1966-67 കാലം, മലപ്പുറം ജില്ലയില്‍ ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനം ഏറ്റവും ദുര്‍ഘടം പിടിച്ച അവസ്ഥയിലായിരുന്നു. അക്കാലത്ത് സംഘപ്രവര്‍ത്തകര്‍ക്ക് പലവിധത്തിലുള്ള സഹായങ്ങള്‍ ചെയ്തു തന്നയാളാണ് ഇയ്യിടെ അന്തരിച്ച, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സാരഥിയും വിദഗ്ദ്ധ ഭിഷഗ്വരനുമായ പി.കെ.വാരിയര്‍. അതില്‍ എടുത്തു പറയേണ്ടതാണ് 67-ല്‍ നടന്ന വിജയദശമി ആഘോഷം. സംഘത്തിന്റെ വിജയദശമി പരിപാടിക്കായി അദ്ദേഹം കൈലാസമന്ദിരത്തിനു മുമ്പിലെ മൈതാനം അനുവദിച്ചുതന്നു. അതിനുമുമ്പും പിമ്പും ഒരു സംഘടനയ്ക്കും ആ മൈതാനം അനുവദിച്ചിട്ടില്ല. വൈദ്യശാല മാനേജര്‍ പ്രഭാകരന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ സംഘത്തിന്റെ അന്നത്തെ ജില്ലാ കാര്യവാഹ് രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു പ്രഭാഷകന്‍. അന്ന് അവിടെ താലൂക്ക് പ്രചാരകനായിരുന്നത് ഈ ലേഖകനാണ്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ യൂണിറ്റ് രൂപീകരണത്തിനു താല്പര്യമെടുത്ത വ്യക്തിയായിരുന്നു പി.കെ. വാരിയര്‍. ബി.എം.എസ്. യൂണിയന്‍ അവിടെ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. അടിയന്തരാവസ്ഥയില്‍ നിരവധി സംഘകാര്യകര്‍ത്താക്കള്‍ക്ക് വൈദ്യശാലയില്‍ ചികിത്സാസൗകര്യം ഒരുക്കിയത് വാരിയരായിരുന്നു. അടിയന്തരാവസ്ഥകാലത്ത് മര്‍ദ്ദനമേറ്റ് ആരോഗ്യം തകര്‍ന്ന, ചുരുങ്ങിയത് 200 സംഘപ്രവര്‍ത്തകരെയെങ്കിലും കോട്ടയ്ക്കലില്‍ ചികിത്സിക്കാന്‍ അദ്ദേഹം പ്രത്യേകം താല്പര്യമെടുത്തിരുന്നു. ഭാസ്‌കര്‍ റാവുജി, മാധവ്ജി തുടങ്ങിയ സംഘ അധികാരികള്‍ ഇതു സംബന്ധിച്ച് വാരിയരുമായി ബന്ധപ്പെട്ടിരുന്നു. കൂടാതെ നിരവധി സംഘസ്വയംസേവകര്‍ക്കും അനുഭാവികള്‍ക്കും ജോലി നല്‍കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. പൊതുവില്‍ മാര്‍ക്‌സിസ്റ്റ് അനുഭാവി എന്നു കരുതപ്പെട്ടിരുന്ന പി.കെ.വാരിയര്‍ സംഘപ്രവര്‍ത്തനത്തിനു നല്‍കിയ പിന്തുണ ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുപാദം പൂകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.