ശാരികപ്പൈതലേ, ചാരുശീലേ..! ആദി –
രേതസ്സേ..! ജീവന്റെ മാമരച്ചില്ലതന്‍,
തുഞ്ചത്തിരുന്നു രഘൂത്തമഗാഥകള്‍
ആത്മതത്വത്തിലുറപ്പിച്ചുപാടവെ.,
എന്റെ ബോധത്തില്‍ പെരുങ്കടല്‍ ഭക്തിതന്‍,
എന്റെ മൗനത്തില്‍ കൊടുങ്കാറ്റു മുക്തിതന്‍,
എന്റെ ജന്മങ്ങളില്‍ പേമാരിപെയ്യുന്നു
ബന്ധമോക്ഷങ്ങള്‍തന്‍ പൊരുളുദിക്കുന്നു,
കര്‍മ്മപാശംകൊണ്ട് ബന്ധിച്ച ജീവനില്‍
ധര്‍മ്മാര്‍ത്ഥകാമപ്രകാശം തുടുക്കുന്നു.
രാമനാമത്തില്‍ പ്രദക്ഷിണംവച്ചന്റെ
വാക്മന:കായങ്ങള്‍ നീറിത്തെളിയവെ,
മൗനവല്മീകം തകര്‍ന്നുള്ളില്‍ നിന്നൊരു
അഗ്‌നിബീജത്തിന്‍പ്രഭാവം പരക്കുന്നു.
മുജ്ജന്മതാപക്കെടുതിതന്‍ കൂരിരുള്‍
നിര്‍ജ്ജരപുണ്യപ്രളയത്തിലാഴുന്നു.
ശാരികപ്പൈതലോ! ജീവന്റെ ചില്ലയില്‍,
ചാരുരാമായണം പാടിത്തെളിയുന്നു!
ശൂന്യതമോരാശിയാം ജീവിതത്തിന്റെ
സ്ഥൂലവും സൂക്ഷ്മവും പാടിപ്പറയുന്നു!
നിത്യനിരാകാരഗാഥയിലൂടെന്റെ
ചിത്തശൃംഗത്തില്‍ ചിരംവസിച്ചീടുന്നു.