Monday, June 23, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

അക്ഷര ജ്യോതിസ്സിന്റെ ഇരുപത്തിയാറാം അനുസ്മരണം വര്‍ഷം

എം. ജോണ്‍സണ്‍ റോച്ച്

Jun 22, 2021, 05:03 pm IST

‘വായിച്ചു വളരുക’ എന്ന മുദ്രാവാക്യം മലയാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തി വായനയുടെ വിപ്ലവം സൃഷ്ടിച്ച പുതുവായില്‍ നാരായണപണിക്കര്‍, ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാര്‍ച്ച് 1-ന് ജനിച്ചു. ചങ്ങനാശ്ശേരി ഹൈസ്‌കൂളില്‍ നിന്ന് പത്താംതരം ജയിച്ചു. ചേട്ടന്‍ കേശവപ്പണിക്കര്‍ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന് കുറച്ചുകാലത്തേക്ക് അവധി വേണ്ടിവന്നു. ആ ഒഴിവില്‍ പകരക്കാരനായി പി.എന്‍.പണിക്കര്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു.

നീലംപേരൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറ, നാട്ടുകാരില്‍ ചില പ്രമുഖരുടെ വിശ്രമസങ്കേതമായിരുന്നു. പി.എന്‍. പണിക്കര്‍ അവരുടെ ഇടയിലേക്ക് കടന്നുചെന്നു സൗഹൃദം സ്ഥാപിച്ചു. അവരില്‍ പത്രപാരായണത്തില്‍ താത്പര്യം ജനിപ്പിച്ചു. അവര്‍ക്ക് പത്രം വായിച്ചുകൊടുത്തു. ക്ഷേത്രമതില്‍ കെട്ടിടത്തിനടുത്ത് ദേവസ്വം നല്‍കിയ സ്ഥലത്ത് ‘സനാതനധര്‍മം വായനശാല’ തുടങ്ങി. വായനശാലയ്ക്ക് ഒരു പത്രം വാങ്ങാന്‍ പോലും നിവര്‍ത്തിയില്ലാത്തവസ്ഥ. പി.എന്‍. പണിക്കര്‍ മാമ്മന്‍ മാപ്പിളയെ ചെന്നു കണ്ട് സൗജന്യമായി മനോരമ സംഘടിപ്പിച്ചെടുത്തു. ഓലപ്പുരയില്‍ തുടങ്ങിയ ആ വായനശാലയ്ക്ക് സ്വന്തം കെട്ടിടമുണ്ടായി. ഗ്രന്ഥശാലമന്ദിരനിര്‍മ്മാണ പുരോഗതിയുടെ വിവിധ ഘട്ടങ്ങളില്‍ പണിക്കര്‍ക്ക് അനുഭവിക്കേണ്ടവന്ന യാതനകള്‍ കുറച്ചൊന്നുമായിരുന്നില്ല. ഗ്രന്ഥശാലയ്ക്കായി വിദ്യാഭ്യാസവകുപ്പില്‍ നിന്ന് പത്തുരൂപ ഗ്രാന്റായി അനുവദിച്ചു വാങ്ങുകയും ചെയ്തു.

നീലംപേരൂര്‍ മിഡില്‍ സ്‌കൂളിലെ മാതൃക അധ്യാപകനെന്ന നിലയിലും സാമൂഹിക സാംസ്‌കാരികരംഗങ്ങളിലെ സജീവ പ്രവര്‍ത്തകനെന്ന നിലയിലും പി.എന്‍. പണിക്കര്‍ നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രമായി. സ്‌കൂള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.ടി. ഇടിയ്ക്കുളയ്ക്ക് പണിക്കരുടെ അധ്യാപന ചാതുര്യത്തില്‍ മതിപ്പ് തോന്നി. അദ്ദേഹം അത് മുകള്‍ തട്ടുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായി. പകരക്കാരില്‍ കൂടുതല്‍ സര്‍വീസുള്ളവരെ സ്ഥിരാധ്യാപകരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെ മൂന്നുവര്‍ഷത്തെ സര്‍വീസുള്ള പി.എന്‍. പണിക്കര്‍ക്ക് സ്ഥിരനിയമം ലഭിച്ചു. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സ്‌നേഹബഹുമാനങ്ങള്‍ ആര്‍ജിക്കാന്‍ പണിക്കര്‍ക്ക് കഴിഞ്ഞു.

