ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതു തങ്ങളാണെന്നും അതിനുവേണ്ടി ഇടതുസര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചത് തങ്ങളുടെ വോട്ടുകൊണ്ടാണെന്നും എസ്.ഡി.പി.ഐ മുതലായ എല്ലാ ഇസ്ലാമിസ്റ്റുകളും നെഞ്ചുവിരിച്ച് അവകാശമുന്നയിച്ചിട്ടുണ്ട്. സഹായിച്ചവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുന്ന പാര്‍ട്ടിയാണ് സി.പി. എം. പാടത്തു പണിയെടുത്താല്‍ വരമ്പത്ത് കൂലിതരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കെ ബാലകൃഷ്ണന്‍ സഖാവ് മുന്‍കൂട്ടി പറയുകയും ചെയ്തിരുന്നു. ഇസ്ലാമിസ്റ്റുകള്‍ക്ക് പാടത്തെ പണിയ്ക്ക് വരമ്പത്തുതന്നെ കൂലികിട്ടി എന്നാണ് അവരുടെ മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ വിലപിക്കുന്നത്.
പൗരത്വനിയമം അല്ലെങ്കില്‍ സി. എ.എ. കേരളത്തിലും നടപ്പാക്കാനാരംഭിച്ചുകൊണ്ടാണ് വിജയന്‍ സര്‍ക്കാര്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് പണികൊടുത്തത്. അതിന്റെ ആദ്യ നടപടി വിദേശ പൗരന്മാര്‍ക്കുള്ള തടങ്കല്‍ പാളയം പണിയലാണ്. ഇതുസംബന്ധിച്ച് സാമൂഹ്യ സുരക്ഷാ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. തിരുവനന്തപുരത്തും തൃശൂരുമാണ് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍ക്കും (അതായത് നുഴഞ്ഞുകയറ്റക്കാര്‍) പാസ്‌പോര്‍ട്ടു കാലാവധി തീര്‍ന്നശേഷം തങ്ങുന്നവര്‍ക്കും ജയില്‍ശിക്ഷ കഴിഞ്ഞ് സ്വരാജ്യത്തേയ്ക്ക് മടങ്ങാനിരിക്കുന്ന വിദേശികള്‍ക്കുമാണ് ഈ തടങ്കല്‍ പാളയം. സി.എ.എ. നിയമപ്രകാരം മുസ്ലിമല്ലാത്തവര്‍ക്ക് പൗരത്വത്തിന് അപേക്ഷിച്ച് അതുനേടിയെടുക്കാമെന്നതിനാല്‍ തടങ്കല്‍ പാളയം രാജ്യം കുട്ടിച്ചോറാക്കാനെത്തുന്ന വിദേശി ഇസ്ലാമിസ്റ്റുകള്‍ക്കുള്ളതാണ് എന്ന് സാരം. ഇതിന്റെ നടത്തിപ്പ് സന്നദ്ധസംഘടനകളെ ഏല്പിക്കുമെന്നു വിജ്ഞാപനത്തിലുണ്ട്. ഈ നടത്തിപ്പ് സംഘപരിപാര്‍ നിയന്ത്രണത്തിലുള്ള സന്നദ്ധസംഘടനകളെ ഏല്പിക്കുമോ എന്ന ആശങ്ക കാരണം ജാമഅത്തെ ഇസ്ലാമിക്കാരന് (അവരുടെ പത്രത്തിനും) ഉറക്കം കിട്ടുന്നേയില്ല. തടങ്കല്‍ പാളയം കേരളത്തില്‍ നിര്‍മ്മിക്കില്ല, സി.എ.എ. നടപ്പാക്കില്ല എന്നൊക്കെ 2020 ഫെബ്രുവരിയില്‍ നിയമസഭയില്‍ വിജയന്‍ സഖാവ് പ്രഖ്യാപിച്ചതാണല്ലോ എന്ന് വിലപിക്കുകയാണവര്‍. വാരിക്കോരി വോട്ടുകൊടുത്തതല്ലേ, കിട്ടുന്ന സമ്മാനം കൈനിറയെ വാങ്ങിക്കോട്ടെ!