കേരളം തീവ്രവാദികളുടെ വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണെന്ന് സ്ഥാനമൊഴിയുന്ന ഡി.ജി.പി. തന്നെ പറഞ്ഞതോടെ ഇനി ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അത് അവസാനിപ്പിക്കേണ്ടതാണ്. കേരളത്തില്‍ നടന്ന അനേകം തീവ്രവാദപ്രവര്‍ത്തനങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണുകയും ഇവയുടെ പിന്നിലുള്ള നിഗൂഢശക്തികളെക്കുറിച്ച് അന്വേഷണം നടത്താതിരിക്കുകയും ചെയ്തവരുടെ മൗനത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ പ്രസ്താവന. കേരളത്തിന്റെ ക്രമസമാധാനനിലയെ ആഴത്തില്‍ സ്വാധീനിക്കുന്ന ഈ വിഷയത്തില്‍ കുറ്റകരമായ മൗനമാണ് ഇതുവരെ ഇടതു-വലതു മുന്നണികള്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ അവലംബിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നല്‍കിയ അനേകം റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെച്ചവര്‍ക്ക് കേരളത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റിയതില്‍ പ്രധാന പങ്കുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇന്ന് ഇരുമുന്നണികളെയും നയിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അതിനുവേണ്ടി ഏത് തീവ്രവാദി സംഘടനയുമായും കൂട്ടുചേരാന്‍ തയ്യാറാവുകയും അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. സാംസ്‌കാരിക നായകന്മാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവരും ഒരു വിഭാഗം മാധ്യമങ്ങളുമൊക്കെ തീവ്രവാദത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന മൗനം സംശയാസ്പദമാണ്. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ശ്രമവും ബോധപൂര്‍വ്വം നടക്കുന്നു.
കഴിഞ്ഞ മൂന്നു ദശബ്ദത്തിലധികമായി കേരളത്തില്‍ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. അവയുടെ അന്തിമ പരിണാമമായി വേണം ഇപ്പോഴത്തെ അവസ്ഥയെ കാണാന്‍. സ്ഥാനമൊഴിയുന്നതിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ ക്രമസമാധാനച്ചുമതല വഹിച്ച ഉന്നതോദ്യോഗസ്ഥന്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ ഇങ്ങനെ തുറന്നടിച്ചത്: ”കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. ഇവിടത്തെ ആളുകള്‍ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്‌ടേഴ്‌സ്, എഞ്ചിനീയേഴ്‌സ്. അവര്‍ക്ക് ഈ ടൈപ്പ് ആളെ വേണം. അവരുടെ ഒരു ലാര്‍ജര്‍ ഗോളുണ്ടല്ലോ. അതുകൊണ്ട് ഈ ആളുകളെ ഏതു രീതിയിലും റാഡിക്കലൈസ് ചെയ്തുകൊണ്ടുപോകാം… ഒരു കാര്യം പറയാം. പേടിക്കേണ്ട കാര്യമില്ല. ഞങ്ങളുണ്ട്. ന്യൂട്രലൈസ് ചെയ്യാന്‍ ഞങ്ങള്‍ക്കു കഴിയും. അടുത്ത കാലത്ത് അത് കുറഞ്ഞിട്ടുണ്ടല്ലോ. എങ്ങനെയാണിത്? ഞങ്ങള്‍ ഒരു സിസ്റ്റമാറ്റിക് രീതിയില്‍ അതു കൈകാര്യം ചെയ്യുന്നുണ്ട്. ന്യൂട്രലൈസേഷന്‍, ഡീ റാഡിക്കലൈസേഷന്‍, കൗണ്ടര്‍ റാഡിക്കലൈസേഷന്‍ ഈ മൂന്നു കാര്യങ്ങള്‍ കേരളത്തില്‍ നല്ല രീതിയില്‍ പോകുന്നുണ്ട്.” പോലീസിന്റെ മുഖം രക്ഷിക്കാന്‍ അദ്ദേഹം ഇങ്ങനെ ചില അവകാശവാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും തീവ്രവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അത്ര നിസ്സാരമല്ല. കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്കു വഹിച്ച മദനിയെ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ വേണ്ടി ഒരുമിച്ചു നിന്ന് പ്രമേയം പാസ്സാക്കിയവരാണ് ഇവിടത്തെ ഇരുമുന്നണികളും. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ഒരു നടപടിയും ഇവര്‍ സ്വീകരിച്ചിട്ടില്ല എന്നുമാത്രമല്ല അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ വോട്ടിനുവേണ്ടി പ്രീണിപ്പിക്കാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്.
‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി സിമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പല രൂപത്തില്‍, പല പേരില്‍ ഇന്നും നടന്നുവരികയാണ്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സിമിയെ നിരോധിച്ചെങ്കിലും എന്‍.ഡി.എഫിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പേരില്‍ ഈ ശക്തികള്‍ ഇപ്പോഴും കേരളീയ സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണ്. മുസ്ലിംലീഗ് ഒരു ഘടകക്ഷി ആയതുകൊണ്ട് ഐക്യജനാധിപത്യ മുന്നണി ഒരു കാലത്തും തീവ്രവാദപ്രവര്‍ത്തനങ്ങളെ പരസ്യമായി അപലപിക്കാനോ അവയ്‌ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല. കേരളത്തില്‍ തീവ്രവാദം വളരുന്നുണ്ടെന്ന് സമ്മതിച്ച വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയുമൊന്നും അവര്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 2003 മെയ് 2-ന് മാറാട് ഹിന്ദു കൂട്ടക്കൊല നടന്നശേഷം അതിനെക്കുറിച്ച് അന്വേഷിച്ച തോമസ് പി.ജോസഫ് കമ്മീഷന്‍ അതിന്റെ തീവ്രവാദ ബന്ധത്തിലേക്ക് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. മൂവാറ്റുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടായില്ല. ഒട്ടനവധി സ്‌ഫോടനങ്ങള്‍ കേരളത്തില്‍ നടന്നതിനും തുമ്പും വാലുമുണ്ടായില്ല. ഇന്ത്യയില്‍ ഐ. എസ്സിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏറ്റവും കൂടുതല്‍ നടന്നത് കേരളത്തിലാണ്. ഈ സമയത്തൊക്കെ നിഷ്‌ക്രിയത പാലിച്ച് അതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തവരാണ് ഇവിടുത്തെ ഭരണകക്ഷികള്‍.
മുസ്ലിം വോട്ട് കിട്ടുന്നതിനുവേണ്ടി തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി കൂട്ടുകൂടാന്‍ ഒരുമടിയും കാണിക്കാത്തവരാണ് ഇപ്പോള്‍ ഭരണത്തിലുള്ള ഇടതുപക്ഷസംഘടനകള്‍. ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലര്‍ ഫ്രണ്ടുമായുമൊന്നും അവര്‍ക്ക് ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ല. സന്ദര്‍ഭത്തിനനുസരിച്ച് അവരുമായി കൂട്ടുചേര്‍ന്നിട്ടുമുണ്ട്. ഇത്തവണ തുടര്‍ഭരണം കിട്ടിയപ്പോള്‍ ഐ.എന്‍.എല്ലിന് ആദ്യമായി ഒരു മന്ത്രിസ്ഥാനം നല്‍കി തീവ്രവാദശക്തിയായ അതിനെ മുന്നോട്ടു കൊണ്ടുവരാനാണ് സി.പി.എം. ശ്രമിച്ചത്. 1992ല്‍ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലെ തര്‍ക്കമന്ദിരം തകര്‍ന്നശേഷം മുസ്ലിംലീഗിന് തീവ്രവാദം പോരെന്ന് ആരോപിച്ച് അതില്‍ നിന്ന് പിളര്‍ന്ന് ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കക്ഷിയാണ് ഐ.എന്‍. എല്‍. മന്ത്രിസ്ഥാനം ലഭിച്ചശേഷം ഈ കക്ഷിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന പല സമീപനങ്ങളും ജനാധിപത്യവിരുദ്ധമാണ്. ഇടതുമുന്നണി നല്‍കിയ പി.എസ്.സി. മെമ്പര്‍സ്ഥാനം ആ കക്ഷി 40 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപണമുയര്‍ന്നിട്ടുണ്ട്. കാസര്‍കോട്ടെ ഒരു വ്യക്തിയോട് 20 ലക്ഷം രൂപ ആദ്യഗഡുവായി നല്‍കുന്നതിനും ബാക്കി തുക ശമ്പളത്തില്‍ നിന്ന് നല്‍കുന്നതിനും കരാര്‍ ഉണ്ടാക്കിയാണത്രെ നാളിതുവരെ കേള്‍ക്കാത്ത തരത്തിലുള്ള ഈ വില്പന നടന്നത്. ഇത്ര വലിയ ആരോപണമുയര്‍ന്നിട്ടും കേരളീയ സമൂഹത്തില്‍ നിന്ന് വലിയ പ്രതികരണങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നതാണ് ഖേദകരം. 2019ന്റെ അവസാനം പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന സമയത്ത് അവയില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് ‘ഇരുപത്തിയൊന്നില്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ എന്നതായിരുന്നു. ഇത്തരം മുദ്രാവാക്യങ്ങള്‍ക്കെതിരെയും കേരളത്തില്‍ ഫലപ്രദമായ പ്രതികരണമുണ്ടായില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും കൂടുതല്‍ ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
.