ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്? ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു. Something is rotten in the state of Denmark.. തിരഞ്ഞെടുപ്പ് അങ്കത്തില്‍ ജയിച്ച ഒരു മുഖ്യമന്ത്രി തെരുവിലെ പോരാട്ടത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നു.അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറയുംപോലെ നന്ദിഗ്രാമില്‍ തോറ്റതിന് നാട്ടുകാരോട് എന്ന രീതിയില്‍ മമതാബാനര്‍ജീ പെരുമാറുന്നു. രാമായണത്തിലെ താടകയെ പോലെ ‘ഇവളെ പേടിച്ചാരും നേര്‍വഴി നടപ്പീല’ എന്ന് മനുഷ്യരെ കൊണ്ട് പറയിക്കാന്‍ മമത ദീദി വെമ്പല്‍ കൊള്ളുന്നത് പോലെ തോന്നുന്നു. മണ്ഡോദരി ആകാനുള്ള അംഗീകാരം ജനങ്ങള്‍ നല്‍കി എങ്കിലും മണ്ണാതിപീച്ചി ആവാനാണ് തനിക്കു താല്പര്യം എന്ന് മമത ദീദി പറഞ്ഞാല്‍ എന്ത് ചെയ്യും? ഭുജ ബല പരാക്രമം കൊണ്ടും ഭീഷണി കൊണ്ടും അക്രമം കൊണ്ടും കാര്യം നേടുന്ന ശൈലിക്ക് ഹിന്ദിയില്‍ ദാദാഗിരി എന്ന് പറയും. ദീദി എന്ന് വിളിപ്പേരുള്ള മമത ബംഗാളിലെ തെരുവീഥികളില്‍ ഒരുദീദിഗിരി അഴിച്ചുവിട്ടിരിക്കുകയാണ്.
ഈ അക്രമത്തിനു പിന്നില്‍ മമത ആണ് എന്ന് പറയാനുള്ള കാരണം എന്താണ്? മമത അക്രമത്തെ നിയന്ത്രിക്കുന്നില്ല, ന്യായീകരിക്കുന്നു എന്നത് തന്നെ. ആദ്യം കൈയ്യൊഴിഞ്ഞു നോക്കി. അക്രമം നടന്നപ്പോള്‍ തനിക്കായിരുന്നില്ല ക്രമസമാധാനത്തിന്റെ ചുമതല, ഇലക്ഷന്‍ കമ്മീഷന് ആയിരുന്നു എന്ന് പറഞ്ഞ് ഒഴിയാന്‍ നോക്കി. പക്ഷെ അത് വിലപ്പോയില്ല. ഒരു ഗവണ്‍മെന്റിന്റെ കാലാവധി കഴിഞ്ഞ് മറ്റൊരു ഗവണ്‍മെന്റ് സത്യപ്രതിജ്ഞ ചെയ്യുംവരെ നിലവിലുള്ള ഗവണ്‍മെന്റ് കാവല്‍സര്‍ക്കാര്‍ ആയി തുടരും എന്നത് ജനാധിപത്യത്തിന്റെ ബാലപാഠമാണ്. ഗവര്‍ണ്ണര്‍ പരസ്യമായി ശാസിച്ചപ്പോള്‍, മമത ചുവടു മാറ്റി ചവിട്ടി. അക്രമം അഴിച്ചുവിട്ടത് തങ്ങള്‍ അല്ല മറ്റേ കൂട്ടരാണ് എന്ന ആരോപണവുമായി വന്നു. അതോടെ കള്ളി വെളിച്ചത്തായി. അക്രമം ഉണ്ടായി എന്ന് അവര്‍ തന്നെ സമ്മതിച്ചു. ഈസോപ്പിന്റെ കഥകളില്‍, വെള്ളം കലക്കിയത് നീ അല്ലെങ്കില്‍ നിന്റെ അപ്പൂപ്പന്‍ ആണ് എന്ന് പറഞ്ഞ് ആട്ടിന്‍കുട്ടിയുടെ മേല്‍ ചാടിവീണ ചെന്നായയെ പോലെ, ഇല്ലാവചനം പറഞ്ഞ് ശല്യം ഉണ്ടാക്കുകയാണ് മമതാ ദി.
