ശ്രീശങ്കരജയന്തി (മെയ് 18)
ഏകദേശം 2400 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആലുവാ നദീതീരത്തുള്ള കാലടി ഗ്രാമത്തില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും ഏകസന്താനമായി ശ്രീശങ്കരന്‍ ഭൂജാതനായി. സന്താനഭാഗ്യമില്ലാതിരുന്ന അവര്‍ ദീര്‍ഘകാലം ശിവഭജനം ചെയ്തതിന് ശേഷം ലഭിച്ച സന്താനമാണ് ശ്രീശങ്കരന്‍. അതുകൊണ്ട് തന്നെ ആ ദിവ്യബാലന്റെ മേധാശക്തി കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഏഴാം വയസ്സില്‍ തന്നെ സംന്യാസജീവിതം സ്വീകരിച്ച് നര്‍മ്മദാതീരത്ത് ഓങ്കാരേശ്വരത്ത് വസിച്ചിരുന്ന മഹാജ്ഞാനിയായ ഗോവിന്ദഭഗവദ്പാദരുടെ സവിധത്തില്‍ എത്തുകയും കേവലം ഒരു വര്‍ഷം കൊണ്ട് സകലശാസ്ത്രങ്ങളും പഠിക്കുകയും അവ അനുഭവത്തില്‍ വരുത്തി വിജ്ഞാനദശയിലേക്കുയര്‍ന്ന ഒരു മഹാത്മാവായി മാറുകയും ചെയ്തു.
ഇങ്ങനെയുള്ള ജ്ഞാനികള്‍ക്ക് ജനനമോ മരണമോ ഇല്ല. കാരണം ജനനമരണങ്ങള്‍ ശരീരത്തിനാണ്. താന്‍ ശരീരമല്ല, ജനനമരണരഹിതമായ ആത്മാവാണ് എന്ന് ബോധിച്ചവരാണവര്‍ എങ്കിലും അത്തരം മഹാത്മാക്കളുടെ ജയന്തിയും സമാധിയുമൊക്കെ നമ്മള്‍ ആചരിക്കുന്നത് അവര്‍ കാട്ടിത്തന്ന ആ മാര്‍ഗ്ഗത്തിലൂടെ സമൂഹം ചരിക്കുന്നതിന് ഒരു പ്രേരണയാവട്ടെ എന്ന് കരുതിയിട്ടാണ്. ശങ്കരാചാര്യസ്വാമികളുടെ ജനനം സനാതനധര്‍മ്മത്തിന് ഏറ്റവും വലിയ വെല്ലുവിളി അഭിമുഖീകരിച്ച് കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു.
വേദത്തില്‍ ‘അദ്ധ്വരേ പശും ഹിംസ്യാത്’ എന്നുണ്ട്. അതായത് യാഗത്തില്‍ നമ്മുടെ പശുബുദ്ധിയെ ഹിംസിക്കണം എന്നാണ്. ഇണ ചേരുക, ഇര തേടുക എന്ന കേവലമായ മൃഗങ്ങളുടെ ബുദ്ധിയാണ് പശുബുദ്ധി. അതുമാത്രമാണ് മനുഷ്യജീവിതത്തിനുമുള്ളത് എന്ന് കരുതിയാല്‍ അത് വലിയ അധഃപതനത്തിന് കാരണമാവും. അതുകൊണ്ട് വേദം പറയുന്നു യാഗയജ്ഞങ്ങളില്‍ നിങ്ങള്‍ പശുവിനെ ഹിംസിക്കണം എന്ന്.
