കാവ്യമധുവൂറുന്ന ഒരുപിടി അവിലുമായി ജന്മങ്ങള്‍താണ്ടിയെത്തിയ അവധൂതകവി സ്വധാമത്തിലേക്ക് മടങ്ങിയിരിക്കുന്നു. മലയാള കാവ്യസരിത്തിലെ പാരമ്പര്യ രചനാശൈലി പുലര്‍ത്തിയ ഒരു കവിയെക്കൂടി എസ്. രമേശന്‍നായരുടെ ദേഹാന്ത്യത്തോടെ നഷ്ടമായിരിക്കുകയാണ്. അര്‍ബുദത്തിന്റെയും പകര്‍ച്ചജ്വരത്തിന്റെയും പിടിയില്‍ ആ മഹാ പ്രതിഭ കണ്ണടയ്ക്കുമ്പോള്‍ മലയാള കാവ്യസിംഹാസനത്തിലെ ശൂന്യത നികത്തുവാന്‍ ഒരു പകരക്കാരനും സാധ്യമല്ലെന്ന സത്യം ബാക്കിയാവുകയാണ്. കവി, ഗാനരചയിതാവ്, നാടകകൃത്ത്, പരിഭാഷകന്‍, സംഘാടകന്‍ എന്നിങ്ങനെ ബഹുമുഖപ്രതിഭയായിരുന്നു എസ്.രമേശന്‍നായര്‍.
സാഹിത്യലോകത്ത് രാഷ്ട്രീയ പക്ഷപാതങ്ങള്‍ നിറഞ്ഞാടുന്ന കേരളത്തില്‍ സ്ഥാനമാനങ്ങള്‍ക്കപ്പുറത്ത് തന്റെ വിശ്വാസപ്രമാണങ്ങളെ കുടിവച്ച നട്ടെല്ലുറപ്പുള്ള ഒരു സാംസ്‌കാരിക നായകനെക്കൂടിയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ‘കവിതയ്ക്ക് പ്രാര്‍ത്ഥനയുടെ കൂന് നിവര്‍ത്താനുണ്ട്. അധര്‍മ്മത്തിന്റെ കംസവിഗ്രഹം തച്ചുടയ്ക്കാനുണ്ട്.തുറുങ്കറകള്‍ തുറക്കാനുണ്ട്. ഒരുപാടൊരുപാട് പേരെ മോചിപ്പിക്കാനുണ്ട്’ എന്നെഴുതിയ കവിയ്ക്ക് കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ വൃത്തത്തില്‍ നില്‍ക്കാനാവില്ല. അക്ഷര സത്യത്തിന്റെ ധര്‍മ്മപക്ഷത്തേ നില്‍ക്കാനാവൂ. ധര്‍മ്മബോധത്തിന്റെ അക്ഷയവടവൃക്ഷമായി മലയാള കാവ്യലോകത്തു നിന്ന ഒറ്റമരം തണല്‍ ഓര്‍മ്മയാക്കിമറഞ്ഞുപോകുമ്പോള്‍ അത് വാരിവിതറിയ സര്‍ഗ്ഗബീജങ്ങള്‍ കരിമ്പാറകളെ തുരന്നും വളര്‍ന്നുപൊന്തുക തന്നെ ചെയ്യും. കാരണം രമേശന്‍ നായര്‍ വിതച്ച വിത്തുകള്‍ ആര്‍ഷമൂല്യങ്ങളുടെ അമൃതുകുടിച്ച് വളര്‍ന്ന സനാതന ബീജങ്ങളായിരുന്നു. നേര്‍പക്ഷത്ത് നിലയുറപ്പിച്ചതുകൊണ്ട് കാവ്യജീവിതത്തില്‍ ഏറെ നഷ്ടങ്ങള്‍ സഹിച്ച ഒരു ബഹുമുഖപ്രതിഭയായിരുന്നു രമേശന്‍ നായര്‍.അതുകൊണ്ടാവാം ഭാഗ്യാന്വേഷിയല്ലാത്ത കവി എന്ന് എസ്.രമേശന്‍നായരെ ശ്രീകുമാരന്‍ തമ്പി അനുസ്മരിച്ചത്. തപസ്യകലാസാഹിത്യവേദിയുടെ അധ്യക്ഷനായിരുന്നുകൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ കവിക്കു കഴിഞ്ഞു.
