ഹിന്ദുസമൂഹത്തിന്റെ മേല്‍ ഇസ്ലാമിക മുഷ്‌ക് വിജയിപ്പിച്ചെടുത്ത സംഭവമായിട്ടാണ് ഇന്നും പല ഇസ്ലാമിസ്റ്റുകളും 1921 ലെ ലഹളയെ കാണുന്നത്. അതുകൊണ്ടുതന്നെ അത് ആഘോഷിക്കാനും ആക്രോശിക്കുവാനും അക്രമോല്‍സുകരായി അണികളെ ഉണര്‍ത്തുവാനും തീവ്രവാദ ശക്തികള്‍ ഇന്നും ആയുധമാക്കിക്കൊണ്ടിരിക്കുന്നു. ’21 ല്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ എന്ന ആക്രോശം മാപ്പിളമാരുടെ ബ്രിട്ടിഷ് വിരുദ്ധ സമരവീര്യമായിട്ടല്ല, ഹിന്ദു വംശഹത്യ നടത്തിയതിന്റെ അഭിമാനമായിട്ടാണ് വിളിച്ചുപറയുന്നത്. വാസ്തവത്തില്‍ ആഘോഷിക്കുവാനും ഹര്‍ഷപുളകിതരാകാനും കലാപത്തില്‍ ഒന്നുമില്ല. ലജ്ജിക്കാനും പ്രായശ്ചിത്തം ചെയ്യാനുമാണ് ഉള്ളത്. ഹിന്ദുവിന്റെ കണ്ണീരിന്റെയും കദനത്തിന്റെയും കഥകള്‍ പറയാന്‍ മാത്രമല്ല, സൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊണ്ടവരുടെ മാതൃകകള്‍ തിരിച്ചറിയാനും കൂടിയാവണം ഈ സംഭവത്തെ തിരിഞ്ഞു നോക്കേണ്ടത്. സ്വധര്‍മ്മത്തിനുവേണ്ടി ബലിദാനിയാകുവാനും സ്വ സഹോദരന്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ പൊരുതി മരിച്ചവരുടെ ധീരതയും സാമൂഹിക സുരക്ഷ ഉറപ്പാക്കി കോട്ടകള്‍ തീര്‍ത്ത നേതൃത്വത്തിന്റെ കഴിവിനെ മറക്കാതിരിക്കാനും കൂടിയാണ് ചരിത്രത്തിന്റെ പുനര്‍വായന നടത്തേണ്ടത്. ആലോചനയില്ലാത്ത ആക്രമണങ്ങളും അവിവേകങ്ങളും വിളിച്ചു വരുത്തിയ അപകടങ്ങളുടെ പാഠവും എല്ലാവരും പഠിക്കേണ്ടതുണ്ട്. തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും പറയാന്‍ പഠിക്കണം. 1921 ലെ കലാപത്തിന്റെ നൂറ്‌വര്‍ഷം പിന്നിടുമ്പോള്‍ ഈ വിവേകം നമുക്ക് ഉണ്ടോ എന്ന ആത്മപരിശോധനക്ക് എല്ലാവരും തയ്യാറാവേണ്ടതാണ്. വസ്തുതകള്‍ പുറത്തുവരണം.
സമാധാന ശ്രമങ്ങള്‍ -ലഹള നേതാക്കളും നിസ്സഹകരണക്കാരും
കലാപത്തിന് തിരി കൊളുത്തിയ 1921 ആഗസ്റ്റ് 20 ന്റെ തിരൂരങ്ങാടി സംഭവം അറിഞ്ഞപാടുതന്നെ കലാപ ഭൂമിയിലൂടെ എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് കെ.പി. കേശവമേനോന്‍ നടത്തിയ സമാധാന ശ്രമം എടുത്ത് പറയേണ്ടതാണ്. കൊണ്ടോട്ടി വരെ കാറിനും അവിടെ നിന്ന് കാല്‍നടയായും കേശവമേനോന്‍ 21 ന് തന്നെ തിരൂരങ്ങാടിയില്‍ എത്തിയിരുന്നു. അക്രമോത്സുകരായി കൂട്ടംകൂടിനിന്ന പലരെയും അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അന്ന് ഏറെ താമസിച്ചതിനാല്‍ ആലി മുസ്ല്യാരെ നേരെ കാണാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം തന്റെ കഴിഞ്ഞകാലം എന്ന ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.(1) കേശവമേനോന്‍ തിരൂരങ്ങാടിയില്‍ എത്തിയെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ കാണാന്‍ ആലി മുസ്ല്യാര്‍ ആഗ്രഹം പ്രകടിപ്പിക്കാതിരുന്നതും തയ്യാറാകാതിരുന്നതും എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. കോണ്‍ഗ്രസ്-ഖിലാഫത്ത് സമാധാന ദൗത്യ സംഘത്തെയും നയിച്ച് ആഗസ്റ്റ് 26 ന് വീണ്ടും കേശവമേനോന്‍ തിരൂരങ്ങാടിയിലേക്ക് പോകുന്നുണ്ട്. ആലി മുസ്ല്യാര്‍ അപ്പോഴേക്ക് തിരൂരങ്ങാടി കേന്ദ്രീകരിച്ച് ഭരണം ആരംഭിച്ചിരുന്നു. തിരൂരങ്ങാടി ഖിലാഫത്ത് ഓഫീസില്‍ വെച്ച് നടന്ന സന്ധി സംഭാഷണത്തില്‍ ആലി മുസ്ല്യാര്‍ തത്വത്തില്‍ പട്ടാളത്തിന് കീഴടങ്ങി. സമാധാനം പുനഃസ്ഥാപിക്കാന്‍ തയ്യാറായിരുന്നെങ്കിലും തന്റെ അനുയായികളുടെ പിടിയില്‍ ആയതിനാല്‍ സമാധാന ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ച്, തിരിച്ചു പോരേണ്ടിവന്നു എന്നാണ് കേശവമേനോന്‍ സാക്ഷ്യപ്പെടുത്തുന്നത്.
വാരിയംകുന്നനും മാധവന്‍ നായരും
ലഹള തലവന്‍ എന്ന രീതിയില്‍ ആരെയെങ്കിലും വിശേഷിപ്പിക്കാം എങ്കില്‍ അത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയാണ്. മഞ്ചേരി പാണ്ടിക്കാട്, കരുവാരകുണ്ട്, കാളികാവ്, നിലമ്പൂര്‍ തുടങ്ങിയ ഇടത്ത് 21, 22, 23 തീയതികളില്‍ നടന്ന് പൊതുമുതല്‍ നശിപ്പിക്കലും തുടര്‍ന്ന് നടന്ന കൊള്ളക്കും കൊള്ളിവെപ്പിനും പിന്നില്‍ വാരിയം കുന്നന്റെ അനുയായികള്‍ ആയിരുന്നു. 24ന് ഉച്ചകഴിഞ്ഞാണ് വാരിയംകുന്നനും അനുചരന്മാരുമായി കെ.മാധവന്‍ നായര്‍ അരുകീഴായ ആല്‍ത്തറയില്‍ വെച്ച് സമാധാന സംഭാഷണം നടത്തുന്നത്.(2) ഹിന്ദുക്കളെ ദ്രോഹിക്കുന്നതും കൊള്ള ചെയ്യുന്നതും നിയന്ത്രിക്കാമെങ്കിലും ആക്രമം ഒഴിവാക്കാനും യുദ്ധം അവസാനിപ്പിക്കാനും താന്‍ ഒരുക്കമല്ലെന്നായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ നിലപാട്. തമ്മില്‍ പറഞ്ഞ് പിരിയുമ്പോള്‍ ‘ഇനി എന്ന് കാണാം’ എന്ന ഹാജിയാരുടെ ചോദ്യത്തിന് ‘ഇനി കാണാന്‍ ഇടയില്ലെന്നും നിങ്ങള്‍ക്കും എനിക്കും രണ്ട് വഴിയാണ്. കണ്ടിട്ട് കാര്യവുമില്ല'(3) എന്ന് പറഞ്ഞ് പിരിഞ്ഞു എന്നുമാണ് മാധവന്‍ നായര്‍ സ്മരിക്കുന്നത്. അന്ന് തന്നെ എം.പി. നാരായണ മേനോന്‍ ഹാജിയെ കണ്ട് അക്രമവും കൊള്ളയും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും ഫലമുണ്ടായില്ല.
