മുപ്പട്ടെ വ്യാഴാഴ്ച നിറമാലയും ചുറ്റുവിളക്കും പതിവാണ്. മണ്ഡപത്തിലും വാതില്‍ മാടത്തിലും ബലിക്കല്‍ പുരയിലും മാല തൂക്കി മാലകള്‍ക്കിടയില്‍ തൂക്കുവിളക്കുകള്‍ കത്തിച്ചു കഴിഞ്ഞപ്പോള്‍ ബാലു ഷാരസ്യാരമ്മയുടെ മുന്നില്‍ വന്നു പതുങ്ങി.
അത്യാവശ്യംള്ളതോണ്ട് ഒന്നു വീടുവരെ പോണം. അത്താഴപൂജ കഴിഞ്ഞങ്ങുചെല്ലുമ്പോഴേക്കും ഒരുപാടു നേരാവും…
അതിപ്പൊ… വിളക്കുതുടയ്ക്കലും മാലയെടുക്കലും അടിച്ചുവാരലും ഒക്കെക്കൂടെ വസന്തയ്ക്കു ബുദ്ധിമുട്ടാവില്ലേ ബാലൂ..
ത്തിരി ബുദ്ധിമുട്ടാവുംന്നറിയാം ന്നാലും നിവൃത്തീല്ല്യാത്തതോണ്ടാ….
ശരി… ന്നാപൊക്കോളു. നാളത്തെ കഴിഞ്ഞു വന്നാല്‍ മതി… നാളെ പ്രത്യേക വഴിപാടുകളൊന്നൂല്ല്യ.
ആയ്‌ക്കോട്ടെ….
ബാലു സ്ഥലം വിട്ടപ്പോള്‍ വസന്തയോടു കാര്യം പറഞ്ഞു. പ്രതീക്ഷിച്ചതുപോലെ മുഖത്തു കാറും കോളും കയറിക്കൂടി.
ഇവിടെ വന്ന് ഷാരസ്യാരമ്മടെ മുന്നില്‍ പരുങ്ങുന്നതു കണ്ടപ്പഴേ ഞാനൂഹിച്ചു, ഇതാ സംഭവിക്കാന്‍ പോണതെന്ന്.
പോട്ടേന്ന് എന്തോ അര്‍ജന്റ് കാര്യം ചെയ്യാനുള്ളതോണ്ടല്ലേ?
ഒരു മണിക്കൂര്‍ മെനക്കേടാ എനിക്ക്.
സാരല്ല്യാ… ഞാനും സഹായിക്കാം… പിന്നെ അടുത്താഴ്ച വീട്ടില്‍ പോവുമ്പോ ഒരവധി കൂടെ തരാം… എന്താ?
കേറി വന്നതുപോലെ തന്നെ കാറും കോളും ഇറങ്ങിപ്പോയി..
നിറമാല തൊഴാന്‍ കുറെ ആള്‍ക്കാരുണ്ടായിരുന്നു. ദീപാരാധനയോടെ തിരക്കും കുറഞ്ഞു. അത്താഴപൂജ കഴിഞ്ഞ് പൂജാപാത്രങ്ങള്‍ പുറത്തുവെച്ചതിനുശേഷം നട അടച്ച് ശാന്തിക്കാരന്‍ യാത്ര ചോദിച്ചു.
ഇനീം കുറെ നേരം ഞാനിവിടെ നില്‍ക്കണ്ടല്ലെ വസന്തേ, ബലിക്കല്‍പുരേം അഴിവാതിലുമൊക്കെ അടച്ചു പൂട്ടീന്ന് ഉറപ്പുവരുത്തണംട്ടൊ…. രാത്രീല് ആരെങ്കിലും കേറി ഓട്ടുരൂളീം തിരുവാഭരണോം മോഷ്ടിച്ചാല്‍ ഞാനാ സമാധാനം പറയേണ്ടത്.
ഈ തിരുമേനി എന്തിനാ എപ്പഴും ഇതാവര്‍ത്തിക്ക്ണത്? ഇന്നുവരെ അടയ്ക്കാതെയോ പൂട്ടാതെയോ ഇവിടന്ന് പോയിട്ടുണ്ടോ ഒരു കള്ളന്‍ തിരിഞ്ഞുനോക്കീട്ടുണ്ടോ?
ബാലു പോയതിന്റെ ദേഷ്യം വസന്തയില്‍ ബാക്കിയുണ്ടായിരുന്നതുകൊണ്ടാവാം അവളങ്ങിനെ പൊട്ടിത്തെറിച്ചത്. ശാന്തി സ്ഥലം വിട്ടിരുന്നതുകൊണ്ട് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ഭാഗ്യം…
വസന്ത സ്‌നേഹമുള്ളവളാണ്. നേരെവാ നേരെപോ എന്ന പ്രകൃതം. ബാലുവും വസന്തയുമാണ് രണ്ട് ഊന്നുവടികള്‍. അവര്‍ സഹായിയ്ക്കാനില്ലായിരുന്നെങ്കില്‍ കഴകം പണ്ടേ ഉപേക്ഷിക്കേണ്ടി വന്നേനെ. അങ്ങിനെയൊരവസ്ഥ… ഓര്‍ക്കാന്‍ പോലും വയ്യ…. തലമുറകളായി തുടര്‍ന്നുകൊണ്ടുപോവുന്ന കുലത്തൊഴില്‍ കുട്ടിക്കാലത്ത് മുത്തശ്ശി പറയുന്നതുകേട്ടിട്ടുണ്ട്.