എന്താണ് യഥാര്‍ത്ഥത്തില്‍ ബംഗാളില്‍ സംഭവിച്ചത്? തിരഞ്ഞെടുപ്പില്‍ മമതയുടെ പാര്‍ട്ടി തന്നെ വിജയിച്ചു. പക്ഷെ മമത പരാജയപെട്ടു. നന്ദി ഗ്രാമിലെ ജനങ്ങള്‍ മമതയെ തിരസ്‌കരിച്ചു. ഇതൊരു വലിയ തിരിച്ചടിയായി.നന്ദിഗ്രാമിലെ ജനങ്ങള്‍ക്കു നന്ദി ഇല്ല എന്ന് കരുതിയ മമത അവരെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. അക്രമത്തിന്റെ പാഠം, ഭീഷണിയുടെ പാഠം, കൊലപാതകത്തിന്റെ പാഠം. രാഷ്ട്രീയ പ്രതിയോഗികളെ തിരഞ്ഞു പിടിച്ചു വെട്ടിക്കൊല്ലാന്‍ തുടങ്ങി. കംബോഡിയയില്‍ ചെയ്തത് പോലെ, ബംഗ്ലാദേശില്‍ പാക്കിസ്ഥാന്‍ ചെയ്തത് പോലെ, ജര്‍മനിയിലും ഓസ്ട്രിയയിലും പോളണ്ടിലും, ഹിറ്റ്‌ലര്‍ ജൂതന്‍മാരോട് ചെയ്തത് പോലെ .
ബംഗാളില്‍ നടന്നത് വെറും നരഹത്യ അല്ല. വംശഹത്യ ആണെന്ന് ദൃക്‌സാക്ഷികളും നിരീക്ഷകരും വിലയിരുത്തുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെയും റോഹി ങ്ക്യന്‍സ് എന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വിഭാഗത്തെയും മമത ഇതിനായി നിയോഗിച്ചു എന്നാണ് കണ്ടെത്തല്‍.
ആരാണ് ഈ റോഹിങ്ക്യക്കാര്‍? മുസ്ലിം വിഭാഗത്തില്‍ പെട്ടവരാണ്. പക്ഷെ മുസ്ലിങ്ങള്‍ പോലും ഇവരെ അംഗീകരിക്കുന്നില്ല. കാരണം ഇവര്‍ കുറ്റവാളികളാണ്. മ്യാന്മറില്‍ നിന്ന് ഇവരെ കൂട്ടത്തോടെ ഇറക്കി വിട്ടു. ഇവര്‍ പല കപ്പലുകളില്‍ ആയി മുസ്ലിം രാജ്യങ്ങളിലേക്ക് പോകാന്‍ തുനിഞ്ഞു. ഒരു രാജ്യവും ഇവരെ സ്വീകരിച്ചില്ല. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം തന്നെ കാരണം. 25000 ആളുകള്‍ കടലില്‍ തന്നെ കുറെ നാള്‍ കഴിഞ്ഞുകൂടി. അങ്ങനെ ‘ഷിപ് പീപ്പിള്‍’ എന്ന പേരും കിട്ടി. ഒടുവില്‍ യുഎന്‍ സൗദി അറേബ്യയോട് ചോദിച്ചു. ‘മാനുഷിക പരിഗണന നല്‍കി ഇവരെ സ്വീകരിച്ചു കൂടെ?’ എന്ന് സൗദി അറേബ്യ പറഞ്ഞു, ഇവര്‍ ഞങ്ങളുടെ മണ്ണില്‍ കാലുകുത്തുന്ന പ്രശ്‌നമേ ഇല്ല. ഏതെങ്കിലും രാജ്യം ഇവരെ സ്വീകരിച്ചാല്‍ അതിനുള്ള ചിലവ് ഞങ്ങള്‍ വഹിച്ചു കൊള്ളാം. അങ്ങനെ ഇന്തോനേഷ്യ ഒരു വര്‍ഷത്തേക്ക് ഇവരെ സ്വീകരിക്കാന്‍ തയാറായി. പക്ഷെ ആറു മാസം കഴിഞ്ഞപ്പോള്‍ ഇന്തോനേഷ്യയും ഇവരോട് സ്ഥലം കാലിയാക്കാന്‍ പറഞ്ഞു. അങ്ങനെയുള്ള റോഹിങ്ക്യന്‍സിനെ ആണ് മാമതാജി കൂട്ട് പിടിച്ചിരിക്കുന്നുന്നത് എന്നാണ് റിപ്പോര്‍ട്ട്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഈനാംപേച്ചിക്ക് മരപ്പട്ടി സംബന്ധം.
