ആമസോണ്‍ കാടുകള്‍ കത്തിയെരിയുമ്പോള്‍ തീ അണയ്ക്കാന്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കേരളത്തില്‍ പ്രകടനം നടത്തിയ ഒരു അന്തര്‍ദേശീയ സംഘടനയുണ്ട്, ഡി വൈ എഫ് ഐ. കാടുകളും മഴക്കാടുകളും പരിസ്ഥിതിയും പ്രകൃതിയുമൊക്കെ സംരക്ഷിക്കാനുള്ള അവരുടെ ത്വര ആരെയും അതിശയിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായിരുന്നു. ഓസോണ്‍ പാളികളില്‍ വീണ സുഷിരത്തോടെ മനുഷ്യരാശിയുടെയും ഭൂമിയുടെയും നിലനില്‍പ്പു തന്നെ അങ്കലാപ്പിലാകുന്ന കാലഘട്ടത്തില്‍ മരം നടാനും പ്രകൃതിയെ രക്ഷിക്കാനും ആഗോളതലത്തില്‍ ഓസോണ്‍ ദിനവും ഭൗമദിനവും ഒക്കെ ആചരിക്കുകയാണ്. ഇതിനിടെ ആമസോണ്‍ കാടുകളില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ അതിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്ന ഡി വൈ എഫ് ഐയുടെ പ്രകൃതിയോടുള്ള ആത്മാര്‍ത്ഥത അസൂയാവഹമായിരുന്നു. ഈ പ്രകടനം നടക്കുന്ന അതേ കാലഘട്ടത്തില്‍ തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ വനംകൊള്ളയ്ക്ക് കളമൊരുക്കിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഏതാനും മാസങ്ങള്‍ കൊണ്ട് സംഘടിപ്പിച്ച് ക്ഷിപ്രവേഗത്തില്‍ നടപ്പാക്കിയ മരംകൊള്ള 100 കോടിയിലേറെ രൂപയുടേതാണ്. സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വവും ഭരണനേതൃത്വവും അറിയാതെ ഇങ്ങനെയൊരു സംഭവം നടക്കില്ലെന്നുറപ്പാണ്. കാരണം, അത്രത്തോളം കൃത്യമായ, പിഴവില്ലാത്ത ആസൂത്രണമാണ് വനംകൊള്ളയില്‍ ഉണ്ടായത്.
മരം ഒരു വരമാണ് എന്നുപറഞ്ഞ് സംസ്ഥാനത്ത് മുഴുവന്‍ മരം വെയ്ക്കാന്‍ പ്രേരിപ്പിച്ച മന്ത്രിമാരും രാഷ്ട്രീയക്കാരും വനംകള്ളന്മാരും ചേര്‍ന്ന് ഈ കൊള്ള നടത്തിയത് സത്യസന്ധരായ ഉദ്യോഗസ്ഥരെ മുഴുവന്‍ നോക്കുകുത്തിയാക്കിക്കൊണ്ടാണ്. തടയാന്‍ ശ്രമിച്ചവരെ മുഴുവന്‍ പലരീതിയില്‍ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ഉപദ്രവിച്ചും ഇടതുമുന്നണി നിശ്ശബ്ദരാക്കി. അന്നത്തെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും വനംമന്ത്രി കെ. രാജുവും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നത് വ്യക്തമാണ്. അതേസമയം, രണ്ട് സി പി ഐ മന്ത്രിമാര്‍ മാത്രം ചേര്‍ന്നാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി കോടിക്കണക്കിന് രൂപയുടെ മരം വെട്ടിമാറ്റി ഒരു നടപടിയുമില്ലാതെ പോകാന്‍ കഴിയില്ല. ഇവിടെയാണ് ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭയില്‍ പി. ടി. തോമസ് ചൂണ്ടിക്കാട്ടിയതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് സംശയാസ്പദമാകുന്നത്. സി പി എമ്മിന്റെ സംഘടനാ സംവിധാനവും ഭരണതലത്തിലെ ഇടപെടലുകളും കൂട്ടിവായിക്കുമ്പോള്‍ മന്ത്രിസഭാ തീരുമാനമോ മുഖ്യമന്ത്രിയുടെ തീരുമാനമോ ഇല്ലാതെ ഇപ്പോഴത്തെ മരംമുറിയ്ക്ക് ആസ്പദമായ ഉത്തരവുകള്‍ പുറത്തിറങ്ങില്ല. 2020 ഒക്‌ടോബര്‍ 24 നാണ് മരംകൊള്ളയ്ക്ക് വഴിവെച്ച