ഇഞ്ചിക്ക് ചാണകം കലക്കി ഒഴിച്ചുകൊണ്ട് അച്ഛന്‍ പറമ്പില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ കണ്ണന്‍ അച്ഛന്റെ അടുത്തേക്ക് ചെന്നു.
”അച്ഛാ, കറുമ്പി പുല്ലൊന്നും തിന്നാതെ കരയുന്നു.” കണ്ണന്‍ പറഞ്ഞു.
”രാവിലെതന്നെ പ്രസവിക്കാനുള്ള സാധ്യതയുണ്ട്.” അച്ഛന്‍ പറഞ്ഞു.
ഉമിക്കരിയും എടുത്ത് പല്ലുതേയ്ക്കാന്‍ കിണറ്റിനടുത്തേക്കു പോയപ്പോള്‍ കറുമ്പി ഉച്ചത്തില്‍ കരയുന്നതുകേട്ട് വീണ്ടും കണ്ണന്‍ അതിന്റെ അടുത്തേക്കു ചെന്നു. അപ്പോള്‍ കറുമ്പി നിലത്തു കിടക്കുന്നതാണ് അവന്‍ കണ്ടത്. ചുവപ്പു നിറമുള്ള ബലൂണ്‍ ഊതിവീര്‍പ്പിച്ചതുപോലെ ഒരു കുടത്തിന്റെ വലിപ്പത്തില്‍ എന്തോ കറുമ്പിയുടെ പിന്‍ഭാഗത്തുനിന്ന്, പുറത്തേക്ക് തള്ളിവന്നത് അവന്‍ കണ്ടു. അച്ഛനും കയ്യും കാലും കഴുകി അപ്പോഴേയ്ക്കും അവിടെ എത്തി.
ബലൂണ്‍പോലെ വീര്‍ത്തുവന്ന സഞ്ചിക്കുള്ളിലെ കൊഴുത്ത ദ്രാവകത്തിനകത്ത് തൊഴുതുപിടിച്ചതുപോലെ കുട്ടിയുടെ രണ്ടുകൈകളും തലയും പുറത്തേക്കുവരുന്നത് അവ്യക്തമായി കണ്ണന്‍ കണ്ടു. കറുമ്പി എഴുന്നേറ്റ് തെങ്ങിനുചുറ്റും കരഞ്ഞുകൊണ്ട് നടക്കുകയും വീണ്ടും കിടക്കുകയും ചെയ്യുന്നത് അവന്‍ നോക്കിനിന്നു.
”ചേച്ചി, കറുമ്പി പ്രസിവി ക്കുന്നത് കാണണമെങ്കില് വാ..” വരാന്തയിലിരുന്ന് പഠിക്കുന്ന ചേച്ചിയെ കണ്ണന്‍ വിളിച്ചു.
കണ്ണന്‍ വിളിച്ചുപറഞ്ഞതുകേട്ട് അടുക്കളയില്‍നിന്ന അമ്മയും ചേച്ചിയും കറുമ്പിയുടെ അടുത്തേയ്ക്കു വന്നു. അല്പസമയം നോക്കിനിന്നിട്ട് ഒന്നും പറയാതെ അവര്‍ അവിടെനിന്നും പോയി. കണ്ണന്‍ കറുമ്പി പ്രസവിക്കുന്നതു കാണാന്‍ അതിന്റെ അടുത്തുതന്നെ നിന്നു.
