വികസനരാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചതിന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഊരുവിലക്കും പുറത്താക്കലും നേരിടേണ്ടി വന്ന രാഷ്ട്രീയ നേതാവാണ് എ.പി. അബ്ദുള്ളക്കുട്ടി (52). വികസന രാഷ്ട്രീയ നിലപാടു ആവര്‍ത്തിച്ചപ്പോള്‍ ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ്സില്‍ നിന്നും അബ്ദുള്ളക്കുട്ടിക്ക് പുറത്ത് പോകേണ്ടിവന്നു. മുന്‍ സിപിഎം എം.പി, മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ എന്നിങ്ങനെയുള്ള ഇരട്ട മേല്‍വിലാസത്തോട് കൂടിയാണ് രണ്ടുതവണ ലോക്‌സഭയിലേക്ക് കണ്ണൂരിനെ പ്രതിനിധീകരിച്ച എ.പി. അബ്ദുള്ളക്കുട്ടി ഇക്കഴിഞ്ഞ ജൂണ്‍ 24ന് ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടിവര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നഡ്ഢയുടെയും പാര്‍ട്ടി പ്രസിഡന്റും കേന്ദ്രആഭ്യന്തരമ്രന്തിയുമായ അമിത്ഷായുടെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. വികസനനയം എന്ന ഭൂതത്തെ കുപ്പിതുറന്ന് വിട്ടാണ് ഇരുപാര്‍ട്ടികളില്‍ നിന്നും അബ്ദുള്ളക്കുട്ടി പുറത്തേക്ക് പോയത്.
1990കള്‍ മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ചു വന്ന അബ്ദുള്ളക്കുട്ടി കണ്ണൂര്‍ പാര്‍ലിമെന്റ് സീറ്റില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി ജയിക്കുമ്പോള്‍ ലോക്‌സഭയിലെ ഏറ്റവും പ്രായകുറഞ്ഞ എം.പിയായിരുന്നു. 2009ല്‍ വീണ്ടും കണ്ണൂരില്‍ നിന്ന് ജനവിധി തേടി വിജയിച്ചു. നരേന്ദ്രമോദിയുടെ വികസനനയത്തെ പ്രകീര്‍ത്തിച്ചതിന് പിന്നീട്, സി.പി.എം പുറത്താക്കി. നരേന്ദ്രമോദിയുടെ വിജയം വികസന മുദ്രാവാക്യമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്നും അബ്ദുള്ളക്കുട്ടിക്ക് പുറത്തുപോകേണ്ടിവന്നു. പക്ഷേ, വികസനമെന്ന തന്റെ രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ അബ്ദുള്ളക്കുട്ടി തയ്യാറായിട്ടില്ല.
എസ്.എഫ്.ഐ.യിലൂടെ, സിപിഎമ്മിലെത്തിയ അബ്ദുള്ളക്കുട്ടി, 1989കളില്‍ കാലിക്കറ്റ് യൂണി. യൂണിയന്‍ ജന. സെക്രട്ടറിയായിരുന്നു. 1995-99 കാലഘട്ടത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ച ശേഷമാണ് 13-ാം ലോകസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. തുടര്‍ന്ന് 14-ാം ലോക്‌സഭയിലും വിജയം കണ്ടു. 2011 മുതല്‍ 2014 വരെ രണ്ട് പ്രാവശ്യം അസംബ്ലിയിലേക്കും മത്സരിച്ച് ജയിച്ചിട്ടുണ്ട്.
കണ്ണൂര്‍ നാറാത്ത് സ്വദേശിയായ അബ്ദുള്ളക്കുട്ടി എസ്.എന്‍. കോളേജിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തി. നിയമബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ഡോ. വി.എന്‍. റോസിന. മക്കള്‍ വിദ്യാര്‍ത്ഥികളായ അമന്‍, തമന.
കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തായപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തോട് വിടപറഞ്ഞ് ബിസിനസ്സില്‍ പൂര്‍ണ്ണമായി ലയിക്കാനായിരുന്നു തീരുമാനം. ബിസിനസ്സുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാനിരിക്കെ അവിചാരിതമായാണ് പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിക്കാനിടയായത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വികസന നയപരിപാടികളെ പ്രശംസിച്ചതിന് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന അബ്ദുള്ളക്കുട്ടിക്ക് പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നരേന്ദ്രമോദി എന്ന വലിയ മനുഷ്യന്‍ ഒരു താങ്ങായിരുന്നു എന്ന് അബ്ദുള്ളക്കുട്ടി തന്നെ സാക്ഷ്യപ്പെടുത്തുന്നു. സുഹൃത്തും ബിജെപി എം.പിയുമായ രാജീവ് ചന്ദ്രശേഖരന്റെ നിര്‍ദ്ദേശമനുസരിച്ച് മോദിയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് അമിത് ഷായെയും കണ്ടു. രണ്ടു പേരുടെയും നിര്‍ദ്ദേശമനുസരിച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 24ന് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ച ശേഷം കണ്ണൂരിലെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി കേസരിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് വിശദീകരിക്കുകയുണ്ടായി. പ്രസക്തഭാഗത്തില്‍ നിന്ന്:
രണ്ട് പ്രാവശ്യം എം.പിയും രണ്ട് പ്രാവശ്യം എം.എല്‍.എയും ആയിരുന്ന താങ്കള്‍ പറഞ്ഞു, ന്യൂനപക്ഷ-ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ കുടുസ്സുമുറിയില്‍ നിന്ന് കേരളീയര്‍ പുറത്ത് വരണമെന്ന്. ഇടത് -വലത് മുന്നണികളുടെ വഞ്ചനാരാഷ്ട്രീയം തുറന്നു പറയുന്ന പ്രസ്താവനയല്ലേ ഇത്.
ഞാനൊരു യാഥാര്‍ത്ഥ്യം പറഞ്ഞു എന്ന് മാത്രം. സിപിഎം എം.പിയായിരിക്കെ, പത്ത് വര്‍ഷം മുമ്പ് വികസനത്തെക്കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവനയായിരുന്നു സിപിഎമ്മില്‍ നിന്ന് പുറത്താകാന്‍ കാരണം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദിജി. ഞാനവിടെ സ്വകാര്യ ആവശ്യാര്‍ത്ഥം ചെന്നപ്പോഴാണ് ആ സംസ്ഥാനത്തിന്റെ വികസന ചിത്രം എനിക്ക് മനസ്സിലായത്. പിന്നീട് ദുബായില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ഗുജറാത്തിന്റെ വികസനവും കേരളത്തിന്റെ അവികസിതാവസ്ഥയും ഞാന്‍ പ്രവാസികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെട്ടു. പിന്നീട് കോണ്‍ഗ്രസ് ക്ഷണമനുസരിച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാറായി. അപ്പോള്‍ കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കള്‍ പറഞ്ഞു, ”അബ്ദുള്ളക്കുട്ടി, ഗുജറാത്ത് മോഡല്‍ വികസന പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ വോട്ട് ചെയ്യില്ല.” ഞാന്‍ പ്രസ്താവന പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ അബ്ദുള്ളക്കുട്ടി വിജയിച്ചു. വികസനത്തെക്കുറിച്ചുള്ള എന്റെ നിലപാടിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു ആ വിജയം.
പുതിയ തലമുറയുടെ രാഷ്ട്രീയം ഇന്ന് മാറിയിരിക്കുന്നു. അവര്‍ക്ക് നല്ല റോഡ് വേണം, സ്മാര്‍ട്ട് സിറ്റി വേണം, മറ്റ് അത്യാവശ്യ ജീവിതസൗകര്യങ്ങള്‍ ലഭ്യമാകണം. അതിനവര്‍ അവരുടെ ഹസ്തങ്ങള്‍ നീട്ടുകയാണ്. രാഷ്ട്രീയഭരണ നേതൃത്വം യുവതലമുറ നീട്ടിപ്പിടിക്കുന്ന കൈകളില്‍ നിന്ന് വികസനത്തിന്റെ, ശാന്തിയുടെ പതാക ഏറ്റുവാങ്ങാന്‍ തയ്യാറാകണം. നരേന്ദ്രമോദി അത് ചെയ്തു.
