കെ.ആര്‍. ഗൗരിയമ്മ വിടപറഞ്ഞു. ചുവന്ന പട്ട് പുതപ്പിച്ച് ആലപ്പുഴ വലിയ ചുടുകാട്ടിലെ ടി.വി. തോമസിന്റെ കല്ലറയ്ക്കു സമീപം വിപ്ലവത്തിന്റെ വെള്ളിനക്ഷത്രം എരിഞ്ഞടങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞത് സാധാരണക്കാര്‍ മാത്രമായിരുന്നില്ല. കേരളത്തിന്റെ പ്രകൃതി പോലും തോരാത്ത കണ്ണീരൊഴുക്കി. തന്റെ ജീവിതവും പ്രണയവും സ്വപ്‌നങ്ങളും ആയുസ്സും കൊടുത്ത പ്രസ്ഥാനത്തിന്റെ ഒടുങ്ങാത്ത ചതിയിലും പകയിലും വിറങ്ങലിച്ച് ഒരു നൂറ്റാണ്ട് കടന്ന ഗൗരിയമ്മ വിടപറയുമ്പോള്‍ ആ ജീവിതം കേരളത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ആത്മാവിഷ്‌ക്കാരമാണ്.
കെ.ആര്‍. ഗൗരിയമ്മ പുലര്‍ത്തിയ നൈതികതയും സത്യസന്ധതയും ആത്മാര്‍ത്ഥതയുമുള്ള എത്ര നേതാക്കള്‍ കേരളത്തിലുണ്ട്? എന്താണ് ഗൗരിയമ്മയുടെ ഏറ്റവും ചിരന്തനമായ സ്മാരകം? ഗൗരിയമ്മയുടെ സ്മാരകം ഗൗരിയമ്മയുടെ നിലപാടുകളാണ്. അതിലെ സത്യസന്ധതയും ആര്‍ജ്ജവവുമാണ്. കേരള നിയമസഭയില്‍ ആ നിലപാട് എടുത്ത ഒരേയൊരു രാഷ്ട്രീയ നേതാവേ ഉണ്ടായിട്ടുള്ളൂ. അത് ചരിത്രമാണ്. ആ ചരിത്രം തന്നെയാണ് ഗൗരിയമ്മയുടെ ഏറ്റവും മനോഹരമായ സ്മാരകം. വനവാസികളുടെ ഭൂമി അവരെ പറ്റിച്ച്, പുകയിലയും മദ്യവും കൊടുത്ത് എഴുതി വാങ്ങിയപ്പോള്‍, പിറന്ന മണ്ണില്‍ അവര്‍ അന്യാധീനപ്പെട്ടു. ഡോ. നല്ലതമ്പി തേരയെ പോലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍ വരെ കേസ് നടത്തി. വനവാസികളുടെ ഭൂമി തിരിച്ചെടുത്ത് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ശബരിമല പ്രശ്‌നത്തില്‍ അപ്പീല്‍ കാലാവധി പോലും കാക്കാതെ വിധി നടപ്പാക്കാനൊരുങ്ങിയ സി.പി.എമ്മുകാരും പിണറായി വിജയനും ഇക്കാര്യം ഓര്‍മ്മിക്കുന്നുണ്ടോ എന്നറിയില്ല. വനവാസികളുടെ ഭൂമി മടക്കി നല്കാതിരിക്കാന്‍ കേരള നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച് നിയമം കൊണ്ടുവന്നു. പാവപ്പെട്ട വനവാസികളുടെ ഭൂമി തട്ടിയെടുത്തത് തിരിച്ചെടുത്താല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമെന്നായിരുന്നു അന്ന് ഇരു മുന്നണികളുടെയും ഭാഷ്യം. ഇടതു-വലതു മുന്നണികള്‍ ചേര്‍ന്ന കൂട്ടുകെട്ട് ഭൂമി തിരിച്ചെടുത്ത് കൊടുക്കാതിരിക്കാന്‍ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെതിരെ ഒരു വോട്ടേ നിയമസഭയില്‍ ഉണ്ടായുള്ളു. ഇല്ലെങ്കില്‍ ആ ബില്ല് ഐകകണ്‌ഠ്യേന അംഗീകരിച്ച് നിയമമാകുമായിരുന്നു. ആ ഒരു വോട്ട് കെ.ആര്‍. ഗൗരിയമ്മയുടേതായിരുന്നു. ഗൗരിയമ്മ എടുത്ത സത്യസന്ധവും ധീരോദാത്തവുമായ ആ നിലപാട് ഇന്നാരും ഓര്‍മ്മിക്കുന്നില്ല. പാവപ്പെട്ട വനവാസികള്‍ക്കു വേണ്ടി അവരുടെ ജീവിതത്തിനുവേണ്ടി വോട്ടുബാങ്ക് നോക്കാതെ ഒരു മഹാമേരുവിനെ പോലെ അവര്‍ സ്വീകരിച്ച ആ നിലപാട് തന്നെയാണ് ഗൗരിയമ്മയുടെ ഏറ്റവും ഉചിതമായ സ്മാരകം.