വിവാദ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. ഇതേ ഉത്തരവിന് അടിസ്ഥാനമായ മാര്‍ച്ച് 11 ലെ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ശുപാര്‍ശ തള്ളിക്കൊണ്ടായിരുന്നു ഇത്. മാര്‍ച്ച് 11 ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ (യു 3-187-2019-റവന്യൂ) പട്ടയഭൂമിയില്‍ നിലനിര്‍ത്തിയ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം ഉടമയ്ക്കാണെന്നും അവ മുറിക്കാമെന്നുമാണ് സര്‍ക്കുലര്‍ പറഞ്ഞത്. നേരത്തെ ഏതാണ്ട് ഇരുപത്തിയൊന്‍പതോളം മരങ്ങളാണ് സംരക്ഷിത പട്ടികയില്‍ ഉണ്ടായിരുന്നത്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും ബിനോയ് വിശ്വം വനം മന്ത്രിയുമായിരുന്നപ്പോള്‍ ഈ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന മരങ്ങളുടെ എണ്ണം കുറച്ചു. പിന്നീട് കാലാകാലങ്ങളില്‍ വന്ന ഓരോ സര്‍ക്കാരും കീശയുടെ വലിപ്പം കൂട്ടിയതനുസരിച്ച് മരങ്ങളുടെ എണ്ണം കുറഞ്ഞു. അവസാനം ചന്ദനം മാത്രമായി. ചില പരിസ്ഥിതി സംഘടനകള്‍ ഇതിനെതിരെ കേസിനു പോയി. ഒക്‌ടോബര്‍ 24 ലെ സര്‍ക്കുലര്‍ അതേപടി നടപ്പാക്കിയാല്‍ വനമേഖലയിലെ മരങ്ങള്‍ പോലും പൂര്‍ണ്ണമായും മുറിച്ചു കടത്തപ്പെടുമെന്ന് പല കളക്ടര്‍മാരും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടുകളുടെ മേല്‍ താരതമ്യേന അഴിമതിക്കേസുകള്‍ ഇല്ലാതിരുന്ന ഇ ചന്ദ്രശേഖരന്‍ പോലും നടപടിയെടുക്കുന്നതില്‍ വൈകിച്ചു.
തുടര്‍ന്ന് വിവാദസര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ അണ്ടര്‍സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തി. റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി ഈ ശുപാര്‍ശ പരിഗണിക്കാതെ മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. എന്നാല്‍ മരം മുറിയ്ക്കാന്‍ അനുവദിച്ച് ഉത്തരവിടാനാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. മരംവെട്ടിന് എതിരെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടി നേരിടേണ്ടി വരും എന്ന ഭീഷണി കൂടി ഉള്‍പ്പെടുത്തിയാണ് ഒക്‌ടോബര്‍ 24 ന് 261/2020 റവന്യൂ എന്ന ഉത്തരവ് പുറത്തിറങ്ങിയത്. ഇതിന്റെ മറ പറ്റിയാണ് കാസര്‍ഗോഡ് മുതല്‍ പത്തനംതിട്ട വരെ മിക്ക ജില്ലകളിലുമായി വന്‍തോതില്‍ ഈട്ടിയും തേക്കും അടക്കം മരങ്ങള്‍ വെട്ടിമാറ്റിയത്. വയനാട് ജില്ലയിലെ മുട്ടില്‍ വനത്തില്‍ നിന്നു മാത്രം കോടികളുടെ മരമാണ് മുറിച്ചത്. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയില്‍ നിന്ന് മാങ്കോഫോണ്‍ ഉടമകളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് 15 കോടിയിലധികം രൂപയുടെ ഈട്ടിമരം മുറിച്ച് കടത്തുകയായിരുന്നു. സൂര്യ ടിമ്പേഴ്‌സ് എന്ന പേരില്‍ തട്ടിക്കൂട്ട് സ്ഥാപനം ഉണ്ടാക്കി അതിന്റെ മറവിലായിരുന്നു വനം കൊള്ള. ഇതോടൊപ്പം വനവാസികളുടെ ഭൂമിയില്‍ നിന്നും സര്‍ക്കാരിന്റെ അനുമതിയുണ്ട് എന്ന പേരില്‍ മരം മുറിച്ചു. മരം മുഴുവന്‍ പെരുമ്പാവൂരിലെ ഒരു തടിമില്ലിലാണ് എത്തിച്ചത്.
