ഹിമാലയത്തേക്കാള്‍ മാത്രമല്ല, ലോകത്തേറ്റവും പഴക്കമുള്ളതാണ് പശ്ചിമഘട്ട മലനിരകള്‍. പശ്ചിമഘട്ടത്തോട് കിടപിടിക്കുന്ന ജൈവവൈവിദ്ധ്യം കിഴക്കന്‍ ഹിമാലയത്തില്‍ മാത്രമെ ഉള്ളൂ. ജൈവവൈവിദ്ധ്യത്തില്‍ ലോകത്ത് 20 ‘ഹോട്ട് സ്‌പോട്ടുകള്‍’ തിരഞ്ഞെടുത്തിട്ടുണ്ട്. അവയില്‍ തന്നെ സുപ്രധാനമായ അഞ്ചെണ്ണത്തില്‍ (ഹോട്ടസ്റ്റ് ഹോട്ട്‌സ്‌പോട്ട്) ഒന്നാണ് പശ്ചിമഘട്ടം. അതുകൊണ്ട് കൂടിയാണ് മൂന്നുവര്‍ഷം മുന്‍പ് റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ ചേര്‍ന്ന യോഗം പശ്ചിമഘട്ടത്തിന് ലോകപൈതൃക പദവി നല്‍കിയത്. കന്യാകുമാരി മുതല്‍ വടക്ക് ഗുജറാത്തിലെ തപ്തി നദിവരെ 1600 കിലോമീറ്റര്‍ നീളത്തിലും 160000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലും സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടം അറബിക്കടലിന് സമാന്തരമാണ്. കേരളത്തില്‍ ഇതിന്റെ നീളം 600 കിലോമീറ്റര്‍ വരും. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചരിവിലാണ് കേരളം. വയനാടും അട്ടപ്പാടിയും മാത്രമാണ് കിഴക്കന്‍ ചരിവിലുള്ളത്. പശ്ചിമഘട്ടമലനിരകള്‍ക്കും അറബിക്കടലിനുമിടയില്‍ ശരാശരി 40 കിലോമീറ്റര്‍ വീതി മാത്രമുള്ള അപൂര്‍വ്വ ഭൂഭാഗമാണ് കേരളം.
അറബിക്കടലിന് സമാന്തരമായി ഭൂമദ്ധ്യരേഖയില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് ശക്തമായ മഴയും ജലസമൃദ്ധിയും അദ്വിതീയമായ വനങ്ങളും പശ്ചിമഘട്ടത്തിനുണ്ട്. അനര്‍ഘമായ പ്രകൃതിവിഭവങ്ങളുടെ നിധികുംഭമാണീമലനിരകള്‍. നിബഡമായ ഹരിത കഞ്ചുകം ഒരു പുതപ്പുപോലെ മലനിരകളെ ആവരണംചെയ്യുന്നു. മലഞ്ചെരിവുകളില്‍ മേല്‍മണ്ണ് വളരെ കുറവാണ്. പാറക്കെട്ടുകള്‍ക്കുമേല്‍ നേര്‍ത്തപാളിയായി 2 മുതല്‍ 4 അടി ആഴത്തിലേ മണ്ണുള്ളൂ. നിബിഡവനങ്ങളിലെ വിവിധ വലിപ്പത്തിലുള്ള വൃക്ഷവേരുകള്‍ ഉപരിതലത്തിലും ആഴത്തിലും വേരോടിച്ച് മണ്ണിനെയും പാറയെയും ചരിഞ്ഞ പ്രദേശത്തും പിടിച്ചുനിര്‍ത്തുകയാണ്. തുമ്പിക്കൈ വണ്ണത്തില്‍ ശക്തമായി പെയ്യുന്ന മഴയെ ഏറ്റുവാങ്ങി മണ്ണൊലിപ്പ് തടഞ്ഞ് സാവധാനം ഭൂമിയുടെ അടിത്തട്ടിലേക്കും നദികളിലേക്കും ഒഴുക്കുന്ന ധര്‍മ്മം നിര്‍വ്വഹിക്കുന്നത് പശ്ചിമഘട്ടത്തിലെ നിബിഡമായ വനങ്ങളാണ്. കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി കേരളത്തിലൊഴുകുന്ന നദികള്‍ അടക്കമുള്ള പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിക്കുന്ന തെക്കെ ഇന്ത്യയിലെ മുഴുവന്‍ നദികളും കാടിന്റെ വരദാനമാണ്. വൃക്ഷകവചമുള്ളതിനാല്‍ മണ്ണ് കുത്തിയൊലിച്ച് നഷ്ടപ്പെടുന്നില്ല എന്നു മാത്രമല്ല മഴക്കാലത്ത് വെള്ളപ്പൊക്കമോ വേനല്‍ക്കാലത്ത് കൊടും വരള്‍ച്ചയോ ഉണ്ടാകുന്നുമില്ല. കേരളത്തിലെ മാത്രമല്ല തെക്കെ ഇന്ത്യയുടെയാകെ ജലസുരക്ഷയുടെയും കൃഷിയുടെയും അടിത്തറ അതിസങ്കീര്‍ണ്ണവും അതീവലോലവുമായ പശ്ചിമഘട്ട ആവാസവ്യസ്ഥയാണ്.