അമ്പലപ്പുഴ ആമയിടമാളേക്കല്‍ പറമ്പില്‍ ചെമ്പകകുട്ടിയെ സഹധര്‍മ്മിണിയായി സ്വീകരിച്ചു. ഭാര്യാഗൃഹത്തില്‍ കുടുംബനാഥനായി മറ്റാരുമില്ലാത്തതിനാല്‍ ആ കുടുംബത്തിന്റെ സംരക്ഷണ ചുമതല അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നു. അതോടെ അമ്പലപ്പുഴ സ്‌കൂളിലേക്ക് സ്ഥലം മാറ്റം വാങ്ങി താമസം അങ്ങോട്ടേയ്ക്ക് മാറ്റി. അവിടെയൊരു ഗ്രന്ഥശാല സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. നാട്ടുകാരുമായുള്ള ചര്‍ച്ചയില്‍ അമ്പലപ്പുഴയുടെ സാംസ്‌കാരിക പാരമ്പര്യം അവരെ ഓര്‍മ്മിപ്പിച്ചു. അങ്ങനെ അവരില്‍ ഗ്രന്ഥശാലയുടെ ആവശ്യകത ഉയര്‍ത്തിയെടുത്തു. വായനശാല തുടങ്ങുന്നതു ആലോചിക്കാനായി പൊതുയോഗം വിളിച്ചുകൂട്ടി. അമ്പലപ്പുഴക്കാരനായ ഹൈക്കോടതി ജഡ്ജി പി.കെ. നാരായണപിള്ള പ്രസിദ്ധനായ ഒരു സാഹിത്യ നിരൂപകനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ പി.കെ.വിലാസം വായനശാല തുടങ്ങാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പി.കെ.മാധവകുറുപ്പും സെക്രട്ടറി പി.എന്‍. പണിക്കരും. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ ഓലമേഞ്ഞ ഒരു ഷെഡ് ഒരു രൂപയ്ക്ക് വാടകയ്‌ക്കെടുത്തു പ്രവര്‍ത്തനം ആരംഭിച്ചു.

പത്രം വരുത്താനും മറ്റ് ചിലവുകള്‍ക്കും പണിക്കര്‍ പലരേയും കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. വീടുകള്‍ തോറും കയറിയിറങ്ങി പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചുമതലയും പണിക്കര്‍ ഏറ്റെടുത്തു. കുടുംബവായന എന്ന ആശയത്തിന് തുടക്കമിട്ടു. പി.കെ. അന്തരിച്ചപ്പോള്‍ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാല എന്ന് ഭേദഗതി വരുത്തി. ഗ്രന്ഥശാലയ്ക്ക് ഒരു ആസ്ഥാന മന്ദിരം വേണമെന്ന ആശയത്തില്‍ പണിക്കര്‍ എത്തി. കുഞ്ഞന്‍കുറുപ്പ് അമ്പലപ്പുഴയുടെ പടിഞ്ഞാറേ നടയിലുള്ള അദ്ദേഹത്തിന്റെ കടയുടെ ഒരു ഭാഗം പൊളിച്ച് ഒരു സെന്റ് സ്ഥലം വിട്ടുകൊടുത്തു. തൊട്ടടുത്ത സ്ഥലയുടമ പനച്ചിക്കാട് കേശവകുറുപ്പില്‍ നിന്നുകൂടി ഒരു സെന്റ് സ്ഥലം കൂടി സംഘടിപ്പിച്ചു. അങ്ങനെ രണ്ട് സെന്റ് സ്ഥലത്ത് വായനശാല മന്ദിരം നിര്‍മ്മാണത്തിനുള്ള ശ്രമം ആരംഭിച്ചു. ഗ്രന്ഥശാലയുടെ ധനശേഖരണാര്‍ത്ഥം പുസ്തകശേഖരണത്തിനുമായി നിരവധി പേരെ സമീപിച്ചു. അത്യാവശ്യം മേശകളും കസേരകളും സംഭാവനയായി സ്വീകരിച്ചു.