വന്‍തോതില്‍ വനംകൊള്ള നടത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സമീറിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരിലെ തടിമില്ലില്‍ നിന്ന് മരങ്ങള്‍ കണ്ടെടുത്തു. കേസ് ഒഴിവാക്കാനും വകുപ്പുകള്‍ മാറ്റിയെഴുതാനും സമീറിന്റെ മേല്‍ അതിശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരിയുടമകള്‍ കൂടിയായ ആന്റോയും റോജിയും ചാനലിലെ ഉന്നതരെയും അവരുടെ രാഷ്ട്രീയബന്ധവും ഇതിനായി ഉപയോഗപ്പെടുത്തി. സമീര്‍ ഒരു രീതിയിലും വഴങ്ങില്ല എന്നുവന്നപ്പോള്‍ 2021 ഫെബ്രുവരി 13 ന് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാല്യുവേഷന്‍ വിങ്ങിന്റെ ചുമതല കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ എന്‍ ടി സാജന്‍ എന്ന ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കൈമാറി. നാലുദിവസം കൊണ്ട് സമീറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയും വകുപ്പുകള്‍ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് സാജന്‍ തന്നെ കേസ് അട്ടിമറിക്കുകയായിരുന്നു. സാജന്റെ നിയമനത്തിനു പിന്നില്‍ സുഹൃത്തും ധര്‍മ്മടം സ്വദേശിയുമായ 24X 7 ചാനലിലെ റിപ്പോര്‍ട്ടര്‍ ആയിരുന്നു. നേരത്തെ തന്നെ വിവാദങ്ങളിലും അഴിമതിയാരോപണങ്ങളിലും കുടുങ്ങിയ ഈ റിപ്പോര്‍ട്ടറും റിപ്പോര്‍ട്ടര്‍ ചാനലും ചേര്‍ന്ന് സമീറിന് എതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകളും വാര്‍ത്തകളും സൃഷ്ടിച്ചു. തുടര്‍ന്ന് സമീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ അന്വേഷണം നടത്തി സംസ്ഥാന സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ രണ്ട് ചാനലുകളുടെ ഇടപെടലുകള്‍ സംബന്ധിച്ച് ഡി കെ വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശങ്ങളാണ് ഉള്ളത്.
ഇവിടെയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ അപചയം എന്നോ അല്ലെങ്കില്‍ അധഃപതനം എന്നോ പറയാവുന്ന സംഭവങ്ങള്‍ ചാനലിന്റെ ഡയറക്ടര്‍മാര്‍ക്കു വേണ്ടി ഒരു സ്ഥാപനവും കോഴപ്പണത്തിനു വേണ്ടി മറ്റൊരു സ്ഥാപനവും മാധ്യമപ്രവര്‍ത്തനത്തെ ഈ രീതിയില്‍ അധഃപതിപ്പിക്കുമ്പോള്‍ എന്തു പറയാന്‍! ഇവര്‍ക്കൊപ്പം കൂട്ടു നിന്ന ഐ എഫ് എസ് ഉദ്യോഗസ്ഥന്‍ പ്രതിമാസം രണ്ടുലക്ഷം രൂപയ്ക്കടുത്ത് ശമ്പളം വാങ്ങുന്ന ആളാണ്. മാധ്യമപ്രവര്‍ത്തനം സത്യമാണെന്നും ധര്‍മ്മമാണെന്നും വിശ്വസിക്കുന്ന ഒരു തലമുറയില്‍പ്പെട്ടവര്‍ക്കു മുന്നില്‍ പിച്ചക്കാശിനും എല്ലിന്‍കഷ്ണങ്ങള്‍ക്കും വേണ്ടി പൊതുജനതാല്പര്യം ഇല്ലാതാക്കുന്നവരെ എന്തു ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.
ഇടതുസര്‍ക്കാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇറക്കിയ കള്ളപ്പണം മരം മുറി കള്ളക്കടത്തുവഴി നേടിയതാണെന്ന് ആരോപണമുണ്ട്. ഇത് ഇടതുനേതാക്കള്‍ നിഷേധിച്ചിട്ടില്ല. സി പി ഐയുടെ മന്ത്രിമാര്‍ക്ക് പണ്ട് പാരമ്പര്യം ഉണ്ടായിരുന്നു. അന്തസ്സുണ്ടായിരുന്നു. അവര്‍ അഴിമതിക്കാരായിരുന്നില്ല. ഇന്ന് അങ്ങനെയാണോ? പേര്യയില്‍ നിന്ന് മരം മുറിച്ച കെ.ഇ. ഇസ്മയിലില്‍ തുടങ്ങുന്നു. കെ.രാജുവും ചന്ദ്രശേഖരനും ചേര്‍ന്ന് കേരളത്തെ ഇങ്ങനെ കൊള്ളയടിച്ചതിന് സി പി ഐക്ക് എന്ത് സമാധാനമാണ് പറയാനുള്ളത്? അന്തസ്സുണ്ടെങ്കില്‍ ഈ പാര്‍ട്ടി പിരിച്ചുവിടണം. മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിനുവേണ്ടി ഒറ്റയ്ക്ക് പോരാട്ടം നടത്തിയ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ സംഭാവനകള്‍ തള്ളാനാവില്ല. രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിച്ചത് ബിനോയ് ആയിരുന്നു. അത്തരക്കാര്‍ ഉള്ള പാര്‍ട്ടിയിലാണ് കേരളത്തിലെ വനഭൂമിയില്‍ നിന്ന് കാട്ടുകള്ളന്മാര്‍ ഒന്നുചേര്‍ന്ന് ഈ മരംമുറി നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനം നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രം നടപടിയെടുക്കും. പക്ഷേ, മാധ്യമപ്രവര്‍ത്തനത്തെ വിറ്റു തിന്ന ഈ രണ്ട് അധമന്മാര്‍ക്ക് എതിരെ ആര് നടപടി എടുക്കും?