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ രണ്ട് ശതമാനം മാത്രമുള്ള പശ്ചിമഘട്ടത്തിലാണ് രാജ്യത്താകെ കിട്ടുന്ന മഴയുടെ 40 ശതമാനവും പെയ്യുന്നത്. തെക്കെ ഇന്ത്യയിലെ 40 കോടി മനുഷ്യരുടെയും കണക്കാക്കാനാവാത്ത ജന്തുജാലങ്ങളുടെയും സമ്പന്നമായ കൃഷിയുടെയും നിലനില്‍പ്പിന്നാധാരമായ മഹാനദികള്‍ ഒക്കെയും പശ്ചിമഘട്ടത്തിന്റെ കനിവാണ്. കാവേരി, കൃഷ്ണ, ഗോദാവരി, തുംഗഭദ്ര തുടങ്ങിയ മഹാനദികളാണ് ഇന്ത്യന്‍ ഉപദ്വീപിനെ സംസ്‌ക്കാരസമ്പന്നമാക്കുന്നതും ഉര്‍വ്വരയാക്കുന്നതും. അതുകൊണ്ടു തന്നെ പശ്ചിമഘട്ടം ജലഗോപുരമായി വിശേഷിപ്പിക്കപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ ഏറ്റവും ഉത്തുംഗമായ മര്‍മ്മകേന്ദ്രങ്ങളാണ് കേരളഭാഗത്തുള്ളത്.
പശ്ചിമഘട്ടത്തിന്റെ സസ്യ-ജന്തുവൈവിദ്ധ്യവും മനുഷ്യവൈവിദ്ധ്യവും വിസ്മയാവഹമാണ്. ലോകത്തെങ്ങുമുള്ള ഉരഗങ്ങള്‍, ഷഡ്പദങ്ങള്‍, പക്ഷികള്‍, തുമ്പികള്‍, സപുഷ്പിതസസ്യങ്ങള്‍ തുടങ്ങിയവയില്‍ മഹാഭൂരിഭാഗവും പശ്ചിമഘട്ടത്തിലുണ്ട്. നീലക്കുറിഞ്ഞി തുടങ്ങിയ സസ്യജാതികളും, സിംഹവാലന്‍ കുരങ്ങ്, വരയാട് തുടങ്ങിയ ജന്തുജാലങ്ങളും ബാണാസുരചിലപ്പന്‍ തുടങ്ങിയ പക്ഷികളും ഭൂമിയില്‍ പശ്ചിമഘട്ടത്തില്‍ മാത്രമേയുള്ളൂ.
പശ്ചിമഘട്ടം അളവറ്റ പ്രകൃതിവിഭവങ്ങളുടെ നിധികുംഭമാണെന്ന് നടേ സൂചിപ്പിച്ചിരുന്നല്ലൊ. ക്രിസ്തുവിനു മുന്‍പുതന്നെ പശ്ചിമഘട്ടത്തിലെ ആനക്കൊമ്പും കുന്തിരിക്കവും മറ്റും കടല്‍കടന്നിട്ടുണ്ട്. അറബികളും പറങ്കികളും വെള്ളക്കാരും കേരളതീരത്തെത്തിയത് പശ്ചിമഘട്ടത്തിലെ വിഭവങ്ങള്‍ തേടിയാണ്. മനുഷ്യന്‍ സ്പര്‍ശിക്കാന്‍ കൂടിപാടില്ലാത്ത ചെങ്കുത്തായ മര്‍മ്മകേന്ദ്രങ്ങളിലേക്കാണ് കുടിയേറ്റക്കാരും കയ്യേറ്റക്കാരും റിയല്‍ എസ്റ്റേറ്റ് മാഫിയയും കരിങ്കല്‍ ക്വാറി മാഫിയയും നിര്‍ബാധം കടന്നുകയറിയത്. 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ മനുഷ്യന്‍ ഇടപെടേണ്ടതെങ്ങനെയെന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും കടന്നുകയറ്റക്കാര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയും സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സും നല്‍കിയ മുന്നറിയിപ്പുകള്‍ ഒക്കെയും അവഗണിക്കപ്പെടുകയാണുണ്ടായത്.
