ങളും കൈയ്യേറി നെല്ലും പണവും കവര്‍ച്ച ചെയ്തും ഹിന്ദുക്കളെ ബലാത്കാരമായി മതംമാറ്റിയും അതിനു കൂട്ടാക്കാത്തവരെ കൊലപ്പെടുത്തിയും കൂട്ടവാങ്ക് മുഴക്കിക്കൊണ്ട് മുന്നേറുകയാണ്. അവര്‍ സ്വന്തം രാജാവിനെയും ഗവര്‍ണമാരെയും സേനാനായകന്മാരെയും അവരോധിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണം നമശ്ശിവായ ചൊല്ലിപ്പോയി. ലഹളക്കാരെ പേടിച്ചു നാട്ടിന്‍പുറങ്ങളില്‍ നിന്നു ജനങ്ങള്‍ കൂട്ടംകൂട്ടമായി കെട്ടും ഭാണ്ഡങ്ങളുമായി പട്ടണത്തിലേക്കു പ്രവഹിക്കുന്നു – കലാപം ഇങ്ങോട്ടു പടര്‍ന്നു പിടിച്ചാല്‍ പട്ടണത്തിലുള്ളവര്‍ എവിടെ പോകും?”
അതിരാണിപ്പാടിന്റെ ശാന്തസുന്ദരമായ അന്തരീക്ഷം മാപ്പിള കലാപത്തെ തുടര്‍ന്ന് സംഘര്‍ഷ നിര്‍ഭരമാവുന്നതും കലാപകാരികളെ പ്രതിരോധിക്കുവാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും വിശദമായി തന്നെ നോവലില്‍ വിവരിച്ചിട്ടുണ്ട്. ഇസ്ലാമികഭരണം എന്ന ലക്ഷ്യത്തോടെ സാമൂഹ്യഘടനയെ അട്ടിമറിക്കുവാനുള്ള കലാപകാരികളുടെ കുത്സിതപരിശ്രമങ്ങളെ നോവല്‍ കാണാതിരിക്കുന്നില്ല. ഉന്നതജാതിക്കാര്‍ മാത്രമല്ല പിന്നാക്ക ജാതിക്കാരും മാപ്പിള കലാപത്തെ ഭയപ്പെട്ടിരുന്നുവെന്നും നോവല്‍ വായിക്കുമ്പോള്‍ നാം തിരിച്ചറിയുന്നുണ്ട്. ലഹളയുടെ ഭീകരത അന്നു പ്രചരിച്ചിരുന്ന ഒരു പാട്ടുദ്ധരിച്ച് മുഖ്യകഥാപാത്രമായ ശ്രീധരനിലൂടെ കാട്ടിത്തരാനും പൊറ്റെക്കാട്ട് തയ്യാറായിട്ടുണ്ട്.
”കാവും തിറയും വേണ്ടെന്നായി
കാവിലെ ദേവന്‍ കാശീക്കോടി
മുട്ടാസ്സാഢ്യന്‍ നമ്പുരാരോ
മൊട്ടയടിച്ചൊരു മാപ്പിളയായി” (ജഹള, അദ്ധ്യായം 13). നാടിനെ എത്രമാത്രം മാപ്പിള കലാപകാരികള്‍ അസ്വസ്ഥനിര്‍ഭരമാക്കിയെന്ന് ഈ നാലുവരികളില്‍ നിന്നുതന്നെ വ്യക്തമാവുന്നുണ്ട്. ലഹളയുമായി ബന്ധപ്പെട്ട് നാടിലന്നു പ്രചരിച്ച വാര്‍ത്തകളും നോവലില്‍ ഇടംപിടിച്ചിട്ടുണ്ട്. കലാപകാരികള്‍ക്ക് ഏജന്റായി പ്രവര്‍ത്തിക്കുന്ന മാപ്പിളമാര്‍, നെറ്റിയില്‍ ചന്ദനപ്പൊട്ടും മറ്റും ധരിച്ച് ഹിന്ദുക്കളുടെ വേഷം ധരിച്ചെത്തുന്ന കലാപകാരികള്‍, സുന്നത്ത് കര്‍മ്മം നടന്നോയെന്നറിയുവാനും അതുവഴി കലാപകാരികളെ തിരിച്ചറിയുവാനും പോലീസുകാര്‍ നടത്തുന്ന ശ്രമങ്ങള്‍, ബ്രിട്ടീഷ് പട്ടാളത്തിന്റെ കടന്നുവരവ് സൃഷ്ടിച്ച മാറ്റങ്ങള്‍, മാപ്പിള കലാപകാരികളെ നേരിടുവാന്‍ ഹിന്ദുക്കളുടെ രക്ഷാസംവിധാന രീതികള്‍, ബ്രിട്ടീഷ് പട്ടാളം ലഹളയടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട കഥകള്‍ ഇവയൊക്കെ നോവലില്‍ കടന്നുവന്നിട്ടുണ്ട്.