ഇതൊരു രാഷ്ട്രീയ കലാപമാണ് എന്ന് ചില മാധ്യമങ്ങളും മമതയും പറയുന്നു. ഇത് വര്‍ഗ്ഗീയ കലാപമോ വംശഹത്യയോ അല്ല എന്ന് വരുത്തി തീര്‍ത്തു വെള്ളപൂശാനുള്ള ശ്രമമായിട്ടാണ് നിഷ്പക്ഷമതികള്‍ ഇതിനെ വിലയിരുത്തുന്നത്. കലാപം ഉണ്ടാക്കിയത് മമത അല്ലെങ്കില്‍ എന്തുകൊണ്ട് ഇതിനെ ശക്തമായി അടിച്ചമര്‍ത്തുന്നില്ല? വര്‍ഗ്ഗിയ ലഹള കൈകാര്യം ചെയ്യുന്നതിന്റെ മൂലമന്ത്രം തന്നെ ശഠനോട് ശാഠ്യം എന്നാണ്. മുഖം നോക്കാതെ, സമയം പാഴാക്കാതെ ഉടനടി നടപടിയെടുക്കുക. ആവശ്യമെങ്കില്‍ പട്ടാളത്തെയും നിയോഗിക്കുക. വര്‍ഗ്ഗീയ ലഹളയേയും തീവ്രവാദത്തേയും ഇറക്കിവിട്ടാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. രാഷ്ട്രീയമായ കാരണത്താല്‍ ഇന്ദിര ഗാന്ധി ഭിന്ദ്രന്‍ വാലയെ വളര്‍ത്തി വിട്ടു. ഒടുവില്‍ അയാളുടെ ആളുകള്‍ തന്നെ ഇന്ദിരാ ഗാന്ധിയെ വെടി വെച്ച് വീഴ്ത്തിയ ദാരുണ സംഭവം നാം കണ്ടു. ഡല്‍ഹിയിലെ തെരുവുകളില്‍ സിഖുകാര്‍ക്കെതിരെ വംശീയ കലാപം അഴിച്ചു വിട്ടു. അതും കൈവിട്ടു പോയി. എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്. രണ്ടുവര്‍ഗ്ഗീയ കലാപങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സാഹചര്യം എനിക്കുണ്ടായിട്ടുണ്ട്. കൊല്ലത്തു കളക്ടര്‍ ആയിരിക്കുമ്പോള്‍ പുതിയകാവ് സംഭവം. കാസര്‍കോട് സബ്കളക്ടര്‍ ആയിരിക്കുമ്പോള്‍ ഉണ്ടായ നാഗവന പ്രശ്‌നം. പുതിയകാവ് ക്ഷേത്രത്തിന്റെ മുന്നിലുള്ള മൈതാനം ചിലര്‍ മീന്‍ ചന്ത ആക്കി മാറ്റി. ഇത് ക്ഷേത്ര വിശ്വാസികളെ ചൊടിപ്പിച്ചു. തര്‍ക്ക വിതര്‍ക്കങ്ങളായി. ചിലര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചു. അക്രമവും തീവെപ്പും ഉണ്ടായി. ലേഖകന്‍ സ്ഥലത്തെത്തുമ്പോള്‍ കാണുന്നത് പൈശാചികമായ രൂപഭാവങ്ങളോടെ അക്രമികള്‍ കടകള്‍ക്കു തീ വെക്കുന്നു. വാഹനങ്ങള്‍ കത്തിക്കുന്നു. പോലീസിനെ തടയാന്‍ വഴിക്കു കുറുകെ പൈപ്പുകള്‍ വലിച്ചിട്ടിരിക്കുന്നു. പോലീസ് ആക്ഷന്‍ തുടങ്ങി എല്ലാറ്റിനെയും അടിച്ചോടിച്ചു. വെടിവെപ്പ് വേണ്ടി വന്നില്ല. ഇതിനിടയില്‍ നിറയെ മാരകായുധങ്ങളുമായി വന്ന ഒരു ജീപ്പ് പോലീസ് പിടിച്ചു. ആ ജീപ്പ് അയച്ചത് മാന്യതയുടെ മുഖംമൂടിയുമായി നടക്കുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണെന്ന് തെളിഞ്ഞു. എല്ലാ വര്‍ഗീയ ലഹളയുടെയും പിന്നില്‍ ഏതെങ്കിലും സ്ഥാപിത താല്പര്യക്കാരുടെ കറുത്തകൈ ഉണ്ടാവും. മിക്കവാറും രാഷ്ട്രീയക്കാര്‍ തന്നെ ആയിരിക്കും അതിന്റെ പിന്നില്‍. ബംഗാളില്‍ മുഖ്യമന്ത്രി തന്നെ ആണ് ഇതിന്റെ പിന്നില്‍ എന്ന് പറയുമ്പോള്‍ വേലി തന്നെ വിളവ് തിന്നുന്ന പ്രതീതി ആണ് സാധാരണ ജനങ്ങള്‍ക്ക്.