കെ. കേളപ്പന്റെ പൊന്നാനി
പൊന്നാനി താലൂക്ക് ഹിന്ദു ഭൂരിപക്ഷമായിരുന്നെങ്കിലും തുറമുഖ പട്ടണമായ പൊന്നാനി മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. മലബാറില്‍ ഏറ്റവും കൂടുതല്‍ ഖിലാഫത്ത് കമ്മറ്റികള്‍ ഉള്ള താലൂക്കും പൊന്നാനിയായിരുന്നു. എന്നാലും അവിടെ അഹിംസയില്‍ അടിയുറച്ച നിസ്സഹകരണ പ്രസ്ഥാനത്തിനും കലാപ വിരുദ്ധ – മുസ്ലിം പണ്ഡിത സഭക്കും നല്ല സ്വാധീനം ഉണ്ടായിരുന്നു.(4) അതുകൊണ്ട് തന്നെ തിരൂരങ്ങാടി സംഭവത്തിന്റെ അലയൊലികള്‍ നേരിട്ട് പൊന്നാനിയെ ബാധിച്ചില്ല. എന്നാല്‍ 21 ന് തിരൂരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ച കലാപകാരികള്‍ രാത്രിയോടെ പൊന്നാനിക്ക് പുറപ്പെട്ടു. രാത്രിയില്‍ തന്നെ കേളപ്പജിയുടെ നേതൃത്വത്തില്‍ അക്രമി സംഘത്തെ വഴിയില്‍ തടയുകയും ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തു. പ്രാദേശിക സമൂഹത്തിന്റെ പിന്തുണ ഇല്ലാത്തതിനാല്‍ കലാപകാരികള്‍ക്ക് നേരം പുലരുന്നതിനു മുമ്പ് തിരിച്ചുപോവേണ്ടി വന്നു.(5)
പ്രതിരോധവും സംരക്ഷണവും
ബ്രിട്ടീഷ് പട്ടാളം ആലി മുസ്ല്യാരുടെ സൈന്യവുമായി തിരൂരങ്ങാടിയില്‍ ഏറ്റുമുട്ടിയതും പെട്ടെന്ന് പിന്മാറിയതുമാണ് കലാപം പെട്ടെന്ന് ബീഭത്സരൂപം കൊള്ളാന്‍ ഇടയാക്കിയത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശക്തി തീരെ നശിച്ചുവെന്നു അജ്ഞരും മതവിശ്വാസികളും മാത്രമായ മാപ്പിളമാര്‍ വിശ്വസിച്ചു. ഖിലാഫത്തു പ്രസ്ഥാനത്തിന്റെ അവസാന ഫലം ഇസ്ലാം സാമ്രാജ്യ സ്ഥാപനമാണന്ന് പല മാപ്പിളമാരും ധരിച്ചുവച്ചിരുന്നു.6 ഇവരെ സംബന്ധിച്ചിടത്തോളം അന്യ മതസ്ഥരുടെ സ്വത്തുകൊള്ള ചെയ്യുന്നതോ അപഹരിക്കുന്നതോ ഒരു പാതകമായിരുന്നില്ല. ദൈവ സമ്മതമായിരുന്നു താനും. മാത്രമല്ല അന്യമതസ്ഥരെ സ്വമതത്തിലേക്ക് ചേര്‍ക്കുന്നത് സ്വര്‍ഗ്ഗരാജ്യ പ്രാപ്തി നല്‍കുന്ന പുണ്യകര്‍മ്മമായും അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.(7) ആഗസ്റ്റ് 21 മുതല്‍ എവിടെയെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങളായ പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, കച്ചേരികള്‍, ബാങ്ക്, ഖജനാവ്, ഗതാഗത – വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവ ആക്രമിക്കുകയും തീവെയ്ക്കുകയും ചെയ്തുവോ അവിടങ്ങളിലെല്ലാം കലാപകാരികള്‍ പിന്നീട് നേരെ തിരിഞ്ഞത് ഹിന്ദു ഭവനങ്ങളിലേക്കാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്ന എല്ലാ പ്രദേശങ്ങളിലും ഖിലാഫത്ത് രാജാക്കന്മാര്‍ അധികാരമേറ്റ് ഇസ്ലാമിക ഭരണം നടപ്പാക്കി തുടങ്ങി. ഇതില്‍ ഹിന്ദുക്കള്‍ അനുഭവിച്ച യാതനകള്‍ക്ക് കണക്കില്ല. അക്രമിക്കപ്പെടാത്തതും കൊള്ളിവെക്കാത്തതുമായ ഒരു ഹിന്ദുവീടും, ക്ഷേത്രവും ഉണ്ടായിരുന്നില്ല എന്ന് നിരവധി രേഖകളില്‍ കാണുന്നു. മഞ്ചേരിയിലെ പ്രശസ്ത വക്കീലും വായോവൃദ്ധനുമായ ടി. നാരായണന്‍നായര്‍ ഉടുത്ത മുണ്ടിന് ഇണയില്ലാതെയാണ് ഭാര്യയും മക്കളുമൊത്ത് ഓടിവന്ന് തന്റെ വീട്ടില്‍ അഭയം പ്രാപിച്ചതെന്ന് കെ. മാധവന്‍ നായര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ സന്ദര്‍ഭത്തില്‍ കലാപഭൂമിക്ക് നടുവില്‍ ചില പ്രധാന കേന്ദ്രങ്ങള്‍ സമയോചിതമായി പ്രവര്‍ത്തിച്ചത് ഹിന്ദുസമൂഹത്തിന്റെ ക്ഷാത്രവീര്യത്തിന്റെയും മനഃസ്ഥൈര്യത്തിന്റെയും മകുടോദാഹരണങ്ങളാണ്.