കന്യാകുമാരി മുതല്‍ വടക്കന്‍ പരവൂര്‍ വരെയുള്ള തിരുവിതാംകൂര്‍ രാജ്യത്ത് പല ഭാഗങ്ങളിലായി ഒട്ടേറെ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നതായി പി.എന്‍.പണിക്കര്‍ കണ്ടെത്തി. അതിനൊരു ഏകോപിത സ്വഭാവം ആവശ്യമാണെന്ന് അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം തിരുവിതാംകൂറിലെ എല്ലാ ഗ്രന്ഥശാലകളുടെയും കൂട്ടായ്മയ്ക്കായി ഒരു യോഗം വിളിച്ചു കൂട്ടി. യോഗത്തില്‍ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഈ ഗ്രന്ഥശാലകളെ ഒറ്റചരടില്‍ കോര്‍ത്തിണക്കാനായി ‘അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘം’ രൂപീകരിക്കാന്‍ തീരുമാനിച്ചു. ആസ്ഥാനം തല്ക്കാലം അമ്പലപ്പുഴയായി നിശ്ചയിച്ചു. മന്ദീഭവിച്ചവയും നിന്നുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കാനും, പുതിയ വായനശാലകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. അമ്പലപ്പുഴയില്‍ അഖിലതിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘത്തിന്റെ ആദ്യ സമ്മേളനം 1946 സെപ്റ്റംബര്‍ 16-ന് സര്‍ സി.പി. ഉദ്ഘാടനം ചെയ്തു.

മലബാര്‍ ഭാഗത്ത് കേളപ്പജി പ്രസിഡന്റായും കെ. ദാമോദരന്‍ ജനറല്‍ സെക്രട്ടറിയുമായി മലബാര്‍ ഗ്രന്ഥശാല സംഘം പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഈ സംഘത്തിനായി ലൈബ്രറി നിയമവും ഉണ്ടായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായതോടെ രണ്ടു ലൈബ്രറി പ്രസ്ഥാനങ്ങളെയും സംയോജിപ്പിക്കാന്‍ ഒരു കമ്മിറ്റി ഉണ്ടാക്കി. രണ്ടു ഗ്രന്ഥശാല പ്രസ്ഥാനങ്ങളെയും ഒന്നാക്കി ‘കേരള ഗ്രന്ധശാല സംഘ’മായി വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി ഉത്തരവിറക്കി. കേരളഗ്രന്ഥശാലാ സംഘം മലബാറില്‍ ശക്തിപ്പെടുത്താനായി പി.എന്‍ പണിക്കരെയും ഗുപ്തന്‍ നായരെയും ചുമതലപ്പെടുത്തി. പി.എന്‍ പണിക്കരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഗ്രന്ഥശാല പ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