നോവലിലെ 17-ാം അദ്ധ്യായമായ ‘എല്ലിന്‍കൂടും ഇലഞ്ഞിപ്പൂമാല’യും തുടങ്ങുന്നത് തന്നെ മാപ്പിള ലഹളയുടെ ചിത്രീകരണത്തോടെയാണ്.
”ലഹള ശമിക്കുന്ന ലക്ഷണമില്ല. വെള്ളപ്പട്ടാളവും യന്ത്രത്തോക്കുകളും രംഗത്തെത്തിയപ്പോള്‍ ലഹളക്കാര്‍ പൊറുതിമുട്ടി കാടുകളില്‍ കേറിക്കൂടി. പോലീസും പട്ടാളവും ഗ്രാമങ്ങളില്‍ ചുറ്റിയടിച്ച് ലഹളക്കാരെ സഹായിച്ചവരെന്നു പറഞ്ഞുകേട്ട പ്രമാണികളെ – ഇവരില്‍ ഹിന്ദുക്കളുമുണ്ടായിരുന്നു-പിടിച്ചുകെട്ടി കൊണ്ടുപോയ പലരും നിരപരാധികളായിരുന്നു. കാട്ടില്‍ കടന്നു കൂടിയ ലഹളക്കാര്‍ ചിലപ്പോള്‍ ഭക്ഷണം തേടി താഴെ ഗ്രാമങ്ങളിലേയ്ക്കുവരും. അര്‍ദ്ധരാത്രി ജന്മിഗൃഹങ്ങളില്‍ കേറിച്ചെന്ന് വെച്ചുണ്ണാന്‍ അരിയും അറുത്തു കറിവെക്കാന്‍ കാലികളെയും ആവശ്യപ്പെടും. കൊടുത്തില്ലെങ്കില്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്യും. … ഭരണം പിടിച്ചെടുക്കുവാനുള്ള മോഹം ലഹളക്കാര്‍ ഉപേക്ഷിച്ച മട്ടിലായി. അവരില്‍ ബഹുഭൂരിപക്ഷവും അജ്ഞരും മൂഢവിശ്വാസികളുമായിരുന്നു. ഇസ്ലാമിനെയും പള്ളികളെയും നശിപ്പിക്കാനുള്ള വെള്ളക്കാരന്റെ പടപ്പുറപ്പാടാണിതെന്നു നേതാക്കന്മാര്‍ ഈ മൂഢപ്പരിഷകളെ പറഞ്ഞു വിശ്വസിപ്പിച്ചു. അവര്‍ ജിഹാദ് വിളി മുഴക്കി മരണപ്പോരിനിറങ്ങി – കാഫിറുകളെക്കൊന്നാല്‍ സ്വര്‍ഗം കിട്ടുമെന്നു പള്ളിയിലെ മൊല്ലക്കമാരും അവരെ ധരിപ്പിച്ചിരുന്നു. അതുകൊണ്ട് മതത്തിന്റെ പേരില്‍ അവസാനം വരെ പൊരുതി മരിക്കുക; മരിക്കുന്നതിനു മുമ്പ് കിട്ടാവുന്നത്ര കാഫിറുങ്ങളെ കശാപ്പു ചെയ്യുക – ലഹളക്കാരുടെ പിന്നത്തെ പുറപ്പാടും പരിപാടിയും അത്തരത്തിലായിരുന്നു. മറ്റുപ്രകാരത്തില്‍ പറഞ്ഞാല്‍, ലഹളക്കാര്‍ സ്വയം ഒരു ഇസ്ലാം ചാവേര്‍പ്പടയായി മാറി.” ഈ വാക്കുകളില്‍ നിന്നുതന്നെ പൊറ്റെക്കാട്ട് മാപ്പിള കലാപത്തിന്റെ പിന്നിലുള്ള മതചിന്ത കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂര്‍ഖ പട്ടാളത്തിന്റെ വരവും കലാപകാരികളുമായുള്ള ഏറ്റുമുട്ടലും അഭയാര്‍ത്ഥിക്യാമ്പുകളിലെ ദുരിതാവസ്ഥയും ഹിന്ദുക്കളുടെ കൂട്ടപ്പലായനവും ഹിന്ദുസ്ത്രീകള്‍ക്കെതിരായ മാനഭംഗങ്ങളും ക്രൂരകൊലപാതകങ്ങളും പൊറ്റെക്കാട്ട് വ്യക്തമായി തന്നെ ലോകത്തെ അറിയിച്ചിട്ടുണ്ട്. ഗോമാസം തീറ്റി അശുദ്ധിപ്പെടുത്തി മാര്‍ഗം കൂട്ടലും കൂട്ടമായി കൊന്ന് പൊട്ടക്കിണറ്റില്‍ത്തള്ളലുമൊന്നും വിട്ടുകളയാതെ പൊറ്റെക്കാട്ട് നോവലിലേക്ക് ചരിത്രബോധ്യങ്ങളായി ഉള്‍ച്ചേര്‍ത്തുവെക്കുവാന്‍ തന്റേടത്തോടെ ശ്രമിച്ചുവെന്നത് അത്യന്തം ശ്ലാഘനീയമാണ്.
‘ഒരു ദേശത്തിന്റെ കഥ’യെ കുറിച്ച് നിരവധി പഠനങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും ഈ നോവലിലെ മാപ്പിള കലാപ വിവരണത്തിന്റെ പ്രാധാന്യം വേണ്ടവിധം വിലയിരുത്തപ്പെട്ടിട്ടില്ല. വ്യാജമതേതരത്വത്തിന്റെ സുഖശീതളമെത്തയില്‍ ശയിക്കുന്ന നിരൂപകന്മാര്‍ ഈ അദ്ധ്യായങ്ങളെ കണ്ടില്ലെന്നു നടിച്ചത് സ്വാഭാവികം മാത്രം. ‘കയര്‍’, ‘സുന്ദരികളും സുന്ദരന്മാരും’ എന്നീ നോവലുകള്‍ക്കും ഇതുബാധകമാണ്. ആത്മകഥാപരമായ നോവലില്‍ മാപ്പിള കലാപത്തെ ഉള്‍പ്പെടുത്തിയ പൊറ്റെക്കാട്ട് മാപ്പിള കലാപം അടിമുടി ഹിന്ദുവിരുദ്ധകലാപമാണെന്ന സത്യം ലോകത്തെ അറിയിക്കുകയായിരുന്നു. എന്‍.ഇ. ബലറാമിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് നിരൂപകരെ ഒട്ടൊന്നുമല്ല ‘ദേശത്തിന്റെ കഥ’ വിറളിപിടിപ്പിച്ചത്. പൊറ്റെക്കാട്ടിനെ തലങ്ങും വിലങ്ങും കുറ്റപ്പെടുത്തിക്കൊണ്ട് കഴുതക്കാമം കരഞ്ഞു തീര്‍ക്കുകയായിരുന്നു ഇടതുനിരൂപകന്മാര്‍,
‘കയര്‍’ – ചരിത്രം നിറയുന്ന ആഖ്യായിക
ആറുതലമുറകളുടെ കഥ പറയുന്ന അതിബൃഹത്തായ നോവലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ‘കയര്‍’ (1978). ഒന്‍പതു ഭാഗങ്ങളും 139 അദ്ധ്യായങ്ങളുമായി 900 പേജുകളിലായി നീണ്ടുനിവര്‍ന്നു കിടക്കുന്ന ഈ നോവലിലും മാപ്പിള കലാപത്തിന്റെ യഥാതഥമായ വിവരണം തന്റേടത്തോടെ ഇടം പിടിച്ചിട്ടുണ്ട്. നോവലിലെ നാലാംഭാഗത്തില്‍ മാപ്പിള കലാപത്തിനിരയായി പലായനം ചെയ്ത ഭവതാത്രന്‍ നമ്പൂതിരിപ്പാടും മകള്‍ തോത്രക്കുട്ടിയും ഒരു രാത്രി കുഞ്ചുനായരുടെ ഭവനത്തിലെത്തുന്ന സംഭവം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മലബാറില്‍ അരങ്ങേറിയ ഹിന്ദുവംശഹത്യയെക്കുറിച്ചും തങ്ങളെ നിര്‍ബ്ബന്ധിച്ച് ഇസ്ലാംമതത്തില്‍ ചേര്‍ത്തതിനെ കുറിച്ചും തങ്ങള്‍ കഷ്ടിച്ചു രക്ഷപ്പെട്ടതിനെ കുറിച്ചുമുള്ള വിശദീകരണം ഭവത്രാതന്‍ നമ്പൂതിരിപ്പാട് നടത്തുന്ന രംഗം ലഹളയുടെ യഥാര്‍ത്ഥ സ്വഭാവം അനാവരണം ചെയ്യുന്നുണ്ട്. മലബാറിന്റെ മാത്രം സമാധാനം കെടുത്തിയ പ്രാദേശിക സംഭവം മാത്രമായി മാപ്പിള കലാപത്തെ ന്യൂനീകരിച്ചുകാട്ടുന്ന ചരിത്രവ്യാഖ്യാനങ്ങളോട് തകഴി ഈ നോവലിലൂടെ കലഹിക്കുന്നുണ്ട്. മനുഷ്യത്വത്തിന് നേരെ നടന്ന കൊടിയ ആക്രമണമാണ് മാപ്പിള കലാപമെന്ന ഉറച്ചവിശ്വാസം തകഴിയുടെ യാഥാര്‍ത്ഥ്യനിഷ്ഠമായ ആഖ്യാനപ്രപഞ്ചത്തില്‍ നിലകൊണ്ടതിന്റെ ഒട്ടേറെത്തെളിവുകള്‍ ‘കയര്‍’ നമുക്കായി നല്കുന്നുമുണ്ട്. സമൂഹത്തിന്റെ കഥ പറയുന്ന നോവലെന്ന നിലയില്‍ ‘കയര്‍’ എഴുതുമ്പോള്‍ ചരിത്രസത്യങ്ങളെ കാണാതിരിക്കുന്നത് അനീതിയാണെന്ന് കുട്ടനാടിന്റെ ഇതിഹാസകാരനറിയാമായിരുന്നു.
നോവലിലെ 60 മുതല്‍ 64 വരെയുള്ള അദ്ധ്യായങ്ങള്‍ മാപ്പിള കലാപത്തെ അധികരിച്ചുള്ള ഒട്ടേറെ വിവരണങ്ങള്‍ കൊണ്ട് സമ്പന്നമാണ്. മലബാറില്‍ നിന്ന് ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ട ഭവത്രാതന്‍ നമ്പൂതിരിപ്പാടും മകള്‍ തോത്രക്കുട്ടിയും കലാപകാരികള്‍ വേട്ടയാടിയ ഹിന്ദുസമൂഹത്തിന്റെ പ്രതിനിധികളാണെന്ന് സുവ്യക്തമായി സ്ഥാപിക്കുവാന്‍ ഉതകുന്നവിധത്തിലാണ് ആഖ്യാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കോയിപ്പുറത്ത് ഗൃഹത്തില്‍ പുരാണപാരായണം നടത്തുന്ന ചേന്നാട്ടു കുഞ്ചുവിന്റെ അടുത്തേക്ക് രാത്രിയില്‍ ഭവത്രാതന്‍ നമ്പൂതിരിപ്പാടും മകളും എത്തിച്ചേരുന്ന രംഗം വികാരനിര്‍ഭരമായി തകഴി ചിത്രീകരിച്ചിട്ടുണ്ട്. ഒരു ഭാണ്ഡക്കെട്ടുണ്ട് അവരുടെ കയ്യില്‍. ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ വാക്കുകളില്‍ അവര്‍ നേരിട്ട ദുര്‍ഗതിയുടെ മുദ്രകള്‍ തെളിയുന്നുണ്ട്. ”നോക്കൂ കുഞ്ചായരെ, കുടുമ പോയി. തല മൊട്ടയായി. ഇപ്പോ മാറ്റം അറിഞ്ഞാല് കുഞ്ചായര് പറയും കടക്കു പുറത്തെന്ന്. ഈ കോലായില്‍ ഇരിക്കാന്‍ ഇപ്പോള്‍ പാടില്ല്വ. നെറ്റിയില്‍ കൈവെച്ചുകൊണ്ട് ആഗതന്‍ പറഞ്ഞു. നാമിപ്പോള്‍ മ്ലേച്ഛനാന്വച്ചാല്‍ മ്ലേച്ഛന്‍ തന്നെ. തൊപ്പിയിട്ടു. പിന്നെയെന്തൊക്കെയോ ചെയ്തു. ഗോമാംസം തിന്നു. അല്ലാ തീറ്റിച്ചതാണേയ്. ഗായത്രിക്ക് പകരം എന്തൊക്കെയോ മ്ലേച്ഛതയൊക്കെ നാവുകൊണ്ടു പറഞ്ഞു. ഇടത്തോട്ടുമുണ്ടു ചുറ്റി. അങ്ങനെയൊക്കെയായി. ഒരു തേങ്ങലോടെ ആഗതന്‍ തുടര്‍ന്നു. ”ന്നാലും നാം നാമാണ്. കോന്ത്രോത്ത് മനയിലെ ഭവത്രാതന്‍.”
മുറ്റത്തു നിന്നിരുന്ന തലവഴിമൂടിയ രൂപം പറഞ്ഞു. ”അച്ഛാ, അച്ഛനിപ്പൊ മഹമ്മദാണ്, അച്ഛന്‍ നിര്‍ത്തു.” ആഗതന്‍ വിക്കിവിക്കി പറഞ്ഞു. ”ആ…. ആ…. അതുശരിയാണ് നീ ആമിനയും.”
കുടുമ കളഞ്ഞും തൊപ്പി നിര്‍ബന്ധിപ്പിച്ചു ധരിപ്പിച്ചും ഗോമാസം ബലമായി തീറ്റിച്ചും ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലിച്ചും ഇടത്തോട്ട് മുണ്ടുടുപ്പിച്ചും ഭവത്രാതന്‍ നമ്പൂതിരിപ്പാടിനെ മഹമ്മദാക്കിയതാരാണ് എന്ന ചോദ്യത്തിന്റെ ഉത്തരം പകല്‍ പോലെ വ്യക്തമാണല്ലോ. തോത്രക്കുട്ടിയെ ആമിനയാക്കിയതും അതേ ശക്തികള്‍ തന്നെ. രാത്രിയില്‍ വന്നെത്തിയ മൊട്ടത്തലയന്‍ ഭവത്രാതന്‍ നമ്പൂതിരിപ്പാടാണെന്നറിഞ്ഞു വിസ്മയിച്ചുനില്‍ക്കുന്ന ചേന്നാട്ടുകുഞ്ചുനായരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിലുരുണ്ടുകൂടിയ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങളും തകഴി മറക്കാതെ വിവരിച്ചിട്ടുണ്ട്. മാളുവിനോടും ഉണ്ണൂലിയോടും കുട്ടിയോടും തോത്രക്കുട്ടി മാപ്പിള കലാപത്തിലെ സംഭവങ്ങള്‍ വിവരിക്കുന്ന രംഗം ആരിലും നടുക്കമുളവാക്കും വണ്ണം അവതരിപ്പിക്കുവാനും തകഴിക്ക് സാധിച്ചിട്ടുണ്ട്. ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ കാര്യക്കാരന്‍ ശാമുമേനോന്റെ കഴുത്തുവെട്ടിക്കൊന്നത് കലാപകാരികളാണെന്ന പരാമര്‍ശം ഓര്‍മകളിലൂടെ സൂചിതമാവുന്നതും കാണാതിരുന്നുകൂടാ. സ്വമതത്തില്‍ നിന്ന് ബലമായി പിഴുതുമാറ്റപ്പെട്ട ഭവത്രാതന്‍ നമ്പൂതിരിപ്പാട് ജീവനൊടുക്കാന്‍ പലവട്ടം ചിന്തിക്കുന്നുണ്ട്. ശാമുമേനോന്റെ മകള്‍ ചിന്നമ്മുവിനെ മൊയ്യൂക്ക എന്നൊരാള്‍ തട്ടിക്കൊണ്ടുപോയതായും നോവലില്‍ പരാമര്‍ശമുണ്ട്. പത്തുപതിനഞ്ചു മാപ്പിളമാര്‍ മൊയ്തുവിന്റെ പിടിയില്‍ നിന്നവളെ വീണ്ടെടുത്ത് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊന്നതായി തോത്രക്കുട്ടി വിവരിക്കുന്ന ഭാഗം കണ്ണുനിറയാതെ നമുക്ക് വായിച്ചുതീര്‍ക്കാനാവില്ല. മുസ്ലീമായിത്തീര്‍ന്ന തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന സാമൂഹികമായ ഭ്രഷ്ടിനെകുറിച്ചുള്ള വേവലാതികളും ഈ രണ്ടുകഥാപാത്രങ്ങളുടെയും സംഭാഷണങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. മതവെറിയനായ ടിപ്പുസുല്‍ത്താന്റെ ഹിന്ദുവിരോധത്തെ കുറിച്ചുള്ള സൂചനകളും ‘കയര്‍’ ഉള്‍ക്കൊള്ളുന്നുണ്ട്. ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ വാക്കുകള്‍ ഇതിന് തെളിവാണ്. ”പടയോട്ടക്കാലത്ത് ഏമ്പരപ്പ് ആള്‍ക്കാരുതൊപ്പീട്ടു. പലവകയായിട്ടെന്നേയ്. ബലായിട്ടു പിടിച്ചുതൊപ്പി ഇടീച്ചൊരുണ്ട്. ന്നെപ്പോലെ. പിന്നെ കാര്യഗുണോണ്ടെന്നുവെച്ചു മനസ്സാ തൊപ്പിയിട്ടുവരുമുണ്ട്. ഒരിക്കെ തൊപ്പിയിട്ടാ പിന്നെ അബദ്ധായില്ല്യേ. പിന്നെന്നും മാപ്ലന്നെ. അങ്ങനെ മാപ്ലമാരുടെ സംഖ്യ അങ്ങട്ട് പെരുകി.” ടിപ്പുവിനെ ധീരദേശാഭിമാനിയായും സ്വാതന്ത്ര്യസമരനായകനായും സെന്റ് പൂശുന്നവര്‍ക്ക് ‘കയര്‍’ രുചിക്കാതെ പോയതിന്റെ കാരണവും ഇതൊക്കെത്തന്നെ.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഓര്‍മ്മപ്പെടുത്തുന്ന കാങ്കോത്ത് അഹമ്മദ് കുഞ്ഞി എന്നൊരു കഥാപാത്രത്തെ തകഴി സൃഷ്ടിച്ചിട്ടുണ്ട്. മതപരിവര്‍ത്തനം നടത്തി ഇസ്ലാമിലേക്ക് ആളെകൂട്ടുന്ന പണിയാണ് അയാള്‍ക്കുള്ളത്. ടിപ്പുവിന്റെ ഗുരുവായൂര്‍ ക്ഷേത്രാക്രമണപദ്ധതിയും അത് മുന്‍കൂട്ടിയറിഞ്ഞ് ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് സുരക്ഷകരുതി കൊണ്ടുവന്നതും പടയോട്ടശേഷം തിരികെ ഗുരുവായൂരിലേക്ക് മടക്കിക്കൊണ്ടുപോയതുമൊക്കെ തന്റെ നോവലില്‍ വിവരിച്ച തകഴിയെ ഇസ്ലാമോഫോബിയാ ബാധിച്ച എഴുത്തുകാരുടെ പട്ടികയിലാവും ജിഹാദിപ്രത്യയശാസ്ത്ര വിശാരദന്മാര്‍ ഉള്‍പ്പെടുത്തുക. കൊലയും കൊള്ളിവെയ്പും