കശ്മീരിന്റെ യഥാര്‍ത്ഥ അവകാശി ഭാരതമോ, പാകിസ്ഥാനോ? അതോ പണ്ട് ഇന്ത്യാ-ചീന യുദ്ധസമയത്ത് നമ്പൂരിപ്പാട് പറഞ്ഞപോലെ ഇന്ത്യ ഇന്ത്യയുടേതെന്നും പാകിസ്ഥാന്‍ പാകിസ്ഥാന്റേതെന്നും കരുതുന്ന ഒരു തുണ്ട് ഭൂമിയാണോ കശ്മീര്‍? കശ്മീരിലെ അസ്വസ്ഥതയുടെ കാരണമെന്താണ്?
1947ല്‍ സ്വതന്ത്ര ഇന്ത്യയും, സ്വയം ഭരണാവകാശമുള്ള പാകിസ്ഥാനും നിലവില്‍ വന്നപ്പോള്‍ ഇരുപക്ഷത്തും ചേരാതെ സ്വതന്ത്രമായ രാജ്യമാകാനാണ് അന്നത്തെ കശ്മീര്‍ മഹാരാജാവും ഹൈന്ദവനുമായ ഹരിസിംഗ് താത്പര്യപ്പെട്ടത്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. തങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കശ്മീര്‍ എന്ന നാട്ടുരാജ്യത്തിന്റെ ദൗര്‍ബല്യം മനസ്സിലാക്കി, ആക്രമണോത്സുകരായ പഷ്ഠൂണ്‍(പഠാന്‍) ഗോത്രവര്‍ഗ്ഗ പടയാളികളെ മുന്നില്‍ നിറുത്തി, പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ യുദ്ധത്തിനു തുടക്കമിട്ടു. പത്ത് ഹിന്ദുസ്ഥാനികള്‍ക്ക് സമം ഒരു പഠാന്‍ എന്ന ലോജിക്കില്‍ വിശ്വസിച്ച് കശ്മീര്‍ എളുപ്പം കൈക്കലാക്കാമെന്ന് കരുതിയ പാകിസ്ഥാനിനായിരുന്നു ആ യുദ്ധത്തില്‍ നഷ്ടം.
1947ലെ ആദ്യത്തെ യുദ്ധത്തില്‍ 6000 പാകിസ്ഥാനികള്‍ കൊല്ലപ്പെട്ടു, 1400 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് 740 കിലോമീറ്റര്‍ നീണ്ട അതിര്‍ത്തിയുണ്ടായി. കശ്മീരിന്റെ മൂന്നില്‍ രണ്ട് ഭാഗം ഇന്ത്യയോടും, മൂന്നില്‍ ഒരു ഭാഗം പാകിസ്ഥാനോടും ലയിച്ചു.ഈ അതിര്‍ത്തിക്ക് 1972 ഷിംലാ കരാറിനു ശേഷം ‘ലൈന്‍ ഓഫ്കണ്ട്രോള്‍’ എന്ന് പുനര്‍നാമവും ചെയ്തു.
1948ല്‍ ആദ്യ കശ്മീര്‍ യുദ്ധം അവസാനിച്ച് കൃത്യം 2 വര്‍ഷത്തിനു ശേഷം അതിവിദഗ്ദ്ധമായ, പഴുതുകളില്ലാത്ത ഒരു ഗറില്ല യുദ്ധത്തിന് പാകിസ്ഥാന്‍ പദ്ധതിയിട്ടു. പേര് – ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍. കശ്മീര്‍ ജനസാമാന്യത്തിനകത്ത് നുഴഞ്ഞുകയറി അവരെ മുന്നില്‍ നിറുത്തി ഇന്ത്യന്‍ ഭരണകൂടത്തിനെതിരേ ശക്തമായ സായുധ കലാപം അഴിച്ചുവിടാനായിരുന്നു പദ്ധതി. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ 15 വര്‍ഷം കൂടി മുന്നോട്ട് നീങ്ങി.
1965-ല്‍ വിദഗ്ദ്ധ പരിശീലനം നേടിയ 4000 പാകിസ്ഥാന്‍ കമാണ്ടോകള്‍ കശ്മീരില്‍ നുഴഞ്ഞു കയറി. എന്നാല്‍ തദ്ദേശീയര്‍ മതവികാരം ഉള്‍ക്കൊണ്ട് നുഴഞ്ഞുകയറ്റക്കാരോടൊപ്പം അണിചേരും എന്നുള്ള പാകിസ്ഥാന്റെ പ്രതീക്ഷ തെറ്റി. രണ്ടാം പ്രാവശ്യവും അവര്‍ പരാജയപ്പെട്ടു! ഭാരതത്തിനകത്തുനിന്നും തങ്ങള്‍ പ്രതീക്ഷിച്ചതുപോലെ യാതൊരു സഹായവും കിട്ടാഞ്ഞതിനാലാണ് പാകിസ്ഥാന്‍ അന്ന് പരാജയപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. പാകിസ്ഥാനില്‍ നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങള്‍ നിരുപാധികം വിട്ടുകൊടുത്തുകൊണ്ട് ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി ഒപ്പിട്ട താഷ്‌ക്കന്റ് കരാറോടെ ആ യുദ്ധം അവസാനിച്ചു.
1965നു ശേഷം ഇരുപക്ഷത്തിന്റെയും നയതന്ത്ര സമീപനങ്ങളില്‍ പ്രകടമായ വ്യതിയാനങ്ങളുണ്ടായി. ചേരിചേരാനയം കാറ്റില്‍ പറത്തിക്കൊണ്ട് ഇന്ത്യ സോവിയറ്റ് യൂണിയനുമായി കൂടുതല്‍ അടുത്തു. പാകിസ്ഥാന്‍ അമേരിക്കയോടും. താഷ്‌ക്കന്റ് കരാര്‍ ഒപ്പിടാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണവും പ്രധാനമന്ത്രി പദത്തിലേറിയ റഷ്യയുടെ പ്രിയങ്കരിയായ ഇന്ദിരാ ഗാന്ധിയുമൊക്കെ ആവണം ഈ അടുപ്പത്തിനു ആക്കം കൂട്ടിയത്.
ക്രമേണ മേഖലയിലെ കരുത്തുറ്റ ശക്തിയായി ഇന്ത്യ വളര്‍ന്നു. 1971ലെ യുദ്ധത്തില്‍ ഇന്ത്യക്കുണ്ടായ ഏകപക്ഷീയമായ വിജയവും, ബംഗ്ലാദേശ് രൂപീകരണവും പാകിസ്ഥാനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. അതേസമയം, കശ്മീരിനുള്ളില്‍ രാഷ്ട്രീയമായ അസ്വസ്ഥതകള്‍ നിലനിന്നിരുന്നുവെങ്കിലും പുറമെ ശാന്തത നിലനിന്നു. അക്രമാസക്തമായ ജനക്കൂട്ടവും പാകിസ്ഥാനി കൊടി ഉയര്‍ത്തലുമൊന്നും അക്കാലത്ത് താഴ്‌വരയില്‍ ഉണ്ടായിരുന്നില്ല.
1971ലെ യുദ്ധപരാജയം കാരണം പാകിസ്ഥാനും എടുത്തുചാടാന്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍ അണിയറയില്‍ ബുദ്ധികേന്ദ്രങ്ങള്‍ സജീവമായിരുന്നു. 1979 ഡിസംബര്‍ 24 ന് സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാന്‍ ആക്രമിച്ചു. അതേ ദിവസമാണ് കശ്മീരില്‍ ജിഹാദിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചത്!