കഴകം ന്നു പറഞ്ഞാല്‍ അതൊരു തറവാട്ടിനു പതിച്ചുകിട്ടണതാ. ശാന്തിക്കാര്‍ മാറിക്കൊണ്ടിരിക്കും… നമ്മടെ അമ്പലത്തില്‍ എന്ററിവിലേ ഏഴു പ്രാവശ്യം പലയിടത്തുന്നായി ശാന്തിക്കാര്‍ വന്നിട്ടുണ്ട്. നമ്മുടെ സുകൃതം ന്നു കൂട്ടിക്കോളൂ കൂട്ടി. ആ ഭഗവാനെ സേവിയ്ക്കാന്‍ അവസരം കിട്ട്യേത്.
സ്ഥാനികളായ മൂപ്പില്‍ നായരുടെ അമ്പലമായിരുന്നു. ഇപ്പോള്‍ നാട്ടിലെ പ്രമാണികള്‍ ഉണ്ടാക്കിയ കമ്മിറ്റിയ്ക്കാണ് ചുമതല.
പൂജാപാത്രങ്ങള്‍ കഴുകി വൃത്തിയാക്കി മണ്ഡപത്തില്‍ കമഴ്ത്തി വെച്ചപ്പോഴേക്കും വസന്ത തിരുമുറ്റമടിച്ചുകഴിഞ്ഞിരുന്നു.
ഇനി ഷാരസ്യാരമ്മ ആ വാതില്‍ മാടത്തില്‍ സ്വന്തം സ്ഥാനത്തു പോയിരുന്നോളൂ… വിളക്കുകള്‍ കൂടി തുടയ്ക്കാനുണ്ട്. ഒരു പതിനഞ്ചു മിനുട്ട്.
പാവം… ഷാരസ്യാരമ്മ പണിയെടുക്കുന്നതുകാണാനും വയ്യ അവള്‍ക്ക്.
വസന്തപറഞ്ഞതു ശരിയാണ്. വാതില്‍ മാടത്തില്‍ ഒരു പ്രത്യേക സ്ഥലത്തിരുന്നാണ് മാലകെട്ടുക സഹസ്രനാമം ചൊല്ലുക. ഭാഗവതം വായിക്കുക. ഒക്കെ ഒരു ശീലം. കുട്ടിയായിരിക്കുമ്പോള്‍ ഇന്ദു ആദ്യം ആ സ്ഥലത്തു കയറിയിരിക്കും.
ഇന്ന് അമ്മടെ സീറ്റില്‍ ഞാനാ ഇരിക്ക്യാ…
അമ്മടെ സീറ്റ് അമ്മടെ കുട്ടിയ്ക്കുള്ളതല്ലേ… വലുതാവുമ്പൊ മാലകെട്ടാനും പൂജപാത്രം കഴുകാനും ഒക്കെ അമ്മേ സഹായിക്കണം…
ഉം ഞാനെല്ലാം ചെയ്തുതരും അമ്മയ്ക്ക്.
വലുതായപ്പോള്‍ കുട്ടി ആ വാക്കു നിറവേറ്റി. സ്‌കൂളുള്ള ദിവസം പോലും അമ്മയുടെ കൂടെ നിന്ന് അമ്പലത്തിലെ കാര്യങ്ങള്‍ ചെയ്തു… നല്ല ഭംഗിയില്‍ കൊണ്ടമാല കെട്ടുമായിരുന്ന അവളെ അന്നത്തെ ശാന്തിക്കാരന്‍ തിരുമേനി എത്ര കളിയാക്കിയിരിക്കുന്നു….
ഈ ഷാരസ്യാരുകുട്ടി ഭഗവാനെ മണിയടിച്ചു നല്ല സുന്ദരനായ്, സ്വഭാവഗുണമുള്ള ഒരു ചെറുപ്പക്കാരനെ അടിച്ചെടുക്ക്ണ് ലക്ഷണമുണ്ട്.
അച്ഛന്റെ നേരിയ ഓരോര്‍മ്മയേയുള്ളൂ അവളുടെ ഉള്ളില്‍. സ്‌നേഹമുള്ള ഭര്‍ത്താവ്… അമ്മയ്ക്കു സ്‌നേഹമുള്ള ജാമാതാവ്… കുഞ്ഞിന് സ്‌നേഹമുള്ള അച്ഛന്‍. നാട്ടുകാര്‍ക്കും അയല്‍പ്പക്കക്കാര്‍ക്കും എന്തിനും ഉപകരിക്കുന്ന മനുഷ്യസ്‌നേഹി… പക്ഷെ ആ ഉള്ളിന്റെയുള്ളില്‍ ഹിമാലയവും അവിടത്തെ പുണ്യക്ഷേത്രങ്ങളുമായിരുന്നു എന്നും… കല്ല്യാണം കഴിഞ്ഞ് ആറേഴുകൊല്ലം എങ്ങിനെയൊക്കെയോ പിടിച്ചു നിന്നു. ഒടുവില്‍ ഒരമാവാസി രാത്രിയില്‍ ഒരു കത്തുമെഴുതിവെച്ച് ആള്‍ അപ്രത്യക്ഷനായി… അമ്മയുടെ മനസ്സിന് വലിയ ആഘാതമാണ് ആ സംഭവം എല്‍പ്പിച്ചത്. ഒരിക്കലും ആ മനുഷ്യനെ കുറ്റപ്പെടുത്തിയില്ല… ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ മുറിവേല്‍പ്പിയ്ക്കാത്ത ആളെ വെറുക്കാനും കഴിഞ്ഞിട്ടില്ല. തനിച്ചാക്കി പോയെന്നു പറയാന്‍ പറ്റില്ലല്ലൊ. സ്‌നേഹിക്കാനൊരു മകളെ സമ്മാനിച്ചിട്ടല്ലേ പോയത് എന്ന് സ്വയം സമാധാനിച്ചു.
ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അമ്മയും യാത്ര പറഞ്ഞു.. ജീവിച്ചിരിക്കുമ്പോള്‍ അമ്മ തന്ന ധൈര്യമായിരുന്നു മുന്നോട്ടുപോകാനുള്ള പ്രേരണ….
പ്രായത്തില്‍ കവിഞ്ഞ പാകതയും വിവേകവും കാണിച്ചിരുന്ന ഇന്ദു, വളര്‍ച്ചയുടെ ഏതോഘട്ടത്തില്‍ ഒരു സുഹൃത്തോ വഴികാട്ടിയോ ഒക്കെയായി ഡിഗ്രി കഴിഞ്ഞു തുടര്‍ന്നു പഠിക്കണോ എന്നാരാഞ്ഞപ്പോള്‍ അവളുടെ മറുപടി.
ഈ കോളേജില്‍ അതിനൊന്നും സൗകര്യമില്ലമ്മേ. പിന്നെ ദൂരേള്ള കോളേജില്‍ പോണം. ഹോസ്റ്റലില്‍ താമസിക്കണം. ഒരുപാടു കാശു ചിലവാകും… നമുക്കതൊന്നും വേണ്ട… എടുക്കാന്‍ പറ്റാത്ത ഭാരോന്നും അമ്മേടെ ചുമലില്‍ വെയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എന്തെങ്കിലും ഒരു ജോലി… അതുവരെ കുട്ട്യോള്‍ക്ക് ട്യൂഷനെടുത്തും നമ്മടെ തേവരെ സേവിച്ചും അങ്ങിനെ പോവാം അമ്മേ… നമുക്കു രണ്ടാള്‍ക്കും ജീവിയ്ക്കാന്‍ ഇതൊക്കെ മതി…
പക്ഷെ അമ്മയുടെയും മകളുടെയും തേവരുടെ നിശ്ചയം വേറൊന്നായിരുന്നു… ആദ്യമായി വന്നത് ഒരു തരത്തിലും വേണ്ടെന്നു പറയാനൊക്കാത്ത ഒരു വിവാഹാലോചന… മിടുക്കനായ, സുമുഖനായ, ഗുണവാനായ ഒരു സെന്‍ട്രല്‍ ഗവണ്‍മെന്റുദ്യോഗസ്ഥന്റെ ആലോചനയും കൊണ്ട് ഒരു ബന്ധു വീട്ടിലേക്ക് കടന്നു വരുന്നു. ഡിഗ്രിക്ക് ഇന്ദുവിനെ പഠിപ്പിച്ച അദ്ധ്യാപികയുടെ അനിയന്‍…. ഇന്ദുവിനെ പറ്റി അവര്‍ക്ക് ആരോടും അന്വേഷിക്കേണ്ട. കല്ല്യാണത്തിന് ഒരു ഡിമാന്റുമില്ല… വലിയ ആഘോഷവും വേണ്ട…. എല്ലാം കൂടെ കേട്ടപ്പോള്‍ അമ്മ മകളോടു പറഞ്ഞു. ആ ഷാരത്തെപ്പറ്റി കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട് ഞാന്‍. വിദ്യാഭ്യാസത്തിലും തറവാടിത്തത്തിലും ഒക്കെ മുന്‍പന്തിയിലാ…. എന്തായാലും അവര് വന്നു കാണട്ടെ എന്റെ കുട്ടിക്ക് പൂര്‍ണ്ണ തൃപ്തിയുണ്ടെങ്കില്‍ മാത്രം സമ്മതം മൂളിയാല്‍ മതി… എന്താ…?
കല്ല്യാണം കഴിഞ്ഞാല്‍ അമ്മേ വിട്ടുപോവേണ്ടി വരില്ലേ… എങ്ങിന്യാ അമ്മേ ഇത്രേം ദൂരെ…? ഇന്ദ്രപ്രസ്ഥം അത്ര അടുത്തൊന്ന്വല്ലാ…
വിദേശവും അല്ലാ… അമ്മേ കാണണംന്നു തോന്നുമ്പോള്‍ ട്രെയിന്‍ കയറിയാല്‍ മൂന്നാംനാള്‍ രാവിലെ അമ്മടടുത്ത് പിന്നെന്താ?
ഏതായാലും ഒരു മാസത്തിനുള്ളില്‍ കല്ല്യാണവും കഴിഞ്ഞ് രണ്ടുപേരും ഭാരതത്തിന്റെ രാജധാനിയിലേക്ക്… അമ്മക്കും മകള്‍ക്കും പരസ്പരം സംസാരിക്കാന്‍ ഒരു ടെലിഫോണ്‍ സംവിധാനം കൂടി ഏര്‍പ്പാടാക്കി മരുമകന്‍ അമ്മായിഅമ്മയെ ആദ്യംതന്നെ ശരിയ്ക്കും ഞെട്ടിച്ചുകളഞ്ഞു… ഇന്ദു പുതിയ ജീവിതവുമായി പെട്ടെന്നു തന്നെ ഇഴുകിച്ചേര്‍ന്നു….
