ന്യൂദല്‍ഹി: ഇന്ത്യയില്‍ എല്ലാ മതങ്ങള്‍ക്കും പൂര്‍ണ്ണമായ മതസ്വാതന്ത്ര്യം ഉണ്ടെന്നും ന്യൂനപക്ഷ മതങ്ങള്‍ ഒരുതരത്തിലുള്ള വിവേചനവും അനുഭവിക്കുന്നില്ലെന്നും വ്യക്തമാക്കുന്ന സര്‍വ്വേ പുറത്തു വന്നു. പ്രശസ്ത രാജ്യാന്തര സര്‍വ്വേ ഏജന്‍സിയായ പ്യൂ ആണ് സര്‍വേ ഫലം പുറത്തുവിട്ടത്. നരേന്ദ്രമോദി ഭരണകൂടത്തിന് കീഴില്‍ മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ മതവിശ്വാസികള്‍ പീഡനത്തിനും വിവേചനത്തിനും ഇരയാകുന്നു എന്ന ചില താല്പരകക്ഷികളുടെ പ്രചരണമാണ് ഇതോടെ അപ്രസക്തമായത്.
ഇന്ത്യയില്‍ തങ്ങള്‍ക്ക് മത സ്വാതന്ത്ര്യം ഉണ്ടെന്ന് 89 ശതമാനം മുസ്ലിങ്ങളും 89 ശതമാനം ക്രിസ്ത്യാനികളും 93 ശതമാനം സിഖുകാരും 85 ശതമാനം ജൈനരും 91 ശതമാനം ഹിന്ദുക്കളും വ്യക്തമാക്കുന്നതായി സര്‍വേയില്‍ പറയുന്നു. യഥാര്‍ത്ഥ ഇന്ത്യക്കാരനാകാന്‍ ഇതര മതങ്ങളെ ബഹുമാനിക്കണമെന്നാണ് 85 ശതമാനം ഹിന്ദുക്കളും കരുതുന്നതെന്നും സര്‍വേയില്‍ കണ്ടെത്തി. ലോകത്ത് ഇസ്ലാം മതം അതിവേഗം പടരുകയാണെന്ന് പറയുന്ന സര്‍വേയില്‍ ക്രിസ്തുമതം ലോകത്തെ ഏറ്റവും വലിയ മതഗ്രൂപ്പായി തുടരുകയാണെന്നും വ്യക്തമാക്കുന്നു. മതവും ദേശീയതയും തമ്മില്‍ ബന്ധമുണ്ടെന്ന് 64 ശതമാനം ഹിന്ദുക്കളും കരുതുന്നു. യഥാര്‍ത്ഥ ഇന്ത്യക്കാരനാകാന്‍ ഹിന്ദു തന്നെയായിരിക്കണമെന്ന് 64 ശതമാനം ഹിന്ദുക്കളും പറയുന്നു.