സോവിയറ്റ് ടാങ്കുകള്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ ജനറല്‍ സിയ അമേരിക്കയ്ക്ക് നിരസിക്കാന്‍ കഴിയാത്തൊരു വാഗ്ദാനം കൊടുത്തു. ”പണവും പടക്കോപ്പും തരൂ, അഫ്ഗാനിസ്ഥാന്‍ സോവിയറ്റുകളുടെ ശവപ്പറമ്പാക്കാം”. രണ്ടാമതൊന്ന് ആലോചിക്കാതെ അമേരിക്ക ”ഓപ്പറേഷന്‍ സൈക്ലോണി”ലൂടെ ദശലക്ഷക്കണക്കിന് ഡോളര്‍ പ്രസിഡന്റ് സിയക്ക് കൈമാറി. പണം കൊണ്ട് സിയ ചെയ്ത പ്രധാനകാര്യം തലങ്ങും വിലങ്ങും മദ്രസകള്‍ സ്ഥാപിക്കലായിരുന്നു. ”തലീമിനായ്” (വിദ്യാഭ്യാസം) എത്തുന്ന ”താലിബാനികളെ” ”(വിദ്യാര്‍ത്ഥി) മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട മൃഗങ്ങളായ് മാറ്റി. ഐ.എസ്.ഐ. ഓക്‌സ്‌ഫോര്‍ഡ് വിദ്യാഭ്യാസം നേടിയ, സോഷ്യലിസ്റ്റ് ചിന്തകനും ”ജനക്കൂട്ടത്തിന്റെ കണ്ണിലുണ്ണിയും, വിശുദ്ധനാടിന്റെ വെളിച്ചവുമായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ വധിച്ച് അധികാരം കൈക്കലാക്കിയ സിയ ഇസ്ലാമിനെ ഒന്നാന്തരം മര്‍ദ്ദനോപകരണമായ് മാറ്റി. ശാസ്ത്രം, ജനാധിപത്യം, വികസനം എന്നിവയ്ക്ക് നേരെ മുഖംതിരിച്ച സിയ, ദിയോബന്തി സ്വാധീനമുള്ള വഹാബി ഇസ്ലാമിനെ മദ്രസകളിലൂടെ പരിചയപ്പെടുത്തി.
നിഴല്‍യുദ്ധം
നിഴല്‍യുദ്ധം സിയ തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍ പലതാണ്.
1.തീവ്രവാദത്തിന് ചെലവ് കുറവാണ്. (ശമ്പളം കൈപ്പറ്റുന്ന പട്ടാളക്കാര്‍ വേണ്ട)
2.തങ്ങളുടെ നേരെയുണ്ടാവുന്ന ആരോപണങ്ങളെ തെളിവിന്റെ അഭാവത്താല്‍ നിഷേധിക്കാനുള്ള സൗകര്യം (ഉദാ:പത്താന്‍കോട്ട് ആക്രമണം)
3.തദ്ദേശ ജനതയുടെ സ്വാതന്ത്ര്യ സമരമായി വ്യാഖ്യാനിക്കാനുള്ള സൗകര്യം. ചുരുക്കത്തില്‍ കൈ നനയാതെയുള്ള മീന്‍പിടിത്തം തന്നെ.
4.ഏറ്റുമുട്ടിയ യുദ്ധങ്ങളിലൊക്കെ ഭാരതത്തോട് പരാജയപ്പെട്ടതു കൊണ്ടുണ്ടായ പരാജയ ഭീതി
എന്താണീ ദിയോബന്തി സ്കൂള്‍ ഓഫ് ഇസ്ലാം?
ഇന്ത്യയില്‍, ഉത്തര്‍പ്രദേശിലെ സഹരണ്‍പൂര്‍ ജില്ലയിലെ ദിയോബന്ത് ഗ്രാമത്തിലെ ”ദാരുള്‍ ഉലം ദിയോബന്തില്‍ ഉത്ഭവിച്ച ദിയോബന്തി ചിന്താസരണി, ആദ്യകാലങ്ങളില്‍ രാഷ്ട്രപക്ഷത്ത് നിലയുറപ്പിച്ചിരുന്നുവെങ്കിലും ക്രമേണ വഹാബി ഇസ്ലാമിനോട് കൂടുതലടുക്കുവാന്‍ തുടങ്ങി.
