മൃത്യു ദണ്ഡമേന്തി വിശ്വമാകെ സംഹാര താണ്ഡവമാടിക്കൊണ്ട് കോവിഡ് എന്ന മഹാമാരി വിതക്കുന്ന ദുരിതങ്ങള്‍ക്കു നടുവിലൂടെയാണ് മനുഷ്യരാശി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലോകമാകമാനവും, ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള രാഷ്ട്രം എന്ന നിലയില്‍ ഭാരതം വിശേഷിച്ചും ഈ മൃത്യുതരംഗത്തെ അതിജീവിക്കാനുള്ള കഠിന യത്‌നത്തില്‍ ആണ്. ഒരു ജനസഞ്ചയം തന്നെ മരണ വക്ത്രത്തിലേക്കു ആട്ടി തെളിക്കപ്പെടുന്നുണ്ട് എങ്കിലും പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍ ഭാരതത്തില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഭാരതത്തിലെ ജനതക്ക് മാത്രമല്ല ലോക ജനതക്കും ആശാകിരണമായി ഭാരതം വാക്സിന്‍ ഉത്പാദനം തുടങ്ങി. അശരണരും നിരാലംബരുമായ നിരവധി രാഷ്ട്രങ്ങളിലേക്കു മൃതസഞ്ജീവനിയുമായി ഭാരതത്തിന്റെ വ്യോമയാനങ്ങള്‍ പറന്നുയരുന്ന കാഴ്ചയും നാം കണ്ടു. ബ്രസീലിയന്‍ പ്രധാനമന്ത്രി മൃതസഞ്ജീവനിയുമായി പറന്നു വരുന്ന ഹനുമാന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് ഭാരതത്തെ ആദരിച്ചത്. മഹാമാരിയുടെ ആരംഭത്തില്‍ പി.പി കിറ്റുകള്‍ക്കു പോലും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്ന ഭാരതം ഈ പകര്‍ച്ച വ്യാധിക്കെതിരെയുള്ള യുദ്ധത്തില്‍ നേതൃത്വവും കൊടുക്കുന്ന രാഷ്ട്രം എന്ന നിലയിലേക്ക് മാറി. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഉരുവായ ഹിന്ദു സാമ്രാജ്യമെന്ന ചൈതന്യവത്തായ സങ്കല്പത്തിന്റെ പ്രസ്ഫുരണങ്ങള്‍ ഒളി വിതറി തുടങ്ങിയിരിക്കുന്നു. ചാരം മൂടി കിടന്ന കനലില്‍ നിന്നും ആത്മവിശ്വാസത്തിന്റെ… ആത്മ നിര്‍ഭരതയുടെ… സ്വാവലംബത്തിന്റെ ഈ ചരിത്ര സന്ധിയില്‍, ശതാബ്ദങ്ങള്‍ക്കു മുന്‍പ് ഭാരതത്തെ വിശ്വഗുരുവാക്കി മാറ്റിയെടുത്ത പരാക്രമശാലിയായ ഛത്രപതി ശിവാജിയെ കുറിച്ചും അദ്ദേഹം കെട്ടിപ്പടുത്ത ഹിന്ദു സാമ്രാജ്യത്തെ കുറിച്ചും സ്മരിക്കുന്നത് ഓരോ ഭാരതീയനും ആത്മോത്കര്‍ഷദായകമാണ്.
ഇന്നേക്ക്, കൃത്യമായി പറഞ്ഞാല്‍ 347 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1674 എ.ഡി – ശാലി വാഹന ശകം 1596 – വിക്രമ സംവത്സരം 1731 റായിഗഡ് എന്ന മഹാരാഷ്ട്രിയന്‍ പ്രവിശ്യയില്‍ വച്ചായിരുന്നു ശിവാജി മഹാരാജാവിന്റെ കിരീട ധാരണം. ഭാരതമെന്ന ആര്‍ഷ ഭൂവിന്റെ മഹാ പ്രയാണത്തിന്റെ നാള്‍ വഴികള്‍ തേടുന്നവര്‍ക്ക്, ഇനിയും ആ രാഷ്ട്ര മുത്തശ്ശിയുടെ ഉത്തരോത്തരമുള്ള പുരോഗതി ആഗ്രഹിക്കുന്നവര്‍ക്ക് ഉത്സാഹദായകമാണ് ഈ ദിനം. സഹസ്രാബ്ധങ്ങളായി ശകന്മാരുടെയും ഹൂണന്മാരുടെയും കുശാനന്മാരുടെയും പിന്നീട് അറബികളുടെയും മുഗളരുടെയും അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഭാരതത്തിലെ ജനസമൂഹം ശിവാജി മഹാരാജാവിന്റെ കീഴില്‍ സ്ഥാപിതമായ ഹിന്ദു സാമ്രാജ്യത്തില്‍ അണിനിരന്ന പുഷ്‌കല കാലം!