ഗുരുതരമായ ഭരണഘടനാ പ്രശ്‌നങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഒരു സംസ്ഥാന ഗവണ്‍മെന്റും സ്വതന്ത്രമല്ല. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന ഒരു ഫെഡറല്‍ സംവിധാനമാണ് നമുക്കുള്ളത്. കേന്ദ്രത്തിനു ഏതൊക്കെ വിഷയങ്ങളില്‍ മേല്‍ക്കോയ്മ ഉണ്ട്, സംസ്ഥാനത്തിന് ഏതൊക്കെ വിഷയങ്ങളില്‍ സ്വതന്ത്ര തീരുമാനം എടുക്കാം. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഏതൊക്കെ വിഷയങ്ങളില്‍ തീരുമാനിക്കാം എന്നതിന്റെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനയില്‍ ഉണ്ട്. യൂണിയന്‍ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ്. ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ ഒരു സംസ്ഥാനം വീഴ്ച വരുത്തി എന്ന് കണ്ടാല്‍ സംസ്ഥാന മന്ത്രിസഭ പിരിച്ചുവിട്ട് ഭരണം പ്രസിഡന്റിന്റെ കീഴില്‍ കൊണ്ടുവരാനുള്ള വകുപ്പുകള്‍ ഭരണഘടനയില്‍ ഉണ്ട്. ഇത് നമ്മുടെ രാജ്യത്തു പലവട്ടം ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചന സമരത്തിന്റെ പശ്ചാത്തലത്തില്‍ പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകയുണ്ടായി. അതിനുശേഷം പലവട്ടം കേരളം പ്രസിഡന്റ് ഭരണത്തില്‍ വന്നു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മമതയുടെ മുന്‍പില്‍ രണ്ടു മാര്‍ഗങ്ങളെ ഉള്ളു. ഒന്നുകില്‍ അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് കൊല്‍ക്കത്തയിലെ മന്ത്രാലയമായ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ ഇരുന്ന് മര്യാദയ്ക്കു ഭരഘടന അനുസരിച്ച ഭരിക്കുക. ഇപ്പോഴത്തെ മട്ടുകണ്ടിട്ട് അവര്‍ അതിനു തയ്യാറാണ് എന്ന് തോന്നുന്നില്ല.
എങ്കില്‍ രാജ്ഭവനിലൂടെ പ്രസിഡന്റ് ബംഗാള്‍ ഭരിക്കും. ഏതായാലും ബംഗാള്‍ ഭരിക്കാന്‍ ബംഗ്ലാദേശികളെയും റോഹിങ്ക്യകാരെയും ഭരണഘടന സമ്മതിക്കില്ല, രാജ്യം സമ്മതിക്കില്ല, ജനങ്ങള്‍ സമ്മതിക്കില്ല.
