ലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഒരു സാമൂഹ്യ മാധ്യമമാണ് ട്വിറ്ററും. ട്വിറ്ററിന്റെ മുഖമുദ്ര ഇന്ത്യാ വിരുദ്ധതയാണോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ട്വിറ്ററും കേന്ദ്രസര്‍ക്കാരും ഐ ടി കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി, ദേശീയ വനിതാ കമ്മീഷന്‍ തുടങ്ങിയവരുമായുള്ള പോരാട്ടം കാണുമ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും ഇന്ത്യാവിരുദ്ധതയാണ് എന്നു ബോദ്ധ്യപ്പെടും. ലോകത്ത് തന്നെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിന്റെ ഐക്യത്തിനും ഉദ്ഗ്രഥനത്തിനും ഇവിടത്തെ ജനങ്ങളുടെ ജീവിതരീതിക്കും സാമൂഹിക മാനത്തിനും എതിരായ നിലപാടാണ് പലപ്പോഴും അവര്‍ സ്വീകരിക്കുന്നത്.
ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ച ഭാരതത്തിന്റെ ഭൂപടം. ജമ്മുകാശ്മീരും ലഡാക്കും ഭാരതത്തിന്റെ ഭാഗമല്ല എന്ന രീതിയില്‍ ഭാരതത്തിന്റെ പുറത്താക്കിക്കൊണ്ടാണ് ട്വിറ്റര്‍ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിന് എതിരെ പ്രതികരിച്ചത് ഭാരതസര്‍ക്കാര്‍ ആയിരുന്നില്ല. അതിനു മുന്‍പു തന്നെ സാധാരണക്കാരായ ജനങ്ങളും ട്വിറ്റര്‍ അക്കൗണ്ട് ഉള്ളവരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ രംഗത്തുവന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ട്വിറ്ററിന് എതിരെ തെറ്റായ ഭൂപടം നല്‍കിയതിന് കേസെടുത്തിട്ടുണ്ട്. ഇതിനിടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുള്ള നൂറുകണക്കിന് അശ്ലീലദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. മറ്റു വിദേശരാജ്യങ്ങളില്‍ അതത് രാജ്യത്തെ നിയമമനുസരിച്ച് പഞ്ചപുച്ഛമടക്കി പ്രവര്‍ത്തിക്കുന്ന ഈ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലെത്തുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യാവിരുദ്ധവും മോദി വിരുദ്ധവും ആകുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ആരുടെയൊക്കെയോ താല്പര്യങ്ങളെ എവിടെയൊക്കെയോ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നു എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്‌നം.
ഫേസ്ബുക്ക്, വാട്‌സാപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെ കുറിച്ചും ഏതാണ്ട് ഇതേ തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങള്‍ ആക്കുകയും ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തപ്പോഴും ഈ സാമൂഹ്യമാധ്യമങ്ങളില്‍ ഇന്ത്യാ വിരുദ്ധതയും മോദി വിരുദ്ധതയും നടമാടിയിരുന്നു. ഭാരതത്തിന്റെ സര്‍ക്കാര്‍ ഭാരതത്തിന്റെ പരമാധികാരമുള്ള പ്രദേശത്ത് ഭരണഘടനാനുസൃതമായി, പരമോന്നത ജനാധിപത്യ സ്ഥാപനമായ പാര്‍ലമെന്റിന്റെ അനുമതിയോടെ നടത്തുന്ന പ്രവര്‍ത്തനത്തെ മോശമായ രീതിയില്‍ ചിത്രീകരിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കുന്നത്? ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെയും ജാമിയ മിലിയയിലെയും വിദ്യാര്‍ത്ഥി സമരത്തിലും ഇത് കണ്ടു. ദേശീയ പൗരത്വ നിയമഭേദഗതി വന്നപ്പോള്‍ ഇതേ രീതിയില്‍ തന്നെ അത് ന്യൂനപക്ഷ വിരുദ്ധവും മുസ്ലീം വിരുദ്ധവുമാണെന്ന പ്രചാരണം വന്നു. കര്‍ഷക സമരത്തിലും ഏതാണ്ട് ഇതേ നിലപാടുണ്ടായി. സ്വാതന്ത്ര്യത്തിനുശേഷം ദശാബ്ദങ്ങളായി ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി, വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി തീരുമാനം എടുക്കാതെയും മരവിച്ചും മരവിപ്പിച്ചും നിര്‍ത്തിയ കാര്യങ്ങളിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനം എടുത്തത്. പാകിസ്ഥാനും ബംഗ്ലാദേശും അടക്കം മുസ്ലീം രാജ്യങ്ങളില്‍ പീഡനം അനുഭവിച്ചിരുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ മതക്കാരായ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭാരതപൗരത്വം നല്‍കാനുള്ള പൗരത്വ നിയമ ഭേദഗതി ദശാബ്ദങ്ങളായി പൊടിപിടിച്ചു കിടന്നിട്ട്, ഭാരതത്തിന്റെ പല ഭാഗങ്ങളിലായി അഭയാര്‍ത്ഥികളായി ജീവിക്കുന്ന അവര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. അവരെ സാധാരണക്കാര്‍ക്കൊപ്പം സ്വാഭാവിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നത് ആര്‍ക്കാണ് പ്രശ്‌നമുണ്ടാക്കുന്നത്?
