ഇസ്രായേലിന്റെ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കോണ്‍സല്‍ ജനറല്‍ ജോനാഥന്‍ സാഡ്ക, സൗമ്യ സന്തോഷിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പത്രപ്രവര്‍ത്തകനായ അരുണ്‍ ലക്ഷ്മണിനോട് ഫോണില്‍ നടത്തിയ അഭിമുഖം.
പാലസ്തീന്‍ ഭീകരഗ്രൂപ്പായ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട കേരളീയ വനിത സൗമ്യസന്തോഷിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തുകൊണ്ട് അങ്ങ് എന്ത് സന്ദേശമാണ് അവരുടെ കുടുംബത്തിനും കേരളീയ സമൂഹത്തിനും നല്‍കുന്നത്?
♠ഞാന്‍ സൗമ്യസന്തോഷിന്റെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുത്തത് ഇസ്രായേലിനെ പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു. സൗമ്യയുടെ കുടുംബത്തോടൊപ്പം ഇസ്രായേലി ജനതയും ഭരണകൂടവും പൂര്‍ണ്ണമായും ഉണ്ട് എന്ന് വ്യക്തമാക്കുന്നതിനായിരുന്നു ഞാന്‍ പങ്കെടുത്തത്. അവരുടെ ഒമ്പതു വയസ്സുള്ള മകന്‍ അഡോണിനെ ഞങ്ങളുടെ കുഞ്ഞായാണ് ഞങ്ങള്‍ പരിഗണിക്കുന്നത്.
ഇസ്രായേലിന്റെ മണ്ണില്‍ വെച്ചാണല്ലോ സൗമ്യ കൊല്ലപ്പെട്ടത്. അവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം പ്രതീക്ഷിക്കാമോ.
♠തീര്‍ച്ചയായും. അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം അവരുടെ കുടുംബത്തിന് നല്‍കും. വിദേശ പൗരന്മാര്‍ ഇസ്രായേലിന്റെ മണ്ണില്‍ വച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ ഇരയ്ക്ക് നല്‍കുന്ന നഷ്ടപരിഹാരം തീര്‍ച്ചയായും നല്‍കും. ഹോളോ കോസ്റ്റ് അതിജീവിച്ച 83 കാരിയായ ഇസ്രായേലി പൗരയുടെ പരിചരണമാണ് സൗമ്യ അവിടെ ചെയ്തുകൊണ്ടിരുന്നത്.

ഇപ്പോഴുള്ള ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷം ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന ഒരാരോപണമുണ്ട്. സര്‍ക്കാരിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് എന്നാണ് ആരോപണം. ഈ ആരോപണത്തെ എങ്ങിനെ നോക്കിക്കാണുന്നു.
♠ ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഞാന്‍ ഇതിനെ പൂര്‍ണ്ണമായും നിരസിക്കുന്നു. ഇസ്രായേല്‍ ഒരു ജനാധിപത്യരാജ്യമാണ്. അവിടുത്തെ ജനാധിപത്യം ഊര്‍ജ്ജസ്വലവും സക്രിയവുമാണ്. ഇതും ഹമാസിന്റെ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ല. ഹമാസ് തീവ്രവാദികള്‍ അകാരണമായി ഇസ്രായേല്‍ ജനതയ്ക്കുനേരെ അക്രമമഴിച്ചുവിട്ടു. നിരവധി മിസൈലുകള്‍ സാധാരണക്കാരായ ജനതയ്ക്കു നേരെ തൊടുത്തുവിട്ടു. അതിനെതിരായ തിരിച്ചടിയാണ് നടന്നത്. ഹമാസ് ഭീകരതയെ പിന്തുണയ്ക്കുന്നവര്‍ തൊടുത്തു വിടുന്ന ചില കള്ളപ്രചരണമാണ് അത്. ഇസ്രായേലിനെതിരെയുള്ള ഒരു നീക്കവും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.
ഹമാസിന് ഇറാന്റെ പിന്തുണ കിട്ടുന്നുണ്ടോ?
♠ ഉണ്ട്. എല്ലാ ഹമാസ് – ഹിസ്ബുള്ള ഭീകരപ്രവര്‍ത്തകരേയും ഇറാന്‍ നേരിട്ട് സഹായിക്കാറുണ്ട്. അകാരണമായി മിസൈലുകള്‍ പ്രയോഗിച്ച് ഇസ്രായേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രധാന പിന്തുണക്കാരാണ് ഇറാന്‍. ഗാസയിലെ ഇസ്ലാമിക് ജിഹാദി സംഘടനയായ ഹമാസിനേയും ലെബനനിലെ ഹിസ്ബുള്ളയേയും ഇറാന്‍ നേരിട്ട് പിന്തുണയ്ക്കുന്നു എന്നത് ഒരു സത്യമാണ്. പണവും ആയുധവും നിര്‍ലോഭമായി അവര്‍ നല്‍കുന്നു.
യുഎഇ ഉള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരതക്കെതിരെ പ്രതികരിച്ചിട്ടുണ്ടല്ലോ?
♠ യുഎഇ മഹത്തായ ഒരു രാഷ്ട്രമാണ്, ഭീകരതയെ എതിര്‍ക്കുന്നു. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ അക്രമണത്തെ അവര്‍ അപലപിച്ചു. ഇസ്രായേല്‍ യുഎഇയുമായി നിരവധി അന്താരാഷ്ട്രബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. യുഎഇയുടെ ഈ ഉത്തരവാദപൂര്‍ണ്ണമായ സമീപനത്തെ ഞങ്ങള്‍ വിലമതിക്കുന്നു. ഭീകരതയെ എതിര്‍ക്കുന്നവരെല്ലാം ഇസ്രായേലിനെതിരായ അക്രമണത്തെ അപലപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
കോവിഡ് -19 മഹാമാരിക്കെതിരെ ലോകം മുഴുവന്‍ പോരാടുകയാണ്. ഈ സമയത്ത് ഭാരതത്തെ സഹായിക്കുന്നതില്‍ ഇസ്രായേല്‍ മുന്‍പന്തിയിലായിരുന്നു, അതിനെക്കുറിച്ച് വിശദീകരിക്കാമോ?
♠തീര്‍ച്ചയായും ഭാരതത്തെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളുമായി ഞങ്ങളുടെ മൂന്ന് വിമാനങ്ങള്‍ ഭാരതത്തിലേക്ക് എത്തിയിരുന്നു. ഇതില്‍ മൂന്ന് ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റുകള്‍, ആയിരക്കണക്കിന് ഓക്‌സിജന്‍ ജനറേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതുകൂടാതെ നിരവധി എന്‍ജിഒകളും വ്യാവസായിക ഗ്രൂപ്പുകളും ഇസ്രായേലിലെ ബിസിനസ്സ് സ്ഥാപനങ്ങളും ഭാരതത്തിലെ ജനങ്ങളെ പിന്തുണ അറിയിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ഭാരതത്തിന് നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.