‘അരുതാത്ത സുഖഭോഗക്കൊതി പെരുത്തിടത്തോട്ടും
വലത്തോട്ടും ചരിയരുതെഴുത്തുകാരന്‍’- എന്നത് രമേശന്‍നായരുടെ പ്രഖ്യാപിത നയമായിരുന്നു. അതുകൊണ്ടാണ് പുരസ്‌ക്കാരങ്ങളുടെയും സ്ഥാനമാനങ്ങളുടെയും പ്രലോഭനങ്ങള്‍ക്ക് പിന്നാലെപോയി നാവും തൂലികയും പണയപ്പെടുത്തുന്ന സാംസ്‌കാരിക വാടകഗുണ്ടകളുടെ ഗണത്തില്‍ രമേശന്‍നായരെ കാണാത്തത്. അര്‍ഹിക്കുന്ന പല അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിക്കാതെ പോയത് സാംസ്‌കാരിക സാഹിത്യ രംഗത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന മാഫിയ ഉപജാപക സംഘങ്ങള്‍ക്ക് അദ്ദേഹം വശംവദനാകാതിരുന്നതുകൊണ്ടായിരുന്നു. പി.കുഞ്ഞിരാമന്‍ നായരെ ഭക്തകവിയെന്ന പരിവൃത്തത്തില്‍ തളയ്ക്കാന്‍ ശ്രമിച്ച അതേ ശക്തികള്‍ രമേശന്‍ നായരെയും ‘വെറും പാട്ടെഴുത്തുകാരന്‍’ എന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരാരും ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും പ്രമേയമാക്കി കവി രചിച്ച ‘ഗുരുപൗര്‍ണ്ണമി’ എന്ന മഹാകാവ്യതുല്യമായ കൃതിയെ കണ്ടിട്ടും കാണാത്തവരാണെന്നു മാത്രംപറയട്ടെ. സരയു തീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി, ഭാഗപത്രം തുടങ്ങി ഒന്നിനൊന്നു മെച്ചപ്പെട്ട കാവ്യസമാഹാരങ്ങള്‍ വേണ്ടവിധത്തില്‍ മലയാളകാവ്യലോകം ചര്‍ച്ച ചെയ്‌തോ എന്ന ചോദ്യം ബാക്കിയാണ്.
സാമാന്യ ജനത്തെ സംബന്ധിച്ച് രമേശന്‍ നായര്‍ അവരുടെ ഹൃദയങ്ങള്‍ കീഴടക്കിയപാട്ടെഴുത്തുകാരനാണ്. മൂവായിരത്തിലേറെ ഭക്തിഗാനങ്ങള്‍ എഴുതിയ മറ്റൊരു മലയാള കവി ഇല്ലെന്നു തന്നെ പറയാം. ഇതില്‍ ആയിരത്തിലധികം പാട്ടുകള്‍ മലയാളികളുടെ ഇഷ്ടദൈവം ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെയാവാം താന്‍ ഗുരുവായൂരപ്പന്റെ കണക്കപ്പിള്ളയാണെന്ന് കവി അഭിമാനിച്ചിരുന്നത്. ഭക്തി ഗാനസാഹിത്യത്തില്‍ എഴുത്തച്ഛന്റെയും ചെറുശ്ശേരിയുടെയും പൂന്താനത്തിന്റെയും വില്വമംഗലത്തിന്റെയും, ഓട്ടൂരിന്റെയും മേല്‍പ്പുത്തൂരിന്റെയും പാരമ്പര്യമവകാശപ്പെടാവുന്ന മറ്റൊരുകവിയെ മലയാളം അടുത്തകാലത്തൊന്നും കാണുമെന്നുതോന്നുന്നില്ല. ‘ആയിരം നാവുള്ളൊരനന്തതേ നിനക്കാവുമോ ഭഗവാനെവാഴ്ത്താന്‍’ എന്ന ഗുരുവായൂരപ്പ കീര്‍ത്തനത്തിലെ ‘അനന്തതേ’ എന്ന