തന്റെ ജന്മനാടായ സൗദിയിലെ പോലെ യാഥാസ്ഥിതികവും, വരണ്ടതും, ഘോരവും, ക്രൂരവുമായ വഹാബി ഇസ്ലാമികത സൂഫിസത്തിന്റെ മണ്ണില്‍ തഴച്ചു വളരാത്ത അവസ്ഥയിലായിരുന്നു. അമേരിക്കയ്ക്ക് ദല്ലാള്‍ പണി ചെയ്തു കൊടുത്ത് സിയ പങ്ക്പറ്റിയ ബഹുകോടി ഡോളറുകള്‍ ഉപയോഗിച്ച് വഹാബിസം തേനില്‍ ചാലിച്ച ദിയോബന്തി ഇസ്ലാംമേഖലയില്‍ വ്യാപകമായി പ്രചരിപ്പിച്ചു.
മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയമായ ആയിരക്കണക്കിനു താലിബാനികള്‍ പാകിസ്ഥാനില്‍നിന്നും അത്യന്തം അപകടകാരികളായ വൈറസ്‌പോലെ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കൊഴുകി. ”ആയിരം മുറിവിലൂടെ ശത്രുവിന്റെ മരണം” എന്ന തത്വത്തില്‍ വിശ്വസിച്ച സിയ കശ്മീരിനെ തകര്‍ക്കാന്‍ നേര്‍ക്കുനേര്‍ യുദ്ധത്തിനേക്കാള്‍ നല്ലത് ജിഹാദി ഭീകരവാദമാണെന്ന് മനസ്സിലാക്കി, നേരിട്ടുള്ള യുദ്ധമൊഴിവാക്കി.
കശ്മീരില്‍നിന്ന് ആയിരക്കണക്കിന് കുട്ടികളും യുവാക്കളും പാകിസ്ഥാനിലെ മദ്രസകളിലേക്ക് ഒഴുകി.
സിയ മരിച്ചതിന്റെ അടുത്ത വര്‍ഷം, അതായത് 1989ലാണ് കശ്മീര്‍ പൊട്ടിത്തെറിക്കുന്നത്. സിയ വളരെ വിദഗ്ദ്ധമായി തയ്യാറാക്കിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയത് അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഐഎസ്‌ഐ ഡയറക്ടര്‍ ഹമീദ് എം ഗുള്‍ ആണ്. ആസാദി മുദ്രാവാക്യം ഉയര്‍ത്തിയ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫോഴ്‌സ് (JKLF) ഇന്ത്യന്‍ സൈന്യത്തിനു നേരെ ആക്രമണമഴിച്ചുവിട്ടു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഭാരത ഗവണ്‍മെന്റ് 1990ല്‍ രാഷ്ട്രീയ റൈഫിള്‍സ് രൂപീകരിച്ച് ശക്തമായ് തിരിച്ചടിച്ചു. പ്രതീക്ഷിക്കാത്ത തിരിച്ചടിയില്‍ പതറിയ ജിഹാദികള്‍ ചിതറി ഓടാന്‍ തുടങ്ങിയതോടെ താഴ്‌വരയിലെ ഭീകര പ്രവര്‍ത്തനത്തിനു താത്കാലിക ശമനമുണ്ടായി.