അദ്ദേഹം കേരളത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ച് പ്രവര്‍ത്തകരെകണ്ട് പുതിയ ഗ്രന്ഥശാലകള്‍ തുടങ്ങുകയും മന്ദീഭവിച്ചവയും നിന്നുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കുകയും ചെയ്തു. അതിനായി കുന്നും മലയും ഒറ്റയടിപാതകളും അദ്ദേഹം താണ്ടി. കേരളത്തിലെ ഏതു ഓണംകേറാമൂലയും പണിക്കര്‍ക്ക് സുപരിചിതമായിമാറി. സാമൂഹികവും സാംസ്‌കാരികവുമായ വിവിധ രംഗങ്ങളിലേയ്ക്ക് ഗ്രന്ഥശാലകളെ ഉയര്‍ത്താന്‍ അഹോരാത്രം പണിയെടുത്തു. അതിന്റെ ഫലമായി പ്രവര്‍ത്തനത്തിന്റെ ഒരു കാലഘട്ടമായപ്പോള്‍ നാലായിരം ഗ്രന്ഥശാലകളുമായി ഗ്രന്ഥശാല സംഘം ഉയര്‍ന്നു. ലക്ഷക്കണക്കിനു പ്രവര്‍ത്തകരുമായി ഗ്രന്ഥശാലാ സംഘം വികസനത്തിന്റെ പടവുകള്‍ കയറി. നാട്ടിലെ സാമൂഹിക സാംസ്‌കാരിക കേന്ദ്രങ്ങളായി ഗ്രന്ഥശാലകള്‍ മാറി. 1971 കാലഘട്ടമായപ്പോഴേയ്ക്കും കേരളത്തിലെമ്പാടും ശക്തിയാര്‍ജ്ജിച്ചു വളര്‍ന്നു. ‘ഗ്രന്ഥാലോകം’ മാസിക തുടങ്ങി. സംഘത്തിന്റെ പുരോഗതിയ്ക്കായി ജനറല്‍ സെക്രട്ടറി വഹിച്ച നിസ്തുല സേവനത്തെ പരിഗണിച്ച് സര്‍ക്കാര്‍ ഒരു സ്‌റ്റേറ്റ്കാര്‍ നല്‍കി പി.എന്‍ പണിക്കരെ ആദരിച്ചു. 1975 ല്‍ യൂനസ്‌കോയുടെ ‘ക്രൂപ്‌സായ’ അവാര്‍ഡ് കേരളഗ്രന്ഥശാല സംഘത്തിനെത്തേടിയെത്തി .

പഴയ പരുക്കന്‍ തൂവെള്ള ഖദര്‍ വസ്ത്രവും, ഒരു ഡയറിയുമായി ദിനംപ്രതി പ്രവര്‍ത്തനനിരതനാകും. ഗ്രന്ഥശാല സന്ദര്‍ശനങ്ങളും, ചര്‍ച്ചകളും സംവാദങ്ങളുമായി ഒരു ദിവസം അവസാനിക്കും. രാത്രി പതിനൊന്നോ പന്ത്രണ്ടോ മണി കഴിയുമ്പോഴേയ്ക്കും, അപ്പോള്‍ എത്തുന്ന സ്ഥലം എവിടെയായാലും അവിടെ വിശ്രമിക്കും. ചിലപ്പോള്‍ ഉറക്കം വണ്ടിയിലുമാകും. ഈ ത്യാഗപൂര്‍വ്വമായ ജീവിതമാണ് മലയാളികളുടെ ബോധമണ്ഡലത്തെ മാറ്റി മറിച്ചത്. ഡി.സി കിഴക്കേമുറി പണിക്കരെക്കുറിച്ച് ഇങ്ങനെയാണ് എഴുതിയത്. ”കേരളഗ്രന്ഥശാല സംഘം എന്ന മഹാപ്രസ്ഥാനത്തിന് ചുക്കാന്‍ പിടിച്ചത് അഞ്ചടികഴിഞ്ഞ് മുന്നോ നാലോ ഇഞ്ച് പൊക്കവും അമ്പതു കിലോഗ്രാമില്‍ താഴെ ഭാരവുമുള്ള ഒരു കൊച്ചു മനുഷ്യന്‍ പി.എന്‍. പണിക്കരാണ്. ആകാശം മുട്ടെ ഉയര്‍ന്ന് വലിയ മനുഷ്യനായി, കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യരില്‍ ഒരുവനായി മാറി.” ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ യെന്ന ഗുരുവചനത്തിനുശേഷം കേരളീയരെ പിടിച്ചുകുലുക്കിയ മുദ്രാവാക്യമായിരുന്നു പി.എന്‍ പണിക്കരുടെ ‘വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക’ യെന്ന മുദ്രാവാക്യം. ഗ്രാമീണ സര്‍വ്വകലാശാലകളാണ് വായനശാലകളെന്ന് അദ്ദേഹം ഉദ്ബാധിപ്പിച്ചു. ഗ്രാമന്തരങ്ങളില്‍ പര്യടനം നടത്തി ജനങ്ങളെ തിരിച്ചറിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു. ‘സാസ്‌കാരിക പുരോഗതി കൈവരിക്കാതെ സാമൂഹിക പുരോഗതി സാധ്യമല്ലെന്ന്’

