കൊറോണയെന്ന മഹാവ്യാധി ലോകത്തെ ഗ്രസിച്ചിട്ട് ഒരു വര്‍ഷവും ഏതാനും മാസങ്ങളും കഴിഞ്ഞിരിക്കുകയാണ്. സമ്പന്നരാഷ്ട്രങ്ങള്‍ പോലും ഈ പകര്‍ച്ചവ്യാധിയുടെ മുന്നില്‍ പതറിപ്പോയെന്നു പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. ആരോഗ്യരംഗത്ത് ഭാരതത്തെക്കാളും ഏറെ മുന്നില്‍ നില്‍ക്കുന്ന വികസിത രാഷ്ട്രങ്ങളില്‍പോലും ഈ പകര്‍ച്ചവ്യാധിമൂലം മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നു. കോവിഡ് രണ്ടാംതരംഗം ഭാരതത്തെയും ഏറെ പ്രതിസന്ധിയിലാക്കി എന്നത് സത്യമാണ്. അത്യപൂര്‍വ്വമായ ഇത്തരം പ്രതിസന്ധികളെ രാജ്യം ഒറ്റക്കെട്ടായി നേരിട്ടെങ്കിലേ വിജയിക്കാനാവു. നിര്‍ഭാഗ്യവശാല്‍ ഭാരതത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് കൊറോണക്കാലത്തെയും നരേന്ദ്ര മോദിക്കെതിരെ യുദ്ധം ചെയ്യാനുള്ള അവസരമായി കണ്ട് നുണപ്രചരണത്തിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ടൂള്‍കിറ്റ് നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു.
പ്രതിരോധകുത്തിവയ്പ് ജനങ്ങള്‍ക്കെല്ലാം നല്‍കുന്നതിലും രോഗബാധിതര്‍ക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിലും ഭാരതത്തിന്റെ ആരോഗ്യ രംഗം തികഞ്ഞ പരാജയമായിരിക്കുന്നു എന്നു ചിത്രീകരിക്കാന്‍ മത്സരിക്കുന്ന പ്രതിപക്ഷ കക്ഷികളും ചില മാധ്യമങ്ങളും ബോധപൂര്‍വ്വം വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. അമേരിക്കയും റഷ്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും എല്ലാം ചേരുന്നതിനെക്കാള്‍ ജനസംഖ്യയുള്ള ഭാരതത്തില്‍ പ്രതിരോധ കുത്തിവയ്പ് സാര്‍വ്വത്രികമായി ചെയ്യാന്‍ സമയം പിടിക്കുമെന്ന കാര്യം. കൊറോണ വൈറസിനെക്കാള്‍ മാരകമായ മനോഭാവമാണ് ചില പ്രതിപക്ഷ കക്ഷികള്‍ വച്ചുപുലര്‍ത്തുന്നതെന്ന് പറയാതിരിക്കാനാവില്ല. പ്രതിരോധകുത്തിവയ്പ് ആരംഭിച്ചിട്ട് നാലുമാസം മാത്രമെ ആയിട്ടുള്ളു. ഇതിനോടകം രണ്ട് ഡോസ്മരുന്നും നല്‍കാനായത് 4.28 കോടി ജനങ്ങള്‍ക്കാണ്. നൂറ്റി മുപ്പത് കോടിജനങ്ങള്‍ ഉള്ള രാജ്യത്ത് ഇത് തുലോം തുച്ഛമാണ് എന്ന കാര്യത്തില്‍ സംശയമില്ല. 19.33കോടി ജനങ്ങള്‍ക്ക് ഒരു ഡോസ് മരുന്ന് നല്‍കിയിട്ടുണ്ട്. ആഗസ്റ്റിനും ഡിസംബറിനും ഇടയിലായി 216 കോടി ഡോസ് മരുന്ന് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
കേരളത്തിലെ സ്ഥിതിവിശേഷമാണ് രാജ്യത്തെ മറ്റേത് സംസ്ഥാനത്തെക്കാളും അപകടകരമെന്ന് പറയേണ്ടിയിരിക്കുന്നു. കാരണം നാം കോവിഡിനോട് മാത്രമല്ല പോരാടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി നിപ്പയും ഡങ്കിയുമടക്കമുള്ള പലവിധ പകര്‍ച്ച വ്യാധികളുടെ വിളയാട്ടഭൂമിയായി കേരളം മാറിയിരിക്കുന്നു. ഒന്നൊഴിയുമ്പോള്‍ അടുത്തത് എന്ന നിലയ്ക്കുള്ള ദുരിതപെയ്ത്തിനെയാണ് കേരളം അഭിമുഖീകരിക്കുന്നത്. ആരോഗ്യരംഗത്ത് താരതമ്യേന മുന്നില്‍ നില്‍ക്കുന്ന കേരളംപോലും പകര്‍ച്ച വ്യാധികളുടെ വേലിയേറ്റത്തില്‍ പകച്ചു പോകുന്നത് സ്വാഭാവികം മാത്രമാണ്. നാം നേരിടുന്ന പ്രധാന പ്രശ്‌നം ജനസാന്ദ്രത തന്നെയാണ്. നഗരസമാനമായ ഗ്രാമങ്ങള്‍ ഉള്ള കേരളത്തില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുക എന്നു പറയുന്നത് അത്ര എളുപ്പമല്ല.