അനലാസുരന്റെ കഥ ഓര്‍ത്തു പോകുന്നു. യമധര്‍മ്മന് അപ്‌സരസ്സായ തിലോത്തമയില്‍ ഉണ്ടായ പുത്രന്‍. അവന്‍ മതിച്ചുല്ലസിച്ച് സകലതിനെയും തകര്‍ത്താടി, സംഹാര താണ്ഡവം നടത്തി. ഇവനെ ആര് നിയന്ത്രിക്കാന്‍? ദേവന്മാര്‍ വിഷണ്ണര്‍ ആയി. ഇവനെ നശിപ്പിക്കാന്‍ ഗണപതിക്കെ കഴിയൂ. ഒരു പൊരിഞ്ഞ യുദ്ധത്തിനൊന്നും ഗണപതി തയ്യാറായിരുന്നില്ല. വിശപ്പേറിയ ഗണപതി തുമ്പിക്കൈ നീട്ടിയെറിഞ്ഞ് അനലാസുരനെ ചുറ്റി പിടിച്ചു. നേരെ വായിലേക്ക് വെച്ച്, വിഴുങ്ങി. മമതാ ജി ഒന്നു മനസ്സിലാക്കണം. ഭരണഘടന തുമ്പിക്കൈ നീട്ടി എറിയാന്‍ തുടങ്ങി. വെറുതെ ഗണപതി പ്രാതലായി മാറാതെയിരിക്കുക. പൂതനയെ പോലെ വന്ന് ജനാധിപത്യത്തെ വിഷമുല ഊട്ടി കൊല്ലാന്‍ ശ്രമിക്കരുത്. ശകുനിയെപോലെ കള്ളച്ചൂത് കളിച്ചു ജനാധിപത്യത്തെ വനവാസത്തിന് അയക്കാം എന്ന് കരുതരുത്. ഇന്ത്യന്‍ ഭരണഘടനയെയും ഫെഡറലിസത്തെയും അരക്കില്ലത്തില്‍ ഇട്ടു ചുട്ട് കൊല്ലാം എന്ന് വ്യാമോഹിക്കരുത്. ബംഗാളും ബംഗ്ലദേശും ചേര്‍ന്ന ഒരു വിശാല ബംഗാള്‍ ഉണ്ടാക്കി അതിലെ ഇസ്‌പേഡ് റാണി ആയി വിലസാം എന്ന് കരുതരുത്. മമത ദി, നിങ്ങള്‍ ഇന്ത്യയിലെ പല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ്. ഇന്ത്യയെ ധിക്കരിക്കാം എന്ന് നിങ്ങള്‍ കരുതിയാല്‍ മനസിലാക്കൂ ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നേം, തുള്ളിയാല്‍ ചട്ടിയില്‍ എന്ന്. യുദ്ധകാണ്ഡം വീടൂ മമത. സുന്ദര കാണ്ഡമാണ് നന്ന്. രബീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത് ഓര്‍മയില്ലേ-‘ചിത്ത ജഥ വൈഷുന്നോ, ഉച്ച ജഥ ഷീര്‍ ഗ്യാന്‍ ജഥമുക്തോ’ – ഭയമില്ലാത്ത മനസ്സും തലയെടുപ്പും വിലക്കില്ലാത്ത അറിവും ഉള്ള സ്വര്‍ഗ്ഗതുല്യമായ സ്വതന്ത്ര ഭാരതഭൂമിയില്‍ കൈകോര്‍ത്ത് മുന്നേറുകയല്ലേ ഉചിതം മമതാദി. അതല്ല, ഓലപ്പാമ്പു കാട്ടി പേടിപ്പിക്കാനാണ് ഭാവമെങ്കില്‍ ബംഗാളിലെ സാധാരണക്കാര്‍ മുഴക്കുന്ന ഒരു മുദ്രാവാക്യം ഉണ്ടല്ലോ. ‘ചല്‍ബോന, ചല്‍ബോന, ഹോബേന, ഹോബേന’ – ‘നടപ്പില്ല, നടപ്പില്ല, ഉടായിപ്പ് നടപ്പില്ല..’ ഇന്ത്യന്‍ ജനത നോക്കുകുത്തികള്‍ അല്ല. ഒരേയൊരിന്ത്യ. ഒരൊറ്റ ജനത. ഓര്‍മയുണ്ടായാല്‍ നന്ന്.
Comments