യാഗയജ്ഞങ്ങള്‍ അന്തഃകരണ ശുദ്ധിയിലൂടെ മനുഷ്യന് ഉയരാനാണ്. അങ്ങനെ ഉയര്‍ച്ച വേണമെങ്കില്‍ ഇത്തരം യാഗയജ്ഞങ്ങളില്‍ നിങ്ങളുടെ പശുബുദ്ധിയെ ഹോമിക്കണം എന്നാണ് താത്പര്യം. പക്ഷേ അതിന് തയ്യാറാകാതെ പശുക്കളെ പിടിച്ചുകൊണ്ടുവന്ന് ഇത്തരം യാഗയജ്ഞങ്ങളില്‍ കൂട്ടംകൂട്ടമായി കൊല്ലാന്‍ തുടങ്ങി. ഇപ്രകാരം മിണ്ടാപ്രാണികളും നിര്‍ദോഷികളുമായ പശുക്കളുടെ ദീനരോദനം ശാന്തിമന്ത്രങ്ങള്‍ ഉയരേണ്ട യാഗയജ്ഞ വേദികളില്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ അത് സനാതനധര്‍മ്മത്തെ അധഃപതിപ്പിക്കും എന്ന ഒരു സ്ഥിതി സംജാതമായ ഘട്ടത്തിലാണ് ഭഗവാന്‍ ശ്രീ ബുദ്ധന്‍ അവതരിക്കുന്നത്.
സര്‍വചരാചരങ്ങളും ഒരേ പരമാത്മാവിന്റെ തന്നെ ചൈതന്യമാണെന്നും അതുകൊണ്ട് ഒന്നിനെയും ഹിംസിക്കരുത് എന്ന വേദത്തിലെ ആശയങ്ങള്‍ തന്നെയാണ് ഭഗവാന്‍ ശ്രീബുദ്ധന്‍ സമാജത്തില്‍ പ്രചരിപ്പിച്ചത്. പക്ഷേ ഇത് വൈദിക ആശയമാണെന്ന് ബുദ്ധ ഭഗവാന്‍ പറഞ്ഞില്ല. വേദത്തെ വന്ദിക്കുകയോ നിന്ദിക്കുകയോ ചെയ്യാതെ തന്റേതായ രീതിയില്‍ വൈദിക ആശയങ്ങള്‍ സമാജത്തില്‍ പ്രചരിപ്പിച്ചു. പക്ഷേ ബുദ്ധഭഗവാന്റെ കാലശേഷം ക്രമേണ ബുദ്ധമതാനുയായികള്‍ വേദനിഷേധികളും ശൂന്യവാദികളുമായി സനാതനധര്‍മ്മത്തിന് വീണ്ടും വലിയ അപചയം സംഭവിക്കുന്ന ഒരു ഘട്ടത്തിലാണ് ശങ്കരാചാര്യസ്വാമികളുടെ അവതാരമുണ്ടായത്.
ശങ്കരാചാര്യസ്വാമികള്‍ വേദത്തിന്റെ പിന്‍ബലത്തിലാണ് തന്റെ ആശയങ്ങള്‍ ശ്രുതി യുക്തി അനുഭവത്തിലൂടെ സ്ഥാപിച്ചത്. എട്ടാം വയസ്സില്‍ ആരംഭിച്ച ഗ്രന്ഥരചന പതിനാറാം വയസ്സില്‍ പൂര്‍ത്തിയാക്കി സനാതന ധര്‍മ്മത്തിന്റെ അടിത്തറയായ പ്രസ്ഥാനത്രയത്തിന് ഭാഷ്യവും രചിച്ചു. ( ഉപനിഷത്ത്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നിവയാണ് പ്രസ്ഥാനത്രയം.). പിന്നീടങ്ങോട്ടുള്ള കാലഘട്ടത്തിലാണ് ഭാരതത്തിന്റെ അങ്ങോളമിങ്ങോളം സഞ്ചരിച്ച് വ്യത്യസ്ത മതാനുയായികളെ വാദപ്രതിവാദത്തിലൂടെ നിശബ്ദരാക്കി. അതില്‍ കുറെ പേര്‍ തന്റെ ശിഷ്യന്മാരായി ചേരുകയും ചെയ്തു.