തന്റെ ബാല്യം മുഴുവന്‍ ഗ്രാമവാസികളായ മറാത്താ ബാലന്മാരും ഒത്തു മഹാരാഷ്ട്രയിലെ ഭൂവിഭാഗങ്ങള്‍ മുഴുവന്‍ അദ്ദേഹം ഹൃദിസ്ഥമാക്കി. ആയോധന കലയിലും യുദ്ധതന്ത്രത്തിലും യുവാക്കളെ നിപുണന്മാരാക്കിയ യൗവ്വനം. ആയിരത്താണ്ടുകളായി അടിമത്തത്തില്‍ ആണ്ടുപോയ ഒരു ജനതയെ ആര്‍ജ്ജവത്തിന്റെയും സ്വാഭിമാനത്തിന്റെയും ഗിരി ശൃംഗങ്ങള്‍ ഏറാന്‍ അദ്ദേഹം പ്രാപ്തമാക്കി. മുഗളര്‍ തകര്‍ത്ത ക്ഷേത്രങ്ങളുടെയും ഹിന്ദു ബിംബങ്ങളുടെയും ശവപ്പറമ്പില്‍ നിന്ന് കൊണ്ട് ആ മഹാത്മാവ് എടുത്ത പ്രതിജ്ഞ സാര്‍ത്ഥകമായ ദിവസം. അതാണ് ശിവാജിയുടെ കിരീട ധാരണ ദിനം. ഹിന്ദു സാമ്രാജ്യ ദിനം!
മുഗളരുടെ ഹാലിളക്കത്തില്‍ അയോധ്യയും മഥുരയും കാശിയും തകര്‍ന്നടിഞ്ഞപ്പോള്‍ ദക്ഷിണ ഭാരതത്തിലും ഇസ്ലാമിക ഭരണത്തിന്റെ കൊടി പാറി കഴിഞ്ഞിരുന്നു. ഗോല്‍കൊണ്ട, ബീജാപ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലൊക്കെ ഇസ്ലാമിക ഭരണം നിലവില്‍ വന്നു. കൂടാതെ കുശാഗ്ര ബുദ്ധിക്കാരും യുദ്ധ നിപുണരും ആയ ഇംഗ്ലീഷുകാരും ഭാരതത്തിലേക്ക് രംഗപ്രവേശം നടത്തിക്കഴിഞ്ഞിരുന്നു. ശിവജിയുടെ പിതാവായ ഷഹാജി പോലും ബീജാപ്പൂര്‍ സുല്‍ത്താന്റെ സേനാനായകനായിരുന്നു. രാജസ്ഥാനിലെ വീരയോദ്ധാക്കളും മറ്റു ഹിന്ദു രാജാക്കന്മാരും ആവട്ടെ ‘മതേതരത്വത്തിന്റെ’ ആന്ധ്യം കുടിച്ചു ആലസ്യത്തിലും. ഇവരോടൊക്കെ രാഷ്ട്രത്തിനു വേണ്ടി ഒരുമിക്കാന്‍ പലവട്ടം ശിവാജി ആഹ്വനം ചെയ്തു. പക്ഷെ സുല്‍ത്താനേറ്റുകള്‍ക്കു ഭീഷണിയായ ഒരു രാജ്യദ്രോഹിയായിട്ടാണ് നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തെ അവര്‍ കണ്ടത്.
