”രാജ്യം സൃഷ്ടിക്കേണ്ടത് കച്ചവടക്കാരും രാഷ്ട്രീയക്കാരുമല്ല. കലാകാരന്മാരും കവികളുമാണ്. ” വിഖ്യാതനായ ഒരു കലാചിന്തകന്റെ വാക്കുകളാണിത്. ആനന്ദ്. കെ കുമാരസ്വാമിയുടെ. തന്റെ ‘Essays in National Idealism’ (1909) എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ കുറിച്ച വാക്കുകള്‍. ആനന്ദ് കെന്റിഷ് മുത്തു കുമാരസ്വാമി. ഭാരതീയ സൗന്ദര്യശാസ്ത്രത്തെയും കലാചരിത്രത്തെയും ലോകത്തിനു മുന്നില്‍ കൃത്യതയോടെ സൂക്ഷ്മവും സമഗ്രവുമായി അവതരിപ്പിച്ച മഹാപണ്ഡിതന്‍.
ശ്രീലങ്കയിലെ കൊളംബോയില്‍ 1877 ആഗസ്റ്റ് 22 ന് ജനിച്ചു. പിതാവ് സിംഹളവംശജനായ സര്‍ മുത്തു കുമാരസ്വാമി. നിയമസഭാസാമാജികനും പണ്ഡിതനും. മാതാവ് ഇംഗ്ലണ്ടിലെ കെന്റില്‍ നിന്നുള്ള എലിസബത്ത് ക്ലെ ബീബെ. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് രണ്ടാം വയസ്സില്‍ അമ്മയോടൊപ്പം ഇംഗ്ലണ്ടിലേക്കു പോയി. വിദ്യാഭ്യാസം അവിടെ. മിനറലോളജിയില്‍ സ്‌പെഷലൈസേഷനോടെ ഡോക്ടറേറ്റ്. 1903 ല്‍ സ്വദേശമായ ശ്രീലങ്കയിലേക്കു മടങ്ങി. മൂന്നു വര്‍ഷം അവിടെ ‘മിനറലോളജിക്കല്‍ സര്‍വേ ഓഫ് സിലോണി’ന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു.
ഫോട്ടോഗ്രാഫറായിരുന്ന ഭാര്യ എഥേല്‍ മേരിയുമായി ചേര്‍ന്ന് ‘മധ്യകാലസിംഹളകല’യെക്കുറിച്ചുള്ള പുസ്തകരചനയിലേര്‍പ്പെട്ടപ്പോഴാണ് തന്റെ വഴി വാണിജ്യതാല്‍പ്പര്യമുള്ള ധാതുപര്യവേക്ഷണമല്ല എന്ന് ആനന്ദ് കുമാരസ്വാമി തിരിച്ചറിഞ്ഞത്. കലയുടെ കഥയും പൊരുളും തേടിയുള്ള അന്വേഷണമായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം.
ഇന്ത്യന്‍ കലാസംസ്‌കാരത്തെ തളര്‍ത്താന്‍ വിദേശികള്‍ എന്തൊക്കെ ചെയ്തു എന്ന് അദ്ദേഹം എണ്ണിപ്പറയുന്നുണ്ട്. കരകൗശലവിദ്യയെ യന്ത്രങ്ങള്‍കൊണ്ട് കീഴ്‌പ്പെടുത്താന്‍ നോക്കി. പാരമ്പര്യവിദ്യാഭ്യാസരീതികള്‍ തകര്‍ത്ത് വ്യക്തികളെ വേര്‍തിരിച്ചുനിര്‍ത്തുന്ന പഠനരീതി നടപ്പിലാക്കി. വെള്ളക്കാരനും അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കും ഇഷ്ടപ്പെട്ടതുമാത്രം കലയായി അംഗീകരിച്ചു. എണ്ണച്ചായങ്ങളും കാന്‍വാസും കൊണ്ടുവന്ന് പ്രകൃതിജന്യ ചായങ്ങളും കൈകൊണ്ട് മെനയുന്ന കടലാസും അപ്രസക്തമാക്കി. ചിത്രത്തേക്കാള്‍ പ്രാധാന്യം ചിത്രകാരന്റെ കൈയൊപ്പിനാണെന്ന പാശ്ചാത്യസങ്കല്‍പ്പം അടിച്ചേല്‍പ്പിച്ചു. ധനികരുടെ വിനോദത്തിനുള്ള ഉപാധിയായി കലയെ വിട്ടുകൊടുത്തു. എന്നിട്ടും നൂറ്റാണ്ടുകളായി അടിയുറച്ചുനില്‍ക്കുന്ന പാരമ്പര്യമാണ് ഈ മണ്ണിന്റെ കലാസംസ്‌കാരം നിലനിര്‍ത്തിയത് എന്നദ്ദേഹം പടിഞ്ഞാറന്‍ അധിനിവേശത്തോട് വിരല്‍ ചൂണ്ടിപ്പറഞ്ഞു.
“The Dance of Siva’ ‘ശിവനടനം’. ഭാരതീയകലാദര്‍ശനത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വിശിഷ്ടമായ കൃതി. The village community and modern progress; What is Civilisation; Spritual Authority and Temporal Power in the Indian Theory of Government; Indian Craftsman; Viswakarma; The Mirror of gesture; Indian music; Rajput Paintings; The door of the sky തുടങ്ങി നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി.
ഇന്ത്യ സ്വതന്ത്രയായാല്‍ ഹിമാലയതാഴ്‌വാരങ്ങളില്‍ ഏകാന്തവാസം അനുഷ്ഠിക്കണമെന്ന് ആനന്ദ് കുമാരസ്വാമി ഏറെ മോഹിച്ചിരുന്നു. വാരാണസിയില്‍ ഒരു ഇന്ത്യന്‍ മ്യൂസിയം സ്ഥാപിക്കണമെന്നും. രണ്ടും നടന്നില്ല. ഇന്ത്യ സ്വതന്ത്രയായി മൂന്നാഴ്ച കഴിഞ്ഞതേയുള്ളൂ 1947 സപ്തംബര്‍ 9 ന് അദ്ദേഹം നിര്യാതനായി.