തനിയെ നടക്കാന്‍
അനുവാദമില്ലാതെ
തനിച്ച് ഓട്ടോയില്‍ ഇരിക്കേണ്ടിവന്നപ്പോഴാണ്
തന്റെ കൈപിടിച്ച് പിച്ചവെച്ച
മകനെ ഓര്‍മ്മ വന്നത്.
മണ്ണിലൂടിഴഞ്ഞു മദിക്കുന്ന
ഉറുമ്പിനെ സങ്കല്പിച്ചു
എന്ത് അനുസരണ.
കൃത്യമായ കണക്കുകൂട്ടലില്‍
മുന്നോട്ടു നീങ്ങുന്നു.
കുസൃതിയായ
ഒരു കുഞ്ഞിന്റെ ചൂണ്ടുവിരലാല്‍
അവ വഴിതെറ്റുന്നു.
തകരാറായ മനസ്സിനെ താങ്ങാന്‍
ഒരു പുഞ്ചിരി മതിയായിരുന്നു.
ചീറിപ്പായുന്ന ആംബുലന്‍സിന്റെ
മൂളലിനെ സംഗീതമായി കേള്‍ക്കാമായിരുന്നു.
മാസ്‌ക് വെച്ചിരുന്നതിനാല്‍
കണ്ണുനീര്‍
നിലം തൊട്ടില്ല.
ഊഴം കാത്തുകിടന്ന മനസ്സ്
അപ്പോഴേക്കും ഏകാന്തതയ്ക്ക്
കൈമാറപ്പെട്ടിരുന്നു.
വിളറിയ മുഖങ്ങള്‍,
തുന്നിക്കെട്ടിയ കൈ കാലുകള്‍,
ഞരക്കങ്ങള്‍,
തേങ്ങലുകള്‍,
വാലിട്ടാട്ടി ഒരു നായ,
അതു മാത്രം കാണാനുണ്ട്,
കേള്‍ക്കാനുണ്ട്.
ഇടയ്ക്ക് ഒളിഞ്ഞും പതിഞ്ഞും നോക്കുന്ന രോഗികള്‍,
അവര്‍ക്കൊപ്പം വന്നവര്‍.
അത്രയും അന്തസ്സുള്ള
മറ്റൊരു കാഴ്ച
മുന്‍പ് കാണാത്തപോലെ
മനസ്സ് തുടിച്ചു.
ഒറ്റക്കല്ലല്ലോ എന്ന തോന്നലുണ്ടായി.
ഇപ്പോള്‍ അതും കാണാതായിരിക്കുന്നു.
ഓരോരുത്തരായി
കണ്ടു കണ്ട് ഇറങ്ങുന്നു,
വീണ്ടും ഏകാന്തമാകുന്ന കസേരകള്‍.
ഉറുമ്പുകള്‍ ഒത്തുകൂടുന്നു,
യാത്ര തുടരുന്നു.
പോകെ പോകെ
അതും ഇല്ലാതാകുന്നു.
പരിശോധനാ സമയം അവസാനിച്ചു,
ചീറിപ്പാഞ്ഞ ഒരാമ്പുലന്‍സില്‍
മുഴുവനെ മൂടിയ പുതപ്പിനുള്ളില്‍
ഒരു ശരീരം ഉറങ്ങുന്നു
ആ സംഗീതത്തിന്റെ
ഒച്ച കുറഞ്ഞുവരുന്നു.
എല്ലാം കഴിഞ്ഞു.
എങ്കിലും,
കാലം തുപ്പിയ ജീവിതം.
അതേ കസേരകള്‍.
അതേ ഉറുമ്പിന്‍കൂട്ടം.
പരിശോധന വേളകളില്‍
അവിടെ ബാക്കിയാകുന്നു.