സന്യാസിയായിരുന്ന സമര്‍ത്ഥ രാംദാസിന്റെ അനുഗ്രഹാശിസ്സുകളോടെ ശിവാജി ചരിത്രം രചിക്കുന്ന കാഴ്ചയാണ് പിന്നീട് ഭാരതം കണ്ടത്. സംഘടന ആണ് ഹിന്ദു സാമ്രാജ്യത്തിന്റെ ശക്തി എന്ന് തിരിച്ചറിഞ്ഞ ശിവാജി തന്റെ സൈന്യത്തെ പോലെ തന്നെ സുസംഘടിതമായ ഒരു ജനതയെ സൃഷ്ടിക്കുന്നതിലും ബദ്ധശ്രദ്ധനായി. ശിവാജിയുടെ പരാക്രമവും സമര്‍ത്ഥ രാംദാസിന്റെ ആധ്യാത്മിക ചൈതന്യവും ഹിന്ദു സാമ്രാജ്യമെന്ന വിശാല ലക്ഷ്യത്തെ സാര്‍ത്ഥകമാക്കി.
പുതിയ കാലത്തിനനുസൃതമായി സൈന്യത്തെ പുനഃസംഘടിപ്പിച്ചും പുതിയ യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും മറ്റും ഡക്കാനിലെ രാജാക്കന്മാരെയും മുഗളരെയും ഒരുപോലെ പ്രതിരോധത്തിലാക്കി അവരുടെ കോട്ടകള്‍ പിടിച്ചെടുത്തു, അഫ്‌സല്‍ ഖാന്‍, ഷെയിസ്റ്റ ഖാന്‍ തുടങ്ങിയ ക്രൂരന്മാരായ സേനാനായകരെ പരാജയപ്പെടുത്തി. ഔറംഗസേബിന്റെ രാജധാനിയില്‍ ചതിയില്‍ അകപ്പെട്ടു എങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. അങ്ങനെയങ്ങനെ നഷ്ടപ്പെട്ട ഹിന്ദുവിന്റെ ക്ഷാത്രവീര്യം പതിയെ പതിയെ തിരിച്ചു വന്നു തുടങ്ങി. സുശക്തമായ ഒരു നാവിക സേന സംഘടിപ്പിക്കപ്പെട്ടത് ഹിന്ദു സാമ്രാജ്യ നിര്‍മാണത്തിന്റെ ഗതിവേഗം വര്‍ധിപ്പിച്ച മറ്റൊരു നടപടി ആയിരുന്നു. ധാര്‍മിക മേഖലയിലും ശിവാജി ശക്തമായ ഇടപെടലുകള്‍ നടത്തി. തന്റെ സുഹൃത്തുക്കളായ ബാലാജി നിംബാല്‍ക്കര്‍, നേതാജി പാലകര്‍ എന്നിവരെ ഹിന്ദു ധര്‍മ്മത്തിലേക്കു പരാവര്‍ത്തനം ചെയ്തത് വഴി മതം മാറിയവര്‍ക്കു തിരികെ ഹിന്ദുധര്‍മ്മത്തിലേക്കു പ്രവേശനം ഇല്ല എന്ന പരമ്പരാഗതമായ കീഴ്‌വഴക്കങ്ങള്‍ അട്ടിമറിക്കപ്പെട്ടു. വീണ്ടും ഹൈന്ദവ ധര്‍മം അതിന്റെ വസന്ത കാലത്തിലേക്ക് തിരിച്ചു നടന്നു തുടങ്ങി.