”പ്രസവിക്കുമ്പോള്‍ രണ്ടു കൈകളും തലയും വരുന്നതാണ് ശരിയായ പ്രസവത്തിന്റെ ലക്ഷണം.” അച്ഛന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
നിലത്തുകിടന്ന കറുമ്പി ഒന്ന് അമറി കരഞ്ഞതും കുട്ടിയെ പൊതിഞ്ഞ ദ്രാവകവും കുട്ടിയും നിലത്തുവീണു. വെളുത്തു കൊഴുത്ത ദ്രാവകത്തില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന കുട്ടിയുടെ തല കണ്ണന് കാണാമായിരുന്നു. നിലത്തുവീണതും കുട്ടി തല ഉയര്‍ത്താന്‍ ശ്രമിക്കുന്നത് അവന്‍ കണ്ടു. ഫുട്‌ബോള്‍ ഗ്രൗണ്ടിലെ റെഫറിയെപ്പോലെ കുട്ടിയെ നന്നായി കാണാന്‍ അപ്പുറവും ഇപ്പുറവും തിടുക്കത്തില്‍ മാറിക്കൊണ്ട് കണ്ണന്‍ അടുത്തുതന്നെ നിന്നു.
ഉണങ്ങിയ വയ്‌ക്കോല്‍ കൊണ്ടുവന്ന് നിലത്ത് വിരിച്ച്, അച്ഛന്‍ കുട്ടിയെ അതിലേക്ക് എടുത്തു കിടത്തി, കുട്ടിയുടെ ദേഹത്തുനിന്ന് കൊഴുത്ത ദ്രാവകം വൈക്കോല്‍കൊണ്ട് തുടച്ചു മാറ്റി.
”പശുക്കുട്ടിയാ..” തുടച്ചുക്കൊണ്ട് അച്ഛന്‍ പറഞ്ഞു. കറുമ്പിയുടെ കുട്ടി പശുക്കുട്ടി ആവണമെന്നാണ് അച്ഛനും അമ്മയും ആഗ്രഹിച്ചതെന്ന് അച്ഛന്‍ സന്തോഷത്തോടെ പറഞ്ഞപ്പോള്‍ കണ്ണന് മനസ്സിലായി.
കറുമ്പിയുടെ കുട്ടിയെ അവന്‍ സൂക്ഷിച്ചുനോക്കി. രാമട്ടന്റെ വീട്ടിലെ കാളയുടെ അതേ നിറത്തിലുള്ള ചുവപ്പും വെളുപ്പും ചേര്‍ന്ന ചുമല നിറമുള്ള തടിച്ചുകൊഴുത്ത കുട്ടിയെ അവന്‍ നോക്കിനിന്നു. കറുമ്പിയെ ചവിട്ടിക്കാന്‍ രാമട്ടന്റെ വീട്ടില്‍ കൊണ്ടുപോയതിനു ശേഷം പാടത്തുപൂട്ടുന്ന രാമട്ടന്റെ കാളയെ കണ്ണന്‍ ശ്രദ്ധിച്ചിരുന്നു.
കുട്ടിയെ അച്ഛന്‍ തൊട്ടപ്പോള്‍ കറുമ്പി അത് ഇഷ്ടപ്പെടാത്ത ഭാവത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടിരുന്നു. പശുക്കുട്ടിയുടെ കയ്യിലെയും കാലിലേയും കൊഴുത്ത ദ്രാവകം തുണികൊണ്ട് തുടച്ചുമാറ്റിയശേഷം കുട്ടിയെ കറുമ്പിയുടെ അടുത്തേക്ക് നീക്കി കിടത്താന്‍ താങ്ങി യെടുത്തപ്പോള്‍ കറുമ്പി അച്ഛനെ കുത്തുമോ എന്നു കണ്ണന്‍ ഭയന്നു. പശുക്കുട്ടിയുടെ ദേഹമാസകലം കറുമ്പി നക്കാന്‍ തുടങ്ങിയപ്പോള്‍ പശുക്കുട്ടിക്ക് വേദനിക്കില്ലേ എന്നാണ് കണ്ണന്‍ ഭയന്നത്. അല്പസമയം കറുമ്പി നക്കിയ പ്പോഴേക്കും പശുക്കുട്ടി വിറച്ചു കൊണ്ട് തല ഉയര്‍ത്തി എഴുന്നേല്‍ ക്കാന്‍ ശ്രമിക്കുന്നത് കണ്ണന്‍ കൗതുകത്തോടെ നോക്കിനിന്നു.
(തുടരും)