കുതിച്ചുയരുന്ന ഭാരതത്തിന്റെ അനശ്വര സന്ദേശങ്ങളും പൗരാണിക ജീവിതചര്യകളും ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ഭാരതത്തിന്റെ ജീവിത ദൗത്യം സ്വാനുഭവങ്ങളിലൂടെ തിരിച്ചറിയുകയും ചെയ്യുന്ന സുവര്‍ണ്ണ കാലഘട്ടമാണല്ലോ ഇത്. രാഷ്ട്ര, മത ചിന്തകള്‍ക്ക് അതീതമായി യോഗ നിത്യജീവിതത്തില്‍ സ്ഥാനം പിടിക്കാന്‍, അതില്‍ എല്ലാ ലോകരാഷ്ട്രങ്ങളെയും ഒരേ അഭിപ്രായത്തില്‍ എത്തിക്കാന്‍ സാധിച്ചത് ഭാരതത്തിന്റെ വിജയമായി കാണാന്‍ സാധിക്കും. 2015 മുതല്‍ ജൂണ്‍ 21 ആണ് അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നത്. എന്നാല്‍ കൊറോണ എന്ന മഹാമാരിയുടെ കടന്നുവരവ് 2020 മുതല്‍ യോഗാദിനത്തെ മാത്രമല്ല ലോകത്തെ മുഴുവന്‍ മനുഷ്യരാശിയുടെയും താളവും ശോഭയും കെടുത്തി. ആ നഷ്ടത്തിന്റെ ആഴവും പരപ്പും ലഘൂകരിക്കാന്‍ ലോകത്തില്‍ പ്രചരിപ്പിക്കാവുന്ന ഏറ്റവും കൃത്യമായ പരിപാടിയാണ് യോഗ. ആര്‍ഷ ഭാരതത്തിന്റെ അമൂല്യ സംഭാവനയാണ് യോഗദര്‍ശനം. യോഗ എന്നാല്‍ ചേര്‍ച്ച അല്ലെങ്കില്‍ സംയോഗം – ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ചയാണ്. അത് ഒരു ജീവിതചര്യയാണ്.
യോഗ വിദ്യയും പ്രകൃതി ചികിത്സയും രണ്ടും രണ്ടാണ്. എന്നാല്‍ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ രണ്ടും പരസ്പര പൂരകങ്ങളാണ്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തില്‍ ഫലപ്രദമായി അനുഭവപ്പെടുന്നതാണ്. മനുഷ്യന്റെ ഏറ്റവും വലിയ ധനമാണ് ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകു എന്നാണ് പ്രമാണം. നല്ല വിചാരം, നല്ലവാക്ക്, നല്ല പ്രവൃത്തി, നിഷ്‌കാമ കര്‍മ്മം, സേവന മനോഭാവം ഇവയെല്ലാം ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്നു. നമ്മുടെ ശക്തിയുടെ ഉറവിടം മനസ്സാണ്. മനസ്സില്‍ നിന്നാണ് ശരീരം ശക്തി സംഭരിക്കുന്നത്. മനസ്സ് ബലഹീനമായാല്‍ ശരീരവും ക്ഷീണിക്കും. ഒരു രാഷ്ട്രത്തിന്റെ അഭിവൃദ്ധിയും ഐശ്വര്യവും അവിടത്തെ ഇളംതലമുറകളുടെ ശാരീരികവും മാനസികവും സാന്മാര്‍ഗ്ഗികവുമായ ഉന്നത സംസ്‌കാരത്തെ ആശ്രയിച്ചായിരിക്കും. കൊറോണയെ പോലും ചെറുക്കാന്‍ പര്യാപ്തമായ യോഗമുദ്രകളും യോഗാസനങ്ങളും ഉണ്ട്. പ്രാണായാമത്തിന് ശ്വാസകോശ സംബന്ധമായ ഏത് മഹാമാരിയെയും ചെറുക്കാനുള്ള ശക്തിയുണ്ട്.
യോഗ എന്ന വാക്ക് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നു. ഒരു കാലഘട്ടത്തില്‍ യോഗാഭ്യാസം വനാന്തരങ്ങളിലെ മഹര്‍ഷിമാരുടെയും മുനിമാരുടെയും യോഗിമാരുടെയും ആശ്രമങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. ബി.സി 300 ല്‍ ജീവിച്ചിരുന്ന മഹാപണ്ഡിതനും സംസ്‌കൃത വ്യാകരണത്തിന്റെയും ആയുര്‍വേദത്തിന്റെയും ഉപജ്ഞാതാവുമായ പതഞ്ജലി മഹര്‍ഷിയാണ്. അഭ്യാസമുറകള്‍ സമാഹരിച്ച് പഠിച്ച് ന്യൂനതകള്‍ പരിഹരിച്ച്, ശരീര ശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ യോഗസൂത്രം അഥവാ അഷ്ടാംഗയോഗം എന്ന രാജയോഗഗ്രന്ഥം നിര്‍മ്മിച്ചത്. 2200 വര്‍ഷം കഴിഞ്ഞിട്ടും ആ ഗ്രന്ഥം നാം പിന്‍തുടരുന്നു. 5000 മുതല്‍ 10000 വര്‍ഷത്തെ പഴക്കം യോഗയ്ക്ക് ഉണ്ട്. എന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.