1970 ഗ്രന്ഥശാലസംഘത്തിന്റെ രജതജൂബിലി വര്‍ഷമായിരുന്നു. സംഘം പ്രസിഡന്റ് പി.ടി. ഭാസ്‌കരപ്പണിക്കരും പി.എന്‍ പണിക്കരും ഒത്തുചേര്‍ന്ന രജതജയന്തിയുടെ ഭാഗമായി സാംസ്‌കാരിക ജാഥ സംഘടിപ്പിച്ചു. ‘വായിച്ചുവളരുക ചിന്തിച്ചു വിവേകം നേടുക’ എന്നീ സന്ദേശങ്ങല്‍ പ്രചരിപ്പിച്ചുകൊണ്ട് ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നീങ്ങിയ ആ യാത്ര കേരള ജനതയ്ക്ക് ആവേശമായി. എല്ലായിടങ്ങളിലും ജാഥയ്ക്ക് സ്വീകരണം ലഭിച്ചു. കേരളം കണ്ട ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായി അത് മാറി. പി.എന്‍ പണിക്കര്‍ മുഴുവന്‍ സമയവും ജാഥയുടെ കൂടെ ഉണ്ടായിരുന്നു. എല്ലാ സ്വീകരണ യോഗങ്ങളിലും അദ്ദേഹം സംസാരിച്ചു. കേരളത്തിന്റെ സാസ്‌കാരിക പിതാവെന്നാണ് പി. എന്‍ പണിക്കരെക്കുറിച്ച് തകഴി പറഞ്ഞത്. കേരളഗ്രന്ഥശാല -സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പ്രണേതാവും പരിപോഷകനുമായിരുന്നു അദ്ദേഹം. കര്‍മശേഷിയുടെ അക്ഷയ പാത്രമായിരുന്നു. കേരളത്തിന്റെ പൊതുവികസന മുന്നേറ്റത്തിനു അടിത്തറപാകിയത് ഗ്രന്ഥശാല പ്രസ്ഥാനങ്ങളിലൂടെ കേരളജനതയുടെ ബോധമണ്ഡലത്തിലുണ്ടായ മാറ്റമാണ്.

ഗ്രന്ഥശാല സംഘത്തിനു കീഴില്‍ വയേജന വിദ്യാഭ്യാസയഞ്ജത്തിനു രൂപം കൊടുത്തു അതിയന്നൂര്‍ ബ്ലോക്കിലും മലപ്പുറം ബ്ലോക്കിലും രണ്ടു പൈലറ്റ് പ്രോജക്ടുകള്‍ ആരംഭിച്ചു. ‘മീന്‍ പിടിക്കും നാട്ടാരെ വായന നിങ്ങള്‍ക്കറിയേണ്ടേ? തൂമ്പയേന്തും കര്‍ഷകരേ, എഴുതാന്‍ പഠിക്കേണ്ടേ? സാക്ഷരപദ്ധതി കേന്ദ്രത്തില്‍ അക്ഷരവിദ്യ പഠിച്ചോളൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷകരെയും കൂലിപ്പണിക്കാരെയും മത്സ്യത്തൊഴിലാളികളെയും സാക്ഷരതാ കേന്ദ്രങ്ങളിലേയ്ക്ക് ആകര്‍ഷിച്ചു. അഞ്ഞൂറോളം ലൈബ്രറികളില്‍ സാക്ഷരതാ കോഴ്‌സുകള്‍ ആരംഭിച്ചു. അതിലൂടെ ഒരു ലക്ഷം നിരക്ഷരരെ സാക്ഷരതരാക്കി. പ്രത്യുന്മുഖ സാക്ഷരതാ പദ്ധതിക്ക് രൂപം കൊടുത്തു. ഇവര്‍ക്കായി പ്രത്യേക കൈപുസ്തകങ്ങള്‍ തയ്യാറാക്കി. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ ഗ്രന്ഥശാല സംഘത്തിന്റെ സാക്ഷരതാ പ്രവര്‍ത്തനങ്ങളാണ് അടിസ്ഥാന ഘടകമായത്. കേരളത്തെ സാക്ഷരതയിലേയ്ക്ക് നയിച്ചവരില്‍ പി.എന്‍ പണിക്കരുടെയും പി.ടി. ഭാസ്‌കരപണിക്കരുടെയും നേതൃത്വം നിസ്തൂലമാണ്.

