സ്വൈരജീവിതത്തിനും സ്വാതന്ത്ര്യത്തിനും പൂട്ടുവീഴുന്ന ഇക്കാലത്തും മനുഷ്യന്‍ ഏകനല്ലെന്നും അവന്‍ സമൂഹജീവിയാണ് എന്നും സോഷ്യല്‍ മീഡിയ നമുക്ക് കാണിച്ചു തരുന്നു. ലോകത്തിന്റെ ഏതുകോണിലും ഇരുന്നുകൊണ്ട് മാസ്‌ക്കും മേക്കപ്പും ഇല്ലാതെ വലിയൊരു സദസ്സിനോടു സംവദിക്കാനും അറിവുനേടാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും അവസരം നല്‍കുന്ന സോഷ്യല്‍ മീഡിയാ രംഗത്തെ നവാഗത താരമായ ക്ലബ് ഹൗസ് ആണ് കുറെക്കാലമായി ഏവരുടേയും ശ്രദ്ധാകേന്ദ്രം. എന്താണ് ഈ ക്ലബ് ഹൗസ്?
വാട്ട്‌സാപ്പും ഫേസ്ബുക്കും യൂട്യൂബും ഇന്‍സ്റ്റഗ്രാമും ട്വിറ്ററുമൊക്കെ നിറഞ്ഞാടുന്ന സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് നമ്മുടെ ശ്രദ്ധയാകര്‍ഷിച്ച പുതിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ‘ആല്‍ഫ എക്‌സ്‌പ്ലൊറേഷന്‍ കമ്പനി’ 2019ല്‍ ഇത് അമേരിക്കയില്‍ തുടക്കമിട്ടു. 2020 മാര്‍ച്ചില്‍ ക്ലബ് ഹൗസ് ലോഞ്ച് ചെയ്തു. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ മാത്രമായിരുന്ന ക്ലബ് ഹൗസ് ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമായതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ക്ലബ് ഹൗസിന്റെ പ്രചാരം ഉയര്‍ന്നു.
ഈ ആപ്ലിക്കേഷന്‍ നിലവില്‍ ബീറ്റാവേര്‍ഷന്‍ ആയതിനാല്‍ ക്ലബ് ഹൗസില്‍ ഉള്ള ഒരാളുടെ ക്ഷണം വഴി മാത്രമേ പുതിയ ഒരാള്‍ക്ക് ഇതില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളു. ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിലൂടെ പുതുതായി പ്രവേശിക്കുന്നയാള്‍ക്ക് വേറെ അഞ്ചുപേര്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കുവാന്‍ സാധിക്കും. ക്ലബ് ഹൗസില്‍ പ്രവേശിക്കുന്ന വ്യക്തിക്ക് മറ്റു വ്യക്തികളെയും പതിവായി സംവാദങ്ങള്‍ സംഘടിപ്പിക്കുന്ന ക്ലബ്ബുകളെയും സേര്‍ച്ച് ചെയ്ത് ഫോളോ ചെയ്യാനും സാധിക്കും. ക്ലബ് ഹൗസില്‍ അംഗമായ ആര്‍ക്കും ‘റൂം’ തുടങ്ങാവുന്നതാണ്. റൂം രൂപീകരിച്ചാല്‍ മാത്രമെ രണ്ടോ അതിലധികമോ വ്യക്തികള്‍ തമ്മില്‍ സംസാരിക്കുവാന്‍ സാധിക്കുകയുള്ളു. നിലവില്‍ ഒരു റൂമില്‍ പരമാവധി 8000 അംഗങ്ങളെ വരെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക.
ക്ലബ്ഹൗസ് എന്നത് ചര്‍ച്ചകള്‍ നടക്കുന്ന റൂമുകളും ഒരു വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ക്കു പതിവായി സംസാരിക്കാനുള്ള ഇടവുമാണ്. ഇങ്ങനെ മൂന്നുതരത്തില്‍ റൂമുകള്‍ ഉണ്ടാക്കാം. ലോകത്തെവിടെയുമുള്ള ക്ലബ് ഹൗസ് അംഗങ്ങള്‍ക്ക് ആര്‍ക്കും പങ്കുചേരാവുന്ന തുറന്ന റൂമുകള്‍, റൂം രൂപീകരിച്ച വ്യക്തിയുടെ ഫോളോവേഴ്‌സിനു മാത്രം പങ്കെടുക്കാന്‍ സാധിക്കുന്ന സോഷ്യല്‍ റൂമുകള്‍, അതുപോലെ തീര്‍ത്തും സ്വകാര്യമായുള്ള അടച്ചിട്ട റൂമുകള്‍.
ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന റൂമില്‍ ആരാണ് സംസാരിക്കേണ്ടത് എന്നു തീരുമാനിക്കുക മോഡറേറ്ററാണ്. ഒരു റൂമില്‍ ‘സപീക്കേഴ്‌സും’ ‘ലിസനേഴ്‌സും’ ഉണ്ടായിരിക്കും. അതായത് ചര്‍ച്ചയില്‍ സംസാരിക്കാന്‍ കഴിയുന്ന സ്റ്റേജിലുളളവരും, റൂമില്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ പറ്റുന്ന സദസ്സിലുള്ളവരും.
സാധ്യതകള്‍
ഒട്ടേറെ സാധ്യതകള്‍ തുറന്നിടുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് ക്ലബ് ഹൗസ്. എവിടെയിരുന്നുകൊണ്ടും ഇഷ്ടമുള്ള വിഷയങ്ങളെക്കുറിച്ചു പറയാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന ഒരിടംകൂടിയാണ് ക്ലബ് ഹൗസ്. സമാനചിന്താഗതിക്കാരുമായി ചര്‍ച്ചകളില്‍ പങ്കെടുക്കുക വഴി അറിവുകള്‍ നേടാനും നമ്മുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും സാധിക്കുന്നു. സഭാകമ്പം ഇല്ലാതെ നമുക്കു സംസാരിക്കാം, കാരണം ഇതില്‍ വോയിസ് മാത്രമെ വരുന്നുള്ളു. മുഖാഭിമുഖ സംഭാഷണം കൂടാതെ കാര്യങ്ങള്‍ അവതരിപ്പിക്കാം. പൊതുവായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുക വഴി ആശയവിനിമയത്തിനുള്ള കഴിവു കൂടുന്നു. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുവാനും അഭിപ്രായം പറയുവാനും കേള്‍വിക്കാരുടെ വലിയൊരു നിര തന്നെ ലഭിക്കുന്നു.
സോഷ്യല്‍ മീഡിയായിലെ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. ഓരോ വിഷയത്തിലും പാണ്ഡിത്യമുള്ള ആളുകളുമായി ചര്‍ച്ച ചെയ്യുന്നതു വഴി ഒരു സോഷ്യല്‍മീഡിയ പോലെയോ ബ്രോഡ്കാസ്റ്റിംഗ് മീഡിയപോലെയോ റേഡിയോ പോലുള്ള ഒരു മാസ്മീഡിയ പോലെയോ ക്ലബ് ഹൗസ് ഉപയോഗിക്കാം. സംസാരിക്കാന്‍ കഴിവുള്ള ആളുകള്‍ക്ക് അവരുടെ ആശയം അവതരിപ്പിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല ഒരു പ്ലാറ്റ്‌ഫോം കൂടിയാണ് ക്ലബ് ഹൗസ്.
വെല്ലുവിളികള്‍
നിലവിലുള്ള സാമൂഹ്യമാധ്യമങ്ങളെപ്പോലെ ക്ലബ് ഹൗസും ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. വ്യാജ ഐഡികളുടെ രംഗപ്രവേശം ആശങ്കയുളവാക്കുന്ന ഒരു പ്രധാനകാര്യമാണ്. ആര്‍ക്കുവേണമെങ്കിലും ഏതു വിഷയത്തിലുള്ള ചര്‍ച്ചാറൂമുകള്‍ ഇവിടെ തുടങ്ങാവുന്നതാണ്. അതിനാല്‍ത്തന്നെ പങ്കെടുക്കുന്ന വ്യക്തികളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇങ്ങനെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ‘വ്യാജവിദഗ്ദ്ധര്‍’ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വിവരങ്ങള്‍ വിദഗ്ദമായി പങ്കുവയ്ക്കുന്നു. പല വിഷയങ്ങളെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇത്തരം ക്ലബ് ഹൗസ് ചര്‍ച്ചകള്‍ കാരണമാകുന്നുണ്ട് എന്നതും വാസ്തവമാണ്.
വ്യാജ ഐഡികള്‍ വഴി പല ദുരുപയോഗങ്ങളും ക്ലബ് ഹൗസിലും നടക്കുന്നു. തീവ്രവാദസംഘങ്ങളും സെക്‌സ് റാക്കറ്റുകളും മയക്കുമരുന്ന് ഗ്രൂപ്പുകളും ക്ലബ് ഹൗസില്‍ വ്യത്യസ്ത ചാറ്റ് റൂമുകള്‍ നടത്തുകയും വ്യാജ ഐ.ഡികളില്‍ മറഞ്ഞിരുന്ന് അവര്‍ക്ക് വലയിലാക്കേണ്ടവരെ കണ്ടെത്തുകയും ആവശ്യമായ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.