ഒറ്റ പ്രയോഗത്തിലെ വ്യാഖ്യാന സാധ്യതകള്‍ പോരും കവനകലയിലെ പെരുന്തച്ചന്റെ കരവിരുത് മനസ്സിലാക്കാന്‍. ആയിരത്തില്‍പരം കൃഷ്ണഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ഒന്ന് ഒന്നിനോട് സമാനമെന്ന് പറയാന്‍ കഴിയില്ലെന്നതാണ് രമേശന്‍ നായരുടെ ഭക്തി ഗാനങ്ങളുടെ സവിശേഷത. ഭക്തിഗാനമെന്നാല്‍ ഇഷ്ടദേവതയുടെ പര്യായപദങ്ങള്‍കോര്‍ത്തു കെട്ടുന്നതാണെന്നുകരുതുന്ന എഴുത്തുകാരുടെ ഇടയിലേക്കാണ് കാല്‍പ്പനികതയുടെ അനന്തചാരുതയില്‍ കൊരുത്ത കവിത തുളുമ്പുന്ന വരികളുമായുള്ള രമേശന്‍ നായരുടെ കടന്നുവരവ്. ഇഷ്ട ദേവനെ നേരില്‍ കാണുന്ന പ്രതീതിയാണ് അദ്ദേഹത്തിന്റ ഓരോ ഭക്തിഗാനങ്ങളും ശ്രവിക്കുമ്പോള്‍ അനുവാചകനുണ്ടാകുന്നത്. സംഗീതവും സാഹിത്യവും ഇത്ര ഇഴയടുപ്പത്തോടെ നെയ്‌തെടുത്ത സാഹിതീശില്പങ്ങള്‍ മലയാളത്തില്‍ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ‘രാത്രിയാം ഗോപിക മുകില്‍ച്ചീന്തില്‍വെണ്ണയുമായ് കാത്തു നില്‍ക്കുന്നതാരെ’ എന്നെഴുതണമെങ്കില്‍ കാവ്യസംസ്‌കാരം നാഡീഞരമ്പുകളില്‍ പടര്‍ന്നൊഴുകുന്ന ഒരാള്‍ക്കേ കഴിയൂ. ‘ഓംകാരം മുഴക്കുന്ന പൈക്കളെ മേയ്ക്കുവാന്‍ ഓരോ മനസ്സിലും നീ വരുന്നു’ എന്ന് കുറിയ്ക്കണമെങ്കില്‍ കാവ്യഭാവനയ്ക്കപ്പുറമുള്ള ആത്മീയ അനുഭൂതികൂടി ആവശ്യമാണ്. ആത്മവിദ്യാലയവും ഈശ്വര ചിന്തയും എഴുതിയ തിരുനയിനാര്‍ക്കുറിച്ചിയും പത്മശ്രീ തിക്കുറിശ്ശിയും ജനിച്ചു ജീവിച്ച കന്യാകുമാരിയില്‍ ജനിച്ചുവളര്‍ന്ന രമേശന്‍നായര്‍ക്ക് സംഘകാല തമിഴ് സാഹിത്യസംസ്‌കാരം ജന്മദത്തമായിരുന്നു. അതുകൊണ്ടാണ് തമിഴ്‌സാഹിത്യത്തിലെ അനര്‍ഘരത്‌നങ്ങളായ തിരുക്കുറളും ചിലപ്പതികാരവും ഒക്കെ മലയാളത്തിലേക്ക് കാവ്യസുന്ദരമായിമൊഴിമാറ്റം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.
ഭാഗപത്രം എന്ന കവിതയില്‍ കവി പറയുന്നതുപോലെ-
‘അശ്രുവില്‍ത്തങ്ങുമേഴു നിറങ്ങള്‍-
ക്കര്‍ത്ഥമാം മഴവില്ലുതരുന്നു
അക്ഷരത്തിന്നിടവഴിതോറും
കത്തിനില്‍ക്കും വെളിച്ചംതരുന്നു’-
എന്ന വാഗ്ദാനമാണ് ഇനി നമുക്ക് ശേഷിക്കുന്ന പ്രതീക്ഷ. ഇരുട്ടേറി വരുന്ന പകലുകളിലേക്ക് കൊളുത്തിവച്ച അക്ഷര വെളിച്ചമായിരുന്നു രമേശന്‍ നായരുടെ കവിതകള്‍. ആ പാവനാത്മാവിന് കേസരികുടുംബത്തിന്റെ ശ്രദ്ധാഞ്ജലി.