കാലം അവള്‍ക്ക് എന്തൊക്കെയോ സമ്മാനങ്ങള്‍ നല്‍കി… നല്ല ദാമ്പത്യജീവിതം… ഒരു കമ്പനിയില്‍ ജോലി…. മിടുക്കരായ രണ്ടാണ്‍മക്കള്‍. ഭര്‍ത്താവിന് ഉദ്യോഗക്കയറ്റം… ശ്രീനിയും ഒരു മകനെപ്പോലെ സ്‌നേഹം നല്‍കി.. എല്ലാം ഈ ശ്രീകോവിലില്‍ ഇരിയ്ക്കുന്ന തേവരുടെ പണി.
അപ്പഴേ, ഷാരസ്യാരമ്മേ ഇനി പോവ്വല്ലേ? എന്താത്ര ആലോചന ഇന്ന്…
വസന്തയുടെ ശബ്ദം… എഴുന്നേറ്റു.
ഇന്ന് മൂപ്പര് മുമ്പില്‍ കൊണ്ടിട്ടത് കഴിഞ്ഞ കാലത്തിലെ കുറെ ഏടുകളാണ്. അതും വായിച്ചോണ്ടിരുന്നതാ. നിന്റെ പണി കഴിഞ്ഞതൊന്നും അറിഞ്ഞതേയില്ല. ങ്ഹാ… നേദ്യച്ചോറെടുത്തല്ലൊ…
ദാ. എന്റെ കയ്യിലുണ്ട് തൂക്കുപാത്രം…
ന്നാ പോകാ… ബലിക്കല്‍ പുരയും അഴിവാതിലും ഒക്കെ പൂട്ടി എല്ലാം ഭദ്രമാണല്ലേയെന്നുറപ്പിച്ചു. ഗേറ്റും ചാരി കരിങ്കല്‍ കൊതകള്‍ സാവകാശം ഇറങ്ങി.
സ്ട്രീറ്റ് ലൈറ്റ് കണ്ണു തുറന്നിട്ടില്ല. എന്തുപറ്റിയാവോ?
വസന്ത ടോര്‍ച്ച് തെളിയിച്ചു വെളിച്ചം കാട്ടി.
ഒരു മഴയ്ക്കുള്ള കോളുണ്ട്. ആകാശത്തു നക്ഷത്രങ്ങളേയില്ല…
നല്ലൊരു മഴ പെയ്യട്ടെ.. സുഖായി കിടന്നുറങ്ങാലൊ….
നടത്തത്തിന്നിടയില്‍ വസന്ത വീട്ടുവിശേഷങ്ങളിലേക്കു കടന്നു. മകളുടെ പ്രസവത്തിനിനി രണ്ടുമാസമേയുള്ളൂ… ഇരട്ടകളാണ്… ഒരു മൂന്നു മാസമെങ്കിലും അവധി തരണം…
ന്യായമായ ആവശ്യം…
ബാലു ആരെയെങ്കിലും കൊണ്ടുതരാമെന്ന് ഏറ്റിട്ടുണ്ട്. നിന്നെപ്പോലെ എന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ടാവില്ല, ആരായാലും. ന്നാലും രാവിലേം വൈകീട്ടും അമ്പലത്തിലേക്ക് എന്റെ അകമ്പടി സേവിയ്ക്കാന്‍ വിമുഖത കാണിക്കുന്നവരാകരുതല്ലോ… വൃത്തീം ഭക്തീം വേണം. ബാക്കിയൊന്നും ഒരു പ്രശ്‌നമല്ല.
ഞാനും വീട്ടില്‍ പോവുമ്പൊ ചുറ്റുവട്ടത്തൊക്കെ അന്വേഷിക്കാം…
നിന്നേം ബാലൂനേം എന്റടുത്ത് എത്തിച്ചില്ലേ… അതുപോലെ സമയാവുമ്പൊ വേറെ ആരേങ്കിലും കൊണ്ടുതരും എനിക്ക് കൂട്ടായിട്ട്…
ശര്യാ, ഷാരസ്യാരമ്മക്ക് വേണ്ടതെല്ലാം അറിഞ്ഞു ചെയ്യ്ണ ആളല്ലേ തേവര്…
വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്കു കടന്നതും വസന്ത വരാന്തയിലെ ലൈറ്റ് ഓണ്‍ ചെയ്തു… ഉത്തരത്തില്‍ വെച്ചിരുന്ന താക്കോലെടുത്തു വാതില്‍ തുറക്കുന്നതിനിടയില്‍….
രാത്രി എന്താ കഴിക്ക്ണത്…?
ഒരു ഗ്ലാസ് ഹോര്‍ലിക്‌സ്… വേറൊന്നും വേണ്ട… വിശപ്പില്ല…
നിറമാലടെ അവല്‍പ്രസാദോണ്ട് തൂക്കുപാത്രത്തില്‍… എടുക്കട്ടെ?
പ്രസാദോല്ലേ… ഒരു സ്പൂണ്‍ എടുക്കാം.
കയ്യുംകാലും കഴുകിവരുമ്പോഴേക്കും ആവി പറക്കുന്ന ഹോര്‍ലിക്‌സ് റെഡി. അല്പം അവല്‍ നനച്ചതും…
നീയും ആഹാരം കഴിച്ചോളൂ….