പശ്ചിമഘട്ടത്തിലുടനീളം പള്ളിക്കും രാഷ്ട്രീയനേതാക്കള്‍ക്കും ബിനാമികളുടെ പേരില്‍ അളവറ്റ ഭൂമിയും കരിങ്കല്‍ക്വാറികളും റിസോര്‍ട്ടുകളും ഉണ്ട്. താമരശ്ശേരി രൂപത തിരുവമ്പാടിയില്‍ സ്വന്തമായി പരസ്യമായിത്തന്നെ ക്വാറി നടത്തുന്നുണ്ട്. ഗോവയിലെയും മഹാരാഷ്ട്രയിലെയും ഖനനലോബി അതിശക്തമായ രാഷ്ട്രീയ പിന്‍ബലമുള്ളവരാണ്. പശ്ചിമഘട്ടത്തിന്റെ സുരക്ഷയോ സുസ്ഥിരതയോ ഇന്നാര്‍ക്കും ഒരു പ്രശ്‌നമേയല്ല. അദ്വിതീയയും സര്‍വ്വൈശ്വര്യവരദായിനിയുമായ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും നിലനിര്‍ത്താനും നടക്കുന്ന ഏതു ശ്രമത്തെയും അട്ടിമറിക്കാന്‍ അവര്‍ പ്രാപ്തരാണ്.
പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി വിശദമായി പഠിച്ച് സംരക്ഷണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ പാനല്‍ ഇന്ത്യാസര്‍ക്കാര്‍ രൂപീകരിച്ചത്. 2010ല്‍ കോത്തഗിരിയില്‍ നടന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ യോഗത്തിലാണ് അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ് പാനല്‍ രൂപീകരണ തീരുമാനം പ്രഖ്യാപിക്കുന്നത്.
ഗാഡ്ഗില്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ ചരിത്രപരവും സുതാര്യവും ജനകീയവും ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നതും മാത്രമായിരുന്നില്ല, ശാസ്ത്രീയവും പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിനെ ഉറപ്പുവരുത്തുന്നതും കൂടിയായിരുന്നു. ഈ മലനിരകളിലെ കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, ആദിമനിവാസികള്‍ എന്നിവരുടെയൊക്കെ സൗഭാഗ്യപൂര്‍ണ്ണമായ നിലനില്‍പ് പ്രസ്തുത റിപ്പോര്‍ട്ട് ഉറപ്പു വരുത്തി. വിഭവങ്ങളും ജലസുരക്ഷയും സ്ഥിരമായി നിലനിര്‍ത്താന്‍ ഉതകുന്ന ശുപാര്‍ശകളും ഉണ്ടായിരുന്നു. ഗാഡ്ഗില്‍ ശുപാര്‍ശകള്‍ ഗ്രാമസഭകളില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്നും, എന്തൊക്കെ നടപ്പിലാക്കണമെന്ന് അവര്‍ തീരുമാനിക്കണമെന്നും കര്‍ക്കശമായി നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരുന്നു. പശ്ചിമഘട്ടത്തില്‍ ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരെ മാത്രമല്ല, അതിനെ ആശ്രയിക്കുന്നവരെയും ഗാഡ്ഗില്‍ കമ്മറ്റി അഭിമുഖീകരിച്ചിട്ടുണ്ട്.
വാസ്തവത്തില്‍ കര്‍ഷകന്റെ മഗ്‌നാകാര്‍ട്ടയായിരുന്നു ഗാഡ്ഗില്‍ ശുപാര്‍ശകള്‍. അതിനെ ഗളച്ഛേദം നടത്തി കുഴിച്ചുമൂടാന്‍ പള്ളിയും ഖനനലോബിയും ഇടതു-വലതു മുന്നണികളും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ ഗൂഢശ്രമങ്ങള്‍ വിജയം കണ്ടത് ആധുനിക ഇന്ത്യയിലെ മഹാദുരന്തങ്ങളില്‍ ഒന്നായി വരുംകാലം വിലയിരുത്തുമെന്ന് തീര്‍ച്ചയാണ്.
ഗാഡ്ഗില്‍ ശുപാര്‍ശകളില്‍ പ്രമുഖമായത് പശ്ചിമഘട്ടപ്രദേശത്തെയാകെ അത് മൂന്നു സോണുകളായി തിരിക്കുന്നു എന്നതാണ്. സോണ്‍ ഒന്നില്‍പെട്ട പ്രദേശങ്ങള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതും അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ളതുമായ പ്രദേശമാണ്. ഇവയൊക്കെയും മലനിരകളുടെ ഉന്നതമുടികളാണ്. നദികളുടെയൊക്കെ പിറവി ഇവിടെ നിന്നാണ്. ഈ പ്രദേശത്ത് ഖനനം, കൃഷി, മനുഷ്യന്റെ ഇടപെടല്‍ എന്നിവയൊക്കെ നിരോധിച്ചിട്ടുണ്ട്. സോണ്‍ രണ്ടില്‍ നിയന്ത്രിതതോതിലും സോണ്‍ മൂന്നില്‍ യഥേഷ്ടവും കൃഷിയും മറ്റും നടത്താവുന്നതാണ്. കര്‍ഷകരുടെ എക്കാലത്തെയും സുരക്ഷ ഇത് ഉറപ്പുവരുത്തുന്നു. എന്നാല്‍ പള്ളിക്കാരും റിസോര്‍ട്ട് – ഖനന – രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടും കുപ്രചരണങ്ങള്‍ നടത്തുകയും കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണമായ പിന്തുണയോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുഴിച്ചുമൂടുകയും ചെയ്തു.,