അഭയകേന്ദ്രമായ കോട്ടക്കല്‍ കോവിലകം
തിരൂരങ്ങാടിയില്‍ നിന്ന് കേവലം എട്ട് മൈല്‍ ദൂരെയാണ് സാമൂതിരി കോവിലകത്തിന്റെ കിഴക്കേ കോവിലകം എന്നറിയപ്പെടുന്ന കോട്ടക്കല്‍ കോവിലകം. കുട്ടി ഏട്ടന്‍ രാജ എന്ന മാനവിക്രമ രാജയായിരുന്നു അക്കാലത്ത് സ്ഥാനിയന്‍. ആഗസ്റ്റ് 20ന് കലാപം പൊട്ടിപ്പുറപ്പെട്ടു. തൊട്ടടുത്ത ദിവസം കാലത്ത് തന്നെ അക്രമി സംഘം കോവിലകം വളഞ്ഞു. അക്രമം പ്രതിരോധിക്കുകയും അഭയാര്‍ത്ഥികളെ സ്വീകരിക്കുകയും വേണം എന്ന രാജകല്പന കാരണവര്‍ പുറപ്പെടുവിച്ചു. പൈതൃകം കാത്തുസൂക്ഷിക്കുക എന്നതാണ് ധര്‍മ്മമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനുള്ള എല്ലാ ഏര്‍പ്പാടുകളും സ്വീകരിക്കാന്‍ കോവിലകം കാര്യക്കാരെ ഏര്‍പ്പെടുത്തി.
പ്രതിരോധത്തിന് വിവിധ സ്ഥലങ്ങളില്‍ കാവല്‍ക്കാരെ നിര്‍ത്തി. കൊട്ടാരത്തിന് പുറത്ത് ആദ്യ രണ്ട് ആഴ്ച 750 പേരടങ്ങുന്ന കാവല്‍ സംഘത്തെയാണ് നിയോഗിച്ചത്. ആദ്യം മാപ്പിളമാരെയും പിന്നീട് നായര്‍ സേനാനികളെയും നിയോഗിച്ചു. ബ്രിട്ടീഷ് പട്ടാളം വന്നതിനുശേഷം കോട്ടക്കലില്‍ സ്ഥിര പട്ടാള സംവിധാനം തുടങ്ങിയത് ഒക്ടോബറില്‍ ആണ്. ആഗസ്റ്റ് 22 മുതല്‍ തന്നെ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തുടങ്ങി. ആദ്യ ദിവസം തന്നെ 526 പേര്‍ക്ക് അഭയം നല്‍കി. അഭയാര്‍ത്ഥി ക്യാമ്പ് കലാപം അവസാനിപ്പിക്കുന്നത് വരെ തുടര്‍ന്നു. 1922 ഫെബ്രുവരി 11ന് ആണ് അഭയാര്‍ത്ഥികള്‍ക്ക് ആവശ്യത്തിനു പണവും ധാന്യങ്ങളും നല്‍കി ക്യാമ്പ് അവസാനിപ്പിച്ചത്. 27,424 രൂപ ഇതിലേക്കായി കോവിലകം ചെലവഴിച്ചതായി രേഖകളില്‍ കാണുന്നു.(8)
കലാപഭൂമിയിലെ സുരക്ഷിത താവളം – മങ്കട കോവിലകം
വള്ളുവനാട് സ്വരൂപത്തിലെ ആസ്ഥാനമാണ്, പെരിന്തല്‍മണ്ണയില്‍ നിന്നും ആറു മൈല്‍ ദൂരെയുള്ള മങ്കട കോവിലകം. ആഗസ്റ്റ് 21 ചില അക്രമികള്‍ സംഘം ചേര്‍ന്ന് കൊള്ളക്കും കൊള്ളിവെപ്പിനും തയ്യാറായി വന്നെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടല്‍ കാരണം അത് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അടുത്ത ദിവസം അന്യദേശങ്ങളില്‍ നിന്നും നിരവധി കലാപകാരികള്‍ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് ഒത്തുകൂടുകയും വള്ളുവനാട് താലൂക്ക് ആസ്ഥാനമായ പെരിന്തല്‍മണ്ണയില്‍ സംഹാരതാണ്ഡവമാടുകയും ചെയ്തു. വള്ളുവനാടില്‍ കലാപത്തെ പ്രതിരോധിക്കാന്‍ കാവല്‍ സംഘങ്ങളെ നിയോഗിക്കാനും അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം ഒരുക്കാനും കോവിലകം എല്ലാ സജ്ജീകരണങ്ങളും ആരംഭിച്ചു.(9) കൃഷ്ണവര്‍മ്മ രാജയായിരുന്നു സ്ഥാനിയന്‍. 21ന് തന്നെ കോവിലകത്ത് അഭയാര്‍ത്ഥികള്‍ എത്തിത്തുടങ്ങി എന്നതിന്റെ അര്‍ത്ഥം ഉള്‍നാടുകളില്‍ എത്ര പെട്ടെന്ന് ലഹള വ്യാപിച്ചു എന്നതിന്റെ സൂചനയാണ്. പെരിന്തല്‍മണ്ണ ട്രഷറി കൊള്ളക്ക് ശേഷം റോന്തു ചുറ്റല്‍ ക്രമപ്പെടുത്തുകയും പ്രാദേശിക കുടിയാന്മാരെ കാവലിന് നിയോഗിക്കുകയും ചെയ്തു. കോവിലകത്തിന് ചുറ്റും 15 കാവല്‍ പോസ്റ്റുകള്‍ സ്ഥാപിച്ചു. എണ്ണൂറിലധികം ഭടന്മാരെ ശമ്പളം നല്കിയാണ് കാവലിന് ഏര്‍പ്പാട് ചെയ്തത്. തുടക്കത്തില്‍ 100 പേരാണ് അഭയാര്‍ത്ഥികളായി എത്തിയിരുന്നത്. എന്നാല്‍ കലാപം വ്യാപിച്ചതോടെ സംഖ്യ രണ്ടായിരമായി ഉയര്‍ന്നു. ഡിസംബര്‍ മാസത്തോടെയാണ് ചിലര്‍ മടങ്ങി വീട്ടിലേക്ക് പോയി തുടങ്ങിയത്. 1922 ഏപ്രില്‍ ആണ് ക്യാമ്പ് പൂര്‍ണമായി പിരിച്ചുവിട്ടത്. കോവിലകത്തെ നഷ്ടം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം 20,000 രൂപ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കിയിട്ടുണ്ട്. പിന്നീട് ഈ അഭയാര്‍ത്ഥി ക്യാമ്പിന് ബ്രിട്ടീഷ് പട്ടാളത്തിന്റെ സംരക്ഷണവും ലഭ്യമായി. മൂന്ന് തവണ കലാപകാരികള്‍ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി എങ്കിലും മാപ്പിളമാര്‍ കാവല്‍ ഭേദിച്ച് കോവിലകത്തക്ക് കയറാന്‍ ധൈര്യം കാട്ടിയില്ല.

ആദ്യം 15 പോലീസുകാരെയും തുടര്‍ന്ന് ഒക്ടോബര്‍ മുതല്‍ പട്ടാളക്കാരെയും കാവലിനായി ഏര്‍പ്പാട് ചെയ്തു. പയനിയേഴ്‌സ്, ഡോര്‍സെന്റ, ഗൂര്‍ക്ക പട്ടാള വിഭാഗങ്ങള്‍ തുടങ്ങിയവ ഈ സേവനത്തില്‍ ക്രമമായി നിയോഗിക്കപ്പെട്ടു. മങ്കട കോവിലകത്തെ കാരണവരുടെ സമയോചിതവും ധീരവുമായ ഇടപെടലാണ് കലാപത്തിന്റെ ഹൃദയ ഭൂമിയില്‍ ഒരു സുരക്ഷിത താവളം സൃഷ്ടിച്ചത്. വള്ളുവനാടില്‍ ഹിന്ദുസമൂഹത്തിന്റെ ആത്മവീര്യം ഉയര്‍ത്താനും ജാതിക്ക് അതീതമായ ഹിന്ദു ഐക്യത്തിന് അനിവാര്യത ബോധ്യപ്പെടുത്താനും മങ്കട കോവിലകത്തിന്റെ നേതൃത്വം പിന്നീട് ഉണ്ടായിട്ടുണ്ട്.