അഷ്ടാംഗയോഗത്തിന് യമം, നിയമം, ആസനം, പ്രാണായാമം / പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ എട്ട് അംഗങ്ങളുണ്ട്. ഇതില്‍ ആദ്യത്തെ 4 ശാരീരികവും മാനസികവുമായ അനുഷ്ഠാനങ്ങളും അഭ്യാസങ്ങളും, തുടര്‍ന്നുള്ള 4 എണ്ണം ആത്മീയമായ സാധനകളുമാണ്. ആദ്യത്തെ നാല് അംഗങ്ങളെ ഹഠയോഗമെന്നും, തുടര്‍ന്നുള്ള 4 അംഗങ്ങളെ രാജയോഗമെന്നും പറയുന്നു. ഏതൊരാള്‍ക്കും യോഗ അഭ്യസിച്ചാല്‍ ഫലം സിദ്ധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. യുവാവ്, വൃദ്ധന്‍, അതി വൃദ്ധന്‍. ദുര്‍ബലന്‍, രോഗി എന്നിവര്‍ക്കും യോഗ അഭ്യസിച്ച് ഫലം നേടാവുന്നതാണ്.
സര്‍വ്വചരാചരങ്ങളും പ്രകൃതിയുടെ തത്ത്വങ്ങള്‍ക്ക് വിധേയമായാണ് ആദികാലം മുതല്‍ ജീവിതം നയിച്ചിരുന്നത്. ജീവിതയാത്രയില്‍ സദാ ശ്രദ്ധയും ഉണര്‍വും ഉണ്ടാകണം. ഘട്ടം ഘട്ടമായി മനുഷ്യന്‍ മരണത്തെ വരിക്കുന്നു. സാധാരണയായി രോഗത്തോട് അടുക്കുമ്പോള്‍ മാത്രം ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നു – മരണത്തോട് അടുക്കുമ്പോള്‍ ജീവിതത്തെപ്പറ്റിയും ചിന്തിക്കുന്നു – പ്രകൃതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിധേയമായി നാം ജീവിക്കുന്നില്ല. നമ്മുടെ ആഹാരരീതി, സ്വഭാവ ദൂഷ്യങ്ങള്‍, ആഡംബരജീവിത രീതി എന്നിവ ഈ ഒരു അവസ്ഥയ്ക്ക് കാരണമാകുന്നു.
”യത് ഭാവം തത് ഭവതി”- യാതൊന്നാണോ നമ്മുടെ മനസ്സിലെ ഭാവന, സങ്കല്പം, വിചാരം, ആഗ്രഹം അതനുസരിച്ചായിരിക്കും നമ്മുടെ അനുഭവങ്ങളും സംഭവങ്ങളും. അതുകൊണ്ട് നമ്മുടെ മനസ്സില്‍ യാതൊരു അശുഭ ചിന്തകള്‍ക്കും ഇടം കൊടുക്കാതിരിക്കുക. വിജയത്തെപ്പറ്റി ചിന്തിക്കുക. എങ്കില്‍ മാത്രമെ വിജയം കൈവരിക്കൂ. സ്വാമി വിവേകാനന്ദന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന ഒരു ഉപദേശം ഉണ്ട് “”Those who really wants to succeed, Take up one idea, make that idea your life, think of it, dream of it, live on that idea. Let the brain, muscles, nerves every part of your body, be full of that idea and just leave every idea alone”. This is the way to success.18 jun
യോഗയുടെ ആത്യന്തികമായ ലക്ഷ്യം ആത്മസാക്ഷാത്കാരം ആണ്. അതായതു ഒരാള്‍ ഈശ്വരനോളം വലുതാവുക തന്നെ താന്‍ അറിയുക എന്നതാണ്.
ഈ വര്‍ഷത്തെയും അന്താരാഷ്ട്ര യോഗാദിനാചരണം ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് മാത്രമേ ചെയ്യാന്‍ സാധിക്കൂ. കാരണം കൊറോണ എന്ന മഹാമാരിയുടെ രണ്ടാംവരവ് ലോകം മുഴുവന്‍ പടര്‍ന്ന് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ നാം പൊതുസ്ഥലങ്ങളില്‍ സാമൂഹികമായി നടത്തിയിരുന്ന യോഗാദിനം കഴിഞ്ഞ വര്‍ഷം മുതല്‍ നമ്മുടെ വീടുകളിലും വീട്ടിലെ അംഗങ്ങളിലും ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്. കൊറോണയെ ചെറുക്കാന്‍ നമ്മുടെ ശരീരത്തെയും മനസ്സിനെയും ആരോഗ്യമുള്ളതാക്കുവാന്‍ നമ്മുടെ ഗൃഹങ്ങളില്‍ത്തന്നെ ഈ വര്‍ഷത്തെ യോഗാദിനാചരണം ആചരിക്കാന്‍ നമുക്ക് സാധിക്കണം.