ഇന്ന് പി.എസ്.സി പ്രവര്‍ത്തിക്കുന്ന തുളസി ഹില്ലിലാണ് ഗ്രന്ഥശാല സംഘത്തിന്റെ ആസ്ഥാനമാക്കി തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചുതുടങ്ങിയത്. തുടര്‍ന്ന് കണ്‍ട്രോള്‍മെന്റ് ഹൗസിലെ ഔട്ട് ഹൗസിലും സംസ്‌കൃത കോളേജ് വളപ്പിലുമായി സംഘത്തിന്റെ പ്രവര്‍ത്തനം. പിന്നീട് പബ്‌ളിക്ക് ലൈബ്രറി വളപ്പില്‍ പത്തുസെന്റ് സ്ഥലം സംഘത്തിനു അനുവദിച്ചിടത്തേയ്ക്ക് സംഘം പ്രവര്‍ത്തനം മാറി.1945 മുതല്‍ 1977 വരെ 32 വര്‍ഷക്കാലം കര്‍മ നിപുണതയോടെ ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായിരുന്നു. ഈ കാലയളവിലെല്ലാം ജനാധിപത്യപരമായി തെരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറിയായിരുന്നു പി.എന്‍ പണിക്കര്‍. പി.എന്‍ പണിക്കരുടെ കൂടെ ഗ്രന്ഥശാല സംഘത്തിന്റെ പ്രസിഡന്റായി സാരഥ്യം വഹിച്ചത് ഒമ്പതു പ്രമുഖരാണ് ഇതില്‍ മുഖ്യമന്ത്രിമാരും ഉള്‍പ്പെടുന്നു. പ്രസിഡന്റുമാരില്‍ തായാട്ടശങ്കരനുമായി അഭിപ്രായവ്യത്യാസം ഉണ്ടായി. അനന്തരസംഭവങ്ങള്‍ ഗ്രന്ഥശാല സംഘത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. അതിനെതുടര്‍ന്ന് 1977 മാര്‍ച്ച് 16-നു ഒരു ഓര്‍ഡിനല്‍സിലൂടെ ഗ്രന്ഥശാല സംഘത്തിനെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഭരണം ഒരുകണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലായി. ആദ്യ കണ്‍ട്രോള്‍ ബോര്‍ഡില്‍ പണിക്കാരെ ഉള്‍പ്പെടുത്തിയിരുന്നു. തായാട്ടു ശങ്കരന്റെയും കൂട്ടരുടെയും രാഷ്ട്രീയ സ്വാധീനത്തില്‍ കണ്‍ട്രോള്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍ പി.എന്‍ പണിക്കരെ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ദേഹം വിതുമ്പുന്ന ഹൃദയത്തോടെ ഗ്രന്ഥശാല സംഘത്തില്‍ നിന്നും വിടപറഞ്ഞു. പിന്നീടാണ് ഇന്നത്തെ രൂപത്തിലുള്ള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നത്.