മൂന്ന് വ്യത്യസ്ത സംഭവങ്ങളില്‍ അമേരിക്കന്‍ സെനറ്റ് ”ഇരട്ട മുഖമുള്ള ചതിയന്മാര്‍” എന്ന് അധിക്ഷേപിച്ചിട്ടുള്ള രാജ്യമാണ് പാകിസ്ഥന്‍. നിഷ്ഠൂരമായ കൊലകളിലൂടെ, ഭീകര പ്രവര്‍ത്തനത്തിലൂടെ മാത്രം തങ്ങളുടെ കാര്യം നടക്കില്ലെന്ന് മനസ്സിലാക്കിയ അവര്‍ കാര്യങ്ങള്‍ തങ്ങളുടെ വഴിക്ക് വരണമെങ്കില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ മാനം കൈവരിക്കണമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് വമ്പിച്ച പണമൊഴുക്കലിലൂടെ, 1993ല്‍ മിര്‍വ്വൈസ് ഉമര്‍ ഫറൂഖിനെ മുന്‍നിര്‍ത്തി 26 രാഷ്ട്രീയ പാര്‍ട്ടികളുടേയും ഒട്ടനവധി സാമൂഹ്യ-മത സംഘടനകളുടേയും കൂട്ടായ്മയായ ”ഓള്‍ പാര്‍ട്ടി ഹുറിയത് കോണ്‍ഫറന്‍സ്” രൂപീകരിച്ചു. അപ്പോള്‍ അങ്ങ് പാകിസ്ഥാനില്‍ ജിഹാദി ഫാക്ടറികള്‍ സജീവമായിരുന്നു. ശാസ്ത്രവും, ചരിത്രവും, സാമ്പത്തികവുമായ പഠനങ്ങള്‍ക്ക് നേരെ മുഖംതിരിച്ച്, ഖുറാന്‍ പഠനത്തിന് മാത്രമായി 20,000 മദ്രസകള്‍. അവിടെ ദിയോബന്തി സ്വാധീനമുള്ള വഹാബിസവും തീവ്ര മൗദൂദിയന്‍ വ്യാഖ്യാനങ്ങളും വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു.
വിനാശകരമായ വ്യാഖാനത്തിലൂടെ, മരണാനന്തര ജീവിതത്തില്‍ തങ്ങള്‍ക്ക് ലഭിക്കും എന്നവര്‍ വിശ്വസിച്ച ഹൂറികള്‍ക്കായി പിറന്ന നാടിനെ നരകമാക്കുന്ന പുത്തന്‍ ജിഹാദികള്‍ താഴ്‌വരയിലെ ഹൂറിയത് കോണ്‍ഫറന്‍സിനു പിന്‍ബലമായി. ജിഹാദികള്‍ക്കുള്ള സാമ്പത്തിക സഹായത്തിനായി പാകിസ്ഥാന്‍ തങ്ങളുടെ വാര്‍ഷിക ബജറ്റില്‍നിന്നും ഒരു ഭാഗം നീക്കിവച്ചു. ഐഎസ്‌ഐ ജോയിന്റ് ഇന്റലിജന്‍സ് അവരുടെ തന്നെ കശ്മീര്‍ ഡെസ്‌കുമാണ് കശ്മീര്‍ തീവ്രവാദത്തിനു സാമ്പത്തിക സഹായമൊരുക്കുന്നത്. സൗദിയില്‍ നിന്നുള്ള ഫണ്ട് ഇതിനുപുറമേ ലഭിക്കുന്ന സഹായമാണ്. സൗദി പണം പ്രധാനമായും വഹാബി ഇസ്ലാം പ്രചരിപ്പിക്കുന്ന മദ്രസകള്‍ കെട്ടിപ്പടുക്കുവാനാണ്ഉപയോഗിക്കുന്നത്.
ഇതിനു പുറമേ കശ്മീരില്‍നിന്നും ശ്രദ്ധ തിരിക്കാനും, ഇന്ത്യയെ അസ്ഥിരപ്പെടുത്താനും നക്‌സലൈറ്റുകള്‍ക്കും ദാവൂദിനും പാകിസ്ഥാന്‍ നിര്‍ലോഭമായി പണമൊഴുക്കിയിരുന്നു. ഭാഗ്യവശാല്‍ ഈ ഫണ്ടിന്റെ സിംഹഭാഗം ”നക്‌സലെറ്റ് ദളം” നേതാക്കളും അവരെ സഹായിക്കുന്ന ഇന്ത്യന്‍ ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും വിഴുങ്ങി. ബോംബേ സ്‌ഫോടന പരമ്പരയോടെ ദാവൂദ് ഇന്ത്യ വിട്ടു. കറാച്ചി ആസ്ഥാനമാക്കിയ ദാവൂദ് ജമീം ഷാ എന്ന കശ്മീരി വഴി നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായ് വ്യാജ കറന്‍സി ഒഴുക്കി.