സ്വാതന്ത്ര്യത്തിനു മുന്‍പു തന്നെ പി.കൃഷ്ണപിള്ളയുടെ കൈയില്‍ നിന്ന് അംഗത്വം വാങ്ങി സി.പി. എമ്മില്‍ ചേര്‍ന്ന തിരുവിതാംകൂറിലെ ആദ്യത്തെ ബി.എല്‍ നിയമ ബിരുദം നേടിയ വനിത. ഈഴവ സമുദായത്തില്‍ നിന്നും ആദ്യമായി മജിസ്‌ട്രേറ്റ് ആകാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെ ക്ഷണിച്ച പ്രതിഭ. രാഷ്ട്രീയത്തിലേക്ക് അന്നു വിളിച്ച മുദ്രാവാക്യങ്ങളുടെ മാസ്മരികതയിലാണ് ഗൗരിയമ്മയും എത്തിയത്. ‘നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ തുടങ്ങി ‘പൊന്നരിവാള്‍ അമ്പിളി’ വരെയുള്ള മാസ്മരിക ഗാനങ്ങള്‍ ഒരു തലമുറയ്ക്കു നല്‍കിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഒക്കെയാണ് ഗൗരിയമ്മയെ കമ്യൂണിസ്റ്റ് പാളയത്തില്‍ എത്തിച്ചത്. ഇല്ലെങ്കില്‍ ഒരുപക്ഷെ, കേരളത്തിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ ഒക്കെയായി അവര്‍ മാറിയേനെ. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതാ അംഗമായിരുന്നു ഗൗരിയമ്മ. ഭൂപരിഷ്‌ക്കരണവും വിദ്യാഭ്യാസ പരിഷ്‌ക്കരണവും അടക്കം നിരവധി പുതിയ നിയമങ്ങള്‍ വന്നപ്പോള്‍ മിക്കതിനും ചുക്കാന്‍ പിടിച്ചത് അവരായിരുന്നു. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ടി.വി തോമസ്സുമായുള്ള പ്രണയം പാര്‍ട്ടി ഇടപെട്ട് വിവാഹത്തിലെത്തിച്ചു. മന്ത്രിസഭ പോയിട്ടും ശാന്തമായിപ്പോയ ആ ജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തിയത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിളര്‍പ്പും അതിന്റെ പേരില്‍ നേതാക്കള്‍ പുലര്‍ത്തിയ മൂഢമായ പിടിവാശികളുമാണ്.