ഒരുമയുടെ കുളത്തൂര്‍ കോട്ട
കുളത്തൂര്‍ ഗ്രാമത്തിന്റെ കഥ ധീരതയുടെയും ഐക്യത്തിന്റെയും രജത രേഖയാണ്. ഒന്നിലധികം തവണ മാപ്പിള കലാപങ്ങള്‍ നടന്ന ഗ്രാമമാണ് കുളത്തൂര്‍. 1851ലും 1873ലും ഇവിടെ ലഹള നടന്നിട്ടുണ്ട്. അതുകൊണ്ട് ഹിന്ദുക്കള്‍ പൊതുവില്‍ മുസ്ലിം ഹാലിളക്കത്തെ ജാഗ്രതയോടെ നിരീക്ഷിച്ചു പോന്നിരുന്നു. കുളത്തൂര്‍ വാര്യര്‍ കുടുംബമാണ് അവിടുത്തെ ഹിന്ദുസമൂഹത്തിന്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മൂപ്പില്‍ വാര്യര്‍ ആയിരുന്നു ലഹളക്കാരുടെ പ്രധാന ഉന്നം. ഒന്നാമത്തെ ലഹളയില്‍ കാരണവരെ ലഹളക്കാര്‍ വെട്ടിയരിഞ്ഞു കൊല്ലുകയും രണ്ടാമത്തെ ലഹളക്കാലത്ത് അന്നത്തെ കാരണവരെ കിട്ടാത്ത അരിശത്തിന് ഇളയ അംഗത്തെ വെട്ടിക്കൊല്ലുകയും ചെയ്തിരുന്നു. സംഭവങ്ങള്‍ക്കുശേഷം കുളത്തൂരില്‍ ഒരു പ്രദേശം (വലിയൊരു വീടും പരിസരവും) കോട്ടകെട്ടി സംരക്ഷിച്ചു പോന്നിരുന്നു.(10) ഏത് ആപത്ഘട്ടങ്ങളിലും സമീപ ഗ്രാമങ്ങളിലെ അശരണര്‍ക്ക് ഇവിടെ അഭയം നല്‍കിപ്പോന്നു. ലഹള ആരംഭിച്ച ഉടന്‍ തന്നെ ഇവിടെയും ഹാലിളകിയ മാപ്പിള കലാപകാരികള്‍ അക്രമത്തിന് ഒരുമ്പെട്ടു. സമീപ ഗ്രാമങ്ങളിലെ ഹിന്ദുക്കള്‍ മുഴുവന്‍ ഇവിടുത്തെ കോട്ടയ്ക്ക് അകത്ത് അഭയം തേടിയിരുന്നു. കോട്ട ഭേദിക്കാന്‍ കലാപകാരികള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം 50 പറ നെല്ലിന്റെ ഉടമ്പടിയില്‍ ലഹളക്കാര്‍ പിന്തിരിഞ്ഞു പോയി. മാത്രമല്ല വൈകിട്ട് മാപ്പിള പ്രമാണിമാരുടെ നേതൃത്വത്തില്‍ കലാപത്തിന് പോയ സംഘത്തില്‍പ്പെട്ട സമീപവാസികളെ പിടിച്ചുകൊണ്ടുവന്ന് പ്രായശ്ചിത്തം ചെയ്യിപ്പിക്കുകയും ചെയ്തു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
300 പേരടങ്ങുന്ന കാവല്‍ സംഘത്തെ നിയോഗിച്ച് സുശക്തമായ സുരക്ഷാ സംവിധാനം ഒരുക്കി. ആഗസ്റ്റ് 24 മുതല്‍ അഭയാര്‍ത്ഥി ക്യാമ്പ് വിപുലീകരിക്കേണ്ടി വന്നു. ആയിരത്തോളം പേര്‍ ഒരുമിച്ച് അഭയാര്‍ത്ഥികളായി ക്യാമ്പില്‍ കഴിഞ്ഞു. 1922 ഫെബ്രുവരി വരെ, അവസാനത്തെ ഹിന്ദുവും സുരക്ഷിതമായി സ്വഗൃഹത്തിലേക്ക് പോയി താമസിക്കുന്നത് വരെ, കുളത്തൂര്‍ ഗ്രാമം ഹിന്ദു സുരക്ഷയുടെ തുരുത്തായി നിലകൊണ്ടു.
മാപ്പിള ഹുങ്കിനെ പുറത്തു നിര്‍ത്തിയ കവളപ്പാറ
കലാപകാരികളെ വിറപ്പിച്ച കേന്ദ്രമായി ഇന്നും കവളപ്പാറ അറിയപ്പെടുന്നു. വള്ളുവനാട് അതിര്‍ത്തിയില്‍ ഷൊര്‍ണൂരില്‍ നിന്ന് രണ്ടു മൈല്‍ മാറി വാണിയംകുളത്തിന് സമീപമാണ് കവളപ്പാറ മൂപ്പില്‍ നായരുടെ കൊട്ടാരം. സമീപത്തെ ഏഴ് അംശങ്ങളാണ് ഈ മൂപ്പില്‍ നായര്‍ കുടുംബത്തിന്റെ സംരക്ഷണ പരിധിയില്‍ ഉണ്ടായിരുന്നത്. പണ്ടു മുതലേ മാപ്പിള ഹുങ്കിനെ വരിഞ്ഞുകെട്ടിയ പാരമ്പര്യമാണ് ഈ പ്രദേശത്തിനുള്ളത്.

മാപ്പിളമാരെ ഭൂമി വാങ്ങാനോ എന്തിന് അന്തിയുറങ്ങാന്‍ പോലും ഇവിടെ അനുവദിച്ചിരുന്നില്ല. വാണിയംകുളം ആഴ്ചച്ചന്തയില്‍ വരുന്ന മാപ്പിളമാര്‍ പോലും ആ രാത്രി കഴിഞ്ഞാല്‍ പോകണമെന്നായിരുന്നു കീഴ്‌വഴക്കം.(11) ഏറനാട്ടിലും വള്ളുവനാട്ടിലും ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹിന്ദുവിന്റെ മനസ്സിലെ അഭയകേന്ദ്രമായിരുന്നു കവളപ്പാറ. ലഹള പടര്‍ന്നുപിടിച്ച വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും അഭയാര്‍ഥികള്‍ ഇവിടേക്ക് ഒഴുകിയെത്തി. ഒക്ടോബര്‍ പത്തോടെ ഇവിടെ ദുരിതാശ്വാസക്യാമ്പ് തുടങ്ങി. ഡിസംബറോടുകൂടി 1500ല്‍ കൂടുതലായി അഭയാര്‍ത്ഥികള്‍. അവരുടെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച് വിവിധ ജോലികള്‍ നല്‍കി പുനരധിവസിപ്പിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മുതിര്‍ന്നവര്‍ക്ക് പ്രതിദിനം രണ്ട് നാഴി എന്ന കണക്കിലും കുട്ടികള്‍ക്ക് ഒരു നാഴി എന്ന കണക്കിലും അരി നല്‍കുന്ന റേഷന്‍ സമ്പ്രദായം ആരംഭിച്ചു. കൂടാതെ ഉപ്പ്, മുളക്, എണ്ണ എന്നിവയും ആവശ്യക്കാര്‍ക്ക് വസ്ത്രവും നല്‍കി. ഇത് പിന്നീട് കേന്ദ്ര ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. മുഴുവന്‍ നേതൃത്വവും മൂപ്പില്‍നായര്‍ കുടുംബം നിര്‍വഹിച്ചു.