രണ്ടുപേരുടേയും അത്താഴം കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു കൈകഴുകി… കോണിപ്പടി കയറാന്‍ തുടങ്ങുമ്പോള്‍ ഗേറ്റിന്നടുത്ത് ഒരു കാറിന്റെ ഹോണ്‍….
ഷാരസ്യാരമ്മേ, നമ്മടെ വീട്ടിന്നു മുന്നില്‍ നിന്നാണ് ശബ്ദം. ആരോ വന്നിട്ടുണ്ട്.
ഈ അസമയത്ത് ആരാ വരാനുള്ളത്?
ഏതായാലും നീ ചെന്നു നോക്ക് അറിയ്ണ ആളാണെങ്കില്‍ മാത്രം ഗേറ്റ് തുറന്നാല്‍ മതി. ചിലപ്പൊ ആരുടെങ്കിലും വീടന്വേഷിച്ചു നടക്കുന്നോരാവും.
ആയ്‌ക്കോട്ടെ…
ടോപ് ലൈറ്റിട്ടു. താക്കോല്‍ കൂട്ടവുമായി വസന്ത ഗേറ്റിന്നടുത്തേക്കു നടന്നപ്പോള്‍ വരാന്തയില്‍ ചെന്നു നിന്നു. ആരാന്നറിഞ്ഞിട്ടു പോകാം മുകളിലേക്ക്… കാറിന്റെ ലൈറ്റു കത്തുന്നില്ല… അരണ്ട വെളിച്ചത്തിലും ആളെ മനസ്സിലാക്കിയതുകൊണ്ടാവാം വസന്ത പെട്ടെന്നു തന്നെ ഗേറ്റ് മലര്‍ക്കെ തുറന്നിട്ട് കാറിന്ന് അകത്തേക്കു കടക്കാന്‍ വഴിയൊരുക്കി. കാര്‍ സാവകാശം നീണ്ട മുറ്റം താണ്ടി വരാന്തയുടെ അടുത്തു വന്നുനിന്നു… പിന്നിലെ ഡോര്‍ തുറന്ന് രണ്ടു സ്ത്രീകള്‍ പുറത്തിറങ്ങി.
ങ്‌ഹേ!! ~ഒരദ്ഭുതം പോലെ ഇന്ദു മുന്നില്‍.
ഊം…. മാതാശ്രീക്കൊരു ബിഗ് സര്‍പ്രൈസ്…. സന്തോഷായില്ലേ….?
പതിവുപോലെ കെട്ടിപ്പിടിച്ചു. എന്നിട്ടു…
അമ്മേ…. എന്റെ കൂട്ടുകാരി രാധിക… ഞാന്‍ പറഞ്ഞിട്ടുണ്ട് രാധികയെപ്പറ്റി…
ഇന്ദുപറഞ്ഞു അമ്മയെ നല്ല പരിചയമാ എനിക്ക്….
രാധിക ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ കാലില്‍ തൊട്ടു തൊഴുതു.
ഇങ്ങിനെയൊരു കൂട്ടുകാരിയെപ്പറ്റി ഇന്ദുപറഞ്ഞറിവുണ്ട്. ഇന്നാ കാണാന്‍ ഭാഗ്യം കിട്ട്യേത്. മോളു വരൂ… അകത്തിരുന്നു സംസാരിക്കാം…
അമ്മേ…. ഇങ്ങിനെയൊരവതാരം ഇപ്പഴേ ഗേറ്റിലേക്കു കണ്ണുംനട്ട് പൂമുഖത്തു ഇരിപ്പുതൊടങ്ങീട്ടുണ്ടാവാം. അവിടെ… അതുകൊണ്ട് ഇപ്പൊ ഇറങ്ങട്ടെ… ഇന്ദുവുണ്ടല്ലൊ ഇവിടെ… ഞാന്‍ വരുന്നുണ്ട് അമ്മടെ കൂടെ ഒരു ദിവസം താമസിക്കാന്‍… അമ്മടെ തേവരേം തൊഴണം. എന്താ?
അങ്ങിനെയാവട്ടെ… ന്നാ, ഇനി വൈകിക്കണ്ട.
രാധികയും കാറും ഗേറ്റ് കടന്നപ്പോള്‍ വസന്ത വീണ്ടും ഗേറ്റടച്ചു പൂട്ടി. മുറ്റത്തിറക്കി വെച്ച പെട്ടികളും ബാഗും വീട്ടിന്നകത്തേക്കു കൊണ്ടുവെക്കുന്നതിനിടയില്‍ ഇന്ദു….
ഇത്തവണ കാത്തിരിപ്പിന്റെ ബോറടിയില്‍ നിന്നും അമ്മയെ രക്ഷപ്പെടുത്തിയില്ലേ…
അമ്മടെ കൂടെ കുറച്ചധികം നാള്‍ ഇരിയ്ക്കാന്‍ പ്ലാനുണ്ടെന്നു തോന്നുന്നു. പതിവിലധികം ലഗ്ഗേജ്..
ഇത്തിരിനേരം കൂടെ സസ്‌പെന്‍സ് ഇരിക്കട്ടെ… ശ്രീയേട്ടനേം മക്കളേം വിളിച്ച് വിവരം പറഞ്ഞ് വാഷ്‌റൂമില്‍ പോയി ഒന്ന് ഫ്രഷ് ആയി തിരിച്ചുവരാം… വസന്തേ… പെട്ടികളൊന്നും മോളിലെ എന്റെ റൂമില്‍ കൊണ്ടുതര്വോ?