എന്നാല്‍ റോ, ദാവൂദിന്റെ കിങ്കരനും കടുത്ത ദേശീയവാദിയുമായ ചോട്ടാരാജനെ ഉപയോഗിച്ച് ജമീം ഷായെ വധിച്ചതോടെ ഐഎസ്‌ഐയുടെ നോട്ടം തരതമ്യേന സുരക്ഷിതരായ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരിലായി. കശ്മീരിലെത്തുമ്പോള്‍ ബുര്‍ഖയണിയുന്ന ബര്‍ഖ ദത്ത് എന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകയ്ക്ക് ലോകത്തിലെ ഏറ്റവും മുന്തിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി. ഇന്ത്യന്‍ രാജകുമാരി പ്രിയങ്കാ റോബര്‍ട്ട് വധേരയെ അസൂയപ്പെടുത്തുന്ന ജീവിതരീതി സ്വായത്തമായ ബര്‍ഖ ദത്ത്, കാര്‍ഗില്‍ യുദ്ധത്തില്‍ തന്ത്ര പ്രധാനമായ ഭാഗങ്ങളുടെ നേര്‍ച്ചിത്രം പരസ്യമായി സംപ്രേഷണം ചെയ്ത് പാകിസ്ഥാന് തന്റെ നന്ദി രേഖപ്പെടുത്തി.
കശ്മീരില്‍ നടക്കുന്നത് നമ്മളില്‍ ചിലരെങ്കിലും കരുതുന്നതുപോലെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമല്ല, മറിച്ച് ഒരു ജനതയെ അന്ധകാരത്തിന്റെ പടുകുഴിയിലേക്ക് തള്ളുന്ന റാഡിക്കല്‍ വഹാബീകരണമാണ്. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മറ്റൊരു പതിപ്പ്.
തന്റെ മക്കളെ അമേരിക്കയിലെ സൗത്ത് ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ച്, ആരാന്റെ മക്കളെ അന്ധകാരത്തിന്റെ മദ്രസകളില്‍ എറിഞ്ഞു കൊടുത്ത സിയ ഉള്‍ ഹഖിന്റെ കുബുദ്ധിയില്‍ വിരിഞ്ഞ നരകവത്ക്കരണം. താഴ്‌വരയിലേക്ക് ഊര്‍ന്നിറങ്ങുന്ന സുഡാനി, വസീരിസ്ഥാന്‍ തീവ്രവാദികളുടെ പൊതുമുതലാവാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ കശ്മീരിന്റെ പ്രത്യേകതയാണ്.
കുട്ടികളെ മൃഗതുല്യരാക്കിയ മദ്രസകള്‍
തിരഞ്ഞെടുക്കപ്പെട്ട കുട്ടിയെ ”ദൗര ഇ സുഫാ” എന്ന 21 ദിവസത്തെ മതബോധന പാഠ്യക്രമത്തിനു വിധേയമാക്കുന്നു. ഇവിടെയാണ് അവര്‍ നിരര്‍ത്ഥകമായ ജീവിതത്തെ പറ്റിയും സ്വര്‍ഗ്ഗത്തിലേക്കുള്ള കുറുക്കുവഴിയെ പറ്റിയും കൂടുതലറിയുന്നത്. തങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ശത്രുവിനെതിരെ ഭീകരപ്രവര്‍ത്തനം ചെയ്താല്‍ മരണാനന്തരം കിട്ടുന്ന സൗഭാഗ്യങ്ങളെ പറ്റിയുള്ള നിറംപിടിപ്പിച്ച കഥകളിലൂടെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് തുടക്കം കുറിക്കും. അടുത്തത് ”ദൗരാ ഇ ആം” എന്ന 21 ദിവസത്തെ സൈനിക പരിശീലനമാണ്. കഠിനമായതാകയാല്‍ ഇത് പൂര്‍ത്തീകരിക്കുന്നവരുടെ എണ്ണം കുറവായിരിക്കും.