വാരിയംകുന്നനും കൊണ്ടോടിയ കൊണ്ടോട്ടി
പ്രതിരോധത്തിലും കരുതലിലും വേറിട്ട ചരിത്രമാണ് കൊണ്ടോട്ടിയുടേത്. കലാപത്തിന്റെ തുടക്കത്തില്‍ കലാപകാരികളായ നേതാക്കളെ പിന്തിരിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും പരിശ്രമിച്ച കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കളുടെ കൂടെ നിന്ന ആളാണ് കൊണ്ടോട്ടി തങ്ങള്‍. അവരുടെ ശ്രമങ്ങള്‍ വിഫലമായി പോയി. കലാപകാരികളെയും പീഡിത സമൂഹത്തെയും വിധിക്ക് വിട്ട് വ്യാകുലതകള്‍ അയവിറക്കാനെ പിന്നീട് കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കള്‍ക്ക് കഴിഞ്ഞുള്ളു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൊണ്ടോട്ടിയെ കലാപത്തില്‍ നിന്ന് സുരക്ഷിതമായി മാറ്റിനിര്‍ത്താന്‍ മാപ്പിള സമൂഹത്തില്‍ തനിക്കുണ്ടായിരുന്ന ധാര്‍മിക അധികാരത്തെ മാതൃകാപരമായി പ്രയോഗിച്ച വ്യക്തിയാണ് കൊണ്ടോട്ടി തങ്ങള്‍. വാരിയംകുന്നന്‍ കുഞ്ഞമ്മദ് ഹാജിയുടെ കണ്ണില്‍ കൊണ്ടോട്ടി തങ്ങള്‍ കാഫിര്‍ ആയിരുന്നു. കിഴക്കന്‍ ഏറനാട്ടിലെ തന്റെ അധീശ്വത്വം ഉറപ്പിച്ച വാരിയംകുന്നന്‍ കൊണ്ടോട്ടി പിടിച്ചടക്കി തന്റെ ഖിലാഫത്ത് സാമ്രാജ്യം വിപുലപ്പെടുത്താം എന്ന മോഹത്തോടെയാണ് കൊണ്ടോട്ടിയിലേക്ക് മാര്‍ച്ച് ചെയ്തത്. കോഴിക്കോട് നഗരം കീഴടക്കി മലബാറിന്റെ ചക്രവര്‍ത്തിയായി സ്വയം പ്രഖ്യാപിക്കുക എന്നതായിരുന്നു ഹാജിയാരുടെ പദ്ധതി.
അരീക്കോട് ഭാഗത്ത് ഇസ്ലാമിക രാജ്യം പ്രഖ്യാപിച്ച കാരാട്ട് മൊയ്തീന്‍കുട്ടി ഹാജിയെ ഭരണം ഏല്‍പ്പിച്ചാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊണ്ടോട്ടിയിലേക്ക് പടനയിച്ചത്. സംഭവം മാധവന്‍നായര്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ”ഹാജിയാരുടെ വരവ് രാജോചിതമായ ആഡംബരത്തോടെ തന്നെയായിരുന്നു. ആലവട്ടവും പച്ചക്കുടയും പിടിച്ച് വെഞ്ചാമരവും വീശി അകമ്പടിയോടെ പരിവാരത്തോടും കൂടെ സൈന്യസമേതം കൊണ്ടോട്ടിയില്‍ എത്തിയ കുഞ്ഞഹമ്മദാജിയെ അനുയോജ്യമായ നിലയില്‍ എതിരേല്‍ക്കാന്‍ കൊണ്ടോട്ടിക്കാര്‍ ഒരുങ്ങിയില്ല.(12) തുടര്‍ന്ന് കലാപകാരികളുടെ ഒരുസംഘം കൊണ്ടോട്ടി ചുട്ടുചാമ്പലാക്കാന്‍ ആരംഭിച്ചു. പോലീസ് സ്റ്റേഷനും രജിസ്ട്രാര്‍ ഓഫീസും തീയിട്ടു. കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലുള്ള സംഘം നേരെ വലിയ തങ്ങളുടെ വസതിയിലെത്തി അദ്ദേഹത്തെ വെല്ലുവിളിച്ചു. ആയുധം താഴെ വെച്ച് അക്രമം ഒഴിവാക്കി വന്നാല്‍ മാത്രം ചര്‍ച്ച എന്ന ഉറച്ച നിലപാടാണ് തങ്ങള്‍ എടുത്തത്. വലിയ തങ്ങളുടെ ജീവന്‍ അപകടത്തിലാവുമെന്നും, പവിത്രമായ ഭൂമി കളങ്കപ്പെടുമെന്നും മനസ്സിലാക്കിയ തങ്ങളുടെ ഒരു ആശ്രിതന്‍ നകാരം അടിച്ച് ആളെ കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ അയാളോട് കയര്‍ക്കുകയും അനുസരിക്കാതെ വന്നപ്പോള്‍ വെടിവച്ച് കൊല്ലുകയും ചെയ്തു. ഇത് തങ്ങളെ ചൊടിപ്പിക്കുകയും തങ്ങള്‍ തിരിച്ചടിക്കുകയും ചെയ്തു.” പിടിച്ചുനില്‍ക്കാന്‍ ത്രാണിയില്ലാതെ വാരിയംകുന്നനും പടയും പേടിച്ച് പിന്തിരിഞ്ഞോടിയ സംഭവം മാധവന്‍നായര്‍ വിവരിക്കുന്നത് ഇങ്ങനെ. ”ഭയം കൊണ്ടും പരിഭ്രമം കൊണ്ടും അന്തംവിട്ട ഹാജിയാരും കൂട്ടരും വടക്കോട്ട് ഓടി വഴിയിലുള്ള തോട്ടില്‍ വീണു. ദേഹമെല്ലാം മുറിപ്പെട്ടു. ഓടിയെത്താന്‍ കഴിഞ്ഞ ഏതാനും അനുയായികളോടും കൂടി ഹാജിയാര്‍ പ്രാണനെയും കൊണ്ട് കൊണ്ടോട്ടിയില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ടു.”(13) അങ്ങനെ വാരിയംകുന്നന്‍ മനസ്സില്‍ താലോലിച്ച മനോരാജ്യത്തിലെ പകുതിഭാഗം ഒറ്റയടിക്ക് നഷ്ടപ്പെട്ടു.
പ്രതിരോധവും ബലിദാനവും;ഹെഡ് കോണ്‍സ്റ്റബിള്‍ കുമാരപ്പണിക്കര്‍
കലാപകാലത്തെ ഏറ്റവും ഹീനമായ പ്രവര്‍ത്തനങ്ങള്‍ നടന്ന പ്രദേശമായിരുന്നു തുവ്വൂരും പരിസരഗ്രാമങ്ങളും. ചെമ്പ്രശ്ശേരി തങ്ങളുടെ കേന്ദ്രമായിരുന്നു തുവ്വൂര്‍. നാട്ടില്‍ നിന്നും കൂട്ടപ്പലായനം ആരംഭിച്ചപ്പോള്‍, സ്വന്തം നാട്ടില്‍ തന്നെ പിടിച്ചുനില്‍ക്കാനും, ഒരുമയോടെ പ്രവര്‍ത്തിക്കാനും, നേതൃത്വവും പ്രേരണയും നല്‍കിയ വ്യക്തികളായിരുന്നു തുവ്വൂര്‍ അംശം അധികാരി ശങ്കരനും റിട്ടയേര്‍ഡ് പോലീസ് കോണ്‍സ്റ്റബിള്‍ കുമാരപ്പണിക്കരും. ജന്മികുടുബങ്ങളും ഇടത്തരം കര്‍ഷക കുടുംബങ്ങളും മിക്കവാറും നാടുവിട്ടു കഴിഞ്ഞിരുന്നു. തിയ്യ സമുദായത്തിലെ വലിയൊരു വിഭാഗം തെങ്ങ്, പന എന്നിവ ചെത്തി കള്ള് എടുക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടവരായിരുന്നു. അതുകൊണ്ട് തന്നെ സമ്പന്ന ഹിന്ദുക്കള്‍ മാത്രമല്ല, പാവപ്പെട്ട ചെത്ത് തൊഴിലാളി കുടുംബങ്ങളും ഖിലാഫത്ത് ഭരണത്തിലെ വെറുക്കപ്പെട്ടവരായിരുന്നു. സ്വയരക്ഷയ്ക്ക് ചേറ്റ്കത്തിയും(14) വടക്കനുളിയും(15) മൂര്‍ച്ച കൂട്ടി എന്തിനും തയ്യാറായി നില്‍ക്കാന്‍ കുമാരപ്പണിക്കര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതാണ് കുമാരപ്പണിക്കരെ ഏറ്റവും ക്രൂരമായ രീതിയില്‍ കൊലചെയ്യാന്‍ വാരിയംകുന്നനെയും ചെമ്പ്രശ്ശേരി തങ്ങളെയും ആമകുണ്ടന്‍ എന്ന കൊഴിശേരി മമ്മദിനേയും പ്രേരിപ്പിച്ചത്. തെറ്റ് ഏറ്റ് പറഞ്ഞ്, ഇസ്ലാമില്‍ ചേര്‍ന്നാല്‍ ജീവന്‍ തിരിച്ചുതരാം എന്ന വാഗ്ദാനത്തിനു മുന്നില്‍ വഴങ്ങാതിരുന്ന കുമാരപ്പണിക്കരുടെ രണ്ട് തുടയിലെയും തൊലി ജീവനോടെ ഉരിയുകയും പിന്നീട് കാലുകള്‍ രണ്ടും വെട്ടിമാറ്റുകയും ചെയ്തു. കലി അടങ്ങാത്ത കാപാലികര്‍ ഈര്‍ച്ചവാള്‍ കൊണ്ട് തല നെടുകെ പിളര്‍ന്നാണ് കൊല ചെയ്തത്.(16) ഖിലാഫത്ത് രാജ്യത്തെ എതിര്‍ക്കുകയോ, ബ്രിട്ടീഷ് പട്ടാളത്തിന് വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുകയോ, ചെയ്താല്‍ ഇതായിരിക്കും വിധി എന്ന് തുവ്വൂരും പരിസര പ്രദേശങ്ങളിലും വിളംബരം ചെയ്തു.(17) അതുകൊണ്ട് തന്നെ ഈ ക്രൂരത പുറം ലോകം അറിയാന്‍ പത്ത് ദിവസത്തോളമെടുത്തു.
അരീക്കോട്ടെ നാരായണിയമ്മ (18)
സപ്തംബര്‍ 20 ന് ആണ് അരീക്കോട് ലഹളക്കാര്‍ നിരവധി ഹിന്ദു ഭവനങ്ങള്‍ അഗ്‌നിക്ക് ഇരയാക്കിയത്. ആക്രമികളെ നേരിടാന്‍ ഒരു സ്ത്രീ കാണിച്ച ധീരതയും ത്യാഗവും എടുത്ത് പറയേണ്ടതാണ്. സ്ത്രീകള്‍ മാനം രക്ഷിക്കാന്‍ ആയുധമെടുത്ത സംഭവങ്ങള്‍ അക്കാലത്ത് വിരളമല്ല എന്ന് പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക് രേഖപ്പെടുത്തുന്നുണ്ട്.(19) എരഞ്ഞിക്കല്‍ വെളുത്തേടത്ത് നാണി എന്ന നാരായണിയമ്മയും സഹോദരിയും മകളും മാത്രമാണ് അവരുടെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ആക്രമി സംഘം വരുന്നുണ്ടെന്ന് അറിഞ്ഞ നാരാണിയമ്മ സഹോദരിയേയും മകളെയും സുരക്ഷിതരാക്കി കാട്ടിലേക്ക് അയച്ച് വാതിലടച്ച് എന്തും നേരിടാന്‍ തയ്യാറായി ഇരുന്നു. രാത്രിയില്‍ വാതില്‍ വെട്ടിപ്പൊളിച്ച് അകത്ത് കയറിയ കലാപകാരികളെ നാരായണിയമ്മ ഒറ്റക്ക് വീട്ടിലെ വെട്ടുകത്തി കൊണ്ട് നേരിട്ടു. അക്രമികളുടെ വെട്ടേറ്റ് തടി രണ്ടായി പിളര്‍ന്നിട്ടും ആക്രമി സംഘത്തിലെ 3-4 പേരെ മാരകമായി വെട്ടി മുറിവേല്‍പ്പിച്ചിട്ടാണ് അവര്‍ തളര്‍ന്ന് വീണത്. പ്രതീക്ഷിക്കാത്ത തിരിച്ചടി ലഭിച്ച അക്രമി സംഘം തിരിഞ്ഞോടുകയാണ് ഉണ്ടായത്. സഹോദരിക്കും മക്കള്‍ക്കും മാനം നഷ്ടപ്പെടാതെ രക്ഷപ്പെടാനായി.