കേരളത്തില്‍ ഒരു നിക്ഷേപകന് അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥ എന്തായാലും ഗുജറാത്തിലില്ല എന്ന് പറയാനാകും. ഒരു ഉദാഹരണം പറയാം. കേന്ദ്രസര്‍ക്കാര്‍ ഗെയിലിന്റെ രണ്ടു പ്രോജക്ടുകള്‍ കേരളത്തിനും ഗുജറാത്തിനുമായി അനുവദിക്കുകയുണ്ടായി. ഇരുപതിനായിരം കോടിയുടേതായിരുന്നു പദ്ധതി. ഗുജറാത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി അഞ്ചു വര്‍ഷം കൊണ്ട് അത് പൂര്‍ത്തിയാക്കി. കേരളത്തില്‍ ഇടതും വലതുമായ അരഡസന്‍ മുഖ്യമന്ത്രിമാര്‍ ഭരിച്ചു. ഇന്നും പദ്ധതി നടപ്പായിട്ടില്ല. ഇതാണ് വ്യത്യാസം.
ഇന്ന് വികസനചിന്ത ജനങ്ങളുടെ മനസ്സില്‍ എത്തിക്കഴിഞ്ഞു. മാറ്റം കണ്ടു തുടങ്ങി. പക്ഷേ, പാര്‍ട്ടിഗ്രാമത്തില്‍ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല. ഈയൊരു അവസ്ഥ മാറണം. വികസനം വരണം. വികസനം വന്നാല്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകും, സാമൂഹ്യ ഐക്യമുണ്ടാകും. രാജ്യം പുരോഗതി പ്രാപിക്കും.
19-ാം ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മോദി നേടിയ വിജയം വികസനത്തിന്റെതാണ് എന്ന വസ്തുത ഇനിയെങ്കിലും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കണം. ഞാന്‍ ഫെയ്‌സ് ബുക്കില്‍ അതാണ് എഴുതിയതും.
മോദിയെക്കുറിച്ചുള്ള താങ്കളുടെ ആ പ്രസ്താവനയാണല്ലോ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കപ്പെടാന്‍ കാരണം.
എന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കൃത്യമായി വായിക്കാതെയാണ് എനിക്കെതിരെ ചിലര്‍ രംഗത്ത് വന്നത്. ഞാന്‍ പറഞ്ഞത്, ഈ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ പരാജയത്തിന്റെ ആഴവും ബിജെപി വിജയത്തിന്റെ ഉയര്‍ച്ചയും വിലയിരുത്തണമെന്നാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളെ യഥാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് ബിജെപിയാണ്. 9.16 കോടിയോളം വരുന്ന പാവപ്പെട്ട, കക്കൂസില്ലാത്തവര്‍ക്കായി മോദി സര്‍ക്കാര്‍ കക്കൂസ്സുകള്‍ പണിതു കൊടുത്തു. ആറ് കോടി കുടുംബങ്ങള്‍ക്ക് എല്‍.പി.ജി. ഗ്യാസ് സൗജന്യമായി നല്‍കി. അടുപ്പിലെ പുകയൂതി ജീവിതം കരിഞ്ഞു തീരുന്ന ഗ്രാമീണ മേഖലയിലെ കോടാനുകോടി സ്ത്രീകള്‍ക്ക് ഇതൊരു ആശ്വാസത്തിന്റെ തുരുത്തായി. അവര്‍ മോദിജിയോടൊപ്പം നിന്നു. മഹാത്മജി പറഞ്ഞിട്ടുണ്ട്, നാം ഏതൊരു പദ്ധതി ആവിഷ്‌കരിക്കുമ്പോഴും ഇവിടുത്തെ പാവപ്പെട്ടവന്റെ മുഖം മനസ്സില്‍ കാണണമെന്ന്. നരേന്ദ്രമോദിജി ഇന്ത്യയിലെ പാവപ്പെട്ടവന്റെ മുഖം മനസ്സില്‍ കണ്ടു. വെങ്കയ്യനായിഡുവായിരുന്നു സൗജന്യ എല്‍.പി.ജി ഗ്യാസിന്റെ ഉദ്ഘാടനം 2016 മെയ് 1ന് കാണ്‍പൂരില്‍ നിര്‍വ്വഹിച്ചത്. ജാസ്മിനാ ഖാട്ടൂണ്‍ എന്ന മുസ്ലീം സ്ത്രീക്ക് നല്‍കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. വികസനത്തിന് വിലക്കുകളില്ലെന്നതിന്റെ തെളിവാണിത്. എല്‍.ഡി.എഫും യുഡിഎഫും കേരളത്തിന്റെ മനസ്സും വികസനവും മുരടിപ്പിച്ചിരിക്കയാണ്.