ഹിന്ദു സാമ്രാജ്യത്തിന്റെ അതിരുകളും അടരുകളും മുഗളരില്‍ നിന്ന് ഓരോന്നായി തിരിച്ചു പിടിക്കുമ്പോഴും പരാജിതരോടും വനിതകളോടും ഇതര മതസ്ഥരോടും ആദരവോടും അനുകമ്പയോടും കൂടിയായിരുന്നു ശിവാജിയുടെ സമീപനം. അതായിരുന്നു ഭാരതീയമായ സാമ്രാജ്യ സങ്കല്പം. ഭാരതത്തെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളില്‍ പോലും വര്‍ത്തമാനകാല പരിതഃസ്ഥിതികളില്‍ നാം ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കിയത് വാര്‍ത്തയായിരുന്നല്ലോ. നമ്മുടെ ആവശ്യത്തിന് ശേഷം മാത്രമേ മറ്റു രാജ്യങ്ങള്‍ക്കു വാക്സിന്‍ നല്‍കാവൂ എന്ന് വിശ്വ മാനവികതയുടെയും സാര്‍വ്വ ദേശീയതയുടെയും വക്താക്കളില്‍ നിന്ന് മുറവിളി ഉയര്‍ന്നപ്പോഴും, നമ്മില്‍ ഉറഞ്ഞു കിടന്ന പ്രാക്തനമായ ഭാരതീയ സാമ്രാജ്യ സങ്കല്പമാണ് നമ്മെ ഇതിനു പ്രേരിപ്പിച്ചത്. Imperialism എന്നറിയപ്പെടുന്ന പാശ്ചാത്യ സാമ്രാജ്യ സങ്കല്പമെവിടെ; ഭാരതീയമായ ഹിന്ദു സാമ്രാജ്യ സങ്കല്പമെവിടെ!
ആഭ്യന്തരവും ബാഹ്യവുമായ ശത്രുക്കളോടും പ്രതിസന്ധികളോടും പോരാടുന്നതിനൊപ്പം തന്നെ ശിവാജി രാഷ്ട്രത്തിന്റെ അഭിവൃദ്ധിയിലും ബദ്ധശ്രദ്ധനായിരുന്നു. ‘അഷ്ട പ്രധാനന്മാര്‍’ എന്ന പേരില്‍ സുശക്തമായ ഒരു രാഷ്ട്ര കാര്യ സമിതി ശിവാജിക്ക് ഉണ്ടായിരുന്നു. അവരുടെ സഹായത്തോടെ അദ്ദേഹം ക്ഷേമരാഷ്ട്രം കെട്ടിപ്പടുത്തു.
ലോകത്തിനു മുഴുവന്‍ മാര്‍ഗദര്‍ശകമായി മുന്നേറുന്ന ഭാരതത്തിന്റെ ശ്രേയസ്സിനെ ഇകഴ്ത്തി കാണിക്കാന്‍ ഇന്ന് കമ്മ്യൂണിസ്റ്റ് – ജിഹാദി കൂട്ടുകെട്ടുകള്‍ മുഗള സമാനമായ കുശലതയോടെ രംഗത്തുണ്ട്. മാരീചനെ പോലെ വേഷപ്രച്ഛന്നരായ അവര്‍ ജനസമൂഹത്തിനിടയില്‍ സൈ്വര്യ വിഹാരം നടത്തുന്നുമുണ്ട്. മഹത്തായ ഈ ഭാരത ഭൂമിയെ തകര്‍ക്കാന്‍ ആയുധ ശേഷി കൊണ്ടും അംഗ വര്‍ദ്ധനവ് കൊണ്ടും സാധ്യമല്ലെന്നു മനസ്സിലാക്കിയ അവര്‍ വിഘടനവാദം തിരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് വിഷയത്തില്‍ ആയിഷ സുല്‍ത്താനാ എന്ന ചലച്ചിത്ര പ്രവര്‍ത്തക നടത്തിയ പരാമര്‍ശം തന്നെ നോക്കൂ. ഭാരതം ലക്ഷദ്വീപില്‍ കോവിഡ് ജൈവായുധം (Bio Weapon) ആയി ഉപയോഗിച്ചുവത്രേ. ലോകത്തെ മുഴുവന്‍ സംരക്ഷിക്കാന്‍ എല്ലായിടത്തേക്കും വാക്സിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിച്ചു നല്‍കി ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചു പറ്റിയ നമ്മെ കുറിച്ചാണ് ഇത് പറഞ്ഞതെന്ന് ഓര്‍ക്കണം. ലക്ഷദ്വീപ് ഒരു സ്വതന്ത്ര രാജ്യമാണെന്നും ഭാരതം ഒരു അധീശ ശക്തിയാണെന്നും ഉള്ള ഒരു ധ്വനി ആ പരാമര്‍ശത്തില്‍ ഒളിച്ചു കടത്തുന്നുണ്ട് എന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്.
