പതിവ്രതയായ കണ്ണകിയുടെ ശാപത്തില്‍ കത്തിയെരിഞ്ഞ മധുരാപുരി കേവലം ഒരു പുരാ വൃത്തമല്ല. നീതിനിഷേധങ്ങള്‍ക്കും പീഢനങ്ങള്‍ക്കും എന്നും ഇരയാക്കപ്പെടുന്ന പെണ്ണിന്റെ ശാപതാപങ്ങള്‍ ഏതൊരു സമൂഹത്തിനുമേലും ഇടിത്തീയായി പതിക്കുക തന്നെ ചെയ്യും. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും ലിംഗനീതിക്കു വേണ്ടിയും ഏറെ സംസാരിക്കുന്ന കേരളത്തില്‍ നടക്കുന്നത്ര സ്ത്രീപീഢനങ്ങള്‍ മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടോ എന്നു സംശയമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ ഭീകരമായ ലൈംഗിക പീഢനങ്ങള്‍ക്കിരയാക്കപ്പെടുന്ന വാര്‍ത്തകളാണ് നിത്യവും മാധ്യമങ്ങളിലൂടെ വന്നു കൊണ്ടിരിക്കുന്നത്. ഇതിനൊക്കെപ്പുറമെയാണ് സ്ത്രീധനത്തെ ചൊല്ലിയുള്ള ഗാര്‍ഹിക പീഢനങ്ങളും കൊലപാതകങ്ങളും. സാക്ഷരതയിലും ലിംഗസമത്വത്തിലും മുന്നിട്ടു നില്‍ക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ സ്ത്രീകളുടെ സ്ഥിതി ഏറെ പരിതാപകരമാണെന്ന് പറയാതെ വയ്യ. ലിംഗ സമത്വത്തിനെന്ന പേരില്‍ ഖജനാവില്‍ നിന്നും അമ്പത് കോടി മുടക്കി വനിതാമതില്‍ പണിഞ്ഞ കേരളത്തിന്റെ സാംസ്‌കാരിക കാപട്യത്തിന്റെ മുഖംമൂടികള്‍ തുറന്നു കാട്ടാന്‍ പോന്നവയാണ് പ്രതിദിനം പുറത്തുവന്നു കൊണ്ടിരിക്കുന്ന സ്ത്രീപീഢനവാര്‍ത്തകള്‍.
കേരളത്തില്‍ പെണ്‍ ഭ്രൂണഹത്യയിലാരംഭിക്കുന്ന സ്ത്രീ വിവേചനം പട്ടടയോളം നീണ്ടു നില്‍ക്കുന്ന ഒന്നാണെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത’ എന്നൊക്കെയുള്ള സ്മൃതിവചനങ്ങള്‍ സ്ത്രീകളെ പൂജിക്കുന്നിടത്ത് ദേവതാ സാന്നിദ്ധ്യമുണ്ടാകുമെന്നൊക്കെ സമര്‍ത്ഥിക്കാന്‍ മലയാളികള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുമെങ്കിലും സ്ത്രീകളെ അബലകളും ചപലകളുമായി കാണാനാണ് മലയാളിക്കെന്നുമിഷ്ടം. കാപട്യത്തിന്റെ കൊടുമുടിയാണ് ശരാശരി മലയാളിയുടെ മനസ്സ് എന്നു പറഞ്ഞാല്‍ തെറ്റില്ലെന്നുതോന്നുന്നു. വിവാഹവേദിയാണ് മലയാളി പെണ്ണിന്റെ ബലിത്തറയായി ഇന്നു മാറിയിരിക്കുന്നത്. വില പറഞ്ഞുറപ്പിച്ച അറവുമാടിനെപ്പോലെ പട്ടില്‍പ്പൊതിഞ്ഞ് സ്വര്‍ണ്ണത്തില്‍ കുളിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന വധു സ്ത്രീധനമെന്ന ദുരാചാരത്തിന്റെ ഇരയാണെന്ന് സമ്മതിക്കാന്‍ അവളുടെ ദുരൂഹമരണവൃത്താന്തം കൂടി നമ്മെ തേടി എത്തേണ്ടതായിട്ടാണ് ഇരിക്കുന്നത്. വിവാഹം കഴിയുന്നതോടെ പെണ്ണിന്റെ ജീവിതം അവസാനിക്കുകയും അവള്‍ മറ്റാരുടെയൊക്കെയോ താത്പര്യങ്ങള്‍ക്കനുസരിച്ച് ചലിക്കേണ്ട പാവയാക്കി മാറ്റപ്പെടുകയും ചെയ്യുന്നു എന്നതാണ് സത്യം. പുരുഷ കേന്ദ്രിതമായ ഒരു സാമൂഹ്യക്രമത്തില്‍ പുരോഗമന മാന്യന്മാര്‍ ഉയര്‍ത്തുന്ന ലിംഗ സമത്വത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. ആര്‍ഷ പൗരാണികതയിലെ അര്‍ദ്ധനാരീശ്വരസങ്കല്‍പ്പം പൂജാമുറിയിലേക്ക് കല്‍പ്പിക്കപ്പെട്ട വിഗ്രഹമല്ലെന്നും അത് സാമൂഹ്യജീവിതത്തിന്റെ പ്രായോഗികതയില്‍ പ്രതിഫലിക്കേണ്ടതാണെന്നും ഇനി എന്നാണ് നാം മനസ്സിലാക്കുക?
വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹികപീഢനങ്ങള്‍ക്കു കാരണം ഭാരതത്തിന്റെ കുടുംബസങ്കല്പമാണെന്നും അതുകൊണ്ട് ആദ്യം പരമ്പരാഗത കുടുംബസങ്കല്പത്തെ തകര്‍ക്കണമെന്നും പറയുന്ന ചുവപ്പന്‍ അക്കാദമിക കുബുദ്ധിജീവികള്‍ അരാജകത്വത്തിന്റെ ശവപ്പറമ്പുകളായി ഭാരത സമൂഹം മാറുമ്പോള്‍ ജീര്‍ണ്ണതയില്‍ കുരുക്കുന്ന കുമിളായിട്ടെങ്കിലും തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന് അതിജീവിക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണ്. പ്രശ്‌നം നമ്മുടെ കുടുംബ സങ്കല്പത്തിന്റേതല്ല. ഉപഭോഗാസക്തിയുടെ തീവ്രവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന അധിനിവേശ സംസ്‌കൃതിയുടെ പരാദങ്ങള്‍ നമ്മുടെ സാമൂഹ്യവൃക്ഷത്തില്‍ കടന്നു കൂടി അതിനെ ജീര്‍ണ്ണിപ്പിക്കുന്നതാണ്. ശരിയായ ലിംഗ സമത്വം കേരളീയഭവനങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ സ്ത്രീധനം എന്ന ദുരാചാരം ഇവിടെ വേരാഴ്ത്തി വളരുമായിരുന്നില്ല. പിതൃസ്വത്തില്‍ പുത്രനും പുത്രിക്കും ഇന്നും കേരളീയ കുടുംബങ്ങളില്‍ തുല്യാവകാശമില്ലെന്നതാണ് സത്യം. കെട്ടിച്ചയക്കുന്ന മകള്‍ക്ക് മകന് അവകാശപ്പെട്ടതു പോലുള്ള സ്വത്ത് വിഹിതം പലപ്പോഴും ലഭിക്കാറില്ല. ഭാര്യക്ക് ലഭിക്കേണ്ട പിതൃസ്വത്ത് എത്രയാകണമെന്ന് ഭര്‍ത്താവും അയാളുടെ കുടുംബക്കാരും തീരുമാനിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. വിസ്മയമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത് ഭാര്യവീട്ടുകാരെ കൊള്ളയടിച്ച് ജീവിക്കണമെന്നാഗ്രഹിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ഉണ്ടാകുമ്പോഴാണ്. ആയുര്‍വേദ വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഗാര്‍ഹിക പീഢനത്തില്‍ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ട് അധികം ദിവസങ്ങള്‍ ആയിട്ടില്ല. 1961-ല്‍ നിലവില്‍ വന്ന സ്ത്രീധന നിരോധന നിയമമോ 1996-ല്‍ രൂപീകരിച്ച വനിതാകമ്മീഷനോ ഒന്നും സ്ത്രീയുടെ സുരക്ഷയ്ക്കും സമത്വത്തിനും വിദൂര സാധ്യതപോലും നല്‍കുന്നില്ല എന്നതാണ് കേരളത്തിലെ നിലവിലുള്ള സ്ഥിതിവിശേഷം. ഗാര്‍ഹിക പീഢനങ്ങളില്‍ നിന്നും സ്ത്രീയ്ക്ക് മോചനം കിട്ടാന്‍ സാമ്പത്തിക സ്വയംപര്യാപ്തത പരമ പ്രധാനമാണ്. വിവാഹാനന്തരം തുടര്‍ പഠനത്തിനോ ജോലിക്കോ പോകുന്നതിന് തടസ്സം നില്‍ക്കുന്ന കുടുംബവുമായി ബന്ധം സ്ഥാപിക്കാതിരിക്കാന്‍ പെണ്‍കുട്ടി തന്നെ തീരുമാനമെടുക്കേണ്ടതുണ്ട്. സ്ത്രീ ശാക്തീകരണം ആരംഭിക്കേണ്ടത് സാമ്പത്തിക സ്വയംപര്യാപ്തതയിലൂടെയാണ്. ഭാര്യയ്ക്കും ഭര്‍ത്താവിനും വരുമാനമുണ്ടാകുമ്പോള്‍ ഗാര്‍ഹികാന്തരീക്ഷത്തിലെ ആണ്‍കോയ്മ ഒരു പരിധിവരെ പരിഹരിക്കാനാവും.
തൊഴിലിടങ്ങളിലും ഇന്ന് സ്ത്രീ കടുത്തവിവേചനമാണ് നേരിടുന്നത്. സ്ത്രീ തൊഴിലാളിക്ക് ഇന്ന് പുരുഷനേക്കാള്‍ വേതനം കുറച്ചാണ് നല്‍കുന്നത്. ഒരേ കായികാധ്വാനത്തിന് പുരുഷന് വേതനം കൂടുതലും സ്ത്രീക്ക് കുറവും നല്‍കുന്നതില്‍ അനീതി കാണാത്ത തൊഴിലാളി യൂണിയനുകളാണ് ഇന്ന് കേരളത്തിലുള്ളത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഢനങ്ങളും ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. സിനിമ പോലുള്ള മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന കടുത്ത ലൈംഗിക ചൂഷണങ്ങളില്‍ നൂറില്‍ ഒരംശം പോലും പുറംലോകമറിയുന്നില്ല. നാട്ടില്‍ നടക്കുന്ന പെണ്‍വാണിഭങ്ങളിലോ പീഢനങ്ങളിലോ ഇരകളാകുന്ന പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും ധാര്‍മ്മികരോഷം കൊള്ളുന്ന പല മലയാള സിനിമാപ്രവര്‍ത്തകരും എത്ര പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചവരാണെന്ന് അവരെ അടുത്തറിയുന്ന അണിയറ പ്രവര്‍ത്തകര്‍ സ്വകാര്യസംഭാഷണങ്ങളില്‍ വെളിപ്പെടുത്താറുണ്ട്.
വാളയാറില്‍ രണ്ട് പിഞ്ചുപെണ്‍കുഞ്ഞുങ്ങളെ പീഢിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന പ്രതികള്‍ക്ക് രാഷ്ട്രീയ പിന്‍തുണനല്‍കിയ പാര്‍ട്ടിയെ വോട്ട് ചെയ്ത് വിജയിപ്പിച്ച മലയാളിക്ക് വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഢനങ്ങളെകുറിച്ച് ശബ്ദിക്കാന്‍ അവകാശമില്ല. വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലായത്തില്‍ വിപ്ലവസഖാവിന്റെ രതിസുഖത്തിന് ഇരയാക്കി കെട്ടിത്തൂക്കി കൊന്ന ആറു വയസ്സുകാരിയുടെ ആത്മാവ് മലയാളിയുടെ തലയ്ക്കു മുകളില്‍ ചോദ്യചിഹ്നമായി തുടരുക തന്നെ ചെയ്യും. കണ്ണകിമാരുടെ ശാപം അഗ്‌നിമഴയായി കത്തിപ്പിടിക്കും മുമ്പ് നമുക്ക് നമ്മുടെ കാപട്യങ്ങളുടെ വാല്‍മീകങ്ങളില്‍നിന്ന് പുറത്ത് വന്ന് പെണ്ണിന്റെ നീതിക്കുവേണ്ടി പോരാടാം.