ബാഗെടുത്ത് ചുറുചുറുക്കോടെ കോണിപ്പടി കയറുമ്പോള്‍ വസന്തയോടുള്ള ചോദ്യം.
പിന്നെന്താ? ഇതാ ഇപ്പൊത്തന്നെ കൊണ്ടുവരാം.
രണ്ടുപെട്ടികളും മുകളിലെ റൂമില്‍ കൊണ്ടുവെച്ചു തിരിച്ചുവന്ന വസന്തയുടെ കമന്റ്…
സിനിമാതാരത്തേക്കാള്‍ സുന്ദരിയാണ് ഇന്ദുചേച്ചി. കണ്ടാല്‍ എഞ്ചിനിയറീങ്ങ് കഴിഞ്ഞ രണ്ടാണ്‍ മക്കളുടെ അമ്മയാണെന്ന് ആരും പറയില്ല. ഏറിയാല്‍ ഒരു മുപ്പത്തഞ്ച് വയസ്സേ തോന്നൂ….
മുകളിലെ വരാന്തയില്‍ നിന്ന് ഫോണ്‍ ചെയ്യുന്ന ശബ്ദം ഉയര്‍ന്നുകേള്‍ക്കാം.
നേദ്യച്ചോറ് കഴിച്ചോളാന്നാ പറഞ്ഞത്. കൂട്ടാനൊന്നൂല്ല്യാ… വല്ലതും വേഗം ഉണ്ടാക്കണോ?
വേണ്ട.. തൈരും മുളകുമാങ്ങേം ണ്ടല്ലൊ… രണ്ടു പപ്പടം കാച്ചി ഒരുപിടി അരിക്കൊണ്ടാട്ടോം വറുത്തോ…. ഇന്ദൂന്റെ ഇഷ്ടവിഭവങ്ങളാണിതൊക്കെ.
ന്നാ ഞാന്‍ അടുക്കളേലോട്ട് ചെല്ലട്ടെ.
വസന്ത പോയപ്പോള്‍ സെറ്റിയില്‍ ചെന്നിരുന്നു. കുട്ടി മേല്‍കഴുകി വരട്ടെ.. മുകളിലെ മുറികള്‍ സജീവമാകുന്നത് ഇന്ദു വരുമ്പോഴാണ്. അവളുടേയും ശ്രീനിയുടേയും നിര്‍ബന്ധമാണ് പഴയ ഓട്ടുപുര പൊളിച്ച് ഈ രണ്ടുനില ടെറസ് കെട്ടിടം പണിതത്. ഇപ്പൊ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. വീട്ടില്‍… അമ്മയ്ക്കുവേണ്ടി എന്തു ചെയ്താലും പോരാന്ന മട്ടാണ് രണ്ടാള്‍ക്കും.
കോണിപ്പടിയില്‍ കാലൊച്ച അങ്ങോട്ടു നോക്കി. കുളിച്ച് ചുരിദാറും ടോപ്പുമിട്ട് പ്രസരിപ്പോടെ പടികളിറങ്ങിവരുന്ന മകളെ കണ്ടപ്പോള്‍ നേരത്തെ വസന്ത പറഞ്ഞത് നൂറു ശതമാനം ശരിയാണ് എന്നു തോന്നി….
ഡൈനിങ്ങ് ടേബിളില്‍ നിരത്തിയ ഊണു വട്ടം കണ്ണുകൊണ്ടാസ്വാദിച്ച് ഒരാഭിപ്രായ പ്രകടനം.
ഒരു കാലത്ത് എന്റെ ചോറുപാത്രത്തില്‍ എല്ലാ ദിവസവും ഉണ്ടാകുമായിരുന്ന വിശിഷ്ടവിഭവങ്ങള്‍… ചോറുവിളമ്പിയെടുത്ത് അതിലേക്കു തൈരൊഴിക്കുന്നതിന്നിടയില്‍ വസന്തയോട്…
വസന്തയ്ക്ക് വീടുവരെ പോണമെന്നു തോന്ന്ണില്ല്യേ നാളെത്തന്നെ പോക്കോളു…
വസന്തയുടെ മുഖം വിടര്‍ന്നു…
ഒരാഴ്ച കഴിഞ്ഞു വന്നാല്‍ മതി… എന്താ?
ഒന്നു തുള്ളിച്ചാടണമെന്ന് മനസ്സുകൊണ്ടാഗ്രഹിക്കുന്നു അവളെന്നു വ്യക്തമാണ്, ആ മുഖഭാവത്തില്‍ നിന്ന്….
ശരി… ഇനി പോയി അമ്മടെ റൂമില്‍ ഒരു എക്‌സ്ട്രാ തലയണയും ബെഡ്ഷീറ്റും വെച്ചിട്ടു വരൂ… ജഗ്ഗില്‍ കുറച്ചു ജീരകവെള്ളോം… ഞാന്‍ അമ്മടെ റൂമില്‍ കിടന്നോളാം. വസന്തക്ക് താഴെ കിടക്കാം…. രാവിലെ അമ്പലത്തിലും അമ്മടെ കൂടെ ഞാന്‍ പോയക്കോളാം… മനസ്സിലായല്ലൊ?