തുടര്‍ച്ചയായി വരുന്ന ലോക്ഡൗണുകള്‍ ജനങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിച്ചു തുടങ്ങി എന്ന സത്യം അധികൃതര്‍ കാണാതിരുന്നുകൂടാ. മനുഷ്യന്‍ ദുഃഖദുരിതങ്ങള്‍ മറന്നിരുന്ന ആരാധനാലയങ്ങളും സിനിമാശാലകളും എല്ലാം അടച്ചിടാനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ നിര്‍ബന്ധിതമായതോടെ മാനസികോല്ലാസത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാ എന്നു വന്നിരിക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യം ഇയ്രയേറെ വെല്ലുവിളി നേരിട്ട ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് അവരുടെ വിദ്യാഭ്യാസ നിലവാരത്തെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. വിദ്യാലയം എന്ന പൊതുവിടത്തില്‍ നിന്നും ആര്‍ജ്ജിക്കേണ്ട ഒട്ടനവധി സാമൂഹ്യജീവിതമൂല്യങ്ങളാണ് പുതുതലമുറയ്ക്ക് നഷ്ടമാകുന്നത്. വിദ്യാര്‍ത്ഥികളായ മക്കളെ കുറിച്ച് വ്യാകുലപ്പെടുന്ന നിരവധി മാതാപിതാക്കളുടെയും മാനസികാരോഗ്യം പ്രശ്‌നത്തിലാണ് എന്ന് കാണാന്‍ കഴിയും.
ഇതിനെല്ലാം പുറമെയാണ് ഉരുത്തിരിഞ്ഞുവരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന മാനസികാഘാതങ്ങള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരൊഴികെ ബാക്കി തൊഴിലാളികള്‍ക്കെല്ലാം സാമ്പത്തിക പ്രതിസന്ധികള്‍ കാര്യമായി അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ശമ്പളം വെട്ടിക്കുറയ്ക്കലിനും പിരിച്ചുവിടലിനും എല്ലാം വിധേയരാക്കപ്പെടുന്ന ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപൊയ്‌കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ നട്ടെല്ലായ പ്രവാസിലോകം നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തിന്റ സാമ്പത്തികനിലയെ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രവാസിലോകം വഹിക്കുന്ന പങ്ക് എത്രയോ വലുതാണ്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രവാസികളാണ് തൊഴില്‍രഹിതരായി കേരളത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുന്നത്. ഇവരുടെ പുനരധിവാസം കേരളം നേരിടാന്‍ പോകുന്ന മറ്റൊരു പ്രശ്‌നമാണ്. നാട്ടിലും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എത്രത്തോളമാണെന്ന് മനസ്സിലാകണമെങ്കില്‍ തൊഴിലുറപ്പ്പദ്ധതിയില്‍ പേരു ചേര്‍ക്കുന്ന ബി.ടെക്, ബി.എഡ് ബിരുദധാരികളെ കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രം നിരീക്ഷിച്ചാല്‍ മതി.
ആവര്‍ത്തിച്ചുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ മാത്രമല്ല കേരളത്തിന്റെ പ്രശ്‌നം. വേനല്‍ക്കാലവും മഴക്കാലവും ഇവിടെ പാരിസ്ഥിതിക പ്രശ്‌നങ്ങളും പ്രകൃതിദുരന്തങ്ങളും ഉണ്ടാക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ മൂര്‍ദ്ധന്യത്തില്‍കടന്നുവരുന്ന മണ്‍സൂണ്‍കാലം ചെറിയ ഭീഷണിയല്ല ഉയര്‍ത്തുന്നത്. കാരണം ഏതാനും വര്‍ഷങ്ങളായി മഴക്കാല ദുരന്തങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമെല്ലാമായി ജനങ്ങളുടെ ജീവനും സ്വത്തും മനസ്സമാധാനവും തകര്‍ക്കുകയാണ്. മലയോര ജനങ്ങള്‍ ദുരിതം നേരിടുന്ന അതേ സമയത്തുതന്നെ തീരപ്രദേശവും മഴക്കാല ദുരിതങ്ങളില്‍ പെടുന്നതോടെ കേരളത്തിലെ സാമാന്യ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങള്‍ കൊടുങ്കാറ്റായും പേമാരിയായും ആദ്യം ബാധിക്കുന്നത് തീരദേശ ജീവിതങ്ങളെയാണ്. തീരം കടല്‍കവരുന്നത് സ്ഥിരം പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുന്നു.
മഴക്കാല പൂര്‍വ്വശുചീകരണങ്ങള്‍ വേണ്ട വിധത്തില്‍ നടത്തിയില്ലെങ്കില്‍ പകര്‍ച്ചവ്യാധികളാവും ഈ മണ്‍സൂണ്‍ കാലത്തും ജനങ്ങളെ കാത്തിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിദുരന്തങ്ങളെയും പകര്‍ച്ച വ്യാധികളെയും നേരിടുവാന്‍ അധികൃതര്‍ സ്വീകരിക്കേണ്ടതാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുവേണ്ട പരിശീലനം കൊടുത്ത് ദുരന്ത ദുരിതകാലഘട്ടത്തില്‍ വിന്യസിക്കാനും അധികൃതര്‍ തയ്യാറാവേണ്ടതാണ്. എന്തായാലും അഭൂതപൂര്‍വ്വമായ ദുരിതകാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ജനങ്ങളുടെ ആത്മവിശ്വാസം പിടിച്ചുനിര്‍ത്താന്‍ ഔദ്യോഗികസംവിധാനങ്ങള്‍ക്കപ്പുറമുള്ള പരിശ്രമങ്ങള്‍ കൂടിയേതീരൂ.