1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രണ്ടുപേരും സി.പി.എമ്മില്‍ നില്‍ക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും എം.എന്‍. അടക്കമുള്ള പഴയ ഉറ്റ ചങ്ങാതിമാരുടെ പിടിവാശിക്കു മുന്നില്‍ ടി.വി. തോമസ് സി.പി.ഐയിലേക്ക് പോയി. ഗൗരിയമ്മ സി.പി.എമ്മിലും. ഇന്ന് സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ഒക്കെ എണ്ണിയാല്‍ ഒടുങ്ങാത്ത കണക്കു പറയുന്ന സി.പി.എം നേതാക്കള്‍ ഗൗരിയമ്മയ്ക്ക് പിന്നീട് ഒരുക്കിയത് പാര്‍ട്ടിയുടെ തടവറയാണ്. ടി.വി. തോമസുമായുള്ള ബന്ധം പിരിയുന്നതിലേക്ക് എത്തിയത് സി.പി.എമ്മിന്റെ അന്ധമായ സി.പി.ഐ വിരോധം പ്രധാന പങ്കുവഹിച്ചു. നേരത്തെ തന്നെ സ്ത്രീ വിഷയത്തില്‍ ‘നല്ല പേര്’ സമ്പാദിച്ചിരുന്ന ടി.വി. തോമസ് വിവാഹത്തിന് ശേഷവും വിവാഹേതര ബന്ധങ്ങള്‍ അഭംഗുരം തുടര്‍ന്നു. ഈ വിഷയം സ്വന്തം ചെവിയിലെത്തിയപ്പോള്‍, സ്വന്തം കണ്ണില്‍ കണ്ടപ്പോള്‍ മറ്റേത് വീട്ടമ്മയെ പോലെ ഗൗരിയമ്മയും പ്രതികരിച്ചു. പുതിയ പോര്‍മുഖം തുറന്നു. രണ്ടുപേരും പിരിഞ്ഞു. പിന്നീടുള്ള ഗൗരിയമ്മയുടെ ജീവിതം സി.പി.എമ്മിനു വേണ്ടി അടിയറ വെയ്ക്കുകയായിരുന്നു. കേരളത്തിലുടനീളം പാര്‍ട്ടിക്കു വേണ്ടി അവര്‍ പടനയിച്ചു. അന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യം ‘കെ.ആര്‍. ഗൗരി കേരള യക്ഷി, നിന്നെ പിന്നെ കണ്ടോളാം’ എന്നായിരുന്നു. കോണ്‍ഗ്രസ്സിന്റെയും ഐക്യമുന്നണിയുടെയും നേതൃത്വം ആ വനിതാ നേതാവിനെ പലതവണ മൃഗീയമായ മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയാക്കി. മക്കളില്ലാത്ത ഗൗരിയമ്മയെ കുറിച്ച് പറയുമ്പോള്‍ ഒരിക്കല്‍ അവര്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു, ‘പോലീസിന്റെ ലാത്തികള്‍ക്ക് ഗര്‍ഭം ധരിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ നിരവധി ലാത്തിക്കുഞ്ഞുങ്ങളെ താന്‍ പ്രസവിക്കുമായിരുന്നു’ എന്ന്. ഒരു സ്ത്രീ എന്ന നിലയില്‍ ഇത്രയും കൊടിയ പീഡനം അനുഭവിച്ച ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ?
ഗൗരിയമ്മയുടെ ത്യാഗവും പോരാട്ടവീര്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മുതലെടുക്കുകയായിരുന്നു. പാര്‍ട്ടിയിലെ ചേരിപ്പോരില്‍ ഒരുവിഭാഗത്തിന്റെ അഹന്ത ധാര്‍ഷ്ട്യമായി പ്രതിഫലിച്ചപ്പോള്‍ അതേ നാണയത്തില്‍ ഗൗരിയമ്മ തിരിച്ചടിച്ചു. 1987 ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിച്ചത് ഗൗരിയമ്മയെ മുന്‍നിര്‍ത്തിയായിരുന്നു. ‘കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചിട്ടും’ എന്ന മുദ്രാവാക്യം പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ ചുവരെഴുതി. ഈഴവ സമുദായത്തിന് പ്രാമുഖ്യമുള്ള എല്ലാ മേഖലകളിലും ഇത് മുദ്രാവാക്യമായി. ഈഴവ വോട്ട് സമാഹരിക്കാന്‍ സി.പി.എം നടത്തിയ ആസൂത്രിത ശ്രമമായിരുന്നു. ആടുമാട് കോഴി വോട്ടുകളടക്കം ധാരാളം ജനക്ഷേമ പരിപാടികളുമായി മുന്നിട്ട് നിന്നിരുന്ന കെ. കരുണാകരനെ കീഴ്‌പ്പെടുത്താനാണ് സി.പി.എം ഗൗരിയമ്മയെയും അവരുടെ ജാതിയെയും ഉപയോഗപ്പെടുത്തിയത്. ഭൂരിപക്ഷം കിട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല. പകരം ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി. അതില്‍ നിന്നു തുടങ്ങിയ ശീതസമരമാണ് ഗൗരിയമ്മയുടെ പുറത്താക്കലില്‍ എത്തിയത്.