ഈ പ്രശ്‌നങ്ങളില്‍ ഈ സാമൂഹ്യമാധ്യമങ്ങളിലൂടെ നല്‍കിയ ഇന്ത്യാ വിരുദ്ധ ടൂള്‍ കിറ്റുകള്‍ ഭാരതത്തിലെ ജനസാമാന്യത്തിനിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും മോശമായ പ്രതിച്ഛായ സൃഷ്ടിക്കാനും ഇടയാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്ന വ്യാജസന്ദേശങ്ങള്‍ പലപ്പോഴും വലിയ ക്രമസമാധാന പ്രശ്‌നങ്ങളായി മാറി. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം ഇന്ത്യാവിരുദ്ധ നിലപാടുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ നിര്‍ബ്ബന്ധിതരായത്. പുതിയ ഐ ടി നിയമം ദേശവിരുദ്ധശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഇല്ലാതാക്കി. ഇത്തരം ശക്തികളെ തുറന്നുകാട്ടാനും ഇത്തരം സന്ദേശങ്ങളുടെ ഉത്ഭവസ്ഥാനം വ്യക്തമാക്കാനും ട്വിറ്ററും ഫേസ്ബുക്കും ഒക്കെ നിര്‍ബ്ബന്ധിതരാവുകയും ചെയ്തു. നിയമം അനുസരിക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന സാഹചര്യവും വന്നു. കേന്ദ്രമന്ത്രിമാരുടെയും ആര്‍ എസ് എസ് നേതാക്കളുടെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂടിക് ഒഴിവാക്കാനും അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാനും ഒക്കെയുള്ള ശ്രമങ്ങളുണ്ടായി. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ഇതില്‍ നിന്ന് പിന്‍വലിയേണ്ടിവന്നു.
ഇതിനിടെ കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ട് പകര്‍പ്പാവകാശ നിയമം പറഞ്ഞ് ബ്ലോക്ക് ചെയ്യാന്‍ ട്വിറ്റര്‍ ശ്രമിച്ചു. ഏതാണ്ട് ഒരുമണിക്കൂറിന് ശേഷം ബ്ലോക്ക് പിന്‍വലിച്ചെങ്കിലും ഐ ടി മന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് ഭാരതത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയായാണ് ശശി തരൂര്‍ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി കണ്ടത്. ലോക്‌സഭാ സെക്രട്ടറിയേറ്റ്,അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ കമ്പനിയോട് ഔദ്യോഗിക വിശദീകരണം തേടിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ നിയമാവലി ഇവര്‍ അംഗീകരിക്കുന്നില്ല എന്ന മന്ത്രിയുടെ പരാമര്‍ശമാണ് അവരെ ചൊടിപ്പിക്കാനും കാരണമായതെന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നു. ഫേസ്ബുക്കിനും വാട്‌സാപ്പിനും ഗൂഗിളിനും ട്വിറ്ററിനും ഒക്കെ തന്നെ ഭാരതത്തിന്റെ നിയമവും മാര്‍ഗ്ഗനിര്‍ദ്ദേശവും അനുസരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. പാര്‍ലമെന്ററി സമിതിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഇതിനിടെ പുതിയ ഐ ടി നിയമങ്ങള്‍ യുക്തിസഹമാണെന്ന പ്രസ്താവനയുമായി ഫേസ്ബുക്ക് തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നു. വാട്‌സാപ്പിന്റെ കൂടി ഉടമസ്ഥരായ ഫേസ്ബുക്ക് ഇന്ത്യാ എം ഡി അജിത് മോഹന്‍ ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനിവാര്യമാണെന്ന് സമ്മതിക്കുന്നു. ഉദ്ദേശ്യശുദ്ധിയോടെയുള്ള ഇത്തരം പരിശോധനയെ സ്വാഗതം ചെയ്യുന്നതിനൊപ്പം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പുനരാലോചനയോ ചര്‍ച്ചയോ വേണ്ടെന്നും അദ്ദേഹം പറയുന്നു. 700 ദശലക്ഷം അംഗങ്ങള്‍ ഉള്ള സാമൂഹ്യമാധ്യമത്തില്‍ ദുരുപയോഗം ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.
ഇന്ത്യാ വിരുദ്ധത എവിടെയായാലും അത് സാമൂഹ്യമാധ്യമത്തിലായാലും സര്‍വ്വകലാശാലയിലായാലും മാധ്യമങ്ങളിലായാലും പൊറുപ്പിക്കാനാവില്ല. ഭാരതത്തെ ഛിന്നഭിന്നമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ടൂള്‍കിറ്റുകളെയും പ്രതിരോധിക്കുക തന്നെ ചെയ്യണം.