പ്രധാനമന്ത്രിയുടെ ഒരു പ്രസ്താവനയുണ്ടായിരുന്നു, ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന്. താങ്കള്‍ ഈ പ്രസ്താവനയെ എങ്ങിനെ വിലയിരുത്തുന്നു.
ന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്. ഇവിടുത്തെ ബിജെപി വിരുദ്ധരാഷ്ട്രീയം എന്നും മുസ്ലീം/ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യം വെച്ച് അവരില്‍ തെറ്റിദ്ധാരണപരത്താന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത്.
മോദിജിയും ബിജെപിയും ജനാധിപത്യത്തിനെതിരാണെന്നായിരുന്നു ആദ്യ പ്രചരണം. മോദിജി പ്രധാനമന്ത്രിപദമേറ്റെടുക്കാന്‍ ആദ്യമായി വന്നത് തന്നെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലിമെന്റിനെ കുമ്പിട്ട് നമസ്‌കരിച്ചിട്ടായിരുന്നു. ഈ പ്രാവശ്യം അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ്, പാര്‍ലിമെന്റിലെ സെന്‍ട്രല്‍ഹാളില്‍ ഭരണഘടനയെ വന്ദിച്ച ശേഷമാണ് സത്യപ്രതിജ്ഞ നിര്‍വ്വഹിച്ചത്. മോദിയെ അധിക്ഷേപിച്ചവര്‍ക്ക് പ്രതീകാത്മകമായി മറുപടി നല്‍കുകയായിരുന്നു അദ്ദേഹം, ഇത് രണ്ടിലൂടെയും ചെയ്തത്. എന്നിട്ടും എതിരാളികള്‍ കുപ്രചരണം നടത്തുകയാണ്. ആലപ്പുഴയില്‍ നിന്ന് ജയിച്ച സിപിഎം പ്രതിനിധി (അദ്ദേഹം എം.എല്‍.എ ആയിരുന്നല്ലോ) നിയമസഭയില്‍, മോദിജി ഭരണഘടനയെ വന്ദിച്ചതിനെ പരാമര്‍ശിച്ചത്, ‘ഞങ്ങള്‍ മുസ്ലീങ്ങള്‍ മരണപ്പെട്ടാല്‍ കബറടക്കും മുമ്പ് അന്ത്യചുംബനം നല്‍കും. അതാണ് മോദിജി നല്‍കിയത്’ എന്നാണ്. എന്ത് നികൃഷ്ടമായ പ്രയോഗമാണ് പ്രധാനമന്ത്രിക്കെതിരെ നടത്തുന്നതെന്ന് നോക്കൂ. ഇതാണിവിടെ സൃഷ്ടിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ രീതി. ഇത് മാറണം. മാറ്റണം.