മനസ്സിലായെന്ന മട്ടില്‍ വസന്ത തലയാട്ടി…
ന്നാ ഞാന്‍ പ്രാതലിനുള്ള ഇഡ്ഡലീം ഉച്ചക്കലേക്കുള്ള കൂട്ടാനും ഒക്കെ നിങ്ങള്‍ രണ്ടാളും അമ്പലത്തില്‍ നിന്നും വരുന്നതിന്നിടക്ക് തയ്യാറാക്കാം. അങ്ങിനെയാച്ചാ ഒന്‍പതു മണീടെ ബസ്സിന് എനിക്കു പോവാന്‍ പറ്റും.
ഓ… കെ… അങ്ങിനെ ആയ്‌ക്കോടെ..
ഊണു കഴിഞ്ഞു കൈകഴുകുമ്പോള്‍ ഇന്ദു ചോദിച്ചു.
അമ്മടെ രാമായണം വായന കഴിഞ്ഞിരുന്ന്വോ?
ഇല്ല. അപ്പഴേയ്ക്കുമാണ് കുട്ടി വന്നത്.
എന്നാല്‍ അതുവായിച്ചോളു… എന്നിട്ടു നമ്മുടെ മുകളിലേക്കു പോകാം.
അഞ്ചു മിനുട്ടുകൊണ്ട് വായന മുഴുമിച്ചു. അമ്മയും മകളും കിടപ്പുമുറിയിലെത്തി.
ക്ഷീണോണ്ടെങ്കില്‍ കിടന്നോളൂ… വര്‍ത്തമാനോക്കെ നാളെ പറയാം… ങ്ഹാ… ശ്രീനീം ഇരട്ടകളും ഒക്കെ സുഖായിരിക്ക്ണ്ടല്ലൊ?
ഓ… പരമസുഖം… ഇപ്പൊ ഉറങ്ങിക്കാണും.
നാളെ രാവിലെ അമ്മയോടു സംസാരിപ്പിക്കാം. പിന്നെ അവര്‍ അമേരിക്കേല്‍ ഉപരിപഠനത്തിന് ഒരു പരീക്ഷ എഴുതീരുന്നില്ല്യേ? രണ്ടാളും അതുപാസ്സായി. ഏറെ താമസിയാതെ അവര്‍ യു.എസ്സിലേക്കു പോകും.
നന്നായി. അവരടെ ആഗ്രഹം അതാണെന്നല്ലേ പറഞ്ഞത്… തേവര് അനുഗ്രഹിക്കട്ടെ.
ഇത്ര ദൂരെ അയയ്ക്കാന്‍ എനിയ്ക്കിഷ്ടമുണ്ടായിട്ടല്ല… പക്ഷെ അച്ഛന്റേം മക്കളടേം സ്വപ്നം.
അതിന് ഞാന്‍ തടസ്സമാവരുതല്ലോന്നു വെച്ചു…
നമുക്കു കിടന്നോണ്ടു സംസാരിക്കാം അമ്മേ… ഉറക്കം വരുന്നതുവരെ…
അമ്മയും മകളും പരസ്പരം നോക്കി കിടന്നു ഇത്തവണ ആറേഴു മാസമായി മകളുടെ വരവിനിടയ്ക്കുള്ള ഇടവേള… സാധാരണ സംഭവിയ്ക്കാറുള്ളതല്ല.
പെട്ടെന്ന് ഇന്ദു അമ്മയെ കെട്ടപ്പിടിച്ചു… സ്‌നേഹം കൂടുമ്പോഴൊക്കെ ഇതൊരു പതിവാണ്.
അച്ഛനില്ലാത്ത കോട്ടം വരാതെ എന്നെ വളര്‍ത്തി വലുതാക്കിയ എനിക്കും തേവരുക്കും വേണ്ടി മാത്രം ജീവിച്ച എന്റമ്മ…. ഞാനെന്തു തന്നെ ചെയ്താലും അതൊന്നും പകരമാവില്ല.
എന്താത് എന്റെ കുട്ടി ഇത്രേം വികാരാധീനയാവുന്നത്. ഇങ്ങിനൊക്കെ പറയാന്‍ എന്തേണ്ടായത്?
ഇത്രേം കാലം അമ്മേ ഇവിടെ ഒറ്റയ്ക്കാക്കി അന്യനാട്ടില്‍ കഴിയേണ്ടിവന്നു…. മക്കളുടെ ഭാവിയോര്‍ത്ത്. ഭര്‍ത്താവിന്റെ ഭാവിയോര്‍ത്ത്… എന്റെ ജോലി എനിയ്‌ക്കൊരു പ്രശ്‌നമേ ആയിരുന്നില്ല…
അമ്മയ്ക്കാവശ്യമുള്ളപ്പൊഴൊക്കെ എന്റെ മകള്‍ ഓടിയെത്തിയിട്ടുണ്ടല്ലൊ ഇവിടേക്ക്. പിന്നെന്തിനാ ഇങ്ങിനൊക്കെ പറയ്ണത്? അമ്മടെ ഏറ്റവും വലിയ ഭാഗ്യോല്ലേ നിന്നെ മകളായി കിട്ട്യേത്.
ഇനി ഞാന്‍ അമ്മയ്ക്കായി കരുതിവെച്ച വലിയ സമ്മാനം തരാന്‍ പോകുന്നു. എന്താണെന്നൂഹിയ്ക്കാമോ?