ഗ്രന്ഥശാല സംഘം വിട്ട പി.എന്‍. പണിക്കര്‍ കേരള അനൗപചാരിക വിദ്യാഭ്യാസ വികസനസസമിതിയ്ക്ക് (Non- Formal Education and Developement) രൂപം കൊടുത്തു. 1977 ജൂണ്‍ 30ന് കേരളാ അനൗപചാരിക വിദ്യാഭ്യാസ വികസനസമിതി രജിസ്റ്റര്‍ ചെയ്തു. കാന്‍ഫെഡിന്റെ ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. പി.എന്‍ പണിക്കരുടെ വാടക വീടായ ജഗതിയിലെ ഈശ്വരവിലാസം റോഡിലായിരുന്നു. വിശദമായ സാക്ഷരതാ സര്‍വ്വേ നടത്തി. ”എഴുത്തു പഠിച്ച് കരുത്തരാവുക” എന്ന മുദ്രാവാക്യം കാന്‍ഫെഡ് മുന്നോട്ടുവെച്ചു. നിരക്ഷരരെ സാക്ഷരരാക്കുന്നതിനുള്ള തീവ്രയത്‌ന പരിപാടികള്‍ക്ക് രൂപം കൊടുത്തു. സാക്ഷരതയും വികസനവുമായിരുന്നു കാന്‍ഫെഡിന്റെ കര്‍മ്മപരിപാടി. കാന്‍ഫെഡ് ന്യൂസ്‌യെന്ന ദ്വൈവാരികയും അനൗപചാരിക വിദ്യാഭ്യാസമെന്ന വാരികയും തുടങ്ങി. പി.ടി. ഭാസ്‌ക്കരപണിക്കര്‍, കെ. ശിവദാസന്‍ പിള്ള, എന്‍.വി. കൃഷ്ണവാര്യര്‍, ശൂരനാട്ട് കുഞ്ഞുന്‍പിള്ള മുതലായവര്‍ കാന്‍ഫെഡിന്റെ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍നിന്നു.
കേന്ദ്രസര്‍ക്കാരിന്റെ സാക്ഷരതായജ്ഞ പരിപാടി കാന്‍ഫെഡിനെ ഏല്പിച്ചു. സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കേരളത്തിലെ ചുമതലയും പി.എന്‍. പണിക്കരെ കേന്ദ്രസര്‍ക്കാര്‍ ഏല്പിച്ചു. അങ്ങനെ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ഡയറക്ടറായി പി.എന്‍.പണിക്കര്‍ ചുമതലയേറ്റു. കാന്‍ഫെഡിന്റെ ഉപശാഖകളായി ജനവിദ്യകേന്ദ്രങ്ങള്‍, സാക്ഷരതാ സംഘടനകള്‍, വികസനവേദി, വനിതാവേദി, യൂത്ത് ബ്രിഗേഡ്, ലഹരി വിരുദ്ധസമിതി, പരിസരസംരക്ഷണവേദി, ജനകീയനീതി പ്രസ്ഥാനം, രക്തദാനസമിതി, ആരോഗ്യപരിപാലനം, ഉപഭോക്തൃസമിതി മുതലായ കാന്‍ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിപ്പിച്ചു.

1995 ജൂണ്‍ 13-ന് കാന്‍ഫെഡിന്റെ ആഫീസില്‍ വെച്ച് പി.എന്‍. പണിക്കര്‍ക്ക് നെഞ്ചുവേദനയുണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. സാമൂഹിക സാംസ്‌കാരിക നവോത്ഥാനം കൈവരിക്കുന്നതിന് വേണ്ടിയുള്ള തീവ്രയത്‌നത്തില്‍ മുഴുകിയിരുന്ന പി.എന്‍. പണിക്കരുടെ ജീവിതത്തിന് 1995 ജൂണ്‍ 19 വൈകുന്നേരം 7.30 ന് തിരശ്ശീല വീണു. പിറ്റെന്ന് സര്‍ക്കാരിനെ എല്ലാവിധ ബഹുമതികളോടെയും മൃതശരീരം കാന്‍ഫെഡ് ആഫീസിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിലും ഗ്രന്ഥശാല സംഘത്തിലും അയ്യന്‍കാളി ഹാളിലും (വി.ജെ.റ്റി) പൊതുദര്‍ശനത്തിനു വെച്ചു. വൈകുന്നേരം മൃതദേഹം തൈക്കാട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. പി.എന്‍. പണിക്കര്‍ക്ക് എട്ടുമക്കളാണ് ഉള്ളത്. അതില്‍ ഇളയ മകള്‍ ഗീതാകുമാരി ഏഴാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ മരണപ്പെട്ടു. 1991 ജൂലൈ മാസത്തില്‍ ഭാര്യ ചെമ്പകക്കുട്ടിയുടെ മരണം പി.എന്‍.പണിക്കരെ തളര്‍ത്തി കളഞ്ഞിരുന്നു.

