കൊല്ലം: ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകള്‍ ഒഴിച്ചിട്ട് അധ്യയനവര്‍ഷം ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പ്രസ്താവിച്ചു. 2020 ജനുവരി മുതല്‍ പി.എസ്.സി നിയമന ശുപാര്‍ശയും വിദ്യാഭ്യാസ വകുപ്പിന്റെ നിയമന ഉത്തരവും ലഭിച്ച 1632 അദ്ധ്യാപക ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അദ്ധ്യയന വര്‍ഷാരംഭത്തിലും നിയമനം നല്‍കില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
വിദ്യാലയങ്ങള്‍ തുറന്ന് റെഗുലര്‍ ക്ലാസ്സുകള്‍ ആരംഭിച്ചില്ല എന്ന കാരണം പറഞ്ഞാണ് പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നിഷേധിക്കുന്നത്. തസ്തികനിര്‍ണ്ണയം നടത്തിയിട്ടില്ല എന്ന കാരണത്താല്‍ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനങ്ങളും അംഗീകരിച്ചിട്ടില്ല.
ഇതിനുപുറമേ, ഈ വര്‍ഷം വിരമിച്ച അദ്ധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.പതിനായിരത്തോളം അദ്ധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായാണ് പ്രാഥമിക വിവരം.
രണ്ടായിരത്തോളം പ്രഥമാദ്ധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ഈ വര്‍ഷം വിക്ടേഴ്‌സ് ക്ലാസ്സുകള്‍ക്ക് പുറമേ ഓരോ വിദ്യാലയത്തിലെയും അദ്ധ്യാപകര്‍ ഓണ്‍ലൈന്‍ പഠനത്തിന് നേതൃത്വം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പല സ്‌കൂളുകളിലും ഒരദ്ധ്യാപകന്‍ പോലുമില്ലാത്ത സ്ഥിതിയുണ്ട്. ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകള്‍ ഒഴിച്ചിട്ടുകൊണ്ട് ഓണ്‍ലൈന്‍ പഠനം നടത്താന്‍ എന്ത് മാന്ത്രിക വിദ്യയാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് വ്യക്തമാക്കണം പി എസ് ഗോപകുമാര്‍ പ്രസ്താവിച്ചു.