ക്ലബ് ഹൗസ് കേരളത്തില്‍ പിറവിയെടുത്ത ആദ്യഘട്ടത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുത്ത ആരോഗ്യകരമായ ചര്‍ച്ചകളാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ചയുടെ ഗതിമാറി. ആരോഗ്യകരമായ ചര്‍ച്ചകളുടെ എണ്ണം കുറയുകയും ദുരുപയോഗത്തിനുളള ഇടങ്ങളായി ക്ലബ് ഹൗസ് മാറ്റപ്പെടുകയും ചെയ്തു.
ഇത്തരം ലൈവ് ആയി നടക്കുന്ന ചര്‍ച്ചകള്‍ റെക്കാര്‍ഡു ചെയ്യുവാന്‍ സാധ്യമല്ല എന്ന് ക്ലബ് ഹൗസ് വ്യക്തമാക്കുന്നുണ്ടെങ്കിലും സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ റിക്കാര്‍ഡ് വഴി ഈ ചര്‍ച്ചകള്‍ റിക്കാര്‍ഡ് ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ റെക്കാര്‍ഡ് ചെയ്യപ്പെട്ട അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ നിരവധി വിഡിയോകള്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്.
ക്ലബ് ഹൗസ് ചാറ്റ് റൂമുകളിലും അവിടുത്തെ ചര്‍ച്ചകളിലും പെട്ടുപോയി സമയം നഷ്ടപ്പെടുന്നു എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഒരു മണിക്കൂര്‍ ഉദ്ദേശിച്ചും ആരംഭിച്ച പല ചര്‍ച്ചകളും എട്ടുംപത്തും മണിക്കൂറുകളിലേക്കും നീണ്ടുപോയത് ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പങ്കുചേര്‍ന്ന പലരുടെയും അനുഭവമാണ്.
വേണ്ടത് ജാഗ്രത
ദിനംപ്രതി ആഗതമാകുന്ന ഇത്തരം നവമാധ്യമങ്ങളെ ഭയത്തോടെ നോക്കിക്കാണാതെ അവയെ വിവേകത്തോടും മൂല്യബോധത്തോടും കൂടി ഉപയോഗിക്കാന്‍ സ്വയം പരിശീലിക്കുകയും നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും ബോധവത്ക്കരിക്കുകയുമാണ് വേണ്ടത്.
1. ക്ലബ് ഹൗസ് സമയപരിധി നിശ്ചയിച്ച് ഉപയോഗിക്കുക. അനാവശ്യമായി വരുന്ന നോട്ടിഫിക്കേഷന്‍ ഒഴിവാക്കാന്‍ ക്ലബ് ഹൗസ് സെറ്റിങ്ങ്‌സില്‍ നോട്ടിഫിക്കേഷന്‍ പോസ് ചെയ്യുന്നത് നന്നായിരിക്കും.
2. ഒരു വിഷയത്തെക്കുറിച്ച് ആധികാരികമായ അറിവു ലഭിക്കുന്നതിനുവേണ്ടി ക്ലബ് ഹൗസിനെ ഒരിക്കലും ആശ്രയിക്കരുത്. വിമര്‍ശന ബുദ്ധിയോടെ മാത്രമേ അവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും വിവരങ്ങള്‍ സ്വീകരിക്കുകയും ചെയ്യാവൂ.
3 ചതിക്കെണികള്‍ ഒരുക്കി കാത്തിരിക്കുന്ന ചാറ്റ് റൂമുകള്‍ അനേകമുണ്ടെന്ന് ജാഗ്രതയോടെ ഓര്‍ക്കേണ്ടതാണ്. ക്ലബ് ഹൗസിലെ റൂമുകളില്‍ നമ്മുടെയോ മറ്റുള്ളവരുടെയോ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുന്നത് ബുദ്ധിശൂന്യതയാണ്.
4. ക്ലബ് ഹൗസ് റൂമുകള്‍ പൊതുവിടമാണ്. രഹസ്യമായി പറയുകയും ചര്‍ച്ച ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ഈ റൂമുകളില്‍ സംസാരിക്കരുത്. അറിവുള്ളതിനെപ്പറ്റി മാത്രം അഭിപ്രായം പറയുക.