തന്നിഷ്ടവും ധിക്കാരവും ഗൗരിയമ്മയ്ക്ക് ഒപ്പം ഒരു ശാപമായിത്തന്നെ ഉണ്ടായിരുന്നു. ഐ.എ. എസ് ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് ഫയല്‍ വലിച്ചെറിയുന്നത് മുതല്‍ കൈക്കൂലി വാങ്ങി ശുപാര്‍ശയുമായി എത്തിയിരുന്ന സി.പി.എം നേതാക്കളെ പറപ്പിച്ച് വിടുന്നതടക്കം പലര്‍ക്കും ദഹിക്കാത്ത പലതും ഗൗരിയമ്മയില്‍ നിന്ന് ഉണ്ടായി. സ്വാഭാവികമായും തന്നെ അവഗണിക്കുകയും ചവിട്ടിത്താഴ്ത്തുകയും ചെയ്ത പാര്‍ട്ടി നേതാക്കളോടുള്ള പ്രതികരണമായിരുന്നു അത്. താഴ്ന്ന ജാതിക്കാരുടെ കുടിലുകളില്‍ അന്തിയുറങ്ങുകയും അവര്‍ക്കൊപ്പം ജീവിക്കുകയും ചെയ്ത ഇ.എം.എസ് നമ്പൂതിരിപ്പാട് ഗൗരിയമ്മയുടെ പ്രശ്‌നത്തില്‍ ശരിക്കും പത്തൊന്‍പതാം നൂറ്റാണ്ടിലെ ജാതിവെറിയുടെ പ്രതീകമായ വെറും നമ്പൂതിരിപ്പാടായി മാറി. ഇക്കാര്യം ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയെങ്കിലും പാര്‍ട്ടിയില്‍ ഉള്ളവരില്‍ ഏറെയും ഗൗരിയമ്മയുടെ പ്രതിച്ഛായയും അധികാരവും ഉപയോഗിച്ച് പണവും പദവിയും അടക്കമുള്ള നിധി തേടി ഇറങ്ങിയപ്പോള്‍ ഗൗരിയമ്മയുടെ പാര്‍ട്ടി ശോഷിച്ചു. അതിനു മുന്‍പു തന്നെ ജീവിതകാലം മുഴുവന്‍ ആക്ഷേപിച്ചിരുന്ന കെ.കരുണാകരനാണ് ഗൗരിയമ്മയ്ക്ക് രാഷ്ട്രീയജീവിതത്തിന് ഓക്‌സിജന്‍ നല്‍കിയത്. പണ്ട് ഗുരുവായൂര്‍ യാത്രയുടെ പേരില്‍, കാറിന്റെ വേഗതയുടെ പേരില്‍ കരുണാകരനെ അപമാനിച്ച ഗൗരിയമ്മയെ ഗുരുവായൂരപ്പന്റെ ചന്ദന വിഗ്രഹം നല്‍കി മുന്നണിയില്‍ എടുത്ത് പഴയ പാപഭാരം ഒക്കെ കഴുകിത്തീര്‍ത്തു.