സ്വാതന്ത്ര്യാനന്തരമുള്ള 70 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാലറിയാം ബിജെപി ജനിക്കുന്നതിന് മുമ്പാണ് ഇന്ത്യയില്‍ ഏറ്റവുമധികം മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതെന്ന്. മീററ്റിലും ഭഗത്പൂരിലും ഭീവണ്ടിയിലുമെല്ലാം നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ബിജെപിക്കൊരു പങ്കുമില്ലായിരുന്നു എന്ന വസ്തുത ചരിത്രസത്യമാണ്. ഇന്ത്യയിലെ വര്‍ഗ്ഗീയ കലാപങ്ങളുടെ ചരിത്രം നോക്കിയാലറിയാം, കലാപത്തിന് കാരണക്കാര്‍ കോണ്‍ഗ്രസ്സും ബ്രിട്ടീഷുകാരുമാണെന്ന്. ബ്രിട്ടീഷുകാരന്റെ വിഭജന തന്ത്രമായിരുന്നു ഹിന്ദു-മുസ്ലീം ലഹളക്ക് കാരണം.
ഇന്നിപ്പോള്‍ വെറുപ്പിന്റെ രാഷ്ട്രീയം കുറഞ്ഞു. വാജ്‌പേയ് രാജ്യം ഭരിച്ചു. വര്‍ഗ്ഗീയ കലാപമില്ലായിരുന്നു. മോദി ഭരിച്ചു, ഇപ്പോള്‍ ഭരിക്കുന്നു. എവിടെയാ വര്‍ഗ്ഗീയ കലാപമുണ്ടായത്? ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ എവിടെയെങ്കിലും കാണും. രാജ്യത്ത് സമാധാനം ഉണ്ടാവണം. സമാധാനം ഉണ്ടായാല്‍ വികസനം നടപ്പാകും. വികസനം വന്നാല്‍ ഐക്യവും രാജ്യപുരോഗതിയുമുണ്ടാകും. അതാണ് നമുക്കിന്നാവശ്യം.
ന്യൂനപക്ഷങ്ങളുടെ ഭയം ഇന്ന് കുറഞ്ഞുവരുന്നുണ്ട്. ബിജെപി വിരുദ്ധര്‍ സൃഷ്ടിച്ച ഭീതിയുടെ രാഷ്ട്രീയം മെല്ലെ മായുകയാണ്. മുസ്ലീങ്ങള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരണം. ഇന്ത്യന്‍ മുസ്ലീങ്ങള്‍ നരേന്ദ്രമോദിയുടെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് ഉറപ്പിച്ച് പറയാന്‍ എനിക്ക് സാധിക്കും.
ഞാന്‍ ദേശീയമുസ്ലീമാണെന്ന പ്രസ്താവനയിലൂടെ താങ്കള്‍ എന്താണ് വിവക്ഷിക്കുന്നത്.
ദേശീയമുസ്ലീം എന്നത് ഒരു രാഷ്ട്രീയം തന്നെയാണ്. ചരിത്രത്തിലും വര്‍ത്തമാനകാലത്തും അതിന് പ്രസക്തിയുണ്ട്. മുഹമ്മദലിജിന്ന വിഭജനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിയപ്പോള്‍ അബ്ദുള്‍ കലാം ആസാദിനെപ്പോലുള്ള, അതിര്‍ത്തി ഗാന്ധിയെപ്പോലുള്ള മുസ്ലീം നേതാക്കള്‍ പ്രഖ്യാപിച്ചു ‘ഞങ്ങള്‍ വിഭജനവാദികളോടൊപ്പമില്ല, ഞങ്ങള്‍ ദേശീയ മുസ്ലീങ്ങളാണെന്ന്’ എന്ന്. അവര്‍ ഭാരതത്തിന്റെ സനാതനധര്‍മ്മത്തിന്റെ ചിന്താധാരയോടൊപ്പം നിന്നു. ആ ചിന്തധാരയാണ് ദേശീയ മുസ്ലീം എന്നത്.