കുട്ടിതന്നെ പറഞ്ഞോളു… കേക്കട്ടെ.
എന്നാലേയ്
കിടന്നുകൊണ്ടു വര്‍ത്തമാനം പറഞ്ഞിരുന്ന മകള്‍ പെട്ടെന്ന് എണീറ്റിരുന്നു.
ഈ മകള്‍ ഇനി ഈ അമ്മേ വിട്ട്… ഈ വീടുവിട്ടു എവിടേം പോവില്ല.
ങ്‌ഹേ… പ്രായം മറന്നാണ് ചാടിയെഴുന്നേറ്റത്…
കുട്ടി ഇപ്പൊ എന്താ പറഞ്ഞത്?
റിലാക്‌സ് അമ്മാ… എന്താ വിശ്വാസം വര്ണില്ല്യേ? ഞാന്‍ മാത്രമല്ല…. ശ്രീയേട്ടനും ഏറെ താമസിയാതെ ഈ വീട്ടില്‍ സ്ഥിരതാമസമാക്കും. അമ്മ എന്താ വിചാരിച്ചത്… അമ്മേപ്പറ്റി… അമ്മടെ പ്രായത്തെപ്പറ്റി ഒന്നും ഞങ്ങള്‍ ചിന്തിക്കുന്നില്ലെന്നോ? ഇനി ഒരു രഹസ്യം കൂടെ കേട്ടോളു. ശ്രീയേട്ടന്‍ ആദ്യം എന്നെ കാണാന്‍ വന്നപ്പോള്‍ ഒരു കാര്യമേ ഞാനാവശ്യപ്പെട്ടിരുന്നുള്ളു. അമ്മയെ ശ്രീയേട്ടന്‍ സ്വന്തം അമ്മയായി കാണണംന്ന്… എന്നും അതങ്ങിനെയായിരിക്കും എന്ന് അന്നുതന്ന പ്രോമിസ്. ഇപ്പഴും എന്നെക്കൊണ്ട് ജോലി റിസൈന്‍ ചെയ്യിച്ചതും ഒരു പ്രമോഷന്‍ കൂടെ കിട്ടാനുള്ള സമയമായിട്ടുണ്ടെങ്കിലും വി.ആര്‍.എസ്. എടുക്കാന്‍ താല്പര്യം കാണിച്ചതും ശ്രീയേട്ടനാണ്. രാമകൃഷ്ണന്മാര്‍ അമേരിക്കയിലേക്കു പറന്നാല്‍ ഈ വീട്ടില്‍ അമ്മയും മക്കളും കൂടെ സുഖായിട്ടങ്ങനെ… ഇവിടെ എത്തിയാല്‍ മാലകെട്ടാന്‍ പഠിയ്ക്കലായിരിക്കും ആദ്യത്തെ പണി എന്നാ ശ്രീയേട്ടന്‍ പറഞ്ഞിരിക്ണത്. കഴകം… അമ്പലം…. വേല… ഉത്സവങ്ങള്‍ എല്ലാമായി സ്വസ്ഥമായൊരു ജീവിതം. എന്താ ഇപ്പഴും ഒരു സ്തംഭനാവസ്ഥയിലാണല്ലൊ ഷാരസ്യാരമ്മ…
മതി… ഇന്നിത്രേം മതി. അമ്മടെ മനസ്സ് നിറഞ്ഞു കവിയുന്നത് അനുഭവപ്പെട്ണില്ല്യേ…? ഷാരസ്യാരമ്മ ഭാഗ്യവതിയാണെന്ന് പലരും പറയ്ണ കേട്ടിട്ടുണ്ട്. ഇപ്പൊ എനിക്കും തോന്നുണു അവരൊക്കെ പറയ്ണത് ശരിയാണെന്ന്. കിടന്നോളൂ… അഞ്ചരക്ക് അമ്പലത്തിലെത്തണം… ഞാന്‍ നാലുമണിക്കെഴുന്നേല്‍ക്കും. കുട്ടി നാലരയ്ക്ക് എണീറ്റാല്‍ മതി.
മകളെ ചേര്‍ത്തുപിടിച്ചു കിടന്നു. ഇന്ദു ഒരു കൈക്കുഞ്ഞായി അമ്മയുടെ കരവലയത്തില്‍…. സാവധാനം അവള്‍ ഉറക്കത്തിന്റെ പിടിയിലേക്കു വീഴുന്നതറിഞ്ഞു.
ചുറ്റിവരിഞ്ഞ അവളുടെ കൈകള്‍ സാവകാശം എടുത്തുമാറ്റി അരണ്ട നിലാവെളിച്ചത്തില്‍ ശാന്തമായ ആ മുഖത്തു കണ്ണുംനട്ടു കുറെനേരം അങ്ങിനെ ഇരുന്നു. എന്റെ തേവരേ… ഇതിനൊക്കെ എങ്ങിന്യാ ഞാന്‍ നന്ദി പറയ്യാ?
പെട്ടെന്ന് ഷാരസ്യാരമ്മയുടെ നേത്രങ്ങള്‍ ആര്‍ദ്രങ്ങളായി. പിന്നീട് വലിയ കണ്ണുനീര്‍തുള്ളികള്‍ നിരന്തരം ഉരുണ്ടുവീണുകൊണ്ടിരുന്നു… ഒടുവിലത് നിശ്ശബ്ദം കവിളിലൂടെ ഒരു ചാലായൊഴുകി താഴോട്ട് താഴോട്ട്….