നിയമസഭയില്‍ ഇക്കൂട്ടരുടെ വിതണ്ഡ വാദങ്ങള്‍ക്ക് അനുകൂലമായി ഭരണഘടനാവിരുദ്ധമായ പ്രമേയം അവതരിപ്പിച്ചതിലൂടെ കേരള സര്‍ക്കാരും രാഷ്ട്ര വിരുദ്ധരുടെ ചട്ടുകമായി കഴിഞ്ഞിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പോലും ഇടപെടുകയും; ‘ഇത് കേരളമാണ്’ തുടങ്ങിയ പരസ്യ വാചകങ്ങളിലൂടെ കേരളം ഭാരതത്തില്‍ നിന്ന് വ്യതിരിക്തമായ ഒരു ഭൂവിഭാഗമാണെന്ന പ്രത്യക്ഷവും പരോക്ഷവുമായ സന്ദേശങ്ങള്‍ സമൂഹത്തിനു കൊടുക്കുകയും ചെയ്യുന്നത് ഇന്ന് കേരളത്തിന്റെ ഒരു ശീലമായി മാറി കഴിഞ്ഞിരിക്കുന്നു. ഇന്ന് കേരളത്തിലെ ഇടതു വലതു പക്ഷങ്ങളുടെ അജണ്ടയും ആശയവും രൂപപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടികളെക്കാള്‍ ഉപരി മൗദൂദിയന്‍ പ്രത്യയ ശാസ്ത്രവും ജമാഅത്തെ ഇസ്ലാമിയും ആണ്. ഷഹീന്‍ബാഗ് സമരത്തില്‍ ആവട്ടെ, കര്‍ഷക സമരം എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട കലാപത്തില്‍ ആവട്ടെ, പൗരത്വ നിയമത്തിനെതിരെയുണ്ടായ അക്രമങ്ങളില്‍ ആവട്ടെ ഈ ഇടതു-വലതു പാര്‍ട്ടികളുടെ രൂപാന്തരീകരണം(Metamorphosis) നാം കണ്ടു.
മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കറ കളഞ്ഞ ജിഹാദികളായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്‌ലിയാരെയും മറ്റും വെള്ള പൂശി സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അന്നത്തെ ഭീകരമായ മുദ്രാവാക്യങ്ങള്‍ വീണ്ടും വര്‍ധിത വീര്യത്തോടെ മുഴങ്ങി തുടങ്ങിയിരിക്കുന്നു. ഹിന്ദു കുടുംബങ്ങളില്‍ നിന്ന് വളര്‍ന്നു വരുന്ന പ്രതിഭകളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടും അവരെ ചാവേറുകളായി ഉപയോഗിച്ചുകൊണ്ടും ആണ് ജിഹാദികളും രാഷ്ട്ര വിരുദ്ധരും അവരുടെ മുദ്രാവാക്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും സ്വീകാര്യത നേടിയെടുക്കുന്നത് എന്നതും ഇത്തരുണത്തില്‍ പ്രസക്തമാണ്.
കേവലം രാഷ്ട്രീയ രംഗത്ത് അധികാരങ്ങളോ സ്ഥാനങ്ങളോ കരസ്ഥമാക്കിയത് കൊണ്ട് ഇത്തരത്തിലുള്ള ഭീഷണികളെ നമുക്ക് അതിജീവിക്കാനാവില്ല. അതിനു അടിത്തട്ട് മുതല്‍ സുശക്തമായ ദേശീയ ബോധമുള്ള ഒരു ജനതയുടെ അനുസ്യൂതമായ ഒരു നിര്‍മാണ പ്രക്രിയയാണ് നമുക്കാവശ്യം. അതുതന്നെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം കഴിഞ്ഞ 95 വര്‍ഷത്തില്‍ അധികമായി ചെയ്തു കൊണ്ടിരിക്കുന്നതും. മറ്റെന്തിനേക്കാളും പ്രാധാന്യത്തോടെ ഈ രാഷ്ട്ര നിര്‍മാണത്തിന്റെ നൈരന്തര്യം കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. ഛത്രപതി ശിവാജിയുടെ ഹിന്ദു സാമ്രാജ്യ സങ്കല്പം അതിനു നമുക്ക് കരുത്തേകട്ടെ!