സുകുമാര്‍ അഴിക്കോട് മാസ്റ്റര്‍ വൈ.എം.സി.എ. ഹാളില്‍ നടന്ന അനുസ്മരണത്തില്‍ ഇങ്ങനെ പറഞ്ഞു. ”വായിച്ചു വളരുക” എന്ന സന്ദേശത്തിലുടെ കേരളീയ സംസ്‌കാരത്തിനും ദിശാബോധം നല്കിയ ഒരു ഗ്രാമീണനായിരുന്നു പി.എന്‍.പണിക്കര്‍. നവകേരള ശില്പികളായ ശ്രീശങ്കരന്‍ മുതല്‍ പത്തുപേരെ എടുത്താല്‍ അതില്‍ പി.എന്‍.പണിക്കര്‍ ഉണ്ടാകും. ഈ വാക്കുകള്‍ക്കും അപ്പുറം പണിക്കര്‍ എത്തിയിരിക്കുന്നു. ദേശീയതലത്തില്‍ മൂന്ന് കേരളീയരെയാണ് അംഗീകരിച്ചിരിക്കുന്നു, ശ്രീ. ശങ്കരന്‍, ശ്രീ നാരായണഗുരു, പി.എന്‍.പണിക്കര്‍. പണിക്കരുടെ ജന്മദിനമായ ജൂണ്‍ 19-ാം തിയതി ദേശീയ വായനാ ദിനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പോസ്റ്റല്‍ സ്റ്റാമ്പും ഇറക്കി. പണിക്കരുടെ ജന്മദിനമായ 2018 ജൂണ്‍ 19-ാം തീയതി ഭാരത് വിജ്ഞാനഭവനില്‍ നടന്ന ചടങ്ങില്‍ 1200 കോടിയുടെ ഡിജിറ്റല്‍ ലിറ്ററസി മിഷന്‍ പദ്ധതി ആ പ്രൗഢമായ സദസ്സില്‍ വെച്ച് മാനവവിഭവശേഷി വകുപ്പ് മന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുണ്ടായി. ഇന്ത്യയിലെ മുഴുവന്‍ സ്‌കൂളുകളിലും വായനദിനമായി ആചരിക്കുന്നു. കേരളത്തില്‍ പി.എന്‍ പണിക്കരുടെ ജന്മദിനം വായനാവാരമായാണ് ആചരിക്കുന്നത്.

പി.എന്‍ പണിക്കരുടെ വേര്‍പാടിനുശേഷം യശശ്ശരീരനായ ജസ്റ്റിസ് കൃഷ്ണയ്യര്‍ ചെയര്‍മാനായി പി. എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു. പി.എന്‍.പണിക്കരുടെ ആദരസൂചകമായി അദ്ദേഹത്തിന്റെ ഒന്നാം അനുസ്മരണദിനം വായനാദിനമായി ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 1996 ജൂണ്‍ 19-ാം തീയതി വായനാദിനമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അത് തുടര്‍ന്നുവരുന്നു.
(സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ലേഖകന്‍)

 

 

Share1TweetSendShare

Related Posts

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

ലോക്‌മന്ഥൻ- സംസ്കാരങ്ങളുടെ സംഗമവേദി

ഇരകളോടൊപ്പം വേട്ടക്കാർക്കും  പൗരത്വമോ ?

അനശ്വരനായ നേതാജി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വായനാദിനാചരണം നടത്തി

നൈജീരിയയിലെ ക്രിസ്ത്യൻ കൂട്ടക്കൊല: ജിഹാദി ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പാ

കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന് 

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies