രണ്ടുമുറിയും അടുക്കളയും വലിയ ഒരു വരാന്തയും മാത്രമുള്ള വീടിന്റെ ഒരു മുറിയില്‍ വലിയ പത്തായം സ്ഥാനം പിടിച്ചിരുന്നു. രണ്ടു തട്ടൂടി* യുടെ (*പലക അടിച്ച കട്ടില്‍) അത്രയും വിസ്താരമുള്ള പത്തായത്തിനു മുകളില്‍ പായ വിരിച്ച് കിടക്കാനുള്ള ഇടമുണ്ട്. അതിന്റെ മുക ളില്‍ കിടക്കാമെന്ന് കണ്ണന്‍ പറഞ്ഞെങ്കിലും അച്ഛന്‍ അനുവദിച്ചില്ല.
”കണ്ണന്‍ എട്ടാം ക്ലാസ്സിലെത്തി യാല്‍ പത്തായപ്പുറത്ത് കിടക്കാം.” പത്തായത്തിന്റെ പുറത്തു കിടക്കാന്‍ വാശിപിടിച്ചപ്പോള്‍ അമ്മ പറഞ്ഞു.
പത്തായത്തിന് നാലടിയോളം ഉയരമുള്ളതുകൊണ്ട് ഉറക്കത്തില്‍ നിലത്തു വീഴുമെന്ന് ഭയപ്പെടുത്തി യാണ് അമ്മ അവനെ അതില്‍നിന്ന് പിന്‍തിരിപ്പിച്ചത്.
കണ്ണന്‍ ഒന്നും വായിക്കാതെ ഓരോന്ന് ആലോചിച്ചിരുന്നു. ചേച്ചി ശ്രദ്ധയോടെ എന്തോ എഴുതുക യാണ്. ചേച്ചി വായിക്കുന്നതു കണ്ടാല്‍ അപ്പോള്‍ അമ്മ കണ്ണ നോടും വായിക്കാന്‍ പറയും. അപ്പോള്‍ ചേച്ചിയോട് കണ്ണന് ദേഷ്യംതോന്നും.
പുസ്തകവുമായി ഉമ്മറത്തെ തിണ്ണയില്‍ വന്നിരുന്നെങ്കിലും ഒന്നും വായിക്കാന്‍ കണ്ണനു തോന്നിയില്ല. തൊഴുത്തിലേയ്ക്കു നോക്കിയപ്പോള്‍ കറുമ്പി ആദ്യമായി വീട്ടിലേക്കുവന്ന രംഗമാണ് അവന്റെ മനസ്സിലേക്ക് വന്നത്.
* * *
ഒരു ഞാറാഴ്ച വൈകുന്നേരം അച്ഛന്‍ വീട്ടില്‍ വന്നത് എല്ലും തോലുമായ കറുത്ത നിറമുള്ള ഒരു പശുക്കുട്ടിയുമായാണ്. അച്ഛന്റെ ബന്ധുവായ ദാമോദരന്‍ മാമ കൊടുത്തതാണ് ആ പശുക്കുട്ടി എന്ന് അച്ഛന്‍ അമ്മയോട് പറയുന്നത് അവന്‍ കേട്ടു. കുറെ പാടവും പറമ്പും വല്യമ്മാമയ്ക്കുണ്ടെന്ന് കണ്ണനറിയാം. അവന്റെ വീടിന്റെ നാലിരട്ടിയെങ്കിലും വലിപ്പം വല്യമ്മായുടെ വീടിനുണ്ട്. വലിയ കളപ്പുരയും അതിനോട് ചേര്‍ന്ന് വലിയ തൊഴുത്തും ഉണ്ട്. രണ്ടുമൂന്നു പശുക്കളും കുട്ടികളും, നാലു കാളകളും തൊഴുത്തില്‍ നില്‍ക്കുന്നത് കണ്ണന്‍ കണ്ടിട്ടുണ്ട്.
”നിന്റെ അച്ഛന്റെ അമ്മാവന്‍ ഒരു ജന്മിയാ.” അമ്മ കണ്ണനോടു പറഞ്ഞു.
”ജന്മി എന്നു പറഞ്ഞാല്‍ ആരാ…? ”
”കുറെ പശുക്കളും കൃഷി ചെയ്യാന്‍ കുറെ പറമ്പുകളും പാടങ്ങളുമുള്ള ആയാളെ ആണ് ജന്മിയെന്ന് വിളിക്കുന്നത്.” അമ്മ കണ്ണന് പറഞ്ഞുകൊടുത്തു.
”അച്ഛനും ജന്മിയല്ലേ.? നമുക്കും കാളകളില്ലേ..?”കണ്ണന്‍ ചോദിച്ചു.
