ഭൂമിയുടെ അടി നാഭിയും
തുരന്ന്
പുഴ കിനിയുന്നതും കണ്ട്
കണ്ണാഴത്തില്‍
ഒരു തുള്ളി.
അത്
വരള്‍ നാവ്
തൊടുംവരെ
ആകാശം കാണാതെ
നിലാവ് തൊടാതെ
നിശ്ചലം അങ്ങനെ
അത്
പുഴയായൊഴുകാന്‍
കൊതിച്ച്
പതയായ് കരയെ
ഉമ്മ വെക്കാന്‍
വെമ്പി
നിശ്ചലം അങ്ങനെ
അത്
കടല്‍ ചൊരുക്ക്
നുകരാന്‍
ആഞ്ഞും
അന്തിച്ചുവപ്പിലലിയാന്‍
തുടിച്ചും
നിശ്ചലം അങ്ങനെ
അത്
രാത്രിയിലിരുളില്‍
തെളിയാന്‍
നിനച്ചും
പകലില്‍
തണുവിരല്‍ സ്പര്‍ശമാവാന്‍
കിതച്ചും
നിശ്ചലം അങ്ങനെ
അങ്ങനെ…
അങ്ങനെ,
ഒരു തെളിനീര്‍കണം
ഉറഞ്ഞുകിടപ്പുണ്ട്
ഉള്ളില്‍
ഉയിരില്‍
ഉടലാകെയും.