വിജയകരമായി പൂര്‍ത്തീകരിക്കുന്നവരെ കാത്തിരിക്കുന്നത് ”ദൗരാ ഈ ഖാസ്” മൊഡ്യൂള്‍ ആണ്. ഇവിടെയാണ് ലഷ്‌കര്‍ ഈ തോയ്ബയുടെ സൈനിക പരിശീലനം .കേവലം 10 ശതമാനം പേര്‍ മാത്രം വിജയകരമായി പുറത്തിറങ്ങുന്ന തരത്തിലുള്ള കഠിനമായ പരിശീലനമാണിത്.
ഇതില്‍ ഏറ്റവും മികച്ച നൈപുണ്യമുള്ളവരെ ജിഹാദിനായി ഇന്ത്യയിലേക്ക് അയക്കുന്നു. ഹാഫിസ് സയീദിന്റെയും, സയ്യദ് സലാഹുദ്ദീന്റേയും നിയന്ത്രണത്തിലുള്ള പാക് അധിനിവേശ കശ്മീരിലെ മുസാഫരാബാദിലൂടെയാണ് പ്രധാനമായും നുഴഞ്ഞുകയറ്റം നടക്കുന്നത്.
താഴ്‌വരയിലെ അഖ്ണൂര്‍, കൃഷ്ണ ഖട്ട്, ബിംബാര്‍ ഗലി, ശുരജ്‌കോട്ട്, മെന്ധാര്‍, പൂഞ്ച്, ദോഡ, കിസ്ത്വാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ മറ തീര്‍ക്കാനാവാത്ത വിധം കാഠിന്യമേറിയ ഭൂപ്രകൃതിയുള്ള പ്രദേശങ്ങളാണ്. ജാഗരൂകമായ സൈനിക നിരീക്ഷണത്തിലാണെങ്കിലും നൂറ് ശതമാനം സുരക്ഷിതമാണെന്ന് പറയാന്‍ പറ്റാത്ത ഭൂപ്രകൃതി. പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തി ശ്രദ്ധതിരിച്ചാണ് നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കുന്നത്. ഇങ്ങനെയാണ് ബുര്‍ഹാന്‍ വാലിമാര്‍ സൃഷ്ടിക്കപ്പെടുന്നത്.
ഒരു വ്യത്യാസം മാത്രം: പണ്ട് ഭീകര പ്രവര്‍ത്തനം ചെയ്യുന്നവര്‍ക്കായി വിടുപണി ചെയ്യുന്ന ഇന്ത്യക്കാര്‍ അധികമുണ്ടായിരുന്നില്ല. എന്നാലിന്ന് ഐ.എസ്.ഐയുടെ മാസശമ്പളക്കാരില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുതല്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ വരെയുണ്ട്.
കശ്മീരില്‍ ഇപ്പോള്‍ നടക്കുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമല്ല. മറിച്ച് മധ്യകാലമതമൗലികവാദത്തിന്റെ ഇരുണ്ട കാലഘട്ടത്തിലേക്ക് മടങ്ങിപ്പോകാന്‍ പാകത്തില്‍ ഒരു തിയോക്രാറ്റിക്ക് സ്റ്റേറ്റ്അഥവാ ഇസ്ലാമിക്ക് സ്റ്റേറ്റ് പടുത്തുയര്‍ത്താനുള്ള പണിപ്പുരയാണ് ഇന്ന് കശ്മീര്‍.
(2017 മെയ് ലക്കം കേസരിയിൽ പ്രസിദ്ധീകരിച്ചത്)