പുത്തൂരിലെ കരുണാകരന്‍ നായര്‍(20)
കോട്ടക്കലിനടുത്ത് പുത്തൂരിലും സമാനമായ ഒരു സംഭവം നടന്നു. സപ്തംബര്‍ 24 ന് രാത്രിയിലാണ് ഇത് നടന്നത്. വിളക്കിനാല കുറ്റിപ്പുറത്ത് കരുണാകരന്‍ നായരാണ് ഈ ധീരോദാത്തമായ ചരിത്രം രചിച്ചത്. വീട് ആക്രമിക്കാന്‍ ലഹള സംഘം വരുന്നുണ്ടെന്ന വിവരം നേരത്തെ അറിഞ്ഞിരുന്നു. വീട്ടുകാരെയും, മറ്റ് വിലപ്പെട്ട സാധനങ്ങളുമായി അദ്ദേഹം തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് പുറപ്പെട്ടു. കുടുംബങ്ങള്‍ അപകടമേഖല പിന്നിട്ടുവെന്ന് മനസ്സിലാക്കിയപ്പോള്‍ ‘ഒരു രേഖ എടുക്കാന്‍ വിട്ടുപോയി, ഞാന്‍ അത് എടുത്ത് വരാം’ എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തി അദ്ദേഹം വീട്ടിലേക്ക് മടങ്ങി. തന്റെ വടിവാളും വെട്ടുകത്തിയുമായി അദ്ദേഹം വീട്ടില്‍ അക്രമികളേയും പ്രതീക്ഷിച്ചു നിന്നു. രാത്രിയായപ്പോള്‍ 300-ല്‍ അധികം വരുന്ന ആക്രമി സംഘം വന്നയുടനെ അപ്രതീക്ഷിതമായി അദ്ദേഹം അവരുടെ മേല്‍ ചാടിവീഴുകയും ധീരമായ പോരാട്ടത്തിലൂടെ നാല് പേരെ കാലപുരിക്ക് അയക്കുകയും ചെയ്തു. സംഘങ്ങളെ സാരമായി പ്രഹരമേല്പിച്ച് ഓടിച്ചു. ആ സമയത്ത് പടികടന്നു വരുന്ന അടുത്ത അക്രമി സംഘത്തിന്നടുത്തേക്ക് പാഞ്ഞടുക്കുന്ന സമയത്ത് ഒരു മാപ്പിള കലാപകാരി എറിഞ്ഞ കുന്തം കഴുത്തില്‍ തറക്കുകയും വീരമൃത്യുവരിക്കുകയും ചെയ്തു.
മണ്ണൂരിലെ ഒരുമ
ഒക്ടോബര്‍ മാസത്തില്‍ തേഞ്ഞിപ്പലം അംശത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ ആക്രമണങ്ങള്‍ നടന്നു പുരുഷന്മാരെ വാള്‍മുനയില്‍ നിര്‍ത്തി, സ്ത്രീകളെ അവരുടെ മുന്നില്‍ തന്നെ ബലാല്‍ക്കാരം ചെയ്യുക എന്നതായിരുന്നു മതംമാറാന്‍ തയ്യാറില്ലാത്തവര്‍ക്കുള്ള ശിക്ഷ. ഈ സന്ദര്‍ഭത്തില്‍ തേഞ്ഞിപ്പലത്തിനടുത്തുള്ള മണ്ണൂരിലെ ഹിന്ദുക്കള്‍ മാപ്പിളമാരോട് ഒരുമിച്ച് എതിര്‍ത്ത് നോക്കുവാന്‍ തീര്‍ച്ചപ്പെടുത്തി.(21) വാള്‍, വടി, മുതലായ ആയുധങ്ങളോട് കൂടിയ ഒരു കാവല്‍സംഘത്തെ ഏര്‍പ്പെടുത്തി. അക്രമകാരികളെ പരസ്യമായി വെല്ലുവിളിക്കുകയും ലഹളക്കാര്‍ പകല്‍ വിശ്രമിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മുക്കത്തുകടവിനു അടുത്തുള്ള ഒരു പള്ളി കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു. മണ്ണൂര്‍ പ്രദേശത്തെ ഭേദപ്പെട്ട തറവാടുകള്‍ ആയ കള്ളാടിതൊടി, കൂര്‍മ്മന്തറ(22) എന്നീ വീട്ടുകാരുടെ ഉത്സാഹത്തിലാണ് പ്രതിരോധ കാവല്‍ സംഘത്തെ ഏര്‍പ്പെടുത്തിയിരുന്നത്. അക്രമങ്ങള്‍ അരങ്ങേറിയിരുന്നത് അധികവും രാത്രികാലങ്ങളില്‍ ആയതിനാല്‍ പകല്‍ കാവല്‍ അത്ര കടുപ്പിച്ചിരുന്നില്ല. ഹിന്ദു വീടുകള്‍ ആക്രമിച്ചു തീവെച്ച കൂട്ടത്തിലെ നാല് കലാപകാരികളെ പടയാളികള്‍ പിടികൂടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ഉണ്ടായി. ഈ തിരിച്ചടിയറിഞ്ഞ ആലിമുസ്ല്യാരുടെ ശിഷ്യനും ലഹളക്കാരുടെ പടത്തലവനും ആയ ലവകുട്ടിയുടെ നേതൃത്യത്തില്‍(23) തോക്കടക്കമുള്ള സര്‍വ്വസന്നാഹങ്ങളോടും കൂടി കലാപകാരികള്‍ മണ്ണൂര്‍ ആക്രമിച്ചു. മണ്ണൂരിലെ സകലരെയും ആക്രമിച്ച് വീടുകള്‍ അഗ്നിക്ക് ഇരയാക്കി. സംഘം വള്ളിക്കുന്നിലേക്കും നന്നമ്പ്രക്കും പോയി കൊടിയ ഭീകരതകള്‍ കാണിച്ചു. സര്‍ക്കാരിന്റെ കൊടിയ അലംഭാവവും വീഴ്ചയുമാണ് മണ്ണൂര്‍ വള്ളിക്കുന്ന് കൂട്ടക്കുരുതികള്‍ക്ക് കാരണം എങ്കിലും പ്രതിരോധത്തിന്റെയും ഒരുമയുടെയും മഹനീയ മാതൃകയ്ക്കും ഒപ്പം അലംഭാവത്തിന്റെ അപകടവും നല്‍കുന്ന പാഠമാണ് മണ്ണൂര്‍.
കോഴിക്കോട് നഗരത്തെ കാത്ത ജനകീയ പട്ടാളം
ഏറനാട് താലൂക്കിലും കോഴിക്കോട് താലൂക്കിലെ കുന്നമംഗലം പുത്തൂര്‍ പ്രദേശങ്ങളിലും അഴിഞ്ഞാടിയ ലഹള സംഘങ്ങള്‍ കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കുന്നത് പ്രതിരോധിച്ച ഫറൂഖ്, നല്ലൂര്‍, ചാലിയം പ്രദേശത്തെ സാധാരണ ഹിന്ദുക്കളുടെ ദൃഢനിശ്ചയവും ധൈര്യവും മാപ്പിള ലഹളയിലെ വേറിട്ട അദ്ധ്യായമായാണ് ഹിച്ച്‌കോക്ക് വിലയിരുത്തുന്നത്.(24) ഇവര്‍ പലപ്പോഴും തിരിച്ചാക്രമണം എന്ന പ്രതിരോധ തന്ത്രമാണ് സ്വീകരിച്ചത്. പോലീസും പട്ടാളവും ഉണ്ടെങ്കില്‍ അവര്‍ക്കൊപ്പം അല്ലെങ്കില്‍ തനിയെ എന്നതായിരുന്നു നിലപാട്.