ഈ സമയത്ത് തന്നെ തന്റെ ശിഷ്യന്മാര്‍ക്ക് ഉപദേശം കൊടുക്കുന്നതിന്റെ ഭാഗമായി ഒരുപാട് കൃതികള്‍ വിരചിക്കപ്പെട്ടു. വിവേകചൂഢാമണി മുതല്‍ ഒരു ശ്ലോകം മാത്രമുള്ള ഏകശ്ലോകി മുതല്‍ 1008 ശ്ലോകങ്ങളുള്ള ഉപദേശസാഹസ്രി, സര്‍വവേദാന്തസാരസംഗ്രഹം തുടങ്ങിയവയും സാധകന്‍മാര്‍ക്ക് വേണ്ടിയിട്ടുള്ള ദേവതാസ്തുതികളും അവിടുന്ന് രചിച്ചു. സനാതന ധര്‍മ്മത്തില്‍ കടന്നുകൂടിയ അനാചാരങ്ങളെയും ദുരാചാരങ്ങളെയും മാറ്റാന്‍ ഉപദേശങ്ങള്‍ മാത്രം കൊടുത്തിട്ട് കാര്യമില്ല മറിച്ച് ശരിയായ ശാസ്ത്രത്തിന്റെ പ്രകാശം നല്‍കുക മാത്രമാണ് പോംവഴി എന്ന് മനസ്സിലാക്കി ഭാരതത്തിന്റെ നാല് അതിര്‍ത്തികളിലായി ബദരി, ദ്വാരക, പുരി, ശൃംഗേരി എന്നിവിടങ്ങളില്‍ നാല് മഠങ്ങള്‍ ആചാര്യസ്വാമികള്‍ സ്ഥാപിച്ചു. തന്റെ ശിഷ്യന്മാരില്‍ പ്രധാനികളായ നാലുപേരെ നാലു മഠങ്ങളുടെ ഉത്തരവാദിത്വം നല്‍കി ശാസ്ത്ര പ്രചരണത്തിനുവേണ്ട സംവിധാനങ്ങള്‍ ചെയ്തു. ഇതെല്ലാം കേവലം 32 വയസ്സിനുള്ളിലാണ് ചെയ്തത്. തുടര്‍ന്ന് തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയായി, തന്റെ ശരീരം ഉപേക്ഷിക്കേണ്ട സമയമായി എന്ന് മനസ്സിലാക്കി ഏകനായി കേദാര്‍നാഥിലേക്ക് കയറിപ്പോയി അവിടെ കേദാരേശ്വരനെ ദര്‍ശിച്ച് ക്ഷേത്രത്തിന്റെ പിന്നിലൂടെ താഴേക്ക് ഇറങ്ങിപ്പോയി എന്നാണ് വിശ്വസിക്കുന്നത്.
ഇപ്രകാരം കേവലം 32 വര്‍ഷം മാത്രം ജീവിച്ച് പ്രസ്ഥാനത്രയത്തിന് യുക്തിസഹമായ ഭാഷ്യം രചിച്ച് സനാതനധര്‍മ്മത്തെ ശ്രുതി യുക്തി അനുഭവത്തില്‍ അരക്കിട്ടുറപ്പിച്ച് ഈ ധര്‍മ്മവ്യവസ്ഥയെ വീണ്ടും പ്രഭാവിതമാക്കിയ മഹാമനീഷിയുടെ ഈ ജയന്തി ദിനത്തില്‍ നമുക്കേവര്‍ക്കും നമ്രശിരസ്‌കരായി നമോവാകമര്‍പ്പിക്കാം. ആചാര്യസ്വാമികള്‍ നമുക്ക് നല്‍കിയ ശാസ്ത്രങ്ങളെ സ്വാദ്ധ്യായപ്രവചനങ്ങളിലൂടെ സമാജത്തില്‍ പ്രചരിപ്പിക്കുവാന്‍ നമുക്ക് പരിശ്രമിക്കുകയും ചെയ്യാം.
സ്വാമി ദേവാനന്ദപുരി
9562705787
അദ്വൈതാശ്രമം, കൊളത്തൂര്‍