മദ്രസ്സയില്‍ നിന്ന് ഞങ്ങളെയൊക്കെ പഠിപ്പിച്ചത്, നാം ഭരണാധികാരികളെ ബഹുമാനിക്കണമെന്നാണ്. അത് ഇസ്ലാമിന്റെ ഈമാന്റെ – വിശ്വാസത്തിന്റെ – ഭാഗമാണ്. മദ്രസ്സകളുടെ നവീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വന്‍പദ്ധതികളാണ് ഈയിടെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി തന്നെ ഒരു ചടങ്ങില്‍ പറഞ്ഞത്, ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ കമ്പ്യൂട്ടറുമായി ഇന്ത്യന്‍ മുസ്ലീങ്ങള്‍ മുന്നേറണമെന്നാണ്.
ബിജെപിയില്‍ ചേര്‍ന്നതിനെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന ആരോപണം താങ്കള്‍ പാര്‍ട്ടി മാറിക്കൊണ്ടിരിക്കുന്നു എന്നാണല്ലോ.
ഞാനൊരിക്കലും എന്റെ നിലപാടില്‍ നിന്ന് മാറിയിട്ടില്ല. സിപിഎം എം.പിയായിരിക്കെ ദുബായില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ കേരളത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടുകയും ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രി എന്ന നിലയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, വ്യവസായികളെ ആകര്‍ഷിക്കല്‍, നിക്ഷേപസൗഹൃദ സംസ്ഥാനമാകുന്നത് ഇതെല്ലാം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. വികസനത്തിന്റെ രാഷ്ട്രീയം ഞാന്‍ തുറന്ന് പറഞ്ഞു. അതിനെ തുടര്‍ന്ന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി എന്നെ പുറത്താക്കി. ഇപ്പോള്‍, ഒരു തെറ്റും ചെയ്യാതെ, കോണ്‍ഗ്രസ്സില്‍ നിന്ന് എന്നെ പുറത്താക്കാന്‍ കാരണവും ഞാന്‍ മുന്നോട്ടുവെച്ച് വികസന രാഷ്ട്രീയമാണ്.
ഞാന്‍ കാലുമാറ്റക്കാരനാണെന്ന് പറയുന്നവര്‍ ഇഎംഎസ് എത്ര പാര്‍ട്ടി മാറി അവസാനമാണ് സിപിഎമ്മിലെത്തിയതെന്ന കാര്യം മറക്കുകയാണ്. കെ.ആര്‍.ഗൗരിയമ്മ പാര്‍ട്ടി മാറിയില്ലേ. ഞാന്‍ പാര്‍ട്ടി മാറിയതല്ല; രാജ്യത്തിന്റെ പ്രധാനമന്ത്രി കൊണ്ടുവന്ന വികസന നയങ്ങളെ പ്രകീര്‍ത്തിച്ചപ്പോള്‍ ഞാന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി എന്നെ പുറത്താക്കുകയാണുണ്ടായത്. ബന്ദ് ഇല്ലാത്ത, ഹര്‍ത്താലില്ലാത്ത, അക്രമരഹിതമായ ഒരു ഇന്ത്യ ഉണ്ടാവണം. നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ അത് സാധ്യമാകും. ഞാന്‍ ബിജെപിയിലേക്ക് വന്ന ശേഷം എന്നെ അറിയുന്ന നിരവധി പേര്‍ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി, മുസ്ലീംലീഗ് നേതാവായിരുന്ന ബാഫഖി തങ്ങളുടെ ചെറുമകന്‍ സയ്യിദ് താഹ ബാഫഖി ബിജെപിയില്‍ അംഗമായി. ഇനിയും ധാരാളം പേര്‍ ബിജെപിയിലേക്ക് വരും. ബിജെപിയെക്കുറിച്ച് ഒരു വിഭാഗം മുസ്ലീങ്ങള്‍ക്കുള്ള തെറ്റിദ്ധാരണ നീക്കാന്‍ ഞാന്‍ പരിശ്രമിക്കും. ബിജെപിക്കും ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കുമിടയിലെ ഒരു പാലമായി ഞാന്‍ പ്രവര്‍ത്തിക്കും.