”കോഴിക്കോട് താലൂക്കില്‍ ജനസംഖ്യയില്‍ ഹിന്ദുക്കള്‍ മുസ്ലിങ്ങളേക്കാള്‍ ഉണ്ടെന്ന് മാത്രമല്ല പ്രത്യേകത. അവര്‍ക്ക് ഭയമില്ല. വേണമെങ്കില്‍ മുസ്ലിങ്ങളേക്കാള്‍ മോശമായി പെരുമാറാനും തയ്യാറായിരുന്നു. ഇവിടുത്തെ പ്രതിരോധം ഏറനാട്ടിലും വള്ളുവനാട്ടിലും നടന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലെയായിരുന്നില്ല, അത് പൊതുവികാരമായിരുന്നു. പ്രത്യേകിച്ച് ഫറൂഖ്, നല്ലൂര്‍ അംശങ്ങളില്‍ നല്ലപോലെ തിരിച്ചടിച്ചു. ചാലിയത്തെ മാപ്പിളമാര്‍ക്ക് പ്രാദേശിക ഹിന്ദുക്കളില്‍ നിന്ന് സംരക്ഷണം ആവശ്യമായിരുന്നു എന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു”(25) എന്നാണ് പോലീസ് മേധാവി ഹിച്ച്‌കോക്ക് വിലയിരുത്തുന്നത്.
പാവപ്പെട്ട ഹിന്ദു സമൂഹങ്ങളെ കടന്നാക്രമിച്ച കലാപകാരികള്‍ക്കെതിരെയുള്ള പ്രതികാരമായിരുന്നു തിയ്യ സമുദായാഗംങ്ങള്‍ നേതൃത്വം നല്‍കിയ ഈ നിലപാടിന്റെ അടിസ്ഥാനം. ”കോഴിക്കോടിന്റെ വടക്കും അരീക്കോടിന്റെ പടിഞ്ഞാറ് ഫറൂഖ് വരെയും ഒരു ജനകീയ പട്ടാളം പ്രധാനമായിട്ടും തിയ്യ സമുദായങ്ങള്‍ ഒരുമിച്ചു വന്ന് പ്രതിരോധം തീര്‍ത്തു”(26) എന്ന് ഹിച്ച്‌കോക്ക് പറയുന്നു. ഈ സംഘം പ്രധാന റോഡുകളിലും കടത്തുകളിലും പട്രോളിംഗ് നടത്തി തുടങ്ങി. അരീക്കോട് നിന്നും ഏറനാടിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് പ്രവേശിച്ച നിരവധി മാപ്പിള കലാപകാരികളെ(കൂട്ടത്തില്‍ കലാപകാരികളോട് തെറ്റിപ്പിരിഞ്ഞ് അഭയാര്‍ത്ഥികളായവരും ഉള്‍പ്പെടും) ഇവരാല്‍ പോലീസ് പിടിയിലായി. കിഴക്കന്‍ ഏറാടിനെക്കാള്‍ ഹിന്ദു ഭൂരിപക്ഷമുള്ളതും മാപ്പിളലഹളകള്‍ മുന്‍പ് അനുഭവിച്ചിട്ടില്ലാത്തതുമായ കോഴിക്കോടിനോട് ചേര്‍ന്ന് കിടക്കുന്ന വാഴക്കോട് മുതല്‍ ഫറൂഖ് വരെയുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ തിരിച്ചടിക്കുന്ന അസാധാരണ സംഭവങ്ങളുമുണ്ടായി. ഇത് കലാപകാരികളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലാത്ത സാധാരണ മുസ്ലീങ്ങള്‍ക്കിടയില്‍ ഹിന്ദു വിരോധം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ കെ.മാധവന്‍നായരുടെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. ”പൊതുവില്‍ ഹിന്ദുക്കള്‍ നാടും വീടും വിട്ട് ഓടിപ്പോവുകയാണ് ചെയ്തത് എങ്കിലും ലഹളക്കാരുടെ നേരെ ബലവും ഉപായവും പ്രയോഗിച്ച് എതിര്‍ത്തു നിന്ന സംഭവങ്ങളും വിരളമായിട്ടാണെങ്കിലും ഉണ്ടായിട്ടുണ്ട്. മാപ്പിളമാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ തുടങ്ങിയിട്ട് രണ്ടാമത്തെ ഘട്ടത്തില്‍ അവരില്‍ ചിലര്‍ വളരെ ധൈര്യവും പരാക്രമവും കാണിച്ചുവെങ്കിലും ഒറ്റയ്‌ക്കോ ചുരുക്കം ചിലരുടെയോ ധീരവും ബലപ്രയോഗവും നിഷ്ഫലമായി തന്നെ കലാശിച്ചു. ഇതുകൊണ്ടൊന്നും ഹിന്ദുക്കള്‍ യാതൊരു പാഠവും പഠിച്ചതായി തോന്നുന്നില്ല. അവനവന്റെ സമുദായത്തിലുള്ള അസമത്വങ്ങള്‍ തീര്‍ത്ത് ദേഹബലവും സംഘബലവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാത്ത പക്ഷം അവരെപ്പോഴും ഈ ആപത്തുകള്‍ക്ക് വശപ്പെടുവാന്‍ വഴിയുള്ള താണെന്നതിന് സംശയമില്ല.”(26)
1. കെ.പി.കേശവമേനോന്‍ – കഴിഞ്ഞകാലം -97-101
2. കെ.മാധവന്‍ നായര്‍ – മലബാര്‍ കലാപം-169
3. അതേ പുസ്തകം – 171
4. ഹിച്ച്‌കോക്ക് – മലബാര്‍ റിബലായന്‍ – 47
5. മാധവന്‍ നായര്‍ – 161
6. ” 148
7. സി. ഗോപാലന്‍ നായര്‍ – മാപ്പിള ലഹള 1921-103
8. ” 104
9. ” 104
10. ” 106
11. ” 105
12. മാധവന്‍ നായര്‍ – 248
13. ”249
14. ചെത്താന്‍ ഉപയോഗിക്കുന്ന വലിയ കത്തിയാണ് ചേറ്റ് കത്തി. മാപ്പിളക്കത്തിയും അരയില്‍ തിരുകി നടന്നിരുന്നവര്‍ക്ക് പോലും അതിലും വലിയ ചേറ്റ് കത്തി ഒരു മര ഉറയില്‍ അരയില്‍ തൂക്കി നടന്നിരുന്ന തിയ്യന്മാരെ വലിയ ഭയമായിരുന്നു.
15. ആശാരിമാര്‍ ഉപയോഗിക്കുന്ന വലിയ ഉളി
16. ഇ.രാമ മേനോന്‍ റിപ്പോര്‍ട്ട് -ആര്യസമാജം
17. ഹിച്ച്‌കോക്ക്
18. ഹിച്ച്‌കോക്ക് (71) മാധവന്‍ നായര്‍ (219)
19. ഹിച്ച്‌കോക്ക്
20. മാധവന്‍ നായര്‍ (211) ഗോപാലന്‍ നായര്‍ (82) ആര്യസമാജം
21. മാധവന്‍ നായര്‍ – 236
22. 237
23. മദ്രാസ് മെയില്‍, കേരള പത്രിക – മാധവന്‍ നായര്‍ ഉദ്ധരണി
24. ഹിച്ച്‌കോക്ക്
25. ഹിച്ച്‌കോക്ക്
26. ഹിച്ച്‌കോക്ക്
27. മാധവന്‍ നായര്‍ – 212, 213