”കാളകളുണ്ടായാല്‍ ജന്മിയാവില്ല. നമുക്ക് കുറച്ച് പാടമല്ലേ ഉള്ളു. മറ്റുള്ളവരുടെ പാടത്താ അച്ഛന്‍ കൃഷിചെയ്യുന്നത്. കൃഷി ചെയ്തു ണ്ടാക്കുന്ന നെല്ലിന്റെ നേര്‍പകുതി ഉടമസ്ഥന് കൊടുക്കണം. ബാക്കി യുള്ള നെല്ലും വൈക്കോലും മാത്ര മേ കൃഷി ചെയ്യുന്ന ആള്‍ക്കു കിട്ടൂ. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര് ജന്മിയല്ല.” അമ്മ പറഞ്ഞു.
അച്ഛനും ജന്മിയായാല്‍ മതിയാ യിരുന്നു എന്നാണ് അപ്പോള്‍ കണ്ണന്‍ ആഗ്രഹിച്ചത്. അച്ഛന്‍ എന്തുകൊണ്ടാണ് ജന്മി ആകാഞ്ഞത് എന്ന് അമ്മയോട് ചോദിച്ചപ്പോള്‍ അതിന് മറുപടി പറഞ്ഞില്ല. അതുകൊണ്ട് അതൊരു സംശയമായി അവന്റെ മനസ്സില്‍ കിടന്നു.
ആവിശ്യത്തിന് ആഹാരം കിട്ടാത്തതുകൊണ്ടാവും കറുമ്പിക്കുട്ടി മെലിഞ്ഞതെന്ന് അവന് മനസ്സിലായി. മെലിഞ്ഞിട്ടാണെങ്കി ലും അതിന്റെ കുറുമ്പിന് ഒരു കുറവും ഉണ്ടായിരുന്നില്ല. തൊഴുത്തില്‍ കെട്ടിയ അവളുടെ അടുത്തേക്കു ചെന്നപ്പോള്‍ അവള്‍ തലയിളക്കി പ്രതിഷേധിച്ചു. വീടിന്റെ കിഴക്കുഭാഗത്തുള്ള കളപ്പുരയോടു ചേര്‍ന്നുള്ള തൊഴുത്തില്‍ കാളകളെ കെട്ടിയിരുന്നതിന്റെ വടക്കേ അറ്റത്താണ് കറുമ്പിയെ അച്ഛന്‍ കെട്ടിയത്. കറുമ്പിയുടെ മിനുസമുള്ള ദേഹത്ത് തടവുന്നത് കണ്ണന് ഇഷ്ടമാണ്. പക്ഷേ അത് അവള്‍ക്ക് ഇഷ്ടമല്ലെന്ന ഭാവത്തില്‍ തലയിളക്കി കണ്ണനോട് പ്രതിഷേധിച്ചു.
കാളകള്‍ക്ക് കൊടുക്കാത്ത പ്രത്യേക പരിഗണനയാണ് കറുമ്പി ക്ക് അമ്മ കൊടുത്തത്. അമ്മയുടെ പരിചരണത്തില്‍ ദിവസം കഴിയുംന്തോറും കറുമ്പി തടിച്ചു കൊഴുത്ത് സുന്ദരിയാവാന്‍ തുടങ്ങി.
കാളകളെക്കൊണ്ട് ജോലി എടുപ്പിക്കുന്നതിനാല്‍ അതിന്റെ കാര്യത്തില്‍ അച്ഛന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കാളകളെ കുളിപ്പിക്കാന്‍ തോട്ടിലേയ്ക്കു കൊണ്ടുപോകുമ്പോള്‍ കറുമ്പി യേയും അച്ഛന്‍ കൊണ്ടുപോയി. സ്‌കൂളില്ലാത്ത ദിവസം അച്ഛനോ ടൊപ്പം കണ്ണനും തോട്ടിലേയ്ക്ക് പോകാറുണ്ട്.
ഒരുദിവസം അച്ഛന്‍ കറുമ്പിയെ കുളിപ്പിച്ച് തെങ്ങിന്റെ തടത്തില്‍ കെട്ടിയപ്പോഴാണ് കണ്ണന്‍ അതിന്റെ അടുത്തേക്ക് സ്‌നേഹം പ്രകടിപ്പിക്കാനായി ചെന്നത്. അച്ഛന്‍ അടുത്തുതന്നെ ഉണ്ടായിരുന്നു. കറുമ്പിക്ക് കൊമ്പ് മുളച്ചു വരുന്നത് അവന്‍ കണ്ടു. ആ കൊമ്പില്‍ തൊടാ നായി ശ്രമിച്ചപ്പോള്‍ അവള്‍ കണ്ണനെ ഇടിച്ച് നിലത്തിട്ടു. നിലത്തു വീണെ ങ്കിലും കാര്യമായി പരിക്കൊന്നും പറ്റിയില്ല. അപ്പോള്‍ അച്ഛന്‍ ദേഷ്യ ത്തോടെ കറുമ്പിയുടെ മുതുകത്ത് കയ്യുകൊണ്ട് രണ്ടുമൂന്ന് അടികൊടു ത്ത് കണ്ണനെ തള്ളിയിട്ടതിനുള്ള ശിക്ഷ അവള്‍ക്കു കൊടുത്തു. അതിനുശേഷം കറുമ്പിയുടെ അടുത്തു പോകാന്‍ കണ്ണന്‍ ഭയന്നു.
(തുടരും)