കൂട്ടബലാത്സംഗവും നിര്‍ബ്ബന്ധിതമതപരിവര്‍ത്തനവും ക്ഷേത്രധ്വംസനവും കൊണ്ട് കളങ്കിതമായ മാപ്പിള കലാപത്തെ റിയലിസത്തിന്റെ അഗ്നിനാളങ്ങള്‍ നിറഞ്ഞ വിവരണകലയിലൂടെ ശാശ്വതമായി രേഖപ്പെടുത്തുകയായിരുന്നു ചരിത്രനിരീക്ഷകനായ തകഴിയിലെ നോവലിസ്റ്റ്. അതുകൊണ്ട് തന്നെ വരുംകാല ചരിത്രം ഈ നോവലിനെ പുനര്‍വായനക്ക് വിധേയമാക്കി വീണ്ടെടുത്തു ഉയരത്തില്‍ പ്രതിഷ്ഠിക്കുക തന്നെ ചെയ്യും.
ഈ കൃതികള്‍ കൂടാതെ മാപ്പിള കലാപത്തെ അധികരിച്ച് നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും വെളിച്ചം കണ്ടിട്ടുണ്ട്. അവയില്‍ ചിലത് സൂചിപ്പിക്കട്ടെ. കേസരി വാരികയിലൂടെ പ്രസിദ്ധീകൃതമായ ടി. സുകുമാരന്റെ ‘ബലിമൃഗങ്ങള്‍’ എന്ന നോവല്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രം, മാപ്പിള കലാപത്തെ എവ്വിധം പ്രചോദിപ്പിച്ചുവെന്ന് വളരെ വിശദമായി അനേകം സംഭവകഥകളെയും കഥാപാത്രങ്ങളെയും മുന്‍നിര്‍ത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നോവലിനെതിരെയും നോവലിസ്റ്റിനെതിരെയും കേസരിവാരികക്കെതിരെയും മതമൗലികവാദികള്‍ ഉയര്‍ത്തിയ ഭീഷണികളും മറക്കാവുന്നതല്ല. റഹ്മാന്‍ കിടങ്ങയം അടുത്തകാലത്ത് രചിച്ച ‘അന്നിരുപത്തിയൊന്നില്’ എന്ന നോവല്‍ മാപ്പിള കലാപകാരികളെ വെള്ളപൂശാനുള്ള ശ്രമങ്ങളിലൊന്നായേ കാണാനാവൂ. രവിവര്‍മ്മ തമ്പുരാന്‍ സമീപകാലത്ത് രചിച്ച ‘മുടിപ്പേച്ച്’ എന്ന നോവലില്‍ മാപ്പിള കലാപം കടന്നുവരുന്നുണ്ട്. സാഹിത്യത്തിന്റെ വിവിധരൂപങ്ങളില്‍ മാത്രമല്ല സിനിമാമേഖലയിലും മാപ്പിള കലാപം ഇടംപിടിച്ചിട്ടുണ്ട്. ഐ.വി. ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമ മാപ്പിള കലാപത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുപിടിച്ച സിനിമയാണ് അണിയറയില്‍ മാപ്പിള കലാപത്തെയും കൊടും ക്രിമിനലുകളായ വാരിയംകുന്നനെയും ആലി മുസ്‌ലിയാരെയും ഉദാത്തവത്കരിക്കുന്ന ഒട്ടേറെ സിനിമകള്‍ ഒരുങ്ങുന്നുണ്ട്. അലി അക്ബറിന്റെ ‘പുഴമുതല്‍ പുഴവരെ’ എന്ന സിനിമ സത്യസന്ധമായി മാപ്പിള കലാപത്തെ ചിത്രീകരിക്കുന്നുവെന്നാണ് അറിയാനിടയായത്.