തൃശ്ശൂര്‍ നഗരത്തിലെ തിരക്കേറിയ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ ‘ശ്രീരാമദത്ത ജനറല്‍ സ്റ്റോഴ്‌സ്’എന്ന പേരില്‍ പലചരക്കു കച്ചവടം നടത്തുന്ന പി.എസ്. അനന്തനാരായണന്റെ ജീവിതം കടയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. കുട്ടിക്കാലത്തു തന്നെ താനാര്‍ജ്ജിച്ച യോഗയുമായി ബന്ധപ്പെട്ട കഴിവുകള്‍ സമൂഹത്തിനു പകര്‍ന്നു കൊടുക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് നാട്ടുകാരുടെ പ്രിയപ്പെട്ട അനന്തന്‍ സ്വാമി.
അന്താരാഷ്ട്ര യോഗ ദിനത്തില്‍ പതിവായി യോഗാഭ്യാസ പ്രദര്‍ശനം നടത്തിവരാറുള്ള അനന്തനാരായണന്‍ ഈ വര്‍ഷം ജലയോഗയില്‍ തന്റെ കഴിവു പ്രകടിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. തൃശ്ശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വടക്കേ ചിറയിലാണ് ‘ജലയോഗ’ സംഘടിപ്പിച്ചത്. അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗയുടെ പ്രാധാന്യവും ജീവിതരീതിയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ചിട്ടയായ ജീവിതശൈലിയിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് അനന്തനാരായണന്‍. പായലും മാലിന്യങ്ങളും നിറഞ്ഞ വടക്കേ ചിറ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന സന്ദേശവും ഈ പരിപാടിയിലൂടെ അദ്ദേഹം മുന്നോട്ടുവെച്ചു.
പുണ്യതീര്‍ത്ഥമായ മാനസസരോവറില്‍ ഒന്‍പത് സെക്കന്റ് നേരം ജലശയനത്തിന് ഭാഗ്യം ലഭിച്ച സ്വാമി, വടക്കുംനാഥന്റെ ജടയായ വടക്കേ ചിറയെ മാനസസരോവറായി സങ്കല്പിച്ച് ഇതിലെ മലിനജലം പാനം ചെയ്താണ് ജലശയനത്തിനു തുടക്കം കുറിച്ചത്. യോഗ ദിനത്തിന്റെ തൊട്ടു തലേ ദിവസം 64-ാം പിറന്നാള്‍ ആഘോഷിച്ച സ്വാമിയുടെ ജലയോഗ കാണാന്‍ വ്യാപാരികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വടക്കേ ചിറയുടെ കരയിലെത്തിയത്. പത്മാസനത്തില്‍ തുടങ്ങിയ യോഗപ്രകടനം മത്സ്യാസനം, വൃഷവാസനം, താണ്ഡവാസനം, താടാസനം, പര്‍വ്വതാസനം, ജലശയനം എന്നിവയിലൂടെ കടന്നുപോയപ്പോള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയമാണ് കാണികള്‍ ‘ശ്വാസംപിടിച്ച്’ യോഗാചാര്യന്റെ അത്ഭുതപ്രകടനങ്ങള്‍ കണ്ടുകൊണ്ട് കരയില്‍ നിന്നത്.
മൂന്നു പതിറ്റാണ്ടുകളായി ജലശയനയോഗവിദ്യകളിലൂടെ പ്രശസ്തനായ അനന്തനാരായണന്‍ കഴിഞ്ഞ വര്‍ഷം എട്ട് മണിക്കൂര്‍ പൂങ്കുന്നം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തില്‍ ജലശയനം നടത്തിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ യോഗവിദ്യയില്‍ ആകൃഷ്ടനായിരുന്ന അനന്തന്‍സ്വാമി മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ സൂര്യനമസ്‌കാരം ചെയ്തുവരുന്നുണ്ട്. വിദ്യാഭ്യാസാനന്തരം ഏതാനും വര്‍ഷങ്ങള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചു. കേരളത്തിലെ മുതിര്‍ന്ന സംഘപ്രചാരകനും പണ്ഡിതനും തന്ത്രശാസ്ത്ര വിദഗ്ദ്ധനുമായ പി. മാധവജിയാണ് യോഗവിദ്യയില്‍ അനന്തനാരായണന്റെ ഗുരു. പ്രാണായാമവും മറ്റ് യോഗാസനങ്ങളും പഠിച്ചത് മാധവജിയില്‍ നിന്നാണ്.
ചെങ്ങന്നൂരില്‍ പ്രചാരകനായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ദിവസം പമ്പയാറിലൂടെ ഒരു സന്യാസി പത്മാസനത്തില്‍ ജലോപരിതലത്തിലൂടെ ഒഴുകിവരുന്നതു കണ്ടു. ഈ കാഴ്ചയാണ് ജലയോഗയില്‍ കൂടുതല്‍ പരിശീലനം നടത്താന്‍ പ്രേരണയായത്. യോഗപ്രചരണം കൂടാതെ പ്രാവുകള്‍ക്കും മറ്റ് ജീവികള്‍ക്കും ആഹാരം നല്‍കുന്നതടക്കമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അനന്ത നാരായണന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. വടക്കാഞ്ചേരി ചാലിപ്പാടത്ത് വടക്കേമഠം സംസ്‌കൃത പണ്ഡിതന്‍ പി.ആര്‍. സുബ്രഹ്മണ്യന്‍ ആണ് പിതാവ്. അമ്മ വിശാലാക്ഷി. ഭാര്യ ലളിത. രണ്ട് ആണ്‍മക്കള്‍. മുത്ത മകന്‍ സുബ്രഹ്മണ്യന്‍ ആട്ടോമൊബൈല്‍ എഞ്ചിനീയറാണ്. രണ്ടാമത്തെ മകന്‍ ഹരിഹരന്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ്.