ഭാര്യാ-ഭര്‍തൃബന്ധം മുതല്‍ ജീവിതം വരെ ഒരു പ്രസ്ഥാനത്തിനു വേണ്ടി പണയപ്പെടുത്തിയിട്ടും അവരെ അപമാനിച്ച് ഇറക്കിവിട്ടതുമൂലം കാലത്തിനു പോലും മായ്ക്കാന്‍ കഴിയാത്ത വിധം വേദന ഗൗരിയമ്മയില്‍ തളംകെട്ടി നിന്നു. പിന്നെ ഇടതുമുന്നണിയില്‍ ചേര്‍ക്കാമെന്നു പറഞ്ഞ് നേതാക്കള്‍ എത്തി ആശ്വസിപ്പിച്ചപ്പോള്‍, നൂറാം വയസ്സിലും ആ അമ്മയില്‍ താന്‍ ജീവന്‍ കൊടുത്ത പ്രസ്ഥാനത്തെ കുറിച്ച് പ്രതീക്ഷകളുണര്‍ന്നു. അത് തട്ടിത്തെറിപ്പിച്ചത് സി.പി.എമ്മിലെ ചേരിപ്പോരാണോ, ഗൗരിയമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നവരാണോ എന്ന കാര്യത്തില്‍ ഇനിയും രണ്ടഭിപ്രായമുണ്ട്. നൂറാം വയസ്സിലെങ്കിലും ഒരു സംസ്ഥാന കമ്മിറ്റി അംഗമായി ഉള്‍പ്പെടുത്തി ചെങ്കൊടി പുതച്ച് മരിക്കാനുള്ള ആഗ്രഹം സഫലമാക്കിയിരുന്നെങ്കില്‍ ഗൗരിയമ്മയുടെ തോരാക്കണ്ണീരിന്റെ ശാപത്തില്‍ നിന്ന് സി.പി.എമ്മിന് രക്ഷപ്പെടാമായിരുന്നു. അവസാനം മരിച്ചുകഴിഞ്ഞപ്പോള്‍ ഭരണത്തിന്റെ ഊക്കില്‍ ഗൗരിയമ്മയുടെ മൃതദേഹം സി.പി.എം കൈയടക്കുകയായിരുന്നു. ജെ.എസ്.എസ്സുകാരെ ആരെയും അവിടത്തെ നേതൃത്വം കൈയടക്കാന്‍ സമ്മതിച്ചില്ല. ചെങ്കൊടി പുതപ്പിക്കാന്‍ എം.എ ബേബി അടക്കമുള്ള പഴയ പാരകളൊക്കെ ഉണ്ടായിരുന്നു. ചുടുകാട്ടില്‍ എത്തിയപ്പോള്‍ സി.പി.എമ്മിനെയും സി.പി.ഐയെയും ജെ.എസ്.എസ്സിനെയും പ്രതിനിധീകരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സിന്ദാബാദ് എന്നായിരുന്നു മുദ്രാവാക്യം. ഒരുപക്ഷേ, ഗൗരിയമ്മ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അവര്‍ പുറത്തു പോകില്ലായിരുന്നു. അവര്‍ മാത്രമല്ല, എം.വി.രാഘവനടക്കം പല പ്രമുഖ നേതാക്കളും. വൃദ്ധസദനത്തില്‍ പോലും ആക്കാതെ തെരുവിലേക്ക് വലിച്ചെറിയുന്ന രീതിയിലാണ് ത്യാഗത്തിന്റെ പ്രതിരൂപമായ ഗൗരിയമ്മയെ പാര്‍ട്ടി കൈയൊഴിഞ്ഞത്. ചരിത്രവും കാലവും ഇന്നല്ലെങ്കില്‍ നാളെ സി.പി.എം ഗൗരിയമ്മയോട് ചെയ്തത് തിരിച്ചറിയും. റഷ്യ മുതല്‍ ത്രിപുര വരെ നേതാക്കളുടെ പ്രതിമകള്‍ തച്ചുടച്ചതു പോലെ കേരളത്തിലും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ തകര്‍ന്നുവീഴും. ഏത് ജിഹാദികള്‍ വിചാരിച്ചാലും അതില്‍ നിന്ന് സി.പി.എമ്മിനെ രക്ഷിക്കാനാകില്ല. ഗൗരിയമ്മയോട് ചെയ്ത പരിഹാരമില്ലാത്ത, ക്ഷമിക്കാനാകാത്ത, മാപ്പര്‍ഹിക്കാത്ത തെറ്റുകള്‍ക്ക് സി.പി.എം എന്ത് പരിഹാരം ചെയ്യും?